The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
“മ്മ്.. ന്തേ ഇങ്ങനെ നോക്കുന്നേ?”
അർജുൻ ചോദിച്ചു.
മ്മ്ഹ്ഹ്..ഒന്നുല്ല ”
നിരഞ്ജന അവന് മുഖം കൊടുക്കാതെ തിരിഞ്ഞിരുന്നു.
നേർത്തൊരു ചിരിയോടെ അർജുൻ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.
തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ടവളെ അവനോട് ചേർത്തു.
“പോയാലും ഞാൻ തിരിച്ചു വരുമല്ലോ നിമ്മി. നിനക്ക് വേണ്ടി എനിക്ക് വന്നല്ലേ പറ്റൂ ”
ആ സങ്കടമറിഞ്ഞത് പോലെ അർജുൻ പറഞ്ഞു.
ചുണ്ട് കൂട്ടി പിടിച്ചു കൊണ്ടവൾ അവനെ നോക്കാതെ തലയാട്ടി.
“ഇന്നോ നാളെയോ പോകുമെന്നല്ല നിമ്മി. പോവും എന്നാ ഞാൻ പറഞ്ഞത്. അതൊന്ന് അറിയിക്കാൻ ഓടി വന്നതല്ലേ ഞാൻ..”
അർജുൻ അവളുടെ തോളിൽ തട്ടി.
നിമ്മി.. അപ്പോഴും ഒന്നും മിണ്ടാതെയിരുന്നു.
നെഞ്ചിലൊരു കടലിരുമ്പുന്നു.
അതിന്റെ പിടച്ചിൽ അവനെ അറിയിക്കരുതെന്ന് തോന്നിയവൾക്ക്.
“കുറെ നാള് കൂടി കാണുന്നതല്ലേ നിമ്മി നമ്മള്. ഇങ്ങനെ മിണ്ടാതെയിരിക്കല്ലേ. എനിക്ക്… എനിക്കെന്തോ പോലെ. നോവുന്നെടി..”
അർജുൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് പറഞ്ഞു.
“കാണാതിരിക്കുന്നതിനെ കുറിച്ച് എനിക്കോർക്കാനെ വയ്യ അജു ”
അവളവന്റെ നെഞ്ചിലൊതുങ്ങി.
“എനിക്കും ”
അവന്റെയും ശബ്ദം ചിതറി.
“പക്ഷേ പോയല്ലേ പറ്റൂ. നിരഞ്ജനയെ ഞാൻ സ്നേഹിക്കുന്നു.. അവളെയെനിക്ക് തരൂ.. ഞാനെന്റെ ജീവനെ പോലെ സംരക്ഷിച്ചുകൊള്ളാമെന്ന് നിന്റെ അച്ഛന് മുന്നിൽ വന്നു നിന്നിട്ട് പറയണ്ടേ എനിക്ക്. അതിന് നിനക്കൊപ്പം ചേർത്ത് വെക്കാനാവുന്ന സ്റ്റാന്റേർഡ് വേണ്ടേടിയെനിക്ക്?”
അർജുൻ കണ്ണടച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു.
നിമ്മി അപ്പോഴും അവനിൽ നിന്നും അകന്ന് മാറിയില്ല.
“വിശേഷങ്ങളെല്ലാം നീയും അറിഞ്ഞു കാണുമല്ലോ? സീതേച്ചിയും വല്യേച്ചിയും ഇപ്പഴേ നാത്തൂൻ പെണ്ണിനെ സ്നേഹം കൊണ്ട് മൂടുവല്ലേ”
ഉള്ളിലെ ആഹ്ലാദം മറച്ചു വെക്കാതെ തന്നെ അർജുൻ പറഞ്ഞു.
“അസൂയ… വെറും അസൂയ ”
നിമ്മി ചാടി എഴുന്നേറ്റു കൊണ്ടവനെ തുറിച്ചു നോക്കി.
“അതേലോ.. അസൂയ തന്നെ. അവരെന്റെ മാത്രം ചേച്ചിമാരായിരുന്നു. നീ തട്ടി എടുത്തില്ലേ? ഇപ്പോഴവർക്ക് എന്നേക്കാൾ പ്രിയം നിന്നോടാണ്”
അത് പറയുബോഴും അർജുൻ ചിരിക്കുകയാണ്.
അവൻ വീണ്ടും നിമ്മിയുടെ കൈ പിടിച്ചിട്ട് അടുത്തേക്ക് തന്നെയിരുത്തി.
“എനിക്കെന്ത് സന്തോഷമാണെന്നറിയോ നിമ്മി.. ആ സ്നേഹം കാണുമ്പോൾ? ”
അർജുൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
“എനിക്കറിയാം അജു.. ഒന്നുമില്ലേലും എന്റെ സീതേച്ചിയും വല്യേച്ചിയും കൂടി വളർത്തിയ ഗുണം.. അത് കാണാതിരിക്കില്ലല്ലോ ”
നിമ്മി അവന്റെ കവിളിൽ പിടിച്ചു വലിച്ചു.
“ആഹ്.. വേദനിക്കുന്നു പെണ്ണെ. ”
അർജുൻ അവളെ നോക്കി കണ്ണുരുട്ടി.
“ഞഞ്ഞായി ”
നിമ്മി പുച്ഛത്തോടെ അവനെ നോക്കി ഇളിച്ചു കാണിച്ചു.
“എന്ത് പറഞ്ഞിട്ടാ വീട്ടീന്ന് ചാടിയേ?”
അർജുൻ ചോദിച്ചു.
നിമ്മിയുടെ മുഖം വാടി.
“എന്തൊക്കെയോ പറഞ്ഞു”
അവളുടെ മുഖം വാടി…
“പേടിയുണ്ടോ നിമ്മി നിനക്ക്?”
അർജുൻ അലിവോടെ ചോദിച്ചു.
അവളുടെ വീട്ടിലെ എതിർപ്പ് അവനറിയാവുന്നതാണ്.
“എനിക്ക് നിന്റെ സ്നേഹത്തിൽ വിശ്വാസമുണ്ട്.നമ്മളൊന്നിക്കുമെന്ന് നല്ല ഉറപ്പുമുണ്ട് .”
അങ്ങനെയാണവൾ മറുപടി പറഞ്ഞത്.
“കൂടി വന്നാ ഒരു വർഷം.. അതിനുള്ളിൽ എന്ത് സംഭവിച്ചാലും ഞാൻ നിന്നെ തിരഞ്ഞു വരും.. കാത്തിരിക്കണം ”
അർജുന്റെ സ്വരം പതിഞ്ഞു.
“എനിക്ക് ജീവനുണ്ടെങ്കിൽ അർജുന്റെ പെണ്ണായി ജീവിച്ചാൽ മതി ”
നിമ്മിയുടെ വാക്കുകൾ ദൃഡ്ഢമായി.
“ഒട്ടും സഹിക്കാൻ വയ്യെങ്കിൽ എന്നോട് തുറന്നു പറയാൻ മടിക്കരുത്. നീ പറഞ്ഞാലേ എനിക്കിവിടെയുള്ള സിറ്റുവേഷൻ അറിയൂ. ഇവിടുള്ളവരുടെ പ്രഷർ കൂടി വരുമ്പോൾ…”
അർജുൻ അവളുടെ കൈ വിരലുകൾ തലോടി.
നിമ്മി പിടച്ചിലോടെ അവനെ നോക്കി.
“ഞാൻ ഉപേക്ഷിച്ചു കളയുമെന്നാണോ അജു?”
അവൾ വേദനയോടെ ചോദിച്ചു.
“മ്മ്ഹ്ഹ് ”
അവൻ വീണ്ടും അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു.
“നീ ഇല്ലാത്ത ഈ ലോകം എനിക്ക് മുന്നിൽ ശൂന്യമാണ്. നരകിച്ചു ജീവിക്കാൻ എന്നെ തനിച്ചാക്കി പോവുന്ന തീരുമാനങ്ങളൊന്നും എടുക്കരുത്. എന്ത് സഹിച്ചിട്ടായാലും.. എത്ര കാത്തിരുന്നിട്ടായാലും നിന്നെ ഞാൻ നേടിയെടുക്കും.”
നിമ്മി ഇമ വെട്ടാതെ അവനെ നോക്കി.
“എന്നെ ഉപേക്ഷിച്ചു നീ മറ്റൊരാൾക്ക് സ്വന്തമാവും എന്നെനിക്ക് തോന്നുന്നില്ല.. അതിനെക്കാൾ എളുപ്പമാണ് നിനക്ക് നിന്റെ ജീവനുപേക്ഷിക്കാൻ. അതൊന്ന് ഓർമിപ്പിച്ചു തന്നതാ ഞാൻ.. നീ എന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം നിമ്മി ”
അവന്റെ കൈകളിൽ നിമ്മി നിർവൃതിയോടെ പതുങ്ങി..
അർജുൻ വിളിച്ചിട്ട് വന്നതാണ് നിമ്മി. കണ്ണൻ പറഞ്ഞത് പോലെ… അവൻ തിരികെ ബാഗ്ലൂരിലേക്ക് പോകുമ്പോൾ ആ കൂടെ പോവാൻ തന്നെ അർജുൻ തീരുമാനമെടുത്തിരുന്നു.
നിമ്മിയിലേക്കെത്താൻ താനൊരുപാട് കടമ്പകൾ ചാടി കടക്കേണ്ടി വരുമെന്ന് അവനുറപ്പുണ്ടായിരുന്നു.
അത്രമേൽ വാശിയിലാണ് അവൾടെ ഫാമിലി മൊത്തം.
അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ നിമ്മിയെ അർജുൻ പ്രണയിച്ചത് തന്നെ അവർക്ക് മുന്നിൽ വലിയൊരു അപരാതമാണ്.
ഫാമിലിയിൽ തന്നെയുള്ള ഒരാളുടെ വിവാഹന്വേഷണം നിമ്മിക്ക് നേരെ നീണ്ടപ്പോൾ അവൾ തന്നെയാണ് അർജുന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചത്.
അന്ന് മുതലുള്ള എതിർപ്പ് അൽപ്പം പോലും കുറയാതെ അവരിൽ ഇന്നുമുണ്ട് എന്നയോർമ രണ്ടു പേരെയും നോവിക്കുന്നുണ്ട്.
എന്നിലേക്ക് നീ തിരികെ വരില്ലേ.. എന്നൊരു ഭയത്തെ നിരഞ്ജന മനസ്സിലൊതുക്കി പിടിക്കുമ്പോൾ…
തിരഞ്ഞു ഞാൻ വരുമ്പോൾ.. എനിക്ക് വേണ്ടി നീ ഉണ്ടാവില്ലേ എന്നൊരു ഭയം അർജുനെയും വേദനിപ്പിച്ചു..
ഒരുമിച്ച് കൈകോർത്തു നടന്നു തീർത്തവഴികൾ..മനസ്സിൽ നോവായി മാറും.
ഇനിയുമീ വഴിയിലോർമ്മകൾ ചിതറി തെറിച്ചിടും..
അതിലെല്ലാമവർ തമ്മിൽ തിരഞ്ഞിടും..
നോവറ്റ് പിടഞ്ഞും… കാത്തിരുന്നു കുഴഞ്ഞും… ഉറക്കമില്ലാതെ ഇനിയനേകം രാത്രിയിൽ കണ്ണീർ പൊഴിച്ചിടും..
തളരുമ്പോൾ താങ്ങായി തുണയായി തണലായി തമ്മിൽ കൊതിച്ചിടും.
ഉള്ളിലെ പ്രണയചൂടിൽ ഉരുകി തീരുമ്പോഴും.. തമ്മിലണയുന്നാ നാളോർത്തു കുളിരണിഞ്ഞിടും…
അർജുൻ നിമ്മിയെ ചേർത്ത് പിടിച്ചിരുന്നു.
❣️❣️❣
ഒട്ടും പ്രതീക്ഷിക്കാതെ ഹരിക്കൊപ്പം സീതയെ കൂടി കണ്ടതോടെ റിമിയിലൊരു പരവേശമുണ്ടായിരുന്നു.
കൂടിയിരുന്നവർക്കെല്ലാം ഒറ്റ നോട്ടം കൊണ്ടത് മനസ്സിലായിട്ടും.. അവരുടെ കണ്ണുകളിൽ പോലും അങ്ങനൊരു ഭാവം തോന്നിപ്പിച്ചില്ല.
സീതയാവട്ടെ… അത് വരെയുള്ളതൊന്നും ഓർമയിൽ തന്നെ ഇല്ലാന്നുള്ളത് പോലാണ് സംസാരിക്കുന്നത് മുഴുവനും.
ഒരക്ഷരം മിണ്ടാതെ.. ചുവരിലേക്ക് മുഖം തിരിഞ്ഞു കിടക്കുന്ന റിമിയെ കൂടി ഉൾപെടുത്തിയാണ് അവരുടെ സംസാരം തുടരുന്നത്.
അവൾ മറുപടി പറയില്ലെന്ന് ഉറപ്പുണ്ടായിട്ട് കൂടിയും.. കുഞ്ഞു കുഞ്ഞു ചോദ്യങ്ങൾ റിമിക്ക് നേരെയും പാറി വീണിരുന്നു.
കണ്ണടച്ച് കിടക്കുന്നുണ്ടെങ്കിലും റിമിക്കുള്ളിൽ കുറ്റബോധത്തിന്റെയൊരു ആഴി കലങ്ങിമറിയുന്നുണ്ട്.
അതവർ അറിയുന്നുമുണ്ട്.
ജോൺ റിമിയുടെ മമ്മയെ വിളിച്ചു കാര്യങ്ങളെല്ലാം അവർക്ക് ഉൾകൊള്ളാൻ പാകത്തിന് പറഞ്ഞു കൊടുത്തിരുന്നു.
അയാൾ തന്നെ യാണ് അവരെ ഫോണിൽ വിളിച്ചിട്ട് ആ ഫോൺ റിമിക്ക് നേരെ നീട്ടിയത്.
ആദ്യം അതിലേക്ക് നോക്കുക കൂടി ചെയ്യാതിരുന്നവൾ.. യാതൊരു പരിഭവവും കൂടാതെ ജോൺ വീണ്ടും വിളിച്ചു കൊണ്ട് ആ ഫോൺ നീട്ടുമ്പോൾ അറിയാതെ തന്നെ റിമി കൈ നീട്ടി പോയിരുന്നു.
ഒന്ന് മൂളി കൊണ്ട് പോലും ഉത്തരം പറയാത്ത മകളോട് മരിയ അവിടുത്തെ വിശേഷങ്ങൾ മുഴുവനും പറയുന്നത് കേട്ട് മിത്തുവും കണ്ണനും വേദനയോടെ പരസ്പരം നോക്കി.
വൈകിട്ട് ഹരിക്കൊപ്പമാണ് സീത വന്നത്.
മിത്തുവും കണ്ണനും കൂടി ടൗണിലെ ഒരു ഹോട്ടലിൽ റൂം എടുത്തിരുന്നു.
സീതയുടെ വീട്ടിൽ നിൽക്കാമെന്ന് അവളും പാറുവും അജുവും ഒരുപാട് പറഞ്ഞിട്ടും സ്നേഹത്തോടെ തന്നെ അവനത് നിരസിച്ചു.
അക്കാര്യത്തിൽ ഹരി കണ്ണനോപ്പമായിരുന്നു.
അവൻ ചെയ്യുന്നതാണ് ശെരിയെന്നു തോന്നി.
പത്തു മിനിറ്റ് നേരം കൊണ്ട് ഹോസ്പിറ്റലിൽ എത്താവുന്ന ദൂരത്താണ് അവർ റൂമെടുത്തത്.
ജോണിനും അതൊരു വലിയ ആശ്വാസമായിരുന്നു.
അഹങ്കാരവും പൊങ്ങച്ചവും ജാഡയും മാറ്റി വെച്ചിട്ട് പച്ചയായൊരു മനുഷ്യനായി ചിന്തിക്കുമ്പോൾ അയാൾക്കെല്ലാവരെയും മനസ്സിലാവുന്നുണ്ടായിരുന്നു.
യാതൊരു പരിഭവവുമില്ലാതെ വീണ്ടും വീണ്ടും തന്റെ അരികിൽ വന്നിരുന്നു സംസാരിക്കാൻ ശ്രമിക്കുന്ന സീത റിമിയുടെ ഹൃദയത്തിൽ മുറിവ് വീഴ്ത്തി.
അന്നും ഒരുപാട് നേരം അവിടിരുന്നത്തിന് ശേഷമാണ്.. സീത പോവാനിറങ്ങിയത്..
“പോട്ടെ… ഇനി നാളെ വരാം..”
ചിരിച്ചു കൊണ്ട് യാത്ര പറയുന്നവളെ നോക്കാൻ കൂടി ശക്തിയില്ലാതെ റിമി മുഖം മറച്ചു തന്നെ കിടന്നു.
പക്ഷേ തിരിഞ്ഞു പോകാൻ തുടങ്ങിയ സീതയുടെ കൈകളിൽ റിമിയുടെ കൈകൾ മുറുകി.
വളരെ പ്രയാസപെട്ടു കൊണ്ടാണ് അവൾ സീതയുടെ നേരെ നോക്കിയത്.
ജോണും കണ്ണനും ഹരിയും മിത്തുവുമെല്ലാം റിമിയുടെയാ പ്രവർത്തിയിൽ ഞെട്ടി പോയിരുന്നു.
എഴുന്നേൽക്കാൻ പ്രയാസപെടുന്ന റിമിയെ കണ്ണനാണ് താങ്ങി എഴുന്നേൽപ്പിച്ചു കൊടുത്തത്.
അവൾക്ക് ചാരിയിരിക്കാൻ പാകത്തിന് പിറകിൽ ചേർന്നിരുന്നതും കണ്ണനാണ്.
“സോറി…”
റിമിയുടെ വാക്കുകൾക്കൊപ്പം കണ്ണ് നീര് കൂടി ചിതറി വീണു സീതയുടെ നേരെ.
“എന്തിന്…? ”
സീതയവളുടെ കവിളിൽ രണ്ടു കയ്യും ചേർത്ത് പിടിച്ചു.
റിമി അതിനുത്തരം പറയാതെ മുഖം കുനിച്ചു.
“എനിക്കൊരു ദേഷ്യവുമില്ലന്ന് മാത്രമല്ല.. ഇപ്പൊ ഈ റിമിയെ എനിക്കൊരുപാട് ഇഷ്ടവുമാണ്”
സീത അവളുടെ അരികിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.
അവൾക്ക് മുന്നിൽ റിമിയൊരു പേമാരിയായി.
ഉള്ളിൽ വിങ്ങി നിൽക്കുന്ന സങ്കടവും വേദനയുമെല്ലാം സീതയുടെ മേൽ പൊഴിഞ്ഞു വീണു..
സഹിക്കാൻ വയ്യാത്ത നോവിൽ മിത്തു മിഴികൾ ഇറുക്കിയടച്ചു കൊണ്ട് പുറത്തേക്കിറങ്ങി പോകുമ്പോൾ… ഉള്ളിലൂടെ അരിച്ചു കയറുന്ന നോവിനെ അടക്കി പിടിക്കാൻ കഴിയാതെ കണ്ണനിരിന്നു പിടഞ്ഞു.
താങ്ങു വേണമെന്ന് ആഗ്രഹിച്ച നിമിഷം തന്നെ ഹരിയുടെ കൈകൾ ജോണിനെ വലയം ചെയ്തു.
അവനിലേക്ക് ചേർന്നു നിന്നിട്ട് അയാൾ പൊഴിച്ചതത്രയും സന്തോഷകണ്ണുനീർ തന്നെയായിരുന്നു.
കാരണം.. നിർവികാരതയോടെയിരിക്കുന്ന മകളെന്ന് കരഞ്ഞു കാണാൻ ആ അച്ഛനത്രയും കൊതിച്ചിരുന്നു..
ഉള്ളിൽ മകളടക്കി പിടിച്ചു നടക്കുന്ന നോവിന്റെ പേമാരിയെ ആ അച്ഛന് പറയാതെയറിയാൻ കഴിഞ്ഞിരുന്നു.
സീതയവളെ ചേർത്ത് പിടിച്ചു കൊണ്ട് പതിയെ തലോടി..
തുടരും..