മംഗല്യസൂത്രം… 11

🧡മംഗല്യസൂത്രം :  പതിനൊന്ന് 🧡

അവന്റെ ചോദ്യം കേട്ട് അല്ലി മെല്ലെ പുഞ്ചിരിച്ചു.

“അടുത്ത തവണ വരാം. ഇന്ന് എനിക്ക് കുറച്ച് ക്ഷീണമുണ്ട്.” അവൾ വായിൽ വന്ന കള്ളം പറഞ്ഞു…

“ശരി… പക്ഷേ അടുത്ത തവണ രക്ഷപ്പെടാൻ പറ്റില്ല.” അവൻ ചിരിച്ചുകൊണ്ട് കൂട്ടുകാരോടൊപ്പം പോയി.

അല്ലി കാന്റീനിന്റെ മറ്റൊരു ഭാഗത്തേക്ക് നടന്നു. ഒറ്റപ്പെട്ട ഒരു മേശ കണ്ടെത്തി അവിടെ ഇരുന്നു.

ഭക്ഷണം മുന്നിൽ വെച്ചെങ്കിലും അവളുടെ മനസ്സിൽ അമ്മയുടെ വാക്കുകളും രാവിലെ നടന്ന പ്രസന്റേഷനും ആയുഷിന്റെ നോട്ടവുമായിരുന്നു.

അവൾ പതിയെ ഭക്ഷണം കഴിക്കാൻ തുടങ്ങി.

അപ്പോഴാണ് അവളുടെ മുന്നിലേക്ക് ഒരു പ്ലേറ്റ് നീങ്ങി വന്നത്….

അല്ലി ഞെട്ടി തല ഉയർത്തി.

ആയുഷ്…..!

അവൻ അവളുടെ മുന്നിലുള്ള കസേര വലിച്ചിട്ട് ഇരുന്നു.

അല്ലിയുടെ കൈ ഒരു നിമിഷം നിശ്ചലമായി… അവളുടെ ഹൃദയം വീണ്ടും ആലില പോലെ വിറയ്ക്കാൻ തുടങ്ങി.

ആയുഷ് അവളെ നോക്കി ചിരിച്ചു.

“ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയാണോ?”

അല്ലി പതിയെ തലകുലുക്കി.

“അതെ സാർ…”

“എന്താ കൂട്ടുകാരൊന്നും ഇല്ലേ?”

അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
“ഉണ്ട്… പക്ഷേ ഞാൻ തന്നെയാണ് വരുന്നില്ലെന്ന് അവരോട് പറഞ്ഞത്.”

ആയുഷ് അവളെ ശ്രദ്ധിച്ചു നോക്കി.

“അത് എന്തിനാ?”

അല്ലി കുറച്ചുനേരം മിണ്ടാതെ നിന്നു. അവളുടെ മനസ്സിൽ അമ്മയുടെ മുഖം തെളിഞ്ഞു. പക്ഷേ ആ സത്യം അവനോട് പറയാൻ അവൾക്ക് കഴിഞ്ഞില്ല.

“എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നത് ഇഷ്ടമാണ് സാർ…”

ആയുഷ് ചെറുതായി ചിരിച്ചു.

“അത് ഞാൻ വിശ്വസിക്കുന്നില്ല.”

അല്ലി അതിശയത്തോടെ അവനെ നോക്കി.

” അതെന്താ എന്നെ കണ്ടാൽ കള്ളം പറയുന്നവളായി തോന്നുന്നുണ്ടോ…?” അവളുടെ കവിളുകൾ വീർത്തു…

“ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടമുള്ള ആളുകൾക്ക് ചുറ്റുമുള്ളവരെ ഇത്ര ശ്രദ്ധിച്ച് നോക്കേണ്ട ആവശ്യമില്ല. അവർ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് ആരുമായും അടുക്കാൻ താല്പര്യം ഇല്ലാത്തത് പോലെ ഇരിക്കും. എന്നാൽ നീ ക്ലാസ്സിൽ എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ആരോടും പെട്ടെന്ന് അടുക്കുന്നില്ല. നിന്റെ കണ്ണുകളിൽ മറ്റുള്ളവരെപോലെ കൂട്ട് കൂടാനും സന്തോഷിക്കാനുമുള്ള ആഗ്രഹം ഞാൻ കാണുന്നുണ്ട്, പക്ഷെ എന്താണ് നിന്നെ പിന്നോട്ട് വലിക്കുന്നതെന്ന് എനിക്കറിയില്ല…”

അല്ലിയുടെ കണ്ണുകൾ പതിയെ വലുതായി. ആയുഷ് തന്നെ ഇത്രയും ശ്രദ്ധിച്ചിട്ടുണ്ടെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആയുഷ് പതിയെ പറഞ്ഞു.

“അലംകൃത… നീ യഥാർത്ഥത്തിൽ എങ്ങനെയുള്ള ആളാണ്?”

അവൾ ഒന്നും പറയാതെ അവനെ നോക്കി. ആ ചോദ്യം അവളുടെ മനസ്സിൽ ആഴത്തിൽ തട്ടി.

കാരണം…. ആദ്യമായാണ് ആരെങ്കിലും അവളോട് അങ്ങനെ ചോദിക്കുന്നത്.

അമ്മ പോലും തന്നോട് ഇങ്ങനെ ചോദിച്ചിട്ടില്ല… എന്നാൽ ഇന്നലെ കണ്ട ആയുഷ് അവൾ ആരാണെന്ന് അറിയാൻ ശ്രമിക്കുകയായിരുന്നു.

അവൾ പതിയെ ചിരിച്ചു.

“എനിക്ക് തന്നെ അറിയില്ല സാർ…”

ആയുഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“എങ്കിൽ കണ്ടെത്താൻ ശ്രമിക്കണം. നീ ആരാണെന്ന് സ്വയം അറിയണം, എന്നിട്ട് നീ ആയിത്തന്നെ വളരണം, അല്ലാതെ ഇങ്ങനെ ഒതുങ്ങി കൂടി ഇരുന്നതുകൊണ്ട് ഒരു ഉപയോഗവും ഉണ്ടാവില്ല…”

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ അല്ലിയുടെ ഹൃദയത്തിൽ വീണ്ടും അതേ പരിചിതമായ വിറയൽ പടർന്നു.

അവൾക്ക് അപ്പോൾ മനസ്സിലായില്ല…

ഈ മനുഷ്യനോടുള്ള ഓരോ സംഭാഷണവും തന്റെ ജീവിതത്തെ പതിയെ മാറ്റിത്തുടങ്ങുകയാണെന്ന്.

ആയുഷിന്റെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അല്ലിക്ക് എന്തോ ഒരു അപരിചിതമായ അസ്വസ്ഥത ഉണ്ടായിരുന്നു.

അവനോട് സംസാരിക്കാൻ തോന്നുന്നുണ്ട്… പക്ഷേ ഓരോ വാക്കും പറയുന്നതിന് മുമ്പും അവൾ രണ്ടുതവണ ആലോചിച്ചു.

അമ്മയുടെ വാക്കുകൾ മനസ്സിന്റെ ഒരു കോണിൽ ഇപ്പോഴും ഉണ്ടായിരുന്നു.

“ആൺകുട്ടികളോട് അധികം അടുക്കരുത്…”

പക്ഷേ തന്റെ മുന്നിലിരിക്കുന്നത് ഒരു സഹപാഠിയല്ല. തന്റെ അധ്യാപകനാണ്.

അതുകൊണ്ടുതന്നെ താൻ സംസാരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

ആയുഷ് അവളുടെ മുഖത്തേക്ക് നോക്കി.

“എന്താ… എന്നോട് സംസാരിക്കാൻ ഇത്ര പേടി?”

അല്ലി പെട്ടെന്ന് തല ഉയർത്തി.

“പേടിയൊന്നുമില്ല സാർ…”

“പേടിയില്ലെങ്കിൽ പിന്നെ ഇത്രയും നേരമായി ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓരോ വാക്കിൽ മറുപടി പറയുന്നത് എന്തിനാ?”

അവൾ അറിയാതെ ചിരിച്ചു.

“അങ്ങനെ ഒന്നുമില്ല.”

“ശരി… എന്നാൽ നമുക്ക് ഒരു കരാർ വെക്കാം.”

“എന്ത് കരാർ?”

“ഞാൻ നിന്നോട് ചോദിക്കുന്നതിന്റെ ഉത്തരം നിനക്ക് പറയാൻ താൽപര്യമില്ലെങ്കിൽ പറയണ്ട. പക്ഷേ പറയുമ്പോൾ വെറുതെ ഒറ്റവാക്കിൽ പറഞ്ഞ് എന്നെ ഒഴിവാക്കാൻ നോക്കരുത്.”

അല്ലിയുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു.

“ശരി സാർ…”

“ആദ്യം പറയൂ… വീട്ടിൽ ആരൊക്കെയുണ്ട്?”

അല്ലിയുടെ മുഖത്തെ പുഞ്ചിരി പതിയെ മങ്ങി.

ആ ചോദ്യം അവളുടെ മനസ്സിൽ എവിടെയോ തൊട്ടു.

“അമ്മയും ഞാനും…” അവൾ കുറച്ചുനേരം നിർത്തി.

“അച്ഛൻ?”

ആയുഷിന്റെ ചോദ്യം വളരെ സ്വാഭാവികമായിരുന്നു. പക്ഷേ ആ ഒരു വാക്ക് അല്ലിയുടെ ഉള്ളിൽ പഴയൊരു വാതിൽ തുറന്നതുപോലെ തോന്നിച്ചു.

അവൾ കണ്ണുകൾ താഴ്ത്തി.

“അച്ഛനും അമ്മയും… ഒരുമിച്ചല്ല.”

ആയുഷ് അവളുടെ മുഖത്തേക്ക് നോക്കി.

“ഡിവോഴ്സ് ആണോ?”

അല്ലി പതിയെ തലകുലുക്കി.

“അതെ.”

“അച്ഛനെക്കുറിച്ച് അധികം സംസാരിക്കാറില്ലേ?”

“ഇല്ല.” അവൾ അത്രയും മാത്രം പറഞ്ഞു.

ആയുഷിന് കൂടുതൽ ചോദിക്കണമെന്ന് തോന്നിയെങ്കിലും അവളുടെ മുഖത്തെ മാറ്റം കണ്ടപ്പോൾ അവൻ ആ ചോദ്യം അവിടെ തന്നെ നിർത്തി.

“ശരി… അതൊക്കെ പറയാൻ നിനക്ക് താൽപര്യമില്ലെങ്കിൽ പറയണ്ട. ഞാൻ നിന്നെ ബുദ്ധിമുട്ടിക്കാനല്ല ചോദിച്ചത്.”

അവന്റെ ആ മറുപടി അല്ലിക്ക് വളരെ ആശ്വാസമായി. അവൾ കുറച്ചുനേരം മിണ്ടാതെ ഇരുന്നു.

പിന്നീട് പതിയെ പറഞ്ഞു.

“അമ്മയ്ക്ക് എന്നെക്കുറിച്ച് പേടി കൂടുതലാണ് .” അത് പറയുമ്പോൾ ഇന്ന് ഈ നിമിഷം വരെ അമ്മ തന്നോട് പറഞ്ഞിട്ടുള്ള ഓരോ വാക്കും അവളുടെ മനസ്സിൽ തെളിഞ്ഞു…

” പേടിയോ, ഈ മിണ്ടപൂച്ച കലം ഉടയ്ക്കും എന്നാണോ അമ്മയുടെ പേടി…?”

“എനിക്ക് അറിയില്ല… ഒരുപക്ഷേ അമ്മയുടെ കഴിഞ്ഞകാലം കൊണ്ടായിരിക്കും.”

അവൾക്ക് അന്ന് മിത്ര പറഞ്ഞതെല്ലാം ഓർമ്മ വന്നു.

നിരഞ്ജൻ… അയാളുടെ വഞ്ചന… അത് കാരണം അമ്മയുടെ തകർന്നുപോയ വിശ്വാസം…

അല്ലി പതിയെ തുടർന്നു.

“അമ്മയ്ക്ക് ആൺകുട്ടികളുമായി ഞാൻ സംസാരിക്കുന്നത് പോലും ഇഷ്ടമല്ല. കോളേജിൽ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിലും അമ്മയ്ക്ക് പേടിയാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ ആരോടും അധികം അടുക്കാത്തത്.”

ആയുഷ് അവളെ ശ്രദ്ധയോടെ നോക്കി.

“അപ്പോൾ നീ ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞത് മുഴുവൻ സത്യമല്ലല്ലേ?”

അല്ലി ചിരിച്ചു.

“അല്ല…”

“ഹ്മ്മ് എനിക്ക് തോന്നിയിരുന്നു.”

“എനിക്ക് കൂട്ടുകാരൊക്കെ വേണം സാർ. പക്ഷേ… അമ്മയെ വിഷമിപ്പിക്കാനും പേടിയാണ്.”

” ഇതിനെയാണ് ചെകുത്താന്റെയും കടലിന്റെയും നടുക്ക് പെട്ട് പോയ അവസ്ഥ എന്ന് പറയുന്നത്….”

” എന്റെ അമ്മ ചെകുത്താൻ ആണെന്ന് ആണോ? ” അവളുടെ കവിളുകൾ വീർത്തു…

” അയ്യോ എന്റെ കൊച്ചേ… ഞാൻ ഒരു ഉപമ പറഞ്ഞതാണ് ” അവൻ അത് പറഞ്ഞു ചിരിച്ചു…

അവൻ കുറച്ചുനേരം ആലോചിച്ചു.

“പക്ഷേ അലംകൃത, നിന്റെ അമ്മയുടെ പേടി നിനക്ക് മനസ്സിലാക്കാം. അതുപോലെ നിന്റെ പ്രായത്തിലുള്ള ഒരാളുടെ ആഗ്രഹങ്ങളും മനസ്സിലാക്കണം. സുഹൃത്തുക്കളുണ്ടാകണം, ആളുകളോട് സംസാരിക്കണം, തെറ്റും ശരിയും സ്വയം മനസ്സിലാക്കണം… അതൊക്കെ വളരുന്നതിന്റെ ഭാഗമാണ്. എല്ലാത്തിൽ നിന്നും മാറിനിന്നാൽ ലോകത്തെക്കുറിച്ച് എങ്ങനെ പഠിക്കും?”

അല്ലി അവനെ നോക്കി.

അവന്റെ ഓരോ വാക്കും അവളുടെ മനസ്സിൽ പതിയുകയായിരുന്നു.

“പക്ഷേ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ?”

“തെറ്റ് ചെയ്യുമെന്ന പേടിയിൽ ജീവിച്ചാൽ ശരിയായ തീരുമാനമെടുക്കാനും പഠിക്കില്ല. പക്ഷേ ആരെ വിശ്വസിക്കണം എന്നതിൽ ശ്രദ്ധ വേണം. അത്രയേ ഉള്ളൂ.”

അവൾ പതിയെ തലകുലുക്കി.

“സാർ പറഞ്ഞത് ശരിയാണ്.”

“ഇനി നിന്റെ പഠനത്തെക്കുറിച്ച് പറയൂ. ഇതിന് മുമ്പ് എന്താണ് പഠിച്ചത്?”

“പ്ലസ് ടു വരെ കേരളത്തിൽ തന്നെയാണ് പഠിച്ചത്. പിന്നെ നീറ്റ് എഴുതാൻ ശ്രമിച്ചിരുന്നു.”

“നീറ്റോ…?”

“അതെ… പക്ഷേ പിന്നെ ബിസിനസ്സ് പഠിക്കണം എന്നായിരുന്നു എന്റെ തീരുമാനം. അതുകൊണ്ട് ബി.ബി.എ എടുത്തു.”

“അപ്പോൾ ഡോക്ടർ ആകാൻ ആഗ്രഹിച്ചിരുന്നോ?”

അവൾ ചിരിച്ചു.

“അമ്മയ്ക്ക് അതായിരുന്നു ആഗ്രഹം. എനിക്ക് അത്ര താൽപര്യമില്ലായിരുന്നു.”

“അപ്പോൾ ബിസിനസ് തന്നെയാണോ ശരിക്കും ഇഷ്ടം?”

“അതെ. ചെറിയ കാര്യങ്ങൾ പോലും എങ്ങനെ ഒരു വലിയ ബിസിനസായി മാറുന്നു എന്നത് എനിക്ക് കൗതുകമാണ്. ആളുകൾ എന്തുകൊണ്ടാണ് ഒരു സാധനം വാങ്ങുന്നത്, ഒരു ബ്രാൻഡ് എങ്ങനെയാണ് ആളുകളുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത്… അതൊക്കെ എനിക്ക് ഇഷ്ടമാണ്. ചിലപ്പോൾ അമ്മയുടെ അതെ ജീൻ ആയിരിക്കാം എനിക്കും…” അവളുടെ കണ്ണുകളിൽ സംസാരിക്കുമ്പോൾ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.

ആയുഷ് അത് ശ്രദ്ധിച്ചു.

“ഇതാണല്ലേ നീ ശരിക്കും ഇഷ്ടപ്പെടുന്നത്?”

“അതെ.”

“അത് സംസാരിക്കുമ്പോഴാണ് നിന്റെ മുഖം ശരിക്കും മാറുന്നത്.”

അല്ലി അവനെ നോക്കി.

“എങ്ങനെ?”

“ഇപ്പോൾ നീ നേരത്തെ സംസാരിച്ചതുപോലെ അല്ല. ഇപ്പോൾ നിനക്ക് പറയാനുള്ള ഓരോ കാര്യത്തിലും ഒരു ആവേശമുണ്ട്. അതാണ് നിന്റെ യഥാർത്ഥ ഇഷ്ടം എന്ന് തോന്നുന്നു.”

അവൾക്ക് അറിയാതെ ഒരു സന്തോഷം തോന്നി.

തന്റെ ഉള്ളിലെ ചെറിയ കാര്യങ്ങൾ പോലും ഒരാൾ ഇത്ര ശ്രദ്ധയോടെ കാണുന്നത് അവൾക്ക് ആദ്യമായിരുന്നു.

“എനിക്ക് വായിക്കാനും ഒരുപാട് ഇഷ്ടമാണ് സാർ. ബിസിനസ് പുസ്തകങ്ങൾ മാത്രമല്ല… കഥകളും നോവലും ഒക്കെ.”

“സിനിമയൊ..?”

” ഒരുപാട് ഇഷ്ടമാണ്.”

“പാട്ട്?”

” അയ്യോ പാടിനോട് എനിക്ക് അടങ്ങാത്ത ഇഷ്ട്ടമാണ്, സംഗീതം എന്നൊന്ന് ഇല്ലായിരുന്നെങ്കിൽ ശോകം ആയിരുന്നേനെ എന്റെ ജീവിതം…”

“മിനിമൽ മേക്കപ്പ്, ചെറിയ ആഭരണങ്ങൾ, പേസ്റ്റൽ നിറങ്ങൾ… വേറെ എന്തൊക്കെയുണ്ട് നിന്റെ ഇഷ്ടങ്ങളിൽ?”

“ചെടികൾ… മഴ… പിന്നെ കടൽ.”

“ഒറ്റയ്ക്ക് ഇരുന്ന് കടൽ നോക്കാൻ ഇഷ്ടമാണോ?”

“അതെ.”

“അപ്പോൾ നീ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്.”

“അല്ല… എനിക്ക് ഇഷ്ടമുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ അവരോടൊപ്പം ഇരിക്കാനും എനിക്ക് ഇഷ്ടമാണ്.”

അവൾ പറഞ്ഞതും അവൾ തന്നെ ഒരു നിമിഷം നിശ്ചലമായി.

ആ വാക്കുകൾ എങ്ങനെ തന്റെ വായിൽനിന്ന് പുറത്തുവന്നുവെന്ന് അവൾക്ക് മനസ്സിലായില്ല.

ആയുഷിന്റെ കണ്ണുകളിൽ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.

” ഈ സുന്ദരിയെ കാണാൻ കടലിനും ഇഷ്ട്ടമായിരിക്കും…”

അവന്റെ മറുപടി കേട്ടതും അല്ലി നാണംകൊണ്ട് ഭക്ഷണത്തിലേക്ക് നോക്കി.

കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അവൻ ചോദിച്ചു.

“നിന്റെ പേഴ്സണൽ ഗാർഡിയൻ ആരാണ്?”

“നിർമ്മല ആന്റിയാണ്, ഇവിടെ പഠിപ്പിക്കുന്നതാണ്… അറിയുവോ ”

“നിർമ്മല ദേവി മാഡം ആണോ ?”

“അതെ.”

ആയുഷിന്റെ മുഖത്ത് ഉടൻ പരിചയത്തിന്റെ ഭാവം വന്നു.

“നിർമ്മല മാഡം എന്റെ നല്ല സുഹൃത്താണ്.”

അല്ലി അതിശയത്തോടെ അവനെ നോക്കി.

“ശരിക്കും?”

“അതെ. ഇവിടെ സീനിയർ പ്രൊഫസറാണ്. ഞാൻ ഈ കോളേജിൽ വന്നപ്പോൾ മുതൽ തന്നെ നല്ല സൗഹൃദമാണ് ഞങ്ങൾക്കിടയിൽ.”

അല്ലിയുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.

“അപ്പോൾ… ഞാൻ സാറിനോട് സംസാരിക്കുന്നത് ആന്റി കണ്ടാൽ വലിയ പ്രശ്നമാകില്ലല്ലേ?”

തുടരും… 🧡

Similar Posts

Leave a Reply