അലൈപ്പായുതേ…. 11
ഭാഗം പതിനൊന്ന്
‘എന്തിനാണ് അയാൾ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നത്?’ നക്ഷത്രയുടെ മനസ്സ് സ്വയം ചോദിച്ചു. ‘ഒരു പി.എയ്ക്ക് വേണ്ടി ഏതെങ്കിലും ബോസ്സ് സ്വന്തം കുടുംബത്തോട് വഴക്കിടുമോ? അതോ… അയാളുടെ ദേഷ്യത്തിന് പിന്നിൽ വേറെന്തെങ്കിലും കാരണങ്ങളുണ്ടോ?’
ചിന്തകളിൽ മുഴുകിയിരുന്ന അവൾ പെട്ടെന്ന് ഞെട്ടി.
എം.ഡി കേബിന്റെ ഗ്ലാസ് വാതിൽ തുറന്ന് ധ്രുവ് പുറത്തേക്ക് വരുന്നത് അവൾ കണ്ടു.
ധ്രുവിന്റെ ഷർട്ടിന്റെ കൈകൾ മുകളിലേക്ക് മടക്കിവെച്ചിട്ടുണ്ടായിരുന്നു. അവൻറെ മുഖത്ത് കനത്ത ഗൗരവമുണ്ട്. എങ്കിലും കടും കാപ്പി കണ്ണുകളിൽ എവിടെയോ ഒരു തളർച്ച നിഴലിച്ചിരുന്നു.
അവൻ സാവധാനം നക്ഷത്രയുടെ ഡെസ്കിന് മുന്നിലേക്ക് നടന്നു വന്നു.
നക്ഷത്ര പെട്ടെന്ന് എഴുന്നേറ്റു.
“സാ… സാർ… എന്തെങ്കിലും ഹെല്പ് വേണോ?” അവളുടെ സ്വരം വിറച്ചു. എല്ലാവരും പോയപ്പോൾ തന്നെ വഴക്ക് പറയാൻ ആണോ അവൻ വന്നതെന്ന് അവൾ സംശയിച്ചു.
ധ്രുവ് അവന്റെ പോക്കറ്റിൽ കൈകൾ തിരുകി അവളെ നോക്കി. ഇളം നീല അനാർക്കലിയിൽ, ഭയം കൊണ്ട് വിറയ്ക്കുന്ന ആ പെൺകുട്ടി… അവളുടെ നെറ്റിയിലെ കുഞ്ഞു പൊട്ടും, കൺമഷിയെഴുതിയ മാൻമിഴികളും അവൻറെ ഉള്ളിൽ വീണ്ടും എന്തോ ഒരനക്കം സൃഷ്ടിച്ചു.
“താൻ പേടിച്ചിരിക്കുകയാണോ?” ധ്രുവ് മൃദുവാർന്ന സ്വരത്തിൽ ചോദിച്ചു.
“ഇ… ഇല്ല സാർ…” അവൾ തലതാഴ്ത്തി.
“കള്ളം പറയരുത് നക്ഷത്ര,” ധ്രുവ് സാവധാനം പറഞ്ഞു. “തന്റെ കണ്ണ് കണ്ടാൽ അറിയാം താൻ പേടിച്ചിട്ടുണ്ടെന്ന്. അമ്മ പറഞ്ഞ കാര്യങ്ങൾ… അത് താൻ ഗൗരവമായി എടുക്കേണ്ടതില്ല. ഞാൻ ഉള്ളിടത്തോളം കാലം ഇവിടെ തനിക്ക് ഒരു ആപത്തും വരില്ല. ഐ പ്രോമിസ് യൂ.”
ധ്രുവിന്റെ ആ വാക്കുകളിൽ വല്ലാത്തൊരു സത്യസന്ധത ഉണ്ടായിരുന്നു. നക്ഷത്ര പതുക്കെ തലയുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.
“സാർ… ഞാൻ കാരണം സാറിന്റെ കുടുംബത്തിൽ വഴക്കുണ്ടാവുന്നത് കാണുമ്പോൾ എനിക്ക് വിഷമമുണ്ട്,” അവൾ മൃദുവായി പറഞ്ഞു. “എനിക്ക് ഈ ജോലി വളരെ അത്യാവശ്യമാണ് സാർ. പക്ഷേ എന്റെ പേരിൽ സാറിന്റെ അമ്മ സാറിനോട് തെറ്റുന്നത്…”
“അതൊന്നും തന്റെ വിഷയമല്ല,” ധ്രുവ് അവളെ തടഞ്ഞു. “അത് ഞാനും എന്റെ കുടുംബവും തമ്മിലുള്ള കാര്യമാണ്. താൻ തന്റെ ജോലിയിൽ ശ്രദ്ധിച്ചാൽ മതി.”
അവൻ അല്പം മുന്നോട്ട് ആഞ്ഞു. അവൻറെ ദേഹത്തുനിന്നുള്ള ആ വശ്യമാർന്ന പെർഫ്യൂമിന്റെ സുഗന്ധം വീണ്ടും നക്ഷത്രയുടെ മൂക്കിലേക്ക് അടിച്ചുകയറി.
“പിന്നെ…” ധ്രുവ് തൊണ്ടയനക്കി. “ഇന്ന് ബോർഡ് റൂം മീറ്റിംഗിന് താൻ റെഡിയാക്കിയ ആ ഫയലുകൾ… അത് വളരെ പെർഫെക്റ്റ് ആയിരുന്നു. ഗുഡ് വർക്ക്.”
അപ്രതീക്ഷിതമായി ലഭിച്ച ആ അഭിനന്ദനത്തിൽ നക്ഷത്രയുടെ കണ്ണുകൾ വിടർന്നു! അവളുടെ ചുണ്ടിൽ സുന്ദരമായൊരു പുഞ്ചിരി തെളിഞ്ഞു.
“താങ്ക് യു സാർ…” അവൾ സന്തോഷത്തോടെ പറഞ്ഞു.
ആ പുഞ്ചിരി കണ്ടതും ധ്രുവിന്റെ ഹൃദയത്തിൽ അറിയാത്തൊരു വിറയൽ ഉണ്ടായി. അവൻ പെട്ടെന്ന് തൻറെ ഭാവം വീണ്ടും കടുപ്പിച്ചു.
“ഹ്മമ്മ്… അടുത്ത ആഴ്ചയിലെ ഷെഡ്യൂളുകൾ കൂടി നോക്കി റെഡിയാക്കി വെയ്ക്ക്. എനിക്ക് നാലുമണിക്ക് ഒരു ഇംപോർട്ടന്റ് മീറ്റിംഗ് ഉണ്ട്.”
ധ്രുവ് തിരിഞ്ഞ് കേബിനിലേക്ക് നടന്നു.
കേബിനുള്ളിലെത്തിയ അവൻ തൻറെ റിവോൾവിങ് ചെയറിലേക്ക് ചാരിയിരുന്നു. അവൻ കണ്ണുകളടച്ചു.
മനസ്സിൽ അമ്മയുടെ വാക്കുകൾ മുഴങ്ങി: ‘മുപ്പതാം പിറന്നാളിനുള്ളിൽ നീ ഒരു പെണ്ണിനെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ പറയുന്ന പെണ്ണിന് നീ താലി കെട്ടേണ്ടി വരും!’
ധ്രുവ് പല്ലിറുമ്മി. “ഇല്ല… ആരതിയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ അനുവദിക്കില്ല. അതിന് ഒരേയൊരു വഴിയേയുള്ളൂ… ഒരു കോൺട്രാക്ട് മാര്യേജ്!”
അവൻ കണ്ണുകൾ തുറന്നു. അവൻറെ ദൃഷ്ടി പുറത്ത് ഡെസ്കിലിരുന്ന് സന്തോഷത്തോടെ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന നക്ഷത്രയിലേക്ക് നീണ്ടു.
ആ നിഷ്കളങ്കമായ മുഖം, തന്നോടുള്ള അവളുടെ ബഹുമാനം, ആരുടെയും സഹായമില്ലാതെ ജീവിക്കാനുള്ള അവളുടെ ആഗ്രഹം…
‘നക്ഷത്ര…’ ധ്രുവിന്റെ മനസ്സിൽ ആ പേര് വീണ്ടും മുഴങ്ങി.
‘അവളോട് ഇതിനെക്കുറിച്ച് സംസാരിച്ചാലോ?
ഒരു വർഷത്തെ കോൺട്രാക്ട് മാര്യേജ്! അതിന് പകരമായി അവൾക്ക് ആവശ്യമുള്ള പണവും സുരക്ഷിതത്വവും നൽകാം. തനിക്ക് അമ്മയുടെ വശത്തുനിന്നുള്ള സമ്മർദ്ദത്തിൽ നിന്നും രക്ഷപ്പെടാം!’
പക്ഷേ, അടുത്ത നിമിഷം അവൻ തൻറെ തല കുടഞ്ഞു.
‘ഛെ! എന്താ കാർത്തിക് നീ ഈ ചിന്തിക്കുന്നത്? അവൾ ഒരു പാവം പെൺകുട്ടിയാണ്. പ്രണയവും കല്യാണവുമൊക്കെ വിശുദ്ധമായി കാണുന്ന ഒരു നാട്ടിൻപുറത്തുകാരി. ഇങ്ങനെയൊരു കോൺട്രാക്ട് എഗ്രിമെന്റുമായി ചെന്നാൽ അവൾ എന്നെക്കുറിച്ച് എന്ത് വിചാരിക്കും? ഇതൊന്നും അവൾ കേട്ടിട്ട് കൂടെക്കാണില്ല. താൻ അവളോട് അങ്ങനെ പെരുമാറുന്നത് ശരിയാണോ?’
ധ്രുവ് വലിയൊരു ആശയക്കുഴപ്പത്തിലായി.
അവൻ കയ്യിലെ പേന മേശപ്പുറത്ത് താളത്തിൽ തട്ടിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു…
സമയം ഉച്ചയ്ക്ക് ഒരു മണിയായി.
ഓഫീസിലെ മറ്റു ജീവനക്കാരെല്ലാം ലഞ്ച് ബ്രേക്കിനായി കഫറ്റീരിയയിലേക്ക് പോയിരുന്നു. ഫ്ലോറിലാകെ ശാന്തത പടർന്നു.
നക്ഷത്ര തൻറെ ബാഗിൽ നിന്നും ലഞ്ച് ബോക്സ് പുറത്തെടുത്തു. ഹോസ്റ്റലിൽ നിന്നും ഉണ്ടാക്കിത്തന്ന ചെറിയ ലഞ്ചായിരുന്നു അത്.
അവൾ ചോറുണ്ണാൻ തുടങ്ങുമ്പോഴാണ് എം.ഡി കേബിനിലേക്ക് നോക്കിയത്. ധ്രുവ് ഇപ്പോഴും കേബിനുള്ളിൽ തന്നെയിരുന്ന് എന്തോ ഫയലുകൾ നോക്കുകയാണ്.
രാവിലെ മുതൽ അവൻ ഒന്നും കഴിച്ചിട്ടില്ല എന്ന് അവൾക്ക് അറിയാമായിരുന്നു.
നക്ഷത്രയ്ക്ക് മനസ്സിൽ ഒരു മടി തോന്നി.
‘ബോസ്സിന് ഭക്ഷണം കഴിക്കാൻ ഓർമ്മപ്പെടുത്തുന്നത് എന്റെ ജോലിയാണോ? അതോ വെറുതെ കേറി ചെന്നാൽ വഴക്ക് പറയുമോ?’
പക്ഷേ, രാവിലെ തനിക്ക് വേണ്ടി നിന്ന ആ മനുഷ്യനെ പരിഗണിക്കാതെ ഇരിക്കാൻ അവൾക്ക് മനസ്സ് വന്നില്ല. അവൾ വേഗത്തിൽ എഴുന്നേറ്റു, പാൻട്രിയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഗ്രീൻ ടീ ബാഗ് എടുത്ത് ചൂടുവെള്ളമൊഴിച്ച് ഒരു കപ്പ് ഗ്രീൻ ടീ തയ്യാറാക്കി.
ട്രേയിൽ ഗ്രീൻ ടീയും എടുത്ത് കുറച്ച് കുകീസും ബ്രഡ് പോക്കറ്റും എടുത്ത് അവൾ സാവധാനം കേബിന്റെ വാതിലിൽ മുട്ടി.
“കം ഇൻ…” അകത്തുനിന്നും ഗൗരവമുള്ള ശബ്ദം കേട്ടു.
നക്ഷത്ര വാതിൽ തുറന്ന് അകത്തേക്ക് ചെന്നു.
ധ്രുവ് തലയുയർത്തി നോക്കി. അവൻറെ പുരികങ്ങൾ ചുളിഞ്ഞു. “എന്താ നക്ഷത്ര?”
“സാർ… ലഞ്ച് സമയം കഴിഞ്ഞു. സാർ ഒന്നും കഴിക്കാൻ പോയില്ലല്ലോ… അതുകൊണ്ട് ഒരു ഗ്രീൻ ടീയും സ്നാക്സും…” അവൾ വിനീതയായി ട്രേ മേശപ്പുറത്ത് വെച്ചു.
ധ്രുവ് ലാപ്ടോപ്പിൽ നിന്നും കണ്ണുകളെടുത്ത് ആദ്യം ആ ഗ്രീൻ ടീ കപ്പിലേക്കും, പിന്നീട് അവളുടെ മുഖത്തേക്കും നോക്കി.
“താൻ ലഞ്ച് കഴിച്ചോ?” അവൻ അപൂർവ്വമായി തൻറെ സ്വരത്തിൽ മൃദുത്വം വരുത്തി ചോദിച്ചു.
“ഇ… ഇല്ല സാർ. കഴിക്കാൻ തുടങ്ങുകയായിരുന്നു. സാറിന് ഇത് തന്നിട്ട് പോകാം എന്ന് കരുതി,” അവൾ കണ്ണ് ചിമ്മി പറഞ്ഞു.
ധ്രുവ് അവൻറെ കയ്യിലെ പേന താഴെവെച്ചു. അവൻറെ കാപ്പി കണ്ണുകൾ അവളിൽ തങ്ങിനിന്നു.
“നക്ഷത്ര…” മൃദുവാർന്ന അവന്റെ ആ പതിഞ്ഞ സ്വരം അവൾ ആദ്യമായി കേൾക്കുന്നത് പോലെ കണ്ണുകൾ വിടർത്തി നിന്നുപോയി.
“എന്താ സാർ?”
“തനിക്ക്… തനിക്ക് കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ? ഐ മീൻ, കൊച്ചിയിൽ?”
നക്ഷത്രയുടെ മുഖത്ത് നേർത്തൊരു വിഷാദം പടർന്നു.
“ഇല്ല സാർ. അച്ഛനും അമ്മയും പണ്ടേ മരിച്ചുപോയി. പാലക്കാട് വലിയച്ഛനും വലിയമ്മയും ഉണ്ടായിരുന്നു. പക്ഷേ… അവിടെ എനിക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ടാണ് ഇവിടെ വന്നു ജോലി ചെയ്യുന്നത്. എനിക്ക് എന്റെ ജോലിയും ദൈവങ്ങളും മാത്രമാണ് സാർ കൂട്ട്.”
അവളുടെ ശബ്ദത്തിലെ സങ്കടവും, എന്നാൽ അതിനു പിന്നിലെ നിശ്ചയദാർഢ്യവും ധ്രുവിന്റെ ഹൃദയത്തിൽ തട്ടി.
യുവതിയായ ഒരു പെൺകുട്ടി… ആരുടെയും സഹായമില്ലാതെ ഈ വലിയ നഗരത്തിൽ തനിച്ചു ജീവിക്കുന്നു. അവളുടെ കണ്ണുകളിലെ ആ നിഷ്കളങ്കത കാണുമ്പോൾ ആർക്കണേലും പാവം തോന്നും.
“ഐ ആം സോറി,” ധ്രുവ് പതുക്കെ പറഞ്ഞു. “തന്റെ പേഴ്സണൽ കാര്യങ്ങൾ ചോദിച്ചതിന്.”
“ഏയ്… അതൊന്നും സാരമില്ല സാർ,” നക്ഷത്ര ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു. “സാർ ചായ കുടിക്ക്. ഞാൻ കഴിക്കാൻ പോകട്ടെ?”
“ഹ്മമ്മ്… പൊക്കോളൂ.”
നക്ഷത്ര കേബിനിൽ നിന്നും പുറത്തേക്കിറങ്ങി.
ധ്രുവ് തൻറെ മുന്നിലിരുന്ന ഗ്രീൻ ടീ കപ്പ് കയ്യിലെടുത്തു. അതിൽ നിന്നും ഒരു സിപ്പ് എടുത്തു. തൻറെ മനസ്സിലെ തളർച്ച മാഞ്ഞുപോകുന്നത് അവൻ അറിഞ്ഞു.
അവൻ പുറത്തേക്ക് നോക്കി. നക്ഷത്ര തൻറെ ഡെസ്കിലിരുന്ന് സന്തോഷത്തോടെ ലഞ്ച് ബോക്സ് തുറക്കുന്നത് അവൻ കണ്ടു.
‘അതെ…’ ധ്രുവ് മനസ്സിൽ ഉറപ്പിച്ചു. ‘എന്റെ പ്രശ്നങ്ങൾക്ക് ഒരേയൊരു പരിഹാരം നക്ഷത്ര മാത്രമാണ്! അവൾക്ക് ഈ ലോകത്ത് ഒരു സംരക്ഷണം വേണം.
എനിക്ക് അമ്മയുടെ സമ്മർദ്ദത്തിൽ നിന്ന് ഒരു മോചനവും. പക്ഷേ… ഇത് അവളോട് എങ്ങനെ പറയും?’
ധ്രുവ് കപ്പിലെ ടീ മുഴുവൻ കുടിച്ചു തീർത്തു.
അവൻറെ മനസ്സിൽ അടുത്ത നീക്കങ്ങൾ രൂപപ്പെടുകയായിരുന്നു. വിധിയുടെ കളിയിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആ രണ്ടു മനുഷ്യർ കൂടുതൽ അടുത്തേക്ക് വരികയായിരുന്നു… ആരും അറിയാതെ!
തുടരും…..




