23/04/2026

ഹൃദയസഖി : ഭാഗം 07

രചന – ഫൗസിയ യൂസഫ്

“” നീയ് മുകുന്ദനെ കാണാറുണ്ടോ മോളേ?
അന്ന് നീയ് ദേഷ്യപ്പെട്ടോണ്ടാവും പിന്നെ ഇങ്ങട്ടൊന്നും വരാഞ്ഞത്.. “” അമ്മ എന്നോട് ചോദിച്ചു.

“” ഞാൻ കണ്ടിരുന്നു…
പിന്നെ, ഇങ്ങോട്ടുള്ള വരവിന്റെ കാര്യം അത് ഒഴിവാക്കിക്കുന്നത് തന്നല്ലേ അമ്മേ നല്ലത്?
നമ്മളൊന്നും ചിന്തിച്ചില്ലേലും, നാട്ടുകാർക്ക് പറയാൻ കണക്കിന് ണ്ടാവും…
നാലാള് മോശം പറഞ്ഞാ, നാട്ടീന്നു പോണംന്നല്ലേ പ്രമാണം!
വെറുതെന്തിനാ ആളോളെക്കൊണ്ട് പറയിക്കാൻ നിക്കണേ “” ഞാൻ പറഞ്ഞു.

“” ഒന്നും അറിയാഞ്ഞിട്ടല്ല മോളേ..
ന്നാലും നീയന്ന് പറഞ്ഞത് ഇത്തിരി കടുത്തുപോയോന്നൊരു സംശയം…
ഒന്നൂല്ലേലും, പരസഹായം വേണ്ടോട്ത് ഒരു മോന്റെ കടമ നിർവഹിച്ചത് ആ കുട്ട്യല്ലേ.. “” അമ്മേടെ, കണ്ണുകൾ നിറയുന്നുണ്ടായിരുന്നു!
“” അമ്മാമ, ഇന്നും വന്നേർന്നു..
ആ കാര്യം പിന്നേം ചോയ്ച്ചു.. ഞാനെന്താ പറയാ, നെന്റെ ഇഷ്ടല്ലേ ഞാൻ നോക്കണ്ടേ “”

“”” അമ്മ അന്ന് പറഞ്ഞില്ലേ, അയാളെപ്പറ്റി.. ആൾടെ അമ്മേനെ പറ്റി…
ഞാനും ചിന്തിച്ചു അതെപ്പറ്റി…
ന്തോ ഒരു കനല് ആ മനസ്സില് കെടാതെ കിടപ്പുണ്ടെന്നൊരു തോന്നല്….
അത് സത്യാണെങ്കി, അത് ഊതിക്കെടുത്തിയേ പറ്റൂ…..
അതവിടെ അണയാതെ കിടന്നാ, അത് അയാൾടെ നാശത്തിനായിരിക്കും!
ഉള്ളിലുള്ളത് എന്തു തന്നെ ആയാലും, എനിക്കത് പുറത്തെടുക്കണം!””
ഞാൻ പറഞ്ഞതൊന്നും, അമ്മയ്ക്കങ്ങോട്ട് തിരിഞ്ഞിട്ടില്ലെന്ന് ആ നോട്ടത്തിലെനിക്ക് മനസ്സിലായി…

“”” അയാൾക്കിപ്പോ എന്നോട് അടങ്ങാത്ത ആഗ്രഹമുണ്ട്, ആവേശമുണ്ട്… സ്നേഹവുമുണ്ട്!
പക്ഷെ അത്, കുറച്ച് ദിവസത്തേക്ക് മാത്രമുള്ളതായാൽ……? “” ഞാനമ്മയെ നോക്കി..

“” അമ്മേ, നമുക്ക്‌ വേണ്ടത് ബംഗ്ലാവിലെ മുകുന്ദനെയല്ല, മുകുന്ദനെന്ന മനുഷ്യനെയാണ്!
അയാളിലെ മനുഷ്യനെ നന്നാക്കിയാലേ, അമ്മേടെ ഈ മോൾക്കൊരു നല്ല ജീവിതം ഉണ്ടാവൂ..
ആഗ്രഹിച്ചത് കിട്ടുന്നത് വരെയുള്ളൂ, പലർക്കും അതിനോടുള്ള അഭിനിവേശം. അതു കഴിഞ്ഞാ അവരുടെ സ്ഥാനം പലപ്പോഴും, അവരുടെ മനസ്സിനു പുറത്താണ്…

മുകുന്ദനെ നന്നാക്കാൻ ഞാനൊരു ശ്രമം നടത്താണ്…
വിജയിക്കോ എന്നെനിക്കറിയില്ല. അഥവാ വിജയിച്ചാൽ…,,, അന്ന് നിങ്ങടെയൊക്കെ ആഗ്രഹത്തിന് ഞാനെതിര് പറയില്ല!”” അമ്മയെ നോക്കി ഒരു പുഞ്ചിരി നൽകി, ഞാനകത്തേക്ക് കടന്നു..

“” ന്റെ ഈശ്വരാ..!”” അമ്മ, സന്തോഷത്തോടെ നെഞ്ചിൽ കൈ വെക്കുന്നത് ഞാൻ കാണാതിരുന്നില്ല!

🔥🔥🔥🔥🔥🔥🔥🔥🔥

മുറിക്കകത്തൂന്ന് ആരുടെയോ അടക്കിപ്പിടിച്ച തേങ്ങല് കേട്ടാണ് ഞാൻ, വാതില് തുറന്ന് ചെന്നത്…
നോക്കുമ്പോൾ അമ്പിളിയാണ്!
കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ചിട്ടുണ്ട്!
എന്നെ കണ്ടതും, അവളോടിവന്നെന്നെ കെട്ടിപ്പിടിച്ചു..
“” ചേച്ചി… എന്നോട് ക്ഷമിക്ക് ചേച്ചി “” അവളുടെ കണ്ണീരെന്റെ ചുമലിലേക്ക് ഇറ്റുവീണു..

“” നീയെന്തിനാ കരയുന്നെ?
കാര്യം പറ?? “” എന്റെയുള്ളിൽ ആധിയായിരുന്നു… ഞാനവളെ നേരെ നിർത്തി.
അവൾ, കയ്യിലിരുന്ന പേപ്പറെന്റെ നേരേക്ക് നീട്ടിപിടിച്ചു…
അത് വാങ്ങി നോക്കി, ഞാനവളിലേക്ക് മിഴികൾ പായിച്ചപ്പോൾ, അവൾ തല കുമ്പിട്ടു നിൽക്കുകയായിരുന്നു!
“”” കൊള്ളാലോ, കാമുകന്റെ പടം പേപ്പറിലൊക്കെ വന്നിട്ടുണ്ട്…
എല്ലാം വിശദമായിത്തന്നെ വായിച്ചു മനസ്സിലാക്കിയില്ലേ എന്റെ മോള്? “” ഞാൻ ദേഷ്യത്തോടെ ചോദിച്ചു..
അവളുടെ കരച്ചിലിന്റെ ആക്കം കൂടി.

“” നിന്റെ അറിവില്ലായ്മയാണെന്നൊന്നും ഞാൻ പറയില്ല. കാരണം, നമ്മുടെ വീട്ടിലെ അവസ്ഥയൊക്കെ നീയന്ന് നന്നായി വിവരിച്ചതാണ് എന്നോട്… ആ നിനക്ക്, വിവരമില്ല എന്ന് പറഞ്ഞാൽ അതെന്റെ മണ്ടത്തരമായിപ്പോകും…
ഇതിന് പറയുന്നത് ‘എടുത്തുചാട്ടം’ എന്നാ…
എന്ത് ചെയ്യുമ്പോഴും, രണ്ട് വട്ടം ആലോചിക്കണം എന്ന് ബുദ്ധിയുള്ളവർ പറയുന്നത് എന്തിനാണെന്ന് എന്റെ മോൾക്കിപ്പോ മനസ്സിലായില്ലേ…?

അന്ന്… അയാള് കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ, നിന്റെ അവസ്ഥയിപ്പോ എന്താകുമെന്ന് നീ ആലോചിച്ചിട്ടുണ്ടോ?
അച്ഛനെ വെള്ളപുതപ്പിച്ചു കിടത്തിയതുപോലെ, ഈ വീട്ടിലുള്ളവരെയെല്ലാം ഈ മുറ്റത്ത് കിടത്തേണ്ടി വന്നേനെ…
ഒരു നന്ദിവാക്ക് പോലും പറഞ്ഞിട്ടില്ലെങ്കിലും, ദിവസവും ഒരായിരം ആവർത്തി മുകുന്ദനോട് ഞാൻ എന്റെ മനസ്സിൽ നന്ദി പറയുന്നുണ്ട്, അന്ന് നിന്നെ കണ്ടതിന്… ചോദ്യം ചെയ്തതിന്… കൂട്ടിക്കൊണ്ട് വന്നതിന്…. “” എനിക്കാകെ നിയന്ത്രണം വിട്ടുപോയി
ഞാൻ, കരഞ്ഞുപോയി…

അവളെന്നെ ഇറുകെ പുണർന്നു…
“” ഞാനിനി ന്റെ ചേച്ചീനെ ഒന്നും പറയില്ല… ഒക്കെ ന്റെ തെറ്റാ…
ചേച്ചി എത്ര വേണേലും ന്നെ തല്ലിക്കോ.. ഞാൻ കൊണ്ടോളാം. ന്നാലും, ന്നെ വെറുക്കരുത് “” അവൾ, കരഞ്ഞപ്പോ കൂടെക്കരയാനെ എനിക്കും ആകുമായിരുന്നുള്ളൂ….
അവളുടെ, ആ ഒരു കെട്ടിപ്പിടുത്തം മതിയായിരുന്നു എന്റെ മനസ്സിനെ തണുപ്പിക്കാൻ….
വേദനകളെ മറക്കാൻ…..

🔥🔥🔥🔥🔥🔥🔥🔥🔥🔥

“” അമ്പലത്തിലോട്ടാവും ല്ലേ? “”

ഒന്നും അറിയാത്ത പോലൊരു ചോദ്യം!
എന്റെ അമ്പലയാത്രക്കിടയിൽ സ്ഥിരം ഉള്ളതാണ് ആൾടെ ഈ നിൽപ്പ്…
ആദ്യമൊന്നും കണ്ടതായി ഭാവിക്കാറില്ലെന്നു മാത്രം….
ഇപ്പൊ, ഞാൻ പോലുമറിയാതെ കണ്ണുകൾ അങ്ങോട്ട് സഞ്ചരിച്ചു പോകുന്നു!

“” എന്താ പോരുന്നോ? “” ഞാൻ ഗൗരവം ഭാവിച്ചു.

“” ഓഹ്.. നമുക്കിതൊന്നും ശീലല്ല ടീച്ചറേ.. “”

“” ശീലങ്ങളൊക്കെ, ഇനിയും ആകാലോ.. നല്ല ചിന്തകൾക്കൊക്കെ ഇത്തിരി സമയമെടുക്കും എന്നല്ലേ “”

“” വേണ്ട ടീച്ചറേ.. നമുക്ക് ഇങ്ങനൊക്കെയങ്ങ് പോയാ മതി!
വെറുതെന്തിനാ, നാട്ടുകാരെക്കൊണ്ട്, ഞാൻ നന്നായെന്ന് പറയിപ്പിക്കുന്നത്?””

അത് കേട്ടപ്പോ, എനിക്കാകെ ദേഷ്യം വന്നു!
ഞാനയാളെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു…

“” പിന്നേയ് ടീച്ചറേ, ഇന്നലെ പറഞ്ഞത് എനിക്കങ്ങോട്ട് മനസ്സിലായില്ലാട്ടോ..
നേരാംവണ്ണം ഒന്നു പറഞ്ഞ് തന്നാൽ വല്ല്യേ ഉപകാരായി.. “”” ആളിത്തിരി ഡീസന്റായി..

“” ഓ അതോ.. അതെന്താണെന്ന് വച്ചാല്, “” ഞാൻ മൂപ്പരുടെ തൊട്ടടുത്തായി നിന്നു, പിന്നെ ഒരു സ്വകാര്യം പോലെ പറഞ്ഞു,
“” പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും, അത് വളഞ്ഞോണ്ട് തന്നെ ഇരിക്കുംന്ന്..
മനസ്സിലായോ?? “”” മുഖത്തെ ഗൗരവം വിടാതെ, ചിറിയൊന്ന് കോട്ടി ഞാൻ നടന്നു….

“” ഏയ്, അങ്ങനങ്ങു പോയാലോ ടീച്ചറേ.. എന്റെ ചോദ്യത്തിന് ഉത്തരം തന്നിട്ട് പോ “” അയാൾ വീണ്ടും പിന്നാലെ കൂടി.

“” ഞാനിന്നലെ ഒത്തിരി ചോദ്യങ്ങൾ അങ്ങോട്ട് ചോദിച്ചിരുന്നല്ലോ?
ആദ്യം അതിനുള്ള ഉത്തരങ്ങൾ താ.. ബാക്കിയൊക്കെ പിന്നെ “” ഞാൻ പറഞ്ഞു.

ആ മുഖം, മങ്ങുന്നത് കണ്ടു!

“” ഓർക്കാനിഷ്ടപ്പെടാത്തതൊക്കെ പിന്നേം ഓർമിപ്പിക്കുന്നതെന്തിനാ ടീച്ചറേ…
ഇടയ്ക്കിടെ അതൊക്കെവന്ന് ചങ്കില് കുത്തുമ്പഴാ, എന്റെ നിലവിട്ട് പോകുന്നത്… ഞാൻ, ഞാനല്ലാതാവുന്നത് !””
ആ മുഖത്തെ ഭാവമെന്തായിരുന്നെന്ന്, എനിക്ക് മനസ്സിലായില്ല!

കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ ഞങ്ങൾ, അമ്പല നടയിൽ എത്തിയിരുന്നു….
ആളെന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കിനിന്നു…
ആ കണ്ണുകൾ എന്നോടെന്തൊക്കെയോ പറയാൻ കൊതിക്കുന്നതായി എനിക്കു തോന്നി….
എന്റെ നെഞ്ചിടിപ്പ് വർധിച്ചു വന്നു!

“” ഈ അമ്പലത്തേയും, തന്റെ ഇഷ്ട ദൈവത്തെയും സാക്ഷിയാക്കി ഞാനൊരു കാര്യം പറയാം… താൻ പറഞ്ഞതുപോലെ ഞാനയാളെ കൊന്നിട്ടില്ല, ബംഗ്ലാവിലെ അരവിന്ദനെ…
എന്റെയീ കയ്യിൽ, ആ അശുദ്ധ രക്തം പുരണ്ടിട്ടില്ല!””

“” പിന്നെ…! പിന്നെ ആരാ അത് ചെയ്തേ? വിറയാർന്ന അധരങ്ങളോടെ ഞാൻ ചോദിച്ചതും, അതിലധികം വിറയലോടെ മുകുന്ദൻ പറഞ്ഞു,

“” എന്റമ്മ…!!!””

കാത്തിരുപ്പ് ❤