19/04/2026

താന്തോന്നി : ഭാഗം 03

രചന – ഫൗസിയ യൂസഫ്

രാവിലെ, മാത്തച്ചന്റെ വീട്ടിൽ വണ്ടി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് സലോമി ചെടികൾ നനക്കാനായി വന്നത്….. അവളെ കാണെ, തലേ ദിവസത്തെ സംഭവം അയാളുടെ മനസ്സിലേക്ക് ഓടിവന്നു…. “”” കൊച്ചിന്, നാട്ടിൽ വേണ്ടപ്പെട്ടവരായി ആരും ഇല്ലേ?? “”” രുദ്രന്റെ ചോദ്യം കേട്ട് അവളൊന്ന് തലയുയർത്തി നോക്കി…. പിന്നെ, ഇല്ലെന്ന് പതിയെ തലയാനക്കി…. “”” ഏതുവരെ പഠിച്ചിട്ടുണ്ട്?? “”” “” പത്ത് “” മറുപടി പറയുമ്പോ, അവൾ ഇടയ്ക്കിടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു…. ആരെങ്കിലും കണ്ടാൽ വഴക്ക് കേൾക്കുമോ എന്ന ഭയം അവൾക്കുണ്ടെന്ന് രുദ്രന് മനസ്സിലായി…. പിന്നെ അയാളൊന്നും ചോദിച്ചില്ല! “”” അത് ശരി, നിന്നോട് ഞാനെന്റെ വണ്ടിയൊന്ന് കഴുകിയിടാൻ പറഞ്ഞിട്ട് നീയിവിടെ ചെടിയും നനച്ചോണ്ട് നിൽക്കാണോടീ “”” ക്ലാര തുള്ളിക്കളിച്ചു വന്നതും, അവൾ പേടിയോടെ പിറകോട്ടു മാറി…. “””അമ്മ…. അമ്മച്ചി പറഞ്ഞു ചെടി നനയ്ക്കാൻ… അതാ…”” “”” അതൊക്കെ പിന്നേം ചെയ്യാം, എനിക്ക് കോളേജിൽ പോണ്ടതാ…. വേഗം ആ പണി തീർക്കാൻ നോക്ക് “” അവൾ ചൊടിച്ചു… ക്ലാരയുടെ ആജ്‌നാസ്വരം രുദ്രനൊട്ടും പിടിച്ചില്ല…. അയാൾ അവളെ കലിപ്പോടെ നോക്കി…. ക്ലാരയത് മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി…..

“”” എന്റെ കൊച്ചേ, നിന്റെ നാക്കെന്താ എവടേലും പണയം വച്ചേക്കുവാണോ….. അവളുടെ ഇമ്മാതിരി വാർത്താനത്തിന് നല്ല മറുപടി കൊടുത്താലെന്താ?? “” രുദ്രൻ ഇച്ചിരി ദേഷ്യത്തിൽ തന്നെ ചൊദിച്ചു…. അതിനും അവളുടെ പക്കൽ മറുപടിയൊന്നും ഉണ്ടായില്ല! രുദ്രൻ, വണ്ടി കഴുകിക്കൊണ്ടിരിക്കുമ്പോഴും, ഇടയ്ക്കിടെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. അവളുടെ വാടിയ മുഖവും, എണ്ണമയമില്ലാത്ത മുടിയും, പാതിയടഞ്ഞ മിഴികളും അയാളിൽ നൊമ്പരമുണർത്തി…. എന്നാൽ, അവളതൊന്നും അറിയുന്നുണ്ടായിരുന്നില്ല! “” ഇതുവരെ കഴിഞ്ഞില്ലേ?? “” ക്ലാര സിനിമാസ്റ്റൈലിൽ ബാഗും തൂക്കി വന്നു….. വണ്ടിയിലേക്കും സലോമിയുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ട് അൽപനേരം അവളെങ്ങനെ നിന്നു….. “”” ഇങ്ങനാണോടീ വണ്ടി കഴുകുന്നെ.. അഴുക്കെല്ലാം അവിടെത്തന്നെ ഇരിപ്പുണ്ടല്ലോ….. മാറി നിക്കിങ്ങോട്ട് “” അതീവ ക്രോധത്തോടെ അവൾ സലോമിയെ പിടിച്ചൊരു ഉന്തുകൊടുത്തു…. കാലിലെ മുടന്തുകാരണം ബാലൻസ് കിട്ടാതെ സലോമി, സ്റ്റെപ്പിൽ തലയിടിച്ചു വീണു…..

ആ കാഴ്ച കണ്ട്, രുദ്രൻ ഓടിവന്ന് അവളെ താങ്ങിയെടുത്തു…. അവളുടെ നെറ്റി പൊട്ടി ചോരയോലിക്കുന്നുണ്ടായിരുന്നു….. രുദ്രന്, സ്വയം നിയന്ത്രിക്കാനായില്ല…. അയാൾ പൊട്ടിത്തെറിച്ചു…. “” എന്നാ പണിയാ ക്ലാരക്കൊച്ചേ നീയീ കാണിച്ചേ…. ഇങ്ങനാണോ മറ്റൊരാളോട് പെരുമാറേണ്ടത്? ഒന്നുമില്ലെങ്കി നിന്നെപ്പോലൊരു പെങ്കൊച്ച് തന്നല്ലേ ഇവളും?? “”” “””എന്നെപ്പോലൊരു കൊച്ചോ? കൊള്ളാം…. കുരിശിങ്കലെ മാത്തച്ചൻ മുതലാളിയുടെ മോള് ക്ലാരയെവിടെ കിടക്കുന്നു, മറ്റുള്ളവരുടെ എച്ചില് തിന്ന് ജീവിക്കുന്ന ഇവളെവിടെ കിടക്കുന്നു…””” ക്ലാര പുച്ഛത്തോടെ ചിരിച്ചു…. “”” നീയൊക്കെ ഏത് നൂറ്റാണ്ടിലാടീ ജീവിക്കുന്നെ… പഠിക്കാനെന്നും പറഞ്ഞ് വെറുതെ ഒരുങ്ങിക്കെട്ടി പോയിട്ടോ, പുസ്തകത്തിൽ അച്ചടിച്ചു വച്ചത് പഠിച്ചിട്ടോ കാര്യല്ല…. മറ്റുള്ളവരോട് നല്ല നിലയിൽ പെരുമാറാൻ പഠിക്കണം, ബഹുമാനിക്കാൻ പഠിക്കണം അറ്റ്ലീസ്റ്റ് മറ്റുള്ളവരുടെ മുഖത്തു നോക്കി മനസ്സ് നിറഞ്ഞൊന്ന് ചിരിക്കാനെങ്കിലും പഠിക്കണം…!””” രുദ്രൻ ദേഷ്യത്തോടെ പല്ല് കടിച്ചു….

“”” താനാരാ ഇവളെ പ്രൊട്ടക്ട് ചെയ്യാൻ… ഇവളുടെ ഗോഡ്ഫാദറോ….. ഒരു രക്ഷകൻ വന്നേക്കുന്നു…. എല്ലാത്തിനും അപ്പച്ചനെ പറഞ്ഞാ മതി, നിലത്ത് വെക്കേണ്ടവനെയൊക്കെ തലയിൽ കേറ്റിവെച്ചാ ഇങ്ങനെയിരിക്കും… ഇതൊന്നും പോരാഞ്ഞ് വേറൊരു അലവലാതിയെ കൂടി എടുത്ത് പെടലിക്ക് വച്ചേക്കുന്നു… നാശം പിടിക്കാൻ!””” ക്ലാര, ദേഷ്യത്തോടെ നിലത്ത് ആഞ്ഞു ചവിട്ടി…. രുദ്രൻ അതൊന്നും ശ്രദ്ധിക്കാതെ, വണ്ടിയിൽ നിന്നും മരുന്നെടുത്ത് സലോമിയുടെ നെറ്റിയിൽ വെക്കുകയായിരുന്നു…. “” ഒന്ന് അടങ്ങിയിരിക്ക് കൊച്ചേ “” അവൾ, വിസമ്മതം പ്രകടിപ്പിക്കുമ്പോ, രുദ്രൻ ഒച്ചയെടുത്തു…. ഇതൊക്കെ കണ്ട്, ക്ലാരയുടെ മുഖത്ത് പുച്ഛച്ചിരി വിടരുന്നുണ്ടായിരുന്നു…. “” ഹൗ, എന്താ ഒരു കെയറിങ്… എങ്കിപ്പിന്നെ, ഇവളെയങ്ങ് ഏറ്റെടുത്തോടോ…. ഇവിടാർക്കും ഒരു പരാതിയും ഇല്ല… അതോടെ ശല്യം അങ്ങ് ഒഴിഞ്ഞു പോവൂല്ലോ…. “”” ക്ലാരയുടെ ആ സംസാരം സലോമിയിൽ വല്ലായ്മയുണ്ടാക്കി… അവൾ, വേദന വകവെക്കാതെ വേഗം എഴുനേറ്റു…. ഇടയ്ക്കെപ്പഴോ ആ കണ്ണുകൾ ദയനീയമായി രുദ്രനെ നോക്കിയിരുന്നു….. രുദ്രൻ, ഇരുന്നിടത്തു നിന്നും എഴുനേറ്റു…. ആ മുഖം ദേഷ്യംകൊണ്ട് ചുമന്നിരുന്നു…. അയാൾ പതിയെ, ക്ലാരയുടെ അടുത്തേക്ക് നടന്നു….

ക്ലാരയിൽ പെട്ടന്നൊരു ഭയം ഉടലെടുത്തു….. “”” ഏറ്റെടുക്ക മാത്രല്ല, അവൾക്ക് ഇഷ്ടമാണെങ്കി ഞാനവൾക്കൊരു ജീവിതോം കൊടുക്കും…. എന്താ നിനക്ക് കാണണോ…? “”” ക്ലാരയുടെ കണ്ണുകളിൽ തന്നെ നോക്കിയാണ് രുദ്രനത് പറഞ്ഞത്….. പിന്നെ, നോട്ടം സലോമിയിലേക്കായി “” എന്നതാ കൊച്ചേ, പോരുന്നോ നീയെന്റെ കൂടെ? ഇത്രേം വല്യ ബംഗ്ലാവൊന്നും അല്ലെങ്കിലും, എനിക്കും ഉണ്ട് താമസിക്കാൻ പാകത്തിനൊരു വീട്… അവിടെ, ഇവിടെക്കിട്ടാത്ത ഒന്ന് നിനക്ക് കിട്ടും, മനസ്സമാധാനം! പിന്നെ ഉണ്ണുന്നേനും ഉടുക്കുന്നേനും ആരും കണക്ക് പറയത്തും ഇല്ല!””” സലോമിയൊന്ന് ഞെട്ടി! ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു ചോദ്യം നേരിടേണ്ടി വരുന്നത്….. അവളുടെ ഉടലാകെ വിറച്ചു! ക്ലാരയും അതൊട്ടും പ്രതീക്ഷച്ചതല്ല! അയാളെ കൊച്ചാക്കാൻ വേണ്ടി വായിൽ തോന്നിയത് പറഞ്ഞതാണ്… പക്ഷെ, അതവളെ ഉത്തരം മുട്ടിച്ചു! ഒന്നും പറയാതെ, ബാഗുമെടുത്ത് അവൾ വണ്ടിയെടുത്തു…. പോകുന്ന പോക്കിൽ, ദേഷ്യത്തിൽ സലോമിയെ ഒന്ന് നോക്കാനും അവൾ മറന്നില്ല! രുദ്രൻ തിരിഞ്ഞു നോക്കുമ്പോ, സലോമി തല താഴ്ത്തി നിൽക്കുകയാണ്…. വലിയൊരു അപരാധം ചെയ്തവളെ പോലെ, അവളൊന്ന് രുദ്രനെ നോക്കി…. അത്കണ്ട് അയാളൊന്ന് പുഞ്ചിരിച്ചു…. “”” കൊച്ച് പേടിച്ചുപോയോ? അവക്കേ, അഹങ്കാരത്തിന്റെ സൂക്കേട് ഇച്ചിരി കൂടുതലാ…. പിന്നെ നാക്കിനാണെങ്കി ലൈസെൻസും ഇല്ല! അത് കാര്യാക്കണ്ട… “”” അതും പറഞ് രുദ്രൻ തന്റെ ജോലിയിലേക്ക് തിരിഞ്ഞു…..

“” നീയെന്നതാടാ അച്ഛനോടൊന്നും മിണ്ടാത്തെ…. നിന്റെ കെറുവ് ഇതുവരെ മാറിയില്ലായോ?? “” മകന്, കാപ്പി കൊടുത്തുകൊണ്ട് ത്രേസ്യാമ്മ ചൊടിച്ചു…. “”” അച്ഛൻ… അച്ഛനെ ഞാനിന്നലെ വല്ലാതെ വേദനിപ്പിച്ചു ല്ലേ അമ്മച്ചീ…. ഒന്നും മനപ്പൂർവല്ല.. അച്ഛൻ പോയ ദേഷ്യത്തിന്….”” പറഞ്ഞു മുഴുമിക്കാതെ അയാൾ തല കുനിച്ചു… “”” അതൊക്കെ അങ്ങേര് അപ്പഴേ മറന്നില്ലെടാ… നീയത് വിട്ടേര് “” അമ്മച്ചി അവനെ സമാധാനിപ്പിച്ചു… “” ഇനി കുടിയും, ഈ ഇറങ്ങിപ്പോക്കൊന്നും ഉണ്ടാവില്ലാന്ന് വാക്ക് തന്നിട്ടുണ്ട് നിന്റച്ഛൻ…. വാക്ക് പറഞ്ഞാ മാറ്റത്തില്ല അങ്ങേര്… അതെനിക്കൊറപ്പാ….”” രുദ്രൻ ഒന്നും പറഞ്ഞില്ല…. കാപ്പി കുടിച്ച് മുഴുമിച്ച് അവൻ എണീറ്റു പോയി…. ഉമ്മറത്തേക്ക് ചെല്ലുമ്പോ, അച്ഛൻ കസേരയിൽ ചാരിക്കിടപ്പുണ്ട്…. “” അച്ഛൻ കുടി നിർത്തീന്ന് അമ്മച്ചി പറഞ്ഞു.. “” അവൻ ആരോടെന്നില്ലാതെ പറഞ്ഞു…. ദിവാകാരൻ തലയൊന്ന് ചെരിച്ച് അവനെ നോക്കി…. ആ നിൽപ്പ് കണ്ട് അയാൾക്ക് ചിരിപൊട്ടി…. “””ആഹ്, ഈ കൈകൊണ്ടിനി കള്ള് തൊടില്ലെന്ന് സത്യം ചെയ്യേണ്ടി വന്നു…

പറഞ്ഞത് അമ്മച്ചിയോട് ആയതോണ്ട് ഇനി വാക്ക് മാറ്റാനും പറ്റില്ലല്ലോ..”” ഇത്തിരി നിരാശ അഭിനയിച്ചുകൊണ്ട് ദിവാകരനത് പറഞ്ഞതും, രുദ്രൻ ഇടം കണ്ണിട്ടുകൊണ്ട് അച്ഛനെ നോക്കി… ഇരുവരുടെയും നോട്ടം തമ്മിൽ കോർത്തപ്പോൾ അവർക്കിടയിൽ ഒരു പൊട്ടിച്ചിരി ഉയർന്നു…. “” കൈകൊണ്ട് തൊടത്തില്ലന്നല്ലേ പറഞ്ഞത്, വായിലേക്ക് കമിഴ്ത്തി തരുന്നതിനു കുഴപ്പൊന്നും ഇല്ലല്ലോ? “”” അച്ഛന്റെ, ചെവിയോട് ചേർന്ന് സ്വകാര്യം പോലെ അവനത് പറഞ്ഞപ്പോ ദിവാകരന്റെ കണ്ണുകൾ വിടർന്നു…. അയാൾ മകനെ സംശയത്തിൽ നോക്കിയതും, രുദ്രൻ പിന്നിലൊളിപ്പിച്ച കുപ്പി അച്ഛനു നേരെ ഉയർത്തിക്കാണിച്ചു…. “” നല്ല അസ്സല് പനങ്കള്ളാ… വേണോ? “” “”” അത് പിന്നെ… നീ പറഞ്ഞപോലെ വായിലേക്ക് ഒഴിച്ച് തരുവാണെങ്കി ഇത്തിരി കുടിക്കാ….അതും നീ നിർബന്ധിച്ചാ മാത്രം!””” ദിവാകാരൻ പറഞ്ഞതുകേട്ട് കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് രുദ്രൻ, അച്ഛന്റെ വായിലേക്ക് കുപ്പി കമിഴ്ത്തിക്കൊടുത്തു…. ചുമരിന്റെ മറപറ്റി നിന്ന ത്രേസ്യാമയുടെ ചുണ്ടിലും അസ്സലൊരു സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു….

“” മോളിചേച്ചിക്കും ക്ലാരക്കും തട്ടിക്കളിക്കാനാന്നോ ആ കൊച്ചിനെയവിടെ നിർത്തിയേക്കണത്?? “” മില്ലിൽ നിൽക്കുമ്പോഴാണ് രുദ്രൻ മാത്തച്ചനോടത് ചോദിച്ചത്…. “”” ഇന്നലെ നീയും ക്ലാരമോളും കൂടി ഒന്ന് കോർത്തു ല്ലേ…. അത് പറഞ്ഞ് ഇന്നലെയെന്നെ ചെവിതല കേൾപ്പിച്ചിട്ടില്ല പെണ്ണ്… “”” മാത്തച്ചൻ ചിരിച്ചു… “””അത് പതിവുള്ളതല്ലേ… ഞാനും അവളും പണ്ടേ ചേരത്തില്ലല്ലോ… ആ കൊച്ചിന്റെ നെറ്റത്തെ മുറി കണ്ടില്ലേ… അതെങ്ങനാ ഉണ്ടായതെന്ന് ചോദിച്ചോ മോളോട്?? “”” അത് പറയുമ്പോ, അയാളിൽ ദേഷ്യം നിറയുന്നുണ്ടായിരുന്നു…. “” വിവരങ്ങളൊക്കെ അവള് തന്നെ പറഞ്ഞു…. എന്നാ ചെയ്യാനാ, ഒന്നല്ലേ ഉള്ളൂ എന്നുകരുതി കുറച്ചധികം ലാളിച്ചു… അതിന്റെ കൊഴപ്പാ…. പിന്നെ, സലോമീടെ കാര്യം… അവളെ പറഞ്ഞയക്കണം എന്നും പറഞ്ഞ് പിടിവാശീലാ രണ്ടാളും…. എന്നതാ ചെയ്യണ്ടേ എന്നൊരു രൂപോം ഇല്ലെടാ…. “”” മാത്തച്ചൻ വ്യസനത്തോടെ പറഞ്ഞു…. “”” എങ്കിപ്പിന്നെ അവളെ അവള്ടെ പാട്ടിന് വിട്ടേക്കെന്നേ… അവിടെക്കെടന്ന് നരകിക്കണേലും ഭേദം അതാ…. ചെലപ്പോ രക്ഷപ്പെടും, അതും അല്ലെങ്കി…..

“”” അയാളത് പൂർത്തിയാക്കും മുമ്പേ, മാത്തച്ചൻ തടഞ്ഞു…. “”” വേണ്ട! എനിക്കത് കേക്കണ്ട….! അങ്ങനെ… അങ്ങനെയവളെ തെരുവിലേക്ക് വലിച്ചെറിയാൻ എനിക്ക് കഴിയില്ലെടാ…. എന്റെ പൊങ്കൊച്ചിനെ പോലൊരു കൊച്ചല്ലേ അവളും…. അവളെ…. അവളെ എങ്ങനാടാ ഞാൻ… “”” മത്തച്ചന്റെ ഭാവമാറ്റം സസൂക്ഷ്മം ഒപ്പിയെടുക്കുകയായിരുന്നു രുദ്രൻ… അവൻ, മാത്തച്ഛനെ തനിക്കു നേരെ പിടിച്ചു നിർത്തി “”” എന്തുകൊണ്ട്… എന്തുകൊണ്ട് പറ്റില്ല?? ലോകത്ത് എത്രയോ പെങ്കൊച്ചുങ്ങളുണ്ട് ഇങ്ങനെ…. നിങ്ങടെ ഇടവകയിൽ തന്നെ ഇല്ലേ സലോമിയെ പോലെ ഒത്തിരിപേർ…. എന്നിട്ട്, ഇവളെ… ഇവളെ മാത്രം എന്തിനാണ് നിങ്ങൾ ഏറ്റെടുത്തത്…? എന്തിനാണ് അച്ഛനിവളെ നിങ്ങളെ തന്നെ ഏൽപ്പിച്ചത്?? പറ…. എന്റെ മുഖത്തോട്ട് നോക്കി പറ “”” രുദ്രന്റെ ചോദ്യങ്ങൾക്കു മുന്നിൽ മാത്തച്ഛൻ നിന്നു വിയർത്തു….. ഒരു മറുപടിക്കായി, അക്ഷമയോടെ രുദ്രനും നിന്നു…. ഒട്ടൊരു മൗനത്തിനു ശേഷം മാത്തച്ഛൻ പറഞ്ഞു…. “” നിന്റെ സംശയം ശരിയാണ്…. സലോമി…,,, അവൾ… അവളെന്റെ മകളാണ് ! എന്റെ രക്തത്തിൽ പിറന്ന എന്റെ സ്വന്തം മകൾ !!!! കാത്തിരിക്കണേ ♥