സന്ധ്യാംബരം : ഭാഗം 10

രചന – സിന്ധു അപ്പുക്കുട്ടൻ

ദീപ്തി ഉണർന്നു വരുമ്പോൾ അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു സന്ധ്യ.

“നീയിന്നു പതിവിലും നേരത്തെ ഉണർന്നോ..?

കാസറോളിൽ ആവിപറത്തിയിരിക്കുന്ന പുട്ടും കടലക്കറിയും കണ്ട് ദീപ്തി അമ്പരന്നു.

“ഇന്നിപ്പോ ഞാനും കൂടി ഷോപ്പിലേക്കു വരുവല്ലേ. അപ്പൊപ്പിന്നെ എല്ലാം തീർത്തു വെച്ചിട്ട് പോകാൻ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി ദീപു.”

“ഹും… നിന്നെക്കൊണ്ട് തോറ്റു. എത്ര വട്ടം പറഞ്ഞു നീയിവിടിത്തെ ജോലിക്കാരിയാകാൻ നിൽക്കണ്ട ന്ന്. ഞാനും കൂടി എണീറ്റ് വന്നിട്ട് ചെയ്തു തീർക്കാനുള്ള ജോലിയല്ലേയുള്ളു ഇവിടെ.പിന്നെന്തിന നീയിത്ര നേരെത്തെ എണീറ്റ് ചെയ്യാൻ പോയെ.

“അതൊന്നും സാരമില്ലടി. പണ്ടേയുള്ള ശീലമാ വെളുപ്പിന് ഉണർന്നു അടുക്കളയിൽ കയറുന്നത്.

“ഞാൻ ആ കാര്യത്തിൽ ഭയങ്കര മടിച്ചിയാ ഏട്ടൻ എണീറ്റ് കാപ്പിയിടും പിന്നെ കിടക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ഞാനും എണീക്കും.. എന്നേക്കാൾ നന്നായി കുക്ക് ചെയ്യും ഏട്ടൻ.അതോണ്ട് എനിക്ക് ഒന്ന് ഹെല്പ് ചെയ്താൽ മതി.

“ആഹാ…കുക്കിങ്ങും ഉണ്ടോ.മൊത്തത്തിൽ നിന്റെ ഏട്ടൻ ഒരു ഹീറോയാണല്ലോടി. രാത്രി ഞാൻ കേൾക്കാറുണ്ട് പാട്ട്.. എന്തൊരു വോയിസ്‌… പാടുന്നതൊക്കെ എനിക്കിഷ്ടപ്പെട്ട പാട്ടുകളും.

“ഉം.. ഏട്ടൻ ഇതിലും നന്നായി പാടുമായിരുന്നു. കവിതകൾ എഴുതുമായിരുന്നു. എഴുതിയതൊക്കെ സ്വന്തമായി ഈണമിട്ട് പാടുന്ന കേൾക്കാം. പക്ഷേ ഇപ്പോ ഏട്ടൻ സ്വയം തീർത്തൊരു പുറന്തോടിനുള്ളിൽ ഒളിച്ചിരിക്കുവാ. ഞാൻ കുറെ ശ്രമിച്ചു അതിൽ നിന്നൊന്നു പുറത്തിറക്കാൻ. തോറ്റു പോയി.

“ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിരുന്നോ..?

“ഹഹഹ.. പ്രണയോ നല്ല കാര്യായി. പെണ്ണുങ്ങളെ കാണുന്നതേ വെറുപ്പാ. ഓഫീസിൽ ഒരു കുട്ടിയുണ്ട്. മൃദുല.. നല്ല സുന്ദരിക്കുട്ടിയാ. അച്ഛന്റെ ഫ്രണ്ടിന്റെ മോളും കൂടിയാ. അവള് പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. കൊന്നാലും അതിൽവീഴത്തില്ല ഇങ്ങേര്.’

“പിന്നെന്താടി ഏട്ടന്റെ പ്രശ്നം.

“അതൊക്കെ വലിയ കഥകളാ സന്ധ്യേ. സ്വന്തം മാതാപിതാക്കൾ തല്ലിക്കെടുത്തിയ രണ്ടു ജീവിതങ്ങളാ ഞങ്ങൾ. അവർക്ക് അവരുടെ സുഖങ്ങളും, സന്തോഷങ്ങളുമായിരുന്നു വലുത്.അതിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലായിരുന്നു. എനിക്ക് നേടിത്തന്നത് ഒരു ക്രിമിനലിന്റെ കൂടെയുള്ള ജീവിതമായിരുന്നു. പഠിക്കാനുള്ള ആഗ്രഹത്തിന് പോലും കൂട്ട് നിന്നില്ല.എന്റെ ലൈഫും കൂടി ഇങ്ങനെ ആയപ്പോൾ ഏട്ടൻ പിന്നേം തകർന്നു.

ഞാൻ പറയാട്ടോ എല്ലാം. ഇപ്പോ സംസാരിച്ചു നിന്നാൽ നമ്മുടെ പണി നടക്കില്ല.

ദീപ്തി ഗ്ലാസുകൾ കഴുകിയെടുത്തു ചായ പകർത്താൻ തുടങ്ങി.

“ദീപാ.. ഒരു ഗ്ലാസ്‌ ചായ വേണമല്ലോ..

പറഞ്ഞുകൊണ്ട് ജയകൃഷ്ണൻ അടുക്കളയിലേക്ക് കയറി വന്നു.

“ദാ.. ഞാൻ എടുക്കുവായിരുന്നു ഏട്ടാ.

അവൾ ചായ ഗ്ലാസ്‌ അവന് നേരെ നീട്ടി.പിന്നെ മക്കൾക്കുള്ള ചായയുമായി റൂമിലേക്ക്‌ പോയി.

“സന്ധ്യയുടെ നാട്ടിലെ വിശേഷങ്ങൾ വല്ലതും അറിഞ്ഞോ.?

അയാൾ സന്ധ്യയോട് തിരക്കി.

“മഹേഷിനെക്കുറിച്ച് ഒന്നും അറിയില്ല. അയാൾ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കാമെന്നു ഫ്രണ്ട്സ് പറഞ്ഞിട്ടുണ്ട്. പിന്നെ എന്റെ ഏട്ടൻമാർക്ക് ഞാൻ മരിച്ചുന്നറിഞ്ഞാലും സന്തോഷമേ ഉണ്ടാകൂ. അവർ എന്നെ തിരഞ്ഞു ഇറങ്ങില്ല.അതോണ്ട് വലിയ വിശേഷങ്ങൾ ഒന്നുമുണ്ടാകില്ല.

സന്ധ്യയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ ഇറ്റ് വീഴുന്നത് അയാൾ കണ്ടു.

“സാരമില്ലഡോ.. ഇനി ഞങ്ങളൊക്കെയുണ്ട് തന്റെ കൂടെ.ആദ്യം തന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം തുടങ്ങ്. എന്നിട്ടു ഡിവോഴ്സിനുള്ള നടപടികൾ നോക്കാം. താൻ വിഷമിക്കണ്ട. എല്ലാം ശരിയാകും.

“ഉം… സന്ധ്യ മൂളി.

കാസറോൾ തുറന്ന് അല്പം കറിയെടുത്തു വായിലേക്കിട്ട് ചായ ഗ്ലാസുമായി അയാൾ പുറത്തേക്കു പോയി.

കറി സൂപ്പർ… വാതിൽക്കലെത്തിയിട്ട് തിരിഞ്ഞു നിന്നു സന്ധ്യയെ നോക്കി ജയകൃഷ്ണൻ വിരൽ ഉയർത്തി.

സന്ധ്യ മനോഹരമായൊരു പുഞ്ചിരി അയാൾക്ക് നൽകി. നന്ദിയോടെ.

******************************

ദീപ്തിയോടൊപ്പം അവളുടെ ഷോപ്പിലേക്കു കയറി ചെല്ലുമ്പോൾ സന്ധ്യ അത്ഭുതപ്പെട്ടു. ഇരുപതോളം ജോലിക്കാർ പണിയെടുക്കുന്ന വലിയൊരു ടൈലറിങ് യൂണിറ്റ്.

തുണികൾ കട്ട്‌ ചെയ്യാനും മറ്റും മെയിൽ സ്റ്റാഫുകൾ വേറെയും.

എല്ലാരും സന്ധ്യയെവന്നു പരിചയപ്പെട്ടു.

ദീപ്തി അവൾക്കുള്ള മെഷിൻ കാണിച്ചു കൊടുത്തു.

ദാ.. അതാ നിന്റെ സീറ്റ്. തല്ക്കാലം ചെറിയ വർക്കുകൾ ചെയ്താ മതി.. എക്സ്പീരിയൻസ് ആകുംതോറും നമുക്ക് പുതിയ വർക്കുകൾ നോക്കാം. പോരേ.

മതി ദീപു.

“എന്നാ തുടങ്ങിക്കോ. കട്ട്‌ ചെയ്തത് ആ മേശപ്പുറത്തിരിപ്പുണ്ട്. എന്തെങ്കിലും ഡൗട് വന്നാൽ രമ ചേച്ചിയോട് ചോദിച്ചോ. പറഞ്ഞു തരും.

ദീപ്തി, സന്ധ്യയുടെ തൊട്ടടുത്ത മെഷിനിൽ തയ്ച്ചു കൊണ്ടിരുന്ന സ്ത്രീയെ ചൂണ്ടി പറഞ്ഞു.

അവർ അത് കേട്ട് സന്ധ്യയെ നോക്കി ചിരിച്ചു.

ദീപ്തി നന്ദുമോളെയും കൂട്ടി അവളുടെ കേബിനിലേക്ക് കയറിപ്പോയി.

സന്ധ്യ പ്രാർത്ഥനയോടെ തന്റെ പുതിയ ജോലിയിലേക്ക് പ്രവേശിച്ചു.

************************************

“ഏട്ടാ.. അത് അവർ തന്നെയാണ്. ഞാനിന്നു കണ്ടു.”

പത്രം വായിച്ച്കൊണ്ടിരുന്ന ജയകൃഷ്ണൻ മുഖമുയർത്തി ദീപ്തിയെ നോക്കി.

ദീപ്തി വല്ലാത്തൊരു വെപ്രാളത്തോടെ അവനോട് ചേർന്നു സെറ്റിയിലേക്കിരുന്നു

അതിന് നീയെന്തിനാ ഇങ്ങനെ വിറളി പിടിക്കുന്നെ. അവർ അവർക്ക് ഇഷ്ടമുള്ളിടത്തു താമസിക്കട്ടെ നമുക്കെന്താ.

എന്നാലും അവർക്കെങ്ങനെ മനസ്സ് വന്നുന്നാ..

ദീപ്തി മതിലിനപ്പുറത്തെ വീട്ടിലേക്ക് വീണ്ടും എത്തി നോക്കി.

നീ പോയി നിന്റെ ജോലി ചെയ്യടി.കണ്ടവന്റെ കാര്യം അന്വേഷിച്ചു നടക്കാതെ.

ജയകൃഷ്ണന്റെ ഒച്ചയുയർന്നു.

ദീപ്തി വല്ലായ്മയോടെ അവനെയൊന്ന് നോക്കിയിട്ട് അകത്തേക്ക് കയറിപ്പോന്നു.

എന്താ ദീപു… എന്തിനാ ഏട്ടൻ ദേഷ്യപ്പെടുന്ന കേട്ടേ.?

കൈകളിൽ മുഖംതാങ്ങി ആലോചനയോടെയിരിക്കുന്ന ദീപ്തിയെക്കണ്ട് സന്ധ്യ അടുത്തേക്ക് ചെന്നു.

“ആ പൂതന പിന്നേം ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഉള്ള സമാധാനം കൂടി കളയാൻ.

പൂതനയോ… ആരെക്കുറിച്ചാ ദീപു നീയീ പറയുന്നേ.

എന്റെ തള്ളയെപ്പറ്റി. അല്ലാതെ ആരാ.

ഈശ്വരാ.. അമ്മയെ ഇങ്ങനെയാണോ വിളിക്കുന്നെ

അവരെ വിളിക്കേണ്ട പേര് വേറെയാ.. പക്ഷേ അതിനെന്റെ നാവു വഴങ്ങുന്നില്ല.

എവിടെ വന്നുന്നാ … ഞാൻ കണ്ടില്ല ല്ലോ

അപ്പുറത്തെ വാടക വീട്ടിൽ.

ങേ… അവരോ.. ഇന്നലെയൊക്കെ കഴുകിയ തുണികൾ അഴയിൽ വിരിക്കുമ്പോ ഒരു സ്ത്രീ അവിടെ നിന്നോണ്ട് ഇങ്ങോട്ടു എത്തി നോക്കുന്ന കണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചു. പക്ഷേ ഇങ്ങോട്ട് ചിരിച്ചില്ല. മുഖം കനപ്പിച്ചു നിൽക്കുകയായിരുന്നു.

അത് തന്നെയാ ആള്..

എത്രയൊക്കെയായാലും സ്വന്തം അമ്മയല്ലേ ദീപു.. ഈ വഴക്കും പിണക്കവുമൊക്കെ മാറ്റി അവരോട് സ്നേഹമാകാൻ ശ്രമിച്ചൂടെ. അവിടെ നിന്ന് എത്തി നോക്കുന്ന കണ്ടപ്പോൾ പാവം തോന്നി.

പാവമോ.. നിനക്കതിനു അവരെക്കുറിച്ചെന്തറിയാം..?

സന്ധ്യ അതിന് മറുപടിയില്ലാതെ മുഖം കുനിച്ചു.

ജീവിക്കാൻ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. ഗവണ്മെന്റ് സെർവീസിൽ ഉന്നതപദവിയിലിരിക്കുന്ന ഒരാളിന്റെ ഭാര്യ.. ഏതോരാവശ്യങ്ങൾക്കും വിളിപ്പുറത്തു തന്നെ ജോലിക്കാർ.. ഓർഡറിട്ടാ മതി എന്തും കണ്മുന്നിലെത്തും. എന്നിട്ടും അവർക്ക് തൃപ്തി വന്നില്ല. അവർ അവരുടേതായ രീതിയിൽ പുതിയ സുഖങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അതിന്റെ ആദ്യത്തെ ഇരയായത് അച്ഛന്റെ തന്നെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന രവിയങ്കിളായിരുന്നു .

ഒരിക്കൽ അച്ഛനത് നേരിട്ട് കാണാനിടയായി. ആ നിമിഷം തന്നെ രണ്ടുപേരെയും റോഡിലേക്കിറക്കി വിട്ടു. പക്ഷേ അതിന് ശേഷം അച്ഛൻ തികഞ്ഞ മദ്യപാനിയായി.

അമ്മ ഒരു കൂസലുമില്ലാതെ രവിയങ്കിളിനൊപ്പം താമസവും തുടങ്ങി. . അതോടെ അച്ഛന്റെ തകർച്ച പൂർത്തിയായി.

പക്ഷേ അച്ഛൻ ഞങ്ങൾക്ക് വേണ്ടി ജീവിക്കാനൊന്നും തയ്യാറായില്ല. അച്ഛന് ഇഷ്ടപ്പെട്ട ഒരുത്തിയെ കൂടെ കൂട്ടി അമ്മയോട് പ്രതികാരം ചെയ്തു.

ഒരു ദിവസം അമ്മ സ്കൂളിൽ വന്ന് എന്നെയും ഏട്ടനെയും കൂട്ടിക്കൊണ്ട് പോയി.
പക്ഷേ ഒരമ്മയിൽ നിന്നും കിട്ടേണ്ടുന്ന സ്നേഹമോ, വാത്സല്യമോ അവരിൽ നിന്നുണ്ടായിട്ടില്ല. അവരുടെ ജീവിതം നശിപ്പിക്കാൻ വേണ്ടി ജനിച്ച നികൃഷ്ട ജന്മങ്ങൾ എന്നൊരു ഭാവമായിരുന്നു അവരുടെ മുഖത്ത്.അച്ഛന്റെ ഭാരിച്ച സ്വത്തിലായിരുന്നു അവരുടെ കണ്ണ്. ഞങ്ങൾ മുഖേനെ അത് നേടിയെടുക്കാനുള്ള കുടില തന്ത്രം.

അവരുടെ ക്രൂരതകൾ സഹിക്കാൻ വയ്യാതായപ്പോഴാണ് ഞാൻ അമ്മമ്മക്കും മാമനുമൊപ്പം നിങ്ങളുടെ നാട്ടിൽ വന്നത്..

അച്ഛനെതിരെ അമ്മ കൊടുത്തിരുന്ന ഡിവോഴ്‌സിന്റെ വിധി വന്നപ്പോൾ ഏട്ടന് അച്ഛന്റെ കൂടെ പോകേണ്ടി വന്നു.

അച്ഛന്റെ പുതിയ ഭാര്യ ഒരു പാവമായിരുന്നു. പക്ഷേ അവർ ഏട്ടനെ സ്നേഹിക്കുന്നതും കൊഞ്ചിക്കുന്നതും അച്ഛൻ വിലക്കി.

ഏട്ടൻ എല്ലാം ഉള്ളിലൊതുക്കി മൗനമായി വിങ്ങിപ്പൊട്ടി നടന്നു.

അമ്മയാണെങ്കിൽ പുതിയ പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുകയായിരുന്നു. അച്ഛനോട് ചെയ്തതു തന്നെ അവർ രവിയങ്കിളിനോടും ചെയ്തു.അയാളുടെ ആത്മാർത്ഥ സുഹൃത്തിനൊപ്പം ചേർന്ന്.

അങ്കിൾ പക്ഷേ അവരെ ഉപേക്ഷിച്ചില്ല. അയാൾക്ക് ഭാര്യയും മക്കളുമൊക്കെ ഉണ്ടായിരുന്നു. അമ്മയുടെ ശരീരം അയാൾക്കൊരു ഇടത്താവളം മാത്രമായിരുന്നു.

ഏട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താ അവർ അവസാനത്തെ ആണിയുമടിച്ചു ഞങ്ങളെ തകർത്തു കളഞ്ഞത്.

ടൗണിലെ ഒരു ലോഡ്ജിൽ നടന്ന റൈഡിൽ അവർ പിടിക്കപ്പെട്ടു. ഒരു വട്ടമല്ല.. പല വട്ടം.. ഓരോ തവണയും അവർക്കൊപ്പം ഉണ്ടായിരുന്നത് പുതിയ പുതിയ ആളുകളായിരുന്നു.

ദീപ്തി ഒരു നിമിഷം നിർത്തി. പിന്നെ സന്ധ്യയുടെ ചുമലിലേക്ക് ചാരി വിങ്ങിപ്പൊട്ടി.

സന്ധ്യ വല്ലാത്തൊരു മരവിപ്പിലായിരുന്നു. കേൾക്കുന്നത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത വിധം.

തുടരും.

Leave a Reply