രചന – ഫൗസിയ യൂസഫ്
ഇന്ന് അമ്പലത്തീന്ന് വരുമ്പോ, ബംഗ്ലാവിനു മുന്നിൽ അറിയാതെ കാലുകൾ നിശ്ചലമായി! കൂറ്റൻ ഗേറ്റിന്റെ വിടവിലൂടെ ഞാനകത്തേക്ക് നോക്കി… ആകെക്കൂടി പേടിപ്പെടുത്തുന്നൊരു അന്തരീക്ഷമാണ് എനിക്കു തോന്നിയത്…. ഇതിനകത്ത് ഇയാളെങ്ങനെ ഒറ്റയ്ക്ക് കിടക്കുന്നു എന്നോർത്ത് എനിക്ക് ആശ്ചര്യം തോന്നാത്തിരുന്നില്ല! “” എന്താ ഇവിടെനിന്നൊരു പരുങ്ങല്? കേറി നോക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ?? “”” പെട്ടന്നായിരുന്നു ആ ചോദ്യം! മുകുന്ദൻ!! “” ഞാൻ നിക്കണത് പൊതുവാഴീലാ.. അല്ലാതെ ബംഗ്ലാവിലെ മുകുന്ദന്റെ മുതുകത്തൊന്നും അല്ല!”” ഞാനും വിട്ടുകൊടുത്തില്ല! അതിന് മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു….. “” പണ്ടെയുള്ള നിന്റെയീ എടുത്തോ പിടിച്ചോ എന്നുള്ള മറുപടി ഉണ്ടല്ലോ, അതാടി പെണ്ണേ മുകുന്ദനെ വല്ലാതെ കൊതിപ്പിച്ചോണ്ടിരിക്കുന്നെ.. “” മൂപ്പര് ഇത്തിരി ശൃംഗാരച്ചുവയോടെ പറഞ്ഞതും, എനിക്ക് വല്ലാതെ ദേഷ്യം വന്നു… “””നിങ്ങടെ അമ്മയൊരു പാവായിരുന്നല്ലോ, എന്നിട്ടും നിങ്ങളെന്താ ഇങ്ങനെയായിപ്പോയത്?””” ഞാൻ നീരസത്തോടെ ചോദിച്ചു.
“”” അതുകൊള്ളാലോ.. എന്റമ്മ പാവായിരുന്നെന്നറിയാൻ നീയെന്റെ അമ്മയെ കണ്ടിട്ടുണ്ടോ? നീയന്നല്ല, ഈ മതിൽക്കെട്ടിനുള്ളിലെ ഒരു പുൽക്കൊടി പോലും അവരെ കണ്ടുകാണില്ല!”” ആ വാക്കുകളിലെവിടെയോ ഒരൽപ്പം നൊമ്പരം ഒളിപ്പിച്ചുവെച്ചതായി എനിക്കു തോന്നി… അതുതന്നെയായിരുന്നു എന്റെയും ആവശ്യം… ആ മനസ്സിൽ, മാറാലപിടിച്ചുകിടക്കുന്നതത്രയും എനിക്ക് അറിയണമായിരുന്നു! “” ഏക പുത്രന്റെ സൽസ്വഭാവത്തെ കുറിച്ച് ആരേലും പരാതി പറഞ്ഞാലോന്ന് പേടിച്ചിട്ടായിരിക്കും അവര് പുറത്തിറങ്ങാതിരുന്നത്… അത്രത്തോളം നന്നായിരുന്നല്ലോ കയ്യിലിരുപ്പ്!””” ഞാനൊന്ന് ഇടങ്കണ്ണിട്ടു നോക്കി… എന്തും നേരിടാൻ തയ്യാറായിരുന്നു എന്റെ മനസ്സ്! ആളെന്നെ രൂക്ഷമായൊന്നു നോക്കി. “” നിനക്ക് ഇന്നലെ കിട്ടിയതൊന്നും പോര അല്ലേടീ “” മൂപ്പര് ചൊടിച്ചു. ആ വഴി പോയ ഒന്നുരണ്ട് പെണ്ണുങ്ങൾ ഞങ്ങളെ ഇരുത്തിയൊന്ന് നോക്കുന്നുണ്ടായിരുന്നു….
“” നിനക്കിന്ന് സ്കൂളൊന്നും ഇല്ലായോടീ കൊച്ചേ? “” നാട്ടിലെ പരദൂഷണക്കമ്മറ്റിയുടെ പ്രസിഡന്റാണ്, മോളിചേച്ചി! ഇന്ന് ഞായറാഴ്ചയാണെന്ന്, കുർബാന കൂടിവരുന്ന അമ്മച്ചിക്ക് അറിയത്തില്ലായിരിക്കും! “” ആളുകള് ശ്രദ്ധിച്ചു തുടങ്ങി!”” മുകുന്ദൻ ചിരിയോടെ പറഞ്ഞു “” അല്ലെങ്കിയിപ്പോ ആരാ അറിയാത്തതായിട്ടുള്ളത്? താഴ്ത്താവുന്നതിന്റെ മാക്സിമം എല്ലാവരുടേം മുന്നിൽവച്ചു നാണംകെടുത്തിയതല്ലേ നിങ്ങള്? അതിൽകൂടുതൽ ഒരു പെണ്ണിന് എന്ത് നഷ്ടപ്പെടാനാണ്?? “” ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു! “” അത് നീ എരന്നു വാങ്ങിയതല്ലേ.. ആഹ്, ഇനിയത് പറഞ്ഞിട്ട് കാര്യല്ല, നീയെനിക്കുള്ളതാന്ന് ഉറപ്പുള്ളോണ്ട് തന്നെയാ ഞാനന്ന് നിന്റെ കരണത്തു കൈവെച്ചത്… ആ വേദന മാറാൻ ഒരു താലീടേം പുടവേടേം കാര്യല്ലേ ഉള്ളൂ… അതിനെനിക്ക് വല്ല്യേ ചെലവൊന്നും ഇല്ലെടീ… ഇപ്പൊ വേണേൽ ഇപ്പൊ.. വാങ്ങി വച്ചേക്കട്ടെ ഞാൻ?? “” മീശ പിരിച്ചുവച്ചോണ്ട് അയാളത് പറഞ്ഞപ്പോ ഞാൻ തലവെട്ടിച്ചു…
“” താലി വാങ്ങിക്കാൻ നിങ്ങൾക്ക് വല്ല്യേ പാടൊന്നും ഇല്ലായിരിക്കും.. കാരണം, നിങ്ങൾക്കതിന്റെ വില വളരെ ചെറുതാണല്ലോ.. പക്ഷേ, എന്നെപ്പോലൊരു പെണ്ണിന് താലി, കുറച്ചു നോട്ടുകൾക്കൊണ്ട് വാങ്ങിച്ചെടുക്കുന്ന ഒന്നല്ല! അതിന് ഒരുപാട് വിലയുണ്ട്! വലിയ ബംഗ്ലാവും സമ്പത്തും കണ്ട്, ആ താലിക്കുവേണ്ടി കഴുത്ത് നീട്ടികൊടുത്താൽ ഈ അംബാലിക മറ്റൊരു ജാനകിയാവേണ്ടി വരില്ലേ? സ്വന്തം സ്വപ്നങ്ങളെല്ലാം ഒരു താലിച്ചരടിൽ ഹോമിക്കപ്പെട്ട്, നിങ്ങടെ കാൽചുവട്ടിൽ ഒരു ജന്മം മുഴുവൻ ഞാൻ എരിഞ്ഞു തീരേണ്ടി വരില്ലേ?? അങ്ങനൊരു ജാനകിയാവാൻ തല്ക്കാലം ഈ അംബാലികയെ കിട്ടില്ല! അവർക്ക് പറ്റിയ തെറ്റ് എന്നിലൂടെ ആവർത്തിക്കപ്പെടില്ല! കാരണം, ഞാനവരെപ്പോലൊരു വിഡ്ഢിയല്ല!!””” ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ച് ഞാൻ മുന്നോട്ട് നടന്നതും, ഇടിവെട്ടുപോലെ മുകുന്ദന്റെ ശബ്ദമെന്റെ കാലുകളെ നിശ്ചലമാക്കി! ആ വിളി ഞാൻ പ്രതീക്ഷിച്ചതാണ്!
ചിലപ്പോൾ, അതൊരു കൊടുങ്കാറ്റായി എന്നെ പിഴുതെറിയും…. വെട്ടി നിരത്തും…. “” നീ ഒരു നൂറാവർത്തി ഉച്ചരിച്ചില്ലേ ജാനകി ജാനകി എന്ന്…. അത്.. അതെന്റെ അമ്മയാണ്! ആ പേരിങ്ങനെ നടുറോട്ടിൽ വെച്ച് വിളിച്ചു കൂവാൻ എന്ത് യോഗ്യതയുണ്ടെടി നിനക്കൊക്കെ…. അവരോളം എന്ത് മഹത്വമാടീ നിനക്കൊക്കെ ഉള്ളത്?? ശരിയാ.. നീ പറഞ്ഞതുപോലെ അവരൊരു വിഡ്ഢിയായിരുന്നു… പക്ഷെ ആ വേഷം,,, അതവര് സ്വയം കെട്ടിയതായിരുന്നു! എനിക്കു വേണ്ടി….. ഞാനെന്ന മകനുവേണ്ടി!! എന്റമ്മ…. അവര്… അവര്…. “” മുകുന്ദനെന്ന കൊലകൊമ്പന്റെ ഇടറിയ സ്വരം ഞാനാദ്യമായി ശ്രവിക്കുകയായിരുന്നു! അയാൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച അമ്മയെന്ന വിഗ്രഹത്തിന്റെ പത്തരമാറ്റ് ഞാനാദ്യമായി കാണുകയായിരുന്നു…. മുകുന്ദനെന്ന മനുഷ്യനെ ഞാനാദ്യമായി അറിയുകയായിരുന്നു! 🔥🔥🔥
അന്നെന്റെ ചിന്തയിൽ മുഴുവൻ അയാളായിരുന്നു… ജാനകിയെന്ന പാവം അമ്മയായിരുന്നു….. എന്തായിരിക്കും അന്ന്, മുകുന്ദന്റെ അച്ഛൻ മരിച്ച ദിവസം സംഭവിച്ചിട്ടുണ്ടാവുക??? എന്തിനായിരിക്കും, അയാൾ കൊലചെയ്യപ്പെട്ടിട്ടുണ്ടായിരിക്കുക??? ചിന്തകളങ്ങനെ ഏണിവച്ച് ആകാശത്തോളം മുട്ടിനിൽക്കുമ്പോഴാണ്, അപ്പുറത്തെ കൃഷ്ണേട്ടൻ ഓടിവന്നത്… “” അമ്മയെവിടെ മോളേ?? “” വന്നപാടെ കൃഷ്ണേട്ടൻ ചോദിച്ചു. “” അമ്മ അകത്തുണ്ട്.. എന്താ കൃഷ്ണേട്ടാ?? “” ആളുടെ വരവത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ ഉദ്വേഗത്തോടെ ചോദിച്ചു. “” അത്പിന്നെ മോൾടെ അച്ഛൻ.. “” “” കള്ള് കുടിച്ച് എവടേലും വീണ് കിടപ്പുണ്ടാവും ലേ..? അത് ആദ്യായിട്ടല്ലല്ലോ.. കൃഷ്ണേട്ടൻ ചെല്ല്, അച്ഛൻ വന്നോളും “” ഞാൻ അപ്രിയത്തോടെ പറഞ്ഞു. “” ഇല്ല്യ… വരില്ല്യ ഒക്കെ… ഒക്കെ കഴിഞ്ഞു മോളേ.. “” കൃഷ്ണേട്ടന്റെ ഉത്തരം വളരെ പതുക്കെയായിരുന്നു… “” കൃഷ്ണേട്ടാ….!!”” ഞാനാ മനുഷ്യന്റെ കൈകൾ മുറുകെ പിടിച്ചു.. ഒന്നും മറുപടി തരാൻ കഴിയാത്തവിധം കൃഷ്ണേട്ടൻ തളർന്നുപോയിരുന്നു…
ഒരിക്കൽപോലും സ്നേഹമോ ബഹുമാനമോ തോന്നിയിട്ടില്ലെങ്കിലും, ആ ഒരു നിമിഷം, അച്ഛനെന്ന സ്ഥാനം എന്റെ ഹൃദയത്തിലെവിടെയോ ഉണ്ടായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു…! മുറ്റത്ത് ആളുകൾ വന്ന് തിങ്ങിക്കൂടി… എത്രയോ തവണ, എല്ലാവർക്കും കാണാൻ പാകത്തിൽ പല വഴികളിലും ആരും തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ കിടന്ന അച്ഛനാണ്… ഇന്ന്, ആ മനുഷ്യനെ കാണാൻ തിക്കും തിരക്കും കൂട്ടുന്ന ജനങ്ങളെയോർത്തപ്പോ എനിക്ക് കൗതുകം തോന്നി….. ഞാനും ആ മുഖത്തേക്കൊന്ന് നോക്കി… അച്ഛൻ ചിരിക്കുന്നുണ്ടോ..?? അച്ഛൻ ഇങ്ങനാണോ ചിരിക്കാറ്..?? അറിയില്ല! ഞാനത് കണ്ടിട്ടില്ല!! ഒരുപക്ഷെ,, ഈ ചിരി അച്ഛൻ മക്കൾക്ക് വേണ്ടി അവസാനമായി കാത്തുവെച്ചതാവാം…. ആഗ്രഹിച്ചപ്പോഴൊന്നും കിട്ടിയില്ല.. ഇപ്പൊ അച്ഛൻ അറിഞ്ഞുകൊണ്ട് തരുമ്പോൾ, എനിക്കെന്തേ ആ ചിരി മടക്കി നൽകാൻ കഴിയാത്തത്??? ആ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ കഴിയാത്തത്!!! കാത്തിരുപ്പ് ❤

by