മംഗല്യസൂത്രം…. 8
🧡മംഗല്യസൂത്രം : എട്ട് 🧡
“നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ എന്നോട് പറയണം. അമ്മയോട് പറയാൻ പറ്റാത്ത കാര്യങ്ങളാണെങ്കിലും…”
അല്ലിയുടെ കണ്ണുകളിൽ ഒരു നിമിഷം ആശയക്കുഴപ്പം തെളിഞ്ഞു.
‘ അമ്മയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ആന്റി, അതുകൊണ്ട് ഇവർ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല ‘ മനസ്സിൽ വിചാരിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
“ശരി ആന്റി… എന്നാ ഞാൻ ഫ്രഷ് ആവട്ടെ, പിന്നെ വരാം….” അവൾ മുറി തുറന്ന് നടന്നു.
“ആയുഷിന്റെ കാര്യം എന്തുകൊണ്ടാണ് താൻ നിർമ്മലാന്റിയോട് പോലും പറയാതിരുന്നത്…?
, ഒരു അധ്യാപകനെ പരിചയപ്പെട്ടു എന്ന് പറയാമായിരുന്നില്ലേ? അതും തെറ്റാണ് എന്ന് ആന്റി വിചാരിക്കുമോ? അവൾക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല.
മുറിയിലെത്തിയ ഉടൻ അല്ലി ബാഗ് കട്ടിലിലേക്ക് എറിഞ്ഞു. ജനലിനരികിലേക്ക് നടന്ന് കർട്ടൻ മാറ്റി.
പുറത്ത് മുംബൈയുടെ രാത്രിവിളക്കുകൾ തെളിഞ്ഞുതുടങ്ങിയിരുന്നു.
അവൾ കുറച്ചുനേരം ആ കാഴ്ച നോക്കി നിന്നു.
പിന്നീട് പതിയെ സ്റ്റഡി ടേബിളിനരികിലേക്ക് നടന്നു.
ഡയറി എടുത്തു, പേന തുറന്നു…. കുറച്ചുനേരം വെറുതെ പേജിലേക്ക് നോക്കി ഇരുന്നു.
എന്താണ് എഴുതേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നു.
കുറച്ച് നിമിഷം ആലോചിച്ച ശേഷം അവൾ പതിയെ എഴുതിത്തുടങ്ങി.
“ഇന്ന് കോളേജിലെ ആദ്യദിവസം…
അവിടെവരെ എഴുതിയ ശേഷം അവൾ നിർത്തി.
പേനയുടെ അറ്റം പേജിൽ തട്ടിക്കൊണ്ടിരുന്നു… പിന്നെ താൻ എഴുതിയതു വെട്ടി….
വീണ്ടും തുടങ്ങി….
“പുതിയ സ്ഥലത്ത് ആദ്യമായി പോകുമ്പോൾ എല്ലാവർക്കും പേടിയായിരിക്കും അധികം എന്നാണ് ഞാൻ കരുതിയത്. ആദ്യം എനിക്കും ഉണ്ടായിരുന്നു, പക്ഷേ എനിക്ക് പേടിയേക്കാൾ വേറൊരു വികാരമാണ് കൂടുതൽ ഉണ്ടായത്…”
അവൾ വീണ്ടും നിർത്തി, ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി… പിന്നീട് അവൾ തുടർന്ന് എഴുതി.
“ഇന്ന് ഒരാളെ പരിചയപ്പെട്ടു. ആയുഷ്…. അദ്ദേഹം എന്റെ അധ്യാപകനാണ്. അതുകൊണ്ട് തന്നെ ഈ സൗഹൃദത്തിന് ഒരു അതിരുണ്ട് എന്ന് എനിക്ക് അറിയാം. പക്ഷേ… അയാളോട് സംസാരിച്ചപ്പോൾ എന്തുകൊണ്ടോ എനിക്ക് മനസ്സിൽ ഇതുവരെ തോന്നാത്ത ഒരു അനുഭവം തോന്നി.”
അവളുടെ കൈ പെട്ടന്ന് നിശ്ചലമായി.
” ഈശ്വര ഇതെന്താ ഞാൻ എഴുതുന്നത്…” അവൾ സ്വയം ചിരിച്ചു.
വേഗം ആ വരിക്ക് മുകളിലൂടെ പേന കൊണ്ട് ഒരു വരയിട്ടു.
പക്ഷേ… അക്ഷരങ്ങൾ പൂർണ്ണമായി മറഞ്ഞില്ല….
ആയുഷ്. ആ പേര് അവിടെ തന്നെ കിടന്നു. അതിനെ പൂർണ്ണമായും മറയ്ക്കാൻ അവൾക്ക് തോന്നിയില്ല…
….
പിറ്റേന്ന് ക്ലാസിൽ പതിവിലേക്കാൾ നേരത്തെ എത്തിയ അല്ലി, തന്റെ സീറ്റിൽ ഇരുന്നു. ചുറ്റും വിദ്യാർത്ഥികൾ ഓരോരുത്തരായി എത്തിത്തുടങ്ങി.
അവൾ പുസ്തകം തുറന്ന് വായിക്കാൻ ശ്രമിച്ചു.
പക്ഷേ അവളുടെ ശ്രദ്ധ ഇടയ്ക്കിടെ വാതിലിലേക്ക് പോകുന്നുണ്ടായിരുന്നു. ആ കണ്ണുകൾ ആരെയാണ് കാത്തിരിക്കുന്നത് എന്ന് അവൾക്ക് മാത്രമേ അറിയൂ…
കാത്തിരിപ്പിന്റെ ഒടുവിൽ ആയുഷ് അകത്തേക്ക് കയറി വന്നു. അവന്റെ ബൂട്ടിന്റെ ശബ്ദം കേട്ടതും ക്ലാസ്സിൽ പല വശങ്ങളിൽ ചിതറി കിടന്നവരെല്ലാം തങ്ങളുടെ സീറ്റിലേക്ക് പോയി….
അവൻ പതിവുപോലെ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
അല്ലിയുടെ കണ്ണുകൾ അവനുമായി കൂട്ടിമുട്ടിയ നിമിഷം അവൾ പെട്ടെന്ന് പുസ്തകത്തിലേക്ക് നോക്കി.
അത് കണ്ട ആയുഷിന്റെ ചുണ്ടിൽ വളരെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
” ഗുഡ് മോർണിംഗ് സർ ” ക്ലാസിലെ എല്ലാവരും ഒരുമിച്ച് മറുപടി പറഞ്ഞു.
“ഗുഡ് മോർണിംഗ് , everyone…” പറഞ്ഞുകൊണ്ട് അവൻ ബോർഡിലേക്ക് തിരിഞ്ഞു.
“ഇന്ന് നമുക്ക് ഒരു ചെറിയ ആക്ടിവിറ്റി ചെയ്യാം. ബിസിനസ് എന്നത് പുസ്തകത്തിൽ പഠിക്കുന്ന ഫോർമുലാസ് മാത്രമല്ല. ഒരു മനുഷ്യൻ എങ്ങനെ ചിന്തിക്കുന്നു, ഒരു പ്രശ്നത്തെ എങ്ങനെ സമീപിക്കുന്നു, എങ്ങനെ തീരുമാനമെടുക്കുന്നു… അതൊക്കെയാണ് ബിസിനസ് സെൻസ് .”
അവൻ ക്ലാസിലേക്ക് തിരിഞ്ഞു.
“അതുകൊണ്ട് ഞാൻ നിങ്ങളെ രണ്ടുപേരടങ്ങുന്ന ടീമുകളാക്കുകയാണ്.”
അവനത് പറഞ്ഞതും ക്ലാസിൽ ചെറിയൊരു ബഹളം തുടങ്ങി.
റോൾ നമ്പർ ഷഫിൾ ചെയ്ത് ഓരോ പേരുകൾ വിളിച്ചുകൊണ്ട് അവൻ ഓരോരുത്തരെയും ടീമുകളാക്കി.
“അലംകൃത…” തന്റെ പേര് കേട്ടതും അല്ലി തല ഉയർത്തി.
“യെസ് , സർ …”
“നീ റിഷിയുടെ കൂടെ.” അല്ലിയുടെ മുഖത്ത് ചെറിയൊരു ആശയക്കുഴപ്പം.
അവൾ റിഷിയെ നോക്കി. അവൻ ചിരിച്ചുകൊണ്ട് കൈ ഉയർത്തി.
“ഹയ് , പാർട്ണർ… ഞാൻ ആണ് റിഷി…”
അല്ലി ചെറിയൊരു പുഞ്ചിരിയോടെ അവനെ നോക്കി….
“ഹൈ…”
“Don’t വറി…. ഞാൻ പഠിക്കുന്നതിലും കൂടുതൽ സംസാരിക്കുന്ന ആളാണ്. അതുകൊണ്ട് presentation-ൽ നിനക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല.” അല്ലി അറിയാതെ ചിരിച്ചു.
“അത് എനിക്ക് ഇപ്പോഴേ മനസ്സിലായി.”
“അയ്ശേരി … ആദ്യദിവസം തന്നെ എന്നെ ജഡ്ജ് ചെയ്തോ?”
“കുറച്ചൊക്കെ… അത് പിന്നെ ആരായാലും ജഡ്ജ് ചെയ്യില്ലേ? ”
” ശരിയാ, എന്ന ഞാൻ തന്നെ ജഡ്ജ് ചെയ്യട്ടെ… മ്മ്… താനൊരു പാവം മിണ്ടാ പൂച്ച ആണ്, പക്ഷെ ക്ലോസ് ആയാൽ ഒരു വായാടിയും, തനിക്ക് പേസ്റ്റൽ കളർസ് ആണ് ഇഷ്ട്ടം, പിന്നെ മിനിമൽ ജ്വല്ലറി ആൻഡ് മേക്കപ്പ്… അല്ലെ?”
” കൊള്ളാം കൊള്ളാം, പറഞ്ഞതിലൊന്നും തെറ്റ് ഇല്ല ” അവൾ ചിരിച്ചു…
എന്നാൽ അവരുടെ ചിരിച്ചുകൊണ്ടുള്ള സംസാരം ആയുഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
അവൻ ഒന്നും പറയാതെ അവരെ നോക്കി. പിന്നീട് ബോർഡിലേക്ക് തിരിഞ്ഞു. എന്നാൽ ആ മുഖത്തെ ഭാവത്തിൽ നേരിയ കുശുമ്പ് ഉണ്ടായിരുന്നു എന്നത് അവന് മാത്രമേ അറിയൂ….
…………
ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാവരും പുറത്തേക്ക് പോകാൻ തുടങ്ങി. അല്ലി തന്റെ പുസ്തകങ്ങൾ ബാഗിൽ വയ്ക്കുകയായിരുന്നു….
റിഷി അവളുടെ അടുത്തെത്തി.
“അല്ലി, അസ്സിഗ്ന്മെന്റ് ചെയ്യാൻ ലൈബ്രറിയിൽ പോകുന്നുണ്ടോ?”
“പോകാമെന്നു വിചാരിക്കുന്നു, എനിക്ക് അധിക നേരം സിസ്റ്റത്തിൽ നോക്കി എഴുതാൻ പറ്റില്ല, അതിലും നല്ലത് ഇവിടുന്ന് ബുക്കിൽ നോക്കി എഴുതുന്നതാണ്….”
“എങ്കിൽ ഞാൻ കൂടെ വരാം, സത്യത്തിൽ ഞാൻ ആ വഴിയൊന്നും പോയിട്ടില്ല, താനോ…?”
അവനത് ചോദിച്ചപ്പോഴേക്കും അല്ലിയുടെ മനസ്സിൽ വീണ്ടും ആ ലൈബ്രറിയിലെ രംഗം തെളിഞ്ഞു വന്നു…
അല്ലി, റിഷിയോട് എന്തോ പറയാൻ തുടങ്ങുന്നതിന് മുമ്പ് പിന്നിൽ നിന്ന് ആയുഷിന്റെ ശബ്ദം കേട്ടു.
“മിസ്സ് അലകൃത….” പരിചിതമായൊരു ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി.
“യെസ് , സർ…?” അവളുടെ കണ്ണുകൾ അറിയാതെ വിടർന്നു, അത് ആയുഷ് ശ്രദ്ധിച്ചുവെങ്കിലും അവന്റെ മുഖത്ത് പതിവ് ഗൗരവം മാത്രമായിരുന്നു….
“നിന്റെ കേസ് സ്റ്റഡി സെലെക്ഷൻ നല്ലതാണ്. പക്ഷേ അതിൽ കുറച്ച് കൂടുതൽ റിസർച്ച് വേണം. നിനക്ക് താൽപര്യമുണ്ടെങ്കിൽ ലൈബ്രറിയിലെ ചില റഫറൻസ് ബുക്സ് ഞാൻ സജ്ജെസ്റ്റ് ചെയ്യാം.”
അവന്റെ വാക്ക് കേട്ടതും അവളുടെ മുഖത്ത് ചെറിയൊരു പ്രകാശം തെളിഞ്ഞു…
“തീർച്ചയായും സാർ… താങ്ക് യു .”
ആയുഷ് പുഞ്ചിരിച്ചു.
“നിനക്ക് ബിസിനസ് ഇഷ്ടമാണെന്ന് ഇന്നലെ പറഞ്ഞില്ലേ? അപ്പോൾ അത് വെറും കോഴ്സ് പാസ്സ് ആവാൻ വേണ്ടിയുള്ള പഠനമായി കാണരുത്. നിനക്ക് ശരിക്കും എന്താണ് ഇഷ്ടമെന്ന് കണ്ടെത്തി അതിൽ മികവ് നേടാൻ ശ്രമിക്കണം.”
അവന്റെ വാക്കുകൾ അല്ലിയുടെ മനസ്സിൽ പതിഞ്ഞു.
“നിനക്ക് ശരിക്കും എന്താണ് ഇഷ്ടമെന്ന് കണ്ടെത്തി അതിന് വേണ്ടി പരിശ്രമിക്കണം, അല്ലാതെ മറ്റുള്ളവരുടെ ഇഷ്ട്ടം നീ നിന്നിൽ അടിച്ചു ഏൽപ്പിക്കരുത്!!…”
അമ്മയുടെ ഒപ്പമുള്ള ജീവിതത്തിൽ ഒരിക്കലും തനിക്ക് ലഭിക്കാത്ത ഒരു സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അവൻ പറയുന്നത് എന്നത് അവളുടെ മനസ്സിൽ പല ആവർത്തി തെളിഞ്ഞുവന്നു… അവൾക്ക് അവനോട് കൂടുതൽ അടുപ്പം തോന്നി തുടങ്ങി…
അവൾ പതിയെ പുഞ്ചിരിച്ചു.
“ശരി സാർ… ഞാൻ ശ്രമിക്കാം.”
” ഹ്മ്മ് എങ്കിൽ വാ ഞാൻ ബുക്സ് എടുത്ത് തരാം, യു റിഷി നീയും വരു…. ” പറഞ്ഞുകൊണ്ട് അവൻ മുന്നേ നടന്നു ബാക്കി രണ്ടാളും അവന്റെ പിന്നിലും….
……
ലൈബ്രറിയിൽ റിഷിയോടൊപ്പം അസ്സിഗ്ന്മെന്റ് ചെയ്യുമ്പോഴും അല്ലിയുടെ മനസ്സിൽ ആയുഷിന്റെ വാക്കുകളായിരുന്നു. റിഷി അവളെ നോക്കി.
“എന്താ…?” അവൻ അവളെ ഒന്ന് തട്ടി വിളിച്ചു…
“എന്ത്?” ഏതോ സ്വപ്നലോകത്തെന്നപോലെ അവൾ ഒന്ന് ഞെട്ടി പുസ്തകത്തിൽനിന്ന് തല ഉയർത്തി…
“നീ ഇവിടെ ഇരിക്കുന്നത് അസ്സിഗ്ന്മെന്റ് ചെയ്യാനാണോ, അതോ വേറെ എന്തെങ്കിലും ചിന്തിക്കാനാണോ?”
അല്ലി ഞെട്ടി.
“ഞാൻ അസ്സിഗ്ന്മെന്റ് തന്നെയാണ് ചെയ്യുന്നത്.”
“ഓ, പക്ഷേ കഴിഞ്ഞ പത്ത് മിനിറ്റായി നീ ഒരേ പേജാണ് നോക്കുന്നത്.”
അല്ലി മടുപ്പോടെ പുസ്തകം അടച്ചു.
” ഇതൊക്കെ കണ്ടിട്ട് തന്നെ തല കറങ്ങുന്നു, ഇതിലും ഭേദം എന്റെ നീറ്റ് എക്സാം ആയിരുന്നു… ” അവൾ വിഷയം മാറ്റാനായി പറഞ്ഞു…
” ഹ്മ്മ് സ്വന്തമായി തിരഞ്ഞെടുത്ത കോഴ്സ് അല്ലെ, അല്ലാതെ ആരേലും നിർബന്തിച്ചോ നിന്നെ ”
” കോഴ്സ് എന്റെ ഇഷ്ടപ്രകാരം തന്നെ പക്ഷെ ഈ കോളേജ് അല്ല”
” ഓ, എന്തായാലും ഇങ്ങനെ ദിവാസ്വപ്നം കണ്ടോണ്ട് ഇരിക്കാൻ പറ്റില്ല, സമയം ആറ് മണി ആവാൻ ആയി ഇപ്പൊ ഇതെല്ലാം അടക്കും, അതുകൊണ്ട് നോക്കാൻ ഉള്ളതൊക്കെ വേഗം നോക്ക് ” പറഞ്ഞുകൊണ്ട് അവൻ ചില പേജിന്റെ ഫോട്ടോകൾ എടുത്തു…
……..🧡
കൈലാസ് Emerald Attireന്റെ ഓഫീസിലെ വലിയ കോൺഫറൻസ് റൂമിൽ ഇരിക്കുകയായിരുന്നു.
ഇനി വരാൻ പോകുന്ന ആ വലിയ ഷോയുടെ പ്ലാനിങ് ആയിരുന്നു അവന്റെ മുന്നിൽ ഉണ്ടായിരുന്നത്….
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനേഴ്സ് …മോഡൽസ് …മീഡിയ …ഇന്റർനാഷണൽ ബയേഴ്സ് …
എല്ലാം ഒരേ പരിപാടിയുടെ ഭാഗമായിരുന്നു.
“ഈ കളക്ഷന്റെ ഫൈനൽ ഫിറ്റിങ് നാളെ വൈകുന്നേരം നടക്കണം. ഒരു മിസ്റ്റേക്ക് പോലും പാടില്ല. Emerald Attire-ന്റെ പേര് ഒരിക്കൽ താഴ്ന്നു അത് തിരികെ കൊണ്ടുവരാൻ എളുപ്പമല്ല. അറിയാലോ ടഫ് കോമ്പറ്റിഷൻ ആണ് ഈ പ്രാവിശ്യം”
അവന്റെ ശബ്ദത്തിലെ കടുപ്പം കേട്ട് ചുറ്റുമിരുന്നവർ എല്ലാവരും നിശ്ശബ്ദരായി. പിന്നീട് അവിടെ വലിയൊരു ഡിസ്കഷൻ തന്നെ നടന്നു, ഓരോരുത്തർക്കും ഓരോ ജോലി കൈലാസ് ഏൽപ്പിച്ചു… മീറ്റിംഗ് കഴിഞ്ഞ് എല്ലാവരും തങ്ങളുടെ തിരക്കിലേക്ക് പോയി, ആയുഷ് സിസ്റ്റം ഓൺ ചെയ്യ്തു ചില ഡോക്ക്യൂമെന്റസ് ചെക്ക് ചെയ്യാൻ തുടങ്ങി….
അപ്പോഴാണ് വാതിൽ തുറന്ന് ഇഷാനി അകത്തേക്ക് വന്നത്.
കൈലാസ് അവളെ നോക്കി.
“നീ എവിടെയായിരുന്നു? നിന്നെ ഞാൻ രണ്ട് മണിക്കൂറായി അന്വേഷിക്കുകയാണ്.”
ഇഷാനി ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.
“റിലക്സ് കൈലാസ്, ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ഫിറ്റിങ് റൂമിലായിരുന്നു.”
കൈലാസ് അവളുടെ മുഖത്തേക്ക് നോക്കി.
“നീ ഓക്കെ ആണോ, മുഖത്ത് എന്താ ഒരു വല്ലായ്മ പോലെ ?”
“ഞാൻ പെർഫെക്റ്റ്ലി ഫൈൻ ആണ് കൈലാസ്, ബാക്കിയൊക്കെ നിന്റെ വെറും തോന്നൽ മാത്രമാണ്…” അവൾ കള്ളത്തരം ഉള്ളിൽ മറച്ചുകൊണ്ട് പറഞ്ഞു…
“നീ കുറച്ചു ദിവസമായി ശരിയായി ഉറങ്ങുന്നില്ല. അതുപോലെ നിന്റെ ഭക്ഷണവും പ്രോപ്പർ അല്ല…”
ഇഷാനി അവന്റെ വാക്ക് കേട്ട് മുഖം കടുപ്പിച്ചു…
തുടരും… 🧡




