വിഷ്ണു പറഞ്ഞ അതേ അമ്പരപ്പ് ഈ വിഷയത്തിൽ അനൂപിനും ഉണ്ടായിരുന്നു. പക്ഷേ ഈ അവസരത്തിൽ താൻ അവനെ ആശ്വസിപ്പിക്കുകയല്ലേ വേണ്ടത്..? അതുകൊണ്ടുതന്നെ അവൻ വിഷ്ണുവിന്റെ അരികിലേക്ക് ചെന്നിരുന്നുകൊണ്ട് പറഞ്ഞു.
ജോലി നഷ്ടപ്പെടുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ നീ. എത്രയോ പേർക്ക് ഗൾഫിൽ ജോലിക്ക് ഒക്കെ ഇങ്ങനെ പോയിരിക്കുന്നു. ഇതിനകത്ത് ഇത്രയ്ക്ക് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല. ഒന്ന് പോയാൽ നമ്മൾ അടുത്തത് നോക്കും
എടാ അങ്ങനെ പെട്ടെന്ന് അടുത്തത് നോക്കാൻ ഒന്നും പറ്റില്ല. നിനക്ക് അറിയാല്ലോ വീടിന്റെ ലോണർ പത്തിരുപത്തയ്യാരം രൂപ അടയ്ക്കണം.. അടുത്തമാസം കൂടിയത് അടഞ്ഞുപോകുമെന്ന് കൂട്ടിക്കോ. അത് കഴിയുമ്പോൾ 2 കൊല്ലം കൂടി ഉണ്ട് ഇനി.
ജോലിയില്ലാതെ അത് അടച്ചു തീർക്കാൻ എനിക്ക് പറ്റില്ല.
നീ വിഷമിക്കണ്ടടാ നമുക്ക് വേറൊരു ജോലി കണ്ടുപിടിക്കാം.. അല്ലാതെ ഇപ്പോ എന്ത് ചെയ്യാൻ പറ്റും. നമ്മൾ ഇതോർത്ത് ടെൻഷൻ അടിച്ചു കൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല..
അമ്മയോടെ എങ്ങനെ പറയുന്നത്..? നിസ്സഹായമായി വിഷ്ണു ചോദിച്ചു
അതിപ്പോ എങ്ങനെയെങ്കിലും അവതരിപ്പിക്കാം എനിക്ക് അതല്ല കല്യാണമോ മറ്റോ മുടങ്ങുമോ ഈ കാരണം കൊണ്ട്..
അനൂപ് പറഞ്ഞപ്പോഴാണ് അങ്ങനെയൊരു ചിന്ത വിഷ്ണുവിന് വന്നത്… ഗൾഫുകാരനാണ് എന്നതുകൊണ്ട് ആണല്ലോ കല്യാണം ഉറപ്പിച്ചത്.
ഗൾഫിലെ ജോലി നഷ്ടപ്പെട്ടു എന്നു പറഞ്ഞു ഇനി കല്യാണം മുടങ്ങുമോ എന്ന് അവനും ഒന്ന് ചിന്തിച്ചു. എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ ആ കല്യാണം മുടങ്ങട്ടെ അതൊന്നും എനിക്ക് വിഷയമല്ല.
എന്നുവച്ച് പറയാതിരിക്കാൻ പറ്റില്ലല്ലോ ഞാൻ അമ്മയോട് കാര്യം പറയാൻ പോവാ. ഒറ്റയ്ക്ക് എനിക്ക് പറ്റില്ല നീയും കൂടി ഒന്ന് എന്റെ കൂടെ വാ.. അതിനാ നിന്നെ വിളിച്ചത്. ഇപ്പോ എല്ലാരും ഉണ്ട് അളിയനും ചേച്ചിയും.. എല്ലാവരോടും കാര്യം പറഞ്ഞേക്കാം.
ഒരു നെടുവീർപ്പിട്ടുകൊണ്ട് വിഷ്ണു പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചുകൊണ്ട് അനൂപും അവന്റെ കൂടെ താഴേക്ക് നടന്നു..
ഹോളിൽ എല്ലാവരും നിശ്ചയത്തിന്റെ വിശേഷങ്ങൾ പറയുകയാണ്.
ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ വിഷ്ണുവിന് വേണ്ടി കണ്ടുപിടിച്ചതിന്റെ പ്രശംസ മുഴുവൻ വിന്ദുവിനു ആണ്
വസന്തരാമ വിന്ദുജയെ പുകഴ്ത്തി കൊണ്ടിരിക്കുകയാണ്.
അപ്പോഴാണ് മുകളിൽ നിന്നും അനൂപും വിഷ്ണുവും ഇറങ്ങിവരുന്നത് കണ്ടത്.
ആഹാ അനൂപേ നീ ഇവിടെയുണ്ടായിരുന്നു..?
വിന്ദുജ അവനെ നോക്കി ചിരിയോട് ചോദിച്ചു.
ഞാൻ ഇപ്പോൾ വന്നതാ ചേച്ചി..
അവൻ ഒരു മങ്ങിയ മുഖത്തോടെ പറഞ്ഞു. വിഷ്ണുവിന്റെ മുഖത്തും തെളിച്ചമില്ല എന്തോ പ്രശ്നമുണ്ടന്ന് എല്ലാവർക്കും തോന്നിയിരുന്നു…
എന്താടാ നീ വല്ലാതെ ഇരിക്കുന്നത് പനിയുണ്ടോ വിഷ്ണുവിന്റെ നെറ്റിയിൽ പിടിച്ചു നോക്കിക്കൊണ്ട് വിന്ദുജ ചോദിച്ചു..
കുഴപ്പമൊന്നുമില്ല ചേച്ചി അമ്മ എവിടെ? എനിക്കൊരു കാര്യം പറയാനുണ്ട്.. അവൻ അത് പറഞ്ഞപ്പോഴേക്കും അടുക്കളയിലേക്ക് നോക്കി വിന്ദുജ വിളിച്ചു…
അമ്മേ…! ദേ വിച്ചു വിളിക്കുന്നു.
അപ്പോഴേക്കും അടുക്കളയിൽ നിന്നും സൗദാമിനിയമ്മ ഇറങ്ങി വന്നിരുന്നു..
എന്താടാ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
അമ്മയോട് മാത്രമല്ല എല്ലാവരോടും കൂടി കാര്യം പറയാനുണ്ട്.. ശേഷം അനൂപിന്റെ മുഖത്തേക്ക് നോക്കി. അവൻ പറയാൻ ആണ് പറയുന്നത് എന്ന് അനൂപിനും മനസ്സിലായി .
അത് വിന്ദുചേച്ചി ഒരു സങ്കടവാർത്തയുണ്ട്..!
അനൂപ് പതിയെ വിഷയം പറഞ്ഞു തുടങ്ങി…
സന്തോഷം കൊണ്ടാടിയ മുഖങ്ങളെല്ലാം ഒരു നിമിഷം മ്ലാനതയ്ക്ക് വഴി മാറിയത് വിഷ്ണു കണ്ടു. ഒപ്പം തന്നെ അനൂപ് കാര്യം വിശദീകരിക്കുകയും ചെയ്തു.
അവിടെ അടുത്തെങ്ങാനുള്ള വേറെ കമ്പനിയിൽ ഒന്നും കൊടുക്കാൻ പറ്റില്ലേ..?
ബാലേട്ടൻ പെട്ടെന്ന് ചോദിച്ചു
അതൊന്നും പെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ല ബാലേട്ടാ. മാത്രമല്ല അവിടുന്ന് കുറച്ചു അധികം പ്രോസിജസ് ഉണ്ട് ഇത്രയും വർഷം ഞാൻ അവിടെ ജോലി ചെയ്തതല്ലേ അതിന്റെ ആനുകൂല്യങ്ങൾ ഒക്കെ കിട്ടാനും ഉണ്ട്. അയച്ചുതരും അത്.
അത്യാവശ്യം നല്ലൊരു തുക കാണില്ലേ..?
ബാലേട്ടൻ ചോദിച്ചു
അത് കാണും..!
അത് വച്ച് നിനക്ക് എന്തെങ്കിലും ബിസിനസ് ചെയ്തുകൂടെ..? ഇനി തിരിച്ചു പോകാതെ
ഉടനെ ബാലേട്ടന്റെ ചോദ്യം എത്തി.
അതൊക്കെ നടക്കുന്ന കാര്യമാണോ ബാലേട്ടാ. ഒന്നാമത്തെ കാര്യം വീടിന്റെ ലോൺ ഉണ്ട്. മുന്നോട്ട് ഒരു മാർഗം കാണാതെ ഞാൻ ബിസിനസ് ഒക്കെ ചെയ്ത് പരാജയപ്പെട്ടുപോയ പിന്നെ… അത് ശരിയാവില്ല വിഷ്ണു പറഞ്ഞു
കടമുറിയുടെ വാടകയും അത്യാവശ്യം പറമ്പിലെ ചിലവും ഉണ്ടെങ്കിൽ നിങ്ങൾക്ക് ചെലവിനുള്ളത് കിട്ടും. വിദ്യ കൂടി പോയിക്കഴിഞ്ഞാൽ നിങ്ങൾ അമ്മയും മോനും അല്ലേ ഉള്ളു.
കിട്ടണ പൈസ ബാങ്കിലിട്ട പലിശ മേടിച്ചാലും നിനക്ക് സുഖമായിട്ട് ജീവിക്കാം. പിന്നെ വീടിന്റെ ലോൺ അത് നീ തൽക്കാലം എവിടെയെങ്കിലും ജോലിക്ക് കയറിയാൽ അടഞ്ഞു പോകാവുന്നതേയുള്ളൂ. അതിന് ഇത്രയ്ക്ക് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല.
ബാലേട്ടൻ എത്ര ലളിതമായി ആണത് പറഞ്ഞതെന്ന് ആ നിമിഷം വിഷ്ണു ഓർത്തു. സത്യത്തിൽ ഇത്രയും പ്രശ്നങ്ങളെ തനിക്ക് ഉണ്ടായിരുന്നുള്ളൂ എന്നും അവൻ ഓർമ്മിച്ചു.
എങ്കിലും വിവാഹമോതിരമിട്ട അന്ന് തന്നെ ഇങ്ങനെയൊരു വാർത്ത കേൾക്കാന്ന് വച്ചാ.. ഇനി ആ പെൺകൊച്ചിന് എന്തെങ്കിലും ജാതകദോഷം ഉണ്ടോ..?
വസന്തരാമ ചോദിച്ചപ്പോൾ പെട്ടെന്ന് വിഷ്ണുവിന്റെ മുഖം ഒന്ന് ഇരുണ്ടു.
തന്റെ ജീവിതത്തിൽ ഒരു മോശം അവസ്ഥ വന്നതിന് ഒന്നുമറിയാത്ത ഒരു പെൺകുട്ടിയേ എന്തിനാണ് ക്രൂശിക്കുന്നത് എന്നാണ് അവൻ ചിന്തിച്ചത്.
കല്യാണം കഴിഞ്ഞിട്ട് പോലുമില്ല..! വിവാഹനിശ്ചയം കഴിഞ്ഞപ്പോഴേക്കും തനിക്ക് ഒരു മോശം അവസ്ഥ വന്നപ്പോൾ അത് ഏതോ ഒരുവളുടെ തലയിലേക്ക് വയ്ക്കുകയാണ്. അതിന്റെ ആവശ്യം എന്താണെന്ന് ആയിരുന്നു ആ നിമിഷം വിഷ്ണു ചിന്തിച്ചത്
♥️

by