ഞാൻ ബൈക്ക് വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു, എന്നാൽ പിന്നെ സ്കൂട്ടർ വാങ്ങിയാൽ പോരെ അതാകുമ്പോൾ വല്ലപ്പോഴും എനിക്കും കൂടെ യൂസ് ചെയ്യാമല്ലോ

രചന – സജി തൈപ്പറമ്പ്

ഞാൻ ബൈക്ക് വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു, എന്നാൽ പിന്നെ സ്കൂട്ടർ വാങ്ങിയാൽ പോരെ അതാകുമ്പോൾ വല്ലപ്പോഴും എനിക്കും കൂടെ യൂസ് ചെയ്യാമല്ലോ എന്ന്,

ഞാൻ പറഞ്ഞു, എനിക്കിഷ്ടം ബൈക്കാണ്, സ്കൂട്ടറാകുമ്പോൾ മൈലേജും കുറവാണ്, ബൈക്കിൻ്റെ അത്രയും പെർഫോമൻസും കിട്ടില്ലന്ന് ,അത് കൊണ്ട് ഞാൻ ബൈക്കേ വാങ്ങുന്നുള്ളുവെന്ന് വാശി പിടിച്ചു,

ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണെന്ന് അറിയാവുന്നത് കൊണ്ട്, അവള് പിന്നെ ഒന്നും മിണ്ടിയില്ല.

നഗരത്തിലെ റ്റൂ വീലർ ഷോറൂമിലേയ്ക്ക് കയറിചെല്ലുമ്പോൾ, മുന്നിൽ തന്നെ ഡിസ്പ്ളേ ചെയ്ത് വച്ചിരിക്കുന്ന, cc കൂടിയ ബൈക്കുകൾ എന്നെ ഭ്രമിപ്പിച്ചെങ്കിലും, മൈലേജ് കിട്ടുന്ന 110 ccബൈക്കായിരുന്നു’
എൻ്റെ ലക്ഷ്യം

അപ്പോഴാണ് തൊട്ടപ്പുറത്ത് സെയിൽസ് ഗേളുമായി സംസാരിക്കുന്ന, എൻ്റെ പഴയ ക്ളാസ് മേറ്റ് ,ദിലീപിനെ ഞാൻ കണ്ടത്

പൊടുന്നനെ അവൻ എന്നെയും കണ്ടു.

എടാ ദിലീപേ എന്താടാ?
നീ ബൈക്കെടുക്കാൻ വന്നതാണോ?

അല്ലടാ, ഞാനൊരു സ്കൂട്ടറ് വാങ്ങാൻ വന്നതാണ്, അടുത്തയാഴ്ച വൈഫിൻ്റെ ബെർത്ത് ഡേയാണ്, അപ്പോൾ അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാമെന്ന് കരുതി ,
ഇങ്ങനെയൊക്കെയല്ലേടാ, ഭാര്യമാരോട് നമുക്ക് സ്നേഹം പ്രകടിപ്പിക്കാൻ കഴിയു, അവളാണെങ്കിൽ ജോലിയൊന്നും ആകാത്തത് കൊണ്ട് ,വീട്ട്ജോലികളുമായി
ഏത് നേരവും ആ നാല് ചുവരുകൾക്കുള്ളിൽ തന്നെയാണ് കഴിയുന്നത് ,
കല്യാണത്തിന് മുൻപേ അവൾക്ക് റ്റൂ വീലർ ലൈസസ് ഉണ്ട് ,ഒരു വണ്ടിയുണ്ടെങ്കിൽ വല്ലപ്പോഴുമൊക്കെ, എൻ്റെ തിരക്ക് കഴിഞ്ഞ് ഞാൻ വരുന്നതും കാത്ത് നില്ക്കാതെ, അവളും കുട്ടികളുമായിട്ട് വല്ല ബീച്ചിലോ ,പാർക്കിലോ ഒക്കെ ഒന്ന് പോയി എൻജോയ് ചെയ്യുമല്ലോ?

ദിലീപ് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി എത്ര ദീർഘവീക്ഷണത്തോടെയാണ് അവൻ കുടുംബ കാര്യങ്ങളൊക്കെ നോക്കി കാണുന്നത്, എന്ന് ഞാൻ കൗതുകത്തോടെ ഓർത്തു,

അപ്പോഴാണ്, ഞാൻ എൻ്റെ
ഭാര്യയെ കുറിച്ച് ചിന്തിച്ചത് ,
ലൈസൻസുണ്ടായിട്ടും
ഒരിക്കൽ പോലും അവൾക്കൊരു സ്കൂട്ടർ വാങ്ങിച്ച് കൊടുക്കാൻ പറഞ്ഞിട്ടില്ല ,പക്ഷേ അവളുടെ മനസ്സിൽ വല്ലപ്പോഴെങ്കിലും
സ്‌കൂട്ടറൊന്ന് ഉപയോഗിക്കാനുള്ള കൊതി കൊണ്ടാവാം, എന്നോട് ബൈക്കിന് പകരം സ്കൂട്ടറ് വാങ്ങാൻ പറഞ്ഞത്, അവളും ജോലിയോ ശമ്പളമോ ഇല്ലാത്ത സാധാരണ ഒരു വീട്ടമ്മയാണ്, ഞാൻ വാങ്ങിയാൽ മാത്രമേ എന്തും അവൾക്ക് ഉപയോഗിക്കാൻ കഴിയു,
അതൊന്നും ചിന്തിക്കാതെ അവളോട് വാശി പിടിച്ചത് ശരിയായില്ല,

എനിക്ക് കടുത്ത കുറ്റബോധം തോന്നി ,എൻ്റെ മനസ്സിൽ അത് വരെ ഉണ്ടായിരുന്ന ബൈക്കിനോടുള്ള പ്രിയം എങ്ങോ പോയി.

അവൾക്കിഷ്ടമുള്ള മെറൂൺ കളറുള്ള സ്കൂട്ടറ് ബുക്ക് ചെയ്തിട്ടാണ്, ഞാൻ വീട്ടിലേയ്ക്ക് തിരിച്ച് പോയത്,

പക്ഷേ, ഞാനവളോട് സ്കൂട്ടറിൻ്റെ കാര്യം മിണ്ടിയില്ല ,അടുത്തയാഴ്ച ഡെലിവറി സമയത്ത് അവളെയും കൂട്ടി വേണം ഷോറൂമിൽ പോകാൻ, അവിടെ വച്ച് അപ്രതീക്ഷിതമായി സ്കൂട്ടറ് കാണുമ്പോൾ, അവളുടെ മുഖത്ത് വിരിയുന്ന ആശ്ചര്യം എനിക്ക് കാണണം ,അവളുടെ മുഖം സന്തോഷത്താൽ വിവർണ്ണമാകുന്നതും, അവളെന്നെ സ്നേഹം കൊണ്ട് പൊതിയുന്നതും എനിക്കനുഭവിക്കണം,

NB :-ചെറിയ വിട്ടു വീഴ്ച്ചകൾ കൊണ്ട് തൻ്റെ പങ്കാളിയെ കൂടി സന്തോഷിപ്പിക്കാൻ കഴിയുമെങ്കിൽ, അതൊരു വലിയ ദാമ്പത്യ വിജയമായിരിക്കും ,കാരണം, നിസ്സഹായരായ ചില ഭാര്യമാർക്ക്, അവളെ മനസ്സിലാക്കുന്ന ഭർത്താവ്
മാത്രമാണ്, ഏക ആശ്രയം.

Leave a Reply