രചന – അഞ്ജു തങ്കച്ചൻ
കത്തിച്ച നിലവിളക്കുമായി,ആദിത്യനൊപ്പം വലത്കാൽ വച്ചകത്തേക്ക് കയറുമ്പോൾ ജ്വാലയുടെ മനസ്സിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.
പെണ്ണുകാണൽ ചടങ്ങിന് വന്നപ്പോൾമുതൽ ശ്രെദ്ദിച്ചതാണ് ആദിത്യന്റെ അമ്മയുടെ മുഖത്ത് എപ്പോഴും ഭയങ്കര ഗൗരവമാണ്.
ഇനി തന്നെയെങ്ങാനും ഇഷ്ട്ടമാകാഞ്ഞിട്ടാണോ ആ മുഖം തെളിയാത്തത് എന്ന് പലവട്ടം ആദിത്യനോട് ചോദിക്കുകയും ചെയ്തു.
അന്നേരമെല്ലാം ആദിത്യൻ പറഞ്ഞത്.അമ്മക്ക് ജ്വാലയെ ഇഷ്ട്ടമായി എന്ന് തന്നെയാണ്.കൂടാതെ ഞാനല്ലേ തന്നെ വിവാഹം ചെയ്യുന്നത് അമ്മയല്ലല്ലോ എന്ന് കൂടെ പറഞ്ഞപ്പോൾ ഇത്തിരി ധൈര്യം ഒക്കെ വന്നു.
വിവാഹം ഉറപ്പീരിന് വന്നപ്പോൾ പോലും
ആദിത്യന്റെ അമ്മ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.
വീട്ടിൽ അച്ഛനും അമ്മയും പലവട്ടം പറഞ്ഞു. ഈ വിവാഹം വേണ്ടാന്ന് വയ്ക്കുന്നതാണ് നല്ലത് അമ്മായിയമ്മപ്പോര് ഉണ്ടാകും എന്നൊക്കെ.
പക്ഷെ, പെണ്ണുകാണൽ ചടങ്ങിന് വന്ന അന്ന് തന്നെ,ഇരുനിറത്തിൽ,ആറടി പൊക്കവും, കട്ടിമീശയും ഉള്ള ആദിത്യൻ മനസ്സിൽ കയറിക്കൂടി എന്നതാണ് സത്യം.
ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയും, നിരയൊത്ത പല്ലുകളും അയാളിലെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
മൊത്തത്തിൽ അയാൾ തന്റെ മനസ് കവർന്നെടുത്തു എന്ന് തന്നെ പറയാം.
ഒറ്റ നോട്ടത്തിൽ ഒരുവനെ സ്വന്തമാക്കുവാൻ ആഗ്രഹിക്കുകയാണ്, ഇനിയുള്ള ജീവിതം അവനോടൊപ്പം ആയിരിക്കാൻ കൊതിക്കുകയാണ്. ഒരുപക്ഷെ കഴിഞ്ഞുപോയ ജന്മങ്ങളിൽ എല്ലാം അയാൾ തന്റേത് ആയിരുന്നിരിക്കാം. അല്ലെങ്കിൽ പിന്നെങ്ങിനാണ് ഒരാൾ ഒരു കാഴ്ച്ചയിൽ തന്നെ ജീവനാകുന്നത്.
പക്ഷെ കടന്നൽ കുത്തിയ പോലെ ഇരിക്കുന്ന ആദിത്യന്റെ അമ്മയുടെ മുഖം…… അത് തന്റെ സകല സന്തോഷങ്ങളെയും നശിപ്പിച്ചു കളയുമോ ആവോ.
അമ്മ ചൂണ്ടിയ ഇടത്തേക്ക് വിളക്ക് വച്ചിട്ട് അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി.
ഇല്ല.സ്നേഹത്തിന്റെ ഒരു ഭാവവും കാണുന്നില്ല.
മകന്റെ വിവാഹദിനമായിട്ട് പോലും അമ്മ ഒരു കോട്ടൺ സാരിയാണ് ധരിച്ചിരിക്കുന്നത്, ഭംഗിയുള്ള മുഖമാണെങ്കിലും നെറ്റിയിൽ ഒരു പൊട്ട് പോലും തൊട്ടിട്ടില്ല, തന്നേക്കാൾ അൽപ്പം കൂടി ഉയരമുണ്ട് അമ്മക്ക്.
നിങ്ങളുടെ മുറി മുകളിലാണ് ജ്വാല പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റിക്കോ.അവർ ഗൗരവത്തോടെ പറഞ്ഞു.
അവൾ മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ്, മോളേ എന്ന് വിളിച്ച് അറുപതു വയസ് തോന്നിക്കുന്ന ഒരാൾ വന്ന് കൈയിൽ പിടിച്ച് നിർത്തിയത്.
മോളേ ഞാൻ ആദിത്യന്റെ ആന്റിയാണ്.മോളെന്താ ഇപ്പോഴേ ഡ്രസ്സ് ഒക്കെ മാറ്റാൻ പോകുവാണോ?
അതെ,അമ്മ പറഞ്ഞു മാറ്റാൻ.
എന്റെ മോളേ നിന്നെ കാണാൻ അല്ലേ കുറേപ്പേർ അവിടെ നിൽക്കുന്നത്.കല്യാണപ്പെണ്ണ് അപ്പോഴേക്കും മുറിയിൽ കേറി പോകുന്നത് ശരിയല്ല. ആ മീരക്ക് എന്തറിയാം,ന്റെ അനുജന് ഇങ്ങനൊരുത്തിയെ എങ്ങനെ കിട്ടിയോ എന്തോ.ഒരു മൂശാട്ട പിടിച്ച സ്വഭാവമാ അതിന്.മോൾ സൂക്ഷിച്ചും,കണ്ടും നിന്നാൽ മതി.ഇക്കാലത്തും ഇവളൊക്കെ അമ്മായിയമ്മപ്പോരെടുക്കുമോന്നാ എന്റെ പേടി.
എന്തായാലും മോളിങ്ങു വാ… ആന്റി എല്ലാവരെയും പരിചയപ്പെടുത്തി തരാം.
നളിനി ആന്റിയോടൊപ്പം നിൽക്കുമ്പോൾ ജ്വാലക്ക് സന്തോഷം തോന്നി.സ്വന്തം മകളെ പോലെ എത്ര സന്തോഷമായിട്ടാണ് അവർ തന്നെ കൊണ്ടുനടന്നു പരിചയപ്പെടുത്തുന്നത്.
പിന്നെ ആദിത്യന്റെ അച്ഛനും ഒരു പാവമാണ്.ഒരുപാട് സംസാരിക്കും,ഉറക്കെ ചിരിക്കും. വരുന്നവരോടെല്ലാം എന്തൊരു സ്നേഹവും കരുതലുമാണ് കാണിക്കുന്നത്.
ശരിക്കും ,ആദിത്യനെയും ഇതുപോലൊരു അച്ഛനെയും കിട്ടിയ താൻ ഭാഗ്യവതി തന്നെയാണ്.
അമ്മയും കൂടി ഇത്തിരി ചിരിച്ചും സ്നേഹിച്ചും ഒക്കെ പെരുമാറിയിരുന്നെങ്കിൽ….
അവൾക്ക് പെട്ടന്ന് വീട് ഓർമ്മ വന്നു.
എന്താടോ പെട്ടന്ന് മുഖം വാടിയല്ലോ എന്ത് പറ്റി?
ആദിത്യൻ തോളിലൂടെ കൈയ്യിട്ടുചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.
ഹേയ്.. ഒന്നുമില്ല ആദി.
അങ്ങനെ ഒന്നുമില്ലാതെ ഈ മുഖം വാടില്ലല്ലോ.
പെട്ടന്ന് അമ്മയേയും അച്ഛനെയും ഓർമ്മ വന്നു അതാ.
ഓഹോ…. സാരമില്ല കുറച്ച് ദിവസം കഴിയുമ്പോൾ നമുക്ക് അങ്ങോട്ടു പോകാം കേട്ടോ.
ഉം.
എന്റെ മോളേ… ഇനി ഇതല്ലേ മോളുടെ വീട്.ഈ വീടിന്റെ സർവ്വവും ഇനി എന്റെ മോളാണ്.
അച്ഛന്റെ സംസാരം കേട്ടതും.
ജ്വാലയുടെ മനം നിറഞ്ഞു.
************
പിറ്റേന്ന് നേരം പുലർന്നതും ജ്വാല എഴുന്നേറ്റു.ഇനി താമസിച്ചാണ് എഴുന്നേറ്റത് എന്ന കാരണത്താൽ അമ്മ വഴക്ക് പറയാൻ പാടില്ലല്ലോ.
അവൾ കുളിച്ച് വന്നപ്പോഴും ആദിത്യൻ നല്ല ഉറക്കമായിരുന്നു.
ഉറങ്ങുന്ന അയാളുടെ നെറ്റിയിൽ അവൾ മൃദുവായി ചുംബിച്ചു.
അയാളുടെ മുഖത്തേക്ക് അവൾ കുറേ നേരം നോക്കി ഇരുന്നു.തന്റെ പുരുഷനാണ്.
ഇലത്തുമ്പിലെ ജലകണം മണ്ണ്പോലുമറിയാതെ മണ്ണിലേക്ക് പടരും പോലെ,എത്ര സുന്ദരമായിട്ടാണവൻ തന്നിലേക്ക് പടർന്നതും ഉയിരുമുടലുംപങ്കിട്ടതും.
നോക്കിനോക്കിയിരിക്കെ മനസ് നിറയെ പ്രണയം പൂക്കുന്നത് അവൾ അറിഞ്ഞു.
ഇനിയിങ്ങനെ ഇരുന്നാൽ ശരിയാവില്ല.ഇവിടെ ഒരു പൂതനയുണ്ട് അതിന്റെ ചീത്ത കേൾക്കാൻ വയ്യ.
അവൾ വേഗം താഴേക്ക് ഇറങ്ങി ചെന്നു.
അമ്മ അടുക്കളയിൽ തേങ്ങ ചുരണ്ടുകയാണ്.
അമ്മേ….
ജ്വാല നേരത്തെ എഴുന്നേറ്റോ?
ഉവ്വ്.. ഞാൻ എന്തേലും ചെയ്യണോ അമ്മേ?
ജ്വാലക്ക് അടുക്കളപ്പണിയൊക്ക അറിയാമോ?
ഇല്ല.എന്നാലും പറഞ്ഞു തരുന്നതൊക്കെ ചെയ്യാം.
വേണ്ടാ ,ഒന്നും ചെയ്യണ്ട.മുറിയിലേക്ക് പൊയ്ക്കോ.
അതല്ലമ്മേ ഞാനും കൂടാം.
വേണ്ടാ എനിക്ക് ചെയ്യാനുള്ള പണിയേ ഉള്ളൂ.
എന്നിട്ടും അവൾ അവിടെ ചുറ്റിപ്പറ്റി നിന്നു.
ജ്വാലക്ക് ചായ കുടിക്കുന്ന ശീലം ഉണ്ടോ.
ഇല്ല.പെട്ടന്നവൾ ചാടി പറഞ്ഞു.
ഉം.അവർ അമർത്തിയൊന്നു മൂളി.
സത്യം പറഞ്ഞാൽ ചായ കുടിച്ചില്ലെങ്കിൽ ഒരു സുഖവും ഇല്ല,ഇനി അമ്മക്ക് ഇഷ്ട്ടമാവില്ലെങ്കിലോ എന്ന് കരുതി പെട്ടന്നങ്ങു പറഞ്ഞന്നേ ഉള്ളൂ.
അവൾ പതിയെ ഹാളിലേക്ക് ചെന്നു.അച്ഛൻ സെറ്റിയിൽ ഇരിപ്പുണ്ട്.ടീവിയിൽ ന്യൂസ് കാണുന്നു.
ആഹാ മോൾ എഴുന്നേറ്റോ?
ഉവ്വച്ഛാ..
ഇവിടിരിക്ക്..
അവൾ അയാളുടെ അടുത്ത് ഇരുന്നു.
മോൾ വീട്ടിലും നേരത്തെ എഴുന്നേൽക്കുമോ?
ഇല്ല,ഏഴ് മണി ആവാതെ ഞാൻ തല പൊക്കില്ല..
ആഹാ അപ്പോൾ ഇന്ന് നേരത്തെ എഴുന്നേറ്റത് ഇവിടുത്തെ വടയക്ഷിയെ പേടിച്ചിട്ട് തന്നെ.അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.
കൂടെ അവളും.
മോൾ ചായ കുടിച്ചോ
ഇല്ല.
ഇന്നാ ഇത് കുടിച്ചോ.
അയ്യോ വേണ്ടച്ചാ,അത് അച്ഛൻ കുടിച്ചോ.
സാരമില്ല മോള് കുടിച്ചോ,നീയെന്റെ മകൾ അല്ലേ.
അവൾ ചായ വാങ്ങി കുടിച്ചു.
തന്റെ അച്ഛനെപ്പോലെ സ്നേഹിക്കാൻ മാത്രമറിയുന്ന ഈ അച്ഛനോടും അവൾക്ക് ഒരുപാട് സ്നേഹവും,ബഹുമാനവും തോന്നി.
അവൾ ചായ കുടിച്ച ഗ്ലാസുമായി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
അമ്മ തിരക്കിട്ട പണിയിലാണ്
അമ്മയോട് എന്തെങ്കിലും സംസാരിക്കാം എന്ന് കരുതി അവിടെ നിന്നു.
അമ്മ ഒന്നും മിണ്ടാത്തത് കൊണ്ട്.അവൾ ഓരോന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു.
ഓരോന്നിനും അളന്നുമുറിച്ചുള്ള മറുപടികൾ,ചിലപ്പോൾ മറുപടി കിട്ടിയില്ലെന്നും വരാം.ജ്വാലക്ക് വല്ലാത്ത മടുപ്പ് തോന്നി.
കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടതും അവൾ മുകളിലേക്ക് കയറി പോന്നു.
ഫോണിൽ അമ്മയാണ്.
മോളേ എന്ത് ചെയ്യുവാ,നിനക്കവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ..
ഇല്ലമ്മേ.. എനിക്കിവിടെ സുഖമാണ്.അച്ഛൻ എവിടെ?
അടുത്തു നിൽപ്പുണ്ട് മോളേ.
മോളേ അച്ഛൻ പറഞ്ഞത് ഓർമയുണ്ടല്ലോ നിനക്കവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഇങ്ങ് പോരേ..
എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലമ്മേ..
പക്ഷെ എനിക്കെന്തോ ഒരു മനഃസമാദാനവും ഇല്ല മോളേ.ആ പെണ്ണുമ്പിള്ളയുടെ മുഖത്ത് എപ്പോഴും ഒരു ദേഷ്യമാ.മോളോട് വല്ല അമ്മായിയമ്മ പോരും എടുക്കുമോ എന്നൊക്കെ ഒരു ഭയം.
ഹേയ് അമ്മ പേടിക്കണ്ട.
ആകെ ഒരു ധൈര്യം ആദിത്യനും,അവിടുത്തെ അച്ഛനുമാണ്.
അച്ഛൻ ഒരു പാവമാണമ്മേ.
എന്റെ കൂട്ട് അച്ഛനാണ്,എപ്പോഴും തമാശ ഒക്കെ പറയും.
ആദിത്യൻ എവിടെ മോളേ?
ആദി എഴുന്നേറ്റില്ല അമ്മേ..
എന്നാൽ ശരി മോളേ,പിന്നെ വിളിക്കാം.
ഉം.
അവൾ ഫോൺ വച്ച് തിരിഞ്ഞതും.ആദിത്യൻ അവളെ പിന്നിൽ നിന്നും ചുറ്റിപ്പിടിച്ചു.
എന്താ… എന്റെ അച്ഛൻ പാവമാണെന്ന് പറഞ്ഞത്? ഞാൻ പാവമാണെന്നു പറഞ്ഞില്ലല്ലോ.
അതിന് ഇയാൾ അത്ര പാവം ഒന്നുമല്ല.
അയ്യോടാ…. ഞാൻ പാവമാ.
ആണോ..
അല്ലേ?? അയാൾ മെല്ലെ അവളുടെ നെറ്റിയിൽ ചുംബിച്ചു.
പാവമാ…. അവൾ മെല്ലെ പറഞ്ഞു.
പെട്ടന്നാണ് താഴെ നിന്നും അമ്മയുടെ വിളി കേട്ടത്.
ആദിത്യാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇറങ്ങി വാ.
യ്യോ ഞാൻ വേഗം കുളിച്ചിട്ട് വരാം.അയാൾ ബാത്‌റൂമിലേക്ക് ഓടി.
വേഗം കുളിച്ചിറങ്ങി വന്നപ്പോഴേക്കും
അമ്മ ഡൈനിംഗ് ടേബിളിലേക്ക്ഭക്ഷണം എടുത്തു വച്ചു.
അച്ഛൻ കഴിച്ചു തുടങ്ങിയിരുന്നു.
ആദിത്യൻ ഇരുന്നതും, അമ്മ അയാൾക്ക് വിളമ്പി കൊടുത്തു.
ജ്വാല ഇരിക്ക്… അമ്മ പറഞ്ഞതും അവൾ ആദിത്യന്റെ അടുത്തായി ഇരുന്നു.
ചൂടുള്ള ചപ്പാത്തിയിലേക്ക് അമ്മ മുട്ടക്കറി വിളമ്പി. മൂന്ന് പേർക്കും ചായയും എടുത്തു വച്ചിട്ട് അമ്മ അടുക്കളയിലേക്ക് പോയി.
അപ്പോൾ അമ്മ കഴിക്കുന്നില്ലേ ജ്വാല ചോദിച്ചു.
ഓ അവൾക്ക് ഒരു മുരട്ട് സ്വഭാവമാ.
രാവിലെ പഴം കഞ്ഞി കുടിക്കുന്നതാ അവൾക്ക് ശീലം.മോള് കഴിക്ക്.
കഴിച്ചു കഴിഞ്ഞ്, പാത്രങ്ങൾ കഴുകി തിരിഞ്ഞപ്പോഴാണ് അമ്മ നൈറ്റി മാറ്റി സാരി ഉടുത്തു വരുന്നത് കണ്ടത്.
അമ്മ എവിടെ പോകുവാ..?
ജോലിക്ക്.
അമ്മക്ക് ജോലിയുള്ള കാര്യം അറിഞ്ഞില്ല. ആരും പറഞ്ഞതുമില്ല.
ഉം….ഇവിടെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നഴ്സാണ്.
ചോറും കറികളും ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. കഴിച്ചോളണം.
ശരി..
അമ്മ പോയിക്കഴിഞ്ഞതും അവൾ മുറിയിലേക്ക് പോയി.
സത്യം പറഞ്ഞാൽ അമ്മ ജോലിക്ക് പോയത് കൊണ്ട് തന്നെ മനസ് തുറന്ന് സംസാരിക്കാനും പ്രണയം പങ്കിടാനും കഴിഞ്ഞുവെന്ന് ജ്വാലക്ക് തോന്നി.അല്ലെങ്കിൽ എന്തോ ഒരു ഭയം ഉള്ളിൽ തോന്നി.
മധുവിധുവിന്റെ നാളുകൾ ആണെങ്കിലും,
ഒരാഴ്ച കഴിഞ്ഞതും ജ്വാല ജോലിക്ക് പോയി തുടങ്ങി. ടീച്ചറാണ്,എൽ. പി. സെക്ഷനിൽ,താത്കാലിക നിയമനംലഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.
വിരുന്നുപോക്കുംമറ്റുമൊക്കെ കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ആദിത്യൻ ജോലിക്ക് ഒന്നും പോകാത്തത് ജ്വാലയിൽ അൽപ്പം നീരസമുണ്ടാക്കി.
എങ്കിലും അവൾ ഒന്നും ചോദിച്ചില്ല. അവന് സ്വന്തമായി ടൗണിൽ തന്നെ ടെക്സ്റ്റയിൽ ഷോപ്പ് ഉണ്ട്. ജോലിക്കാർ ഉണ്ടെങ്കിലും ഒരു മേൽനോട്ടം അത്യാവശ്യമല്ലേ,ചിലപ്പോൾ താൻ സ്കൂളിൽ പോയതിനു ശേഷം ആദിത്യൻ പോകുന്നുണ്ടായിരിക്കും, എന്നിട്ട് വൈകുന്നേരം നേരത്തെ വരുന്നതായിരിക്കും.
എങ്കിലും…അവൾക്കുള്ളിൽ സംശയത്തിന്റെ ഒരു കനൽ പുകയുന്നുണ്ടായിരുന്നു.
താൻ സ്കൂളിൽ നിന്നും വരുമ്പോൾ ആദിത്യൻ മിക്കവാറും കൊയ്ത്തുകഴിഞ്ഞ പാടത്തു ഫുട്ബോൾ കളിക്കുന്നത് കാണാം,അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പം അടുത്തുള്ള ചെറിയ ചായക്കടയിൽ സംസാരിച്ചിരിക്കുന്നത് കാണാം.ഇതൊന്നുമല്ലെങ്കിൽ വീട്ടിൽ കിടന്നുറങ്ങുന്നുണ്ടാവും.
ഇതിനിടയിൽ എപ്പോഴാണ് ആദിത്യൻ ഷോപ്പിൽ പോകുന്നത്?
ശനിയാഴ്ച അവധി ആയിരുന്നതിനാൽ അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.അമ്മ ഏട്ടരക്ക് തന്നെ ജോലിക്കിറങ്ങി.അച്ഛൻ കൂട്ടുകാർക്കൊപ്പം ക്ലബിലേക്കും പോയി.
പത്തുമണി ആയിട്ടും ടീവികണ്ടുകൊണ്ടിരിക്കുന്ന ആദിത്യന്റെ അടുത്തേക്ക് അവൾ ചെന്നു.
ഇരിക്ക് നല്ല സിനിമയാ.
ആദി ജോലിക്ക് പോകുന്നില്ലേ?
ഇല്ല
ഇല്ലേ…?
ഷോപ്പ് അമ്മയാണ് നോക്കി നടത്തുന്നത്.
അമ്മയോ? അമ്മക്ക് ആരോഗ്യകേന്ദ്രത്തിൽ അല്ലേ ജോലി?
അവിടുത്തെ ജോലി കഴിയുമ്പോൾ അമ്മ ഷോപ്പിലേക്ക് പോകും.
ആദിക്ക് നോക്കി നടത്തിക്കൂടെ ഷോപ്പ്.
ഓഹ് അതിനവിടെ ജോലിക്കാർ ഒക്കെ ഉണ്ട്.ഞാൻ എന്തിനാ വെറുതെ അവിടെ പോയി ഇരിക്കുന്നത്.
പിന്നെ ആദിക്ക് എന്താ ജോലി?
എന്ത് ജോലി,ഇങ്ങനൊക്കെ അങ്ങ് ജീവിക്കാമെന്നെ…
എങ്ങനെ?
നിനക്ക് ജോലി ഉണ്ടല്ലോ അത് പോരേ
അപ്പോൾ ആദിക്ക് ജോലി ഒന്നും വേണ്ടേ?
എടോ ഞാൻ ഇച്ചിരി സന്തോഷിക്കട്ടെ,പെണ്ണ് കെട്ടി എന്ന് വച്ച് എനിക്ക് സന്തോഷിക്കാൻ പറ്റില്ലേ..
എന്താ ആദിയുടെ സന്തോഷം,ഇങ്ങനെ വെറുതെ വീട്ടിൽ ഇരിക്കുന്നതോ?
എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ട് അവർക്കൊപ്പം അത്യാവശ്യം അടിച്ചുപൊളിക്കണം.
അതൊക്കെയാണ് എന്റെ സന്തോഷം.
അപ്പോൾ വേലയും,കൂലിയും ഒന്നുമില്ല എന്ന് ചുരുക്കം.അല്ലേ? അവൾക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
നീയെന്താ എന്നെ ചോദ്യം ചെയ്യുകയാണോ?
അല്ല ആദി.നമ്മൾ എങ്ങനെ ജീവിക്കും? മുന്നോട്ടുള്ള നമ്മുടെ ജീവിതം,അതൊക്കെ എങ്ങനെയാ?
നിനക്ക് ജോലി ഇല്ലേ,അമ്മയ്ക്കും ജോലി ഉണ്ട് പിന്നെന്താ.
എന്റെ ജോലി ആറുമാസത്തേക്ക് മാത്രേ ഉളളൂ,താത്കാലികമായി കിട്ടിയതല്ലേ,അതുകഴിയുമ്പോൾ എന്ത് ചെയ്യും?
അത് അപ്പോഴല്ലേ അന്നേരം നോക്കാം.
ദിവസങ്ങൾ പോകെപ്പോകെ അവൾക്ക് മനസിലായി, അച്ഛനും,ആദിത്യനും
ഒരു ജോലിയും ചെയ്യാൻ ഇഷ്ടമില്ലാത്തവർ ആണെന്ന്.
ആ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും അമ്മയാണ് നോക്കുന്നത്.
മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് ഓർത്ത് അവൾക്ക് ഭയം തോന്നി.
***********
തുടരും

by