19/04/2026

താന്തോന്നി : ഭാഗം 04

രചന – ഫൗസിയ യൂസഫ്

“” എനിക്ക് ചുമ്മാ ഒരു സംശയം തോന്നിയതാ…. വെറുതെ ഒരു പെങ്കൊച്ചിനെ ഏറ്റെടുക്കാൻ മാത്രം വിശാലമനസ്‌കനൊന്നും അല്ലല്ലോ ഞാനറിയുന്ന അച്ചായൻ”” രുദ്രൻ പറഞ്ഞതും മാത്തച്ചന്റെ മുഖം വല്ലാതായി…. “”” എന്നാലും, സ്വന്തം കൊച്ചിനെയിങ്ങനെ ഭാര്യേം മോളും കൂടി അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുമ്പോ, അതും അച്ചായന്റെ മുന്നിൽ വെച്ച്….. എങ്ങനാ… എത്രയാന്നുവച്ചാ കണ്ട് നില്ക്കാ…. സത്യം പറഞ്ഞാ ഇപ്പൊ എനിക്ക് അച്ചായനോട് ബഹുമാനല്ല തോന്നുന്നത്, വെറുപ്പാണ്…. “” രുദ്രൻ ആദ്യമായി മാത്തച്ചനോട് മുഖം കറുപ്പിച്ചു…. “””രുദ്രാ..”” അയാൾ ദയനീയമായി വിളിച്ചു. രുദ്രൻ തിരിഞ്ഞു നിന്ന് മാത്തച്ചനെ നോക്കി…. ആ മുഖം രക്തവർണ്ണമായിരുന്നു!

“”” പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, മക്കളെ ഉണ്ടാക്കുന്നതിൽ മാത്രം ആണത്തം കാണിച്ചാ പോരാ, അവരെ നോക്കി ഇതെന്റെ മോളാണ്, മോനാണ് എന്ന് ചങ്കൂറ്റത്തോടെ പറയുന്നതിലും കാണിക്കണം ആണത്തം! അല്ലാതെ, കണ്മുന്നിലുണ്ടായിട്ടും ഒരു മകളുടെ പരിഗണന കൊടുക്കാതെ, അപ്പന്റെ സ്നേഹം കൊടുക്കാതെ ഒരു വേലക്കാരിയെ പോലെ… ഛെ…..!! നിങ്ങളൊക്കെ ഒരു മനുഷ്യനാണോ? “”” രുദ്രൻ അരിശത്തോടെ തലവെട്ടിച്ചു… കുറച്ചുനേരം ആകെ മൂകമായിരുന്നു അന്തരീക്ഷം…. മാത്തച്ചൻ ഒന്നും മിണ്ടാതെ, സീറ്റിലേക്ക് ചാരിക്കിടന്നു…. രുദ്രന്റെ ദേഷ്യം അപ്പോഴും തീർന്നിരുന്നില്ല! “”” ന്റെ ഗ്രേസ്സി, അവളെനിക്ക് ജീവനായിരുന്നെടാ…. ഇല്ലായ്മയിലും സ്നേഹം കൊണ്ടും കൊടുത്തും ജീവിച്ചതാ ഞങ്ങള്…. രണ്ടുപേർക്കും പറയത്തക്ക ബന്ധുക്കളൊന്നും ഇല്ലാതിരുന്നോണ്ട് ഞങ്ങള് തന്നായിരുന്നു ഞങ്ങൾക്കെല്ലാം….. രണ്ട് കൊല്ലം കഴിഞ്ഞപ്പോ ഞങ്ങക്കിടയിലെക്ക് ഒരാള് കൂടി വരാനൊരുങ്ങി….

ഞങ്ങള് ഒരുപാട് സന്തോഷിച്ച ദിവസങ്ങൾ….. പക്ഷേ,, അതൊരു ആക്സിഡന്റോടെ അവസാനിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല! എട്ട് മാസായിരുന്നു അവക്കന്ന്… ചെക്കപ്പ് കഴിഞ്ഞ് വരുമ്പഴാ ഒരു ലോറി പാഞ്ഞുവന്ന് ഞങ്ങളെ ഇടിച്ചു തെറിപ്പിച്ചത്…. രണ്ട് ദിവസം കഴിഞ്ഞാ എനിക്ക് ബോധം വന്നത്…. ഗ്രേസ്സി എന്നെ വിട്ട് പോയീന്ന് അറിഞ്ഞപ്പോ ഞാനാകെ തകർന്നു പോയി…. ഭ്രാന്തനെപ്പോലെ ഹോസ്പിറ്റലിന്ന് ഇറങ്ങി ഓടി…. പിന്നെ കുറച്ച് സമയമെടുത്തു എല്ലാമൊന്ന് നേരെയാവാൻ…. ഒക്കെ മറക്കാൻ വേണ്ടിയാ ആ നാട് തന്നെ ഉപേക്ഷിച്ചു പോന്നത്…. പക്ഷേ,,, അറിഞ്ഞില്ലെടാ ഞാൻ, എന്റെ ഗ്രേസ്സി… അവളെനിക്കൊരു പെങ്ങുഞ്ഞിനെ തന്നിട്ടാണ് പോയതെന്ന്…. അന്നത്തെ എന്റെ അവസ്ഥ അതായിരുന്നല്ലോ… ഞാനിവിടെ സുഖത്തിലും സന്തോഷത്തിലും കഴിയുമ്പോ, എന്റെ മോളവിടെ അനാഥലയത്തില്….. “”” മാത്തച്ചൻ പൊട്ടിക്കരഞ്ഞു…. “” ഇത്ര ദണ്ണമുണ്ടായിട്ടാണോ അവളെ അടുത്ത് കിട്ടീട്ടും അകറ്റി നിർത്തണത്? പറഞ്ഞൂടെ, ഞാൻ നിന്റെ അപ്പനാണെന്ന്…. “””

“”” ആഗ്രഹമുണ്ട് രുദ്രാ… പക്ഷേ,, മോളി…! അവളും മോളും സലോമിയെ അംഗീകരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….? ഇപ്പൊത്തന്നെ അവളെ കണ്ടൂട രണ്ടാൾക്കും…. എപ്പോപ്പിന്നെ അവളെന്റെ മോളാണെന്ന് അറിഞ്ഞാലുള്ള അവസ്ഥ….! ഞാൻ മുമ്പ് വിവാഹം കഴിച്ചതൊന്നും അവൾക്കൊട്ടും അറിയത്തും ഇല്ല… ഇപ്പൊ, ഇതും പറഞ്ഞു ചെന്നാ അവളത് വേറെ രീ‌തീലെ കാണാത്തൊള്ളൂ… അവളെ എനിക്കറിയണതല്ലേ…. “”” അയാളുടെ ന്യായീകരണത്തിന് രുദ്രനെന്തോ പറയാൻ തുടങ്ങിയതും,, മാത്തച്ചന്റെ ഫോണടിച്ചു…. “”” നിങ്ങളിത് എവിടെയാ മനുഷ്യാ… മനസ്സമ്മതത്തിന് പോണ്ട കാര്യം മറന്നോ? ഞാനും പെണ്ണും മാറ്റി നിക്കാൻ തുടങ്ങീട്ട് മണിക്കൂറൊന്നായി “”” മോളി വിളിച്ചപ്പോഴാണ് മാത്തച്ചൻ അക്കാര്യം ഓർത്തത്….. “””മോളീടെ കുടുംബത്തിലൊരു മനസ്സമ്മതം ണ്ട് ഇന്ന്… ഇതിനിടയിൽ ഞാനതങ് മറന്നു…. നീ വാ… ഇനിയും വൈകിയാ അവളെന്നെ വച്ചേക്കത്തില്ല!”” മാത്തച്ചൻ പറഞ്ഞതും, പറഞ്ഞുവന്നത് പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ട് രുദ്രൻ വണ്ടിയെടുത്തു…..

“”” വണ്ടി ഞാനെടുത്തോളാം, നീ വരണ്ട! കൊപ്രാക്കളത്തില് പണിക്കാരുണ്ട്… പിന്നെ അവളിവിടെ ഒറ്റക്കല്ലേ… സലോമി!”””” ഇറങ്ങാൻ നേരം മാത്തച്ചൻ പറഞ്ഞു… രുദ്രൻ മൂളിക്കൊണ്ട് ചാവി, മാത്തച്ചന് നൽകി…. അവര് ഗേറ്റ്കടന്നു പോയതും, രുദ്രന്റെ കണ്ണുകൾ സലോമിക്കുവേണ്ടി ചുറ്റിലും അലഞ്ഞു നടന്നു…. “” ഇച്ചിരി വെള്ളം “” അയാൾ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു…. നിമിഷനേരം കൊണ്ടുതന്നെ വെള്ളവുമായി സലോമി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു! അവളുടെ മുഖം കാണെ, മാത്തച്ചൻ പറഞ്ഞ വാചകമാണ് രുദ്രന്റെ മനസ്സിലേക്ക് വന്നത് “” അവളെന്റെ മകളാണ്, എന്റെ സ്വന്തം ചോര!””” “” വെള്ളം “” അവൾ വിളിച്ചപ്പോഴാണ് ചിന്തയിൽനിന്നും തിരിച്ചു വന്നത്….. വെള്ളം കയ്യിലേക്ക് വച്ചുതരുമ്പോ, അവളുടെ ചുണ്ടിൽ ആദ്യമായൊരു പുഞ്ചിരി വിരിഞ്ഞു….

“”” കൊച്ചിവിടെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ?? “”” രുദ്രൻ അലിവോടെ ചോദിച്ചു “” ഏയ് അങ്ങനൊന്നുല്ല! ഞാൻ… ഞാനിവിടെ അഭയാർത്തിയല്ലേ… ഇതിൽ കൂടുതലൊക്കെ എനിക്ക് ആഗ്രഹിക്കാവോ “”” അവളുടെ മറുപടി രുദ്രന്റെ നെഞ്ചിലേക്കാണ് തുളഞ്ഞു കയറിയത്….. എന്തൊക്കെയോ അവളോട് പറയാൻ അയാളുടെ ഹൃദയം വെമ്പൽകൊണ്ടു….. “”” ഞാനൊരു സത്യം പറയട്ടെ…. സലോമി… സലോമി അനാഥയൊന്നും അല്ല… തനിക്ക്…… “”” ബാക്കി പറയാൻ അയാൾക്ക് വാക്കുകൾ കിട്ടാത്തപോലെ…. “””എന്തു സത്യാണ് ഇയാൾക്ക് പറയാനുള്ളത്…? കുരിശിങ്കലെ മാത്തച്ചനാണ് എന്റെ അപ്പനെന്നോ?? ഞാനയാളുടെ ചോരയിൽ പിറന്ന മകളാണെന്നോ??””” സലോമി ചോദിച്ചതും, ഞെട്ടലോടെ രുദ്രൻ ചാടിയെണീറ്റു! “”” കൊച്ചിന്… കൊച്ചിന് അറിയാവോ മാത്തച്ചനാണ് നിന്റെ അപ്പനെന്ന് “”” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു…

“”” അറിയുന്നോണ്ടല്ലേ പറഞ്ഞേ…. വേറെ എന്തൊക്കെ പറഞ്ഞു നിങ്ങടെ മുതലാളി…. കഥകളൊക്കെ ഒരുപാട് പറഞ്ഞ് വിശ്വസിപ്പിച്ചു കാണും അല്ലേ??”” ആ ചോദ്യത്തെക്കാൾ രുദ്രനെ അത്ഭുതപ്പടുത്തിയത് സലോമിയുടെ വാക്കിലും നോക്കിലുമുള്ള മാറ്റങ്ങളായിരുന്നു! “”” കൊച്ചെന്താ ഇങ്ങനൊക്കെ ചോദിക്കണേ? എന്തൊക്കെ ഉള്ളില് വെച്ച് പറയുന്ന പോലെ…. “”” രുദ്രൻ സംശയത്തോടെ സലോമിയെ നോക്കി…. “”” അപ്പൻ പറഞ്ഞുപിടിപ്പിച്ച കഥയെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല….പക്ഷേ,, അതൊരിക്കലും യാഥാർഥ്യങ്ങളായിരിക്കില്ല! അതുറപ്പാ…. കാരണം, നിങ്ങളറിഞ്ഞ മാത്തച്ചൻ മുതലാളിയല്ല യഥാർത്ഥ മാത്തച്ചൻ! അയാളൊരു ഇരുട്ടാണ്….! പകലിനെ കറുപ്പിക്കുന്ന കൂരാകൂരിരുട്ട്!!”” രുദ്രൻ സ്ഥബ്ധനായി നിൽക്കുകയായിരുന്നു! എന്തോ ഒരു കനൽ, സലോമിയുടെ ഉള്ളിലിരുന്ന് എരിയുന്നുണ്ടെന്ന് രുദ്രന് തോന്നി….. “”ഇച്ചായൻ പറഞ്ഞതവടെ നിക്കട്ടെ, കൊച്ചിനെന്തോ പറയാനുണ്ട്.. എനിക്കത് കേട്ടാമതി!”” അയാൾ പറഞ്ഞു

“”” ഉണ്ട്… നിങ്ങൾക്കറിയാത്ത മാത്തച്ചനെ കുറിച്ച്….. അയാളുടെ ആദ്യ ഭാര്യ ഗ്രേസ്സിയെ കുറിച്ച്… “”” സലോമി രുദ്രനെ നോക്കി.. അവളുടെ വാക്കുകൾക്കായി കാതോർത്തു നിൽക്കുകയാണ് രുദ്രൻ! “”” അനാഥയെങ്കിലും, സമ്പന്നയായിരുന്നു ഗ്രേസ്സി…. എല്ലാവരോടും അലിവും സ്നേഹവും മാത്രമുള്ളൊരു പാവം പെണ്ണ്! അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ആ ചെറുപ്പക്കാരൻ കടന്നു വന്നത്… പേര് മാത്തൻ…… മാത്തച്ചൻ! പള്ളിയിലെ അച്ചന്റെ സഹായിയായിക്കൂടിയ അയാൾ, വൈകാതെ ഗ്രെസ്സിയുടെ ഹൃദയത്തിലും കയറിക്കൂടി…. അവർ വിവാഹിതരായി…. അവളെയും കൊണ്ട് അയാൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു…. സന്തോഷകരമായിരുന്നു അവരുടെ ജീവിതം…. അതിനിടയിൽ അവൾ ഗർഭിണിയായി….. അവൾക്ക് എട്ടുമാസമുള്ളപ്പോൾ ഒരപകടം…. ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി, നിർത്തിയിട്ടിരുന്ന അവരുടെ കാറിലേക്ക് ഒരു ലോറി ഇടിച്ചു കയറി….

ആ സമയം മാത്തച്ചൻ കാറിലുണ്ടായിരുന്നില്ല! ഗ്രേസ്സിക്കുവേണ്ടി ജ്യൂസ് വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു അയാൾ…. മരണം കവർന്നെടുക്കേണ്ടിയിരുന്ന ഗ്രേസിയുടെ ജീവിതത്തിൽ കർത്താവൊരു മാജിക് കാണിച്ചു…. ജീവൻ തിരിച്ചു കൊടുത്തു! പിന്നീട് കണ്ണ് തുറക്കുമ്പോ, കൂടെ അയാളില്ല! മുന്നിലുള്ളത് പരിചയമില്ലാത്ത ചില മുഖങ്ങൾ മാത്രം….. അന്വേഷിച്ചു ഒരുപാട്…. പക്ഷേ, എങ്ങും കണ്ടെത്താനായില്ല! ചതിക്കപ്പെടുകയായിരുന്നോ എന്ന് വിശ്വസിക്കാൻ ആകുമായിരുന്നില്ല അവൾക്ക്…. എന്നാൽ, ഒഴിഞ്ഞ ബാങ്ക് അക്കൗണ്ടും കൈവിട്ടുപോയ സ്വത്തുക്കളും അവളെ ആ സത്യം ബോധിപ്പിച്ചു! വിശ്വസിച്ചു ചേർത്തുപിടിച്ചവൻ തന്നെ കൈവിട്ടു കളഞ്ഞിരിക്കുന്നു! തകർന്നുപോയി ആ പാവം…. ഒരുവേള മരണമായിരുന്നു ഭേദമെന്നുപോലും അവളാഗ്രഹിച്ചു….

പക്ഷേ,, ദൈവദൂതനെ പോലൊരാൾ അവൾക്കുമുന്നിലവതരിച്ചു…. ഡോക്ടർ ഐസക് സാമുവൽ! തനിച്ചായിപ്പോയ അവളെ അയാൾ വീട്ടിൽ കൊണ്ടുപോയി…. പരിചരിച്ചു…. അവളെ മറ്റൊരു ഗ്രേസിയാക്കി മാറ്റി!”” “”” അപ്പൊ അവർ… മാത്തച്ചന്റെ ഭാര്യ… അവരിപ്പോഴും ജീവിച്ചിരിപ്പുണ്ടോ? “”” രുദ്രൻ ഉദ്വേഗത്തോടെ ചോദിച്ചു… “”” ഉണ്ട്… അവരിപ്പോഴും ജീവനോടെയുണ്ട്!””” സലോമി പറഞ്ഞു… രുദ്രൻ ആകെ ഷോക്കിലായിരുന്നു! ഒന്നും വിശ്വസിക്കാനോ അവിശ്വസിക്കാനോ കഴിയാത്ത അവസ്ഥ! “” എന്റെ മമ്മയെ ചതിച്ച്, കൊല്ലാൻ ശ്രമിച്ച അയാളെ ഞാൻ വെറുതെ വിടില്ല! അയാളുടെ പതനം മാത്രമാണെന്റെ ലക്ഷ്യം! അതിന് വേണ്ടിയാണ് ഞാനിവിടെ വന്നതും!””” അവൾ വാശിയോടെ പറഞ്ഞു…

“”” അപ്പൊ കൊച്ചിനെ ഇവിടെകൊണ്ടുവന്നാക്കിയ അച്ചൻ….??? “”” “””അച്ചനല്ല! ഡോക്ടർ….. ഡോക്ടർ സാമുവൽ ഐസക്!””” അവൾ ചിരിയോടെ പറഞ്ഞു… “””മാത്തച്ഛനെ പോലൊരാളെ നേരിടാനൊക്കെ കൊച്ച് വിചാരിച്ചാ നടക്കോ? അതും ഈ വയ്യാത്ത കാലും വെച്ച്?””” രുദ്രൻ തന്റെ സംശയം പുറത്തെടുത്തു….. “””വയ്യാത്ത കാലോ… എന്റെയോ? ദേ നോക്കിക്കേ, എന്റെ കാലിന് വല്ല കുഴപ്പോം ഉണ്ടോന്ന്…?””” രുദ്രനെ നോക്കിയൊന്ന് ചിരിച്ചുകൊണ്ട്, സലോമി അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. മുടന്തില്ലാത്ത അവളുടെ നടത്തം നോക്കി അന്തംവിട്ട് നിൽക്കുകയായിരുന്നു രുദ്രനപ്പോൾ!!! കാത്തിരിക്കണേ ❤ (