രചന – ജ്വാലാമുഖി
എന്തോ ശബ്‌ദം കേട്ടു ഞെട്ടി എണീറ്റു ഞാൻ കണ്ണു തിരുമ്മി നോക്കി..
“എന്താ ഈ കാട്ടിൽ..?? ”
കാടൻമാർ ആണ്..
“ഞങ്ങൾ ഇവിടെ ഒക്കെ ചുറ്റി കാണാൻ വന്നതാ… ”
പെട്ടന്ന് അയാൾക്ക് ചുറ്റും കുറെ ആൾകാർ നിരന്നു വന്നു….
അയാൾ അവരോടു എന്തോ പറഞ്ഞു…
എന്തൊക്കെയോ തോലുകൾ ചുറ്റിയ കണ്ടാൽ അറപ്പു തോന്നുന്ന കുറച്ചു പേർ
അവർ ഞങ്ങളുടെ മേലെ ചാടി വീണു…
“ടാ.. നിനക്കിപ്പോ സമാധാനം ആയില്ലേ… ഇവർ നമ്മളെ പോത്തിനെ ഉണക്കുന്ന പോലെ കൊന്നു കെട്ടി തൂക്കി ഉണക്കി തിന്നും… നീ നോക്കിക്കോ… ”
ഹരി കുതറുന്നതിനു ഇടയിലും എന്നെ ചീത്ത പറയുന്നുണ്ട്…
അവർ ഞങ്ങളുടെ കാലുകളും കൈകളും മുളയിൽ കെട്ടി തൂക്കി കൊണ്ടു പോയി….
കുറച്ചു കഴിഞ്ഞതും എന്റെ ബോധം പോയി തുടങ്ങി…
മുഖത്തു ആരോ ശക്തിയിൽ വെള്ളം തളിച്ചതും ഞാൻ കണ്ണ് തുറന്നു നോക്കി…
മൂപ്പൻ ആണെന്ന് തോന്നുന്നു… അയാൾ പുഴു പിടിച്ച അയാളുടെ പല്ലു കാട്ടി എന്റെ മുഖത്തു നോക്കി ചിരിച്ചു… പെട്ടന്ന് ചിരി മാഞ്ഞു.. എന്തോക്കെയോ പറഞ്ഞു… എനിക്കൊന്നും മനസിലായില്ല…
അത് അയാൾക്ക് മനസിലായി കാണണം.. അയാൾ പിന്നെ മലയാളത്തിൽ പറഞ്ഞു തുടങ്ങി…
“കാട് മുടിക്കാൻ വന്നതല്ലേ നീ… ”
“അയ്യോ.. എന്റെ പൊന്നു അപ്പാപ്പ… ഒരു നേരമ്പോക്കിന് വന്നതാ ഇങ്ങോട്ട്… ”
“വനദേവതക്ക് ബലി കൊടുക്കാൻ ആളില്ലാതെ വിഷമിച്ചു ഇരിക്കുവായിരുന്നു…. ഇപ്പൊ ഒന്നല്ല രണ്ടു തലകൾ കൊടുക്കും…. എന്റെ കാളി….. നിയെ തുണ… ”
ഹരി പേടിച്ചു അന്തിച്ചു നിൽപ്പാണ്.. ഇത് എന്ത് നാടാണ്… മലയന്മാർ ഒന്നും അല്ലിവർ.. വേറെ ഏതോ നരഭോജികൾ ആണ്..
ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ കണ്ടു…
“ഇവർക്ക് തിന്നാനും കുടിക്കാനും കൊടുക്ക്… എന്നിട്ട് തച്ചൻ കൊഴിടെ ചോര കുറച്ചു കുടിക്കാൻ കൊടുക്ക്… കാളി സന്തോഷം കൊണ്ടു ഈ കാടിനെ അനുഗ്രഹിക്കണം… ”
“നിങ്ങൾ എന്തിനാ ഈ ക്രൂരത ചെയ്യുന്നത്.. ഇങ്ങനെ മനുഷ്യരെ കൊന്നാൽ ഏത് ദേവി പ്രീതിപ്പെടും എന്നാ നിങ്ങൾ പറയണേ… ”
” തോലിൽ കാഞ്ഞിരം അരച്ചു വായിൽ വച്ചു അടക്കു… ”
“വേണ്ട ഞാൻ ഇനി മിണ്ടില്ല… ”
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഉഴറി നിൽകുമ്പോൾ ആണ് തുള്ളിച്ചാടി വരുന്ന പവിഴത്തെ കണ്ടത്…
അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി..
“പവിഴം… ഞങ്ങളെ അഴിച്ചു വിടാൻ ഒന്നിയാളോട് പറ… ”
അവൾ നിരാശയോടെ എന്നെ നോക്കി..
“മൂപ്പ… അവങ്ക പാവം അല്ലെ.. ”
“നിനക്ക് നാട്ടിൽ നിന്നുള്ളവരോട് അല്ലേലും ഒരു അടുപ്പം കൂടുതൽ ഉണ്ട്… അതെങ്ങനാ നാട്ടിൽ ജനിച്ചത് അങ്ങോട്ട് തന്നെ അല്ലെ കൂറ് കാട്ടുള്ളു… ”
“അയ്യോ അങ്ങനെ ഒന്നും അല്ല… ”
“നിന്നെ വളർത്തിയത് ഞാൻ ആണ്… അറുക്കാൻ കൊണ്ടു വന്ന നീ ഇന്ന് ഈ കാട്ടിലെ റാണിയെ പോലെ കഴിയുന്നത് എന്റെ കനിവ് കൊണ്ടാണ്… ഇനി നീ ഒരക്ഷരം മിണ്ടിയാൽ അടുത്ത് അമാവാസിക്ക് മൂന്ന് തല കാളിയമ്മക്ക് കൊടുക്കും ഞാൻ… ”
അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു…
മൂപ്പന്റ ആൾക്കാർ ഞങ്ങളെ തൂക്കി ഒരു തടികൊണ്ട് മറച്ച മുറിയിൽ കെട്ടിയിട്ടു…
എന്നിട്ട് അവർ എങ്ങോട്ടോ ഇറങ്ങി പോയി..
“ഹരി… ”
അവൻ മിണ്ടാതെ പിണങ്ങി കിടപ്പാണ്..
“ടാ നീ എന്തെലും ഒന്ന് പറ… ”
“നീ മിണ്ടരുത്… നിനക്ക് എന്തിന്റെ രോഗം ഉണ്ടായിട്ടാണ് ഇങ്ങോട്ട് എന്നേ കൂടെ എഴുന്നള്ളിച്ചു കൊണ്ടു വന്നത്.. ”
“ടാ ഇങ്ങനെ ഒക്കെ ആകും എന്ന് ഞാൻ കരുതിയോ.. രക്ഷപെടാൻ എന്തേലും ഒരു വഴി കാണും.. നീ വിഷമിക്കല്ലേ… ”
മേലൊക്കെ അവർ തൂക്കി കൊണ്ടു വരും വഴി കല്ലിലും മുള്ളിലും തട്ടി മുറിഞ്ഞിരിക്കുന്നു…
വേദന സഹിക്കാൻ കഴിയാതെ ഒരു ഞെരക്കം മാത്രം ആയി ഒതുങ്ങി തുടങ്ങി…
പെട്ടന്ന് തടിവാതിൽ തുറന്നു ആരോ അങ്ങോട്ട് കടന്നു വന്നു..
ഒരു പെൺകുട്ടി… കാണാൻ കറുത്തിട്ട് ആണെങ്കിലും നിഷ്കളങ്കമായ മുഖം…
അവൾ ഞങ്ങളുടെ അടുത്ത് വന്നു മുറിവുകളിൽ ഒക്കെ മരുന്നു പുരട്ടി…
നീറിയിട്ട് സ്വർഗം കാണുന്ന നേരത്തും ഹരി നല്ല അസ്സല് വായിൽ നോട്ടം ആണ്..
എന്നാലും പവിഴത്തിന്റെ അത്രയും ഭംഗി ഇല്ല…
മുറിവൊക്കെ മരുന്നു വച്ചു പോകാൻ നേരം അവൾ ഹരിയെ നോക്കി ഒന്ന് ചിരിച്ചു.. ഹോ അവനാണേൽ ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു..
ചിരിക്കുമ്പോൾ അവളുടെ കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു..
“എന്താ പേര്… ”
“മല്ലി…. ”
ഹരി എന്നേ നോക്കി കണ്ണുരുട്ടി കാണിക്കുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്യാതെ പിന്നെയും സംസാരിച്ചു തുടങ്ങി..
“പവിഴം… ”
“ചേച്ചി മീൻ പിടിക്കാൻ പോയി… ”
“മല്ലിക്കും നാട്ടിലെ ഭാഷ അറിയോ.. ”
“ഉം.. അക്ക പഠിപ്പിച്ചതാ.. ”
“പവിഴം ആണോ… ”
അവൾ അതെ എന്ന് തലയാട്ടി…
“പവിഴം ഇവിടെ വന്നിട്ട് എത്ര കാലം ആയി.. ”
“കുറെ ആയി.. കാളിയമ്മക്ക് പൂജ ചെയ്യാൻ നാട്ടിലെ പൊണ്ണ് വേണം.. അതിനു വേണ്ടി കൊണ്ടു വന്നതാ.. അതുകൊണ്ട് വെട്ടാതെ ഞങ്ങളുടെ കൂട്ടത്തിൽ കൂട്ടി… ”
“എന്തിനാ ഇങ്ങനെ ഒക്കെ ആൾക്കാരെ കൊല്ലുന്നേ… ”
“കാളി പ്രീതിപ്പെടാൻ വേണ്ടി ആണ്… ”
“ഇതിനു മുൻപും ആൾക്കാരെ കൊന്നിട്ടുണ്ടോ… ”
“ഉണ്ടോ എന്നോ.. ഒരുപാട്… എല്ലാ അമാവാസിക്കും ഓരോരുത്തരെ അറുക്കും.. ”
“നിങ്ങടെ ആൾക്കാരെ കൊല്ലില്ലെ…”
“ഇല്ല… നാട്ടിൽ നിന്നു ഉള്ളവരെ മാത്രം… അതിനായി മൂപ്പന്റെ ആൾക്കാർ ഇങ്ങനെ നടക്കും… ”
“ഇതൊക്കെ വെറും അന്ധവിശ്വാസം അല്ലെ… ”
അവൾ മറുപടി പറയാതെ ഇറങ്ങി പോയി…
കുറച്ചു കഴിഞ്ഞതും പവിഴം അങ്ങോട്ട് വന്നു..
എന്റെ അടുത്തായി ഇരുന്നു..
“വല്ലതും കഴിച്ചോ… ”
“ഇല്ല.. ”
“പവിഴം എങ്ങനെയാ ഈ കാട്ടിൽ എത്തിയെ… ”
അവളുടെ വെള്ളാരംകണ്ണുകൾ എന്നേ കണ്ണുകളിൽ കോർത്തു വലിച്ചു… അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു….
തുടരും…..

by