അലൈപ്പായുതേ….. 7

ഭാഗം ഏഴ്

ആറരയോടെ നക്ഷത്ര തന്റെ ഹോസ്റ്റൽ മുറിയിൽ എത്തിച്ചേർന്നു.
മുറിയിലെ ചെറിയ കട്ടിലിൽ അവൾ തളർന്നു കിടന്നു. അത്രത്തോളം മാനസികമായും ശാരീരികമായും തളർന്ന ഒരു ദിവസമായിരുന്നു അത്.

തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവൾ ചിന്തിച്ചു. പാലക്കാട്ടെ വീട്ടിലെ പീഡനങ്ങളിൽ നിന്നും രക്ഷപെട്ടത് വലിയൊരു കാര്യമാണ്. എങ്കിലും പുതിയ ജോലി സ്ഥലത്തെ അന്തരീക്ഷം അവളിൽ വലിയ ഭയം സൃഷ്ടിക്കുന്നുണ്ട്.

ധ്രുവ് കാർത്തിക്…
അവൻ എത്ര ദേഷ്യക്കാരനാണ്! എങ്കിലും അവൻറെ ദേഷ്യത്തിന് പിന്നിൽ ഏതോ വലിയൊരു മാനസിക സമ്മർദ്ദമുണ്ടെന്ന് അവൾക്ക് തോന്നി. ആ അഹങ്കാരിയായ ആരതി എന്ന പെൺകുട്ടിയോട് അവൻ പെരുമാറിയ രീതി ഓർക്കുമ്പോൾ അവൾക്ക് അത് വ്യക്തമായിരുന്നു.

“എന്തൊക്കെയായാലും എനിക്ക് ആ മനുഷ്യനെ ഭയമാണ്. പക്ഷേ എന്റെ ആവശ്യങ്ങൾക്ക് ആ ജോലി എനിക്ക് ആവശ്യമാണ്. എന്റെ സ്വന്തം ചെലവുകൾ നോക്കണം. പിന്നെ എന്റെ ആ ഒരു ആഗ്രഹം നടക്കാൻ പണം സൂക്ഷിച്ചു വെക്കണം.
അവൾ പതുക്കെ എഴുന്നേറ്റ് വാഷിംറൂമിൽ പോയി കുളിച്ചുവന്നു… അപ്പോഴേക്കും അവൾക്ക് പകുതി ആശ്വാസം ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി വീണ്ടും പ്രാർത്ഥിച്ചു.

….

അതേസമയം കൈലാസ് വില്ലയിൽ വലിയൊരു യുദ്ധം നടക്കുകയായിരുന്നു.
ഓഫീസിൽ നിന്നും ദേഷ്യത്തോടെ കരഞ്ഞുകൊണ്ട് ഓടിയെത്തിയ ആരതി ശിവകാമിയുടെ മുന്നിൽ കിടന്ന് ബഹളം വെക്കുകയായിരുന്നു.

“ആന്റി! കണ്ടില്ലേ നിങ്ങളുടെ മകൻ എന്നോട് ചെയ്തത്? എന്നെ അവന്റെ ഓഫീസിൽ നിന്നും സെക്യൂരിറ്റിയെക്കൊണ്ട് ഇറക്കിവിഡീപ്പിച്ചു ! ആ പുതിയ പി.എ പെണ്ണിന്റെ മുന്നിൽ വെച്ച് എന്നെ അപമാനിച്ചു!”

ശിവകാമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. “എന്താ നീ ഈ പറയുന്നത് ആരതീ? ധ്രുവ് നിന്നോട് അങ്ങനെ ചെയ്തെന്നോ?”

“അതെ ആന്റി! അവൻ എന്നെ കെട്ടില്ല എന്ന് പറഞ്ഞു! എന്നെ അവന് അറപ്പാണത്രേ!” ആരതി വിങ്ങിപ്പൊട്ടി.
അപ്പോഴേക്കും ധ്രുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നു.

ധ്രുവ് അകത്തേക്ക് പ്രവേശിച്ചതും ശിവകാമി അവന് നേരെ നടന്നു വന്നു.
“ധ്രുവ്! എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നത്? നീ ആരതിയെ ഓഫീസിൽ നിന്നും ഇറക്കിവിട്ടെന്നോ? സെക്യൂരിറ്റിയെ വിളിച്ചെന്നോ?” ശിവകാമിയുടെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു.

ധ്രുവ് തളർച്ചയോടെ സോഫയിലേക്ക് ചാഞ്ഞു. “അമ്മേ… പ്ലീസ്. എനിക്ക് നല്ല തലവേദനയുണ്ട്. അനാവശ്യ കാര്യങ്ങൾ പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കരുത്.”

“അനാവശ്യമോ? ആരതിയെ വിവാഹം കഴിക്കുന്നത് അനാവശ്യ കാര്യമാണോ ധ്രുവ്? ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവളാണ് നിനക്ക് അനുയോജ്യയായ പെൺകുട്ടിയെന്ന്? നീ ഇപ്പൊ തന്നെ അവളോട് മാപ്പ് പറയണം!”

ധ്രുവ് പെട്ടെന്ന് എഴുന്നേറ്റു. അവന്റെ കണ്ണുകളിൽ വീണ്ടും കനൽ എരിഞ്ഞു.

“മാപ്പോ? ഈ അഹങ്കാരം കാണിക്കുന്ന പെണ്ണിനോടോ? ഞാൻ ചാകേണ്ടി വന്നാലും അത് ചെയ്യില്ല അമ്മേ!” ധ്രുവ് ഉറക്കെ പറഞ്ഞു. “അമ്മയ്ക്ക് അവളോടും അവളുടെ അമ്മ ദിവ്യയോടും ഉള്ള സ്നേഹം കൊണ്ട് കണ്ണുകാണാൻ വയ്യാതായിരിക്കുകയാണ്. അവരുടെ കണ്ണ് എന്റെ സ്വത്തിൽ മാത്രമാണ്!”

“ധ്രുവ്! നിന്റെ നാവു നിയന്ത്രിക്കുന്നതാണ് നിനക്ക് നല്ലത്!” ശിവകാമി അലറി. “അവൾ എന്റെ കൂട്ടുകാരിയുടെ മകളാണ്. ഈ കുടുംബത്തിലെ മരുമകളായി അവൾ മാത്രമേ വരൂ! ഇത് എന്റെ അവസാന വാക്കാണ്!”
ശിവകാമി ദേഷ്യത്തോടെ മുകളിലത്തെ മുറിയിലേക്ക് നടന്നുപോയി.

ആരതി അവിടെനിന്ന് ധ്രുവിനെ ഒന്നു നോക്കി തന്റെ അമ്മ ദിവ്യയുടെ അടുത്തേക്ക് നടന്നു.

ധ്രുവ് ദേഷ്യം കൊണ്ട് പല്ലിറുമ്മി. അവൻ സോഫയിലേക്ക് വീണ്ടും ഇരുന്നു. അവന്റെ തല പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി.

അപ്പോഴാണ് അവന്റെ അനിയത്തി വൈഗ പതുക്കെ അവൻറെ അടുത്തേക്ക് വന്നത്. പതിനേഴ് വയസ്സുള്ള, പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടി. തന്റെ ചേട്ടനോട് അവൾക്ക് വലിയ സ്നേഹമായിരുന്നു.

“ഏട്ടാ…” വൈഗ മൃദുവായി അവൻറെ തോളിൽ കൈവെച്ചു.
ധ്രുവ് തലയുയർത്തി അനിയത്തിയെ നോക്കി. അവന്റെ മുഖത്തെ ദേഷ്യം പതുക്കെ കുറഞ്ഞു.

“അമ്മൂട്ടി … നീ കിടന്നില്ലേ?”

“ഇല്ല ഏട്ടാ. ഏട്ടൻ കാപ്പി കുടിച്ചോ? ഞാൻ ഉണ്ടാക്കി തരട്ടെ?”

“വേണ്ട മോളേ… ഏട്ടന് വിശപ്പില്ല,” ധ്രുവ് അവളുടെ കൈകളിൽ പിടിച്ച് അടുത്തിരുത്തി.

“ഏട്ടാ… അമ്മ പറയുന്നത് കേട്ട് ഏട്ടൻ വിഷമിക്കണ്ട. എനിക്കും ആ ആരതി ചേച്ചിയെ ഒട്ടും ഇഷ്ടമല്ല. അവർ അമ്മയുടെ മുന്നിൽ ഒരു ഭാവവും പുറത്തു വേറൊരു ഭാവവുമാണ്. ഏട്ടന്റെ മനസ്സിലുള്ളതുപോലെ ചെയ്താൽ മതി,” വൈഗ അവന്റെ മനസ്സറിയുന്നവളെപ്പോലെ പറഞ്ഞു.

ധ്രുവ് അവളുടെ തലയിൽ തലോടി. “നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ മോളേ… പക്ഷേ അമ്മയ്ക്ക് അത് മനസ്സിലാകുന്നില്ല. അമ്മയെ വിഷമിപ്പിക്കാനും എനിക്ക് കഴിയില്ല.”

“ഏട്ടൻ സമാധാനമായിരിക്ക്. എല്ലാം ശരിയാകും,” വൈഗ അവനെ ആശ്വസിപ്പിച്ചു.

അനിയത്തിയുടെ വാക്കുകൾ അവന് ചെറിയൊരു ആശ്വാസം നൽകി. എങ്കിലും അവൻറെ മനസ്സ് നിറയെ പല ചിന്തകളായിരുന്നു.

അമ്മ തൻറെ തീരുമാനത്തിൽ നിന്നും പിന്മാറില്ല എന്ന് ഉറപ്പാണ്. ആരതിയെ തൻറെ തലയിൽ കെട്ടിവെക്കാൻ അമ്മ എന്ത് അതിക്രമവും കാണിക്കും. ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരേയൊരു വഴിയേയുള്ളൂ.
തനിക്ക് പ്രണയമുണ്ടെന്നും, താൻ രഹസ്യമായി വിവാഹം കഴിച്ചു എന്നും അമ്മയെ വിശ്വസിപ്പിക്കുക! ഒരു നിയമപരമായ കോൺട്രാക്ട് മാര്യേജ്!
പക്ഷേ അതിനായി താൻ ആരെ തിരഞ്ഞെടുക്കും?

ധ്രുവ് കണ്ണുകളടച്ചു. അവൻറെ മനസ്സിലേക്ക് വീണ്ടും നക്ഷത്രയുടെ ഭയപ്പാടാർന്ന, എന്നാൽ നിഷ്കളങ്കമായ ആ മുഖം കടന്നുവന്നു.
റോഡിൽ വെച്ച് കണ്ടപ്പോഴും, ഓഫീസിൽ വെച്ച് കണ്ടപ്പോഴും അവളിൽ അവൻ കണ്ട ആ നിഷ്‌ക്കളങ്കത…

‘നക്ഷത്ര…’ ധ്രുവിന്റെ മനസ്സിൽ ആ പേര് വീണ്ടും മുഴങ്ങി.
പക്ഷേ അവൻ പെട്ടെന്ന് ആ ചിന്തയെ തടഞ്ഞു.

‘ഹേയ്… അവൾ എന്റെ ജീവനക്കാരിയാണ്. ഒരു അപരിചിതയായ പെൺകുട്ടിയോട് എനിക്ക് എങ്ങനെ ഇങ്ങനെയൊരു എഗ്രിമെന്റ് മുന്നോട്ട് വെക്കാൻ കഴിയും? അവൾ അതിന് സമ്മതിക്കുമോ? ഇല്ല… അതൊന്നും നടക്കുന്ന കാര്യമല്ല.’
ധ്രുവ് സ്വയം പിറുപിറുത്തുകൊണ്ട് എഴുന്നേറ്റു.

….

രാത്രി ഏറെ വൈകിയിട്ടും അവന്റെ കണ്ണുകളിലേക്ക് ഉറക്കം വന്നില്ല. പുറത്ത് വീണ്ടും നേർത്ത മഴ പെയ്യാൻ തുടങ്ങിയിരുന്നു.
അവൻ ജനലിലൂടെ പുറത്തേക്ക് നോക്കിനിന്നു.

നാളെ എന്തൊക്കെയാണ് തനിക്കായി കാത്തിരിക്കുന്നത് എന്ന് അറിയാതെ, മനസ്സ് നിറയെ ചിന്തകളുമായി ധ്രുവ് ആ രാത്രിയിലും ഏകാന്തനായി നിന്നു…

കുറച്ചകലേ തന്നിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ആ വിധി എന്തെന്ന് അറിയാതെ അവളും ചുണ്ടിൽ ചെറു പുഞ്ചിരിയുമായി ഉറങ്ങുകയായിരുന്നു…

……

കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയുടെ ശേഷിപ്പുകൾ നഗരത്തിന്റെ ഇടവഴികളിൽ ഇനിയും ബാക്കിയുണ്ടായിരുന്നു. ലേഡീസ് ഹോസ്റ്റലിലെ ചെറിയ മുറിയുടെ ജനലിലൂടെ പ്രഭാതസൂര്യന്റെ ആദ്യ നാളങ്ങൾ അകത്തേക്ക് എത്തിനോക്കി.

കട്ടിലിൽ നിന്നെഴുന്നേറ്റ നക്ഷത്രയുടെ ശ്രദ്ധ ആദ്യം പോയത് തന്റെ വലതുകയ്യിലെ ചെറുവിരലിലെ ബാൻഡേജിലേക്കായിരുന്നു.

ധ്രുവ് കാർത്തിക്… അയാളുടെ കൈകൾക്ക് അന്നേരം വല്ലാത്തൊരു തണുപ്പായിരുന്നു. തന്റെ വിരലിൽ ആദ്യമായി അറിഞ്ഞ ആ സ്പർശനം തന്റെ ഉള്ളിൽ മറ്റെന്തോ ഒന്നിനെ ഉണർത്തിയിരുന്നോ?
ആ ഓർമ്മ ഉള്ളിലേക്ക് കടന്നുവന്നതും നക്ഷത്രയുടെ ഹൃദയമിടിപ്പ് അറിയാതെ കൂടി. അവൻറെ ദേഹത്ത് നിന്നും വമിച്ച ആ പെർഫ്യൂമിന്റെ സുഗന്ധം ഇപ്പോഴും തൻറെ മൂക്കിൽ തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

‘ശേ! ഞാൻ എന്തൊക്കെയാ ഈ ചിന്തിക്കുന്നത്?’ അവൾ പെട്ടെന്ന് തല കുടഞ്ഞു. ‘അയാൾ എന്റെ ബോസ്സാണ്. അതിലുപരി കോടിശ്വരനായ ഒരു യുവാവ്… തനിക്ക് അയാളെ സ്വപ്നം കാണാൻ പോലുമുള്ള അവകാശമില്ല…

ഇന്നലെ ഫസ്റ്റ് എയ്ഡ് തന്നത് ഒരുപക്ഷേ കൺമുന്നിൽ ചോര കണ്ടതുകൊണ്ട് മാത്രം ചെയ്തതായിരിക്കും. അല്ലങ്കിലും ആ സാഹചര്യത്തിൽ ആരായാലും അതെ ചെയ്യൂ… വെറുതെ ആവശ്യമില്ലാത്ത ഓരോ ചിന്തകൾ മനസ്സിൽ കൂട്ടി വെക്കേണ്ട നക്ഷത്ര…’
സ്വയം പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ എഴുന്നേറ്റ് കുളിക്കാനായി വാഷ്‌റൂമിലേക്ക് നടന്നു.

കുളി കഴിഞ്ഞിറങ്ങി അവൾ തൻറെ വസ്ത്രങ്ങൾ സൂക്ഷിച്ച ചെറിയ സ്യൂട്ട്കേസ് തുറന്നു. സാധാരണ ലളിതമായ സൽവാറുകൾ ധരിക്കാറുള്ള അവൾ, ഇന്ന് ഒരു പ്രത്യേക സന്തോഷത്തിൽ തന്റെ പ്രിയപ്പെട്ട ഇളം നീല നിറത്തിലുള്ള അനാർക്കലി എടുത്തു ധരിച്ചു.

വലിയ ആഡംബര ഡിസൈൻ ഒന്നുമില്ലാത്ത, എന്നാൽ അവളുടെ ശരീരവടിവിനും വെളുത്ത ചർമ്മത്തിനും ഇണങ്ങുന്ന ലളിതമായൊരു അനാർക്കലി.
തലമുടി കഴുത്തിന്റെ ഒരു വശത്തേക്ക് ഒതുക്കിയിട്ട്, കറുത്ത ചെറിയൊരു പൊട്ടും തൊട്ട്, കണ്ണുകളിൽ കൺമഷിയെഴുതി അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു. ഇളം നീല ദുപ്പട്ട തോളിലൂടെ ഭംഗിയായി ഇട്ടിട്ടുണ്ടായിരുന്നു.

കണ്ണാടിയിൽ തെളിഞ്ഞ സ്വന്തം രൂപം കണ്ട് അവൾക്കൊന്ന് പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അച്ഛന്റെയും അമ്മയും ഫോട്ടോയിൽ നോക്കി വണങ്ങി, വലിയച്ഛന് മനസ്സിൽ നന്ദി പറഞ്ഞ് അവൾ തന്റെ ചെറിയ ബാഗും എടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു.

രാവിലെ എട്ടരയോടെ തന്നെ നക്ഷത്ര ‘കൈലാസ് ഗ്രൂപ്പിന്റെ’ 28-ാം നിലയിൽ എത്തിച്ചേർന്നിരുന്നു.

തുടരും…

Similar Posts

Leave a Reply