ടിവിയിൽ വന്ന ഫ്ലാഷ് ന്യൂസ് കണ്ടതും അവളുടെ നെഞ്ച് കലങ്ങി.  എന്ത് ചെയ്യണം എന്ന്

ഉടമ്പടി കല്യാണം

” ആഭ്യന്തരവകുപ്പ് മന്ത്രിയുടെ മകൾ വീണ രാമകൃഷ്ണനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വിഷ്ണുവിന് ജാമ്യമില്ല വകുപ്പ് ചുമത്തി ”

ടിവിയിൽ വന്ന ഫ്ലാഷ് ന്യൂസ് കണ്ടതും അവളുടെ നെഞ്ച് കലങ്ങി.  എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ,

തന്നെ താഴത്തും തലയിലും വയ്ക്കാതെ തന്നെ കൊണ്ടുനടന്ന ഏട്ടനെക്കുറിച്ചുള്ളതാണ് ഈ വാർത്ത.!  ആഭ്യന്തരമന്ത്രിയുടെ മകൾ വീണയുമായി ഏട്ടൻ പ്രണയത്തിലാണ് എന്ന് തനിക്ക് അറിയാമായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചതും ആണ്.  പിന്നെ എന്താണ് സംഭവിച്ചത്..?

ഏട്ടൻ ഒരിക്കലും അവളെ ഇല്ലാതാക്കില്ല പിന്നെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക.?  കാര്യമൊന്നുമറിയില്ലെങ്കിലും തന്റെ ഏട്ടൻ നിരപരാധിയാണ് എന്ന് വൈഗയ്ക്ക് അറിയാമായിരുന്നു.

ഹോസ്റ്റലിലും പലരും ഈ വിവരം അറിഞ്ഞിട്ടുണ്ട്.

”  വൈഗ ഇനി എന്ത് ചെയ്യും..?
ഏട്ടനെ എങ്ങനെയാ പുറത്തിറക്കുന്നത്.

ഏറ്റവും അടുത്ത സുഹൃത്തായ കാവ്യ ചോദിച്ചപ്പോൾ എന്തു മറുപടി പറയണം എന്ന് പോലും വൈഗയ്ക്ക്  അറിയില്ലായിരുന്നു..

”  എനിക്കറിയില്ല, ഞങ്ങളുടെ മുൻപിൽ മറ്റൊരു മാർഗ്ഗവുമില്ല എന്ന് നിനക്കറിയാലോ,  അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ഏട്ടൻ ആയിരുന്നു എനിക്ക് എല്ലാം.  ഒരു കുറവും അറിയിക്കാതെ ആണ് ഏട്ടൻ എന്നെ വളർത്തിയിട്ടുള്ളത്.  അതിനുവേണ്ടി ഏട്ടൻ തിരഞ്ഞെടുത്തത് കൊട്ടേഷൻ പണിയായിരുന്നു.  ഹോസ്റ്റലിൽ നിന്നിരുന്ന ഞാൻ ഒന്നും അറിഞ്ഞില്ല. പിന്നെ ആണ് ഏട്ടൻ പറയുന്നത്.  എന്നെ പഠിപ്പിക്കാനും എനിക്ക് വേണ്ടിയും ആയിരുന്നു ഏട്ടൻ ഒരു വാടക ഗുണ്ടയുടെ കുപ്പായം അണിഞ്ഞതെന്ന്..  അതാവുമ്പോൾ ഒരുപാട് പൈസ കിട്ടൂലേ..? ഏട്ടനേ എങ്ങനെ രക്ഷിക്കണം എന്ന് എനിക്കറിഞ്ഞുകൂടാ,

വൈഗ കരഞ്ഞു പോയി

”  നീ വിഷമിക്കാതിരിക്കു വൈഗ..  എന്തെങ്കിലും ഒരു മാർഗ്ഗം ഈശ്വരൻ ആയിട്ട് കാണിച്ചു തരും,  തരാതിരിക്കില്ല.!

” എനിക്ക് ഏട്ടനെ ഒന്ന് കാണാനായിരുന്നു, ഒറ്റയ്ക്ക് പോകാൻ ഒരു മടി

” ഞാനും കൂടി വരാം നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി ഏട്ടനെ കാണാം….

കാവ്യ പറഞ്ഞപ്പോൾ വൈഗയ്ക്ക് അല്പം ആശ്വാസം തോന്നിയിരുന്നു…

ഇരുവരും ഉടനെ തന്നെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി…

പോലീസ് സ്റ്റേഷനിലേക്ക് എത്തുമ്പോൾ അവിടെ വലിയ മാധ്യമ കൂട്ടം തന്നെയുണ്ട്.  താനാരാണെന്ന് അറിഞ്ഞാൽ എല്ലാവരും കൂടി തന്നെ കൊത്തിവലിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

അവൾ പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് കയറി അവിടെയിരുന്ന  പ്രായം തോന്നുന്ന ഒരു പോലീസുകാരനോട് വിവരം പറഞ്ഞു..

” കുട്ടി ഒറ്റയ്ക്കാണോ വന്നിരിക്കുന്നത്..? കൂടെ ആരെങ്കിലും ഉണ്ടോ.?

അയാൾ സ്നേഹപൂർവ്വം അവളോട് ചോദിച്ചു..

”  അങ്ങനെ വരാൻ ഞങ്ങൾക്ക് ആരുമില്ല സാർ, അച്ഛനും അമ്മയും മരിച്ചു പോയതാ. എന്റെ ഏട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.  എനിക്ക് ഉറപ്പുണ്ട് സർ…

അവൾ അയാളുടെ മുൻപിൽ കരഞ്ഞു പോയിരുന്നു.

തന്റെ മകളുടെ പ്രായം മാത്രമുള്ള ഒരു കുട്ടി അവളെ കണ്ടപ്പോൾ അയാൾക്ക് സഹതാപം തോന്നി..

” മോളു വാ…

അയാൾ അവളെയും വിളിച്ചുകൊണ്ട് സ്റ്റേഷന്റെ അകത്തു നിന്നും പുറത്തേക്കിറങ്ങി,

സ്റ്റേഷന്റെ അടുത്തുള്ള ചായക്കടയിലേക്ക് ആണ് അയാൾ കാവ്യയേയും വൈഗയേയും കൂട്ടിക്കൊണ്ടുപോയത്.

” എസ്  ഐ അകത്തുണ്ട്,  പക്ഷേ കുട്ടി ഇപ്പോൾ കാണണ്ട എന്നേ ഞാൻ പറയു..  ഇതിന് പുറകിൽ ഉള്ളത് വലിയ വലിയ ആൾക്കാർ ആണ്. ആഭ്യന്തരമന്ത്രിയുടെ മോള് ആണ് മരണപ്പെട്ടിരിക്കുന്നത്.  കുട്ടിയെ കണ്ടാൽ അവരിപ്പോൾ വെറുതെ വിടുന്ന് തോന്നുന്നുണ്ടോ.?  എന്താണെങ്കിലും വിഷ്ണുവിനെ ഇപ്പോ കുട്ടിയെ കാണിക്കാനും പോകുന്നില്ല.  അവരുടെ മുൻപിലേക്ക് കുട്ടി ചെന്ന് കൊടുക്കാതിരിക്കുന്നത് നല്ലത്.  എസ് ഐ ഉടനെ തന്നെ മന്ത്രിയെ വിളിക്കും. മന്ത്രി ഇവിടെ വരും.  കുട്ടിയെ കാണും അതാ സംഭവിക്കാൻ പോകുന്നത്.. കാരണം മന്ത്രിയുടെ മകളും കുട്ടിയുടെ ഏട്ടനും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെങ്കിൽ അത് അറിയാവുന്ന ഏക വ്യക്തി കുട്ടി മാത്രമല്ലേ,  വലിയൊരു അപകടത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

അയാൾ പറഞ്ഞു

” ഞാൻ അല്ലാതെ പിന്നെ ആരാ ഏട്ടനെ രക്ഷിക്കുന്നത്.?

മോൾ ഇപ്പോൾ ഇവിടെ നിന്നാലും ഏട്ടനെ രക്ഷിക്കാൻ പറ്റില്ല.  അതിന് നല്ലൊരു വക്കീൽ വേണം.  മോള് പോയി നല്ലൊരു വക്കീലിനെയും കൂട്ടി  വാ, ആരെങ്കിലും ഒരാൾ കൂടെ ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് വന്നാൽ എന്താണെങ്കിലും ഏട്ടനെ അവര് കാണിക്കില്ലെന്ന് മാത്രമല്ല മോളുടെ ജീവനും കൂടി അത് ആപത്തായി മാറത്തെ ഉള്ളൂ…

പോലിസുക്കാരൻ പറഞ്ഞപ്പോൾ അതാണ് നല്ലത് എന്ന് കാവ്യയും പറഞ്ഞു.  പക്ഷേ ഇത്രയും പ്രശ്നങ്ങൾ ഉള്ള ഈ സാഹചര്യത്തിൽ ആരായിരിക്കും ഈ കേസ് ഏറ്റെടുക്കുന്നത്..

”  അങ്ങനെ ഒരു വക്കീൽ വന്നാൽ അവരെയും ഇവർ വിലക്കെടുത്താലോ.?

വൈഗ ചോദിച്ചു

” അങ്ങനെ ആരുടെയും വലയിൽ  വീഴാത്ത ഒരു വക്കീലുണ്ട്. കുട്ടിയുടെ അവസ്ഥ കണ്ടതുകൊണ്ട് ഞാനിപ്പോൾ ഇത് പറയുന്നത്.  ആ വക്കീലിന്റെ അഡ്രസ്സ് ഞാൻ തരാം..  മോൾ ചെന്ന് കാണ്… മിടുക്കനാ!  അയാൾ ആരു പറഞ്ഞാലും കേൾക്കാൻ പോകുന്നില്ല.! സ്വന്തമായിട്ട് തീരുമാനം ഉള്ള ഒരാളാണ്.മോളുടെ അവസ്ഥ മനസ്സിലാക്കിയാൽ അയാൾ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുന്ന കൂട്ടത്തിൽ ആണെന്നാണ് എനിക്ക് തോന്നുന്നത്. ക്രിമിനൽ ലോയർ ആണ്….

ആ പോലീസുകാരൻ പേഴ്സ് എടുത്ത് അതിൽ നിന്നും ഒരു കാർഡ് എടുത്ത് അവൾക്ക് നേരെ നീട്ടി… അവൾ അതിലേക്ക് നോക്കി,

“അഡ്വക്കേറ്റ്  മഹേശ്വർ മേനോൻ എൽ എൽ എം ”

ഒപ്പം ആളുടെ ഓഫീസിന്റെ അഡ്രസ്സും ഉണ്ട്.

”  നല്ല ആളാ ഈ ഒരു സാഹചര്യത്തിൽ മോളെ സഹായിക്കാൻ പറ്റുന്നത് അയാൾക്ക് മാത്രം ആണ്

പോലീസുകാരൻ പറഞ്ഞപ്പോൾ അവൾ നന്ദിയോടെ കൈകൂപ്പി

തുടരും.

വേനൽമഴ പോലെ ഒരു story ഇഷ്ടം ആയാൽ സ്പോർട്ട് ചെയ്യണേ

Similar Posts

Leave a Reply