രചന – ജിഫ്ന നിസാർ
“കണ്ണേട്ടാ…”
കണ്ണുനീരിന്റെ നേർത്ത ചൂട് ശരീരത്തിൽ പടർന്നു തുടങ്ങിയതും സീതയൊരു വിങ്ങലോടെ അവന്റെ മുഖം പിടിച്ചുയർത്തി.
ബലം പിടിച്ചു കൊണ്ടവൻ അവളിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു.
“കണ്ണേട്ടാ.. എന്തായിത്..”
സീതയ്ക്കും കരച്ചിൽ വന്നിരുന്നു അവന്റെ അവസ്ഥയോർത്തിട്ട്.
വിങ്ങി കൊണ്ടവൾ വിളിക്കുമ്പോൾ കണ്ണൻ പെട്ടന്ന് എഴുന്നേറ്റു.
അവൾക്ക് മുന്നിൽ തല കുനിച്ചിരുന്നു.
സീതയുടെ ഹൃദയം പിടഞ്ഞു അവന്റെയാ തളർന്നു തൂങ്ങിയുള്ള ഇരിപ്പ് കണ്ടപ്പോൾ.
അവനടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ടവൾ ആ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ മുഖം ഉയർത്തി.
ചുവന്നു വിങ്ങിയ മുഖം..
“എന്ത് തെറ്റ് ചെയ്തിട്ടാ ലച്ചു അവർക്കെന്നോട് ഇത്രയും ദേഷ്യം?”
അങ്ങേയറ്റം വേദന നിറഞ്ഞ ആ ചോദ്യം അവളുടെ ഉള്ളിൽ പ്രകമ്പനം കൊണ്ടു.
സീതയവനെ നെഞ്ചിലേക്ക് അടക്കി പിടിച്ചു.
പതിയെ തഴുകി തലോടി അവനുള്ളിൽ എരിഞ്ഞു കത്തുന്ന തീയണക്കാൻ ശ്രമിച്ചു.
“എന്റെ… എന്റെ കണ്ണേട്ടന് നന്നായി സ്നേഹിക്കാനറിയാം. ഈ ലോകത്ത് ഇന്നതും തെറ്റാണ് കണ്ണേട്ടാ ”
സീതയവനെ കൂടുതൽ കൂടുതൽ അടക്കി പിടിച്ചു.
ചാഞ്ഞു കിടക്കാൻ ഒരാശ്രയം അവനപ്പോൾ തേടുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു.
“ഒന്നുല്ല.. എല്ലാം എല്ലാർക്കും ബോധ്യം വരുന്നൊരു ദിവസമുണ്ടാവും.. അന്നെന്റെയീ കണ്ണന്റെ സ്നേഹം മാത്രം നിറഞ്ഞ മനസ്സ് എല്ലാവർക്കും മനസ്സിലാവും.”
സീതയവനെ വീണ്ടും വീണ്ടും ചാർജ് ചെയ്യിക്കാനുള്ള ശ്രമിത്തിലാണ്.
രണ്ടു കൈകൾ കൊണ്ടും മുഖം അമർത്തി തുടച്ചു കൊണ്ട് കണ്ണൻ എഴുന്നേറ്റിരുന്നു.
“റിമി… അവളുടെ കാര്യം ഓർക്കുമ്പോഴാണ് ലച്ചു എനിക്കൊരു സമാധാനവും കിട്ടാത്തത്.”
കണ്ണൻ നെടുവീർപ്പോടെ പറഞ്ഞു.
“കണ്ണേട്ടൻ കാരണമൊന്നുമല്ലല്ലോ? അവളായിട്ട് വരുത്തി വെച്ചതാണ്. കാർത്തിക്കിന്റെയും ജിതിന്റെയും മനോജിന്റെയും സ്വഭാവം കൂടെ നടന്ന ഏതെങ്കിലും ഒരു ദിവസം അവൾക്ക് മനസ്സിലാവും. അത്രത്തോളം മോശപെട്ടവരാണ്. പിന്നെയും അവർക്കൊപ്പം കൂടി ഓരോന്നു ചെയ്തു വെച്ചിട്ട്.. ഇനിയിപ്പോ സങ്കടപെട്ടിട്ട് എന്താ കണ്ണേട്ടാ കാര്യം.. അവളുടെ കാര്യത്തിൽ ഇനിയെന്ത് വേണമെന്നുള്ള ചിന്തയല്ലേ ഇനി ആവിശ്യം.”
സീത കണ്ണനെ നോക്കി.
അവനൊന്നും മിണ്ടാതെ വീണ്ടും മുഖം കുനിച്ചു.
കണ്ണന്റെ ഫോൺ ബെല്ലടിച്ചപ്പോഴാണ് അവൻ മുഖം ഉയർത്തി നോക്കിയത്.
ജനൽ പടിയിൽ വെച്ചിരുന്ന ഫോണെടുത്തു നീട്ടിയത് സീതയാണ്.
“മിത്തുവാണല്ലോ ”
ആശങ്കയോടെയാണ് കണ്ണൻ ഫോണെടുത്തത്.
“എവിടെ പോയി കിടക്കുവാടാ നാറി നീ. ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു ”
ഒരു ഹലോ പോലും പറയാൻ ക്ഷമയില്ലാത്തത് പോലെ മിത്തു അവനോട് കയർത്തു.
“അവളെവിടെ…? റിമി. അവൾക്കും വിളിച്ചിട്ട് കിട്ടുന്നില്ല.”
കണ്ണന് മറുപടി പറയാൻ സാവകാശം കൊടുക്കാതെ വീണ്ടും മിത്തുവിന്റെ സ്വരം.
റിമിയെ കുറിച്ച് ഓർത്തതും കണ്ണന്റെ മുഖം മങ്ങി.
“നീ.. നിയിപ്പോ എവിടെയുണ്ട്?”
കണ്ണൻ ചോദിച്ചു.
“ഞാനീ ശ്രീ നിലയായതിന്റെ മുന്നിൽ സത്യാഗ്രഹം നിൽക്കാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂറായി. നട തുറന്നിട്ട് ഇവിടുത്തെ ദൈവങ്ങൾ പ്രസാദിക്കുന്നില്ലെടാ കണ്ണാ. ഒക്കെതിനെയും പിടിച്ചു കിണറ്റിലിടാൻ തോന്നുന്നു. ഒരുമാതിരി കൊരണ സ്വഭാവം ”
മിത്തുവിന്റെ അമർഷം മുഴുവനുമുണ്ട് അവന്റെ വാക്കുകളിൽ.
“അതിന് നീ വരുന്നത് പറഞ്ഞില്ലല്ലോ?”
കണ്ണൻ പെട്ടന്ന് ചോദിച്ചു.
“ഒരു സർപ്രൈസ് തരാൻ നോക്കിയതാ.. അതിങ്ങനെയുമായി. എനിക്കെന്തിന്റെ കേടായിരുന്നു ”
മിത്തുവിന്റെ ആത്മഗതം.
കണ്ണൻ ചിരിച്ചു പോയി.
“സത്യത്തിൽ ഇവിടെന്തെങ്കിലും പ്രശ്നമുണ്ടോ കണ്ണാ? ആകെ കൂടി ചടപ്പിക്കുന്ന ഒരു മൗനമിവിടെ ചുറ്റി തിരിയുന്നു. എന്താണ്?
മിത്തു ചോദിച്ചു.
“പറയാൻ ഒരുപാടുണ്ട് മിത്തു.എല്ലാം പറയാ..ആദ്യം നീ എന്റെ അടുത്തേക്ക് വാ.”
കണ്ണൻ പറഞ്ഞു.
“നീ അവിടെ തന്നെ നിൽക്ക്. ഒരു പത്തു മിനിറ്റ് കൊണ്ട് സിദ്ധു വരും. അവനൊപ്പം കയറി വാ. അവിടെ നിൽക്കണ്ട ”
കണ്ണൻ ഓർമിപ്പിച്ചു.
മിത്തു എന്തെന്ന് വീണ്ടും വീണ്ടും ചോദിച്ചെങ്കിലും നേരിട്ട് പറയാം എന്ന് പറഞ്ഞിട്ട് കണ്ണൻ ഫോൺ വെച്ചു.
“പോവാണോ?”
അവൻ എഴുന്നേറ്റത് കണ്ടിട്ട് സീത ചോദിച്ചു.
“മ്മ് ”
കണ്ണൻ കൈകൾ കൊണ്ട് മുടിയൊന്ന് ഒതുക്കിയിട്ട് പതിയെ മൂളി.
‘മിത്തു വന്നിട്ടുണ്ട്. ശ്രീ നിലയത്തിൽ ”
കണ്ണൻ സീതയെ നോക്കി.
“റിമിയുടെ… കാര്യം ”
സീത പാതിയിൽ നിർത്തി.
“ഇല്ല… ഒന്നും അറിഞ്ഞിട്ടില്ല ”
കണ്ണൻ നെടുവീർപ്പോടെ പറഞ്ഞു.
പോട്ടെ ”
വിളറിയ ഒരു ചിരിയോടെ കണ്ണൻ സീതയുടെ കവിളിൽ തട്ടി.
“പോയിട്ട് ഇങ്ങോട്ട് വരുവോ?”
സീത ചോദിച്ചു.
“എനിക്കിപ്പോ കേറി ചെല്ലാനൊരു വീടില്ലെന്ന് നിനക്കുമറിയില്ലേ?”
വേദന മറച്ചു പിടിച്ചു കൊണ്ടവൻ ചിരിച്ചിട്ടും സീതയുടെ ഹൃദയം മുറിഞ്ഞു..
കണ്ണ് നിറഞ്ഞു.
“ഞാനില്ലേ.. ഞാനില്ലേ കണ്ണേട്ടന് ”
സീതയവനെ ചുറ്റി പിടിച്ചു.
“നീയേ ഒള്ളു.. നീ മാത്രമേയുള്ളു എനിക്കിപ്പോ ”
കണ്ണനവളുടെ നെറുകയിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ പിന്നെ നിന്റെ ആരാടാ തെണ്ടി?”
വാതിൽക്കൽ നിന്നും ഹരിയുടെ ശബ്ദം.
സീത അവന്റെ പിടിയിൽ നിന്നും കുതറി മാറി.
“അതിന് നീയെതാ?”
കണ്ണൻ പുച്ഛത്തോടെ ഹരിയെ നോക്കി.
“ഓഹോ.. ഇപ്പൊ അങ്ങനായോ?”
ഹരിയുടെ മുഖവും കൂർത്തു.
“നിന്നോടുള്ള ബന്ധത്തിനിടാൻ പറ്റിയൊരു പേര് എനിക്കിപ്പോഴും കിട്ടിയിട്ടില്ല ഹരി.”
കണ്ണൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
“എങ്കിൽ വല്ല അവിഹിതം എന്നെങ്ങാനും ഇടെടാ ”
ഹരി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
“ഹൃദയം കൊണ്ടുണ്ടാക്കിയെടുത്ത ബന്ധങ്ങൾക്ക് അല്ലെങ്കിലുമൊരു പേര് ആഡംബരമാണ് ചെങ്ങായ്. നമ്മുടെ ബന്ധം.. അതെന്നും എപ്പോഴും ഇങ്ങനെ ഉണ്ടായിരിക്കണം എന്ന് മാത്രം ആഗ്രഹിക്കാം നമ്മൾക്ക്. തത്കാലം അത് മതി ”
ഹരി അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.
സീതയെ നോക്കി കണ്ണനോന്നു ചിരിച്ചു.
“എടാ.. മിത്തു വന്നിട്ടുണ്ട്.”
അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്ന ഹരിക്ക് പിറകെ കണ്ണനും ചെന്നു.
“എപ്പോ?”
ഹരി തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.
മിത്തു പറഞ്ഞതെല്ലാം കണ്ണൻ ഹരിയോട് പറഞ്ഞു.
“അവനോടൊന്നും പറഞ്ഞില്ലല്ലോ?”
എല്ലാം കേട്ട് കഴിഞ്ഞു ഹരി ചോദിച്ചു.
“ഇല്ല.. നേരിട്ട് പറയാം ”
കണ്ണൻ നെറ്റി തടവി കൊണ്ട് പറഞ്ഞു.
“ഏയ്.. ടെൻഷനാവല്ലേ ”
ഹരി അവന്റെ നേരെ നോക്കി.
“ഹോസ്പിറ്റലിലേക്കല്ലേ അവനോട് വരാൻ പറഞ്ഞത്. നമ്മുക്കിറങ്ങിയാലോ?”
ഹരി ചോദിച്ചു.
കണ്ണൻ തലയാട്ടി.
“ഡീ.. സീതേ ”
ഹരിയാണ് അകത്തേക്ക് നോക്കി വിളിച്ചത്.
സീതയോടൊപ്പം പാറു കൂടി ഉമ്മറത്തേക്ക് വന്നിരുന്നു.
“പോവാണ്.”
പാറുവിനെ നോക്കിയാണ് ഹരി പറഞ്ഞത്.
“പേടിക്കേണ്ട.. ഇനിയൊന്നും ഉണ്ടാവില്ല ”
ഭയം പാഞ്ഞു കയറുന്ന അവളുടെ മുഖം കണ്ടിട്ട് ഹരി പറഞ്ഞു.
പാറു തലയാട്ടി.
കണ്ണനും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.
“ഹരി… “തിരിഞ്ഞിറങ്ങുമ്പോൾ പിന്നിൽ നിന്നും പാറു പതിയെ വിളിച്ചത് കേട്ടിട്ട് ഹരിക്കൊപ്പം കണ്ണൻ കൂടി തിരിഞ്ഞു നോക്കി.
രണ്ടു പേരും നോക്കുന്നത് കണ്ടിട്ട് പാർവതി ഒന്ന് പരുങ്ങി.
സീതക്കവളുടെ ഭാവം കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു.
“അല്ല.. കഴിച്ചിട്ട്. നേരം കുറേ ആയില്ലേ. വിശക്കുന്നില്ലേ?”
വിക്കിയും മൂളിയും പാറു പറഞ്ഞത് കേട്ട് ഹരിയുടെ മുഖം തിളങ്ങി.
കണ്ണനും അത്ഭുതത്തോടെ അവനെ നോക്കി.
“ആട്ടമുണ്ട് ആട്ടുമുണ്ട്..”
കണ്ണൻ ഹരിയോട് ചേർന്നു നിന്നിട്ട് പറഞ്ഞു.
“മിണ്ടാതിരിയെടാ അലവലാതി . ഞാനൊരു വിധം കരക്കെത്തിക്കുവാ. നശിപ്പിക്കരുത് പ്ലീസ്. എന്റെ കുറേ കാലത്തെ ആഗ്രഹമാണ് ആ നിക്കുന്ന മൊതല്..”
ഹരി പതിയെ പല്ല് കടിച്ചു പിടിച്ചു കൊണ്ട് കണ്ണനെ നോക്കി പറഞ്ഞു.
“അങ്ങനിപ്പോ നീ മാത്രം പ്രേമത്തിൽ മുങ്ങി പൊങ്ങണ്ട.. സമ്മതിക്കില്ല ഞാൻ ”
കണ്ണൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.
“നീ പിന്നെ മുറിയടച്ചിരുന്നു രാമായണം വായിക്കയായിരുന്നു. അല്ലേ?”
ഹരി കണ്ണുരുട്ടി.
കണ്ണൻ ചിരിച്ചു കൊണ്ട് തലയാട്ടി.
സീതയും അത്ഭുതത്തോടെ പാറുവിനെ നോക്കി.
മൂന്നു പേരുടെയും നോട്ടം കണ്ടിട്ട് പാറു ഏതോ കൊലപാതകം ചെയ്തു പോയത് പോലെ ഭയന്ന് പോയിരുന്നു.
ചോദിക്കെണ്ടായിരുന്നു എന്ന് വരെയും തോന്നിയവൾക്ക്.
“ഞങ്ങൾ പോണ വഴിയേ കഴിച്ചോളാം പാറു”
അവിടെ അവർക്ക് കൂടി കഴിക്കാൻ ഒന്നുമുണ്ടാവില്ലെന്ന് അറിയാവുന്നത് കൊണ്ട് ഹരി പറഞ്ഞു.
“അവനിപ്പഴേ വയറും മനസ്സും നിറഞ്ഞു. ല്ലെടാ ഹരി ”
കണ്ണൻ ചിരിച്ചു കൊണ്ട് ഹരിയെ ചേർത്ത് പിടിച്ചു.
പാറുവിന്റെ മുഖം ചുവന്നു.
അവൾ വേഗം അകത്തേക്ക് നടന്നു.
അത് കണ്ടതും സീതയെ ചിരിച്ചു കൊണ്ട് ഹരിയെ നോക്കി.
ഹൃദയം നിറഞ്ഞു കൊണ്ടാണ് അവനും ചിരിച്ചത്.
പോട്ടെ ഡി ”
ഒരിക്കൽ കൂടി സീതയോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ കണ്ണൻ പതിയെ തല ചെരിച്ചു കൊണ്ട് സീതയെ നോക്കി.
കള്ളചിരിയോടെ അവളെ നോക്കി ഉമ്മ വെക്കുന്നത് പോലെ കാണിച്ചു.
സീത അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് കയ്യൊങ്ങി..
❣️❣️❣️❣️
“കണ്ണാ… റിമി കണ്ണ് തുറന്നു ”
കയറിചെന്നയുടനെ ആദി ആഹ്ലാദത്തോടെ പറഞ്ഞു.
കണ്ണൻ ഒരു നിമിഷം കണ്ണടച്ച് പിടിച്ചു കൈകൾ നെഞ്ചിൽ ചേർത്ത് വെച്ചു.
ജീവിതം
ഹരി അവന്റെ തോളിൽ തട്ടി.
“എപ്പോ?”
ഹരിയാണ് ആദിയോട് ചോദിച്ചത്.
“ഇപ്പൊ.. ഞാൻ നിങ്ങളെ വിളിക്കാൻ തുടങ്ങുവായിരുന്നു ”
ആദി പറഞ്ഞു.
“ജോൺ അങ്കിൾ…”
കണ്ണൻ ആശങ്കയോടെ ചോദിച്ചു.
“ഡോക്ടർ വിളിച്ചിട്ട് അകത്തേക്ക് പോയിട്ടുണ്ട്. ഇത് വരെയും ഇവിടെ നിന്ന് അനങ്ങിയിട്ടില്ല ആള്.അകത്തേക്ക് പോകുന്ന നഴ്സ്മാരെ കൂടി സംശയത്തോടെ നോക്കും.ഒടുവിൽ റിമി കണ്ണ് തുറന്നെന്ന് കേട്ടതും കരഞ്ഞു കൊണ്ട് ചിരികുകയായിരുന്നു.”
ആദി പറഞ്ഞത് കേട്ട് കണ്ണനും ഹരിയും പരസ്പരം നോക്കി.
“മിത്തു വന്നിട്ടുണ്ട്. ല്ലേ?”
ആദിയെ കണ്ണനെ നോക്കി.
മ്മ് ”
അവർ സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് ജോൺ ചുവന്നു കലങ്ങിയ കണ്ണോടെ ICU വിന്റെ വാതിൽ തുറന്നു കൊണ്ടിറങ്ങി വന്നതും..
കണ്ണനയാളെ നോക്കുമ്പോൾ വല്ലാതെ നോവുന്നുണ്ടായിരുന്നു.
അത്രത്തോളം തകർന്ന് നിൽക്കുന്നൊരു ജോണിനെ അവൻ അത് വരെയും കണ്ടിട്ടില്ലായിരുന്നു.
കണ്മുന്നിൽ കണ്ണനെ കണ്ടതും ജോൺ അവനെ തുറിച്ചു നോക്കി.
ആ നോട്ടം അവന്റെ മനസ്സിനെ കൂടുതൽ അസ്വസ്തത പെടുത്തി.
ആശങ്കയോടെ തന്നെയാണ് കണ്ണൻ ജോണിന്റെ അരികിലേക്ക് ചെന്നതും.. അയാളുടെ കയ്യിൽ പിടിച്ചതും.
തുടരും

by