അലൈപ്പായുതേ….. 9

ഭാഗം ഒൻപത്

അത് കേട്ടതും ധ്രുവിന്റെ കണ്ണുകളിലെ ദേഷ്യം ഇരട്ടിച്ചു. അവൻ രണ്ടു ചുവടുകൾ മുന്നോട്ട് വെച്ച് വിക്രമിന്റെ ഷർട്ടിന്റെ കോളറിൽ ആഞ്ഞമർത്തിപ്പിടിച്ചു!

“ടെൻഡറോ? ചപ്പുചവറുകൾ പെറുക്കുന്ന നിന്നെപ്പോലെയുള്ള തെരുവ് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കാൻ വച്ചിരിക്കുന്നതല്ല കൈലാസ് ഗ്രൂപ്പിന്റെ പ്രൊജക്റ്റുകൾ! സ്മാർട്ട് സിറ്റി ടെൻഡർ കൈലാസ് ഗ്രൂപ്പ് പിടിക്കും! അതിൽ ഒരു തരി പോലും സംശയം വേണ്ട!”
ധ്രുവ് വിക്രമിന്റെ മുഖത്തേക്ക് കൂടുതൽ ആഞ്ഞു, അവൻറെ ശബ്ദത്തിൽ ഗാംഭീര്യം നിറഞ്ഞു നിന്നു:

“പിന്നെ… നീ പറഞ്ഞില്ലേ എന്റെ ഈ അസിസ്റ്റന്റിനെക്കുറിച്ച്? കേട്ടോടാ വർമ്മേ… കൈലാസ് ഗ്രൂപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ നിൽക്കുന്ന ഒരു പുൽക്കൊടിയെപ്പോലും തൊടാൻ നിനക്കോ നിന്റെ ബാപ്പയ്ക്കോ ശേഷിയില്ല! ഇവൾ എന്റെ പി.എ ആണ്! ധ്രുവ് കാർത്തിക്കിന്റെ തണലിൽ നിൽക്കുന്നവൾ! ഇവളുടെ നേരെ ഒരു കണ്ണ് ഉയർന്നാൽ… ആ കണ്ണ് പിഴുതെടുത്ത് ഞാൻ നിന്റെ കയ്യിൽ തരും! അത് ഓർത്തു വെച്ചോ!”
ധ്രുവ് അവനെ ശക്തിയായി പിന്നിലേക്ക് തള്ളി! വിക്രം തെന്നി വീഴാൻ പോയി.

നക്ഷത്ര കണ്ണുകൾ മിഴിച്ച് ധ്രുവിനെ നോക്കിപ്പോയി!
അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ തറച്ചു കയറുകയായിരുന്നു. തന്നെ സംരക്ഷിക്കാൻ തൻറെ മുന്നിൽ ഒരു മഹാപർവ്വതം പോലെ നിൽക്കുന്ന ഈ മനുഷ്യൻ! കരിങ്കല്ല് എന്ന് താൻ കരുതിയ ആ ഹൃദയത്തിന് ഉള്ളിൽ ഇത്രയും വലിയൊരു സംരക്ഷകനുണ്ടായിരുന്നോ? അവളുടെ മനസ്സിൽ ധ്രുവിനോടുള്ള ഭയമെല്ലാം മാഞ്ഞ്, വല്ലാത്തൊരു മതിപ്പും ആദരവും നിറഞ്ഞു വന്നു.

“ഇറങ്ങിപ്പോടാ എന്റെ ഓഫീസിൽ നിന്ന്!” ധ്രുവ് അലറി.
വിക്രം തൻറെ സ്യൂട്ട് ഒതുക്കിയിട്ടു. അവൻറെ മുഖം നാണക്കേട് കൊണ്ടും ദേഷ്യം കൊണ്ടും ചുവന്നിരുന്നു.

“നിനക്കുള്ള മറുപടി ഞാൻ തരും ധ്രുവ് കാർത്തിക്! അന്ന് നീയും ഇവളും എന്റെ മുന്നിൽ മുട്ടുകുത്തും!” വിക്രം ദേഷ്യത്തോടെ തിരിഞ്ഞു നടന്ന് എലിവേറ്ററിലേക്ക് കയറിപ്പോയി.

അന്തരീക്ഷത്തിലാകെ നിശബ്ദത പടർന്നു.
ധ്രുവ് ദീർഘമായി ശ്വാസമെടുത്ത് തൻറെ കോട്ട് ശരിയാക്കി. അവൻ സാവധാനം തിരിഞ്ഞ് നക്ഷത്രയെ നോക്കി.

നക്ഷത്രയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. വിക്രമിന്റെ വാക്കുകൾ ഉണ്ടാക്കിയ ഭയവും, ധ്രുവിന്റെ സംരക്ഷണം നൽകിയ ആശ്വാസവും അവളുടെ ഉള്ളിൽ കലങ്ങിമറിഞ്ഞു.

ധ്രുവ് അവളെ നോക്കി. അവൻറെ മുഖത്തെ ഭാവം പതുക്കെ മൃദുവായി. അവളെ കാണുമ്പോഴൊക്കെ തന്റെ ഉള്ളിലാകെ ഒരു കുളിർമ പടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ അവൻ അവയെ അടക്കിവെച്ചു സ്വയം നിയന്ത്രിച്ചുകൊണ്ട് പുറമേക്ക് ഗൗരവം നടിച്ചു.

“താൻ എന്തിനാ കരയുന്നത്? അവൻ പറഞ്ഞതൊന്നും കേട്ട് പേടിക്കേണ്ട. ഇവിടെ തനിക്ക് ഒന്നും സംഭവിക്കില്ല.”

“സാ… സാർ… ഞാൻ കാരണം ആണോ ഇതൊക്കെ…?” അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“മതി. താൻ വന്ന് എന്റെ കേബിനിലെ ബാക്കി ഫയലുകൾ എടുക്കൂ.”
ധ്രുവ് തിരിഞ്ഞ് കേബിനിലേക്ക് നടന്നു. നക്ഷത്ര തൻറെ കണ്ണീർ തുടച്ച് അവനെ അനുഗമിച്ചു.

പതിനൊന്നു മുപ്പതായപ്പോഴേക്കും ഓഫീസിലേക്ക് മറ്റൊരാൾ എത്തിച്ചേർന്നു. ശിവകാമി! അവരുടെ കൂടെ അഹങ്കാരത്തോടെ തലയുയർത്തി പിടിച്ച് ആരതിയും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ ബാക്കിയായി, ആരതിയുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കാൻ വേണ്ടിയാണ് ശിവകാമി നേരിട്ട് ഓഫീസിലേക്ക് വന്നത്.

എലിവേറ്ററിന്റെ വാതിൽ തുറന്ന് ശിവകാമിയും ആരതിയും ഇരുപത്തിയെട്ടാം നിലയിലേക്ക് പ്രവേശിച്ചു.
ഡെസ്കിലിരിക്കുന്ന നക്ഷത്രയെ കണ്ടതും ശിവകാമിയുടെ പുരികങ്ങൾ ചുളിഞ്ഞു.
ഇളം നീല അനാർക്കലിയിൽ സുന്ദരിയായി ഇരിക്കുന്ന ആ നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ ശിവകാമിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

ആരതി ഇന്നലെ തന്നോട് പറഞ്ഞ കാര്യങ്ങൾ അവരുടെ മനസ്സിലേക്ക് വന്നു.
ശിവകാമി ഗർവോടെ നക്ഷത്രയുടെ ഡെസ്കിന് മുന്നിലേക്ക് നടന്നു വന്നു.
നക്ഷത്ര ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു.

” ഗുഡ് മോർണിംഗ് മേഡം… ഹൌ ക്യാൻ ഐ ഹെല്പ് യു…” നക്ഷത്ര തികഞ്ഞ മര്യാദയോടും ബഹുമാനത്തോടെയും ചോദിച്ചു. ശിവകാമി അവളെ തലമുടി മുതൽ കാൽവിരൽ വരെ അടിമുടി പുച്ഛത്തോടെ ഒന്ന് നോക്കി.

“നീയാണോ ധ്രുവിന്റെ പുതിയ പി.എ?” ശിവകാമിയുടെ ശബ്ദത്തിൽ അഹങ്കാരം നിറഞ്ഞു തുളുമ്പി.

“അ… അതെ മേഡം. ഞാൻ നക്ഷത്ര…”

“അതെനിക്കറിയേണ്ട ആവശ്യമില്ല!” ശിവകാമി അവളെ തടഞ്ഞു. “എന്തൊരു കോലമാടീ ഇത്? ഇത് കൈലാസ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസാണ്. അല്ലാതെ വല്ല നാട്ടിൻപുറത്തെ അമ്പലപ്പറമ്പല്ല! ഇങ്ങനെയൊരു നാടൻ കോലത്തിനെയാണോ ധ്രുവ് പി.എയായി വെച്ചിരിക്കുന്നത്? കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു.”

ശിവകാമിയുടെ വാക്കുകൾ കേട്ട് ആരതി അടുത്തു നിന്ന് പരിഹാസത്തോടെ ചിരിച്ചു.

“ഞാൻ ഇന്നലേ പറഞ്ഞില്ലേ ആന്റി… ഇവൾ ധ്രുവിനെ വലയിലാക്കാൻ വേണ്ടി കെട്ടിയൊരുങ്ങി വന്നേക്കുവാണെന്ന്!”

ആരതി പറഞ്ഞത് കേൾക്കെ നക്ഷത്രയുടെ നെഞ്ച് തകർന്നുപോയി. യാതൊരു തെറ്റും ചെയ്യാത്ത താൻ വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്. അവളുടെ കണ്ണുകളിൽ നീരുറവ പൊട്ടി. അവൾ തലതാഴ്ത്തി നിന്നു.

“ഇനിമേലിൽ ഇമ്മാതിരി കോലവും കെട്ടി എന്റെ മകന്റെ മുന്നിൽ നടക്കരുത്! നിന്നെപ്പോലെയുള്ള സാധാരണക്കാരെ ഒക്കെ ഏത് നിമിഷവും പുറത്താക്കാൻ എനിക്കറിയാം!” ശിവകാമി കടുപ്പത്തിൽ പറഞ്ഞു.

പെട്ടെന്നാണ് എം.ഡി കേബിനിന്റെ വാതിൽ തുറന്നത്!
ധ്രുവ് പുറത്തേക്ക് വന്നു.

അമ്മയുടെയും ആരതിയുടെയും ശബ്ദം കേട്ടാണ് അവൻ പുറത്തിറങ്ങിയത്. അവിടെ നിൽക്കുന്ന നക്ഷത്രയുടെ നിറകണ്ണുകളും, അമ്മയുടെ ദേഷ്യം നിറഞ്ഞ മുഖവും കണ്ടതും ധ്രുവിന്റെ നിയന്ത്രണം തെറ്റി.

അവൻ അതിവേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു വന്നു.

“അമ്മേ! ഇവിടെ എന്താ നടക്കുന്നത്?” ധ്രുവിന്റെ ശബ്ദത്തിൽ കനൽ എരിഞ്ഞു.

“ധ്രുവ്! നിനക്ക് ലേശം ബോധമില്ലേ ഇവളെപ്പോലൊരു നാടൻ പെണ്ണിനെയാണോ നീ കമ്പനിയിൽ എടുത്തു വെച്ചിരിക്കുന്നത്? നിന്റെ അച്ചൻ ഉണ്ടായിരുന്നപ്പോൾ എത്ര പ്രൊഫഷണൽ ആയി ആയിരുന്നു ജോലിക്കാരെല്ലാം ഡ്രസ്സ്‌ ചെയ്തിരുന്നത്. ഇവളുടെ വസ്ത്രധാരണം കണ്ടോ? എനിക്ക് ഇവളെ ഇവിടെ കാണുന്നത് തന്നെ ഇഷ്ടമല്ല. ഇവളെ ഇപ്പോൾ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിടണം!” ശിവകാമി അധികാരത്തോടെ പറഞ്ഞു.

ധ്രുവ് തൻറെ അമ്മയെ വെല്ലുവിളിക്കുന്നതുപോലെ നോക്കി. പിന്നീട് അവൻ പതുക്കെ തിരിഞ്ഞ്, കരഞ്ഞു വിറച്ചു നിൽക്കുന്ന നക്ഷത്രയെ നോക്കി.
അവളുടെ ആ നിഷ്കളങ്കമായ കുഞ്ഞു മുഖത്തെ കണ്ണീരു കണ്ടപ്പോൾ ധ്രുവിന്റെ ഹൃദയത്തിൽ വലിയൊരു വേദന തോന്നി.
അവൻ മുന്നോട്ട് വന്ന് നക്ഷത്രയുടെ വശത്ത് ചേർന്നു നിന്നു.
തൻറെ അമ്മയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ധ്രുവ് പറഞ്ഞു:

“അമ്മേ… ഇത് കൈലാസ് ഗ്രൂപ്പാണ്. ഇവിടെ ആര് ജോലി ചെയ്യണം, ആര് ഇറങ്ങിപ്പോകണം എന്ന് തീരുമാനിക്കുന്നത് ഈ കമ്പനിയുടെ സി.ഇ.ഒ ആയ ധ്രുവ് കാർത്തിക്കാണ്! അല്ലാതെ ബാക്കിയുള്ളവരല്ല!”

എന്നാൽ തന്റെ മകന്റെ വാക്ക് കേട്ട് ശിവകാമി ഞെട്ടിപ്പോയി. ഒപ്പം ആരതിയും..

“ധ്രുവ്! നീ അമ്മയോടാണോ ഈ സംസാരിക്കുന്നത്?”

“അതെ അമ്മേ! എനിക്ക് എന്റെ ജീവനക്കാരുടെ കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്, ഈ കമ്പനിയിൽ ഇന്ന വസ്ത്രം ധരിക്കണം എന്നൊന്നും ആരോടും നിർബന്ധം പിടിക്കാറില്ല, അമ്മ ഇങ്ങനെ ഇവളെ മാത്രമേ കണ്ടിട്ടുള്ളൂ? എല്ലാ റിസപ്ഷൻ ഗേൾസും ഇതുപോലെ തന്നെ ആണ് മിക്ക ദിവസവും വരാറ്.” ധ്രുവ് സാധാരണ സ്വരത്തിൽ പറഞ്ഞു.

“പിന്നെ ഇവളുടെ വസ്ത്രധാരണം… അത് തികച്ചും മാന്യവും ലളിതവുമാണ്. ജോലി ചെയ്യാൻ എന്തിനാണ് അമ്മേ വസ്ത്രങ്ങളുടെ പൊലിമ നോക്കുന്നത് കഴിവാണ് പ്രധാനം! ഇവൾ തൻറെ ജോലി നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇവളെക്കുറിച്ച് ഒരു വാക്ക് പോലും മോശമായി പറയാൻ ഞാൻ ആരെയും അനുവദിക്കില്ല! അത് അമ്മയായാലും ശരി വേറെ ആരായാലും അങ്ങനെ തന്നെ, എന്റെ സ്റ്റാഫ്‌ എല്ലാം എനിക്ക് ഒരുപോലെയാണ്!” ആരതിയെ തറപ്പിച്ച് നോക്കിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി.

ആരതിയുടെയും ശിവകാമിയുടെയും മുഖം കറുത്തു ഇരുണ്ടു.

കണ്ണീരണിഞ്ഞു നിന്ന നക്ഷത്ര അത്ഭുതത്തോടെ ധ്രുവിനെ നോക്കി.
താൻ അനുഭവിച്ച അപമാനങ്ങൾക്ക് മുന്നിൽ, സ്വന്തം അമ്മയെപ്പോലും എതിർത്തുനിന്ന് തനിക്ക് സംരക്ഷണമൊരുക്കുന്ന തൻറെ ബോസ്സ്! രാവിലെ തന്റെ വേഷത്തെ കുറിച്ച് വഴക്ക് പറഞ്ഞ ആളാണ് ഇപ്പോൾ തന്റെ പക്ഷം സംസാരിക്കുന്നത്. അവൻറെ ആ കണ്ണുകളിൽ ഇപ്പോൾ തനിക്കായുള്ള കരുതൽ അവൾ കണ്ടു.

“ധ്രുവ്! നീ ഒരു നിസ്സാര പെണ്ണിന് വേണ്ടി എന്നെയാണോ ചോദ്യം ചെയ്യുന്നത്?” ശിവകാമി ദേഷ്യത്തോടെ അലറി.

“ഞാൻ ആരെയും ചോദ്യം ചെയ്യുന്നതല്ല അമ്മേ. സത്യം പറയുന്നതാണ്. അമ്മയ്ക്ക് എന്നോട് സംസാരിക്കാൻ ഉണ്ടെങ്കിൽ എന്റെ കേബിനിലേക്ക് വരാം. അല്ലാതെ എന്റെ ജീവനക്കാരുടെ മുന്നിൽ വെച്ച് വെറുതെ രംഗങ്ങൾ സൃഷ്ടിക്കരുത്! പിന്നെ എനിക്ക് അമ്മയോട് അല്ലാതെ മറ്റൊരുത്തിയോടും സംസാരിക്കാൻ താല്പര്യം ഇല്ല, സംസാരിക്കാൻ എന്നല്ല കാണുന്നത് പോലും അറപ്പാണ്, അതുകൊണ്ട് ഇവിടുന്ന് പോകുന്നതാണ് അവർക്കൊക്കെ നല്ലത്”
ധ്രുവ് ആരതിയെ ശരിക്കും പുച്ഛത്തോടെ ഒന്നു നോക്കി.

തുടരും…

Similar Posts

Leave a Reply