രചന – ജിഫ്ന നിസാർ
“പ്രശ്നമാണോ ഹരി?”
കണ്ണന്റെ ആകുലത നിറഞ്ഞ ചോദ്യം!
അർജുന്റെ കാര്യം കണ്ണനോട് വിളിച്ചു പറഞ്ഞതാണ് ഹരി.
“പ്രശ്നം… പ്രശ്നമാണോ എന്ന് ചോദിച്ചാൽ ഇത്തിരി പ്രശ്നം തന്നെയാണ് കണ്ണാ. ഒന്നാമത് നാട്ടിലുള്ള അവരുടെ ചീത്ത ഇമേജ്. അതിനിടയിൽ കൂടി നീയുമായിട്ടുള്ള ബന്ധം വളച്ചൊടിച്ചാണ് അർജുന്റെ കാതിൽ എത്തിയിട്ടുള്ളത്. അവനത് വെള്ളം തൊടാതെ വിഴുങ്ങിയിട്ടുമുണ്ട്.അവന് ഈ സംഭവത്തിൽ ഇനിയെത്ര എക്പ്ലനേഷൻ കൊടുത്താലും അവനറിഞ്ഞതിൽ നിന്നും മാറ്റി ചിന്തിക്കാൻ സമയമെടുക്കും.. അത് വരെയും …”ഹരി പാതിയിൽ നിർത്തി.
കണ്ണനും മൗനത്തിലാണ്.
“ഹാ… താൻ ടെൻഷനാവാതെടോ. സീതയോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്.പ്രണയത്തിൽ ഇത്തിരി തല്ലും പിടിയുമില്ലെങ്കിൽ ഒരു ത്രിൽ ഉണ്ടാവില്ലല്ലോ? ഡോണ്ട് വറി ഡോക്ടറെ.”
ഹരി ചിരിയോടെ പറഞ്ഞു.
“സീതാ…. അവളുടെ അവസ്ഥയെന്താ ഹരി?”
കണ്ണന്റെ വേദന നിറഞ്ഞ ശബ്ദം.
“ആ പെണ്ണിനെയിപ്പോ ഇത്തിരിയൊക്കെ നിനക്കും അറിയില്ലേ കണ്ണാ? സീതാ ലക്ഷ്മി സ്ട്രോങ്ങാണ് മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു നടക്കുമെങ്കിലും … അതൊരു പാവമാണെടാ. സ്നേഹിക്കുന്നവർക്ക് അവളെ മുറുവേൽപ്പിക്കാൻ വളരെ എളുപ്പമാണ്.”
ഹരിയുടെ സ്വരത്തിൽ സീതയോടുള്ള സ്നേഹം മുഴച്ചു നിന്നിരുന്നു.
“അവൾ സ്ട്രോങ്ങോക്കെ തന്നെയാണ്. പക്ഷേ സ്നേഹത്തിന്റെ കാര്യത്തിൽ സ്ട്രോങ്ങ് ആയിട്ടൊരു തീരുമാനമെടുക്കാൻ ഇനിയും പെണ്ണിന് ധൈര്യം പോരാ ”
ഹരി പറഞ്ഞത് കേട്ടിട്ട് കണ്ണനും ചിരിച്ചു.
“എനിക്കൊന്ന് പോയിട്ട് ആശ്വാസിപ്പിക്കാൻ കൂടി കഴിയുന്നില്ലല്ലോ.”
കണ്ണന്റെ ഇച്ഛാഭംഗം നിറഞ്ഞ സ്വരം.
“നല്ല കാര്യമായി. താനിപ്പോ അങ്ങോട്ട് കയറി ചെന്നാൽ സീത തന്നെ കഴുത്തിനു പിടിച്ചു പുറത്താക്കും.”
ഹരി ചിരിയോടെ ഓർമപ്പെടുത്തി.
“അല്ലേടാ ഹരി .. എന്നാലും.. ഞാൻ കാരണമാണല്ലോ.. ഇങ്ങനെല്ലാം എന്നോർക്കുമ്പോൾ..”
കണ്ണന്റെ സ്വരത്തിൽ നിറഞ്ഞു നിന്നതത്രയും വേദനയാണ്.
അവൻ കാരണം സീത വേദനിക്കേണ്ടി വന്നല്ലോ എന്നുള്ള കുറ്റബോധം.
“എന്റെ പൊന്ന് കണ്ണാ.. ഇങ്ങനെയാണെങ്കിൽ ഒന്നും നടക്കില്ല കേട്ടോ. എടാ . നീ കാരണമൊന്നുമല്ല. ഇനി ആണെങ്കിൽ തന്നെ എല്ലാം എന്നെങ്കിലും എല്ലാവരും അറിയേണ്ടത് തന്നെയല്ലേ? വീട്ടിൽ സമ്മതിച്ചു തരില്ലെന്ന് ഉറപ്പുള്ള ഒരാളെ നെഞ്ചിലേറ്റുമ്പോൾ.. കാമുകൻമാരെങ്കിലും കുറച്ചു തന്റേടം കാണിച്ചേ മതിയാവൂ. കാരണം നേരിടാൻ ചങ്കുറപ്പുള്ളവർക്ക് പറഞ്ഞിട്ടുള്ള പണിയാണ് മോനെ ഈ പ്രണയമെന്ന് പറയുന്നത്. ചിലപ്പോൾ രണ്ടടിയൊക്കെ കിട്ടിയെന്നും വരും.സഹിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഡോക്ടർ സാർ മുന്നോട്ടു പോയ മതി. ഇല്ലെങ്കിൽ സീതാ ലക്ഷ്മിക്ക് നല്ല ചങ്കുറപ്പുള്ള ചെക്കൻമാരെ തിരയും ഞാൻ ”
ഹരി പറയുന്നത് കേട്ടിട്ട് കണ്ണനും ചിരി വന്നിരുന്നു.
“ചതിക്കല്ലേടാ ഹരി. നീ പറഞ്ഞ ആ ദുർഗാ ലക്ഷ്മി കണ്ണും പൂട്ടി എന്നെ വിട്ട് കളയും ”
കണ്ണനും ചിരിച്ചു കൊണ്ട് പറഞ്ഞു.
“അല്ലേടാ… ഇതിപ്പോ എനിക്കാണ് അടി കിട്ടിയിരുന്നതെങ്കിൽ ഞാൻ സഹിച്ചേനെ.. പക്ഷേ… എനിക്ക് വേണ്ടി ”
കണ്ണന്റെ സങ്കടം തീരുന്നില്ല.
“അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല മോനെ. അടിയും ഇടിയുമൊക്കെ കഴിഞ്ഞു. ഇനി ബാക്കിയുള്ളത് നേരിടാൻ ഒരുങ്ങിയിരുന്നോ. കാരണം നിന്റെ കുടുംബത്തിലുള്ളവർക്ക് നിന്നോടും മുടിഞ്ഞ സ്നേഹമാണല്ലോ? അതിന്റ സമ്മാനമല്ലേ അർജുൻ ഏറ്റു വാങ്ങിയത് ”
കണ്ണൻ ഒന്നും മിണ്ടിയില്ല.
“സമയമായില്ലെന്ന ഒരൊറ്റ കാരണം മുന്നിൽ കണ്ടിട്ട് നമ്മൾ മാറി നിൽക്കുമ്പോൾ, ജീവിതത്തിൽ നികത്താനാവാത്ത നഷ്ടം വരുമെന്ന് അനുഭവങ്ങൾ കൊണ്ട് പഠിച്ചവനാണ് ഞാൻ. അതറിയാമോ നിനക്ക്?”
ഹരിയുടെ നേർത്ത ചിരി കേട്ടിരുന്നു കണ്ണൻ.
“ഉള്ളിൽ പാർവതിയോട് ആളി കത്തുന്ന ഇഷ്ടമുണ്ടായിട്ടും ആദ്യം കരുതി പഠനം കഴിഞ്ഞിട്ട് വേണം അത് പാറുവിനെ അറിയിക്കാനെന്ന്. കാരണം എന്റെ മനസ്സിലപ്പോഴും സമയമായിട്ടില്ല എന്നൊരു തോന്നലാണ്. പഠനം കഴിഞ്ഞപ്പോൾ ഞാൻ കരുതി.. അവൾക് സംരക്ഷണം കൊടുക്കാൻ ഒരു ജോലി നേടിയിട്ട് അവൾക്ക് മുന്നിൽ അഭിമാനത്തോടെ പോയി നിന്നിട്ടെന്റെ ഇഷ്ടം പറയണമെന്ന്. ഒടുവിൽ എനിക്ക് സമയമായെന്ന് തോന്നിയപോഴേക്കും അവളെ എനിക്ക് നഷ്ടപെട്ടിരുന്നു ”
ഹരിയുടെ വാക്കുകൾക്ക് നഷ്ടബോധത്തിന്റെ കല്ലിപ്പ് നല്ലത് പോലെയുണ്ടായിരുന്നു..
കണ്ണനത് മനസ്സിലായി. പക്ഷേ ഒന്നും മിണ്ടിയില്ല.
“ഇന്നിപ്പോൾ എന്റെ ഇഷ്ടം പറയാനൊരു അവസരം കിട്ടിയപ്പോൾ.. സമയമോ നാളോ ജാതകമോ മുഹൂർത്തമോ.. പറയാൻ പറ്റുന്ന സിറ്റുവേഷൻ ആണോ എന്നൊന്നും ഞാൻ നോക്കിയിട്ടില്ല കണ്ണാ. ഒരിക്കൽ കൂടി അവളെ നഷ്ടപെടരുത് എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ. അതിനപ്പുറമുള്ളതെല്ലാം ഞാൻ മനഃപൂർവം മറന്നു കളഞ്ഞു.”
കഴിഞ്ഞ കുറേ കാലമായിട്ട് അവൻ അനുഭവിക്കുന്ന ശ്വാസം മുട്ടൽ ആ നിമിഷം അവസാനിച്ചിരുന്നു എന്ന് കണ്ണന് മനസ്സിലായി.
ഇനി എന്ത് സംഭവിക്കും എന്ന പേടിയോടെയല്ല.. ഇനി എന്ത് സംഭവിച്ചാലും നേരിടാൻ പാകത്തിന് ഇച്ഛാശക്തിയാണ് ഉള്ളിൽ വേണ്ടതെന്നു ഹരി വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു പിടിച്ചിട്ടുണ്ടെന്ന് കണ്ണന് തോന്നി.
“എന്നാലും അതാരായിരിക്കും ഹരി? അതിനെ കുറിച്ച് വല്ലതും അർജുൻ പറഞ്ഞോ?”
കണ്ണന്റെ ചോദ്യം ഗൗരവത്തോടെയാണ്.
“അതാരായാലും നമ്മൾ കണ്ടു പിടിക്കും. പക്ഷേ നീയിപ്പോൾ നേരിട്ടൊന്നും അവരോട് പറയാൻ പോവരുത്.അത് കൂടുതൽ അപകടമാണ്. ആളെ അർജുൻ പറഞ്ഞിട്ടില്ല. പക്ഷേ.. അത് നമ്മൾ പറയിപ്പിക്കുമല്ലോ?”
ഹരി അവനെ ഓർമപെടുത്തി.
കണ്ണൻ ഒന്നും മിണ്ടിയില്ല.
“വെറുതെ ഓരോന്നും ആലോചിച്ചു ടെൻഷനാവാതെ നീ ധൈര്യമായിട്ടിരിക്ക് കണ്ണാ. എല്ലാം നല്ല രീതിയിൽ അവസാനിക്കാനുള്ള ഒരു ആരംഭം മാത്രമായി കണ്ടാൽ മതി ഇതൊക്കെ.”
ഹരി അവനെ ആശ്വാസിപ്പിച്ചു.
“ഞാൻ ഒക്കെയാണെടാ ”
“ഞാൻ വിളിക്കാം നിന്നെ. ഏതായാലും ഹോസ്പിറ്റലിൽ പോവാൻ അവിടുന്ന് വിളി വരും. അത്രയും വേദനയുണ്ട് അർജുന്. ഇപ്പൊ ഒരു ആവേശത്തിൽ പോവേണ്ടന്ന് പറഞ്ഞാലും.. അത്രയൊന്നും സഹിക്കാൻ അവന് പറ്റില്ല.”
ഹരി പറഞ്ഞു.
“ഒക്കെ ഹരി..എന്തുണ്ടായാലും വിളിക്ക് ”
അതും പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു കൊണ്ട് കണ്ണൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.
ഹൃദയം നീറുന്നത് പോലെ.
ഹൃദയവേദന സഹിച്ചു കിടക്കുന്ന ആ ഒരുവളിലേക്ക് പാഞ്ഞു ചെല്ലാൻ കൊതിക്കുന്ന മനം.
എന്റെ ജീവനാണ് ഇവളെന്ന് അവളെ ക്രൂശിക്കുന്നവരോട് ഉറക്കെ വിളിച്ചു പറയാൻ തുടി കൊട്ടുന്നു… ഓരോ നിമിഷവും.
❣️❣️❣️❣️❣️
അകത്തു നിന്നും അർജുന്റെ ഞരങ്ങലിന്റെ ശബ്ദം..
അസഹനീയമായ വേദന കടിച്ചു പിടിച്ചു കൊണ്ടവൻ കരച്ചിൽ അമർത്തുന്നു.
രാത്രി വളരുന്തോറും ശരീരത്തിലെ വേദനകളും വളരുന്നുണ്ടെന്ന് തോന്നിയവന്… ആ നിമിഷം.
ഉമ്മറത്തെ വെറും നിലത്ത് പാർവതി തളർന്നിരിപ്പുണ്ട്.
ഹരിയുടെ വാക്കുകൾ അവളെ ഒന്നാകെ പിടിച്ചു കുലുക്കിയിട്ടിണ്ടെന്ന് വ്യക്തമാണ്.
ഒരിക്കലും സങ്കല്പിച്ചു പോലും നോക്കിയിട്ടില്ലാത്തൊരു കാര്യം.. അതാണ് കണ്മുന്നിൽ ഒരു സ്ഫോടനം പോലെ ചിന്നി ചിതറി അരങ്ങേറിയിട്ട് പോയത്.
മരവിച്ച അവളുടെ ശരീരത്തിലേക്ക് വീണ്ടും ഒരു വിറയൽ പാഞ്ഞു കയറി.
ഹരി പറഞ്ഞതിന്റെ പൊരുൾ ഓർക്കുമ്പോൾ വീണ്ടും വീണ്ടും പാർവതി ഞെട്ടി വിറച്ചു..
കരയാൻ കൂടി കഴിയാത്ത വിധം നിസ്സഹായമാണ്..
വല്യേച്ചി…
അകത്തു നിന്നും അർജുന്റെ ദയനീയസ്വരം.
പാർവതി പിടഞ്ഞെഴുന്നേറ്റു.
“അജു… നീ ഞാൻ പറയുന്നതൊന്നു കേൾക്. നമ്മക്ക് ഹോസ്പിറ്റലിൽ പോവാം. നിനക്കൊട്ടും വയ്യ ”
സീതയുടെ ശബ്ദം..
അർജുൻ ഹാളിലെ മേശയിലേക്ക് തല കുനിച്ചിരിപ്പുണ്ട്.
വേദന കൊണ്ടാവാം.. അവന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നു.
എന്നിട്ടും അവൻ വെറുപ്പോടെ സീതയുടെ കൈ തട്ടി മാറ്റുന്നത് പാറു നിസംഗതയോടെ കണ്ടു.
“നീ ഒന്ന് പറയെടി ചേച്ചി. ഇനിയും ഈ വേദന സഹിക്കാൻ അവന് കഴിയില്ല.”
സീത പാർവതിയെ നോക്കി.
“നീ.. നീ ഹരിയെ..”
പാർവതി പിടച്ചിലോടെ പറയാൻ വന്നത് നിർത്തി.
വീണ്ടും അവൾക്കുള്ളിൽ ചോര പൊടിഞ്ഞു.
“നീയിതൊന്ന് നോക്ക്. മുറിവുകൾ എല്ലാം നീര് വെച്ച് തുടങ്ങി.. ഇനിം ഹോസ്പിറ്റലിൽ പോവാതിരുന്നാൽ അപകടമാണ്. പക്ഷേ ഇവൻ..”
സീത വീണ്ടും നിസ്സഹായതയോടെ പറഞ്ഞു.
“അവൻ വരും. നീ.. നീയൊരു വണ്ടി വിളിക്ക് സീതേ ”
മുഖം അമർത്തി തുടച്ച് കൊണ്ട് പാർവതി അർജുന്റെ അരികിലെത്തി.
“ഞാൻ വരില്ല”
തളർന്ന ശബ്ദത്തിലും അർജുൻ വീറോടെ പറഞ്ഞു.
“നീ വരും. നിന്നെ വളർത്തി വലുതാക്കിയത് ഞാനും ഇവളും ചേർന്നാണെങ്കിൽ നിന്നെ കൊണ്ട് പോയിരിക്കും. ഇങ്ങനെ വേദനിക്കാൻ ഇട്ട് കൊടുക്കണമായിരുന്നുവെങ്കിൽ, അമ്മ ഉപേക്ഷിച്ചു പോയ ഉടനെ തന്നെ ഞങ്ങൾക്കത് ചെയ്യാമായിരുന്നു. ചെയ്തില്ലല്ലോ? ഇനിയുമങ്ങോട്ട് ചെയ്യാൻ ഉദ്ദേശിച്ചിട്ടുമില്ല ”
പാർവതി ഉറപ്പോടെ തന്നെ പറഞ്ഞു.
“നീ ചെന്നു വണ്ടി വിളിക്കെടി”
പാർവതി സീതയെ നോക്കി കണ്ണുരുട്ടി.
“ഹരിയെ വിളിക്കാം ”
സീത വേഗം അകത്തേക്ക് കയറി.
“വേറെ… വേറെ വണ്ടി കിട്ടില്ലേ സീതേ?”
പതറി കൊണ്ട് പാർവതി ചോദിച്ചു.
പാർവതി ചോദിച്ചത് കേട്ടിട്ട് സീത അവളെ പകച്ചു നോക്കി.
“അല്ല.. ഹരിയെ ബുദ്ധിമുട്ടിക്കണ്ടല്ലോ?”
പാർവതി ആ നോട്ടം കണ്ടിട്ട് പറഞ്ഞു.
“സമയം പതിനൊന്നു മണിയായി ചേച്ചി ”
ആ നേരത്ത് അവർ വിളിച്ചാൽ വരുന്ന വണ്ടികളൊന്നും തന്നെയില്ലെന്ന് കൂടി അർഥമുണ്ടായിരുന്നു സീതയുടെ വാക്കുകൾക്ക്.
പാർവതി പിന്നൊന്നും പറഞ്ഞില്ല.
തന്റെ ഗതികേട് ഓർത്തിട്ട് നീറാനല്ലാതെ പാർവതിക്ക് പിന്നെയൊന്നും ചെയ്യാനില്ലായിരുന്നു.
സീത ഹരിയെ വിളിച്ചു. പത്തു മിനിറ്റ് കൊണ്ട് അവൻ കാറുമായി വന്നപ്പോഴേക്കും പാർവതി അർജുനെ മുറ്റത്തേക്ക് പിടിച്ചു നടത്തിയിരുന്നു.
ഹരിയെ കണ്ടതോടെ തുള്ളി വിറക്കുന്ന ഹൃദയത്തെയവൾ മനഃപൂർവം അവഗണിച്ചു.
തീർത്തും അവശയായിട്ടും അർജുൻ സീത തൊടുമ്പോൾ ചീറി കൊണ്ടവളെ നോക്കി.
ഹരി കയറി വരുമ്പോൾ എത്ര പിടിച്ചു നിന്നിട്ടും പാർവതി വിറക്കുന്നുണ്ട്.
അവനെയവൾ മുഖമുയർത്തിയ നോക്കുന്നത് കൂടിയില്ല.
ഹരിക്കൊപ്പം കൈമാൾ മാഷും.. വരദയും കൂടിയുണ്ടായിരുന്നു.
“നിങ്ങൾ പോയിട്ട് വാ മക്കളെ.. ഞങ്ങൾ ഇവിടെ നിന്ന് കൊള്ളാം.”
വരദ പാർവതിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
സത്യത്തിൽ അർജുനൊപ്പം സീതയെ വിടാനാവില്ല.അവന്റെ തീരാത്ത കലി തന്നെ കാരണം.
വീട്ടിലുള്ളവരെ ഒറ്റയ്ക്ക് നിർത്തി പാർവതിക്കും അവർക്കൊപ്പം പോവാനുമാവില്ല. സീതയെ ഇവിടെ നിർത്തിയാൽ അവൾക്കത് കൂടുതൽ സങ്കടമാവുകയും ചെയ്യും.
വളരെ വലിയൊരു പ്രതിസന്ധി ഒരൊറ്റ വാക്കിലൂടെ വരദ പരിഹാരം നിർദ്ദേശിക്കുമ്പോൾ പാർവതിയുടെ കണ്ണുകൾ നന്ദിയോടെ നിറഞ്ഞു.
ഹരി യാതൊരു ഭാവമാറ്റവുമില്ലാതെ പാർവതിയുടെ അരികിൽ വന്നിട്ട് അർജുനെ താങ്ങി.
വീർപ്പുമുട്ടിയ ഹൃദയമിപ്പോൾ പൊട്ടി വീഴുമെന്ന് പാർവതി നല്ലത് പോലെ പേടിച്ചിരുന്നു.
ഹരി പിടിച്ചപ്പോൾ.. അർജുന്റെ പ്രതിഷേധങ്ങളെല്ലാം ഒതുങ്ങിയിരുന്നു.
“നീ എന്ത് നോക്കി നിൽക്കുവാ ഡി? വന്നു കയറ് ”
അർജുനെ ബാക്ക് ഡോർ തുറന്നു അകത്തേക്ക് കയറ്റികൊണ്ട് ഹരി സീതയോട് ചോദിച്ചു.
“ഞാൻ.. വരണോ?”
സീതയുടെ മനസിടിഞ്ഞ ചോദ്യം.
അർജുന്റെ ഉള്ളിലെ വെറുപ്പിന്റെ അലകളെ അവന്റെ പ്രവർത്തികളും വാക്കുകളും അവൾക്ക് മുന്നിൽ വെളിവാക്കി നിർത്തിയിരുന്നു.
“മര്യാദക്ക് വന്നിട്ട് കയറിയിരിക്കെടി. അവളുടെ ഒരു സംശയം ”
ഹരി കണ്ണുരുട്ടി.
“ചെല്ല് മോളെ.. സമയം കളയാതെ.”
കൈമൾ മാഷ് കൂടി പറഞ്ഞതോടെ സീത പോയി കയറി.
ഹരിക്കൊപ്പം മുന്നിലാണ് അവളും ഇരുന്നത്.
“ലല്ലുമോളെന്ത്യേ ഡി?”
വണ്ടി സ്റ്റാർട് ചെയ്തു കൊണ്ട് ഹരി സീതയോടാണ് ചോദിച്ചത്.
“അവളുറങ്ങി ഹരി ”
സീത അവനെ നോക്കി.
“അമ്മാ കുഞ്ഞ് അകത്തുറങ്ങുന്നുണ്ട്. നോക്കിക്കോണേ.. അവൾക്ക് ഇരുട്ട് പേടിയാണ് ”
വണ്ടി മുന്നോട്ടെടുക്കുന്നതിനിടെ തന്നെ ഹരി വിളിച്ചു പറഞ്ഞു.
സീത ഭാവമാറ്റമേതുമില്ലാതെയിരുന്നപ്പോൾ അത് വരെയും തോന്നാത്ത പേടിയോടെ പാർവതി പുറത്തെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി.
അവളുടെ തോളിലേക്ക് ചാരി അജു അവശതയോടെയിരിക്കുന്നു.
ഹരിയുടെ വാക്കുകൾ ഇപ്പോഴാണ് പേടിപ്പിച്ചു തുടങ്ങിയതെന്ന് അവളോർത്തു.
മുൻപ്.. മുന്നോട്ടുള്ള യാത്രയിൽ അവനും ഊർജം പകരുന്ന അവന്റെ വാക്കുകളും ഒരു കരുത്തായിരുന്നുവെങ്കിൽ.. ഇന്നിപ്പോൾ ആ അവകാശപെടലിനെ അങ്ങേയറ്റം പേടിക്കുന്നു.
കാറിനുള്ളിൽ അതിഭീകരമായൊരു ശൂന്യത ചുറ്റി തിരിയുന്നുണ്ട്.
കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിക്കാൻ പാകത്തിന് ശക്തമായ മൗനം.
തോളിൽ കിടന്ന അർജുൻ ഒന്ന് ഞരങ്ങിയതും പാർവതി മറ്റെല്ലാം മറന്നു കൊണ്ട് അവനിലേക്ക് ചുരുങ്ങി.
മൗനത്തിന്റെ തോടിനുള്ളിൽ ശ്വാസം മുട്ടുന്നവളെ കണ്ടിട്ടും ഹരി ഒന്നും മിണ്ടിയില്ല.
പെട്ടന്നെല്ലാം അംഗീകരിച്ചു തരുമെന്ന് മുൻപും ഒരിക്കലും തോന്നിയിട്ടില്ല.
ഇന്നിപ്പോൾ അവളെയും അവളുടെ അവസ്ഥകളെയും കുറച്ചു കൂടി അറിയാവുന്ന സ്ഥിതിക്ക് ആ തോന്നൽ ഒട്ടുമില്ല.
അവൾക്ക് സമയം വേണ്ടിവരുമെന്ന് നന്നായിയറിയാം.
അവൾ ചിന്തിക്കട്ടെ..സ്നേഹിക്കാൻ മനസ്സോരുങ്ങട്ടെ..
ശ്വാസം മുട്ടി പിടഞ്ഞാലും ഇനിയെങ്കിലും അവളെ മാത്രം സ്നേഹിച്ചവന്റെ മനസ്സൊന്നറിയട്ടെ.
അവളില്ലായ്മ കൊണ്ട് സ്വപ്നങ്ങളൊക്കെയും ഉണങ്ങി വരണ്ടു പോയവന്റെ മനസ്സിൽ.. പ്രണയത്തിന്റെ നനുത്തൊരു ചാറ്റൽമഴയായി അവളൊന്നു ചാറിയാൽ പോലും … പൂർവ്വാധികം ശക്തിയോടെ.. കരിഞ്ഞുണങ്ങി പോയതെല്ലാം പുതിയ പ്രസരിപ്പോടെ കിളുത്തു വരുമെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സിലാക്കട്ടെ.
ഇനിയൊരു ജീവിതമില്ലെന്ന അവളുടെ തപസ്സിൽ.. ഹരിപ്രസാദെന്ന പ്രണയത്തിന്റെ പൂക്കൾ വിരിയട്ടെ..
കാത്തിരിക്കുമല്ലോ..?കാലം നീതിമാനല്ലേ…!ഉയിരോളം സ്നേഹിച്ചു പോയത് അവളെ അറിയിക്കാതിരിക്കില്ല.അതിനൊരു അവസരമൊരുങ്ങാതിരിക്കില്ല
ഹരിയുടെ ചുണ്ടുകളിലപ്പോഴും ഒരു മന്ദഹാസം തത്തി കളിച്ചു.
അരമണിക്കൂർ കൊണ്ടുതന്നെ ഹോസ്പിറ്റലിൽ എത്തി.
പാർവതി ഡോർ തുറന്നിറങ്ങി.. സീതയും അവളും കൂടി ശ്രമിച്ചിട്ടും അർജുന് പുറത്തേക്കിറങ്ങാൻ ആയിട്ടില്ല.
ചെറുത്തുനിൽപ്പിനുള്ള ശക്തി പോലും ക്ഷയിച്ചു കൊണ്ട് അർജുൻ പാർവതിയുടെ തോളിലേക്ക് ചാഞ്ഞു.
ആരെയോ വിളിച്ചു കൊണ്ടിരുന്ന ഫോൺ ഓഫ് ചെയ്തിട്ട് ഹരി അവരുടെ അരികിലേക്ക് ചെന്നു.
“രണ്ടുപേരുടെയും കലാപരിപാടികൾ അവസാനിച്ചെങ്കിൽ ഒന്നിങ്ങോട്ട് മാറിക്കേയിനി ”
ചെറിയൊരു ചിരിയോടെ ഹരി പറഞ്ഞു.
പാർവതിയുടെ കയ്യിൽ നിന്നും യാതൊന്നും സംഭവിക്കാത്ത പോലെ ഹരി അർജുന്റെ തോളിൽ കയ്യിട്ടു പിടിച്ചു.
തൊട്ടടുത്ത നിമിഷം സീതയുടെ അരികിലേക്ക് അവൾക്കെറെ പരിചിതമായൊരു ഗന്ധം നിറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ കൊണ്ടൊരു ഓട്ട പ്രദക്ഷിണത്തിനൊരുങ്ങും മുന്നേ കണ്ണനും അർജുനെ താങ്ങി.
പകച്ചു നോക്കുന്ന സീതയെ നോക്കി അവനൊന്നു കണ്ണടച്ച് കാണിച്ചു.
ഹരി വിളിച്ചു പറഞ്ഞിരിക്കും..
അവളുടെ കൂർത്ത കണ്ണുകൾ ഹരിയെയും തേടി ചെന്നിരുന്നു.
പക്ഷേ ആ നോട്ടം മുൻകൂട്ടി കണ്ടിരുന്നത് കൊണ്ടായിരിക്കും, ഹരി അവളെ നോക്കിയതേയില്ല.
കാഷ്വലിറ്റിയിലേക്കാണ് അർജുനെ കൊണ്ട് പോയത്.
അതിനാവശ്വമുള്ളതൊക്കെ ചെയ്തു കൊടുക്കാൻ കണ്ണൻ ഓടി നടക്കുമ്പോൾ അർജുനോട് ചേർന്ന് കൊണ്ട് ഹരിയുണ്ടായിരുന്നു.
പുറത്തെ കസേരയിൽ യാതൊന്നും മിണ്ടാതെ സീതയും പാർവതിയും ഇരുന്നു.
പേരറിയാത്തൊരു തളർച്ചയുടെ ആലസ്യം..
മണിക്കൂറുകൾ കടന്ന് പോകുന്നത് പോലുമറിയാതെ.. അവരാ ശൂന്യതയിൽ സ്വയം മറന്നിരുന്നു.
“ഡ്രിപ് ഇട്ടിട്ടുണ്ട്. അത് കഴിഞ്ഞു വീട്ടിൽ പോവാം. വേറെ കുഴപ്പമൊന്നുമില്ല ”
പാർവതിയുടെ അരികിൽ വന്നിരുന്നിട്ടാണ് കണ്ണൻ പറഞ്ഞത്.
ആരെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിൽ മുഴച്ചു നിൽക്കുന്നത് കണ്ണൻ കണ്ടിരുന്നു.
അവൻ അലിവോടെ അവളെയും പിന്നെ സീതയെയും ഒന്ന് നോക്കി.
ചുവരിലേക്ക് തല ചാരി വെച്ചിട്ട് യാതൊരു അനക്കവുമില്ലാതിരിക്കുന്ന സീതയെ നോക്കുമ്പോൾ അവനുള്ളം വീണ്ടും നീറി.
“ഞാൻ… കിരൺ വർമ. ശ്രീ നിലയത്തിലെ നാരായണി മുത്തശ്ശിയുടെ മകൾ ദേവയാനിയുടെ മകനാണ്. കണ്ണൻ ”
കുഞ്ഞൊരു ചിരിയോടെ കണ്ണൻ പറഞ്ഞു.
പാർവതിയുടെ കണ്ണുകൾ ആവിശ്വസനീയതയോടെ അവനെ തഴുകി.
ശേഷം അവൾ സീതയെ തിരിഞ്ഞു നോക്കി.
അവൻ വന്നിരുന്നതൊന്നും അറിയാതിരിക്കുന്ന സീതയുടെ തോളിൽ പാർവതി പതിയെ ഒന്ന് തട്ടി.
ഞെട്ടി കൊണ്ടവൾ പാർവതിയെയും പിന്നെ കണ്ണനെയും നോക്കി.
കണ്ണനിൽ ഉടക്കി പോയവളുടെ മിഴികളിൽ അലയടിക്കുന്ന നോവിന്റെ ആഴിയെ അവനും തിരിച്ചറിഞ്ഞു.
പക്ഷേ പാർവതിയിരിക്കുന്നത് കൊണ്ട് അവനോ… അവൾക്കോ ഒന്നും മിണ്ടാൻ കൂടി വയ്യാതെ ശ്വാസം മുറുകി.
“ഞാൻ സീതയെയും അവളെന്നെയും സ്നേഹിക്കുന്നു പാർവതി. ജീവിതം മുഴുവനും ഒരുമിച്ചു സ്നേഹിക്കാൻ കഴിയാവുന്ന അത്രയും വലിയൊരു സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് നടക്കുന്നു. ഒന്നിനും… ആർക്കും വേണ്ടി ഞാൻ സീതാ ലക്ഷ്മിയെ ഉപേക്ഷിച്ചു കളയില്ല ”
പാർവതിയുടെ കണ്ണിലെ ചോദ്യങ്ങൾക്കുത്തരമായിട്ടാണ് കണ്ണനങ്ങനെ പറഞ്ഞത്.
ഒന്ന് തലകുലുക്കി എന്നതല്ലാതെ മറ്റൊന്നും പറയാനുള്ള മാനസികവസ്ഥയിലായിരുന്നില്ല പാർവതിയും.
സീതയുടെ നേരെയാണ് കണ്ണന്റെ കണ്ണുകൾ
അവളെയൊന്നു ചേർത്ത് പിടിക്കാനാവാത്ത വിങ്ങലോടെ അവനിരിക്കുമ്പോൾ.. അവനിലേക്ക് ചേർന്നിട്ട് അത് വരെയും അനുഭവിച്ച സങ്കടങ്ങളൊക്കെയും ഒഴുക്കികളയാനുള്ള അടങ്ങാത്ത നീറ്റലോടെ അവളുമിരിപ്പുണ്ട്…
തുടരും.
“പാറു.. നിന്നെ അർജുൻ അന്വേഷിക്കുന്നു ”
ക്യഷ്വലിറ്റിയിൽ നിന്നും ഇറങ്ങി വന്നിട്ട് ഹരി പറഞ്ഞത് കേട്ട് പാർവതി വെപ്രാളത്തോടെ പിടഞ്ഞെഴുന്നേറ്റു.
പെട്ടന്ന് എഴുന്നേറ്റത് കൊണ്ട് തന്നെ അവൾക് കാലിടറി.
ഒരുപാട് കരഞ്ഞത് കൊണ്ടോ.. സഹിക്കാൻ വയ്യാത്ത വേദനയെ പേറുന്നത് കൊണ്ടോ.. അവൾക്കൊരു മന്ദത തോന്നിയിരുന്നു.
പക്ഷേ വീഴും മുന്നേ ഹരിയവളെ താങ്ങി.
വിറച്ചു കൊണ്ട് തന്നെ നോക്കുന്നവളെ അവൻ അലിവോടെ നോക്കി.
“വീഴല്ലേ..സൂക്ഷിച്ച്… അവനിപ്പോ കുഴപ്പമൊന്നുമില്ല.”
ഹരി പതിയെ പറഞ്ഞു.
നിറഞ്ഞു തൂവുന്ന അവളുടെ മിഴിയാഴങ്ങളിൽ അവന്റെ മനസ്സിടറി പോയിരുന്നു.
ഇപ്പോഴീ മിഴികൾ കലങ്ങി ചുവന്നത് തന്റെ വെളിപ്പെടുത്തലിന്റെ പരിണിതഫലമെന്നുറപ്പാണ്. അത് കൊണ്ട് തന്നെ പിടയുന്നതും തനിക്കാണ്.
“നിനക്കെന്നെ പേടിയാണോ പാറു?”
വിളറി വെളുത്ത അവളുടെ മുഖം കണ്ടപ്പോഴുള്ള അതേ വേദനയവന്റെ വാക്കുകളിലും ഉണ്ടായിരുന്നു.
ഉണ്ടന്നോ ഇല്ലന്നോ പറയാതെ അവൾ വീണ്ടും ചൂളി ചുരുങ്ങി.
“നിന്നോട് തുറന്നു പറയാതൊരു ഇഷ്ടത്തിന്റെ ഭാരവും പേറി ഞാനെത്ര തളർന്നു പോയിട്ടുണ്ടന്നറിയോ പാറു നിനക്ക്? ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയപ്പോഴാ നിനക്ക് മുന്നിലെൻറെ ഹൃദയം തുറന്നത്. അതിന് പറ്റിയ നേരമാണോ… കേൾക്കാൻ പറ്റിയൊരു മാനസിക അവസ്ഥയിലാണോ നീ എന്നൊന്നും ഞാനോർത്തില്ല. നിനക്ക് മറ്റൊരു വേദനയാവനല്ല പാറു… നിന്റെ വേദനകൾക്കൊരു അവസാനമാകാനാണ് എനിക്കിഷ്ടം. നിന്നെ സ്നേഹിച്ചു എന്നതൊരു കുറ്റമല്ല. പക്ഷേ .. നിന്നെ നഷ്ടപെടുമോ എന്ന പേടിയോടെ..ഞാനെന്നെ നിനക്ക് മുന്നിൽ തുറന്നു കാണിക്കുമ്പോൾ.. നിന്റെ അവസ്ഥയെ കുറിച്ചോർത്തില്ല. നിനക്കതെത്ര വേദനിക്കും എന്നുമോർത്തില്ല..ക്ഷമിക് ”
ഹരി അവളിൽ നിന്നും കൈ എടുത്തു മാറ്റി.
“ചെല്ല്. അവൻ കാത്തിരിക്കുന്നുണ്ട്. ഞാൻ പുറത്തുണ്ടാവും ”
ഹരി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.
രക്ഷപെട്ടത് പോലെ പാർവതി അകത്തേക്ക് ധൃതിയിൽ കയറി പോകുന്നത് കണ്ടിട്ട് ഹരിക്ക് ചിരി വന്നു.
അതേ ചിരിയോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ.. കുറച്ചു മാറി കണ്ണൻ സീതയോട് ചേർന്നിരിപ്പുണ്ട്.
ചുറ്റും അലയടിക്കുന്ന ആരവങ്ങൾക്കിടയിൽ ഒന്ന് ചേർത്ത് പിടിക്കാൻ കൂടി കഴിയാത്ത വിഷമം അവന്റെ മുഖത്തു നിന്നും ഹരി പിടിച്ചെടുത്തു.
അവരുടെ നേരെ പോവാതെ, ഹരി നേരെ എതിർ സൈഡിലേക്കാണ് നടന്നത്.
“ഹരി ”
അവൻ തിരിഞ്ഞ് നടക്കുന്നത് കണ്ടിട്ടാവും കണ്ണൻ ഉറക്കെ വിളിച്ചത്.
‘”എന്താടാ.. എന്തെങ്കിലും വാങ്ങിക്കാനുണ്ടോ? ”
കണ്ണൻ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.
അവനൊപ്പം സീത കൂടി എഴുന്നേറ്റു.
“ഒന്നുല്ലെടാ.. ഞാൻ.. ഞാൻ പുറത്തേക്കൊന്നു പോയിട്ട് വരാം ”
തനിക്കരികിലേക്ക് നടന്നു വരുന്ന കണ്ണനെയും സീതയെയും നോക്കി ഹരി ചിരിയോടെ കണ്ണടച്ച് കാണിച്ചു.
“അജൂന്.. എങ്ങനുണ്ട് ഹരി?”
സീത ഹരിയെ നോക്കി.
കണ്ണനൊപ്പം നിൽക്കുമ്പോൾ ഹരിയെ ഫേസ് ചെയ്യാൻ അവൾക്കൊരു പതർച്ചയുണ്ടെന്ന് അവർക്ക് രണ്ടു പേർക്കും മനസ്സിലായി.
കാര്യമെല്ലാം ഹരിക്കറിയാമെങ്കിലും താൻ അവനോട് പറയാതെ വെച്ചതിന്റെയൊരു ചെറിയ പരിഭവം അവനുള്ളിലുണ്ടാവുമോ എന്നവൾ വെറുതെ ആകുലപെട്ടു.
“അവനൊരു കുഴപ്പമില്ലടി. ഡ്രിപ് തീർന്നാലുടൻ വീട്ടിൽ പോവാം ”
ഹരിയവളുടെ തോളിൽ തട്ടി.
അവന്റെ ചേർത്ത് പിടിക്കൽ… സീതയുടെ കണ്ണ് നിറഞ്ഞു.
“കണ്ടോ കണ്ണാ… സീതാ ലക്ഷ്മി സ്ട്രോങ്ങാണ്. ”
ഹരി കണ്ണനെ നോക്കി പറഞ്ഞു.
സീതയുടെ മുഖം കൂർത്തു.
“അനിയൻ എവിടുന്നോ കിട്ടിയൊരു കിംവദന്തി പറഞ്ഞു പരത്തിയതിനു.. ഇങ്ങനെ ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന ഇവളണല്ലോ ദൈവമേ ഞാൻ സ്ട്രോങ്ങെന്നും പറഞ്ഞു നടക്കുന്നത്?”
ഹരിയുടെ ആത്മഗതം കേട്ടിട്ട് കണ്ണൻ സീതയെ നോക്കി അടക്കി ചിരിച്ചു.
“നീയിങ്ങ് വന്നേ ”
സീത പല്ല് കടിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു.
“പിന്നെ.. എനിക്കതല്ലേ പണി? ഒന്ന് പോയെടി പെണ്ണേ. നിനക്കെന്നെ എടുത്തിട്ട് അടിക്കാനല്ലേ?
ഹരി ചുണ്ട് കോട്ടി.
സീത അവനെ നോക്കി കണ്ണുരുട്ടി.
കണ്ണൻ ചിരിയോടെ അവരുടെ നേരെ നോക്കി നിൽപ്പുണ്ട്.
“ദേ നിക്കുന്നു നിന്റെ ചെക്കൻ. വിളിച്ചോണ്ട് പോ. എന്നിട്ട് ചങ്കീ കത്തുന്ന സങ്കടം നീ അവനോട് പറ.. ഇനി അവനുണ്ടാവും നിനക്ക് തുണയായിട്ട് ”
ഹരി സീതയുടെ തോളിൽ പിടിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു.
“അപ്പൊ.. അപ്പൊ നീയെന്നെ തീർത്തും ഉപേക്ഷിച്ചു കളഞ്ഞോടാ?”
സീത ഹരിയുടെ നേരെ നോക്കി ചോദിച്ചു.
അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ അവനൊന്നും പറയാനായില്ല.
“അങ്ങനെ പെട്ടന്നൊരു ദിവസം ഉപേക്ഷിച്ചു കളയാനാണോ ടി ഞാൻ നിന്നെയെന്റെ ചങ്കാണ് മാങ്ങയാണ് എന്നൊക്ക പറഞ്ഞു കൂടെ ചേർത്തത്?”
ഹരി കണ്ണുരുട്ടി.
സീത ചിരിയോടെ അല്ലെന്ന് തലയാട്ടി.
“നിന്നെ നീയായിട്ട് മനസ്സിലാക്കുന്ന ഒരുത്തൻ.. അവനിലേക്ക് നീ ചേരുമ്പോൾ നിന്നെക്കാൾ ഒരുപക്ഷെ സന്തോഷം എനിക്കാണ്. കാരണം… ”
ഹരി ഒരു ദീർഘനിശ്വാസത്തോടെ കണ്ണനെയും സീതയെയും നോക്കി.
കണ്ണനപ്പോഴും നേർത്തൊരു ചിരിയുടെ ആവരണമുണ്ട്, മുഖം നിറയെ.
“കാരണം… സീതാ ലക്ഷ്മിയെന്ന എന്റെ കൂട്ടുകാരിയുടെ വേദനകൾ എന്റേത് കൂടിയായായിരുന്നു. അവൾക്കൊരു സന്തോഷം വന്നാലും അതും എന്റേത് കൂടിയാണ്.”
ഹരി വീണ്ടും കണ്ണടച്ചു കാണിച്ചു.
വീർപ്പൂമുട്ടലോടെ സീതയുടെ മിഴികൾ കണ്ണന് നേരെ പാഞ്ഞു.
“ഇതാണെന്റെ കൂട്ടുകാരൻ ഹരി.. ഈ ഹരിയെ എനിക്കൊരുപാട് ഇഷ്ടമാണ് ”
അവളുടെ കണ്ണുകളിൽ നിന്നും കണ്ണനാ വാക്കുകളെ പൊറുക്കിയെടുത്തു.
“ചെല്ല്… രണ്ടാളും പോയി മനസ്സ് തുറന്നു സംസാരിച്ചു വാ.. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം ”
അവൻ അവർക്കായ് ഒഴിഞ്ഞു മാറുകയാണ്.
സീതയ്ക്കും കണ്ണനും അത് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.
ഹരി സീതയുടെ തോളിൽ നിന്നും കയ്യെടുത്തു.
“വിളിച്ചോണ്ട് പോടാ ഡോക്ടറെ ”
ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി മുന്നോട്ട് നടക്കുന്നതിനിടെ ഹരി വിളിച്ചു പറഞ്ഞു.
❣️❣️❣️❣️❣️
“പേടിച്ചുപോയോ? ”
മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിൽ കണ്ണനൊപ്പം ചേർന്ന് നിൽക്കുമ്പോൾ സീത വീണ്ടും തളർന്നു പോവുന്നുണ്ട്.
മറക്കാൻ ശ്രമിച്ചിരുന്നതൊക്കെയും പൂർവ്വാധികം ശക്തിയോടെ ഉള്ളിലേക്കിരച്ചെത്തുന്നു.
വാക്കുകൾ കൂർത്ത അമ്പുകൾ പോലെ ഹൃദയം കുത്തി കീറുന്നു.
വീണ്ടുമവൾക്ക് നെഞ്ച് നീറി..
കണ്ണുകൾ കലങ്ങി ചുവന്നു.
“അർജുൻ പറഞ്ഞത് പോലെ… ഒരൊറ്റ രാത്രി കൂടെ കിടന്നാൽ തീരാവുന്ന ലഹരിയെ എന്റെ സ്നേഹത്തിനൊള്ളു എന്ന് നീയും വിശ്വാസിക്കുന്നുണ്ടോ ലച്ചു?”
വേദനയോടെയാണ് കണ്ണന്റെ ചോദ്യം.
സീതയുടെ കണ്ണുകൾ നിറഞ്ഞു.
അത് വരെയും മരവിച്ചു നിന്നിരുന്ന വേദനകൾക്ക് ജീവൻ വെച്ചിരിക്കുന്നു.
ഹോസ്പിറ്റലിൽ ആണെന്നോ.. ഇത്തിരി ദൂരെ ആളുകളും ആരവങ്ങളുമുണ്ട ന്നോ… ഒന്നും.. ഒന്നും അവളുടെ ഓർമകളിൽ പോലും ഉണ്ടായിരുന്നില്ല.
അവളും അവളുടെ പ്രിയപ്പെട്ടവനും മാത്രം നിറഞ്ഞു നിൽക്കുന്നൊരു ലോകം.
അവിടെ… അവളുടെ വേദനകളെ തൊട്ടറിയാൻ പാകത്തിന് ചേർത്ത് നിർത്തിയ അവളുടെ പ്രിയപ്പെട്ടവൻ.
കണ്ണന്റെ കഴുത്തിൽ കൈ ചുറ്റി സീത കരച്ചിലിന്റ കെട്ട് പൊട്ടിച്ചു.
കണ്ണൻ ഒരു കൈ കൊണ്ടവളെ കൂടുതൽ അവനിലേക്ക് ചേർത്ത് പിടിച്ചു.
തഴുകി തലോടിയിട്ടും.. നെറുകയിൽ നുകർന്നിട്ടും കൂടെയുണ്ടെന്ന് അവനോർമ്മിപ്പിച്ചു.
“ഞാൻ… ഞാൻ അവന് മുന്നിൽ ചീത്തയാണ് കണ്ണേട്ടാ ”
എത്രയൊതുക്കി പിടിച്ചിട്ടും ആ വാക്കുകളുടെ നീറ്റൽ അവളുടെ സങ്കടം കൂട്ടി.
“എനിക്ക് മുന്നിലാണ് നീ പരിശുദ്ധയാണെന്ന് തെളിയിക്കേണ്ടത്.അതിൽ നീ വിജയിച്ചതല്ലേ ലച്ചു. മനസ്സ് കൊണ്ട് നിയെത്ര പരിശുദ്ധയാണെന്ന് എന്നോളം നിന്റെ അനിയന് അറിയില്ല..”
കണ്ണൻ സീതയുടെ കവിളിൽ കൈ ചേർത്ത് വെച്ചു.
“നീ എന്റെയാണ്… അത് നിന്റെ അനിയന് മുന്നിൽ ചെന്നിട്ട് ഞാൻ തന്നെ പറയുന്നതോടെ ഈ വേദന അവസാനിക്കും ”
കണ്ണൻ സീതയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.
“അവൻ… അവൻ വിശ്വാസിക്കില്ല കണ്ണേട്ടാ ”
സീത ഭയത്തോടെ കണ്ണനെ നോക്കി.
“അതോർത്തു നീ ടെൻഷനാവണ്ട ലച്ചു. പറഞ്ഞല്ലോ.. അത് ഞാൻ ഡീൽ ചെയ്തോളാം. സീതാ ലക്ഷ്മി കിരൺ വർമ്മയുടെ സ്വന്തമാണെന്നതിൽ അർജുൻ ഇനിയൊരു സംശയവും ഒരിക്കലും പറയില്ല.. നിന്നോടെന്നല്ല… ആരോടും പറയില്ല. എന്താ.. അത് പോരെ?”
കണ്ണൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.
അവൾ ചിരിച്ചു.
“നിന്നോടെനിക് എന്ത് മാത്രം സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കിയ കുറച്ചു നിമിഷങ്ങളാണ് കഴിഞ്ഞു പോയത്. ഹരിയെന്നെ വിളിച്ചറിയിച്ചത് മുതൽ… എന്റെ കണ്മുന്നിൽ ചങ്ക് പിടച്ചു കൊണ്ട്… നീ ഉണ്ടായിരുന്നു ലച്ചു. എന്നെ… എന്നെയതെത്ര നൊമ്പരപ്പെടുത്തിയെന്നറിയാവോ നിനക്ക്?”
കണ്ണൻ ആർദ്രതയോടെ വീണ്ടും സീതയുടെ മുഖം നെഞ്ചിൽ ചേർത്ത് വെച്ചു.
ആ നെഞ്ചിടിപ്പ് കാതോർത്തു കൊണ്ട് സീത അവനോട് ചേർന്ന് നിന്നു.
❣️❣️❣️❣️
പുറത്തേക്കിറങ്ങി വരുന്ന അർജുൻ ഉഷാറായിരുന്നു.
നെറ്റിയിൽ ഒട്ടിച്ചു വെച്ചൊരു ബാൻഡെജ്.. കയ്യിൽ രണ്ടു മൂന്ന് കെട്ടുകളും.
മുഖം അപ്പോഴും വീർപ്പിച്ചു തന്നെ പിടിച്ചിരിക്കുന്നു.
“പോവല്ലേ…ഹരിയേട്ടാ?”
അർജുൻ ഹരിയുടെ നേരെ നോക്കി.
എതിരെ നിൽക്കുന്ന സീതയെയും കണ്ണനെയും അവൻ കണ്ടിട്ടില്ല.
ഹരിയുടെ നോട്ടം കണ്ണന് നേരെ നീണ്ടു.
അവർക്ക് രണ്ടു പേർക്കും മനസ്സിലാവുന്ന എന്തൊക്കെയോ ആജ്ഞകളുണ്ടായിരുന്നു ആ നോട്ടത്തിൽ.
അർജുന് നേരെ നടക്കാനൊരുങ്ങിയ കണ്ണന്റെ കയ്യിൽ സീത അമർത്തി പിടിച്ചു.
അവളുടെ കണ്ണിലൊരു പിടച്ചിലുണ്ട്.
പരിസരം പോലും ഓർക്കാതെ അർജുൻ വിളിച്ചു പറയാൻ സാധ്യതയുള്ള
വിഷമുള്ളുകൾ കണ്ണനിൽ തറച്ചു കയറുന്നതവൾക്ക് ചിന്തിക്കാൻ കൂടി വയ്യ.
“ഒന്നുമുണ്ടാവില്ല .. വിട്. ഞാൻ നോക്കികൊള്ളാം ”
കണ്ണൻ അവൾ പിടിച്ചു വെച്ച കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടും അൽപ്പം ബലമായിട്ടാണ് കണ്ണനാ കൈകൾ വേർപെടുത്തിയെടുത്തത്.
മുന്നിലേക്ക് കയറി നിന്നവനെ അർജുൻ പകച്ചുനോക്കി.
“കിരൺ.. കിരൺ വർമ. ശ്രീ നിലയത്തിലെ നാരായണി മുത്തശ്ശിയുടെ കൊച്ചു മോൻ ”
അർജുന്റെ കണ്ണിലേക്കു നോക്കിയാണ് കണ്ണനത് പറഞ്ഞത്.
നിമിഷനേരം കൊണ്ട് അർജുന്റെ മുഖം വലിഞ്ഞു മുറുകി.
വെറുപ്പോടെ വീണ്ടും അവന്റെ നോട്ടം സീതയുടെ നേരെ നീണ്ടു.
“നീ അറിഞ്ഞതൊന്നും സത്യമല്ല അർജുൻ ”
അവന്റെ ഭാവമാറ്റം അറിഞ്ഞിട്ടും കണ്ണൻ ശാന്തമായിട്ടാണ് പറഞ്ഞത്.
പാർവതി ടെൻഷനോടെ വിരലുകൾ പരസ്പരം പിടിച്ചു ഞെരിക്കുന്നുണ്ട്.
ഹരിക്കവളെ ചേർത്ത് പിടിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി.
പക്ഷേ അതവൾക്ക് സമാധാനം പകരില്ലെന്നും കൂടുതൽ ടെൻഷനും വേദനയും നൽകുമെന്നും ഉറപ്പുള്ളത് കൊണ്ട് അവൻ കണ്ണുകൾ കൊണ്ടവളെ തഴുകി തലോടി..
ഹൃദയം കൊണ്ടവളെ ചേർത്ത് പിടിച്ചു..
“നിനക്കെങ്ങനെ എന്റെ മുന്നിൽ വന്നു നിൽക്കാൻ ധൈര്യം വന്നു?”
അർജുൻ അങ്ങേയറ്റം ദേഷ്യത്തോടെ ചോദിച്ചു.
“ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസമുണ്ടായത് കൊണ്ട് ”
കണ്ണൻ അവന്റെ മുന്നിൽ തല ഉയർത്തി നിന്നു.
“തന്റെ അസുഖം എനിക്കറിയാം. പക്ഷേ അതെന്റെ പെങ്ങളോട് വേണ്ട. തന്റെയത്ര കാശ് ഇല്ലായിരിക്കും. പക്ഷേ നിന്നെക്കാൾ അഭിമാനമുണ്ട്..”
അർജുൻ വിറക്കുന്നുണ്ടെന്ന് തോന്നി സീതയ്ക്ക്.
അവൾക്കാ നിമിഷം അവനോട് അലിവ് തോന്നി.
അവനുള്ളിലെ പെങ്ങന്മാരെ സംരക്ഷണം കൊടുക്കാനുള്ള ഒരു സഹോദരന്റെ കരുതലാണ് അവളപ്പോൾ കണ്ടതും.
“കൂടെ കിടത്തി ആഗ്രഹം തീരുമ്പോൾ ഉപേക്ഷിച്ചു കളയാൻ നിങ്ങള്… നിങ്ങള് വേറെ ആരെങ്കിലും കണ്ടു പിടിക്കണേ സാറേ.. ഞങ്ങൾ പാവങ്ങളാ. എനിക്കിവരും ഇവർക്ക് ഞാനും മാത്രമേയുള്ളൂ. ദയവായി എന്റെ സീതേച്ചിയെ വിട്ടേക്ക്.. നിങ്ങളൊക്കെ വല്ല്യ ആളുകളാ.. നിങ്ങളുടെ… നിങ്ങളുടെ ആഗ്രഹം തീർക്കാൻ എന്റെ ചേച്ചിയെ ഇരയാക്കരുത്.. അപേക്ഷയാണ് ”
ദേഷ്യത്തിനും വൈരാഗ്യത്തിനുമപ്പുറം അർജുൻ കണ്ണന് മുന്നിൽ കൈ കൂപ്പി.
സീത നെഞ്ച് വിങ്ങി കൊണ്ട് ചുവരിൽ ചാരി.
പാർവതി എത്രയമർത്തി വെച്ചിട്ടും കരച്ചിലൊടുങ്ങാതെ കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു തിരിഞ്ഞ് നിന്നു.
ഹരിക്കും അർജുനെ നോക്കുമ്പോൾ നെഞ്ച് വേദനിച്ചു.
“ഒരൊറ്റ രാത്രി കൂടെ കിടന്നത് കൊണ്ട് അവസാനിച്ചു പോകുന്നതാണോ അർജുന് നിരഞ്ജനയോടുള്ള ഇഷ്ടം?”
കണ്ണൻ ചെറിയൊരു ചിരിയോടെ അർജുന്റെ തോളിൽ ചേർത്ത് പിടിച്ചു.
ആ ചോദ്യത്തിന് മുന്നിൽ അർജുൻ പകച്ചു പോയിരുന്നു.
അവന്റെ കണ്ണുകൾ പാർവതിയുടെയും സീതയുടെയും നേരെ പാഞ്ഞു.
കണ്ണൻ സീതനോക്കി അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.
“എനിക്കറിയാം.. അർജുൻ നിരഞ്ജനയെ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണെന്നു.. അത് പോലെ എനിക്കെന്റെ ഹൃദയമാണിപ്പോൾ നിന്റെയീ ചേച്ചി. എന്റെ മരണം കൊണ്ടല്ലാതെ ഞാനിവളെ ഉപേക്ഷിച്ചു കളയില്ല. ഇവളെ മാത്രമല്ല. ഇനിയിപ്പോ നിന്നെയും.. സീതാ ലക്ഷ്മിയോട് ചേർന്നതിനോടെല്ലാം എനിക്കിഷ്ടമാണ്.”
കണ്ണന്റെ വാക്കുകൾക്കൊപ്പം അവന്റെ കൈകളും അർജുന്റെ തോളിൽ മുറുകി.
തന്നെയും സീതേച്ചിയെയും ഒരുപോലെ ചേർത്ത് പിടിച്ചവനെ അർജുൻ ആവിശ്വസനീയതയോടെ നോക്കി.
ഒടുവിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഹരിയിൽ അവന്റെ നോട്ടം തടഞ്ഞു വീണിരുന്നു..
തുടരും..