രചന : ഗായത്രി സുരേന്ദ്രൻ
എവിടെയോ തട്ടി വീണു. ശ്രദ്ധിച്ചില്ല വീണ്ടും ഓടി. വീട്ടിലേയ്ക്ക് ആളുകളെ പകയോടെ തള്ളിമാറ്റി ഉമ്മറത്തേയ്ക്ക് കയറി.
ആദ്യം കണ്ടത് കത്തിച്ചു വച്ച നിലവിളക്കിന്റെ പ്രഭയാണ്. അതിനു മുന്നിൽ ഒരു രൂപം വെള്ളപുതച്ചു കിടക്കുന്നു. ശാന്തമായ് ചെറുപുഞ്ചിരി പാതിയിൽ നിർത്തി മടങ്ങിയതു പോലെ കിടക്കുന്ന ആ മുഖം തന്റെ അച്ഛന്റേതാണോ???ഓടിച്ചെന്നു ആ തണുത്ത ശരീരത്തിനടുത്തു പടിഞ്ഞിരുന്നു. കൈക്കുമ്പിളിൽ മുഖം എടുത്തു അതിലേയ്ക്കു തുറിച്ചു നോക്കിക്കൊണ്ട് അൽപനിമിഷം പകച്ചിരുന്നു….
ഏതോ ഒരു ഗുഹയ്ക്കുള്ളിൽ നിന്നെന്നപോലെ തൊണ്ടക്കുഴിയിൽ നിന്ന് ദയനീയമാം വിധം അത്രമേൽ നോവോടെ പിടഞ്ഞ സ്വരത്തോടെ അടക്കാനാവാത്ത വേപഥുവോടെ “അച്ഛാ……”
എന്നൊരു ദുർബലമായ ആർത്തനാദത്തോടെ അവളാ സ്പന്ദനം നിലച്ച നെഞ്ചിലേയ്ക്ക് ഊർന്നു വീണു……..കണ്ണുതുറന്നപ്പോൾ പടിഞ്ഞാറ്റയിൽ കിടക്കമേൽ ആയിരുന്നു. തലയ്ക്കു മുകളിൽ ഫാൻ കറങ്ങുന്നു. അപ്പോഴവൾക്ക് അച്ഛേടെ തലയ്ക്കടുത്തു കത്തിച്ചു വച്ച നിലവിളക്കിനെ ഓർമ്മ വന്നു…
പിടഞ്ഞെണീറ്റു പുറത്തേയ്ക്കോടാനൊരുങ്ങവേ ഏതോ കൈകൾ വന്നു തടഞ്ഞു വച്ചു.
എതിർക്കാൻ മാത്രം ശക്തി കിട്ടിയില്ല. കൈയ്യും കാലും കുഴഞ്ഞു പോകുന്നു…രാവിലെ അവിടുന്ന് കഴിച്ചതാണ് ഒരു വെള്ളം പിന്നെ കുടിച്ചിട്ടില്ല.
പുറത്തേയ്ക്കു നോക്കി. കട്ടകെട്ടിയ ഇരുട്ടാണ്…
കണ്ണുകൾക്ക് പേടിപ്പെടുത്തുന്ന ഇരുട്ട്….പാറു എന്ത്യേ….”നേർത്ത സ്വരത്തിൽ ഒന്നു ഞെരുങ്ങി അവൾ..ആരോ അതു കേട്ടു അവളെ താങ്ങി തെക്കിനിയിലേക്കു കൊണ്ടുപോയി.
അവിടെ വെറും നിലത്തു നിലവിളക്കിലെ കെടാനാളത്തിന്റെ സമീപം ശില പോലെ ഇരിക്കുന്ന കോലം കെട്ട മുടിയഴിച്ചിട്ടു ഇരിക്കുന്ന രൂപം പാറു ആണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല….കണ്ണുകളിൽ നിന്നു ഇടവിട്ടു ഉതിരുന്ന നീർക്കണങ്ങൾ മാത്രമാണ് അവളിൽ ജീവനുണ്ട് എന്നതിന്റെ അടയാളം.
അവളെ കാണാൻ വയ്യ നെഞ്ചു വിങ്ങുന്നു.ഓടി അവൾക്കടുത്തിരുന്നു അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. കൈകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ തന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ട് മിഴികളെ ലക്ഷ്യമില്ലാതെ പായിച്ചു കൊണ്ടിരുന്നു…പാറൂ അച്ഛൻ എന്ത്യേ….??”
കണ്ണീരൊതുക്കി അടഞ്ഞ ശബ്ദത്തോടെ അവളുടെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട് ചോദിച്ചു.
അൽപം സമയം അവളിൽ നിന്നു പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. പതിയെ തളർന്ന വിരൽത്തുമ്പുയർത്തി പാർവ്വതി തെക്കേപറമ്പിലേയ്ക്ക് കൈയ്യയച്ചു…..നൊടിയിൽ ജനലരികിലേയ്ക്ക് പാഞ്ഞു അഴികളിലേയ്ക്ക് മുഖമമർത്തി തൊടിയിലേയ്ക്കു നോക്കി. കുറച്ചു പുകയും ചാരവും. വിറകു കൂട്ടിയിട്ടു കത്തിത്തീർന്നതു പോലെ…..ഇതു പുകയും ചാരവും അല്ലേ അച്ഛനെങ്ങടു പോയീ??!!!!!അച്ഛനെ അല്ലേ ഞാൻ ചോദിച്ചത്????”പാറൂ അവ്ടെ അച്ഛയില്ലാ… അതെന്തോ കത്തീതാ…അച്ഛ എന്ത്യേ പാറൂ…
ന്നെ കളിപ്പിക്കല്ലേ നീയ്യ്….”പാർവ്വതിയുടെ ചുമലുകളെ കുലുക്കിക്കൊണ്ട് പരിഭ്രമം പൂണ്ടു എന്തൊക്കെയോ പറഞ്ഞു നിലത്തേയ്ക്ക് തളർന്നിരുന്നു അവൾ….
വീണ്ടും മൗനം….”ന്താ പാറൂ ന്നെ അച്ഛേ ഒന്നൂടെ കാട്ടാഞ്ഞേ…അപ്പഴേയ്ക്കും ന്നെ അകായിലു കിടത്തീട്ട് നിങ്ങളെന്താ ചെയ്തേ….”അവൾ പൊട്ടിക്കരഞ്ഞു പാർവ്വതിയുടെ മടിയിലേക്കു വീണു.
അവളുടുത്ത കോട്ടൻ സാരി സ്പന്ദനയുടെ നീർത്തുള്ളികൾ വീണു നനഞ്ഞു കുതിർന്നു….
ആ നനവ് ചൂടുവെള്ളം വീണാലെന്ന പോലെ പൊള്ളുന്ന നനവായിരുന്നു..”മയക്കാർന്നൂ നീയ്യ്…
ബോധല്യാർന്നു…മയക്കം വിട്ടു പട്ടു പുതപ്പിക്കാൻ അവസാനിയിട്ട് അച്ഛേടടുത്ത് കൊണ്ടോയതാ നെന്നെ….
അത്രടം വരെ എത്തീട്ടു അച്ഛേ കണ്ടപ്പോ നീ എങ്ങടോ ഓടാൻ നോക്കി.പിടിച്ചു വച്ചപ്പോഴത്തേയ്ക്കും വീണ്ടും വീണു….”പാർവ്വതിയുടെ കണ്ണീരിനും തേങ്ങലിനും ഇടയിൽ നിന്നും ആ വാക്കുകളും ചിതറി വീണു…
‘ആ രാത്രി ഉറങ്ങിയില്ല. അച്ഛനവിടെ പറമ്പിൽ മണ്ണിൽ അലിയുമ്പോൾ ഈ കൂരയ്ക്കുള്ളിൽ എങ്ങനെ മയങ്ങാനാകും??!!അച്ഛനൊരു വലിയ അതീജീവനത്തിന്റെ അടയാളമായിരുന്നു. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടു ആഴ്ന്നു പോയ ജീവിതത്തിന്റെ ചുഴിയിൽ നിന്നു ധൈര്യപൂർവ്വംനീന്തിക്കയറാൻശ്രമിച്ചയാൾ…ഏറെക്കുറെ അച്ഛനതു വിജയിക്കുകയും ചെയ്തു. ഒറ്റയാൾ പോരാട്ടം പോലെ ജീവിതത്തോടു പൊരുതി….
അവസാനം….പുറത്തു നിന്നു അടക്കം പറച്ചിലുകൾ കേട്ടു.പറമ്പിൽ പതിവുപോലെ വിളകൾ നോക്കാൻ പോയതായിരുന്നത്രേ…ചായ കുടിക്കാൻ വീട്ടിലേയ്ക്കു വരും വഴി ഒരു നെഞ്ചു വേദന തോന്നി…
അൽപം കാര്യമായിട്ടു ക്ഷീണം കൂടി തോന്നിയപ്പോൾ വീട്ടിലേയ്ക്കു പോരാൻ നിൽക്കാതെ ശ്രീധരൻ വല്യച്ഛനെയും പറമ്പിലെ ആളെയും കൂട്ടി ടൗണിലെ ഗവൺമെന്റ് ആശുപത്രിയിലേക്കു പോവാനിറങ്ങി…
ബസ്സു കയറി ടൗണിലെത്തിയപ്പോഴേയ്ക്ക് അച്ഛനു വീണ്ടും വിയർക്കുന്നത്രേ.അതുകൊണ്ട് രാവിലെ പ്രാതലു കഴിക്കാഞ്ഞിട്ടുള്ള പരവേശാണ് ക്ഷീണം ണ്ട് ഇത്രടം എത്തിയതല്ലേ കഴിച്ചിട്ടു ആശുപത്രിയിൽ പോകാമെന്ന് അച്ഛൻ പറഞ്ഞു പോലും…വല്ലതും കഴിക്കാമെന്ന് അച്ഛൻ വാശി പിടിച്ചത് കൊണ്ട് ഹോട്ടലിൽ കയറി അച്ഛനേറെ ഇഷ്ടപ്പെട്ട ഉഴുന്നുവടയും ചട്നിയും കഴിച്ചു.വയറു നിറഞ്ഞു സന്തോഷത്തോടെ ഹോട്ടലിൽ നിന്നു പൈസാ കൊടുത്തിറങ്ങി രണ്ടടി നടന്നപ്പോഴേയ്ക്ക് ആൾ പിന്നോക്കം മറിഞ്ഞു വീണു കഴിഞ്ഞിരുന്നു.
കൃഷ്ണമണി കളും അതോടൊപ്പം തന്നെ മേൽപ്പോട്ടേയ്ക്കു മറിഞ്ഞിരുന്നു….
കഴിഞ്ഞു….ഒരു പിടച്ചിൽ ഇല്ലാതെ വെപ്രാളം കൂട്ടാതെ വ്യഥയില്ലാതെ…….ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു സന്തോഷത്തോടെ മറ്റു ചിന്തകൾ മനസ്സിലേയ്ക്ക് ഓടിയെത്തും മുന്നേ ആ മനസ്സു ശരീരം വിട്ടകന്നു പോയത്രേ….മറഞ്ഞിരുന്നു കേട്ടപ്പോൾ ആദ്യം നെഞ്ചൊന്നു പിടിച്ചു….
തനോ പാറുവോ അടുത്തില്ലാതെ, ഒന്നും പറയാതെ, അച്ഛനൊറ്റയ്ക്കു പോയെന്നോർത്ത്… പിന്നീട് അതു തന്നെ ആണ് നല്ലതെന്നു തോന്നി. സങ്കടപ്പെട്ടു കണ്ണടയുന്നതിലും നല്ലത് ഇതാണ്…
ഒന്നും ഓർത്തെടുക്കാൻ നേരം കിട്ടിയിട്ടില്ലല്ലോ…
മനസിൽ ഇപ്പോഴും തെളിയുന്നത് അച്ഛന്റെ ചിരിച്ച മുഖമാണ്. അതങ്ങനെ ഇരുന്നോട്ടേ….അവൾക്കപ്പോൾ തലേന്നു രാത്രി അച്ഛൻ വിളിച്ചത് ഓർമ വന്നു.എന്തോ പരവേശപ്പെട്ടായിരുന്നു പതിവില്ലാതെ അന്നച്ഛൻ സംസാരിച്ചു വച്ചത്. എന്തൊക്കെയോ തന്നോട് മനപ്പൂർവ്വം അല്ലെങ്കിൽ പോലും പറഞ്ഞു ഏൽപ്പിക്ക ആയിരുന്നില്ലേ??പാറുവിനേയും തന്നേയും കുറിച്ചുള്ള ആധി പറയുമ്പോൾ പോലും താനത് കാര്യമാക്കി എടുത്തിരുന്നില്ല. ഇങ്ങോട്ടേയ്ക്കു പെട്ടന്നു വരാനും പറഞ്ഞിരുന്നുവല്ലോ….
അച്ഛനറിയാമായിരുന്നോ ഹൃദയസ്പന്ദനത്തിന്റെ അവസാന നിമിഷങ്ങളിലൂടെയുള്ള പ്രയാണമായിരുന്നു ആ രാത്രി എന്നത്??!!!!ഓരോന്നും ആലോചിച്ചു വിങ്ങി….കൈകാലുകൾ കുഴയുന്നു കണ്ണുകൾക്കു ഭാരം. കരഞ്ഞു വീർത്ത കൺപോളകൾ തുറക്കുവാൻ പ്രയാസം.രാത്രി അതിന്റെ രണ്ടാം പകുതിയുടെ ഏടുകളിൽ സഞ്ചരിക്കുന്നു…
മുറ്റത്തെ ഒഴിഞ്ഞ പന്തലിലെ കീറുകളിലൂടെ നിലാവെളിച്ചം അരിച്ചെത്തുന്നുണ്ട്….
നാളിത്ര ഏറ്റവും സുരക്ഷിതമായ ഇവിടം ഇന്ന് വല്ലാത്തഅശാന്തതയിൽമുങ്ങിയിരിക്കുകയാണ്…ഇവിടത്തെ സുരക്ഷിതത്വത്തിന്റെ താക്കോൽ കൈയ്യാളിയ ശുദ്ധനായ ആ മനുഷ്യൻ അവിടെ പുറത്തു മഞ്ഞിൽ പ്രകൃതിയോടു ചേരുകയാണ്….തലയ്ക്കു അനുഭവപ്പെട്ട ഭാരം കഠിനമായപ്പോൾ പതിയെ വേച്ചു വേച്ചു പാറുവിനടുക്കലേയ്ക്കു നടന്നു. അകത്തു വെറും നിലത്തു തളർന്നു മയങ്ങുകയാണാ പാവം….
അവൾക്കടുത്തിരുന്ന് അവളെ മുറുകെപ്പിടിച്ചു ചാരി അങ്ങനേയിരുന്നു. അനാഥത്വത്തിന്റെ ഇരുളിൽ ദൃഷ്ടിക്കു ദിശ നിർണ്ണയിക്കാനാവാതെ അവൾ വലഞ്ഞു….ഒരോ ദിവസവും യാഥാർത്ഥ്യത്തെ ഓർമ്മിപ്പിക്കുവാൻ തുടങ്ങി…പതിയെപ്പതിയെ അതിനെ ഉൾക്കൊണ്ടേ മതിയാകൂ എന്നും തോന്നി…
ആദ്യമാദ്യം സുഖവിവരം തിരക്കുവാൻ വന്നു പോയ്ക്കൊണ്ടിരുന്ന ആളുകളുടെ എണ്ണം നേർത്തു നേർത്തു വന്നു.അല്ലെങ്കിലും ഇവിടെ സ്വന്തബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ…ശ്രീധരൻ വല്യച്ഛൻ മാത്രം ഇടയ്ക്കു വന്നു പോകും. അച്ഛനോടുള്ള സ്നേഹം ഇത്തിരി എങ്കിലും ഉണ്ടായിരുന്നതു വല്യച്ഛനായിരുന്നു എന്നറിയാം. അതിന്റെ കടമ ആ സാധു തന്നാലാവും വിധം നിർവ്വഹിക്കുന്നു.വല്യച്ഛനു സ്വന്തമെന്നു പറയാൻ ആരും ഇല്ല. കിടപ്പാടം പോലും സ്വന്തമായില്ല. ക്ഷേത്രങ്ങളിൽ ദർശനം ചെയ്തു ഓരോരോ ദിക്കുകളിലേയ്ക്ക് യാത്രയാണ് പ്രധാനം.
പാറു ആകെ ഉലഞ്ഞു പോയിരുന്നു. ആരുടെയെങ്കിലും കൈത്താങ്ങില്ലാതെ ആ മനസ്സിനു നേരെയാകാൻ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു സ്വന്തം ദുഃഖം ഉള്ളിലൊതുക്കി പുറമേ ധൈര്യവതിയായി അഭിനയിച്ചു….വീടാകെ കോലം കെട്ടു പോയിരുന്നു. എന്തു ചെയ്യണം എവിടെ നിന്ന് തുടങ്ങണം എന്നു ഒരു എത്തും പിടിയും ഇല്ലായിരുന്നു. ആകെ അടിച്ചുതുടച്ചു ഉണങ്ങിക്കരിയാറായ ചെടികൾക്കു വെള്ളമൊഴിച്ചു നന്ദയേയും നന്ദിനിയേയും അഴിച്ചു വയലിൽ കെട്ടി.
വരും വഴി അച്ഛന്റെ കൃഷിയിടത്തിൽ പോയി. കുഴിച്ചുണ്ടാക്കിയ ചെറിയ കുളത്തിൽ നിന്നു അവിടെ ഉണ്ടായിരുന്ന കമുകിൻ പാളയിൽ വെള്ളം തേവി എല്ലാടവും നനച്ചെടുത്തു. വിളകൾ പരിശോധിച്ചു.
തിരികെ പോകുന്നതിനു മുൻപേ കവലവരെ പോയി.
അച്ഛനോടൊപ്പം കൃഷി നടത്തുന്ന ആളെ കണ്ടു അച്ഛനെ സ്ഥലം കൂടെ നോക്കി നടത്താൻ തൽക്കാലം ഏൽപ്പിച്ചു.
എല്ലാം ഒന്നു ഒതുങ്ങിക്കഴിഞ്ഞിട്ടു കൃഷിയുടെ കാര്യവും തീർപ്പാക്കണം.വീട്ടിൽ ചെന്നിട്ടു പ്രാതൽ ഉണ്ടാക്കി. അന്നു കഴിഞ്ഞതിൽ പിന്നെ പാറു എപ്പോഴും തനിച്ചു എവിടെയെങ്കിലും ഇരിപ്പാണ്.കൺവെട്ടത്തു തന്നെ കണ്ടാൽ ഒപ്പം പിടിച്ചിരുത്തി മുറുകെപ്പിടിച്ചു കൊണ്ടേയിരിക്കും.
അവൾക്കു താനും അവളെ വിട്ടു പോകുമോ എന്ന് ഭയമാണ്.പക്ഷേ കുറേയൊക്കെ പറഞ്ഞു പറഞ്ഞു മാറ്റിയെടുത്തു. താനും സങ്കടക്കടലിൽ ആണ്ടു പോയാൽ പിന്നെ എന്താണ് എന്ന് അറിയില്ല.
താങ്ങാൻ ഒരു കൈ ഇല്ല എന്നു ബോധ്യം ഉള്ളതു കൊണ്ട് സ്വയം പോരുതി പിടിച്ചു നിൽക്കുന്നു.
എങ്കിലും ഇടയ്ക്കു നെഞ്ചം വിങ്ങി ഏതെങ്കിലും ഒരു കോണിൽ പോയി ഏങ്ങലടിച്ചു കരയും.
അടക്കിപ്പിടിച്ചു വയ്ക്കുന്ന കണ്ണീരൊഴുക്കിക്കളഞ്ഞാൽ തന്നെ അത്രമേൽ ആശ്വാസം ആണ്.കൈത്താങ്ങു പോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിയോടെ ഓർക്കുമ്പോൾ ഒരു പുഞ്ചിരിയിൽ വശ്യത ഒതുക്കിയ ഒരു മുഖം തെളിഞ്ഞു വരും….
നഷ്ടബോധത്തോടെ അതു മായ്ച്ചും കളയും…
ഇത്രനാളായിട്ടും എന്തേ ആ ഓർമ്മകൾക്കു മാത്രം മങ്ങലില്ലാഞ്ഞത്???മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാൻ നേരം ഉണ്ടായിരുന്നില്ല. പതിയെ പാറു പഴയ പടി ആയില്ലെങ്കിൽ പോലും ഏറെക്കുറെ ഭേദമായി.
അവൾ തന്നെയാണ് പരീക്ഷയുടെ സ്റ്റഡി ലീവ് കഴിയാറായി എന്നും പറഞ്ഞ് തിരിച്ചു ഹോസ്റ്റലിൽ പോയി പരീക്ഷ ഭംഗിയായി എഴുതുവാൻ നിർബന്ധം പിടിച്ചത്.
സത്യത്തിൽ ആ കാര്യം മറന്നു പോയിരുന്നു. പക്ഷേ അവളത് ഓർമ്മിപ്പിച്ചു. അവളും സ്വയം മാറുവാൻ തയ്യാറായി. അവളുടെ അമ്മയായി താനും തന്റെ അമ്മയായി അവളും….സ്പന്ദന പറഞ്ഞതു അനുസരിച്ച് പാർവ്വതി വീണ്ടും ബാങ്കിൽ പോയിത്തുടങ്ങി.വീട്ടിൽ ഇരുന്നാൽ മനസ്സിന് ഇരുൾ പരക്കുകയേ ഉള്ളൂവെന്ന് തോന്നി. പഴയപടി അല്ലെങ്കിൽ പോലും തീരാനഷ്ടത്തിന്റെ കരയിൽ നിന്നും വീണ്ടും പറക്കുവാൻ ആ രണ്ടു പെൺകുട്ടികൾ ശ്രമിച്ചു തുടങ്ങി….സ്പന്ദന പരീക്ഷ എഴുതുവാൻ പോയി. ഒറ്റയ്ക്കു തന്നെ പോയ്ക്കോളാമെന്ന് തീരുമാനിച്ചു. കുറേയൊക്കെ അവൾ ഹൃദിസ്ഥമാക്കിയതിനാൽ ഭയം തോന്നിയില്ല. അച്ഛനെ മനസ്സിൽ നിറച്ചു ആത്മവിശ്വാസം പകർന്നു.
ഒരാഴ്ചയ്ക്കകം പരീക്ഷ കഴിഞ്ഞു അന്നു വൈകീട്ടു തന്നെ നാട്ടിലേയ്ക്കു വണ്ടി കയറി. താമസിച്ചു കൂടാ പാറു ഒറ്റയ്ക്കാണ്…ഇനി പരീക്ഷാ ഫലം കിട്ടിക്കഴിഞ്ഞാൽ കുന്നത്തെ സ്കൂളിൽ പോയി അവിടെ ചേരാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യണം. അച്ഛൻ പറഞ്ഞു ഏൽപ്പിച്ചതാണത്.പോകെപ്പോകെ ഒരു ആത്മധൈര്യം വന്നു തുടങ്ങി. എടുത്തില്ലെങ്കിൽ പോലും ദൂരയെങ്ങോ നിന്നു കൊണ്ട് അച്ഛൻ എല്ലാം കാണുന്നുണ്ടെന്ന് തോന്നി. ആ അനുഗ്രഹം അനുനിമിഷം ചൊരിയും പോലെ….അവിടെ ആ കുഞ്ഞു കൂട്ടിൽ തള്ളപ്പക്ഷിയുടെ ചൂടിൽ നിന്നും വേർപെട്ടു പോയ രണ്ടു പക്ഷിക്കുഞ്ഞുങ്ങൾ ചിറകടിച്ചു പറക്കുവാൻ ശ്രമിക്കയാണ്…ഉയരെയുള്ള നീലാകാശത്തിന്റെ അനന്തതയിലേക്കു സ്വച്ഛന്ദം വിഹരിക്കുവാനായി……
……….തുടരും…………….
(ഇത്തിരി ലെങ്ത് കുറവാണ് ക്ഷമിക്കൂ ട്ടോ)
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by