രചന – ഫൗസിയ യൂസഫ്
“”” ഇനി അവടെനിന്ന് നേരം കളയണ്ട… പാത്രങ്ങള് കൊറേണ്ട് കാഴ്കാൻ”” മോളിയുടെ ശബ്ദം കനത്തതും, ഞെട്ടലോടെ സലോമി മുഖമുയർത്തി…. രുദ്രനെയൊന്ന് നോക്കിയ ശേഷം അവൾ തിടുക്കപ്പെട്ട് തിരിഞ്ഞു നടന്നു…. ആ നടത്തത്തിൽ അവൾ വീണുപോകുമോ എന്ന്, ഒരുനിമിഷം അയാൾ ഭയപ്പെട്ടു! മാത്തച്ചനെ കണ്ടിരുന്നേൽ രണ്ട് വർത്താനം പറയാണമെന്നുണ്ടായിരുന്നു രുദ്രന്… കൊല്ലാനാണോ വളർത്താനാണോ ഇതിനെ ഇവിടെ പിടിച്ചിട്ടതെന്ന് ഒന്ന് ചോദിച്ചറിയണം…. അങ്ങേരെ അവിടെയൊന്നും കണ്ടില്ല! ചിലപ്പോ കഴിക്കാനിരുന്നു കാണും…. രുദ്രൻ, രൗദ്ര ഭാവത്തിൽ കിക്കറിൽ ആഞ്ഞു ചവിട്ടി…. പിന്നെ, ശരവേഗത്തിൽ തന്റെ ബുള്ളറ്റ് പായിച്ചുപോയി ….
“”” രുദ്രാ കൊറച്ച് പറ്റ് തീർക്കാനുണ്ട്ട്ടോ…. “”” ഷാപ്പിന് മുന്നിലെത്തിയപ്പോഴാണ് ദേവസ്യേട്ടൻ വിളിച്ചു പറഞ്ഞത്…. പറ്റോ?? ഞാനത്തിന് കടം പറഞ്ഞ് കുടിക്കുന്ന ശീലം ഇല്ലല്ലോ… അയാൾ സംശയത്തോടെ ദേവസ്യേട്ടനെ നോക്കി… “”” സംശയിക്കണ്ട… ആള് എത്തീട്ടുണ്ട്! മൂക്കറ്റം കുടിച്ചു കേറ്റീട്ടാ പോയേക്കണേ…. പണം ചോദിച്ചപ്പോ പറഞ്ഞു, നിന്നോട് ചോദിക്കാൻ… “”” ദേവസ്സി പറഞ്ഞതും, രുദ്രന്റെ മുഖം വലിഞ്ഞു മുറുകി….. ഒന്നും പറയാതെ, ദേവസ്സിയെ ഒന്ന് നോക്കുക മാത്രം ചെയ്ത് അയാൾ വണ്ടിയെടുത്തു……
“”” തെണ്ടലൊക്കെ കഴിഞ്ഞ് എത്തിയോ അമ്മച്ചീടെ പൊന്നാര കെട്ട്യോൻ?? എന്നിട്ടെവിടെ… കാണാനില്ലല്ലോ?? “”” കണ്ണുകൾ നാലുപാടും പായിച്ചുകൊണ്ട് രുദ്രൻ ചോദിച്ചു…. അമ്മച്ചി ഒന്നും മിണ്ടിയില്ല! “”” ഹരഹരോ ഹരഹര പഴനിവരെയൊന്ന് പോയി…. എന്താ ഒരു തെരക്ക്… സാമീനെ കാണാൻ വരണോരെന്നെ എല്ലാരും….. “”” എന്ന് ഭക്തിപൂർവ്വം പറഞ്ഞുകൊണ്ട്, ദിവാകരൻ മുറ്റത്തൂന്ന് കേറിവന്നു….. കുളി കഴിഞ്ഞുള്ള വരവാണ്….. “”ഒക്കെ കഴിഞ്ഞ് ദേവസ്യേട്ടന്റെ കള്ള് ഷാപ്പില് ഏതായിരുന്നു പ്രതിഷ്ഠ?”” രുദ്രൻ പുച്ഛത്തോടെ ചോദിച്ചതും, ദിവാകാരൻ തല ചൊറിഞ്ഞോണ്ട് ഒന്ന് ഇളിച്ചു കാണിച്ചു….. “”” അത് പിന്നെ…. യാത്രാക്ഷീണൊക്കൊന്ന് മാറാൻ…. “”” “”” യാത്രാക്ഷീണം… മിണ്ടരുത്! കയ്യിലെ പൈസ തീരണവരെ അവടേം ഇവടേം തെണ്ടി നടന്നിട്ട്, എന്നത്തേo പോലെ കീശ കാലിയായപ്പോ തിരിച്ച് വന്നേക്കാ…. എല്ലാം കഴിഞ്ഞ്, യാത്രാക്ഷീണം മാറ്റാൻ എന്റെ പേരും പറഞ്ഞൊരു കള്ളുകുടീം…. “”” രുദ്രനാകെ കലിപ്പിലായി…..
“” മതിയെടാ നിർത്ത്… വന്ന് എന്നതേലും തിന്നാൻ നോക്ക് “” ത്രേസ്സ്യാമ്മ പറഞ്ഞു…. “”” ഓഹ് അമ്മച്ചിക്കല്ലേലും ഇങ്ങേരെ പറഞ്ഞാ പിടിക്കത്തില്ലല്ലോ…. നിങ്ങളൊരൊറ്റാളാ അച്ഛനെ വഷളാക്കണത്….. സ്നേഹോം ബഹുമാനൊക്കെ നന്ന്, എന്നുവെച്ച് ഇതിനൊക്കെ വളംവെച്ചു കൊടുക്കാവോ…. അതെങ്ങനാ, പ്രേമം മൂത്ത് കൂടെ ഇറങ്ങിപ്പുറപ്പെട്ടതല്ലേ ലേ…. “”” “”” രുദ്രാ… മതി നിർത്ത് എന്നതൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ നിന്റെ അച്ഛനാണ്, അത് മറക്കണ്ട! ഇച്ചിരി കുടിച്ചാലോ, നാട് ചുറ്റ്യാലോ ആ സ്ഥാനൊന്നും മാറത്തില്ല! പിന്നെ, പറയാതെ പോകുന്ന കാര്യത്തില് നീയെന്താ മോശാണോ?? ഇന്ന് എങ്ങോട്ടേക്കാ വെളുപ്പിനേ എണീറ്റ് പോയത്?? “” അമ്മച്ചീടെ ഭാഗത്തൂന്ന് അങ്ങനൊരു നീക്കം രുദ്രൻ പ്രതീക്ഷിച്ചിരുന്നില്ല! അതുകൊണ്ടുതന്നെ അധികനേരം അവിടെ നിൽക്കാതെ, അയാൾ വേഗം സ്ഥലം കാലിയാക്കി….
“”നിന്റെ ചെക്കനിപ്പോ ദേഷ്യം കുറച്ച് കൂടുതലാണല്ലോടീ ത്രേസ്യാമ്മേ….””” അവൻ പോയ വഴിയേ നോക്കി ദിവാകാരൻ പറഞ്ഞതും, ത്രേസ്സ്യാമ്മ അയാളെ നോക്കി കണ്ണുരുട്ടി “”” ഇതല്ല, ഇതിനപ്പുറത്തെ ദേഷ്യോം കാണാരുന്നു,, നിങ്ങള് വന്ന കോലം അവൻ കണ്ടിരുന്നേല്…. വെറ്തെ ചെറുക്കനെ മൂച്ച് കേറ്റാനായിട്ട് നടന്നോളും…. “”” ദിവാകാരനെ നോക്കി കെറുവിച്ചോണ്ട് ത്രേസ്യാമ്മ അകത്തേക്ക് പോയി…. “”” എന്നതാ നിങ്ങടെ ഉദ്ദേശം? ആ പെണ്ണിനെ ഇവിടെത്തന്നെ നിർത്താനാണോ??”” മോളി, മാത്തച്ചനോട് ചോദിച്ചു…. “””പിന്നെ എന്നാ ചെയ്യണമെന്നാ നീ പറയണേ…. അച്ചനായിട്ട് ഇടപെട്ടല്ലേ സലോമിയെ ഇവടെ കൊണ്ടന്നാക്കീത്…. “”” “”” എണയും തൊണയും ഇല്ലാത്തോരെ സംരക്ഷിക്കാൻ ഇത് അനാഥലയം ഒന്നും അല്ലല്ലോ….. അങ്ങനെ ഒരു എടം കണ്ടുപിടിച്ച് എത്രേം പെട്ടന്ന് അവളെ കൊണ്ട് ചെന്നാക്ക്…. ഇവടെ, നമുക്കൊരു പെങ്കൊച്ചുള്ളതാ… അവക്കാണേൽ, ഈ പെണ്ണിനെ ഒട്ടും പിടിച്ചിട്ടില്ല! വൃത്തീം മെനേം കൊറവാന്നാ അവള് പറയണേ…. “”” മുഖം കറുപ്പിച്ചുകൊണ്ട് മോളി, കട്ടിലിൽ കയറിക്കിടന്നു….
മാത്തച്ഛൻ ചിന്തായിലായിരുന്നു…. തെറ്റുകളൊക്കെ ഒത്തിരി കാട്ടിക്കൂട്ടിയിട്ടുണ്ട് എന്നാലും ആരോരുമില്ലാത്തൊരു പെങ്കൊച്ചിനെ… അതും ആശ്രയം തേടിവന്നൊരു കൊച്ച്….. അയാൾ കെട്യോളെ നോക്കി… ഒരുവശത്ത് ഇവളും മോളും…. മറു വശത്ത് അച്ചന് കൊടുത്ത വാക്ക്….! എന്തുചെയ്യണമെന്നറിയാതെ തലപെരുത്തപ്പോ, അയാളൊരു സിഗരറ്റിന് തിരി കൊളുത്തി….. “”” അമ്മച്ചീടെ മുഖം ന്താ കടന്നല് കുത്തിയ കണക്ക്…. കെട്ട്യോൻ വന്നേന്റെ സന്തോഷാ?””” പാത്രം കഴുകിക്കൊണ്ടിരുന്ന ത്രേസ്സ്യാമ്മയുടെ താടിത്തുമ്പ് പിടിച്ചുകൊണ്ട് രുദ്രൻ കളിയോടെ ചോദിച്ചു… “””ഒന്നു പോടാ ചെറുക്കാ കിന്നരിക്കാതെ…. അങ്ങേര് ന്റെ കെട്ടിയോൻ മാത്രല്ല, നിന്റെ തന്ത കൂടിയാ….”” ത്രേസ്യാമ്മ ഇത്തിരി ഗൗരവത്തിലായിരുന്നു…. “”” എന്നാലും ന്റെ പൊന്നമ്മച്യേ ഇത്രേം സുന്ദരിയായ നിങ്ങള് എന്നാ കണ്ടിട്ടാ ഈ അച്ഛനെ പ്രേമിച്ചു കെട്ടീത്…. ഇതല്ലേ കയ്യിലിരിപ്പ്!””” രുദ്രന്റെ ചോദ്യം കേട്ട്, അവർ അയാളെയൊന്ന് നോക്കി…
പിന്നെ പാത്രം കഴുകൽ നിർത്തി….. “”” വല്ലാതെ മനസ്സ്മുട്ട് വരുമ്പഴാ അങ്ങേര് ഇങ്ങനെ ഓരോ വഴിക്ക് പോണത്…. ഇക്കറിയാം അത്…. മാറ്റാരേക്കാളും ആ മനസ്സ് കണ്ടോളാ ഞാന്….. വല്യേ നായര് തറവാട്ടിലെ സന്തതിക്ക് കൂടെ പഠിച്ച ക്രിസ്ത്യാനി പെണ്ണിനോട് ഇഷ്ടം തോന്നി…. അവളെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു….. അത് വല്ല്യേ തെറ്റാണല്ലോ…..! പരസ്പരം ഇഷ്ടപ്പെട്ടപ്പോ ജാതീം മതൊന്നും നോക്കീല്ല രണ്ടാളും….. ആരും സമ്മതിക്കില്ല്യാന്ന് അറിയണോണ്ട് ഓടിപ്പോന്നു രണ്ടാളും, ഈ നാട്ടീക്ക്….. അമ്മ എന്നുവച്ചാ ജീവനാ അങ്ങേർക്ക്…. ഇങ്ങട് പൊന്നേപ്പിന്നെ കാണാൻ സാധിച്ചിട്ടില്ല്യാർന്നു….. നെന്നെ ഗർഭിണിയായിരിക്കുമ്പോ, തീരെ സുഖല്ല്യാണ്ട് ഒരീസം ആശൂത്രീല് പോയപ്പോ എവിടെവെച്ചു ഒരുനോക്ക് കണ്ടു ഞങ്ങള്…. വയ്യാണ്ട് വന്നതാരുന്നു…..
അന്ന് ന്റെ വയറു നോക്കി അമ്മ പറഞ്ഞു, നീയ് ആൺകുട്ടിയായിരിക്കുംന്നും ന്നാല്, രുദ്രൻ ന്ന് പേര് ഇടണംന്നും….. നെന്നെ ഒരീസം കൊണ്ടന്ന് കാണിക്കണംന്നും….. ഒക്കെ പറഞ്ഞപോലെന്നെ സംഭവിച്ചു….. ആ അമ്മേടെ ആഗ്രഹം നെറവേറ്റാനാ കൈക്കുഞ്ഞായിരുന്ന നിന്നേം എടുത്തോണ്ട് ഞങ്ങള് പോയത്…. പക്ഷേ,,, കേറ്റീല്ല്യ…. പടിപ്പുര കൊട്ടിയടച്ചു കാർന്നോമ്മാര്…… നല്ല വെഷമിച്ചാ അച്ഛൻ പോന്നത്…. അതിനേക്കാൾ വല്ല്യേ ദുഃഖാണ് പിന്നെ കിട്ടീത്…. ഞങ്ങള് പോന്ന മൂന്നിന്റെ അന്ന് അമ്മ മരിച്ചു…. അറിഞ്ഞപ്പോ പിന്നേം ഓടിച്ചെന്നു…. അപ്പഴും……. “” അമ്മച്ചീടെ കണ്ണ് നിറയുന്നത് രുദ്രനറിഞ്ഞു…. “” അന്ന് ചോരയൊലിപ്പിച്ചോണ്ടാ തിരിച്ചു വന്നേ…. എല്ലാരും, പട്ടിയെ തല്ലി ഓടിക്കണകൂട്ട് നിന്റച്ഛനെ….. അന്ന് തൊടങ്ങീതാ ആ നെഞ്ചിലെ പെടച്ചില്…. അത് ഇക്ക് മാത്രെ അറിയൂ….. കള്ള് കൈകൊണ്ട് തൊട്ടിട്ടില്ലാത്ത മനുഷ്യൻ അന്നാ ആദ്യായിട്ട് കുടിച്ചത്….
പക്ഷേ ഒന്നുണ്ട്,, എവിടൊക്കെ പോയാലും അങ്ങേര് എന്റെ മുന്നീന്നെ കുടിക്കത്തൊള്ളൂ…. അതെനിക്ക് ഒറപ്പാ… ന്റെ വിശ്വാസാ… ന്റെ വിശ്വാസങ്ങളൊന്നും ഇന്നേവരെ തെറ്റിച്ചിട്ടില്ല അച്ഛൻ…. അത് തന്നേണ് ഞങ്ങടെ സ്നേഹത്തിന്റെ കേട്ടുറപ്പും! ഒന്നുല്ലെങ്കിലും ഇക്ക് വേണ്ടീട്ടല്ലേ അങ്ങേര് കുടുംബത്തെ മുഴുവൻ വെറുപ്പിച്ചത്…. എന്റെ ക്ഷമ കൊണ്ടെങ്കിലും ഞാനത് വീട്ടണ്ടായോ…. ഈ ഊര് ചുറ്റലോണ്ട് മനസ്സുഖം കിട്ടുന്നുണ്ടെങ്കി ആവട്ടെ…. എവിടൊക്കെ പോയാലും നിന്റച്ഛന് വഴി പിഴക്കില്ല! അതെനിക്കറിയാടാ മോനേ….. “”” ത്രേസ്യാമ്മ കണ്ണുതുടച്ചു…. രുദ്രന്റെ ഉള്ളൊന്ന് വിങ്ങി…. ഒന്നും വേണ്ടായിരുന്നു…. പറഞ്ഞത് ഇത്തിരി ഏറിപ്പോയോ എന്നൊരു തോന്നൽ…. അയാളൊന്നും മിണ്ടാതെ അടുക്കളയിൽ നിന്നുമിറങ്ങി…. തിരിച്ചു കടക്കുമ്പോഴാണ് കതകിനു പിന്നിലെ രൂപം രുദ്രൻ ശ്രദ്ധിച്ചത്…. അച്ഛൻ!!! ആ കണ്ണുകൾ പതിവിനു വിപരീതമായി നിറഞ്ഞു കവിഞ്ഞിട്ടുണ്ട്…..
ഒരു വട്ടംകൂടി ആ മുഖത്തേക്ക് നോക്കാൻ കെൽപ്പില്ലാതെ രുദ്രൻ ഹാളിലേക്ക് നടന്നു…. “” ഒന്നും അവനോട് പറയേണ്ടേരിന്നില്ല! പാവം… അവനു നല്ല ദണ്ണണ്ട്…. ആ മുഖം കണ്ടാലറിയാം… “” ദിവാകരൻ പറഞ്ഞു… “”” അവൻ പരിധി വിടുന്നു എന്നൊരു തോന്നല്… അതാ ഞാൻ… “”” “” അതിനെന്താ ത്രേസ്സ്യക്കുട്ട്യേ അവൻ നമ്മടെ മോനല്ലേ… എനിക്കവനെ അറിയില്ലേ…. എന്തൊക്കെ പറഞ്ഞാലും അവനെന്നോട് സ്നേഹം മാത്രേള്ളൂ…. എന്തായാലും, അവനെ വേദനിപ്പിച്ചിട്ട് ഇനി ഞാൻ എവടെക്കും പോണില്ലാട്ടോ ത്രേസ്യാമ്മേ…. കള്ള് കുടിയും നിർത്തി….! അവൻ പറയണ പോലെ തെണ്ടിനടന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിച്ചാല്, നമ്മടെ മോനല്ലേ അതിന്റെ നാണക്കേട്… “”” അയാൾ ത്രേസ്സ്യയെ ചേർത്തു പിടിച്ചു…. അവരുടെ മിഴികൾ അന്നേരവും നിറഞ്ഞു തൂവുന്നുണ്ടായിരുന്നു….! ഹാളിൽ നിന്ന രുദ്രനും അച്ഛൻ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.. അയാൾക്ക് നെഞ്ചിനുള്ളിൽ വല്ലാത്തൊരു കനം അനുഭവപ്പെട്ടു! നിറഞ്ഞ മിഴികളോടെ അയാൾ, ഷോ കേസിലിരുന്ന മാതാവിന്റെയും ഗുരുവായൂരപ്പന്റെയും പടങ്ങളിലേക്ക് നോക്കി…… അന്നേരം അവന്റെ കണ്ണുകളിൽ ആ രൂപങ്ങൾക്ക് പകരം അയാൾ കണ്ടത് തന്റെ അച്ഛന്റെയും അമ്മച്ചിയുടെയും ചിത്രങ്ങളായിരുന്നു!! കാത്തിരിക്കണേ ❤

by