19/04/2026

ഹൃദയസഖി : അവസാന ഭാഗം

രചന – ഫാത്തിമ യൂസഫ്

അമ്മ!!! ആ ഉത്തരം, എനിക്കൊരിക്കലും ഉൾകൊള്ളാനായില്ല! കേട്ടറിഞ്ഞ കഥകളിലെ വെറും സാധുവായ ജാനകി എന്ന ആ അമ്മയ്ക്ക് ഒരാളെ…, അതും താലികെട്ടിയ പുരുഷനെ… കൊല്ലാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല! “” വിശ്വാസം വരുന്നില്ല, അല്ലേ?? “” എന്റെ അമ്പരപ്പ് കണ്ടിട്ടാകണം, മുകുന്ദനിൽ നിന്നും ആ ചോദ്യമുയർന്നത്… “” വിശ്വസിക്കില്ല.. ആരും വിശ്വസിക്കില്ല! കണ്മുന്നിൽ കണ്ട എനിക്കു പോലും, ഇന്നും ഉൾകൊള്ളാനായിട്ടില്ലത്… പക്ഷേ,, സംഭവിച്ചു പോയി… അതും, എനിക്കുവേണ്ടി…!”” പിന്നേയും പിന്നേയും, ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് മുകുന്ദൻ, ഓരോ ഉത്തരവും പറഞ്ഞവസാനിപ്പിച്ചത്… “” ടീച്ചറ് പോയി തൊഴുതിട്ട് വരൂ.. ഞാനിവിടെത്തന്നെ ണ്ടാവും “” മനപ്പൂർവം മെനഞ്ഞെടുത്തൊരു പുഞ്ചിരിയോടെ, അയാൾ പറഞ്ഞു. ഞാൻ, അമ്പലപ്പടവുകൾ പതിയെ കയറിത്തുടങ്ങി… ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ, ആ കണ്ണുകൾ എനിക്കൊപ്പംതന്നെ ഉള്ളതായി ഞാനറിഞ്ഞു…

കണ്ണന്റെ മുന്നിൽ, പ്രാർഥനയോടെ കൈകൾ കൂപ്പിയപ്പോൾ, അറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. അതെപ്പഴോ ഒരു തേങ്ങലായി പുറത്തേക്കു വന്നു….. പിന്നെ, പിടിച്ചു നിർത്താൻ പറ്റാത്ത വിധം അതൊരു പൊട്ടിക്കരച്ചിലായി മാറുകയായിരുന്നു …! അത്രമേൽ ഉള്ളം മുറിപ്പെട്ടു പോയിരുന്നു…! “” ന്താ കുട്ട്യേ.. ന്തിനാ ഇങ്ങനെ കരയണേ? “” തിരുമേനി ചോദിച്ചപ്പോഴാണ് ഞാൻ, ബോധമണ്ഡലത്തിലേക്ക് തിരിച്ചു വന്നത്…. ചുറ്റിലും പലരുമെന്നെ വീക്ഷിക്കുന്നതും, അപ്പഴേ ഞാൻ തിരിച്ചറിഞ്ഞുള്ളൂ…. കണ്ണുകൾ തുടച്ച്, ഒന്നുമില്ലെന്ന് തലയനക്കി പറയുമ്പോഴും, ഉള്ളിലുള്ള നോവ് കെട്ടടങ്ങിയിരുന്നില്ല! “” ന്ത്‌ വെഷമം ണ്ടേലും ഇവടെ പറഞ്ഞോളൂ.. ഭഗവാന്റെ സന്നിധിയിലല്ലേ നിക്കണേ.. “” തിരുമേനി വീണ്ടും പറഞ്ഞു. ഞാൻ കണ്ണുകളടച്ചു ദീർഘമായ പ്രാർഥനയിൽ മുഴുകി.. അത്, മനസ്സിനൊരു ആശ്വാസം തന്നെയായിരുന്നു…

“” നടക്കാം.. “” ആൽത്തറക്കടുത്തെത്തിയതും ഞാൻ പറഞ്ഞു.. മുകുന്ദൻ പതിയെ എഴുനേറ്റ് എന്റെ മുഖത്തേക്ക് നോക്കി. “” എന്തുപറ്റി.. മുഖൊക്കെ വല്ലാതെ?? “” “” ഏയ് ഒന്നൂല്ല!”” പിന്നൊന്നും ചോദിച്ചില്ല! ഞങ്ങള് നടന്നു… പറയാനും കേൾക്കാനും ഒരുപാടുണ്ടായിട്ടും, ഞങ്ങൾക്കിടയിൽ മൗനത്തിനായിരുന്നു സ്ഥാനം! “” അച്ഛൻ… അങ്ങനെ വിളിക്കാൻ പോലും എനിക്കിഷ്ടല്ല, അത് ശീലിച്ചിട്ടില്ല! ഒരു പ്രത്യേക തരം സ്വഭാവമായിരുന്നു. രീതികളും അങ്ങനെതന്നെ! എന്നെയൊന്ന് ” മോനേ ” എന്നു വിളിക്കുകയോ, അടുത്തിരുത്തുകയോ ചെയ്തതായി എനിക്കോർമ്മയില്ല! ആഗ്രഹിച്ചിട്ടുണ്ട് ഒരുപാട്… പക്ഷേ,, കിട്ടിയിട്ടില്ല! ആ സ്നേഹം കൂടി അമ്മയ്ക്കുണ്ടായിരുന്നു.. എന്നാൽ, അത് പുറത്തുകാണിക്കാൻ അമ്മയ്ക്കും അവകാശമുണ്ടായിരുന്നില്ല ആ വീട്ടിൽ…. “” അയാൾ പറഞ്ഞു നിർത്തി “” അതെന്താ അങ്ങനെ? എന്തിനാ അച്ഛന് തന്നോടിത്ര അകൽച്ച?? “” ഞാൻ ചോദിച്ചു.

“” ഈ ചോദ്യം പലയാവർത്തി ഞാൻ, എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്.. ഉത്തരം കിട്ടിയിട്ടില്ല! ചിലപ്പോൾ തോന്നും, അയാളെന്റെ അച്ഛനായിരിക്കില്ലേ എന്ന്? അത്, അമ്മയ്ക്ക് നേരെയുള്ള ചോദ്യമായതുകൊണ്ട് ഞാനൊരിക്കലും ചോദിച്ചിട്ടില്ലെന്നു മാത്രം! അമ്മേടെ, പതിനാറാമത്തെ വയസ്സിലാണത്രേ അയാൾ, അമ്മയെ വിവാഹം ചെയ്യുന്നത്.. നല്ല പ്രായ വ്യതാസമുണ്ടായിരുന്നിട്ടും, ആ ബന്ധത്തിനെ ആരും എതിർത്തില്ല… വിവാഹ ശേഷം അമ്മ, അമ്മേടെ നാടോ വീടോ വീട്ടുകാരെയോ കണ്ടിട്ടില്ല.. കാണാൻ അയാള് സമ്മതിച്ചിട്ടില്ല! ഒരിക്കൽ അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, അതെല്ലാം കല്യാണത്തിന് മുൻപുതന്നെ വീട്ടുകാരുമായി സംസാരിച്ചിട്ടുള്ള കാര്യമാണെന്നാണ്! അമ്മ, ശരിക്കുമൊരു തടവറയിലായിരുന്നു…. എങ്ങോട്ടും പോകാൻ പാടില്ല, ആരെയും നോക്കാൻ പാടില്ല, മിണ്ടാൻ പാടില്ല, ചിരിക്കാൻ പാടില്ല അങ്ങനെ നൂറ് നൂറ് നിബന്ധനകൾ… എന്നാലും, അമ്മ ഒന്നിനും പരാതി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല…

അച്ഛനെ എതിർത്തു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല… എല്ലാം അമ്മ സഹിക്കുമായിരുന്നു, ഒന്നൊഴികെ…,,, എന്നോടുള്ള സ്നേഹത്തെ വിലക്കുന്നതിനെ…! അമ്മോട് ചേർന്നു കിടക്കാൻ കൊതിച്ചിട്ടും, അതിനുപോലും കഴിയാത്തൊരു ഹതഭാഗ്യനാണ് ഞാൻ…. ഓർമ്മവെച്ചനാൾ മുതൽ മറ്റൊരു മുറിയിലായിരുന്നു കിടത്തം… അമ്മ ഉറക്കിത്തരണമെന്ന് വാശി പിടിക്കുമ്പോഴും, കണ്ണുരുട്ടിയുള്ള ആ നോട്ടം കാണുമ്പോൾ ഭയത്തോടെ ഞാൻ പിൻവാങ്ങും…. അയാളറിയാതെ എന്റെയരികിൽ ഓടിയെത്തിയാലും, “ജനകീ…” എന്നൊരു വിളിയിൽ ആ വീടിനെ പിടിച്ചു കുലുക്കുമായിരുന്നു അയാൾ.. അമ്മയുടെ, പേടിച്ചരണ്ട മുഖം കാണാൻ ഇഷ്ടമില്ലാത്തത് കൊണ്ട്, ഉറക്കം വരുന്നില്ലെങ്കിലും, ഉറക്കം നടിച്ചു കിടക്കേണ്ടി വരാറുണ്ടായിരുന്നു ഈ ചെക്കന്…. “” മക്കൾക്ക്‌ സ്നേഹം കൊടുക്കേണ്ടത് നമ്മള് അച്ഛനമ്മമാരല്ലേ? എന്തിനാ അവനെയിങ്ങനെ മാറ്റി നിർത്തുന്നത്? “” ഒരിക്കൽ, ഞാൻ കേൾക്കെ അമ്മ ചോദിച്ചു… അതില്പിന്നെ അമ്മയിൽ നിന്നും ഒരു ചോദ്യവും ഞാൻ കേട്ടിട്ടില്ല! “” തന്തേം തള്ളേം ഇല്ലാതെ തന്നെയാ ഈ അരവിന്ദൻ ഇക്കണ്ടതെല്ലാം ഉണ്ടാക്കീത്…

ഒരാളും ഉണ്ടായിട്ടല്ല, അതിന്റെ ആവശ്യം തോന്നീട്ടും ഇല്ല… താങ്ങാൻ ആളുണ്ടെങ്കിലേ, തളർച്ച കൂടും… ഞാൻ നിന്നെ കെട്ടീത്, ഇങ്ങനൊന്നിനെ ആഗ്രഹിച്ചിട്ടൊന്നും അല്ല, ഇവിടൊക്കെ തൂത്തു തുടക്കാനൊരു ആള്! മരണം വരെ ഇക്കൊരു കൂട്ട്! അത്രേ ഒള്ളൂ… “”” ആ ഉത്തരം എനിക്കൊരു, ഷോക്കായിരുന്നു! എന്നെ അയാള് ആഗ്രഹിക്കുകയോ, എന്റമ്മയെ അയാൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അന്നെനിക്ക് മനസ്സിലായി… അന്നുതൊട്ടായിരുന്നു ഞാനയാളെ യഥാർത്ഥത്തിൽ വെറുത്തു തുടങ്ങിയത്…. അയാളോട് പുറത്തെടുക്കാൻ പറ്റാത്ത, ദേഷ്യവും വാശിയുമെല്ലാം ഞാൻ മറ്റുള്ളവരോട് തീർത്തു…. അയാളെ കാണാൻ ഇഷ്ടമില്ലാതെ, പകലുമുഴുവൻ പുറത്ത് തെണ്ടിനടന്നു പലപ്പോഴും, നാട് വിട്ടുപോകാൻ തോന്നിയിട്ടുണ്ട്.. അന്നെല്ലാം ഒരു കണ്ണീരിന്റെ നനവെന്നെ പിടിച്ചു നിർത്തും.. എന്റമ്മേടെ..! അതിനിടക്ക് എപ്പഴോ മനസ്സിൽ കയറിക്കൂടിയൊരു പെൺകുട്ടിയുടെ മുഖം….

അവൾക്കെന്റെ, അമ്മേടെ ഛായ തോന്നിയിരുന്നു…. ആ നൈർമല്യം തോന്നിയിരുന്നു…. സ്നേഹം കൊതിച്ചു നടക്കുന്നവന്, അവളുടെ സ്നേഹം വേണമെന്നു തോന്നി…. അവൾ നിനക്കുള്ളതാണെന്ന് ഉള്ളിലിരുന്നാരോ പറഞ്ഞു തുടങ്ങി… “” സംസാരം നിർത്തി, മുകുന്ദൻ എന്നെയൊന്നു നോക്കി… ആ കണ്ണുകൾക്കന്നേരം, വല്ലാത്ത തിളക്കമായിരുന്നു! നീയായിരുന്നു ആ പെൺകുട്ടിയെന്ന് ആ കണ്ണുകളെന്നോട് പറയാതെ പറഞ്ഞു.. എന്റെ മിഴികൾ നിറഞ്ഞു വന്നു… ഇക്കാലമത്രയും ഞാനറിയാതെ പോയല്ലോ എന്നൊരു കുറ്റബോധം എന്നിൽ അലയടിച്ചു… “” പിന്നെ.. പിന്നെന്താ ണ്ടായേ?? “” ഞാൻ വേഗം വിഷയം മാറ്റി. സത്യങ്ങളറിയാനുള്ള ആകാംക്ഷയും അതിലുണ്ടായിരുന്നു.. “”ഒരേ വീട്ടിലായിരുന്നെങ്കിലും, ഒരിക്കൽപോലും കണ്ണിൽ പെടാത്തവരായിട്ടാണ് ഞാനും അയാളും ആ ബംഗ്ലാവിൽ കഴിഞ്ഞത്.

എന്നോടുള്ള പുത്ര സ്നേഹവും, ഭർത്താവിനോടുള്ള പേടിയും കൊണ്ട് ഞങ്ങൾക്കിടയിൽ ശ്വാസം മുട്ടിയത് പാവം എന്റമ്മക്കായിരുന്നു! ഇതിനിടയിൽ, ഞാൻ തിന്നുന്നതിന്റെയും കുടിക്കുന്നതിന്റെയും കണക്ക് പറഞ്ഞു തുടങ്ങിയപ്പോൾ, എനിക്കവിടെ തുടരാൻ തോന്നിയില്ല! എന്തുവാന്നാലും പോകണമെന്ന് തന്നെ ഞാൻ തീർച്ചപ്പെടുത്തി! ഒരു കൗമാരക്കാരന്റെ അഭിമാനത്തെ വ്രണപ്പെടുത്താൻ കഴിയില്ലെന്ന് തോന്നിയിട്ടാകണം, മനസ്സില്ലാ മനസ്സോടെ അമ്മ സമ്മതം മൂളിയത്… യാത്രപോകുന്നതിന്റെ, അന്നുച്ചയ്ക്ക് അയാൾ വീട്ടിലുണ്ടായിരുന്നില്ല! ഊണ് വിളമ്പി മുന്നിൽ വെച്ചപ്പോൾ, എന്റെ കൈകൾ വിറച്ചു.. ” അമ്മ.. അമ്മയെനിക്ക് വാരിത്തരോ? ” ഞാൻ ചോദിച്ചു. വിതുമ്പിവന്ന ചുണ്ടുകൾ, കടിച്ചു പിടിച്ചുകൊണ്ട് അമ്മയെനിക്ക് ആദ്യ ഉരുള വായിൽവച്ചു തന്നു…. അതിന്റെ സ്വാദ് എന്റെ നാവറിയും മുമ്പേ, ആ ഉരുളയും പ്ളേറ്റിലുണ്ടായിരുന്ന ചോറും കറികളുമെല്ലാം തട്ടിത്തെറിപ്പിച്ചു കൊണ്ട് അയാൾ കയറിവന്നത്.. “” ഊട്ടിയുറക്കാൻ ഇവനെന്താടീ ഇള്ളക്കുഞ്ഞാണോ?? “” അയാൾ ഗർജിച്ചു.. അമ്മ കിടുകിടെ വിറക്കുന്നുണ്ടായിരുന്നു… “”കുഞ്ഞാണേലും വലുതാണേലും അവൻ നമ്മുടെ മോനല്ലേ.. അവനിത്തിരി വാരിക്കൊടുത്തെന്ന് വച്ച്…”” മടിച്ചുമടിച്ചുള്ള ആ ചോദ്യം മുഴുവനാകും മുമ്പേ, അയാളെന്റെ അമ്മയുടെ കരണത്തടിച്ചിരുന്നു!

“”നിനക്ക് എന്നു മുതലാടീ എന്റെ നേരെ നാവ് പൊങ്ങിത്തുടങ്ങിയത്?”” വീണ്ടും, അമ്മയ്ക്ക് നേരെ കയ്യുയർത്തിയപ്പോൾ, എനിക്കത് കണ്ടു നിൽക്കാനായില്ല! “” തൊട്ടുപോകരുതെന്റെ അമ്മയെ!”” ഞാൻ ആദ്യമായി അയാൾക്കു നേരെ വിരൽചൂണ്ടി… അയാളത് ഒട്ടും പ്രതീക്ഷിരുന്നില്ല! “” നീയാരെടാ എനിക്ക് നേരെ വിരല് ചൂണ്ടാൻ? എന്റെ ഒരു നിമിഷത്തെ ഔദാര്യമാണ് നിന്റെയീ ജന്മം… അന്നേ പറഞ്ഞതാ ഞാൻ, ആദ്യം ഉണ്ടായ രണ്ടെണ്ണത്തിനേം വയറ്റീന്നു തന്നെ ഇല്ലാതാക്കിയത് പോലെ, ഇവനേം കളഞ്ഞേക്കാൻ…!”” ഞാൻ ഞെട്ടിത്തരിച്ചു!! വിശ്വസിക്കാൻ കഴിയാതെ അമ്മേടെ മുഖത്തേക്ക് നോക്കിയപ്പോൾ, അമ്മ വാ പൊത്തി കരയുകയായിരുന്നു! “” എന്താ പറഞ്ഞേ.. നിങ്ങള്.. നിങ്ങളൊരു മനുഷ്യനാണോ?? “” ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യവും വെറുപ്പുമെല്ലാം കൂടി ഞാനയാളുടെ അടുത്തേക്ക് ചീറിപ്പാഞ്ഞു ചെന്നു.. പക്ഷേ,, ഒരു ഇരുപത്കാരന് അയാളുടെ ശക്തിക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.. “”എന്റെ നേരെ കുരയ്ക്കുന്നോടാ നായെ..”” അയാളെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.. എനിക്ക് ശ്വാസമെടുക്കാൻ പറ്റാതായി…. കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു… മരണത്തെ മുഖാമുഖം കണ്ട നിമിഷം! “” ന്റെ കുട്ടി.. ന്റെ കുട്ടീനെ വിടണേ “” കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയേയും അയാൾ തള്ളിമാറ്റി..

വീണിടത്തുനിന്നും എണീറ്റ് അമ്മ വീണ്ടും ഓടിവന്നു എന്നെ രക്ഷിക്കാൻ…. സർവ്വ ശക്തിയുമെടുത്ത് അമ്മ, അയാളെ ആഞ്ഞു തള്ളി… അയാൾ ദൂരേക്ക് തെറിച്ചു വീണു… ഞാൻ രക്ഷപ്പെട്ടെങ്കിലും, അയാൾ തെറിച്ചു വീണത് നിലവിളക്കിന് മുകളിലേക്കായിരുന്നു…! അപ്രതീക്ഷിതമായ ആ വീഴ്ചയിൽ, അതയാളുടെ നെഞ്ചിൽ തുളഞ്ഞു കയറി…. അയാൾ, ഞങ്ങളുടെ കൺമുന്നിൽ വച്ച് പിടഞ്ഞു തീർന്നു!!”” ഒരു, ദീർഘ നിശ്വാസത്തോടെ മുകുന്ദൻ പറഞ്ഞു നിർത്തി.. “” അറിയാതെ സംഭവിച്ചൊരു കൈപ്പിഴ.. അതായിരുന്നു ആ മരണം അല്ലേ? “” “” അതെ! അമ്മയ്ക്കതൊരു ഷോക്കായി.. എന്നെ രക്ഷിക്കാൻ വേണ്ടിയാണെങ്കിലും അമ്മയ്ക്ക് നഷ്ടപ്പെട്ടത് അമ്മേടെ താലിയായിരുന്നു! നെറ്റിയിലെ സിന്ദൂരമായിരുന്നു! എന്തു വന്നാലും അമ്മയെ പ്രതിയാക്കാൻ ഞാനൊരുക്കമായിരുന്നില്ല! പോലീസിനെ വിവരമറിയിച്ചതും, കുറ്റം ഏറ്റുപറഞ്ഞതും ഞാനാണ്.. അപ്പോഴെല്ലാം അമ്മേടെ സ്വബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഞാനറിഞ്ഞിരുന്നില്ല!””” അയാൾ, കൊച്ചു കുട്ടികളെപ്പോലെ ഏങ്ങിയേങ്ങി കരഞ്ഞു.. എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു! ഞാനെന്റെ കൈ, അയാളുടെ ചുമലിൽ വച്ചു… കരയരുതെന്ന് കണ്ണുകൾക്കൊണ്ട് വിലക്കി.. കണ്ണുനീരിനിടയിലും അയാൾഎന്നെനോക്കി പുഞ്ചിരി കണ്ടെത്താൻ ശ്രമിച്ചിരുന്നു!

“”” ടീച്ചറേ.. “” ബംഗ്ലാവിനു മുന്നിൽവെച്ചു പിരിയാൻ നേരം മുകുന്ദൻ വിളിച്ചു. ഞാൻ തിരിഞ്ഞു നിന്നു.. “” എന്നോടുള്ള ദേഷ്യൊക്കെ തീർന്നെങ്കിൽ, ഞാനൊരു കാര്യം പറയട്ടെ? “” “”” ദേഷ്യൊക്കെ ണ്ട്.. ന്നാലും പറ “” ഞാൻ ചെറിയൊരു ചിരിയോടെ പറഞ്ഞു… “” എന്നോടെന്നെങ്കിലും ടീച്ചറ് അടുക്കുവാണേൽ, ഞാൻ കൊണ്ടുവന്ന് കാണിക്കാന്ന് അമ്മോട് പറഞ്ഞിരുന്നു… ഒന്ന് വരോ ന്റെ കൂടെ?? “” വളരെ നിഷ്കളങ്കമായുള്ള ആ ചോദ്യത്തിന് എനിക്ക് ഇല്ലെന്ന് പറയാൻ കഴിഞ്ഞില്ല! അങ്ങനെ ആദ്യായി ഞാൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു… ഞാൻ ചുറ്റും നോക്കി… കാടുംപടലും പിടിച്ച ചുറ്റുപാട് കണ്ട് ഞാൻ അന്തംവിട്ട് നിന്നു… “” ദാ ഇവിടേണ്.. ” തെക്കേ മൂലയിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു. ഞാനയാളോടൊപ്പം അങ്ങോട്ട് ചെന്നു അതിശയിച്ചു പോയി ഞാൻ… ആ അസ്ഥിത്തറയുടെ ചുറ്റും വൃത്തിയും വെടിപ്പുമാക്കിയിട്ടിരിക്കുന്നു! ഒരു തിരി, കെടാതെ കത്തി നിൽക്കുന്നു! “” അമ്മേ.. ഞാൻ പറഞ്ഞ വാക്ക് പാലിച്ചു ട്ടോ… ഇതാ കൊണ്ടന്നിരിക്കുന്നു ന്റെ പെണ്ണിനെ! അമ്മേടെ മരുമോളെ…! അമ്മയ്ക്ക് സന്തോഷായില്ലേ?? ണ്ടാവും… ഇക്കറിയാം “”അയാൾ ചിരിച്ചുകൊണ്ട് കണ്ണ് തുടച്ചു.. ന്റെയും കണ്ണ് നിറഞ്ഞുപോയി അപ്പോൾ…. “” അവിടെ.. അവിടെയാണോ അച്ഛൻ? “” കുറച്ചപ്പുറത്തായി കണ്ട, അസ്ഥിത്തറ ചൂണ്ടി ഞാൻ ചോദിച്ചു.

അവിടെയും കാട് പിടിച്ചു കിടക്കുകയായിരുന്നു.. “” ഉം.. ഞാനങ്ങോട്ട് പോകാറില്ല!”” അയാളുടെ മുഖത്ത് നീരസമായിരുന്നു. “” അതെന്താ? ഇവിടെ വിളക്ക് വെക്കുമ്പോ അവിടെയും വെക്കണ്ടേ.. അത് തന്റെ അച്ഛനല്ലേ “” ഞാൻ ചോദിച്ചതും, ആ മുഖം ഇരുണ്ടു. “” എനിക്കങ്ങനെ തോന്നീട്ടില്ല! ജീവിച്ചിരിക്കുമ്പോൾ തോന്നാത്ത വികാരമല്ലേ ഇനി മരിച്ചിട്ട്..!”” ഞാനയാളുടെ അടുത്തേക്ക് നീങ്ങി നിന്നു.. ആ ചുമലിൽ കൈവച്ചു. “” എത്രയൊക്കെ ദേഷ്യമുണ്ടെന്ന് പറഞ്ഞാലും അദ്ദേഹം നിങ്ങടെ അച്ഛനാണ്! നിങ്ങൾക്ക് ജന്മം തന്നു എന്നൊരു കാരണം മതി, ആ തെറ്റുകളെ മറക്കാൻ… അദ്ദേഹത്തോട് പൊറുത്തു കൊടുക്കാൻ…. ഒരു മനുഷ്യൻ ഏറ്റവും ഉന്നതനാവുന്നത് എപ്പോഴാണെന്നറിയോ, അയാൾ മറ്റൊരാൾക്ക് പൊറുത്തു കൊടുക്കുമ്പോഴാണ്! ക്ഷമ കാണിക്കുമ്പോഴാണ്!”” ഞാൻ പറഞ്ഞു. ആളൊന്നും പറഞ്ഞില്ല! എങ്കിലും, ക്ഷമിക്കാനുള്ളൊരു മനസ്സ് ആ ശരീരത്തിലുണ്ടെന്ന് എനിക്കറിയാമായിരുന്നു! “” നാളെതന്നെ ഇവിടൊക്കെ വെട്ടി വൃത്തിയാക്കിയിട്ടേക്കണം.. ഞാൻ, വലതുകാല് വച്ച്, ഈ വീട്ടിലേക്ക് കയറിവരുന്നതിന്, ഈ അസ്ഥിത്തറകളിലെ ദീപങ്ങൾ സാക്ഷിയായിരിക്കണം! കേട്ടല്ലോ.. “” ഞാനിത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു. “” അപ്പൊ.. എന്നെ കെട്ടാൻ തന്നെ തീരുമാനിച്ചു എന്നല്ലേ ആ പറഞ്ഞതിനർത്ഥം? എങ്കിപ്പിന്നെ അതിത്തിരി മയത്തിൽ പറഞ്ഞൂടെ ന്റെ ടീച്ചറേ.. “” മുകുന്ദൻ ഒരു പ്രത്യേക താളത്തിൽ പറഞ്ഞപ്പോ, ഞാനറിയാതെ ചിരിച്ചു പോയി…

“” ഒന്ന് വേഗം ആയിക്കോട്ടെ കുട്ട്യോളെ.. സമയം ആവാറായി “” ചങ്കരമ്മാമ മുറ്റത്ത് നിന്ന് തിടുക്കം കൂട്ടി.. “” ദാ കഴിഞ്ഞു അമ്മാമേ.. “” അമ്പിളി, എന്നെയും കൂട്ടി ഉമ്മറത്തേക്ക് വന്നു. “” നല്ല ഐശ്വര്യം ആയിണ്ട്… ന്നാ വേഗം ഇറങ്ങിക്കോളൂ എല്ലാരും “” എന്ന് പറഞ്, അമ്മാമ മുന്നേ നടന്നു.. ഞങ്ങൾ പിറകേയും… അമ്പലത്തില് ഞങ്ങളേം കാത്ത് മുകുന്ദനും കുറച്ച് വേണ്ടപ്പെട്ടവരും നിന്നിരുന്നു…. എന്നെ കണ്ടപാടേ ആ മുഖത്ത് വല്ലാത്തൊരു പ്രകാശം പരക്കുന്നത് കണ്ടു… “” നോക്കി നിന്നത് മതി, മുഹൂർത്തായി ആ താലിയങ്ങട് കെട്ടിക്കോളൂ.. “” തിരുമേനി പറഞ്ഞപ്പോ, എല്ലാവരെയും നോക്കി അനുവാദം വാങ്ങി ആ മഞ്ഞച്ചരടെന്റെ കഴുത്തിൽ ചാർത്തിത്തന്നു മുകുന്ദൻ! എല്ലാം കഴിഞ്ഞ്, അമ്പലപ്പടവുകൾ ഇറങ്ങി വരുമ്പോ, ആ വിരലുകളെന്റെ വിരലുകളിൽ കോർത്തു പിടിച്ചിരുന്നു. പറഞ്ഞതുപോലെ,രാത്രിയാണേ വെടിപ്പാക്കി ഇട്ടിരുന്നു കക്ഷി… രണ്ട് അസ്ഥിത്തറകളിലും തിരികൾ മുനിഞ്ഞു കാത്തുന്നുണ്ട്…. ബംഗ്ലാവ് മാത്രല്ല, ആൾടെ മനസ്സും ഇപ്പൊ ഇതുപോലെ വെടിപ്പാണ്…. ഒന്നെനിക്കു മനസ്സിലായി,, നന്നാക്കണമെന്ന് കരുതി തുനിഞ്ഞിറങ്ങിയാൽ, ഏത് കൊലകൊമ്പനും നന്നാവും… പരിശ്രമത്തോടൊപ്പം ഇത്തിരി കരുതലും സ്നേഹവും സമം ചേർത്താൽ മതീന്നു മാത്രം!! അപ്പൊ ശരീട്ടോ… തൽക്കാലം ഞാനിതിവിടെ നിർത്താണ്… കഥ പറഞ്ഞോണ്ട് നിന്നാലേ, ന്റെ ചെക്കൻ ന്നോട് പിണങ്ങും… ഇന്ന് ഞങ്ങടെ ആദ്യ രാത്രിയാണേ… നിങ്ങടെ പ്രാർത്ഥനയില് കൂടെ കൂട്ടണം ട്ടോ ഈ അംബാലികേനേം പിന്നെ, ഈ മുകുന്ദനേം….❤ അവസാനിച്ചു… 🌹