മംഗല്യസൂത്രം…. 12
🧡മംഗല്യസൂത്രം : പന്ത്രണ്ട് 🧡
ആയുഷ് ചിരിച്ചു.
“അതെന്തിനാ പ്രശ്നമാകുന്നത്? നീ നിന്റെ അധ്യാപകനോടാണ് സംസാരിക്കുന്നത്. അതിൽ തെറ്റൊന്നുമില്ല. പിന്നെ നിർമ്മല മാഡത്തിന് എന്നെ നന്നായി അറിയാം. അതുകൊണ്ട് നീ എന്നോട് സംസാരിച്ചതിന് നിന്നെ വഴക്ക് പറയുമെന്ന് തോന്നുന്നില്ല.”
അല്ലിയുടെ ഉള്ളിൽ ഉണ്ടായിരുന്ന ചെറിയൊരു ഭയം പതിയെ മാറി.
” ഹോ, ഇത് കേട്ടപ്പോൾ എനിക്ക് സമാധാനമായി…”
“നിനക്ക് എന്തിനാണ് ഇത്ര പേടി?”
“അമ്മ അറിഞ്ഞാൽ…”
അവൾ പാതിയിൽ നിർത്തി.
ആയുഷ് അവളെ നോക്കി.
“നിന്റെ അമ്മയെ നീ ഒരുപാട് പേടിക്കുന്നുണ്ടല്ലേ?”
അല്ലി ചിരിച്ചെങ്കിലും ആ ചിരിയിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു.
” അമ്മ എന്തെങ്കിലും പറയുമോ എന്നതിനേക്കാൾ… അമ്മയെ വിഷമിപ്പിക്കുമോ എന്നുള്ള പേടിയാണ്.”
ആയുഷ് ഒന്നും പറഞ്ഞില്ല.
അവളുടെ മനസ്സ് എങ്ങനെയുള്ളതാണെന്ന് ആ ചെറിയ മറുപടിയിൽ നിന്ന് തന്നെ അവന് കുറച്ചൊക്കെ മനസ്സിലായി.
“നീ നല്ല കുട്ടിയാണ് അലംകൃത.” അവൻ തന്റെ കരം ടേബിളിൽ ഇരുന്ന അവളുടെ കരത്തോട് ചേർത്തു…
അവന്റെ കൈകളിലെ തണുപ്പ് തന്റെ ശരീരമാകെ പടർന്നതുപോലെ തോന്നി അല്ലിക്ക്, അവൾ അവന്റെ മുഖമാകെ കണ്ണുകൾ കൊണ്ട് അളന്നു, അവന്റെ നനവുള്ള ചുണ്ടുകളിൽ അവളുടെ കണ്ണുകൾ കുരുങ്ങി കിടന്നു. ആ നിമിഷം അവളുടെ അടിവയറിനുള്ളിൽ പേരറിയാത്ത ഒരു കുളിർമ അനുഭവപ്പെട്ടു. തന്റെ ശരീരത്തിൽ ചെറു രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നത് അവൾ അറിഞ്ഞു. അവൾ തന്റെ കാലുകൾ തറയിൽ ചവിട്ടി പിടിച്ചു. താൻ സ്നേഹിക്കുന്ന പുരുഷന്റെ സ്പർശനം അവളെ മറ്റേതോ മായിക ലോകത്തേക്ക് എത്തിച്ചു….
” അ… അത് എന്താ അങ്ങനെ പറഞ്ഞേ…?” അവൾ അവനെ നോക്കി. അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി.
“നിന്നെക്കുറിച്ച് നീ പറയുന്ന കാര്യങ്ങളിൽ നിന്നൊക്കെ, നിനക്ക് സ്വന്തമായി ഒരുപാട് ആഗ്രഹങ്ങളുണ്ട്. പക്ഷേ അതിനിടയിലും അമ്മയെക്കുറിച്ച് ചിന്തിക്കുന്നു. അതൊക്കെ എല്ലാവർക്കും കഴിയുന്ന കാര്യമല്ല.”
അല്ലിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.
അവൾ പതിയെ ചോദിച്ചു.
“സാറിന് എന്നെക്കുറിച്ച് ഇത്രയൊക്കെ എങ്ങനെ മനസ്സിലായി?”
ആയുഷ് ചിരിച്ചു.
“നിന്നെ കുറച്ചൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാകും. നീ അധികം സംസാരിക്കുന്ന ആളല്ല. പക്ഷേ സംസാരിച്ചുതുടങ്ങിയാൽ നിന്റെ കണ്ണുകൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.”
അവൾ ഒന്നും പറയാതെ അവനെ നോക്കി.
ആ നിമിഷം അവനോടുള്ള അവളുടെ മതിപ്പ് കുറച്ചുകൂടി വളർന്നു.
അവൻ അധ്യാപകൻ മാത്രമല്ല…
തന്റെ മനസ്സിലെ ചെറിയ കാര്യങ്ങൾ പോലും മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളാണ്.
അത് അവൾക്ക് വളരെ പ്രത്യേകമായൊരു അനുഭവമായി തോന്നി.
“ഇനി സാറിനെക്കുറിച്ച് എന്നോട് പറയു…?”
ആയുഷ് ചിരിച്ചു.
“എന്നെക്കുറിച്ചോ?”
“അതെ. ഇത്രയും നേരം ഞാൻ മാത്രമല്ലേ പറഞ്ഞത്.”
“ശരി… ചോദിക്കൂ.”
“സാറിന് എത്ര വയസ്സാണ്?”
“ഇരുപത്തിയെട്ട്.”
അല്ലിയുടെ കണ്ണുകൾ ചെറുതായി വിടർന്നു.
“അത്രയേ ഉള്ളോ?”
“എന്താ? എന്നെ കണ്ടിട്ട് വയസ്സനായിട്ട് തോന്നുന്നുണ്ടോ?”
“അയ്യോ… അങ്ങനെ പറഞ്ഞതല്ല.”
അവൻ ചിരിച്ചു.
“ഞാൻ ജനിച്ചതും വളർന്നതും മുംബൈയിൽ തന്നെയാണ്. പക്ഷേ എന്റെ അച്ഛനും അമ്മയും ഇപ്പോൾ കേരളത്തിലാണ് താമസം.”
“അപ്പോൾ സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?”
“അച്ഛൻ, അമ്മ, പിന്നെ ഒരു അനിയത്തി. അവൾ ഇപ്പോൾ പഠിക്കുകയാണ്. ഞാൻ മുംബൈയിൽ തന്നെ ആയതുകൊണ്ട് അവരെ ഇടയ്ക്കിടെ കാണാൻ കേരളത്തിലേക്ക് പോകും.”
“കേരളത്തിൽ എവിടെയാണ്?”
“എന്റെ നാട്ടിൽ.”
അവൻ ചിരിച്ചു.
“ഓഹോ നാടിന് പേരില്ലേ..?”
അല്ലിയും ചിരിച്ചു.
” ഉണ്ട് പക്ഷെ പറയില്ല, താൻ കണ്ടുപിടിച്ചോളൂ… ” അവന്റെ ശബ്ദത്തിൽ കുസൃതി ഉണ്ടായിരുന്നു…
” സാറിന്റെ സംസാരത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്.”
“അത് നല്ലതാണോ മോശമാണോ?”
“നല്ലതാണ്.”
അവന്റെ മുഖത്ത് വീണ്ടും ആ ചിരി തെളിഞ്ഞു.
“നിനക്ക് എന്നെക്കുറിച്ച് എന്താണ് തോന്നിയത് ആദ്യമായി കണ്ടപ്പോൾ?”
ആ ചോദ്യം കേട്ടതും അല്ലി ഒന്ന് ഞെട്ടി.
“എനിക്കോ ?”
“അതെ.”
“ഒന്നും തോന്നിയില്ല.”
“അത് കള്ളമാണ്.”
അവൾ ചിരിച്ചു.
” ഓ പിന്നെ മുഖം നോക്കി പറയാനുള്ള ഡിഗ്രി ആണോ സാർ പഠിച്ചത്…?”
” അത് എനിക്ക് ജന്മനാ കിട്ടിയ കഴിവാണ്,
ആദ്യമായി ലൈബ്രറിയിൽ കണ്ടപ്പോൾ നീ എന്നെ നോക്കിയ രീതി എനിക്ക് ഓർമ്മയുണ്ട്.”
അല്ലിയുടെ മുഖം പെട്ടെന്ന് ചുവന്നു.
“അത്… സാർ എന്റെ അധ്യാപകനാണെന്ന് അറിയില്ലായിരുന്നു.”
” ഓഹോ അപ്പൊ അധ്യാപകൻ ആയപ്പോ അപ്പൊ തോന്നിയത് ഇപ്പോൾ ഇല്ലേ…? ”
അല്ലി കുറച്ചുനേരം ആലോചിച്ചു.
” അങ്ങനെ ഒന്നുമില്ല, സാധാരണ ആൺകുട്ടികളെ അവിടെ കാണാറില്ലല്ലോ അപ്പൊ അത്ഭുതം തോന്നിയതാ അത്രേ ഉള്ളു… ” അവൾ വായിൽ വന്ന കള്ളം പറഞ്ഞു…
“അതേയുള്ളോ?”
“പിന്നെ… നല്ല രീതിയിൽ സംസാരിക്കും.”
“അത് മാത്രമോ…?”
അവൾ പതിയെ ചിരിച്ചു.
“സാറിന് വലിയ ജാഡയൊന്നുമില്ലെന്നും തോന്നി.”
ആയുഷ് ചിരിച്ചുപോയി.
“അത് വലിയൊരു കോംപ്ലിമെന്റ് ആണല്ലോ.”
“അതെ.”
അവരുടെ സംസാരം അവസാനിക്കുമ്പോഴേക്കും അല്ലിയുടെ മനസ്സിൽ ആയുഷിനോടുള്ള മതിപ്പ് മുൻപത്തേക്കാൾ ഒരുപാട് കൂടിയിരുന്നു.
അവൾ പോലും അറിയാതെ ആ മനുഷ്യന്റെ സാന്നിധ്യം ഒരു ആശ്വാസമായി മാറിക്കൊണ്ടിരുന്നു.
പക്ഷേ…
അവർക്കിടയിൽ നിൽക്കുന്ന അധ്യാപകൻ–വിദ്യാർത്ഥി എന്ന അതിർത്തി അവൾക്ക് ഇപ്പോഴും അറിയാമായിരുന്നു.
അത് കടക്കരുതെന്ന് അവളുടെ മനസ്സ് അവളോട് വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു.
എങ്കിലും…
ഹൃദയത്തിന് ചില വികാരങ്ങൾക്ക് അതിരുകൾ വരയ്ക്കാൻ അറിയില്ലല്ലോ.
……..
അതേസമയം…
നിർമ്മല തന്റെ ഫ്ലാറ്റിലെ മുറിയിൽ ഇരിക്കുകയായിരുന്നു.
ഫോൺ കൈയിൽ എടുത്ത് കുറച്ചുനേരം നോക്കിയ ശേഷം മിത്രയെ വിളിച്ചു.
രണ്ട് റിങ്ങുകൾക്ക് ശേഷം മിത്ര ഫോൺ എടുത്തു.
“നിർമ്മലേ… എന്താ ഈ സമയത്ത്?”
“അല്ലിയുടെ കാര്യമാണ് മിത്രേ.”
മിത്രയുടെ മുഖഭാവം പെട്ടെന്ന് മാറി.
“എന്തുപറ്റി അവൾക്ക്?”
“ഒന്നുമില്ല. പേടിക്കേണ്ട. പക്ഷേ കുറച്ച് കാര്യങ്ങൾ നിന്നോട് പറയണം.”
“പറ.”
നിർമ്മല പതിയെ പറഞ്ഞു.
“അല്ലി ഇതുവരെ ഇവിടെ വന്നിട്ട് കുഴപ്പമൊന്നുമില്ല… ഇവിടെ വന്നിട്ട് കുറച്ച് ദിവസമല്ലേ ആയിട്ടുള്ളൂ. എന്നാലും ഈ സമയത്തിനിടയ്ക്ക് ഞാൻ അവളോട് കുറച്ച് അടുക്കാൻ നോക്കിയെങ്കിലും അവൾ എല്ലാത്തിനോടും ഉൾവലിഞ്ഞു നിൽക്കുന്നത് പോലെ തോന്നുന്നുണ്ട് എനിക്ക്. ഉള്ളിൽ എന്തോ പേടി ഉള്ളതുപോലെ തോന്നുന്നു.”
മിത്ര നിശ്ശബ്ദയായി.
“അത് അവളുടെ സ്വഭാവം തന്നെയാണ്.”
“അറിയാം. പക്ഷേ നീ അവളോട് വളരെ സ്ട്രിക്ടായി പെരുമാറുന്നുണ്ട് മിത്രേ. അതുകൊണ്ട് അവൾക്ക് എന്തെങ്കിലും സംഭവിച്ചാലും നിന്നോട് പറയാതെ പോകുമോ എന്നൊരു പേടി എനിക്കുണ്ട്.”
“ഞാൻ അവളെ സംരക്ഷിക്കാനാണ്…” മിത്രയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
“അത് എനിക്കറിയാം. നീ നല്ലൊരു അമ്മയാണ്. നിനക്ക് അവളുടെ കാര്യത്തിൽ പേടി ഉണ്ടാകും. പക്ഷേ എപ്പോഴും നിയമങ്ങളും വിലക്കുകളും മാത്രം പറഞ്ഞാൽ അവൾക്ക് നിന്നോട് തുറന്ന് സംസാരിക്കാൻ കഴിയില്ല.”
മിത്ര കുറച്ചുനേരം മിണ്ടിയില്ല.
നിർമ്മല തുടർന്നു….
“അതുകൊണ്ടാണ് ഞാൻ അവളോട് കുറച്ച് സൗമ്യമായി പെരുമാറുന്നത്. അവൾക്ക് എന്നിൽ വിശ്വാസം ഉണ്ടാകണം. അമ്മയോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ എങ്കിലും എന്നോട് പറയാൻ കഴിയണം. അവൾക്ക് എന്നെ ഒരു അധ്യാപിക ആയി മാത്രം തോന്നിയാൽ അവൾ ഒന്നും പറയില്ല.”
“നീ പറയുന്നത് ശരിയാണ്.” നിർമ്മല പറയുന്നതിൽ കാര്യം ഉണ്ടെന്ന് മിത്രയ്ക്കും തോന്നി…
“ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ അവൾക്ക് അത് മനസ്സിലാകാത്ത രീതിയിൽ ആണെന്ന് മാത്രം….”
മിത്രയുടെ ശബ്ദത്തിൽ ആശങ്ക നിറഞ്ഞു.
“എന്തൊക്കെ സംഭവിച്ചാലും അവളെ എപ്പോഴും ശ്രദ്ധിക്കണം നിർമ്മലേ. എനിക്ക് അവളുടെ കാര്യത്തിൽ നല്ല പേടിയുണ്ട്. ഞാൻ അനുഭവിച്ചതൊന്നും അവൾ അനുഭവിക്കരുത്. അവൾക്ക് ഒരാളെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ വരരുത്… പക്ഷേ അതേ സമയം ആരെയും കണ്ണടച്ച് വിശ്വസിക്കാനും പാടില്ല.”
“നീ സമാധാനിക്കൂ. ഞാൻ ഉണ്ടല്ലോ.”
“അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ…”
“ഒന്നും സംഭവിക്കില്ല. നീ ഇത്രയും പേടിക്കേണ്ട.”
“അടുത്ത ആഴ്ച മുതൽ നീ കോളേജിൽ പോകുമെന്ന് പറഞ്ഞില്ലേ?”
“അതെ. അടുത്ത ആഴ്ച മുതൽ ഞാൻ വീണ്ടും ക്ലാസ്സിൽ പോകും…”
“അപ്പോൾ അവളെ നേരിട്ട് ശ്രദ്ധിക്കാൻ കഴിയുമല്ലോ.”
“തീർച്ചയായും. അതുകൊണ്ടുതന്നെയാണ് ഞാൻ പറയുന്നത് നീ കുറച്ച് റിലാക്സ് ആവ് . അവളെ ഞാൻ ശ്രദ്ധിച്ചോളാം.”
മിത്ര പതിയെ നെടുവീർപ്പിട്ടു.
“നന്ദി നിർമ്മലേ.”
“നന്ദി ഒന്നും വേണ്ട. അവൾ എന്റെ കൂടെയും മകളാണ്.”
കോൾ അവസാനിച്ചപ്പോൾ ഇരുവരുടെയും മനസ്സിൽ ഒരേ ആശങ്കയായിരുന്നു.
അല്ലിയുടെ ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്ന്.
……..
കുറച്ച് ദിവസങ്ങൾ കൂടി കടന്നുപോയി.
ഒരു ദിവസം വൈകുന്നേരം ഇഷാനി തന്റെ അമ്മയെ കാണാനായി വീട്ടിലെത്തി.
കാറിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അവളുടെ മനസ്സിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടായിരുന്നു.
അമ്മ വിളിച്ചപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു.
അകത്തേക്ക് കയറിയപ്പോൾ അമ്മ സ്വീകരണമുറിയിൽ തന്നെ ഉണ്ടായിരുന്നു.
“വന്നോ?”
“മ്മ്.”
“ഇരിക്ക്. നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്.”
ഇഷാനി അമ്മയുടെ മുഖത്തേക്ക് നോക്കി.
“എന്താ അമ്മേ?”
അവളുടെ അമ്മ കുറച്ചുനേരം മിണ്ടാതെ നിന്ന ശേഷം പറഞ്ഞു.
“നിനക്കായി ഒരു വിവാഹാലോചന വന്നിട്ടുണ്ട്.”
ഇഷാനിയുടെ മുഖം പെട്ടെന്ന് മാറി.
“എന്ത്?”
“വളരെ നല്ല കുടുംബമാണ്. വലിയ ബിസിനസ് കുടുംബം. ആ പയ്യനും നല്ല വിദ്യാഭ്യാസവും ബിസിനസും ഒക്കെയുള്ള ആളാണ്.”
“എനിക്ക് വേണ്ട.”
അവൾ ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു.
അമ്മയുടെ മുഖം കടുത്തു.
“ഞാൻ ഇതുവരെ ഒന്നും പറഞ്ഞുതീർന്നില്ലല്ലോ.”
” എനിക്ക് അമ്മ പറഞ്ഞ ആളെ കല്യാണം കഴിക്കണമെന്നില്ല.”
“എന്തുകൊണ്ട്?”
ഇഷാനി എഴുന്നേറ്റു.
“എനിക്ക് ഒരാളെ ഇഷ്ടമാണ്.”
അമ്മയുടെ കണ്ണുകൾ ചുരുങ്ങി.
“കൈലാസാണോ?”
ഇഷാനി ഒന്നും പറഞ്ഞില്ല. അത് തന്നെ അവളുടെ മറുപടിയായിരുന്നു.
“അവനെയാണോ നീ വിവാഹം കഴിക്കാൻ പോകുന്നത്?”
“അതെ.”
“അവനെ എനിക്ക് ഇഷ്ടമില്ലെന്ന് നിനക്ക് അറിയില്ലേ?”
“അറിയാം. പക്ഷേ എനിക്ക് അവനെ ഇഷ്ടമാണ്. ഞാൻ അവനോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അമ്മ അല്ലലോ കല്യാണം കഴിക്കുന്നത്? ഞാൻ അല്ലെ, അപ്പൊ എന്റെ ഇഷ്ട്ടം അല്ലെ നോക്കേണ്ടത്…?”
ഇഷാനിയുടെ ശബ്ദം ഉയർന്നു.
“നിനക്ക് ജീവിതം എന്നത് എന്താണെന്ന് അറിയില്ല ഇഷാനി. സ്നേഹം മാത്രം കൊണ്ട് ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.”
“അമ്മയ്ക്ക് പണം മാത്രമാണ് ജീവിതം.”
“പണം വേണമെന്നത് തെറ്റാണോ? നിനക്ക് ഇത്രയും നല്ല ജീവിതം വേണമെങ്കിൽ അതിനൊരു സുരക്ഷ വേണം.”
“എനിക്ക് കൈലാസിനൊപ്പം സുരക്ഷയുണ്ട്.”
“അവൻ ഇപ്പോൾ നിനക്ക് സ്നേഹം തരുന്നു. നാളെ എന്താകും എന്ന് നിനക്കറിയാമോ?”
ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു.
“അവൻ എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല.”
“നീ അത്ര ഉറപ്പിച്ച് പറയാൻ മാത്രം എന്ത് ഉറപ്പാണ് അവൻ നിനക്ക് തന്നിട്ടുള്ളത് ഏഹ്ഹ്, എപ്പോ വേണമെങ്കിലും തകരാവുന്ന ഒരു ബിസിനെസ്സ് ആണ് അവന്റേത്… ഇനി വരുന്ന ആ ഇവന്റ് കിട്ടിയില്ലെങ്കിൽ കൈലാസ് പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടി വരും… ഇതൊക്കെ കണ്ടിട്ടാണോ എന്റെ മോള് തുള്ളുന്നത്…?”
തുടരും… 🧡





