രചന – ജിഫ്ന നിസാർ
“കണ്ണാ.. എടാ എന്റെ കുഞ്ഞ് ”
ഹരിയുടെ പരിഭ്രാന്തി നിറഞ്ഞ സ്വരം.
വേവലാതി നിറഞ്ഞ അവന്റെ മുഖം.
കണ്ണന്റെ നെഞ്ച് പിടഞ്ഞു.
“ഒന്നുല്ല.. ടെൻഷനാവല്ലേ. ലല്ലുമോൾക്ക് ഒരു കുഴപ്പമില്ല. അവളെ നമ്മൾ കണ്ടു പിടിക്കും ”
കണ്ണൻ ഹരിയുടെ തോളിൽ അമർത്തി പിടിച്ചു.
“എന്ത് ചെയ്യണമെന്നും എവിടെ പോയി അന്വേഷിക്കണമെന്നും എനിക്കറിയില്ലടാ ”
ഹരി നെറ്റി തടവി കൊണ്ട് കണ്ണനെ നോക്കി.
“എന്ത് ചെയ്യണമെന്നും ആരാണ് ഇതിന് പിന്നിലെന്നും എനിക്കറിയാം. നീ വാ”
ഹരിയുടെ ബൈക്കിലേക്ക് കയറിയിരുന്നു കൊണ്ട് കണ്ണൻ വണ്ടി സ്റ്റാർട് ചെയ്തു.
അവന്റെ മനസ്സിലെന്തോ ഉണ്ടെന്ന് മനസ്സിലായതും പിന്നൊരു ചോദ്യത്തിനിട കൊടുക്കാതെ ഹരിയവന്റെ പിന്നിലേക്ക് കയറിയിരുന്നു.
വൈകുന്ന ഓരോ നിമിഷവും കൂടുതൽ അപകടത്തിലായേക്കാം എന്നൊരു ചിന്തയുള്ളത് കൊണ്ട് തന്നെ കണ്ണൻ നല്ല സ്പീഡിലാണ് വണ്ടിയോടിക്കുന്നത്.
എന്നിട്ടും അത് പോരെന്നാണ് പിന്നിലുള്ള ഹരിക്ക് തോന്നിയത്.
അവന്റെ കണ്ണുകളപ്പോഴും നാല് പാടും ചിതറി തെറിച്ചു.
ആ കുഞ്ഞു മുഖം കണ്മുന്നിൽ കാണിച്ചു തന്നാൽ മാത്രം ശാന്തമായി കൊള്ളാം എന്നൊരു വാശിയുള്ളത് പോലെ ഹൃദയം അതിദ്രുതം മിടിക്കുന്നുണ്ട്.
ഹരിയുടെ അരികിലേക്ക് കണ്ണൻ വരികയായിരുന്നു.
വിവരങ്ങളെല്ലാം ഹരിയാണ് അവനെ അറിയിച്ചത്.
ഹരിയെ കൂടി അവിടെ നിന്ന് മാറ്റാൻ അവർ ശ്രമിക്കുമെന്ന് കണ്ണന് ഉറപ്പുണ്ടായിരുന്നു.
റിമിയെ കൂടി ഇല്ലാതെയാക്കിയാൽ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു.
റിമിയുടെ പേരിൽ കണ്ണനെ പുറം ലോകമിനി കാണാനാവാത്ത വിധം കുരുക്കി കളയാമെന്നും അവർ മോഹിച്ചു കാണും.
ജോൺ വന്നെന്നറിഞ്ഞതും കണ്ണന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു.
തന്നെ കാണുമ്പോൾ എന്തായിരിക്കും അയാളുടെ റിയാക്ഷൻ?
ബൈക്കിൽ മുന്നോട്ട് കുതിക്കുമ്പോഴും കണ്ണന്റെ മനസ്സിൽ അത് തന്നെയായിരുന്നു.
തനിക്ക് നേരെയുള്ള കുരുക്ക് ഇച്ചിരി അഴിഞ്ഞു മാറിയെങ്കിലും റിമിയുടെ അവസ്ഥ അപ്പോഴുമവനെ വേദനിപ്പിച്ചു.
അതറിഞ്ഞു വന്ന അവളുടെ ഡാഡിയുടെ മുഖം അവനെ ശ്വാസം മുട്ടിച്ചു.
പത്തു മിനിറ്റ് കൊണ്ടവൻ ഹോസ്പിറ്റൽ കൊമ്പൗണ്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി.
“എടാ… വീണ്ടും ഇവിടെ..”
ഹരി കണ്ണന്റെ തോളിൽ പിടിച്ചുലച്ചു.
“നീയിറങ്ങ് ഹരി. നിന്റെ മോളെവിടെ ന്ന് പറഞ്ഞു തരാൻ ഇവിടെ ആളുണ്ട് ”
കണ്ണന്റെ മുഖം വലിഞ്ഞു മുറുകി.
ഹരി അവനെ ഒന്ന് നോക്കിയതിനു ശേഷം ഇറങ്ങി.
അവന് പിറകെ കണ്ണനും.
“വാ ”
ബൈക്കിന്റെ കീ ഊരിയെടുത്ത് അത് ഹരിക്ക് നേരെയിട്ട് കൊടുത്തു കൊണ്ട് കണ്ണൻ മുന്നോട്ടു നടന്നു.
ലിഫ്റ്റിനടുത്തേക്ക് ഓടി കയറി പോകുന്നവനൊപ്പം ഹരിയും ധൃതിയിൽ നടന്നു.
ലല്ലു മോളെ ഓർക്കുമ്പോൾ ഹൃദയം പിടയുന്നുണ്ടെങ്കിലും.. ഒന്നും കാണാതെ കണ്ണൻ തന്നെയിങ്ങോട്ട് കൊണ്ട് വരില്ലെന്ന് ഹരിക്കുറപ്പുണ്ടായിരുന്നു.
റിമിയെ കിടത്തിയിരുന്ന ICU വിന്റെ അരികിലെത്തുമ്പോൾ അവിടെ പതിവില്ലാതെ ആൾക്കൂട്ടം.
ഈശ്വരാ….
കണ്ണനും ഹരിയും അറിയാതെ നെഞ്ചിൽ കൈ വെച്ചു കൊണ്ട് പരസ്പരം നോക്കി.
“വന്നേ ഹരി.”
ഓടും പോലെ മുന്നോട്ടു ചെന്നിട്ട് കണ്ണൻ ആളുകളെ വകഞ്ഞു മാറ്റി.
കണ്മുന്നിൽ കണ്ട കാഴ്ച.. സംതൃപ്തിയോടെ കണ്ണൻ ഹരിയെ തല ചെരിച്ചു നോക്കി.
ഹരി മിഴിച്ച കണ്ണോടെ അവനെയും.
കാർത്തിക്കിനെയും ജിതിനെയും ലോക്കിട്ട് പിടിച്ചു കൊണ്ട് സെബാൻ.
കണ്ണന്റെ ചുണ്ടിലേക്ക് ഒരു ചിരി ഇരച്ചെത്തി ആ അവസ്ഥയിലും.
ജോണിനെ തേടി അവന്റെ കണ്ണുകൾ ഓടി.
ആദിയും സിദ്ദുവും ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്.
“ഓവർ ആക്റ്റീവ് അപകടമാണ് കാർത്തിക്ക്.”
സെബാന്റെ മുഴമുള്ള സ്വരം അവിടെ മുഴുവൻ മുഴങ്ങി.
“ദേ ഈ നിൽക്കുന്ന കിരൺ വർമയാണ് റിമി മരിയയെ റേപ്പ് ചെയ്തു കൊല്ലാൻ നോക്കിയതെന്ന് എന്നെ വിളിച്ച് ആദ്യം അറിയിച്ചത് താനല്ലേ?”
സെബാന്റെ നോട്ടം കാർത്തിക്കിന് നേരെ കൂർത്തു.
തല ഉയർത്തി നോക്കാതെ തന്നെ അവൻ അതേയെന്ന് തലയാട്ടി.
“കോൺഫിഡൻസ് ആവാം. പക്ഷേ അതും ഓവറായ പ്രശ്നമാണ് ”
സെബാൻ പരിഹസിച്ചു.
“ഇതൊക്കെ പഴഞ്ചൻ ഏർപ്പാടല്ലേ കാർത്തിക്ക്? വളരെ വളരെ പഴയ മോഡൽ ഐഡിയ. കുറ്റം ചെയ്തിട്ട്.. ഞാനൊന്നും അറിഞ്ഞില്ലേ എന്നുള്ള ഭാവത്തിൽ പ്രതിയെ തിരഞ്ഞിറങ്ങുക.. പ്രതിയെ കണ്ടു പിടിക്കാൻ ഏതറ്റം വരെയും പോകാൻ നാട്ടുകാർക്ക് ഊർജം കൊടുക്കുക.. പ്രതിയെ കണ്ടു പിടിക്കാൻ പോലീസ് സ്റ്റേഷനിൽ സത്യഗ്രഹമിരിക്കുക.. ഇങ്ങനുള്ള സ്റ്റാന്റേർഡ് കുറഞ്ഞ കളികളൊക്കെയിപ്പോ ഔട്ട് ഓഫ് ഫാഷൻനായതൊന്നും നീ അറിഞ്ഞില്ലേ?”
ആ കാഴ്ച കാണാൻ നിന്നവരിലൊക്കെ ചിരി പടർത്തി സെബാന്റെ വാക്കുകൾ.
“തെളിവൊക്കെ കണ്ടു ബോധ്യമായ സ്ഥിതിക്ക് നമ്മക്ക് പോയാലോയിനി?”
കാർത്തിക്കിന്റെ തോളിൽ പിടിച്ചു മുന്നോട്ട് ഉന്തി കൊണ്ട് സെബാൻ ചോദിച്ചു.
രണ്ടു കയ്യിലും വിലങ്ങുള്ളത് കൊണ്ട് കാർത്തിക്ക് വീഴാനാഞ്ഞു.
ജിതിൻ തോളു കൊണ്ട് അവനെ താങ്ങി.
അവന്റെ കയ്യിലും വിലങ്ങാണ്.
കൂടി നിൽക്കുന്ന ജനങ്ങൾ വഴി മാറി കൊടുത്തു.
സെബാൻ കണ്ണനെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു.
അവനെങ്ങനെ പിടിയിലായെന്നും.. അവനെതിരെയുള്ള തെളിവുകൾ എങ്ങനെ കിട്ടിയെന്നും സെബാനോട് ചോദിക്കണമെന്നുണ്ടായിരുന്നു കണ്ണന്.
പക്ഷേ അതിനിപ്പോൾ പറ്റിയൊരു സിറ്റുവേഷൻ അല്ലെന്ന് തോന്നി അവനാ ആഗ്രഹം ഉള്ളിലൊതുക്കി.
“ഹരി..”
കണ്ണൻ വിളിക്കുമ്പോൾ ഹരി അവനെ നോക്കി.
‘നിന്റെ മോളെവിടെ എന്ന് അവന്മാർക്കറിയാം.നിന്നെ കൂടി ഇവിടുന്ന് മാറ്റാൻ അവന്മാർ കണ്ടു പിടിച്ച ഐഡിയയായിരിക്കുമത് ”
കണ്ണൻ സെബാൻ പോകുന്നത് നോക്കി പറഞ്ഞു.
“സർ…”
അവൻ പറഞ്ഞു മുഴുവനാക്കും മുന്നേ ഹരി സെബാന്റെ നേർക്ക് ഓടിയിരുന്നു.
കാർത്തിക്ക് വിളിച്ചു പറഞ്ഞതനുസരിച്ചു മഹേഷ് ലല്ലുവിനെയും കൊണ്ട് വന്നു.
സെബാൻ ഏർപാട് ചെയ്തൊരു കെണിയാണെന്ന് അറിയാതെ മഹേഷ് ആവേശത്തിലാണ് എത്തിയത്.
ചെയ്തു പോയൊരു മഹാ അപരാതം ഇനിയാരും അറിയില്ലെന്ന് ആശ്വാസിച്ചിരുന്ന അവന്റെ മുന്നിലേക്ക് സെബാൻ കൈ വിലങ്ങുമായാണ് ചെന്നു നിന്നത്.
❣️❣️❣️
മോളെ…
പാറു തട്ടി പറിക്കും പോലെ ലല്ലുവിനെ ഹരിയുടെ കയ്യിൽ നിന്നും വാരിയെടുത്തു.
ലല്ലു മോൾക്ക് അവളുടെ വെപ്രാളമെല്ലാം കണ്ടിട്ട് നാണം വന്നിട്ടുണ്ട്.
“എന്താ സംഭവിച്ചത് ഹരിയേട്ടാ?”
അജു ചോദിച്ചു.
അതേ ചോദ്യം സീതയുടെയും പാറുവിന്റെയും കണ്ണിലുണ്ടായിരിന്നു.
“കാർത്തിക്ക് തന്നെ പിന്നിൽ. മനോജാണ് മോളെ കൊണ്ട് പോയത്. മെയിൻ ഉദ്ദേശം ഹരിയെ ICU വിന്റെ മുന്നിൽ നിന്നും മാറ്റുക എന്നത് തന്നെ. ഹരി പറഞ്ഞപ്പോൾ തന്നെ എനിക്ക് സംശയമുണ്ടായിരിന്നു. അവർക്കറിയാം.. എവിടെ തൊട്ടാൽ അവന് പൊള്ളുമെന്ന് ”
ഹരിയുടെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടാണ് കണ്ണൻ പറഞ്ഞത്.
സീത കണ്ണന്റെ നേരെയാണ് നോക്കിയത്.
ഒറ്റ ദിവസം കൊണ്ടവൻ വല്ലാതെ തളർന്നു പോയിരുന്നു.
കുസൃതി നിറച്ച കണ്ണുകൾക്ക് പറയാനുള്ളത് അന്നവന്റെ നീറുന്ന ഹൃദയത്തിന്റെ വേദനയാണ്.
പാറി പരന്ന മുടിയിഴകളും കലങ്ങി ചുവന്ന മിഴികളും അവനുള്ളിലെ സംഘർഷം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഹരി നോക്കുന്നുണ്ടെന്ന് ഉറപ്പായതു കൊണ്ട് പാറു ആ ഭാഗത്തേക്ക് തന്നെ നോക്കുന്നില്ല.
“ചിറ്റേടെ പൊന്നു പേടിച്ചോ?”
സീത അവളെ തലോടി.
“ഇല്ല..”
ലല്ലു നിസ്സാരതയോടെ പറഞ്ഞു.
“ഇല്ലേ?”
പാറു നെറ്റി ചുളിച്ചു കൊണ്ടവളെ അടർത്തി മാറ്റി ആ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“ഇല്ലമ്മേ..”
ലല്ലു അതേ ഭാവത്തിൽ പറഞ്ഞു.
“അതെന്താടി കാന്താരി.. നിനക്കത്രേം ധൈര്യമുണ്ടോ?”
കണ്ണൻ ലല്ലുവിന്റെ മൂക്കിൽ പിടിച്ചുലച്ചു.
“അങ്കിൾ വരുമെന്ന് എനിക്കറിയാമായിരുന്നു. അങ്കിളിന് ലല്ലുമോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണല്ലോ.. അല്ലേ?”
കണ്ണനുള്ള ഉത്തരം ലല്ലു പറഞ്ഞത് ഹരിയെ നോക്കിയിട്ടാണ്.
ഹരിയുടെ കണ്ണുകൾ നിറഞ്ഞു..
പാറുവിന്റെ കയ്യിൽ നിന്നും അവൻ ലല്ലുവിനെ പിടിച്ചു വാങ്ങി.
ആ കുഞ്ഞു ദേഹം.. പൊതിഞ്ഞു പിടിച്ചു.
തോളിൽ കിടത്തി പുറത്ത് തട്ടി കൊടുക്കുന്നതിനിടെ തോളു കൊണ്ടവൻ കണ്ണ് തുടച്ചു.
“എന്റെ.. എന്റെ മോളല്ലേ.. എനിക്കൊത്തിരി ഒത്തിരി ഇഷ്ടമാണ് ട്ടോ ”
വീണ്ടും വീണ്ടും അവനാ കുഞ്ഞിനെ ഇറുക്കി പിടിച്ചു.
കരച്ചിൽ വന്നത് കൊണ്ടാണ് സീത കണ്ണനെ നോക്കിയത്.
അതറിഞ്ഞത് പോലെ കൈ നീട്ടി അവനവളെ വലിച്ചു ചേർത്തു.
അജു അകത്തേക്ക് കയറി പോയിരുന്നു.
“നീ മോൾക്കെന്തെങ്കിലും കഴിക്കാൻ കൊടുക്ക് ലച്ചു ”
കണ്ണൻ പറഞ്ഞു.
സീത ചിരിയോടെ ഹരിയുടെ കയ്യിൽ നിന്നും ലല്ലുവിനെ എടുത്തു.
വിട്ടു കൊടുക്കാൻ മനസ്സിലായിരുന്നുവെങ്കിലും അവൾക്ക് വിശക്കുന്നുണ്ടാവും എന്നറിയാവുന്നത് കൊണ്ടാണ് ഹരി അവളെ സീതയെ ഏൽപ്പിച്ചത്.
കുഞ്ഞുമായി അകത്തേക്ക് പോയ സീതയ്ക്ക് പിറകെ കണ്ണനും പോയിരുന്നു.
ഹരിക്കും പാറുവിനും വേണ്ടി ഒഴിഞ്ഞു കൊടുത്തത് പോലെ.
തൊണ്ടയിൽ തടഞ്ഞൊരു കരച്ചിലമർത്താൻ പാറു നല്ലത് പോലെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
ഹരിക്കതു മനസ്സിലായി.
അവൻ അവളുടെ അരികെ ചെന്നു നിന്നു.
പാറുവിന്റെ മുഖം വീണ്ടും താഴ്ന്നു.
അവൾക്കത് ഇഷ്ടമാവുമോ എന്നൊരു ആശങ്കയോടെ തന്നെയാണ് ഹരി വിരൽ കൊണ്ടവളുടെ മുഖം ഉയർത്തിയത് .
പിടക്കുന്ന മിഴികൾക്ക് മുന്നിൽ അവനൊരു നിമിഷം നിശ്ചലമായി.
ഇഷ്ടം പറഞ്ഞതിൽ പിന്നെ ഈ മുന്നിൽ.. ഈ കണ്ണുകൾക്ക് നേരെ നിന്നിട്ടില്ല എന്നവനോർത്തു..
നീർമുത്തുകൾ തിളങ്ങുന്ന ആ മിഴിയാഴങ്ങളിൽ ഹരി അവനെയാണ് തിരഞ്ഞത്.
അവൾക്കിനിയും സമയം വേണ്ടി വരുമെന്ന് നല്ലത് പോലെ അറിയാമായിരുന്നിട്ടും അവനാ നിമിഷം അങ്ങനൊരു കാഴ്ചക്ക് വേണ്ടി ഒരുപാട് കൊതിച്ചു പോയിരുന്നു.
“ഇനിയുമെന്തിനാ പാറു കരയുന്നത്? എനിക്ക് ജീവനുണ്ടെങ്കിൽ എന്റെ മോളെ ഞാൻ കൊണ്ട് വരുമെന്ന് പറഞ്ഞതല്ലേ?”
കവിളിലേക്ക് കുതിച്ചു ചാടാനൊരുങ്ങിയ കണ്ണ് നീര് കൈകൾ കൊണ്ട് തുടച്ചു മാറ്റി ഹരി പതിയെ ചോദിച്ചു.
“കേട്ടില്ലേ നീ.. എന്റെ.. എന്റെ മോൾക്കെന്നെ എത്രമാത്രം വിശ്വസമുണ്ടെന്ന് ”
ഹരി അഭിമാനത്തോടെ അവളെ നോക്കി.
“ഇനിയെപ്പാഴാ ഈ അമ്മയെന്നെ മനസ്സിലാക്കുന്നത്.. എന്നോടൊപ്പം ചേരുന്നത്.. എനിക്കീ ശ്വാസം മുട്ടൽ സഹിക്കാൻ വയ്യെടി ”
ഹരി അവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു.
പാറു വിറച്ചു കൊണ്ടവന്റെ കയ്യിൽ അള്ളി പിടിച്ചു.
“ഒന്നും വേണ്ട.. നിനക്കിഷ്ടമില്ലാതെ നിന്റെ വിരൽ തുമ്പിൽ പോലും ഞാൻ സ്പർശിക്കില്ല. എനിക്കെന്നും നിന്നെ കണ്ടാൽ മാത്രം മതി പാറു. നീയും മോളും എന്റെ അരികിലുണ്ടായ മതിയെടി.. ആയുസ്സ് തീരുവോളം കാത്തിരിക്കും.. പക്ഷേ.. പക്ഷേ… എനിക്ക് വല്ലാതെ കൊതിയാവുന്നു പാറു..നിന്നോടൊപ്പം ചേരാൻ .”
ഹരിയുടെ സ്വരം ആർദ്രമായി.
നെഞ്ചിൽ ചേർത്ത് ആത്മാവിന്റെ ആഴമളക്കും പോലൊന്നു കെട്ടിപ്പിടിക്കാൻ ഹരിക്ക് അതിയായ മോഹം തോന്നിയിരുന്നു.
അവൾക്കതു വേദനിക്കും എന്നൊറ്റ കാരണം കൊണ്ടവൻ അവളിൽ നിന്നും അകന്ന് മാറി.
ഹൃദയമപ്പോഴും സന്തോഷത്തിന്റെ ഏറ്റവും നെറുകയിലായിരുന്നു..
❣️❣️❣️
ലല്ലുവിനെയും കൊണ്ട് സീത അടുക്കളയിലേക്കാണ് ചെന്നത്.
ലല്ലുവിന് ചായയും പലഹാരങ്ങളും എടുത്തു കൊടുത്തു.
അവളെയെത്ര അടക്കി പിടിച്ചിട്ടും മതിയാവാത്തത് പോലെ തോന്നി സീതക്ക്.
വീണു കിടക്കുന്ന പാർവതി എന്റെ മോളെ എന്നൊരു നിലവിളിയോടെ ഉണർന്നതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞൊളിച്ചിരുന്നു.
അജുവിനൊപ്പം പാതി ജീവനോടെയാണ് വീട്ടിലേക്ക് വന്നെതെങ്കിലും തളർന്നിരിക്കാൻ നേരമില്ലായിരുന്നു.
അല്ലങ്കിലും തളർച്ചകളും അവഹേളനങ്ങളുമല്ലേ മനുഷ്യന്റെ കരുത്തറിയിച്ചു കൊടുക്കുന്നത്.
ഹരിയെ രണ്ടു പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ലെന്നത് നെഞ്ചിടിപ്പ് കൂട്ടി.
പിന്നെ സഹായം ചോദിക്കാനുള്ളവൻ…
അവന്റെ ഓർമയിൽ തന്നെ ഹൃദയം വിറച്ച് തുടങ്ങിയിരുന്നു.
യാതൊരു തെറ്റും ചെയ്യാതെ.. തലകുനിച്ച് ഇറങ്ങി പോയവൻ ഹൃദയത്തിലേൽപ്പിച്ച മുറിവിൽ നിന്നും രക്തം കിനിഞ്ഞു.
ജയിലഴിക്കുള്ളിൽ വേദനിക്കുന്നവനെയോർത്തു വെന്തു നീറി.
എന്ത് വേണമെന്നറിയാതെ വീണ്ടും നിലത്തേക്ക് കുഴഞ്ഞിരുന്നു.
അജു അവന്റെ കൂട്ടുകാരെ കൂട്ടി അന്വേഷണത്തിനിറങ്ങിയിരുന്നു.
ഭ്രാന്തിയെ പോലെ പാർവതി പിച്ചും പേയും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതിനിടയിൽ ഫോണെടുത്തു കൊണ്ട് ഹരിയുടെ നമ്പറിൽ വിളിക്കുന്നതും അവനെ വിളിച്ചു കരയുന്നതും കണ്ടിട്ടാണ് ആ ഫോൺ പിടിച്ചു വാങ്ങിയത്.
ഹരി പറഞ്ഞ മറുപടി അതേപടി അവളോട് പറഞ്ഞു.
പിടിച്ചു കെട്ടിയത് പോലെ ആ കരച്ചിൽ നിന്ന് പോയി.
നിലത്തുനിന്നും എഴുന്നേറ്റു കൊണ്ടവൾ ഉമ്മറപ്പടിയിൽ പോയിരുന്നു.
കണ്ണുകളപ്പോഴും വഴിയിലേക്ക് നീണ്ടു.
ഹരി മോളെ കൊണ്ട് വരുമെന്ന് ഉറപ്പിച്ചു കൊണ്ടുള്ള ആ ഇരുത്തം.. നെഞ്ചിലെ നേരിപോടിന് മേലെയിച്ചിരി വെള്ളമൊഴിച്ചത് പോലായിരുന്നു..
“ചിറ്റയെന്താ മിണ്ടാത്തെ?”
ലല്ലു മോളാണ് തൊട്ടു വിളിച്ചത്.
“ചിറ്റേടെ പൊന്നെന്താ ചോദിച്ചത്?”
സീത അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
“ഒന്നുല്ല.. ”
ലല്ലു പിണങ്ങിയത് പോലെ അവളുടെ മടിയിൽ നിന്നും ചാടിയിറങ്ങി പോയി.
സീതയ്ക്ക് ചിരി വന്നു അവളുടെ പോക്ക് കണ്ടപ്പോൾ.
അവളും എഴുന്നേറ്റു കൊണ്ട് ഹാളിലേക്ക് ചെന്നു.
പോകും വഴി അവളുടെ മുറിയിൽ കമിഴ്ന്നു കിടക്കുന്ന കണ്ണൻ.
സീതയുടെ നെറ്റി ചുളിഞ്ഞു.
ഇതെപ്പോ വന്നു കിടന്നാവോ?
അവൾ അകത്തേക്ക് ചെന്നു.
കണ്ണടച്ച് കിടപ്പുണ്ട്.
ആ മുഖത്തേക്ക് നോക്കിയതും അവൾക്കുള്ളിൽ വീണ്ടും സങ്കടമിരമ്പി.
ഉള്ളുരുകിയാവും നടക്കുന്നത്.
എത്രയെത്ര സങ്കടങ്ങളെയാണ് അവനീ ഒറ്റ ദിവസം കൊണ്ട് നേരിട്ടത്.
അവന്റെ മുടിയിഴകളിൽ കൂടി സീതയുടെ വിരലുകൾ ഓടി നടന്നു.
അവളുടെ സാമീപ്യം അറിഞ്ഞത് പോലെ കണ്ണൻ മുഖം ഉയർത്തി നോക്കി.
അരികിലിരിക്കുന്ന അവളെ കണ്ടതും ഒറ്റ തിരിച്ചിൽ കൊണ്ടവൻ അവളുടെ മടിയിലേക്ക് മുഖം ചേർത്ത് വെച്ചു.
അത്രമേൽ ഹൃദ്യമായൊരു ചേർത്ത് പിടിക്കൽ ആഗ്രഹിക്കുന്നത് പോലെയവൻ അവളിലേക്ക് കൂടുതൽ ചുരുണ്ടു കൂടി.
വയറിൽ അമരുന്ന അവന്റെ മുഖം വിറയൽ നൽകുന്നുണ്ടെങ്കിലും… സ്വന്തമാണെന്ന് അത്രമേൽ ഉറപ്പിച്ചു കൊണ്ടവൻ കൊതിക്കുന്ന ആ സ്വാന്തനം തട്ടി മാറ്റാൻ അവൾക്കും തോന്നിയില്ല.
തുടരും

by