മംഗല്യ സൂത്രം
🧡മംഗല്യസൂത്രം : ഒന്ന് 🧡
വീടിനുള്ളിൽ അസാധാരണമായൊരു നിശ്ശബ്ദത നിറഞ്ഞുനിന്നിരുന്നു…
ആ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് കേട്ടത് ഒരു പെൺകുട്ടിയുടെ വിറയ്ക്കുന്ന ശബ്ദമായിരുന്നു.
“അമ്മേ… രണ്ട് വർഷമായി ഞാൻ നീറ്റിന് വേണ്ടി ജീവിക്കുകയായിരുന്നു. എത്ര രാത്രികൾ ഉറങ്ങാതെ പഠിച്ചെന്ന് അമ്മയ്ക്കറിയാം. എത്ര പ്രാവശ്യം തോറ്റിട്ടും വീണ്ടും ഞാൻ എന്നെക്കൊണ്ട് ആവുന്ന വിധം കഷ്ട്ടപെട്ടെന്നും അമ്മയ്ക്കറിയാം. പക്ഷേ… എനിക്ക് പറ്റിയില്ല. ഇനി എനിക്ക് ആ സ്വപ്നത്തിന്റെ പിന്നാലെ ഓടാൻ വയ്യ. ഞാൻ തോറ്റു എന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല… പക്ഷേ ഇനി എന്റെ ജീവിതം എങ്ങനെയാകണമെന്ന് ഒരിക്കലെങ്കിലും എനിക്ക് തീരുമാനിക്കാൻ പറ്റില്ലേ? എനിക്ക് മെഡിസിൻ വേണ്ട… എനിക്ക് BBA പഠിക്കണം. ബിസിനസ് പഠിക്കണം. അതാണ് എനിക്ക് ഇഷ്ടം. പ്ലീസ് അമ്മേ… ഇത്രയും വർഷം ഞാൻ അമ്മ പറഞ്ഞതുപോലെ മാത്രമാണ് ജീവിച്ചത്. ഒരു സുഹൃത്ത് വേണമെന്ന് പറഞ്ഞിട്ടില്ല… എവിടെയും പോണം എന്ന് വാശിപിടിച്ചിട്ടില്ല… അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. ഈ ഒരൊറ്റ കാര്യത്തിലെങ്കിലും എന്റെ ഇഷ്ടം ഞാൻ നടത്തിക്കോട്ടെ? പ്ലീസ് …” അലംകൃതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളുടെ ശബ്ദത്തിൽ വാശിയേക്കാൾ കൂടുതൽ ഉണ്ടായിരുന്നത് അപേക്ഷയായിരുന്നു.
അവൾക്കു മുന്നിൽ കൈകൾ മാറിൽ പിണച്ചുനിന്ന മിത്രയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.
“അല്ലി… ജീവിതത്തിൽ ഇഷ്ടം മാത്രം നോക്കി തീരുമാനമെടുത്താൽ വിജയിക്കാൻ കഴിയില്ല. വികാരം കൊണ്ട് ജീവിക്കുന്നവർക്ക് മുറിവുകളാണ് കിട്ടുക. ഞാൻ പറയുന്നത് നിന്റെ നല്ലതിന് വേണ്ടിയാണ്. നിനക്ക് BBA പഠിക്കേണ്ട ആവശ്യമില്ല. നമ്മുടെ ബിസിനസ് നോക്കാൻ പഠിക്കേണ്ടതൊക്കെ ഞാൻ തന്നെ പഠിപ്പിക്കും.” മിത്രയുടെ ശബ്ദം കടുപ്പമായി.
“അമ്മേ… പുസ്തകത്തിൽ നിന്ന് പഠിക്കുന്നതും ജീവിതത്തിൽ നിന്ന് പഠിക്കുന്നതും രണ്ടല്ലേ? എനിക്ക് കോളേജിൽ പോണം. എനിക്ക് പഠിക്കണം. എന്റെ പ്രായത്തിലുള്ളവരെ പോലെ കുറച്ചെങ്കിലും ജീവിക്കണം. ഇത്രയേ ഉള്ളൂ എന്റെ ആഗ്രഹം…” അവൾ നിന്ന് കെഞ്ചുകയാണ്.
“ജീവിതം സിനിമയല്ല അല്ലി. കോളേജിൽ പോയാൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം. പഠിക്കുന്നതിലും കൂടുതൽ ആളുകൾ പ്രണയിക്കുന്നു. സൗഹൃദമെന്ന പേരിൽ ജീവിതം നശിപ്പിക്കുന്നു. ആവശ്യമില്ലാതെ പണം ചിലവാക്കുന്നു. ദുശീലങ്ങളിൽ ഏർപെടുന്നു. അതൊന്നും എന്റെ മകൾക്ക് വേണ്ട.”
മിത്രയുടെ വാക്കുകൾ കേൾക്കെ അല്ലിയുടെ ഹൃദയം ഒന്ന് പിടഞ്ഞു.
“എല്ലാവരും അങ്ങനെ അല്ലല്ലോ അമ്മേ…”
“എനിക്ക് എല്ലാവരെയും വിശ്വാസമില്ല. പ്രത്യേകിച്ച് ആൺകുട്ടികളെ.” ആ വാക്കുകൾ കേട്ട നിമിഷം അല്ലി മിണ്ടാതെയായി.
ആ വിഷയത്തിൽ അമ്മയോട് സംസാരിച്ചാൽ ഒരിക്കലും ജയിക്കാൻ കഴിയില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.
എങ്കിലും…
ഇത് അവളുടെ ജീവിതമായിരുന്നു. അവൾ വീണ്ടും ധൈര്യം കണ്ടെത്തി.
“അമ്മേ… ഞാൻ ഒരിക്കലും അമ്മയുടെ വിശ്വാസം തകർത്തിട്ടില്ല. ഇനി തകർക്കുകയും ഇല്ല. എനിക്ക് BBA പഠിക്കണം എന്നൊരു ആഗ്രഹം മാത്രമേയുള്ളൂ. പ്ലീസ്… വേണ്ടെന്ന് പറയരുത്.”
മിത്ര കുറച്ചു നിമിഷം അവളെ നോക്കി നിന്നു.
മകളുടെ കണ്ണുനീർ ആ മനസ്സിനെ നോവിക്കുന്നുണ്ടെങ്കിലും അവളുടെ കാര്യത്തിൽ ഒരു റിസ്ക് എടുക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അവൾ അറിയാത്ത ഒരു ലോകം ഉണ്ടെന്ന് അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നും അവർക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല.
അവസാനം മിത്ര ഒരു ദീർഘനിശ്വാസമെടുത്തു.
“ശരി… നിനക്ക് BBA പഠിക്കാം.”
അല്ലിയുടെ മുഖം ഒരൊറ്റ നിമിഷം കൊണ്ട് പ്രകാശിച്ചു.
“സത്യമാണോ അമ്മേ…?”
“പക്ഷേ… എന്റെ ചില നിബന്ധനകൾ ഉണ്ട്. അതിന് നീ സമ്മതിച്ചാൽ മാത്രം.”
പെട്ടന്ന് ആ സന്തോഷം പകുതിയായി. അവൾ സംശയത്തോടെ അവരെ നോക്കി.
“എന്ത് നിബന്ധന…?”
“ഞാൻ തിരഞ്ഞെടുക്കുന്ന കോളേജിൽ മാത്രം നീ പഠിക്കും. അവിടുന്ന് മാറണമെന്ന് പറയാൻ പാടില്ല. പിന്നെ… ഏറ്റവും പ്രധാനപ്പെട്ട കാര്യം… കോളേജിൽ വെച്ച് ഒരു ആൺകുട്ടിയുമായും സൗഹൃദം പോലും പാടില്ല. പ്രണയം എന്ന വാക്ക് നിന്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല. നിനക്ക് പെൺകുട്ടികൾ സുഹൃത്തുക്കളായാൽ മതി. നിന്റെ പഠനവും ലക്ഷ്യവും മാത്രം നോക്കി ജീവിക്കണം. ഈ നിബന്ധനകൾ അംഗീകരിച്ചാൽ നിനക്ക് BBA പഠിക്കാം. അല്ലെങ്കിൽ ഈ വിഷയം ഇവിടെ അവസാനിച്ചു.”
അല്ലിയുടെ മുഖത്തെ ചിരി പതിയെ മാഞ്ഞു.
ഒരു നിമിഷം… അവൾക്ക് എന്ത് പറയണമെന്ന് പോലും മനസ്സിലായില്ല.
സൗഹൃദം പോലും പാടില്ലേ…?
ഒരു ആൺകുട്ടിയോട് സംസാരിക്കാൻ പോലും പാടില്ലേ…?
അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മയ്ക്ക് അവളോട് സ്നേഹമുണ്ടായിരുന്നു… പക്ഷേ ആ സ്നേഹത്തിന് ചുറ്റും വലിയ മതിലുകൾ കെട്ടിയിരുന്നു. ആ മതിൽ തകർക്കാൻ അല്ലിക്ക് കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.
” ഞാൻ സമ്മതിക്കുന്നു അമ്മേ.”
“നന്നായി ആലോചിച്ചിട്ടാണോ പറയുന്നത്…?”
“അതെ… അമ്മ പറയുന്നതൊക്കെ ഞാൻ കേൾക്കാം. എനിക്ക് പഠിക്കാൻ മാത്രം അനുവദിച്ചാൽ മതി.”
“അപ്പോൾ തയ്യാറായിക്കോ. അടുത്ത മാസം തന്നെ അഡ്മിഷൻ.”
“ഏത് കോളേജിലാണ്…?”
“മുംബൈ.”
ആ ഒരൊറ്റ വാക്ക്… അല്ലിയുടെ ഹൃദയത്തിലേക്ക് ഒരു മിന്നൽ വീണതുപോലെ തോന്നി.
“…മുംബൈയിലോ…?”
“അതെ. അവിടെയുള്ള കോളേജിലാണ് അഡ്മിഷൻ.”
“അമ്മേ… എനിക്ക് ഇത്ര ദൂരെ പോകണ്ട. ഇവിടെ എവിടെയെങ്കിലും പഠിച്ചാൽ പോരെ…?”
“പോരാ. ഞാൻ തീരുമാനിച്ചത് അതാണ്.”
“പക്ഷേ…”
“അവിടെ നിന്റെ ആന്റി ലക്ചററാണ്. നിന്റെ ഓരോ കാര്യവും അവർ ശ്രദ്ധിക്കും. നിനക്ക് എന്ത് വേണമെങ്കിലും അവർ ഉണ്ടാകും. അതുകൊണ്ട് എനിക്ക് യാതൊരു പേടിയും ഇല്ല.”
ആ വാക്കുകൾ കേട്ട നിമിഷം… അല്ലിയുടെ മനസ്സിലുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷയും തകർന്നു.
‘ നിർമ്മലാന്റി…’
അപ്പോൾ അവിടെയും നിയന്ത്രണം തന്നെ… സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയില്ല…
കോളേജ് ജീവിതം ആസ്വദിക്കാമെന്ന ചെറിയ സ്വപ്നം പോലും ഒരൊറ്റ നിമിഷം കൊണ്ട് തകർന്നുവീണു.
“അമ്മേ… പ്ലീസ്…”
“ഈ കാര്യത്തിൽ ഇനി ഒരു ചർച്ചയില്ല അല്ലി. ഞാൻ പറഞ്ഞതാണ് അവസാന വാക്ക്.” മിത്ര തിരിഞ്ഞു നടന്നു.
അല്ലി കുറച്ചുനേരം അവിടെ തന്നെ നിന്നു.
കൈയിലിരുന്ന കോളേജ് ബ്രോഷറിലേക്ക് അവൾ നോക്കി.
‘Mumbai ..’ ആ പേര് കണ്ണിൽ പതിഞ്ഞെങ്കിലും…
അവൾക്ക് കാണാൻ കഴിഞ്ഞത് ഒരു നഗരമല്ല.
സ്വന്തം ഇഷ്ടങ്ങൾക്ക് ചുറ്റും വീണ്ടും പണിയപ്പെടുന്ന മറ്റൊരു വലിയ മതിൽ മാത്രമായിരുന്നു…
മനസ്സിലേറിയ ഭാരത്തോടെ അവൾ ബെഡ്റൂമിലേക്ക് നടന്നു….
കയ്യിലിരുന്ന കോളേജ് ബ്രോഷർ പതിയെ കിടക്കയിലേക്ക് വീണു…
അത് വീണ ശബ്ദത്തിന് പോലും അല്ലിയുടെ മനസ്സിൽ ഉണ്ടായിരുന്ന നിശ്ശബ്ദതയെ ഭേദിക്കാൻ കഴിഞ്ഞില്ല.
അവൾ മുറിയുടെ വാതിൽ അകത്തുനിന്ന് അടച്ചു.
ഒരു നിമിഷം…
മറ്റൊരാളുടെ മുന്നിൽ എപ്പോഴും ചിരിച്ചുനിൽക്കുന്ന ആ പെൺകുട്ടി, സ്വന്തം മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ തകർന്നുവീണു.
കിടക്കയിലേക്ക് മുഖം പൂഴ്ത്തി കിടന്നുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.
ആ കരച്ചിൽ തോൽവിയുടേതായിരുന്നില്ല… മറിച്ച് സ്വന്തം ജീവിതത്തിൽ സ്വന്തം തീരുമാനങ്ങൾക്ക് പോലും വിലയില്ലെന്ന തിരിച്ചറിവിന്റേതായിരുന്നു.
ചില കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒഴുകി തലയിണയെ നനച്ചു.
ആ തലയിണ… അവളുടെ എത്രയോ വർഷത്തെ കണ്ണീരിന് സാക്ഷിയായിരുന്നു.
അവൾക്ക് അമ്മയെ വെറുക്കാൻ കഴിയില്ല… കാരണം ലോകത്ത് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയും അമ്മ തന്നെയായിരുന്നു.
പക്ഷേ…
അതേ അമ്മ തന്നെയാണ് തന്റെ ഓരോ ആഗ്രഹത്തിനും മുന്നിൽ ഒരു മതിൽ കെട്ടുന്നതെന്ന സത്യം അവളെ ഉള്ളിൽ നിന്ന് ശ്വാസംമുട്ടിക്കുകയായിരുന്നു.
പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്…
“സ്നേഹത്തിന് ഇത്രയും നിയന്ത്രണങ്ങൾ വേണമോ…?”
ഉടൻ തന്നെ മറ്റൊരു മനസ്സ് മറുപടി പറയും…
“അമ്മ ചെയ്യുന്നതൊക്കെ എന്റെ നല്ലതിന് വേണ്ടിയായിരിക്കും…”
ആ രണ്ട് ചിന്തകൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു ജീവിതമായിരുന്നു അലംകൃതയുടേത്.
ജനലിനരികിലേക്ക് നടന്ന് അവൾ കർട്ടൻ പതിയെ നീക്കി.
പുറത്ത് പച്ചപുല്ലുകൾ… നന്നായി വെട്ടിയൊതുക്കിയ പൂന്തോട്ടം… കാറ്റിൽ ആടുന്ന വെള്ള റോസാപ്പൂക്കൾ…
അൽപം അകലെയായി നീല നിറത്തിൽ തിളങ്ങുന്ന വലിയ സ്വിമ്മിങ് പൂൾ…
വീടിന്റെ മുന്നിലൂടെ നിരയായി പാർക്ക് ചെയ്തിരുന്ന വിലകൂടിയ കാറുകൾ…
എല്ലാം ഉണ്ടായിരുന്നു.
പക്ഷേ…
ആ ആഡംബരത്തിനിടയിൽ അവൾക്ക് മാത്രം ഒരു ചെറിയ സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല.
സ്വർണ്ണ കൂട്ടിൽ പൂട്ടിയിട്ട കിളിയെപ്പോലെയായിരുന്നു അവളുടെ ജീവിതം.
പുറത്തുള്ളവർക്ക് ആ കൂട്ട് സ്വർണ്ണമായതുകൊണ്ട് മനോഹരമായി തോന്നും…
പക്ഷേ… അതിന്റെ അകത്ത് കഴിയുന്ന കിളിക്ക് അറിയാം…
ചിറകുണ്ടായിട്ടും പറക്കാൻ കഴിയാത്ത വേദന എത്ര വലുതാണെന്ന്.
അല്ലി പതിയെ സ്റ്റഡി ടേബിളിനരികിലേക്ക് നടന്നു.
ഡ്രോയർ തുറന്ന് ഒരു തവിട്ട് നിറമുള്ള ഡയറി എടുത്തു. അതിന്റെ ആദ്യ പേജിൽ മനോഹരമായ കൈയക്ഷരത്തിൽ എഴുതിയിരുന്നു…
” എവിടേയ്ക്കെങ്കിലും ഓടിയോളിക്കാൻ തോന്നിയാൽ ഞാനാദ്യം എന്റെ പുസ്തകവും പേനയും കയ്യിലെടുക്കും, അക്ഷരങ്ങളെക്കാൾ എന്നെ ഞാൻ ആക്കുന്ന മറ്റൊന്നുമില്ല. ഈ വരികളിലാണ് എന്റെ സ്വാതന്ത്ര്യം… ”
അവൾ പേന തുറന്ന് എഴുതാൻ തുടങ്ങി.
ഇന്നും ഞാൻ തോറ്റു… പരീക്ഷയിൽ അല്ല… എന്റെ ജീവിതത്തിൽ.
രണ്ട് വർഷം ഞാൻ ഒരു സ്വപ്നത്തിന്റെ പിന്നാലെ ഓടി. അത് കിട്ടിയില്ല. അതിൽ എനിക്ക് വിഷമമുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതൽ വിഷമം, ഇനി എനിക്ക് ഇഷ്ടമുള്ള വഴിയിലൂടെ നടക്കാനും അനുവാദം ചോദിക്കേണ്ടി വരുന്നു എന്നതാണ്.
അമ്മ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതിൽ എനിക്ക് സംശയമില്ല. പക്ഷേ ചിലപ്പോൾ തോന്നും… സ്നേഹവും പേടിയും തമ്മിൽ വളരെ ചെറിയ ഒരു വ്യത്യാസമേ ഉള്ളൂ എന്ന്. അമ്മ എന്നെ നഷ്ടപ്പെടുമെന്ന് പേടിച്ചാണോ ഇങ്ങനെ ജീവിക്കാൻ പറയുന്നത്…? അതോ എന്നെ വിശ്വസിക്കാത്തതുകൊണ്ടാണോ…? ഇരുപത് വയസ്സുള്ള എനിക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പോലും അവകാശമില്ലേ?
എനിക്ക് ഒരിക്കലും ആരെയും വേദനിപ്പിക്കണം എന്ന് തോന്നിയിട്ടില്ല. അമ്മയുടെ കണ്ണ് നിറയുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഓരോ തവണയും എന്റെ ആഗ്രഹങ്ങളെ ഞാൻ തന്നെ കൊന്നുകളയുന്നത്.
ഇന്ന് വീണ്ടും അതുതന്നെ ചെയ്തു…
എനിക്ക് മുംബൈക്ക് പോകണം എന്ന് ആഗ്രഹമില്ല… പക്ഷേ പോകാതിരിക്കാൻ കഴിയില്ല. അമ്മയെ വിഷമിപ്പിക്കാൻ എനിക്ക് കഴിയില്ല.
ദൈവമേ… ഒരിക്കൽ എങ്കിലും എന്റെ ഇഷ്ടങ്ങൾക്കും വില കിട്ടുമോ…? അതോ ഇങ്ങനെയാണോ എന്റെ ജീവിതം മുഴുവൻ…?”
—
എഴുതിക്കഴിഞ്ഞപ്പോൾ ഡയറിയുടെ മേൽ ഒരു കണ്ണുനീർത്തുള്ളി വീണു. മഷി ചെറുതായി പടർന്നു.
അത് തുടയ്ക്കാൻ പോലും അവൾ ശ്രമിച്ചില്ല.
കാരണം… ചില കണ്ണുനീർ തുടച്ചുമാറ്റാൻ പാടില്ല. അവയാണ് പിന്നീട് നമ്മളെ പലതും നമ്മൾ ഓർമിപ്പിക്കുന്നത്.
ഡയറി അടച്ച് അവൾ നെഞ്ചോട് ചേർത്തുപിടിച്ചു.
ആ മുറിയിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ആ ഡയറിയായിരുന്നു.
കാരണം… അത് ഒരിക്കലും അവളെ വിധിച്ചിട്ടില്ല. അവളുടെ ഓരോ സന്തോഷവും… ഓരോ സങ്കടവും… ഓരോ സ്വപ്നവും… ഓരോ തോൽവിയും നിശ്ശബ്ദമായി കേട്ടിരുന്ന ഏക കൂട്ടുകാരൻ അതായിരുന്നു.
അവൾ പതിയെ കിടക്കയിലേക്ക് ചാരിയിരുന്നു.
ഭിത്തിയിൽ തൂക്കിയിരുന്ന അമ്മയോടൊപ്പമുള്ള വലിയ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു.
ആ ചിത്രത്തിൽ…
ചിരിച്ചുകൊണ്ട് മകളെ ചേർത്തുപിടിച്ചുനിൽക്കുന്ന മിത്ര…
അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുന്ന കൊച്ചുകുട്ടിയായ അല്ലി…
ആ ചിത്രം കാണുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.
“അമ്മേ… ഞാൻ ഒരിക്കലും അമ്മയെ വെറുക്കില്ല… പക്ഷേ… ഒരിക്കൽ എങ്കിലും ഈ അല്ലിയുടെ മനസ്സ് കൂടി കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ…”
ആ വാക്കുകൾ ചുണ്ടിൽ നിന്ന് പുറത്തുവന്നതും…
വീട്ടിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുറിക്ക് പുറത്തുനിന്ന് ആരുടെയോ കാലൊച്ച കേട്ടു…
ആ ശബ്ദം… അല്ലിക്ക് വളരെ പരിചിതമായിരുന്നു… അവൾ പതിയെ കണ്ണുനീർ തുടച്ചു. വാതിലിലേക്ക് നോക്കി…
അടുത്ത നിമിഷം വാതിലിൽ മെല്ലെ ഒരു മുട്ട് മുഴങ്ങി…
“അല്ലി മോളെ… വാതിൽ തുറക്കുമോ…?”
ആ ശബ്ദം കേട്ടതും…
അവളുടെ കണ്ണുകളിൽ ആദ്യമായി ചെറിയൊരു ആശ്വാസം മിന്നി.
ദിവ്യ…
തുടരും…🧡





