19/04/2026

വേനൽമഴ : ഭാഗം 07

രചന – ഭദ്ര ശ്രീ

റക്കത്തിൽ എന്തോ ഒച്ച കേട്ടാണ് ദേവകിയമ്മ കണ്ണു തുറന്നത്, കൈനീട്ടി ലൈറ്റ് ഓൺ ആക്കിയപ്പോൾ നിരുപമ ചുരുണ്ടു വളഞ്ഞു കിടന്ന് നല്ല ഉറക്കം. അമ്മ അവളുടെ ദേഹത്തു മെല്ലെ തട്ടി വിളിച്ചു നോക്കി, എവിടെ… ആന കുത്തിയാലും അവൾ ഉണരുന്ന ലക്ഷണം ഒന്നും കാണാനില്ല. എവിടെ നിന്നാ ശബ്ദം കേട്ടതെന്നറിയാൻ അവർ മുറിയുടെ ചുറ്റുപാടും കണ്ണോടിച്ചു. അപ്പോഴാണ് വീണ്ടും ഒച്ച കേട്ടത്, അമ്മ കാതോർത്തു. മുകളിൽ നിന്നാണ്. “അവര് ഇതുവരെ കിടന്നില്ലേ….?” ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ദേവകിയമ്മ സ്വയം പറഞ്ഞു, സമയം ഒന്നര കഴിഞ്ഞു. ബെഡ്ഷീറ്റ് മാറ്റി ബെഡിൽ നിന്നിറങ്ങി അവർ വാതിൽ തുറന്നു പുറത്തിറങ്ങി. സ്റ്റെയർ കയറി മുകളിലേക്ക് പോയി, “മുറിയിൽ ലൈറ്റ് ഇല്ല, ഈ വാതിലും തുറന്നിട്ട് പിള്ളേർ ഇതെന്താ തട്ടി താഴെയിടുന്നേ….” മുറിയിലേക്ക് കയറി ദേവകിയമ്മ ലൈറ്റ് ഇട്ടതും ടേബിളിൽ നിന്ന് ടിങ്കു എടുത്തു ചാടിയതും ഒരുമിച്ചായിരുന്നു. നോക്കിയപ്പോൾ ലാപ്ടോപ് മേശമേൽ നിന്ന് താഴെ വീഴാൻ പാകത്തിനിരിക്കുന്നു,

“എന്റെ കൃഷ്ണാ… ഈ പൂച്ച…..” വേഗം ചെന്ന് ലാപ്ടോപ് എടുത്തു മാറ്റി ഡ്രായറിലെക്ക് വച്ചു, താഴെയിറങ്ങിയ പൂച്ചയെ കൈയിലെടുത്തപ്പോഴാണ് നിരഞ്ജന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന അനുവിനെ അമ്മ കണ്ടത്. ഒരു നിമിഷം പുഞ്ചിരിയോടെ അവരെ നോക്കി നിന്നുപോയി അവർ. ബെഡ്ഷീറ്റ് എടുത്തു ഇരുവരെയും പുതപ്പിച്ച് ലൈറ്റ് ഓഫ് ചെയ്തു കതവും ചാരിയാണ് അമ്മ പൂച്ചയെയും കൊണ്ട് താഴേക്ക് പോന്നത്. കുട്ടികൾ സന്തോഷമായിരിക്കുന്നു എന്നത് അവരുടെ മനസ്സിൽ ഒരു സംതൃപ്തി നിറച്ചു.

മഞ്ഞുമൂടിയ ഒരു പുലർകാലം. കോടമഞ്ഞിന്നിടയിലൂടെയെത്തിയ സൂര്യരശ്മി പുൽതുമ്പുകളിലെ മഞ്ഞിൻകണങ്ങളിൽ തട്ടി വജ്രം പോലെ തിളങ്ങി. കുളിർകാറ്റിൽ ഇമചിമ്മിയ പൂനിറങ്ങൾ ഇളകിയാടി സുഗന്ധം പടർത്തി, കാതിന് കുളിർമയേകി മന്ദമൊഴുകുന്ന അരുവിയും ഇമ്പമേകി കുയിൽപാട്ടും. ഇളം മഞ്ഞ ഫ്രോക്ക് ധരിച്ച് അനു ഒരു പൂമ്പാറ്റയെ പോലെ എങ്ങും പാറിനടന്നു. മരങ്ങളുടെ ഇലകളിൽ നിന്നൂർന്നുവീണ മഞ്ഞുതുള്ളികൾ അവളുടെ മുഖത്ത് പുതിയ പ്രണയകാവ്യമെഴുതി. പുഞ്ചിരിക്കും പനിനീർപൂവ്പോൽ അവൾ വണ്ടുകളോട് കിന്നാരം മൂളി. തത്തിയെത്തിയ കാറ്റും അലസമായ് കിടന്ന അവളുടെ മുടിയിഴകളിൽ വിരലോടിച്ചു. ഭൂമിയുടെ മൊത്തം സൗന്ദര്യത്തെയും ആവാഹിക്കാനെന്ന പോലെ അനു തന്റെ ഇരുകൈകളെയും വിടർത്തി വട്ടം കറങ്ങി, അവൾക്ക് ചുറ്റും പല വർണത്തിൽ ശലഭങ്ങൾ പാറിപറന്നു. പെട്ടെന്ന് അവളുടെ കൈകൾ നിശ്ചലമായി, കണ്ണുകൾ പിടഞ്ഞു.

ഹൃദയം പടപടാ മിടിച്ചു, അവൾ ചുറ്റുപാടും നോക്കി, മൂടൽമഞ്ഞു വകഞ്ഞുമാറ്റി അവൾ ആരെയോ തേടി. നൊടിയിൽ അവളുടെ കണ്ണുകൾ ഒരു ബിന്ദുവിൽ നിശ്ചലമായി. അവ്യക്തമായി അവൾ കണ്ടു, ആ ഇലപൊഴിക്കുന്ന ചുവന്ന പട്ടാടയണിഞ്ഞ വാകചുവട്ടിൽ നിൽക്കുന്ന അവനെ…. അവളുടെ കാലുകൾ വേഗത്തിൽ അവിടേക്ക് ചലിച്ചു, ഓടിയവനരികിൽ എത്തുമ്പോൾ അനു കിതക്കുന്നുണ്ടായിരുന്നു. പിന്തിരിഞ്ഞു നിക്കുന്ന അവന്റെ തോളിൽ കൈവക്കുമ്പോൾ ഉള്ളിലെ പെരുമ്പറ മുഴക്കം വിറയലായി വിരലുകളിലേക്കും ബാധിച്ചിരുന്നു. അവൻ അവൾക്ക് നേരെ തിരിഞ്ഞു.അനു ഒന്ന് ഞെട്ടി, ചുണ്ടുകൾ വിറച്ചു, കൈ പിൻവലിച്ചു കൊണ്ട് അവൾ പറഞ്ഞു. “അച്ചുവേട്ടൻ……” അവൾ പിൻവലിക്കാൻ ശ്രമിച്ച അവളുടെ വിരലുകളെ അവൻ തന്റെ കൈയാൽ ഗ്രഹിച്ചുകൊണ്ട് മറുകൈ ഇടുപ്പിൽ ചുറ്റി അവനെ തന്നോട് ചേർത്തു പിടിച്ചു. അവന്റെ ശ്വാസം പോലും അവളോടെന്തോ മന്ത്രിക്കും പോലെ…. അവന്റെയും അവളുടെയും ഹൃദയതാളം കുയിൽനാദത്തോടും കുരുവിപാട്ടിനോടുമിടഞ്ഞ് പുതിയപ്രേമഗീതമായ് ഒഴുകി… അവളുടെ പിടക്കുന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കി അവൻ പറഞ്ഞു.

“കാലങ്ങളായി അമ്മൂ നിന്നെ ഞാൻ സ്നേഹിക്കുന്നു, എത്രയോ ജന്മങ്ങളായി നിന്നെയും തേടി ഞാൻ അലയുന്നു….. എന്റെ പ്രണയമാണ് ഇന്ന് നിന്നെയെന്നോട് ചേർത്തു വച്ചത്, ഇനിയീ ലോകത്തിൽ ഒന്നിനുവേണ്ടിയും നിന്നെ വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ല, നിന്നെ ഇനി എന്നിൽ നിന്നും വേർപെടുത്താൻ ഒരു ശക്തിയെയും ഞാൻ അനുവദിക്കുകയുമില്ല…. ” അവന്റെ ഓരോ വാക്കുകളും ദൂരെയെവിടെ നിന്നോയെന്ന പോലെ അവിടെ സ്രവിച്ചു, അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കവേ ഈ ലോകം ഒന്നാകെ ആ മിഴിക്കോണുകളിലായി ചുരുങ്ങിയ പോലെ… അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർക്കവേ അവളുടെ മിഴികൾ താനേ അടഞ്ഞു, പക്ഷെ അവളുടെ ചെവിയിൽ മുഴങ്ങിയത് ക്ലോക്ക് അലാറത്തിന്റെ കിർർർർ…. എന്നുള്ള ശബ്ദവും….. ചാടിപ്പിടഞ്ഞെണീറ്റ് അനു കണ്ണുകൾ അമർത്തിതിരുമി അവൾ ചുറ്റും നോക്കി. മൂടൽമഞ്ഞും ഇല്ല പൂക്കളും ഇല്ല വാകമരവും ഇല്ല പൂമ്പാറ്റയും ഇല്ല, നിരഞ്ജൻ മാത്രം കൈയിൽ ക്ലോക്കും പിടിച്ച് അവളെ നോക്കി നിൽപ്പുണ്ട്.

എന്താ ഇപ്പൊ ഇങ്ങനെ ഒരു സ്വപ്നം എന്ന് ചിന്തിക്കും മുന്നേ നിരഞ്ജന്റെ ഒച്ച അവളുടെ കാതിൽ മുഴങ്ങി. “എഴുന്നേൽക്ക് അമ്മൂ, റെഡിയായി താഴേക്ക് വാ… നമുക്ക് പോണ്ടേ….” “ഈ കൊച്ചുവെളുപ്പിന് എങ്ങോട്ട് പോവാനാ….” അവളുടെ സ്വരം ദയനീയമായിരുന്നു. “ജോഗിങ്ങിന് പോണ്ടേ…. കമോൺ ഡാ എഴുന്നേറ്റേ…” മുഷ്ടി ചുരുട്ടി ഓടുന്ന പോലെ ആംഗ്യം കാട്ടിക്കൊണ്ട് നിരഞ്ജൻ വാതിൽ തുറന്നു പുറത്തേക്ക് പോയപ്പോൾ തലയിൽ കൈവച്ച് കൊണ്ട് ബെഡിൽ നിവർന്നിരുന്ന് കൊണ്ട് അനു പുലമ്പി. “ഇത് എന്തിന്റെ കുഞ്ഞാണോ ന്റെ ദേവീ…. ഇങ്ങേർക്ക് വട്ട് മൂത്തു പ്രാന്തായതാണോ അതോ പ്രാന്ത് മൂത്ത് വട്ടായതാണോ…?” സ്റ്റെപ്പിറങ്ങി താഴേക്ക് വന്നപ്പോൾ നിരഞ്ജനെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. ഹാളിൽ നിന്ന് പുറത്തേക്ക് വന്ന അനു കണ്ടത് മുറ്റത്ത് പുഷ്അപ്പ്‌ എടുക്കുന്ന അവനെയാണ്, അതോടെ അവൾക്ക് ഏറെകുറെ മനസിലായി. “നിന്റെ അവസാനമായി അമ്മാളുവേ….” അവൾ സ്വയം പറഞ്ഞു. പക്ഷെ അവൾക്ക് അന്ന് അവനോടൊപ്പം ഓടിയെത്താൻ അധികം പ്രയാസം തോന്നിയില്ല.

അവന്റെ കൂടെയെത്താൻ വേണ്ടി അവൾ ഓടുമ്പോഴും മനസ്സിൽ പുലർച്ചെ കണ്ട സ്വപ്നമായിരുന്നു, അവൾ നിരഞ്ജനെ നോക്കി. ജുറാസിക് പാർക്കിലെ ദിനോസറിനെ പോലെ അങ്ങേര് ഒടുക്കത്തെ ഓട്ടം…. വീട്ടിലെത്തി എല്ലാം കഴിഞ്ഞ ദിവസത്തെ പോലെ വീണ്ടും ആവർത്തിക്കപ്പെട്ടു. പക്ഷെ ക്യാരറ്റ് ജൂസ്നു പകരം തിളപ്പിച്ച പാലും പുഴുങ്ങിയ മുട്ടയും എന്ന് മാത്രം. “അല്ല പാല് കുടിക്കൂല ന്ന് പറഞ്ഞിട്ട്….” അനു നിരഞ്ജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. “ഞാൻ രാത്രി കുടിക്കൂലാ ന്നാ പറഞ്ഞെ….” “എനിക്ക് പാല് ഇഷ്ടല്ല….” “അതിൽ പ്രസക്തി ഇല്ല, നീ ഇത് കുടിച്ചിട്ട് പോയാ മതി…” തർക്കിച്ചിട്ട് കാര്യമില്ല എന്ന് മനസിലായപ്പോൾ അനു മനസില്ലാമനസോടെ പാൽ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു. അവൾ പാല് കുടിക്കുന്ന ഗ്യാപ്പിൽ നിരഞ്ജൻ മുട്ട തോട് കളയുകയായിരുന്നു, പാല് കുടിച്ച് തീർന്ന ഉടനെ മുട്ടയും കൂടി കഴിപ്പിച്ചിട്ടാണ് അവളെ അവൻ വിട്ടത്. സ്റ്റെയർ കയറി മുകളിലേക്കു പോകുമ്പോൾ അവൾ മനസ്സിൽ കണക്കുകൂട്ടി. “തന്റെ ജീവൻ എന്റെ കൈകൊണ്ടാണെടോ കാലാ….” ഉള്ളിലെ ദേഷ്യം പുറത്തു കാണിക്കാൻ പറ്റാത്തതിലുള്ള നിരാശയോടെ അവൾ കുളിമുറിയിലേക്ക് നടന്നു.

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു, അനു നിരഞ്ജന്റെ വീട്ടിലെ സ്വന്തം കുട്ടിയായി മാറിയിരുന്നു ഈ ദിവസങ്ങൾ കൊണ്ട്. കാണാൻ തോന്നുമ്പോഴോക്കെ ഓടിയെത്തുന്ന അച്ഛനും അനുവിന് ആശ്വാസമായിരുന്നു. ഇതിനോടകം അനുവും നിരഞ്ജനുമിടയിൽ ഒരു ശീതസമരത്തിന്റെ മതിൽക്കെട്ടുയർന്നു പൊങ്ങിയിരുന്നു, രാവിലെ ഉറങ്ങാൻ സമ്മതിക്കാത്തതിനും നടക്കാൻ കൊണ്ട്പോവുന്നതിനും ഇഷ്ടമില്ലാത്തത് തീറ്റിക്കുന്നതിനുമൊക്കെ ഉള്ളിൽ വല്ലാത്ത അമർഷം നിരഞ്ജനോട് അനുവിന് ഉണ്ടായിരുന്നുവെങ്കിലും പുറമെ പ്രകടിപ്പിച്ചില്ല. എങ്കിലും അവർക്ക് മാത്രം മനസിലാകാൻ പാകത്തിന് അവർക്കിടയിൽ ഒരു ഭാഷയുണ്ടായിരുന്നു, ചിരിയിലൂടെയും നോട്ടത്തിലൂടെയും കേവലം ചെറിയ വിരൽലനക്കത്തിലൂടെ പോലും പരസ്പരം വിഷമങ്ങളും ടെൻഷനും സന്തോഷവുമൊക്കെ മനസിലാക്കാൻ അവർക്കാകുമായിരുന്നു, അവർ നല്ല സുഹൃത്തുക്കൾ കൂടിയാവുകയായിരുന്നു….

രാവിലെ അനു ഉണർന്നപ്പോൾ 6 മണി ആകാറായിരുന്നു, നിരഞ്ജൻ മുറിയിലില്ല. അവൾക്ക് അത്ഭുതം തോന്നി, സാധാരണ തന്നെ ഉറങ്ങാൻ സമ്മതിക്കാത്തതാണല്ലോ അങ്ങേരുടെ മെയിൻ ഹോബി. അവൾ മുറി തുറന്നു താഴേക്ക് ഇറങ്ങി, അമ്മ അടുക്കളയിലാണ്, “അമ്മേ…. ഏട്ടൻ എവിടെ….. ന്തേ എന്നെ വിളിക്കാതിരുന്നത്…..?” അവൾ ഉറക്കച്ചടവോടെ കോട്ടുവായ്‌ ഇട്ടുകൊണ്ട് അമ്മയോട് ചോദിച്ചു. “നീ ഉണരുമ്പോൾ നിന്നോട് റെഡിയായി നിക്കാൻ പറഞ്ഞു അവൻ, മോള് പോയി കുളിച്ചു വാ….” ങേ…. റെഡി ആയി നിന്നിട്ട് എവിടെ പോവാൻ…. അവൾ ഓരോന്ന് ആലോചിച്ചു കുളിമുറിയിലേക്ക് നടന്നു. അവൾ കുളിച്ചിറങ്ങിയപ്പോൾ തന്നെ നിരഞ്ജൻ എത്തിയിരുന്നു. അവൾ നേരെ അടുക്കളയിൽ പോയി തേങ്ങ ചിരകാനും കറി വയ്ക്കാനുമൊക്കെയുള്ള വട്ടം കൂട്ടി. എന്നും എട്ടു മണിക്ക് ചായ കുടിക്കുന്ന അവൻ ഇന്ന് ഏഴരക്ക് തന്നെ ടേബിളിൽ ഹാജരായിരുന്നു. അനു ടേബിളിൽ എല്ലാം എടുത്തു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു, “എങ്ങോട്ടാ നീ രാവിലെ തന്നെ…..?” അമ്മ ചോദിച്ചു.

“ഇവളെ കോളേജിൽ ആക്കിട്ടു വേണ്ടേ എനിക്ക് ഡ്യൂട്ടിക്ക് പോകാൻ…. അതോണ്ട് ഇച്ചിരി നേരത്തെ ഇറങ്ങാം ന്ന് കരുതി…..” അനു ഞെട്ടി, വല്ലാണ്ട് ഞെട്ടി. നിരഞ്ജന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം അവൾ സ്വപ്നെപി പ്രതീക്ഷിച്ചിരുന്നില്ല. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിൽക്കുന്ന അവളെ നോക്കി അമ്മ നിരഞ്ജനോട് ചോദിച്ചു. “നീ അവളോട് പറഞ്ഞില്ലല്ലെ…..” “ഏയ്‌ ഇല്ല സർപ്രൈസാ….” ചായ ഊതി കുടിക്കുന്ന അവന്റെ ഒടുക്കത്തെ എക്സ്പ്രെഷൻ…. ദൈവമേ ഇങ്ങേരുടെ സർപ്രൈസ് കൊണ്ടാവോ ന്റെ അവസാനം…. അനു മനസ്സിൽ വിതുമ്പി. “കോളേജിൽ പോവല്ലേ മോളെ… അപ്പൊ നീയും ഇരിക്ക്, ഞാൻ വിളമ്പിതരാം…..” അമ്മയുടെ നിർദേശപ്രകാരം നിരഞ്ജന്റെ കൂടെ അനുവും കഴിക്കാനിരുന്നു, കഴിച്ചെഴുന്നേറ്റ് അനു റൂമിലേക്ക് പോയി.

പിന്നാലെ നിരഞ്ജനും. “എന്താ കോളേജിൽ പോണ കാര്യം എന്നോട് പറയാത്തത്…..?” “താൻ നല്ല ഉറക്കം ആരുന്നു അതാ ഡിസ്റ്റർബ് ചെയ്യണ്ടാ ന്ന് കരുതി…..” “ഓ ശല്യം ചെയ്യാത്ത ഒരാള്….” “അമ്മു എന്തേലും പറഞ്ഞോ….” “ഏയ്‌… ഞാൻ… അത്… വിളിച്ചുണർത്തിക്കൂടായിരുന്നോ ന്ന് ചോദിച്ചതാ…. എന്നാലും ഇന്നലെ പറയാമായിരുന്നില്ലേ…..?” “ഇന്ന് രാവിലെയാ എനിക്ക് ഈ ഐഡിയ തോന്നിയത്…..” “ആണോ അതേതായാലും നന്നായി……” ഉള്ളിൽ അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും അനു പുറമെ പുഞ്ചിരിച്ചു. നിരഞ്ജൻ തന്റെ കപ്ബോർഡ് തുറന്നു ഒരു ഇളം മഞ്ഞ ഡ്രസ്സ്‌ എടുത്തു കൊടുത്തിട്ട് പുറത്തേക്ക് ഇറങ്ങിപോയി, അവൻ പോകുന്നതും നോക്കി അവളൊന്നു നിന്നു. ശേഷം അവൻ തന്ന ഡ്രസ്സ്‌ നിവർത്തി നോക്കിയ അനു ഞെട്ടിപോയി. കുറച്ചു ദിവസങ്ങൾക്ക് മുന്നേ അവൾ കണ്ട സ്വപ്നത്തിൽ ധരിച്ചിരുന്ന അതേ ഇളം മഞ്ഞ ഫ്രോക്ക്, അതിലെ ചെറിയ വെള്ളപ്പൂക്കൾ കൂടുതൽ ഭംഗിയേകി.

ഒരു നിമിഷം കൊണ്ട് അവളുടെ മനസ്സിൽ ആ കോടമഞ്ഞും വാകമരവും നിരഞ്ജനും കടന്നുവന്നു. ഇതിനും മുൻപ് ഞാൻ അവനെ എവിടെയാണ് കണ്ടത്……. അനു ആലോചിച്ചു, അപ്പോഴേക്കും താഴെ നിന്ന് വിളി വന്നിരുന്നു. “അമ്മൂ….. താൻ ഇത് വരേ റെഡിയായില്ലെ……” “ആ ദേ ഞാൻ വരുന്നു…..” അവൾ ആ മഞ്ഞ ഫ്രോക്ക് അണിഞ്ഞു, മുടി ചീകി വിടർത്തിയിട്ട് ഒരു ഭംഗിയുള്ള ബോ വച്ചു. കണങ്കാലിനു മുകളിൽ നിൽക്കുന്ന ഫ്രോക്ക് അവളുടെ കാലിലെ സ്വർണക്കൊലുസിന് കൂടുതൽ അഴകേകി…. പെട്ടെന്ന് നിരഞ്ജൻ മുറിയിലേക്ക് വന്നതും അനു തിരിഞ്ഞതും ഒരുമിച്ചായിരുന്നു. അവളെ കണ്ടതും അവൻ ഒരു നിമിഷം അങ്ങനെ നിന്നുപോയി, കാരണം അവളാ ഡ്രെസ്സിൽ അത്രയും ഭംഗിയായിരുന്നു, അനുവിന്റെ ബാർബിയെ പോലെ. ഇരുവരുടെയും മിഴികൾ തമ്മിൽ പുണർന്നു. മതിമറന്നവൻ തന്നെ നോക്കിനിൽക്കുന്നത് കണ്ടു പ്രജ്ഞയറ്റവളെപോലെ അനു നിന്നു. സ്വയബോധം വീണ്ടെടുക്കാൻ അവർക്ക് നിമിഷങ്ങൾ വേണ്ടി വന്നു.

“നീ റെഡിയായോ…..” “ഹ്മ്മ്മ്….” “എങ്കി താഴേക്ക് പോരെ….” കാർകീയും എടുത്തു നിരഞ്ജൻ താഴേക്ക് പോയി, പിന്നാലെ ബാഗും ഫോണും എടുത്തു അനുവും. താഴേക്ക് വന്നപ്പോൾ അവിടെ എല്ലാരും സംസാരിച്ചിരിക്കുകയായിരുന്നു. “ഏട്ടത്തിക്ക് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്, ഇപ്പൊ കണ്ടാ എന്റെന്നും ചെറിയ കുട്ടിയാണെന്നെ തോന്നൂ…..” നിരുപമ പറഞ്ഞു. “ശരിയാ ഇവൾക്ക് ചുരിദാറിനേക്കാൾ ഭംഗി ഇതാ…. ” അമ്മ കൂടി നിരുപമയെ പിന്താങ്ങിയതോടെ എല്ലാവരും അത് ശരി വച്ചു. നിരഞ്ജൻ ഹോൺ അടിച്ചപ്പോൾ അവളോടിപ്പോയി കാറിൽ കയറി എല്ലാവർക്കും ടാറ്റ കാട്ടി. ഡ്രൈവിംഗ് സീറ്റിൽ നിന്ന് തല പുറത്തിട്ടു നിരഞ്ജൻ പിള്ളേരോട് ചോദിച്ചു. “അല്ല, രണ്ടും കൂടി ഇതെന്ത് നിൽപ്പാ ഈ നിക്കണേ… സ്കൂളിൽ പോണില്ലേ രണ്ടാളും….” “ഞങ്ങൾ ഇന്നും കൂടി ലീവാ…..” “ലീവോ… മര്യാദക്ക് പഠിക്കാൻ പൊക്കോണം… പറഞ്ഞില്ലന്ന് വേണ്ട…..” “അമ്മേ…..” നിരുപമ അമ്മയോട് ചിണുങ്ങി. “ഓ എന്നോടൊന്നും പറയണ്ട, ഒരുങ്ങി സ്കൂളിൽ പോവാൻ നോക്ക്….” അമ്മ കൂടി കൈയൊഴിഞ്ഞതോടെ രണ്ടാളും നിരാശയോടെ വീടിനുള്ളിലേക്ക് കയറുന്നതും കണ്ടു നിരഞ്ജൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. 💫തുടരും 💫