രചന – ഫൗസിയ യൂസഫ്
“” എന്താ ഇയാളൊന്നും മിണ്ടാത്തെ? ഞാനീ പറഞ്ഞതൊക്കെ ഇപ്പൊത്തന്നെ പോയി മുതലാളിയോട് പറയാൻ തോന്നുന്നുണ്ടോ മാത്തച്ചൻ മുതലാളിയുടെ വിശ്വസ്ത സേവകന്?? “”” സലോമി ചിരിയോടെ പറഞ്ഞതും, രുദ്രൻ അവളെയൊന്ന് കടുപ്പിച്ചു നോക്കി… “”” ഇങ്ങനൊരു സംശയം ഉള്ളിലുണ്ടായിരുന്നേ എന്നാത്തിനാ ഇതൊക്കെ എന്നോട് പറഞ്ഞത്… വന്ന ജോലി തീർത്ത് അങ്ങ് പൊക്കൂടായിരുന്നോ? “” ആളിത്തിരി ഗൗരവത്തിലായിരുന്നു…. “””ഞാൻ ചോദിച്ചെന്നെ ഉള്ളൂ…. ഇവിടെവന്ന അന്നുമുതൽ എന്നോടിത്തിരി മനുഷ്യത്വം കാണിച്ചത് താനല്ലേ… അത് കൊണ്ടാണ് ഞാനിത്രയും പറഞ്ഞത്… അതിനി തന്റെ മുതലാളിയുടെ ചെവിയിലെത്തിയാലും എനിക്കത് പ്രശ്നമല്ല! ഞാനെന്റെ ലക്ഷ്യം പൂർത്തിയാക്കിയേ ഇവിടുന്ന് മടങ്ങൂ…. പിന്നെ, “ഉണ്ടചോറിന് നന്ദി കാണിക്കുക ” എന്നൊരു ചൊല്ലുണ്ടല്ലോ….. “” അവൾ വീണ്ടും ചിരിച്ചു.. അവൾ പറഞ്ഞത് രുദ്രനൊട്ടും ഇഷ്ടപ്പെട്ടില്ല! “” അങ്ങനൊരു ചൊല്ലൊക്കെയുണ്ട്… എന്നുവെച്ച്,നന്ദി കാണിക്കാൻ മാത്രം വിയർപ്പൊഴുക്കാതെ ഒരാളുടേം ചോറുണ്ണാൻ ഈ രുദ്രൻ പോയിട്ടില്ല! അച്ചായന് വേണ്ടി അടിപിടിക്കൊക്കെ നടന്നിട്ടുണ്ട്,
അതും ന്യായമുള്ളതിന് മാത്രം! എന്റെ മനസ്സാക്ഷിക്ക് നെരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല…. അത് ചെയ്യുന്നവരെ രുദ്രൻ വെച്ച് പൊറുപ്പിക്കത്തുമില്ല! കൊച്ച് പറ…. എന്നതാ ഞാൻ കൊച്ചിന് വേണ്ടി ചെയ്യണ്ടേ…. ഒരു പാവം സ്ത്രീയെ ചതിച്ചു കൊന്ന അയാളിനി ഈ ഭൂമുഖത്ത് മാന്യനായി വിലസണ്ട! എന്തിനും കൊച്ചിന്റെ കൂടെ ഈ രുദ്രനുണ്ട്! “”” രുദ്രന്റെ കണ്ണുകൾ അവളിൽ മാത്രം തറഞ്ഞു നിന്നു…. കാതുകൾ അവളുടെ വാക്കുകൾക്കുവേണ്ടി കാതോർത്തു നിന്നു…. “”” വെറും വട്ടപ്പൂജ്യം ആയിരുന്ന മാത്തച്ചൻ,,,, മാത്തച്ചൻ മുതലാളിയായത്…. ഇക്കണ്ട സ്വത്തുക്കളെല്ലാം വെട്ടിപ്പിടിച്ചത്… എന്റെ മമ്മയുടെ പണം കൊണ്ടാണ്…. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായതു പോലെ, മാത്തച്ചൻ ആ പഴയ മാതച്ചനെപ്പോലെയാവണം… കാൽകാശിന് വകയില്ലാത്ത പരമ ദാരിദ്രൻ…. എന്നിട്ടേ അയാൾക്കുള്ള ശിക്ഷ ഞാൻ വിധിക്കൂ… “”” സലോമിയുടെ കണ്ണുകളിൽ പകയുടെ തീ നാളങ്ങൾ ആളിക്കത്തി! “”” എങ്കിൽ, അതിനുള്ള ആദ്യപടി ഞാൻ പറഞ്ഞു തരാം… റെയ്ഡ്! കള്ളപ്പണവും അത്യാവശ്യം ഗോൾഡുമൊക്കെ അങ്ങേര് പൂഴ്ത്തി വെച്ചിട്ടുണ്ട്…. അതീന്നു തന്നെ നമുക്കങ്ങ് തുടങ്ങാം.. “”” രുദ്രൻ പറഞ്ഞതും, സമ്മതത്തോടെ, അതിലധികം സന്തോഷത്തോടെ സലോമി തലകുലുക്കി….
“”” എന്താ?? ആരാ നിങ്ങളൊക്കെ?? “””” മോളി, പരിഭ്രമത്തോടെ ചോദിച്ചു…. “”” ഞങ്ങൾക്ക് ഈ വീടൊന്ന് സെർച്ച് ചെയ്യണം, പെർമിഷനുണ്ട്… “” മറ്റൊന്നിനും വേണ്ടി കാത്തുനിൽക്കാതെ വന്നവർ അവരുടെ ജോലികളിൽ ഏർപ്പെട്ടു… മാത്തച്ചൻ കുളിക്കുകയായിരുന്നു…. “”” ഇച്ചായാ… ഇച്ചായാ വാതില് തൊറക്ക്… ഇവിടെ ആരാണ്ടൊക്കെ വന്നേക്കുന്നു “”” മോളി, വാതിലിൽ തട്ടിവിളിച്ചു…. “”” എന്നതാടീ… ഒന്ന് കുളിക്കാനും സമ്മതിക്കത്തില്ലേ “” കെറുവിച്ചുകൊണ്ട് മാത്തച്ചൻ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നു…. “”” ഇച്ചായാ അവടെ…. “” അവർ പറഞ്ഞു മുഴുമിക്കും മുന്പേ, വിജിലൻസ് ഓഫീസേഴ്സ് ആ മുറിയിലും എത്തിയിരുന്നു…. “”” നിങ്ങളൊന്ന് പുറത്തേക്ക് നിക്കണം…. “” അവർ ആജ്ഞാപിച്ചു… “” എന്നതാ… എന്നതാ സാറേ പ്രശ്നം? “” “” ദാ, ഇതുകണ്ടോ… നിങ്ങടെ വീട് സെർച്ച് ചെയ്യാനുള്ള ഓർഡറാണിത്… ദയവായി ഞങ്ങളോട് സഹകരിക്കണം “”” “”” അതിന്… അതിനിവിടെ എന്നാ ഇരിക്കുന്നു സാറേ തെരയാനായിട്ട്?”” മാത്തച്ചന്റെ അടിപതറി….
“” ആഹ്, അത് കണ്ടുപിടിക്കലാണല്ലോ ഞങ്ങളുടെ ജോലി…. ഉം… വേഗം പുറത്തോട്ടിറങ്ങ്… “”” മറ്റൊരു നിവർത്തിയുമില്ലാതെ, മാത്തച്ചൻ പുറത്തേയ്ക്കിറങ്ങി…. കുളിച്ചിറങ്ങിയേ ഉള്ളുവെങ്കിലും,, ആള് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….. അൽപ്പസമയത്തിന് ശേഷം, അവിടെനിന്നും കണ്ടെടുത്ത, സ്വർണ്ണവും പണവുമെല്ലാമായി അവർ പുറത്തേക്കിറങ്ങി വന്നു…. “”” സാറേ… സാറേ ഇതൊക്കെ… “” “”” പറയാനുള്ളതൊക്കെ അങ്ങ് കോടതീല്… ഇപ്പൊ താൻ നടക്ക് “”” ഓഫീസർ ഉത്തരവിട്ടതും, മാത്തച്ചൻ രുദ്രനെ നോക്കി… എന്നിട്ട് പതിയെ പറഞ്ഞു…. “” നീയാ ജയശങ്കർ സാറിനെ ഒന്നു വിളിക്ക്…. ബാക്കിയൊക്കെ അങ്ങേര് നോക്കിക്കോളും “”” “” അതിന് ആള് സ്ഥലം മാറിപ്പോയില്ലേ അച്ചായാ… ഇപ്പോഴാണെങ്കി സ്റ്റേഷന്റെ ചാർജ് ആ ഹമീദ് സാറിനാ… അങ്ങേരുമായിട്ട് അച്ചായനത്ര രസത്തിലുമല്ലല്ലോ…”” രുദ്രൻ പറഞ്ഞു…. “” ഇതാരോ ഒറ്റിയതാടാ… എനിക്കുറപ്പുണ്ട്!””” “”” ആര്…? ആരാണെന്ന് അച്ചായാനൊരു വാക്ക് പറഞ്ഞാ മതി, അവനുള്ള പണി ഞാൻ കൊടുത്തോളാം””” രുദ്രൻ ഒന്നുമറിയാത്തവനെ പോലെ തകർത്തഭിനയിച്ചു….
“””അറിയില്ലെടാ… പക്ഷേ,,, അവനാരായാലും അവന്റെ അന്ത്യം എന്റേയീ കൈകൾ കൊണ്ടായിരിക്കും!””” മാത്തച്ചൻ പല്ല് കടിച്ചു…. “” ആ.. മതി മതി! ” സാറ് വിളിച്ചതും, മാത്തച്ചൻ മോളിയെയും ക്ലാരയേയും ഒന്ന് നോക്കിക്കൊണ്ട് വണ്ടിയിലേക്ക് കയറി…. അപ്പോൾ, മറഞ്ഞു നിന്ന സലോമിയുടെ ചുണ്ടിലൊരു വിജയച്ചിരിയുണ്ടായിരുന്നു….! “”” എന്റെ കർത്താവേ, ഞാനിനി എന്നാ ചെയ്യും, അതിയാനെ പോലീസ് പിടിച്ചോണ്ട് പോയില്ലേ… “”” മോളി നെഞ്ചത്തടിച്ചുകൊണ്ട് നിലവിളിച്ചു… “”” അമ്മച്ചി ഒന്നടങ്ങ്, അപ്പച്ചനെ അവരൊന്നും ചെയ്യുകേല…. അപ്പച്ചൻ, കുറച്ച് കഴിയുമ്പഴേക്കും ഇങ്ങ് വരും… “”” ക്ലാര, അമ്മച്ചിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…. “” ഇതീന്ന് പെട്ടന്നൊന്നും ഊരാൻ പറ്റൂന്ന് തോന്നണില്ല!”” രുദ്രൻ ഒളികണ്ണിട്ട്, ക്ലാരയെ നോക്കിക്കൊണ്ട് പറഞ്ഞതും, ക്ലാര മുഖം കൂർപ്പിച്ചുകൊണ്ട് അയാളെ നോക്കി…
“”” എല്ലാത്തിനും കാരണം ഇവളൊറ്റ ഒരുത്തിയാ… ഈ അവലക്ഷണം പിടിച്ചവള് ഇവിടെ വന്ന് കേറിയതിന്റെ ഫലാണ് ഇപ്പൊ നമ്മളനുഭവിക്കണത്”” ക്ലാര, സലോമിയെ നോക്കിക്കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു…. “”” അങ്ങേരോട് അന്നേ പറഞ്ഞതാ,, ഇവളെ ഇവിടന്ന് പറഞ്ഞയക്കാൻ…. കേട്ടില്ല!”” മോളിയും പിറുപിറുത്തു…. “”” ഞങ്ങടെ തറവാട് കുളം തോണ്ടാനാണോടീ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്?? “”” അമർഷത്തോടെ പല്ല് ഞെരിച്ചുകൊണ്ട് ക്ലാര, സലോമിക്കുനേരെ പാഞ്ഞടുത്തു… “” അതേലോ…! “” സലോമി കൂസലന്യേ പറഞ്ഞതും, സ്വിച്ചിട്ടപോലെ ക്ലാര അവിടെത്തന്നെ നിന്നു… “” നിങ്ങടെ തറവാട് മാത്രല്ല, ആ പോയ നിന്റെ തന്തയില്ലേ മിസ്റ്റർ കുരിശിങ്കൽ മാത്തച്ചൻ, അങ്ങേരടെ തായ്‌വേര് വരെ പിഴുതെറിയാനാ ഞാനിങ്ങോട്ട് വന്നത്…. എന്താ സംശയണ്ടോടീ നിനക്ക്?? “”” സലോമി പരിഹാസത്തോടെ ചോദിച്ചു…. ക്ലാരയും മോളിയും ഒരുപോലെ ഞെട്ടി! മോളി കരച്ചിലൊക്കെ നിർത്തി, സലോമിയെ തന്നെ നോക്കുകയിരുന്നു…..
“”” എന്തുപറഞ്ഞെടി നീ… നീയെന്റെ അപ്പച്ചനെ… “”” ക്ലാര, സലോമിയുടെ നേർക്ക് കൈ വീശിയതും, അവളാ കയ്യിൽ കയറിപ്പിടിച്ചു “” തൊട്ടുപോകരുതെന്നെ! “”” അവളുടെ തീക്ഷണമായ കണ്ണുകളിൽ നോക്കെ, തനിക്ക് ബലം നഷ്ടപ്പെടുന്നതായി ക്ലാരക്ക് തോന്നി… “” നിങ്ങടെയൊക്കെ കുത്തുവാക്കും ശകാരവും കേട്ടുനിന്ന ആ പഴയ സലോമിയല്ലിത്! ഇനി എനിക്കു നേരെ നിന്റെയൊക്കെ നാവോ കയ്യോ അനങ്ങിയാൽ….. വച്ചേക്കത്തില്ല ഞാൻ രണ്ടിനെയും!””” അവർക്കു നേരെ വിരൽ ചൂണ്ടിക്കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് സലോമി തിരിഞ്ഞു നടന്നു… “”” നീ… നീയാരാ?? “”” വിറയാർന്ന സ്വരത്തിൽ ക്ലാര ചോദിച്ചു….. സലോമിയൊന്ന് തിരിഞ്ഞു നിന്നു…. പിന്നെയൊന്ന് ചിരിച്ചു…. എന്നിട്ട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു, “” കുരിശിങ്കൽ മാത്തച്ചന്റെയും മണിമേടയിൽ ഗ്രേസിയുടെയും മകൾ, സലോമി!”””
രുദ്രൻ വീട്ടിലേക്ക് ചെല്ലുമ്പോൾ, അച്ഛനും അമ്മച്ചിയും ഉമ്മറത്തിണ്ണയിൽ വർത്താനം പറഞ്ഞ് ഇരിപ്പുണ്ടായിരുന്നു…. ഇടയ്ക്കിടെ എന്തോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു രണ്ടാളും…… അയാൾ കുറച്ച് നേരം ആ കാഴ്ചയങ്ങനെ കണ്ടുനിന്നു…. മാതച്ചനെയും ഒരിക്കലും കണ്ടിട്ടില്ലാത്ത സലോമിയുടെ മമ്മയെയും ഓർമ്മയിൽ വന്നു…. സമ്പത്തിനു വേണ്ടി, സ്നേഹിച്ച പെണ്ണിനെ,, ഭാര്യയാക്കിയ പെണ്ണിനെ,, കൊല്ലാൻ ശ്രമിച്ച മാത്തച്ചൻ….. എല്ലാ സുഖസൗകര്യങ്ങളും വിട്ട്, ഹൃദയം കൊടുത്തവൾക്കു വേണ്ടി സകലതും ത്യജിച് അമ്മച്ചിയെ കൂടെ കൂട്ടിയ അഛൻ…… തികച്ചും വ്യത്യസ്തരായ രണ്ടു മനുഷ്യർ….. അവരുടെ ചിരിയും വാർത്താനവും കണ്ടുനിൽക്കേ, അയാളുടെ മിഴികൾ അറിയാതെ നിറഞ്ഞു വന്നു…..
“”” ആരാ അമ്മച്ചി, ഈ ഗ്രേസ്സി? “” മൂകമായ അന്തരീക്ഷത്തിൽ നിന്നും ക്ലാരയുടെ പതിഞ്ഞൊരു ചോദ്യം ഇരുളിൽ തെളിഞ്ഞു വന്നു….. “” അറിയത്തില്ല!”” “” അവള്… ആ പെണ്ണ്, പറഞ്ഞതൊക്കെ സത്യാണെന്ന് വിശ്വസിക്കുന്നുണ്ടോ അമ്മച്ചി?? അപ്പച്ചൻ…. അപ്പച്ചന് എന്നേക്കൂടാതെ മറ്റൊരു മോള്…… എനിക്കത് അംഗീകരിക്കാൻ കഴിയുന്നില്ല “” ക്ലാര തളർച്ചയോടെ അമ്മച്ചിയുടെ മടിയിലേക്ക് തല ചായ്ച്ചു….. “”” പലരും പലതും പറഞ്ഞിട്ടൊക്കെ ണ്ട് അതിയാനെ പറ്റി…. പക്ഷെ, ഞാനതൊന്നും കാര്യാക്കീട്ടില്ലാരുന്നു….. എനിക്കറിയത്തില്ല…. എനിക്കറിയത്തില്ല ഒന്നും…. “”” മോളി പിടച്ചിലോടെ സോഫയിലേക്ക് ചാരിക്കിടന്നു…. “”” ഇന്നിവിടെ ആർക്കും ഭക്ഷണൊന്നും വേണ്ടേ?? എല്ലാം ഇരുന്ന് തണുക്കുന്നു…. എനിക്ക് വിശന്നപ്പോ ഞാനെടുത്തു കഴിച്ചു… “” അവർക്കിടയിലേക്ക് വന്നുകൊണ്ട് സലോമി പറഞ്ഞതും ക്ലാര തലയുയർത്തി അവളെ നോക്കി….
പകയെരിയുന്നുണ്ടായിരുന്നു ആ കണ്ണുകളിൽ…. “”” നീ പറഞ്ഞതൊന്നും ഞങ്ങള് വിശ്വസിച്ചിട്ടില്ല… പക്ഷേ, ഒന്നെനിക്കുറപ്പാ എന്റെ അപ്പച്ചനെ ഇന്ന് അവര് പിടിച്ചോണ്ട് പോവാൻ കാരണം നീയാണ്…. നീയാണ് അവരെയിങ്ങോട്ട് വിളിച്ചു വരുത്തീത് “” ക്ലാര പറഞ്ഞു… “””ഞാനോ? ഞാനെന്തിന് വിളിക്കണം.. അല്ലെങ്കി തന്നെ, ഇവിടെ ഇത്രേം പണമിരിക്കുന്ന കാര്യം ഞാനെങ്ങനെ അറിയാനാ…. ഇനി, അറിഞ്ഞാൽ തന്നെ ഞാനായിട്ട് പറയോ, എനിക്കും കൂടി അവകാശപ്പെട്ടതല്ലേ ഇതെല്ലാം…””” സലോമി കള്ളച്ചിരിയോടെ പറഞ്ഞു…. ക്ലാരയും മോളിയും പരസ്പരം നോക്കി…. സലോമി, ഒരിക്കൽ കൂടി അവരെ നോക്കി ചിരിച്ചുകൊണ്ട് മുകളിലേക്കുള്ള പടികൾ കയറി…. ഇടയ്ക്ക് അവളൊന്ന് തിരിഞ്ഞു നിന്നു…. “”” അതേയ്, അടുക്കളയിൽ പാത്രങ്ങളെല്ലാം കൂടി പരന്നു കിടപ്പുണ്ട്… വേണേൽ കഴുകി വച്ചേക്ക്….ഇനി എന്നെ കാക്കണ്ട! എനിക്കിന്ന് നന്നായൊന്ന് ഉറങ്ങണം… അതും എന്റെ അപ്പച്ചന്റെ സ്വന്തം മുറീല്…. “”” അത്രയും പറഞ്ഞ് അവൾ വീണ്ടും കോണിപ്പടികൾ കയറി….. “”അഹങ്കാരി!”” അവളെ നോക്കി ക്ലാര മനസ്സിൽ പറഞ്ഞു….
പിറ്റേ ദിവസം ഉച്ചയോടടുത്തു തന്നെ മാത്തച്ചൻ വീട്ടിലെത്തിയിരുന്നു….. വന്നതുമുതൽ മോളിയോ ക്ലാരയോ, മാത്തച്ചനോട് മിണ്ടുകയുണ്ടായില്ല! “”” എന്നതാടീ ഇത്? അതിന് മാത്രം എന്നതാ ഇവിടെ ഉണ്ടായേ…. ആ സാറമ്മാര് ചെലതൊക്കെ ചോദിക്കാനും പറയാനും വേണ്ടി കൊണ്ടോയതല്ലേ എന്നെ…. അത് കഴിഞ്ഞ് അവരെന്നെ വിടുകേം ചെയ്തു….. ദേ നോക്കിക്കേ എനിക്കെന്നതെലും വല്ല മാറ്റോം പറ്റിയിട്ടുണ്ടോന്ന്….”” മാത്തച്ചൻ മോളിയുടെ അരികിൽ വന്നിരുന്നതും, മോളി ചാടിയെണീറ്റു…. “”” ആരാ ഈ ഗ്രേസ്സി?? നിങ്ങക്കെന്നതാ അവളുമായിട്ട് എടപാട്?? “” ദേഷ്യംകൊണ്ട് അവരുടെ ചുണ്ടുകൾ വിറച്ചു…
“” ഗ്രേ… ഗ്രേസ്സിയോ.. ഏത് ഗ്രേസ്സി?? “”” മാത്തച്ചന്റെ ഉള്ളൊന്നു ആളി… “”” ആ മുടന്തിപ്പെണ്ണില്ലേ, സലോമി… അവള്ടെ തള്ള ഗ്രേസി…. ഇപ്പൊ ഓർമ്മവന്നോ?? “””” “”” നി… നിന്നോടാരാ ഈ വേണ്ടാദീനൊക്കെ പറഞ്ഞ് പിടിപ്പിച്ചേ…. അവള്… അവളെന്റെ…… “”” പറഞ്ഞു മുഴുമിക്കും മുമ്പേ, സലോമിയുടെ മുഖം വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു…. മാത്തച്ഛന് ഒന്നും പറയാൻ കഴിഞ്ഞില്ല! അപ്പച്ചനിൽ മാറിമറിയുന്ന ഭാവങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ക്ലാര, അയാൾക്കടുത്തേക്ക് വന്നു…. അയാളെ രൂപക്കൂടിനടുത്തേക്ക് നീക്കി നിർത്തി, ആ കൈകളെടുത്ത് തന്റെ ശിരസ്സിൽ വെച്ചു…. “”” ഇനി പറയ്… ഈ നിക്കുന്നത് അപ്പച്ചന്റെ ചോരയാണോ?? “”” അയാൾ കൈകളെടുക്കാൻ ശ്രമിച്ചെങ്കിലും, ക്ലാര സമ്മതിച്ചില്ല! അവൾ അയാളെ തന്നെ ഉറ്റുനോക്കി… “”” ക്ലാരക്കൊച്ചേ, നീയീ അപ്പനോട് ക്ഷമിക്കെടീ…. ഇവള്…ഇവളും അപ്പന്റെ ചോര തന്നെയാ…. നിന്റെ ചേച്ചി…! “”” മാത്തച്ചൻ പതർച്ചയോടെ പറഞ്ഞു… ക്ലാരയുടെ മുഖം വലിഞ്ഞു മുറുകി…
“”” കേട്ടില്ലേ അമ്മച്ചീ, അപ്പച്ചൻ പറഞ്ഞത്… ഈ തെണ്ടിപ്പെണ്ണ് എന്റെ ചേച്ചിയാണെന്ന്…. അപ്പച്ചന്റെ ചോരയാണെന്ന്… ഇനി എന്നാത്തിനാ ഞാൻ ജീവിച്ചിരിക്കുന്നെ? മാത്തച്ചൻ മുതലാളീടെ ഒരേഒരു മോളാണെന്ന് അഹങ്കരിച്ചു നടന്നിട്ടിപ്പോ….. എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കീല്ലേ…. വേണ്ട… എനിക്കിനി ജീവിക്കണ്ട!””” ക്ലാര കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടിക്കയറി…. “”” അയ്യോ ന്റെ മോള്….”” എന്ന് നിലവിളിച്ചുകൊണ്ട് മോളിയും പിന്നാലെ ഓടി…. “” എന്റെ മോൾക്കെന്നതെലും സംഭവിച്ചാ, നിങ്ങളെ ഞാൻ ജീവനോടെ വച്ചേക്കത്തില്ല!”” തിരിഞ്ഞു നിന്ന് മാത്തച്ചനെ നോക്കി മോളി പറഞ്ഞു…. മാത്തച്ചൻ തരിച്ചു നിൽക്കുകയായിരുന്നു! സലോമിയുടെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞെങ്കിലും, അവളത് അതി വിദഗ്ധമായി മറച്ചു വെച്ചു….. “”” നിനക്കപ്പൊ സത്യങ്ങളൊക്കെ അറിയാരുന്നല്ലേ…. അവസരം വന്നപ്പോ നീയതെടുത്തു പ്രയോഗിച്ചു…. കൊള്ളാം, മിടുക്കി! പറ… എന്താ നിന്റെ ഉദ്ദേശം? “” മാത്തച്ഛൻ സലോമിയുടെ നേർക്ക് അടിവെച്ചടിവെച്ചു വന്നു…. ആ കണ്ണുകൾ കുറുകി….. അതു വരെ കാണാത്ത മാത്തച്ചന്റെ മറ്റൊരു മുഖം അവൾ കണ്ടു…. എങ്കിലും അവൾക്ക് ഭയം തോന്നിയില്ല! കൈകൾ അവളുടെ കഴുത്തിലേക്ക് നീണ്ടതും, പെട്ടന്ന് മോളിയും ക്ലാരയും താഴെക്കിറങ്ങി വന്നു…. അവരുടെ കൈകളിൽ രണ്ട് മൂന്ന് പെട്ടികളും ഉണ്ടായിരുന്നു….
“”” ഞാനും എന്റെ മോളും പോവാണ്… ഇനീം ഇവടെ നിന്നാ എനിക്ക് പലതും കാണേണ്ടി വരും…. നിങ്ങളെ ഞാൻ എന്നതേലും ചെയ്തെന്നും വരും…. പക്ഷേ, പുതിയ സംബന്ധവുമായി ഇവിടെ സുഖിച്ചു വാഴമെന്ന് നിങ്ങള് കരുതണ്ട! ഈ മോളി ആരാന്ന് നിങ്ങക്ക് ഞാൻ കാണിച്ചു തരാം…. വാ മോളേ “” ഒരു മറുപടിക്കോ പിൻവിളിക്കോ കാത്തു നിൽക്കാതെ അവർ പുറത്തേക്കിറങ്ങി…. ക്ലാര, സലോമിയെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു….. അവർ പൊയ്ക്കഴിഞ്ഞതും, മാത്തച്ചൻ സലോമിക്കു നേരെ തിരിഞ്ഞു….. “” എനിക്കറിയാം, നിന്റെയീ വരവ് വെറുതെയല്ലെന്ന്… പറയെടീ, എന്താ നിന്റെ ഉദ്ദേശം?? “”” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു മാത്തച്ചൻ ചോദിച്ചതും, പിന്നിൽ നിന്നൊരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു…. “”” അവളെ വിട്ടേര് അച്ചായാ…. അവളല്ല, ഞാനാ പോലീസിന് വിവരം കൊടുത്തത്.. “” മാത്തച്ചൻ തിരിഞ്ഞു നോക്കി… പൂമുഖത്തൂണിൽ ചാരി, കൈകൾ പിണച്ചുകെട്ടി നിൽക്കുന്നു, ‘രുദ്രൻ!! കാത്തിരിക്കണേ ❤

by