രചന – ഫൗസിയ യൂസഫ്
“” നോക്കെടാ ഇതവളല്ലേ അംബാലിക!
അവളെയൊന്ന് നേരിൽ കാണണമെന്ന് ഇപ്പൊ കരുതിയതേ ഉള്ളൂ… തേടിയ വള്ളി, ഇത്ര പെട്ടന്ന് കാലിൽ ചുറ്റുമെന്ന് കരുതിയില്ല.. “” അതും പറഞ്ഞ്, നോബിൾ ഇരുന്നിടത്തുനിന്ന് എഴുനേറ്റു…
“” ഡാ.. നീയെന്തിനുള്ള പുറപ്പാടാ..
അറിയാലോ അവന്റെ സ്വഭാവം.. ഇന്നലെ തന്നതിന്റെ ബാക്കി, പലിശ സഹിതം തീർത്തുതരും മുകുന്ദൻ… “” രതീഷ്, പേടിയോടെ അവനെ വിലക്കി
“” അവനിന്നലെ എന്റെ ദേഹത്ത് കൈവച്ചതിന്റെ ബാക്കി തന്നാടാ ഇതും..
ഇവളൊരുത്തി കാരണല്ലേ, അവനെന്നെ തല്ലീത്.. അതിനെനിക്ക് ഇവളോട് രണ്ട് വർത്താനം പറയണം!””
രതീഷിനെ തള്ളി മാറ്റിക്കൊണ്ട് നോബിൾ മുന്നോട്ട് വന്നു..
“” ഡീ.. “”
വിളി കേട്ടപ്പോ, ആദ്യം കരുതീത് അയാളായിരിക്കുമെന്നാ, മുകുന്ദൻ!
ഇത് നോബിളായിരുന്നു…
“” ഉം.. എന്താ? “” ഞാൻ ഗൗരവത്തോടെ ചോദിച്ചു.
“” ഒന്നൂല്ല മാഡം, മാഡത്തിനെയൊന്ന് കാണാൻ വേണ്ടി വിളിച്ചതാ…
നീ വല്ല്യേ പുണ്യാളത്തിയാണെന്ന് ആരാണ്ടൊക്കെ പറയണത് കേട്ടു..
എങ്കിപ്പിന്നെ, ഒരു രൂപം ണ്ടാക്കി കുടുംബത്ത് കൊണ്ടോയി പ്രതിഷ്ഠിച്ചാലോ എന്നൊരു ആലോചന…
എന്താ, വിരോധണ്ടാവോ?? “” പരിഹാസത്തോടെ, കൈകൾകൂപ്പി നിൽക്കുന്നവനെ കാണെ, ന്റെ പെരുവിരലീന്ന് അരിച്ചു കയറി!
നേതാവിനെ സഹിക്കണം, ഇപ്പൊ ശിങ്കിടികളെക്കൂടി സഹിക്കണം എന്നായോ?
“” എന്താടി, നീ ആലോചിക്കുന്നെ?
ഞാനും അവനും കുഞ്ഞുനാള് മുതല് ഒന്നിച്ച് നടക്കാൻ തുടങ്ങീതാടീ.. ഇന്നേവരെ അവനെന്നെ നോക്കിപ്പോലും പേടിപ്പിച്ചിട്ടില്ല…, വേദനിപ്പിച്ചിട്ടില്ല!
ആ അവനാ എന്നെയിന്നലെ നിന്റെ പേരും പറഞ്ഞ് തല്ലിയത്…
നീയൊരുത്തിയാ അതിന് ഉത്തരവാദി!””
അവൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. എങ്കിലും, വഴിയിൽ തടഞ്ഞുള്ള ഈ പ്രകടനം എനിക്ക് ഒട്ടും പിടിച്ചില്ല!
“” അതേയ്, ഈ എടീ പോടീന്നുള്ള വിളിയൊക്കെയങ്ങ് വീട്ടില്, തന്റെ കെട്ട്യോളെ പോയി വിളിച്ചാ മതി…
ഇത് പൊതുവഴിയാ, ഇവിടെനിന്ന് അഭ്യാസം കാണിക്കാതെ പോകുന്നതാ നിങ്ങൾക്ക് നല്ലത്.. “” ഞാനവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞതും, അവനെന്റെ വിരലിൽ പിടിച്ച് തിരിച്ചു
“” വിരല് ചൂണ്ടി സംസാരിക്കുന്നോ, ഞാൻ പോയില്ലെങ്കി നീയെന്നാ ചെയ്യോടി.. എന്നെയങ്ങ് മൂക്കീ വലിച്ചു കേറ്റോ??
എന്നാ അതൊന്ന് കാണണല്ലോ”” അവനെന്റെ വിരലീന്നുള്ള പിടുത്തം വിട്ടില്ല!
വേദനയും, അതിലേറെ ദേഷ്യവുമെല്ലാം കൂടി എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു….
ഒന്നാമതേ, എന്നോടാരും അനാവശ്യം പറഞ്ഞാൽ ഞാനത് കേട്ടു നിൽക്കത്തില്ല…
പിന്നെ ദേഹത്ത് തൊട്ടാൽ ഞാൻ വെറുതെ ഇരിക്കോ…
മറുകൈക്കൊണ്ട് കരണം നോക്കി ഒന്നങ്ങ് വച്ചുകൊടുത്തു!
അവന്റെ കൈ താനേ അയഞ്ഞു..
“” നിന്റെ പ്രശ്നം എന്താന്ന് എനിക്കറിയില്ല. പക്ഷേ,, അതിക്രമിച്ച് എന്റെ ദേഹത്തെങ്ങാൻ തൊടാൻ വന്നാൽ……
ഇതായിരിക്കും ഫലം.. ഓർത്തോ!””” അവനെ മറികടന്ന് മുന്നോട്ട് നടന്നതും പിന്നിൽ നിന്നൊരു കയ്യടി കേട്ടു…
തിരിഞ്ഞു നോക്കിയപ്പോൾ അയാളായിരുന്നു,, മുകുന്ദൻ!!
“” കൊള്ളാം ഇങ്ങനെ വേണം ഉശിരുള്ള പെണ്ണുങ്ങളായാൽ… “” അയാൾ കയ്യടി നിർത്താതെ പറഞ്ഞു.
നോബിൾ, തല്ലുകൊണ്ടിടത് തടവികൊണ്ട് നിൽക്കുവാരുന്നു!
“” നായ്ക്കളെ വളർത്തുമ്പോ, വാലാട്ടാൻ മാത്രല്ല, ഒരൽപമെങ്കിലും ഉച്ചത്തിൽ കുരയ്ക്കാനറിയുന്നവയെ വളർത്തണം.. ഇത് വെറുതെ, യജമാനന്മാരുടെ പേര് കളയാനായിട്ട്…. “” നോബിളിനെ നോക്കിക്കൊണ്ട് ഞാൻ, മുകുന്ദനോട് പറഞ്ഞു.
ആ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു!
നോബിളെന്നെ നോക്കി പല്ലിറുമുന്നത് കണ്ട്, ഞാനൊന്ന് കണ്ണുരുട്ടി..
പിന്നെ, ആരെയും കൂസാതെ നേരെ നടന്നു…
“” എങ്ങനെയുണ്ടെടാ എന്റെ പെണ്ണിന്റെ കയ്യിന്റെ ചൂട്…
ഒത്തിരി നൊന്തോ?? “” മുകുന്ദൻ, ചോദിക്കുന്നത് കേട്ടപ്പോ, സത്യത്തിലെനിക്ക് ചിരിയാണ് വന്നത്..
എന്നാലും ” എന്റെ പെണ്ണ് ” എന്ന പ്രയോഗം എനിക്കത്ര പിടിച്ചിട്ടില്ല!
ആ ദേഷ്യം മുഴുവൻ, നിരത്തിനോട് കാണിച്ച് ഞാൻ ആഞ്ഞു ചവിട്ടി നടന്നു….
🔥🔥🔥🔥🔥🔥🔥🔥🔥
“” നിങ്ങളെയൊന്ന് ഞാൻ കാണാനിരിക്കിവാരുന്നു… രാവിലെയെനിക്ക് ഒട്ടും സമയമില്ലാത്തൊണ്ടാ, അല്ലെങ്കി നിങ്ങൾക്കുള്ളതും അവിടെവച്ചുതന്നെ തരണം എന്നുദ്ദേശിച്ചതാ…. “” ബംഗ്ലാവിനു മുന്നിൽവെച്ച് മുകുന്ദനെ കണ്ടപ്പോ ഞാൻ പറഞ്ഞു.
“”” നോബിളിന്റെ കാര്യല്ലേ, അവനുള്ളത് ഞാൻ മതിയാവോളം കൊടുത്തിട്ടുണ്ട്.. ഇനി അവൻ നിന്നോട് കന്നംതിരിവ് കാട്ടില്ല!””
“” എന്നാലും, അവനെയങ്ങ് ഒഴിവാക്കാൻ വയ്യല്ലേ?
അതെങ്ങനാ, ഇനം ഇനത്തോടല്ലേ ചേരത്തൊള്ളൂ.. “” ഞാൻ പുച്ഛിച്ചു.
“” അത്പിന്നെ.. വർഷം കൊറേയായി കൂടെയുള്ളതല്ലേ, പെട്ടന്നൊക്കെ ഒഴിവാക്കാന്ന് പറഞ്ഞാ എങ്ങനാ….
അല്ല, ടീച്ചർക്ക് ഇഷ്ടല്ലെങ്കി…, വേണേൽ ഞാൻ…. “”
“” അയ്യോ വേണ്ടായേ..
അങ്ങനെ എനിക്കുവേണ്ടി നിങ്ങള് വേണ്ടപ്പെട്ടവരെയൊന്നും ഒഴിവാക്കണ്ട!
നിങ്ങള് നന്നാവാണെങ്കി, ആദ്യം നിങ്ങടെ കൂട്ടുകെട്ട് നിർത്തണം എന്നുതോന്നി. അതോണ്ട് പറഞ്ഞതാ.. “”ഞാൻ പറഞ്ഞു.
“” അപ്പൊ ഞാൻ നന്നാവണoന്ന് ടീച്ചർക്ക് ആഗ്രഹണ്ട്, ല്ലേ?? “” തലചെരിച്ചു പിടിച്ച് മൂപ്പര് എന്നെയൊന്ന് നോക്കി.
“” പിന്നെ ആഗ്രഹല്ലാതെ..
നിങ്ങളൊരാള് നന്നായാൽ,, ഈ നാട് തന്നെ നന്നാവും.. അതൊരു നല്ല കാര്യല്ലേ? “”
“” ചുമ്മാ വിട്ടുപിടിക്ക് ടീച്ചറേ..
എനിക്കറിയാം ഈ കാണിക്കുന്നതൊക്കെ വെറും ജാടയാന്ന്… ഉള്ളിന്റെയുള്ളില് ഈ മുകുന്ദനോട് ഇഷ്ടണ്ടെന്ന്!”” മുകുന്ദനത് പറഞ്ഞതും, ഞാൻ പെട്ടന്ന് പറഞ്ഞു,
ഇല്ല!!
ആ മുഖത്തെ തെളിച്ചം, ഇരുട്ടിനു വഴിമാറുന്നത് ഞാൻ ശ്രദ്ധിച്ചു..
“” നിങ്ങള് പറഞ്ഞല്ലോ ഉള്ളിന്റെയുള്ളില് എനിക്ക് നിങ്ങളോട് ഇഷ്ടമുണ്ടെന്ന്…
എങ്കിൽ പറ, എന്തു കണ്ടിട്ടാ ഞാൻ നിങ്ങളെ ഇഷ്ടപ്പെടേണ്ടത്??
എടുത്തു പറയാൻ എന്തുണ്ട് നിങ്ങൾക്കൊരു ഗുണമായിട്ട്??
ഈ കാണുന്ന സമ്പാദ്യം കണ്ട്, ബുദ്ധിയുള്ളൊരു പെണ്ണ് നിങ്ങടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്? “” എന്റെ ചോദ്യം കേട്ട്, മുകുന്ദൻ വല്ലാതെ അസ്വസ്തനാകുന്നുണ്ടായിരുന്നു!
“” സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ, നല്ല സൽപ്പേരായിരുന്നല്ലോ ബംഗ്ലാവിലെ ചെക്കന്..
തെമ്മാടി, താന്തോന്നി, അസുരവിത്ത് പറയാനാണെങ്കി പിന്നേം ഉണ്ട് ഒരുപാട്..
അതൊക്കെക്കഴിഞ്ഞ്, എല്ലാരും ഒരു ജോലി സാമ്പാദിക്കേണ്ട സമയത്ത് നിങ്ങള് പോയതെങ്ങോട്ടാ? ജയിലിലേക്ക്!
അതും, കൊലപാതകക്കുറ്റത്തിന്!
നന്നാവാനാണെങ്കി, അവസരങ്ങൾ പിന്നേയും ഉണ്ടായിരുന്നു. എന്നിട്ടും, അതൊന്നും പ്രയോജനപ്പെടുത്താതെ ഒരു വേലയും കൂലിയും ഇല്ലാതെ, കൂട്ടുകാരുമായി കൂത്താടി നടക്കുന്ന നിങ്ങളെയാണോ ഞാൻ പ്രണയിക്കേണ്ടതും വിവാഹം കഴിക്കേണ്ടതും??
മറ്റുള്ളവർക്ക് വിലയിടുന്നതിനു മുമ്പ്, സ്വന്തം വിലകൂടിയൊന്ന് അളക്കുന്നത് നന്ന്!
ജീവിതത്തിൽ ഞാനെന്തു നേടിയെന്ന് മനസ്സിലാക്കാൻ അത് ഉപകരിക്കും!
തനിക്ക് വേണ്ടെങ്കിലും,,മരിച്ച് തലയ്ക്കു മുകളിൽ നിൽക്കുന്ന അച്ഛനും അമ്മയ്ക്കും, മകന് ജന്മം കൊടുത്തത് വലിയൊരു തെറ്റായിപ്പോയെന്ന് തോന്നാതിരിക്കാനെങ്കിലും, ഒന്ന് മനുഷ്യനായി ജീവിക്കാൻ നോക്ക്!!”””
അത്രയും പറഞ്ഞപ്പോഴേക്കും കിതച്ചു പോയിരുന്നു ഞാൻ..
“” ശരിയാ, ഈ മുകുന്ദൻ വലിയൊരു പരാജയം തന്നെയാ…
ഞാൻ മാത്രല്ല, ന്റമ്മയും!!
അതിനൊരൊറ്റ കാരണമേ ഉള്ളൂ..
ബംഗ്ലാവിൽ അരവിന്ദൻ!
എന്റെ തന്ത!!”” മുകുന്ദന്റെ, പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു!
“” നാട്ടുകാർക്കൊക്കെ അരവിന്ദൻ വല്ല്യേ തറവാടിയായിരുന്നു. പക്ഷേ, അയാളുടെ വികൃതമായ മുഖം കണ്ടിട്ടുള്ളത് ഞാനും എന്റമ്മയും മാത്രമായിരുന്നു!
അതൊന്നും ഓർക്കാൻ പോലും ഞാനിഷ്ടപ്പെടുന്നില്ല!”” മുകുന്ദന്റെ വലിഞ്ഞു മുറുകിയ മുഖം എന്നിൽ ഒരൽപ്പം പേടിയുണ്ടാക്കി എന്നുള്ളത് സത്യമാണ്..
“” എന്താ.. എന്താ നിങ്ങടച്ഛന് അന്ന് സംഭവിച്ചത്??
ആരാ, അന്നത് ചെയ്തത്?? “” ഞാൻ ഉദ്വഗത്തോടെ ചോദിച്ചു..
“” ഹും, അത് നിനക്കറിയാവുന്നതല്ലേ? നിനക്ക് മാത്രല്ല, ഈ നാട്ടുകാർക്ക് മുഴുവനും അറിയാവുന്നതല്ലേ? “”
“” ഞാനന്നത് പറഞ്ഞപ്പോ നിങ്ങളത് നിഷേധിച്ചതാണല്ലോ. കൊലപാതകം ഞാൻ നേരിട്ട് കണ്ടോ എന്നല്ലേ അന്ന് നിങ്ങളെന്നോട് ചോദിച്ചത്?
ശരിയാ, ഞാൻ നേരിട്ട് കണ്ടു.. നിങ്ങടെ കണ്ണുകളിലൂടെ…!”” ഞാനത് പറയുമ്പോ, ആളുടെ മുഖത്ത് ഒരേ സമയം പല ഭാവങ്ങൾ മാറി മറിയുന്നുണ്ടായിരുന്നു!
“”മറ്റാര് ചെയ്തു എന്നെനിക്കറിയില്ല, പക്ഷേ,, അത് നിങ്ങളല്ലെന്ന് എനിക്കറിയാം!
പിന്നെ ആര്? എന്തിന്?
എനിക്കതറിയണം… അറിഞ്ഞേ പറ്റൂ “”
മുകുന്ദനെന്റെ കണ്ണുകളിലേക്ക് തന്നെ, ഉറ്റുനോക്കി…
ഞാൻ തിരിച്ചും…..
“” നീയാരാടീ സി ബി അയ്യോ… എന്നെ ചോദ്യം ചെയ്യാൻ? “””
“” ആണെങ്കിൽ??? “”
“” എനിക്ക് പറയാൻ സൗകര്യല്ല!””
“” എങ്കി, ഈ ബംഗ്ലാവിലെ ചെക്കനെ കെട്ടാൻ എനിക്കും സൗകര്യല്ല്യാന്ന് ഞാനങ്ങ് പറയും!”” എന്റെ ഉത്തരം കേട്ട് കണ്ണുതള്ളി നിൽക്കുന്ന ആളെ കണ്ടപ്പോ ഉള്ളിൽ ചിരി പൊട്ടിയെങ്കിലും, ഞാൻ ഗൗരവം നടിച്ചു…
“” നിങ്ങളെ നേരെയാക്കിയിട്ടേ ഈ അംബാലികക്കിനി വിശ്രമമുള്ളൂ ” എന്ന് മനസ്സിൽ കുറിച്ചിടുകയായിരുന്നു ഞാനപ്പോൾ!!
കാത്തിരുപ്പ് ❤

by