18/04/2026

താന്തോന്നി : ഭാഗം 01

രചന – ഫൗസിയ യൂസഫ്

“”ഡാ രുദ്രാ… എന്റെ കൊച്ചിന്റെ പിന്നാലെ ഏതോ ഒരുത്തൻ കൂടീട്ടുണ്ടെന്ന്… ഫോട്ടോ ഞാനയച്ചു തരാം… നീയാവനെയൊന്ന് പണിതേക്ക്….. ഇനി അവന്റെ നോട്ടം പോലും അവളിലേക്കെത്തരുത്….”” മാത്തച്ചൻ മുതലാളിയുടെ കോള് വന്നതും, രുദ്രൻ പായിൽനിന്നെഴുനേറ്റ് കൈകൾ രണ്ടും നിവർത്തിക്കുടഞ്ഞു…. അപ്പോഴേക്കും തനിക്ക് പണിയാനുള്ളവന്റെ ഫോട്ടോ, മുതലാളി വാട്സാപ്പ് ചെയ്തിരുന്നു…. “” കാണാൻ കൊള്ളാവുന്ന നിന്റെയീ മോന്ത, എന്റെ കൈകൊണ്ട് ചാളുങ്ങാനാണല്ലോടാ കൊച്ചനേ നിന്റെ വിധി!”” സ്ക്രീനിലെ ആ മുഖത്തേക്ക് നോക്കി അയാൾ ആത്മഗതം പറഞ്ഞു…. വേഗം എഴുനേറ്റ് മുഖം കഴുകി, കയ്യിൽ കിട്ടിയ ഷർട്ടെടുത്തിട്ടു…. മുതലാളിയൊരു പണി പറഞ്ഞാപ്പിന്നെ വെച്ചു താമസിപ്പിക്കുന്ന ശീലം രുദ്രന് പണ്ടേയില്ല! “”അമ്മച്ചീ, ഞാൻ പോണു..”” അകത്തോട്ടു നോക്കി നീട്ടിവിളിച്ചുകൊണ്ട് അയാൾ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു….

“”” എങ്ങോട്ടേക്കാടാ ഇത്ര വെളുപ്പിനേ… ആ നേരൊന്നു വെളുത്തോട്ടെ… “”” ത്രേസ്യാമ്മ കെറുവിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നപ്പഴേക്കും, രുദ്രന്റെ ബുള്ളറ്റ് പടികടന്ന് പോയിരുന്നു…. “” ഇന്നിനി ആർക്കിട്ട് മേയാനാണാവോ ഇവന്റെ പോക്ക്….. ന്റെ കർത്താവേ, ന്റെ തല തെറിക്കും മുമ്പ് ഇവന്റെ തല മണ്ണില് കുത്തിച്ചേക്കല്ലേ…. “” ഈശോയുടെ പടം നോക്കി നെടുവീർപ്പിട്ടുകൊണ്ട് ത്രേസ്യാമ്മ അടുക്കളയിലോട്ട് നടന്നു….. “” പറഞ്ഞ പണി ഞാൻ വെടിപ്പായിട്ട് ചെയ്തിട്ടുണ്ട്…. ഇനി അവന്റെ നെഴലുപോലും നമ്മടെ കൊച്ചിന്റെ പിന്നാലെ വരത്തില്ല… “”” രുദ്രൻ ഫോണെടുത്ത് മാത്തച്ചനെ വിളിച്ചു… “”” എന്നാ നീയിങ്ങ് നേരെ പോര്…. നമ്മക്ക് എസ്റ്റേറ്റ് വരെയൊന്ന് പോണം… “”

“”” ഓഹ്.. ഞാനിതായെത്തി “” കണ്ണാടിയിൽ നോക്കി, മീശ ഒന്നുകൂടി പിരിച്ചുവെച്ച് അയാൾ ബുള്ളറ്റ് മുന്നോട്ടെടുത്തു….. മാത്തച്ചന്റെ ബംഗ്ലാവിന്റെ മുന്നിലെത്തുമ്പോ, ക്ലാര കോളേജിലേക്കിറങ്ങാൻ തുടങ്ങുവാരുന്നു…… അവളുടെ ഇറുകിയ ജീൻസും ശരീരം മറയാത്ത ടോപ്പും കണ്ട്, രുദ്രന് അരിശം കേറി…. “”” ദേ ക്ലാരക്കൊച്ചേ… നിന്നോട് പല പ്രാവശ്യം പറയണംന്ന് കരുതീതാ, ഇമ്മാതിരി എങ്ങും തൊടാത്ത ഉടുപ്പും ഇട്ടോണ്ട് ചെന്നാ ചോരേം നീരുള്ള ആമ്പിള്ളേര് പിന്നാലെ കൂടാതിരിക്കോ? വെറ്തെ അവന്മാർക്കിട്ട് മേഞ്ഞ് എന്റെ കൈക്ക് പണിയുണ്ടാക്കി വെക്കല്ലേ കൊച്ചേ…. “”” അവളെ നോക്കാൻ പോലും താല്പര്യമില്ലാതെ, രുദ്രൻ തിരിഞ്ഞു നിന്നു….. “” ഡോ… “” ഉച്ചത്തിലുള്ള ക്ലാരയുടെ വിളികേട്ടതും അയാൾ തല ചെരിച്ച് അവളെ നോക്കി…..

“”” അതേയ്, അപ്പച്ചൻ തനിക്കിവിടെ ഇത്തിരി സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് കരുതി അതെന്റെ നെഞ്ചത്തോട്ടെടുക്കണ്ട! ഞാനെന്തിടണം ഇടണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാനാ…. അതില് അഭിപ്രായം പറയാൻ താനെന്റെ അപ്പനൊന്നും അല്ലല്ലോ, ഇവിടത്തെ ഡ്രൈവറല്ലേ? ഡ്രൈവറ്, ആ പണി ചെയ്താ മതി… ഭാരിച്ചതൊന്നും അന്വേഷിക്കണ്ട…. കേട്ടല്ലോ…. “”” തനിക്കു നേരെ വിരൽ ചൂണ്ടി താക്കീതോടെ, വണ്ടിയുമെടുത്ത് പോകുന്നവളെ കാണെ രുദ്രന് അടിമുടി പെരുത്ത് കയറി…. ” മൊതലാളീടെ മോളായിപ്പോയി, അല്ലെങ്കി നിന്റെ ചെവിക്കുറ്റി ഞാനിപ്പോ തെറിപ്പിച്ചേനെ…” എന്ന് പല്ലിറുമ്മി പറഞ്ഞുകൊണ്ട് അയാൾ, മുഷ്ടി ചുരുട്ടി ജിപ്സിയുടെ മുകളിലേക്ക് ആഞ്ഞിടിച്ചു….. “”” കാ… കാപ്പി “” പിന്നിൽ നിന്ന് ആരോ മന്ത്രിക്കുന്നത് കേട്ടാണ് അയാൾ മുഖമുയർത്തി നോക്കിയത്…..

പേടിച്ചു വിറച്ചോണ്ട് ഒരു പെങ്കൊച്ച് കാപ്പിയുമായി നിൽക്കുന്നു….. “”” എന്നതാ കൊച്ചേ നീയിങ്ങനെ വേറക്കുന്നേ, നിനക്ക് പനിക്കോള് വല്ലോം ണ്ടോ…?? “”” അവളൊന്നും മിണ്ടിയില്ല! “”” ആ കാപ്പി മുഴുവൻ അവടെ തൂവിക്കളയണ്ട, ഇങ്ങ് തന്നേര്…. “”” രുദ്രൻ കൈനീട്ടിയപ്പോ അവൾ കാപ്പി അയാൾക്കു നീട്ടി…. അപ്പോഴും അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു! “”” നീയേതാ കൊച്ചേ… നിന്നെ മുമ്പിവിടെ കണ്ടിട്ടില്ലല്ലോ?? “” കാപ്പി മൊത്തിക്കുടിച്ച് ഗ്ലാസ്‌ തിരികെ നല്കിക്കൊണ്ടയാൾ ചോദിച്ചു…. “”” ഞാ… ഞാൻ “” അവളെന്തോ പറയാൻ വന്നെങ്കിലും, മാത്തച്ഛൻ ഉമ്മറത്തേക്ക് വന്നതും അവൾ മറുപടി പറയാതെ തിരിഞ്ഞു നടന്നു….. അപ്പോഴാണ് അവളുടെ മുടന്തുള്ള കാൽ രുദ്രന്റെ ശ്രദ്ധയിൽപെട്ടത്….. വേച്ചുവേച്ചുള്ള അവളുടെ നടത്തം അയാളുടെ ഉള്ളിലൊരു നോവുണർത്തി….. “”” എന്നാ പോവല്ലേ? വണ്ടിയെടുത്തോ… “”” ചാവി അയാൾക്ക് നീട്ടിക്കൊണ്ട് മാത്തച്ചൻ പറഞ്ഞതും, പെട്ടന്ന് അവളിൽ നിന്നും ശ്രദ്ധവിട്ടുകൊണ്ട് അയാൾ ജിപ്സിയിലേക്ക് കയറിയിരുന്നു…..

“”” ഏതാ അച്ചായാ ആ കൊച്ച്?? അതിനെ മുമ്പ് കണ്ടിട്ടില്ലല്ലോ?? “”” വണ്ടി ഓടിക്കുന്നതിനിടയിൽ രുദ്രൻ ചോദിച്ചു…. “”” അതോ… അതെന്റെ വകേലുള്ളൊരു കൊച്ചാ… പേര് സലോമി! കഴിഞ്ഞ ദിവസം നാട്ടീന്ന് വികാരിയച്ഛൻ വന്നാരുന്നു….. ആരും ഇല്ലാത്ത കൊച്ചാണ്, സംരക്ഷണം കൊടുക്കണംന്ന് പറഞ് ഇവടെ ആക്കീട്ടുപോയി….. അച്ചൻ പറഞ്ഞാ അനുസരിക്കാതെ വയ്യല്ലോ…. ഇവടെ നിക്കട്ടേന്ന് ഞാനും കരുതി… മോളിക്ക് ഒരു സഹായോം ആവുല്ലോ.. “” മാത്തച്ചന്റെ മറുപടിക്കൊരു മൂളൽ മാത്രം നൽകിക്കൊണ്ട്, രുദ്രൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….

“”” എന്റെ ചേട്ടത്തീ.. നിങ്ങളീ വയസ്സാൻകാലത്തു ഇങ്ങനെ കെടന്ന് കഷ്ടപ്പെടാതെ ആ ചെറുക്കനെ കൊണ്ടൊരു പെണ്ണ് കെട്ടിക്കാൻ നോക്ക്…. ഇനി എന്നത്തേക്കാ വലിച്ചു നീട്ടുന്നേ, വയസ്സ് പത്ത് മുപ്പത്തഞ്ച് ആയില്ല്യോ.. “”” ത്രേസ്യാമ്മ മീൻ വെട്ടുന്നതിനിടയിലാണ്, അയൽക്കാരി മറിയ കാര്യം പറഞ്ഞോണ്ട് വന്നത്…. “”” ന്റെ മറിയോ… ഇക്ക് വിചാരല്ല്യാണ്ടാന്നാ അന്റെ വിചാരം? ആ ചെർക്കനോട് ഞാൻ പറഞ്ഞ് പറഞ്ഞ് തോറ്റു! വെച്ചുവെളമ്പാൻ ഇഞ്ഞി ഇന്നെക്കൊണ്ട് വയ്യാന്ന് പറഞ്ഞപ്പോ അവൻ പറയാ, പണിക്ക് ഒരുത്തീനെ നിർത്തിത്തരാന്ന്…. “”” വെട്ടി നുറുക്കിയ മീൻ ഒരു പാത്രത്തിലാക്കി, എളിക്ക് കയ്യുംകുത്തി ത്രേസ്യാമ്മ എഴുനേറ്റു… “””ഇഞ്ഞി എന്നതാച്ചാ അവൻ തീരുമാനിക്കട്ടെ…

ഞാൻ വീഴണ വരല്ലേ ഉള്ളൂ, അവന്റെ ഈ കടുംപിടുത്തൊക്കെ…. അത് കഴിഞ്ഞാ തോന്നണ്ടതൊക്കെ, തന്നത്താൻ തോന്നിക്കോളും! ഞാനെയ്, ഇത് കൊണ്ടോയി കറിയാക്കട്ടെ… വെശന്നുവന്നാപ്പിന്നെ അവൻ വാളെടുക്കും “” അതും പറഞ്ഞ്, അവർ അടുക്കളയിലേക്ക് കയറി…. “” അല്ലേലും ഇവനൊക്കെ ആര് പെണ്ണ് കൊടുക്കാനാ… കൂലിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കല്ലേ… താന്തോന്നി! എല്ലാത്തിനും ഒത്താശ ചെയ്യാനൊരു തള്ളേം.. “”” പിറുപിറുപ്പോടെ മോറ് കേറ്റിപ്പിടിച്ച് മറിയ വന്നവഴിയേ തിരിച്ചുപോയി…. “”” നേരം ഒത്തിരി ആയില്ല്യോടാ… ഇനി കഴിച്ചേച്ചും പോവാ “” മാത്തച്ചൻ, രുദ്രനെ അകത്തേക്ക് ക്ഷണിച്ചു.. “”” വേണ്ട… അമ്മച്ചി കാത്തിരിപ്പുണ്ടാവും…. വെളുപ്പിനേ ഒന്നും പറയാതെ എറങ്ങി പൊറപ്പെട്ടതാ… ചെന്നാ പള്ള നെറച്ചും കേക്കും… “”” ചാവി, മാത്തച്ചന്റെ കയ്യിൽ കൊടുത്ത് ബുള്ളറ്റിനടുത്തേക്ക് നടക്കുമ്പഴും കണ്ണുകൾ ആർക്കോ വേണ്ടി തേടും പോലെ, അവിടമാകെ തിരഞ്ഞു നടന്നു…..

ഒന്നുകൂടി ആ കൊച്ചിനെയൊന്ന് കണ്ടിരുന്നെങ്കിലെന്ന് വെറുതെയൊരു തോന്നൽ! “” ഡാ.. അപ്രത്ത് തേങ്ങ ഇടുന്നുണ്ട്… വേണേൽ ഒരു കരിക്ക് കുടിച്ചിട്ട് പൊക്കോ… “”” അതും പറഞ്ഞ് മാത്തച്ചൻ അകത്തേക്ക് പോയി… രുദ്രൻ, ബംഗ്ലാവിന്റെ പുറകു വശത്തേക്ക് ചെന്നു….. അവിടെ കണാരൻ, കരിക്ക് ചെത്തുന്നുണ്ടായിരുന്നു….. “”” കാണാരേട്ടാ, ഒന്നെനിക്കും തന്നേര്.. “” രുദ്രൻ, ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു…. പിന്നെ, അടുക്കള ഭാഗത്തേക്ക് നോക്കി “” മോളിച്ചേച്യേ ഒരു കപ്പ് തരാവോ “” എന്ന് വിളിച്ചു ചോദിച്ചു….. “” എടി കൊച്ചേ, ആ കപ്പൊന്ന് അങ്ങോട്ട് എടുത്ത് കൊടുത്തേ.. “”” മോളിചേച്ചീടെ ശബ്ദം കേട്ടു…. രോഗി ഇച്ഛിച്ചതുപോലെ, സലോമി മുടന്തിക്കൊണ്ട് കപ്പുമായി വന്നു…. അവളുടെ കണ്ണുകളിലപ്പോഴും, അകാരണമായൊരു ഭയം നിഴലിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി! “” സലോമിന്നാ പേര്, അല്ല്യോ? അച്ചായൻ പറഞ്ഞു “” രുദ്രൻ ചോദിച്ചതും, ചെറിയൊരു മൂളലോടെ അവളൊന്നു തലയനക്കി…

പിന്നെ തിരിഞ്ഞു നടന്നു…. പെട്ടന്ന്, മുറ്റത്തു കിടന്നൊരു കമ്പിൽ തട്ടി അവൾ വീഴാനാഞ്ഞതും രുദ്രൻ അവളുടെ കയ്യിൽ പിടിമുറുക്കി…. “”” നോക്കി നടക്കണ്ടായോ കൊച്ചേ… “” അയാൾ ശാസിച്ചതും, അവളൊരു പിടച്ചിലോടെ അയാളുടെ പിടിയിൽ നിന്നും സ്വാതന്ത്രയായി….. “” ഹി ഹി ഹി “” വെറുതെ നിന്ന് ഇളിക്കുന്ന കാണാരനെ നോക്കി, രുദ്രൻ കണ്ണുരുട്ടി…. “”” നിന്ന് കിണിക്കാതെ താൻ തന്റെ ജോലി നോക്കെടോ “” ഒച്ചയെടുത്തതും, കണാരന്റെ ചിരി സ്വിച്ചിട്ടതുപോലെ നിന്നു! “”” എന്നതാ ഇവടെ?? “” ശബ്ദം കേട്ട് മോളി മുറ്റത്തേക്ക് ഇറങ്ങി വന്നു…. “””ഒന്നുല്ല മോളിച്ചേച്യേ, ഈ കൊച്ചൊന്നു വീഴാൻ പോയതാ…”” രുദ്രൻ പറഞ്ഞു… സലോമി, തലകുമ്പിട്ടു നിൽക്കുകയായിരുന്നു! “” എന്നാ പറയാനാ…. വേലിമേ കിടന്ന പാമ്പിനെ തോളത്തു വെച്ചപോലെ എന്ന് പറഞ്ഞാ മതിയല്ലോ…. ആ അച്ചൻ ചെയ്ത കന്നംതിരിവാ… അത് കേട്ട് ഒപ്പം തുള്ളാൻ ഇങ്ങേരും…. എന്നതായാലും ഒന്നിനെ കൊണ്ടന്നു, എന്നാപ്പിന്നെ ഇത്തിരി മെയ്യനങ്ങി ശീലമുള്ളതിനെ കൊണ്ടുവരണ്ടായോ ഇതൊരുമാതിരി നനഞ്ഞ പടക്കം പോലൊരു സാധനം….

ഒന്നും പോരാഞ്ഞ് കാലേലൊരു മൊടന്തും! “” സലോമിയെ കടുപ്പിച്ചു നോക്കിക്കൊണ്ട്, കെറുവോടെ മോളി അകത്തേക്ക് കയറിപ്പോയി….. രുദ്രന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…. അയാൾക്ക് ഇതൊന്നും ശീലമില്ല! പിടിക്കാത്തത് ആര് പറഞ്ഞാലും ചുട്ട മറുപടി കൊടുത്തേ ശീലമുള്ളൂ… അത് ചെലപ്പോ നാവു കൊണ്ടാവാം… അല്ലെങ്കി കൈക്കരുത്ത് കൊണ്ടാവാം….. ഇതിപ്പോ…… അവളപ്പോഴും, നിലത്ത് മിഴികൾ നട്ട് നിൽപ്പായിരുന്നു… വാടിക്കരിഞ്ഞ കവിളിനെ തഴുകിയെത്തിയ നീർക്കണം, തന്റെ തരിശായിക്കിടന്ന ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ, പുതിയൊരു മുകുളത്തെ ജനിപ്പിക്കുന്നതയാൾ അറിയുന്നുണ്ടായിരുന്നു! അതിനെ എന്തു പേരിട്ടു വിളിക്കണം? സ്നേഹമെന്നോ…. സഹതാപമെന്നോ….. അതോ, പ്രണയമെന്നോ……. കാത്തിരിക്കണേ ❤