19/04/2026

ഹൃദയസഖി : ഭാഗം 02

രചന – ഫൗസിയ യൂസഫ്

മുകുന്ദനെ കണ്ടതും, ന്റെ സമനില തെറ്റുന്നപോലെ തോന്നിയെനിക്ക്…. അറിഞ്ഞു തുടങ്ങിയ അന്ന് മുതല്, വെറുപ്പേ തോന്നീട്ടുള്ളൂ അയാളോട്…. ആ ആളാണ്‌, ഇരുട്ടിയ നേരത്ത് ന്റെ അമ്പിളീടെ കൂടെ…..! ഒരുനിമിഷം പേടി തോന്നിപ്പോയി…. കേട്ടിട്ടുള്ളതൊന്നും അത്ര നല്ലതല്ലാത്തോണ്ട്, അയാൾ അമ്പിളിയെ എന്തേലും ചെയ്തു കാണുമോ എന്ന ആധി എന്നിലേക്കാകെ പടർന്നുപിടിച്ചു….. കൈകാലുകൾ വിറച്ചു തുടങ്ങി…. “”” നിങ്ങള്… നിങ്ങളെന്റെ കുട്ടീനെ… “” ഞാനയാളുടെ ഷർട്ടിൽപിടിച്ച് കുലുക്കി… ചുറ്റും ആളുകളുണ്ടെന്ന ചിന്തപോലും എന്നിലില്ലായിരുന്നു…. “”” അംബാലിക കയ്യെടുക്ക്! എല്ലാരും നോക്കുന്നുണ്ട്… “”” അയാൾ പറഞ്ഞു. “”” കാണട്ടെ… അറിയട്ടെ എല്ലാരും.. നിങ്ങളെന്റെ കുട്ടീനെ ന്താ ചെയ്തതെന്ന് ഈ നിക്കണോരൊക്കെ അറിയട്ടെ!””” ഞാൻ ഉറക്കെ പറഞ്ഞു. “”” പറയുന്നോണ്ട് എനിക്കൊരു കുഴപ്പവും ഇല്ല! എനിക്കൊന്നും സംഭവിക്കാനും ഇല്ല! പക്ഷേ,,, ഞാനത് പറഞ്ഞാ നാണക്കേട് തന്റെ കുടുംബത്തിനാണ്…. ആ നിക്കുന്ന തന്റെ അനിയത്തിക്കാണ്….. “”” അയാളുടെ മറുപടി വളരെ പതുക്കെയായിരുന്നു…

“”” ഇതിൽക്കൂടുതൽ നാണക്കേട് ഇനി എന്തുവാരാനാ ഞങ്ങക്ക്?? അതുപോലൊരു ആളിന്റെ കൂടെയല്ലേ ന്റെ കുട്ടീനെ ഈ രാത്രീല് എല്ലാരും കണ്ടത്.. “”” ന്റെ ശബ്ദമിടറി.. “”” കാര്യമറിയാതെ വെറുതെ എഴുതാപ്പുറം വായിക്കണ്ട! ഉണ്ടായതെന്താന്ന് ഇയാള് പോയി ആ കുട്ടിയോട് തന്നെ ചോദിക്ക്…. ഇവിടെ മുറ്റത്ത് കാഴ്ചക്കാരെ നിർത്തീട്ടല്ല,, അകത്തുപോയി സ്വകാര്യായിട്ട്… “”” പരുഷമായി പറഞ്ഞുകൊണ്ട് മുകുന്ദൻ തിരിച്ചു നടന്നു… പിന്നൊന്ന് തിരിഞ്ഞു നിന്ന് എന്നെ നോക്കി “” അതിനെ അടിക്കാനും തൊഴിക്കാനൊന്നും നിക്കണ്ട! ഇപ്പൊത്തന്നെ നല്ലോണം പേടിച്ചിണ്ട് “” അയാൾ നടന്നകന്നു.. ഞാൻ അമ്പിളിയെ നോക്കി… അവൾ അതേ നിൽപ്പുതന്നെ തുടരുകയാണ്…. കാര്യമറിയാനുള്ള ആകാംക്ഷയിൽ എല്ലാരും ന്നെത്തന്നെ നോക്കുന്നുണ്ട്… “” ഒന്നുല്ല്യ,,എല്ലാരും പൊയ്ക്കോളൂ… കുട്ടിക്കെന്തോ സുഖല്ല്യാതായീന്ന്… വഴീല് വീണ് കെടക്കാർന്നുത്രെ… ഇനീപ്പോ വന്നൂലോ.. എല്ലാരും പൊയ്ക്കോളൂ.. “” ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ച്, അമ്പിളിയേയും പിടിച്ച് അകത്തേക്ക് നടന്നു…

അയൽക്കാരുടെ മുറുമുറുപ്പൊന്നും മനപ്പൂർവ്വം കേട്ടില്ലെന്ന് നടിച്ചു… “” മോളേ അച്ഛൻ! അച്ഛനെ എണീപ്പിക്കണ്ടേ?? “” അമ്മ പടിക്കൽ തന്നെ നിൽക്കുവാരുന്നു.. “”” അവടെക്കെടക്കട്ടെ! ബോധം വരുമ്പോ എണീറ്റ് വന്നോളും..””” ഞാൻ ഒച്ചയെടുത്തു.. അത്രയ്ക്കുണ്ടായിരുന്നു ന്റെ മനസ്സിന് ദണ്ണം… പേരിന് മാത്രം അച്ഛനുണ്ടായിട്ട് ആർക്കെന്താ ഗുണം…. കിട്ടണതിനൊക്കെ മൂക്കറ്റം മോന്തിവന്ന്, ഒന്നും അറിയാതെ എവടേലും കെടന്നാ മതി… എല്ലാം ഒറ്റയ്ക്ക് പേറാനായിട്ട് ഞാനൊരുത്തി ഉണ്ടല്ലോ…. നിറഞ്ഞുവന്ന മിഴികൾ അമർത്തിത്തുടച്ച് ഞാൻ ഉള്ളിലേക്ക് കയറി… അമ്മ അപ്പോഴും, അച്ഛനെ താങ്ങി എണീപ്പിക്കാൻ ശ്രമിക്കുകയായിരുന്നു….!  “”” ഉണ്ടായതെന്താന്ന് ന്നോട് പറ… പറഞ്ഞേ പറ്റൂ!”” അമ്മപോലും കേൾക്കാതെ, മുറിക്കകത്തിരുന്നായിരുന്നു ഞാൻ അമ്പിളിയോട് ചോദിച്ചത്… അവളൊന്നും മിണ്ടുന്നില്ല! കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്…. ഇടയ്ക്കിടെ തേങ്ങൽ ഉയർന്നു കേൾക്കുന്നുണ്ട്…. എത്ര ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല! എന്നിൽ സംഘർഷം ഉടലെടുത്തു…. അവൾക്ക് സംഭവിച്ചതെന്താണെന്നറിയാതെ എനിക്ക് സമാധാനം കിട്ടില്ലായിരുന്നു… ആ രാത്രി, ഉറങ്ങാതെ ഞാനയാൾക്ക് വേണ്ടി കാത്തിരുന്നു… ആദ്യമായി….. മുകുന്ദനു വേണ്ടി…..!

ഇത്തിരി നേരത്തെത്തന്നെ വീട്ടീന്നിറങ്ങി… മുകുന്ദനെ കാണലായിരുന്നു ലക്ഷ്യം! പോകുന്ന വഴിയെല്ലാം ആ രൂപത്തെ ഞാൻ തിരഞ്ഞുനടന്നു… അവസാനം, അഞ്ചാറ് തലതെറിച്ചവന്മാർക്കൊപ്പം കലുങ്കിലിരിക്കുന്നത് കണ്ടു… അങ്ങോട്ടേക്ക് ചെല്ലാൻ മടി തോന്നിയെങ്കിലും, പോകാതെ തരമില്ലായിരുന്നു…. “” ദേ നോക്ക്യേടാ നിന്റെ ടീച്ചറ് വരണത്… “” കൂട്ടത്തിലൊരുത്തൻ മുകുന്ദനെ തോണ്ടിവിളിച്ചു “”” അവള് ഇങ്ങോട്ട് തെരഞ്ഞുപിടിച്ചു വരാനൊക്കെ ആയീല്ലേടാ കള്ളാ… എന്നിട്ട് ഞങ്ങളോടൊന്നും പറഞ്ഞില്ല..”” മറ്റൊരുത്തന്റെ കമന്റ്. എനിക്കാകെ അരിശം വന്നു…. സാധാരണ ആ ഭാഗത്തേക്ക് പോലും നോക്കാത്തതാണ്…. അവന്മാരുടെ ചിരിയും നോട്ടവുമൊന്നും എനിക്ക് പിടിക്കില്ല! “”” നിക്കൊന്ന് തനിച്ചു സംസാരിക്കണം””” നേരെ നോക്കാതെ ഞാൻ പറഞ്ഞു.. “” ഓഹ്.. ആയിക്കോട്ടെ, ഞങ്ങളങ് മാറിത്തരാവേ… “” ഒരു ആക്കിയ ചിരിയോടെ അവന്മാർ എഴുനേറ്റു.. “”” ഡാ അളിയാ, ചെലവ് തന്നേക്കണം… ചെറുതിലൊന്നും ഒതുക്കാൻ നോക്കണ്ട!”” ഒരുത്തൻ കൈകൊണ്ടെന്തോ ആംഗ്യം കാണിച്ച് ചിരിച്ചു…

അയാള്, സമ്മതത്തോടെ തലകുലുക്കുന്നുണ്ടായിരുന്നു…. “”” നന്ദിവാക്ക് പറയാനാണെങ്കി വേണ്ട, അതൊന്നും കേട്ട് എനിക്ക് ശീലമില്ല!”” ഞാനെന്തെങ്കിലും പറയും മുമ്പേ അയാള് പറഞ്ഞു. “” എന്താ ഇന്നലെ നടന്നത്?? ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല!”” ഞാൻ മുഖത്തേക്ക് നോക്കാതെ ചോദിച്ചു… “” അതുശരി, അപ്പൊ വിവരൊന്നും അറിഞ്ഞുള്ള വരവല്ല ല്ലേ? ഞാൻ കരുതി, ഒരു മാനക്കേടീന്ന് രക്ഷിച്ചേന്റെ നന്ദി രേഖപ്പെടുത്താൻ വന്നതാവുംന്ന് “” മുകുന്ദൻ പറഞ്ഞപ്പോ, ഞാൻ കാര്യം മനസ്സിലാവാതെ അയാളുടെ മുഖത്തേക്ക് നോക്കി… “”” ഇന്നലെ വൈകുനേരം ടൗണിലേക്കൊന്ന് പോയപ്പഴാ അവിടെവച്ച് അവളെ കണ്ടത്, നിന്റെ അനിയത്തീനെ…”” “” ടൗണിലോ! അവളെന്തിന് അവിടേക്ക് പോണം? “”” ഞാൻ ഇടയിൽ കയറി ചോദിച്ചു.. “” ആഹ്, അതുതന്നെയായിരുന്നു എന്റേം സംശയം…. അതോണ്ടാ ഞാൻ അവളോട് വിവരം തിരക്കീത്… ആദ്യൊക്കെ എന്തൊക്കെയോ ഉരുണ്ടുകളിച്ചു… പന്തിയല്ലെന്ന് തോന്നിയപ്പോ, പിടിച്ചൊന്നു വിരട്ടി.. അപ്പഴാ സത്യം പറഞ്ഞത്… “” “” എന്താ?? എന്താ അവള് പറഞ്ഞത്?? “”

“”കാമുകനൊപ്പം ഒളിച്ചോടാൻ വന്നതാത്രേ അവള്…. അവനെതോ ഒരു വല്ല്യേ വീട്ടിലെ ചെക്കനാന്നാ പറഞ്ഞേ.. കൂടുതല് പറയാൻ അവൾക്കൊട്ടും അറിയത്തും ഇല്ലാന്ന്… അവനെ കാത്തുള്ള നിൽപ്പാരുന്നു..”” ഒരു പരിഹാസച്ചിരിയോടെ അയാളത് പറഞ്ഞപ്പോ, എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി… വീഴാതിരിക്കാൻ കലുങ്കിൽ മുറുകെ പിടിച്ചു…. അയാളുടെ വാക്കുകൾ കൊള്ളണോ തള്ളണോ എന്നുപോലും എനിക്ക് നിശ്ചയമില്ലായിരുന്നു… ” ന്നാലും അവള്… ന്റെ അമ്പിളി… അവളങ്ങനൊക്കെ ചിന്തിക്കോ?? എല്ലാം മനസ്സിലാവണ പ്രായായില്ലേ അവക്ക്… ന്റെ പ്രയാസൊക്കെ അവള് ഒറ്റനിമിഷംകൊണ്ട് മറന്ന് പോവോ?? ” ഞാനങ്ങനെ ചിന്തിച്ചുനിന്നു! “””പറഞ്ഞതൊന്നും വിശ്വാസയിട്ടില്ലാന്ന് ഈ മുഖത്തു നോക്കിയാ മനസ്സിലാവും…. പക്ഷേ, സംഗതി സത്യാണ്! അവളെപ്പോലൊരു പെങ്കൊച്ചിനെ കുറിച്ച് അപവാദം പറയേണ്ടകാര്യം എനിക്കില്ലല്ലോ…. അവള്…അവള്, എന്റേം കൂടി അനിയത്തിയല്ലേ “”” ഇടംകണ്ണിട്ട്, തലചെരിച്ചു നോക്കിക്കൊണ്ട് അയാൾ പറഞ്ഞതും ഞാനൊരു കൂർത്തനോട്ടം വച്ചുകൊടുത്തു…. പിന്നെ, തിരിഞ്ഞു നടന്നു…. തികച്ചും യാന്ത്രികമായിരുന്നു ആ നടത്തം… മനസ്സ് മുഴുവൻ പിടിവിട്ടുപോയിരുന്നു.. ഒന്നും അറിയേണ്ടിയിരുന്നില്ലെന്ന് അപ്പോഴേനിക്ക് തോന്നിപ്പോയി!

“””അവളെവിടെ, അമ്പിളി??””” ചെന്നുകയറിയപാടെ ഞാൻ അന്വേഷിച്ചു.. “”” അകത്തുണ്ട്… ഇന്നൊരു വസ്തു കഴിച്ചിട്ടില്ല പെണ്ണ്.. ഒരേ ഇരിപ്പാ മുറീല്”” അമ്മ പറഞ്ഞു. ഞാൻ ചെന്നുനോക്കുമ്പോ അവള് കിടക്കാരുന്നു… വാതിൽ വലിച്ചടച്ച് താഴിട്ടു! “”ഡീ “” ന്റെ ആദ്യത്തെ വിളിയിൽ തന്നെ അവൾ പിടഞ്ഞെണീറ്റു… “”” ഏതവനായിരുന്നെടീ അവൻ? നീയ് ഒളിച്ചോടാൻ കണ്ടുപിടിച്ച ആ മഹാൻ… ഞാനുംകൂടിയൊന്ന് അറിയട്ടെ!””” അവൾ തലകുനിച്ചു നിന്നു! “” ഇനീം മിണ്ടാതെ കഴിച്ച്കൂട്ടാന്നു വിചാരിക്കണ്ട നീയ്… എല്ലാം ഞാനറിഞ്ഞു… അയാള് പറഞ്ഞു, ന്നോടെല്ലാം.. “””ദേഷ്യത്താൽ ഞാനടിമുടി വിറച്ചു! “”” എന്തിന്റെ കുറവാരുന്നെടീ നിനക്കൊക്കെ?? നിന്റെയൊക്കെ കാര്യത്തിൽ എന്തേലും കുറവ് വരുത്തണുണ്ടോ ഞാൻ?? “”ഞാനത് ചോദിച്ചതും, അതുവരെ താണിരുന്ന അവളുടെ കണ്ണുകൾ എനിക്കുനേരെ ഉയർന്നു വന്നു… “” ഇച്ചേച്ചി ചോദിച്ചില്ലേ എന്തിന്റെ കുറവായിരുന്നൂന്ന്? ഞാനൊന്ന് ചോദിക്കട്ടെ, കുറവ് പറയാൻ മാത്രം എന്തുണ്ട് ഈ വീട്ടില്?? ഞങ്ങടെ എന്തേലൊരു ആഗ്രഹം നേരാംവണ്ണം സാധിപ്പിച്ചുതരാൻ കഴിഞ്ഞിട്ടുണ്ടോ ഇവിടുള്ളോർക്ക്??”” അവളുടെ ചോദ്യങ്ങളെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു!!

“”അരുൺ നല്ലവനാ… നല്ല കാശുള്ള വീട്ടിലെയാ… ഇവിടെക്കിട്ടാത്ത സൗഭാഗ്യങ്ങളൊക്കെ എനിക്ക് അവന്റെ വീട്ടിൽ കിട്ടും…. അവനോടൊപ്പമുള്ള ജീവിതം എനിക്ക് സ്വർഗമായിരിക്കും!””അവളുടേത് ഉറച്ച മറുപടിയായിരുന്നു! പതിനെട്ടു പോലും തികയാത്ത പെണ്ണിന്റെ, ജീവിതസ്വപ്നങ്ങൾ കേട്ട് എനിക്കെന്ത് പറയണമെന്ന് ഒരു രൂപവും കിട്ടിയില്ല…. ഞാനാകെ തളർന്നു പോയിരുന്നു! “””ഞാൻ അരുണിനൊപ്പം പോകാൻ തുനിഞ്ഞെങ്കിൽ, അതിന് കാരണം ഇച്ചേച്ചി തന്നെയാ….””” അവൾ പറഞ്ഞതുകേട്ട് ഞാൻ മരവിച്ചു നിന്നു! “”” ഞങ്ങൾ സ്വപ്നം കണ്ട ജീവിതോം സൗകര്യങ്ങളൊക്കെ നേടിത്തരാൻ ഇച്ചേച്ചിക്ക് കഴിയുമായിരുന്നു… എന്നിട്ടും ചേച്ചിയതിനു ശ്രമിച്ചില്ല!”” അവൾ വീണ്ടും പറഞ്ഞു. “” മോളേ… നീയെന്തൊക്കെയാ ഈ പറയുന്നേ? ചേച്ചി… ചേച്ചി നിങ്ങടെ നന്മ മാത്രല്ലേ ആഗ്രഹിക്കുന്നുള്ളൂ… ആ ഞാനെങ്ങനാ നിങ്ങടെ നല്ല ജീവിതത്തിനു തടസ്സം നില്ക്കാ… ഇച്ചേച്ചിക്ക് കഴിയുന്ന പോലൊക്കെ ഞാൻ നിങ്ങടെ ജീവിതം മുന്നോട്ട് കൊണ്ടുപോണില്ലേ….?? ഇനിയെങ്ങന്യാ ചേച്ചി……””” ഞാനാകെ ഉരുകിയൊലിച്ചു..

“”” പിന്നെന്തിനാ, അമ്മാമ കൊണ്ടന്ന ആ ആലോചന ചേച്ചി വേണ്ടന്ന് വച്ചേ?? അതിന് സമ്മതല്ലാന്ന് പറഞ് അമ്മാമയെ ഇറക്കി വിട്ടേ?? ചേച്ചി, ഞങ്ങളെപറ്റി ആലോചിച്ചോ? ഞങ്ങടെ ഭാവിയെപ്പറ്റി ചിന്തിച്ചോ? ഒരിത്തിരി സ്നേഹം ഞങ്ങളോടുണ്ടായിരുന്നെങ്കി, ചേച്ചിയതിന് സമ്മതം പറഞ്ഞേനെ… പക്ഷേ, അതുണ്ടായില്ല! ചേച്ചിക്ക് ചേച്ചീടെ കാര്യം മാത്രം! ഞങ്ങള് നന്നായാലെന്താ…, ഇല്ലെങ്കിലെന്താ… “” അമ്പിളിയുടെ ഓരോ വാക്കുകളും, ചാട്ടുളി കണക്കെയാണ് എന്റെ നെഞ്ചിലേക്ക് തുളഞ്ഞു കയറിയത്…. ഒരക്ഷരം പോലും ഉരിയാടാനാവാതെ ഞാനങ്ങനെ നിന്നു…! അമ്മ, വാതിലിൽ മുട്ടിവിളിക്കുന്നുണ്ടായിരുന്നു…. പക്ഷേ എനിക്ക് അനങ്ങാൻ പോലും കഴിയുമായിരുന്നില്ല! തുടരത്തുടരേ വാതിലിൽ തട്ടിയപ്പോൾ അമ്പിളി തന്നെയാണ് വാതിൽ തുറന്നത്…. അകത്തു കടന്നുപാടെ അമ്മ അവൾക്ക് മുഖമടച്ചൊന്ന് കൊടുത്തു. അമ്മയെല്ലാം കേട്ടുകാണും….! “” എന്തൊക്കെയാടീ അസത്തെ നീ പറഞ്ഞത്? ഇങ്ങനൊക്കെ പറയാൻ മാത്രം എന്നാടി നീയൊക്കെ വളർന്നത്?? “” അമ്മ, പിന്നെയും അവൾക്ക് നേരെ കയ്യോങ്ങി..

“” ഇങ്ങനെ തല്ലാൻ മാത്രം തെറ്റൊന്നും ഞാൻ പറഞ്ഞില്ലല്ലോ… അല്ലെങ്കി അമ്മതന്നെ പറ, അമ്മേം ആഗ്രഹിച്ചിരുന്നില്ലേ ആ കല്യാണം… ഇച്ചേച്ചി സമ്മതിച്ചിരുന്നെങ്കി, ഈ കുടുംബം രക്ഷപ്പെടുമായിരുന്നെന്ന് അമ്മതന്നെ പറഞ്ഞിട്ടില്ലേ? “”” അവളുടെ ചോദ്യത്തിന് അമ്മയ്ക്കും ഉത്തരമുണ്ടായിരുന്നില്ല! ഞാൻ തളർച്ചയോടെ, ചുമരിലേക്ക് ചാരിനിന്നു…. ” ആരൊക്കെ തോൽപ്പിക്കാൻ ശ്രമിച്ചാലും തോറ്റുപോകില്ലെന്നൊരു വാശിയുണ്ടായിരുന്നു ഈ പെണ്ണിന്… പക്ഷേ,, ആർക്കുവേണ്ടിയാണോ തോൽക്കാതെ പിടിച്ചു നിന്നത്, അവരുത്തന്നെ എന്നെ തോൽപ്പിച്ചു കളഞ്ഞിരിക്കുന്നു! ഒരടിപോലും മുന്നോട്ട് ചലിക്കാനാവാത്ത വിധം ഞാൻ തളർന്നു വീണിരിക്കുന്നു! താങ്ങാനൊരു കയ്യെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു പോകുന്നു….!!! കാത്തിരുപ്പ് ❤