19/04/2026

നിൻ നിഴൽ വീഥിയിൽ : ഭാഗം 05

രചന – കാർത്തിക ശ്രീ

തനിക്ക് എന്താണ് സംഭവിക്കുന്നത്??
ഇത്ര മാത്രം ആ മുഖം തന്നെ മനസ്സിൽ എന്തിനാ ഇങ്ങനെ പതിയുന്നേ???
ഇടക്ക് കോളേജിൽ കാണുന്ന ബന്ധം മാത്രമല്ലെ ഉള്ളൂ??
അധികം സംസാരിച്ചിട്ട് പോലും ഇല്ല…
ആലോചിച്ചു വട്ടു പിടിക്കുമെന്നായപ്പോൾ അമ്മയോട് പറഞ്ഞു അമ്പലത്തിലേക്ക് ഇറങ്ങി… അഖിക്ക് വരാൻ കഴിയാത്തതുകൊണ്ട് ഒറ്റക്കാണ് പോയത്… ശ്രീകോവിലിന്റെ മുന്നിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ മനസ് ശാന്തമാകുന്നത് ഞാൻ അറിഞ്ഞു… എങ്കിലും എന്താണ് കണ്ണാ ഇങ്ങനൊക്കെ??? ആദ്യമായാണ് ഇങ്ങനൊരു അനുഭവം… എന്നെ നീ കാത്തോളണേ….

വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോഴാണ് റാം ബൈക്കുമായി നിൽക്കുന്നത് കണ്ടത്..

“നീ എന്താ ഇവിടെ.. അതും ഈ സമയത്ത്???”

“അമ്മാവന്റെ വീട് ദാ ആ കാണുന്നതാണ്.. അവിടേക്ക് വന്നതാ..അപ്പോഴാണ് നിന്നെ കണ്ടത്.. എന്ന ഒന്ന് മിണ്ടിട്ട് പോകാം എന്ന് വിചാരിച്ചു. ”

അതിന് വാമി ഒരു ചിരി നൽകി…

” അല്ല പതിവില്ലാത്ത അമ്പലത്തിൽ പോക്കാണല്ലോ.. അതും അഖി ഇല്ലാതെ?? നിന്റെ സ്വഭാവം അനുസരിച്ചു വിശേഷ ദിവസങ്ങൾ മാത്രമല്ലെ നീ വരാറുള്ളൂ??? ”

തന്നെ ഇത്ര ദിവസം കൊണ്ട് ഇത്രയൊക്കെ റാം മനസിലാക്കിയോ?? വാമിക്ക് അത്ഭുതം തോന്നി… എന്താ താൻ ഇവനോട് പറയേണ്ടത്???

ഒന്നും പറയതുകൊണ്ട് തന്നെ അവനു മനസിലായി വാമിയുടെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടെന്ന്…

“ഡി.. നീ എന്താ സ്വപ്നം കാണുകയാണോ???”

അവൻ തട്ടി വിളിച്ചപ്പോൾ ആണ് അവൾ ഞെട്ടിയത്…

“നീ എന്താ ചോദിച്ചേ??? ഞാൻ കേട്ടില്ല ”

ഇപ്പോൾ വാമിയോട് ഒന്നും ചോദിക്കുന്നത് ശരിയല്ല.. അവൾക്ക് തുറന്നു പറയാൻ തോന്നുമ്പോൾ മനസ്സ് തുറക്കട്ടെ എന്ന് റാമിന് തോന്നി…

“ഒന്നും ഇല്ല.. സന്ധ്യയായി.. നീ പോകൻ നോക്ക്.. ഞാൻ വരണോ വീട് വരെ???”

” വേണ്ടഡാ.. നടന്നോളാം.. അത്രേ ഉള്ളൂ… ”

“ശരി.. എന്ന നാളെ കാണാം ”

“ശരി ”

വാമി നടന്നു പോകുന്നത് നോക്കിയ ശേഷം എന്തോ ആലോചനയോടെ റാം ബൈക്ക് എടുത്ത് പോയി…

🍁🍁🍁🍁🍁🍁🍁

വീട്ടിൽ എത്തിയ വാമി അമ്മയുടെ കൂടെ അടുക്കളയിൽ സഹായിച്ചും ടി വി കണ്ടും സമയം കളഞ്ഞു… ഒന്നിലും അവൾക്ക് മനസ്സുറക്കുന്നുണ്ടായിരുന്നില്ല..
അച്ഛൻ വരുമ്പോൾ അവൾക്ക് ഇഷ്ടമുള്ള പഴംപൊരി രാമേട്ടന്റെ കടയിൽ നിന്നും വാങ്ങാറുണ്ട്.. അതും കഴിച്ചു റൂമിലേക്ക് നടക്കുമ്പോൾ ആണ് ഏട്ടന്റെ ഫോൺകോൾ വാമിക്ക് വരുന്നത്..

📞”ഹലോ ഏട്ടാ..”

📞”എന്താ എന്റെ വാവക്ക് ഒരു സങ്കടം പോലെ???”

📞” ഒന്നും ഇല്ല ഏട്ടാ.. ഏട്ടന് തോന്നിയതായിരിക്കും ”

📞” മ്മ്…കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ??? ”

📞”ഹേയ്.. ഇല്ല… ഏട്ടൻ എപ്പോഴാ നാട്ടിലേക്ക് വരുന്നേ??” വിഷയം മാറ്റാൻ എന്ന പോലെ വാമി ചോദിച്ചു..

📞” ഓണത്തിന് വരാട്ടോ.. എനിക്ക് കുറച്ചു ജോലി ചെയ്യാനുണ്ട്.. എന്ന നീ കിടന്നോ നാളെ വിളിക്കാം ”

📞”ശരിയേട്ടാ.. ഗുഡ്‌നൈറ്റ് ”

ഫോൺ മാറ്റി വെച്ചിട്ട് അവൾ ഉറങ്ങാൻ കിടക്കുമ്പോഴും ആ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു.. ഇതൊന്നും ശരിയല്ല… ആരോ ഒരാൾ അയാൾ കോളേജിലെ സീനിയർ മാത്രമാണ് തനിക്ക്.. അത് മതി… വെറുതെ ആലോചിച്ചു സമയം കളയല്ലേ വാമി.. നിനക്ക് ഒരു ലക്ഷ്യം ഉണ്ട്.. അത് നേടാൻ നോക്ക്.. മനസ്‌ സ്വയം മന്ത്രിച്ചു..

🍁🍁🍁🍁🍁🍁🍁🍁🍁

മനസിലുള്ള ചിന്തകളെ മാറ്റി നിർത്തി വാമി പഴയതുപോലെ അഖിയെ കൂട്ടി കോളേജിലേക്ക് ഇറങ്ങി..

” ഞാൻ ഇന്നലെ അമ്പലത്തിൽ പോയപ്പോൾ റാമിനെ കണ്ടിരുന്നു അഖി ”

“അവൻ എങ്ങനെ ഇവിടെ??”

“ഡി.. അമ്പലത്തിന്റെ പുറകിലെ റോഡ് ഇല്ലേ.. അതിൽ ആദ്യം കാണുന്ന വീട് അവന്റെ അമ്മാവന്റെ ആണ് ”

“ഓഹ്.. ഭാസ്കരേട്ടന്റെ വീട്… അവന്റെ അമ്മാവനാണോ അത്… കൊള്ളാം.. ഇടക്ക് ഈ നാട്ടിൽ അവനെ പ്രതീക്ഷിക്കാം എന്നർത്ഥം

“അതേ.. നീ വാ ബസ് വരുന്നുണ്ട്.”

ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ ഇന്നലെ മനസ്സിൽ വന്ന ചിന്തകൾ ഒന്നും തന്നിലേക്ക് ഇനി കടന്നു വരല്ലേ എന്നായിരുന്നു അവളുടെ പ്രാർത്ഥന.. വാമി നേരെ അഖിയോട് പറഞ്ഞു ലൈബ്രറിയിലേക്കാണ് പോയത്..

“അഖി… വാമിയെവിടെ??”

” അവൾ ലൈബ്രറിയിൽ പോയിട്ടുണ്ട്… എനിക്ക് പിന്നെ അവിടെ അലർജി ആയതുകൊണ്ട് നേരെ ഇങ്ങോട്ട് വന്നു.. എന്താടാ??? ”

“നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്…ഞാൻ ഇന്നലെ വൈകുന്നേരം നിന്റെ നാട്ടിലേക്ക് വന്നിരുന്നു..”

” വാമി പറഞ്ഞു… നിന്നെ അമ്പലത്തിന്റെ അവിടെ കണ്ടിരുന്നെന്നു… നിനക്കെന്താ പറയാനുള്ളത്??? ”

പിന്നീട് റാം പറഞ്ഞത് കേട്ടപ്പോൾ അഖിക്ക് ചിരിയാണ് വന്നത്…

” ഇതൊക്കെ നിന്റെ തോന്നലാണ് റാം… വാമിക്ക് അങ്ങനൊന്നും ഇല്ല..”

“നമുക്ക് നോക്കാം… ഞാൻ പറഞ്ഞതിൽ സത്യം ഉണ്ടോ എന്ന്..”

“എന്താടാ രണ്ടുപേരും തമ്മിലൊരു രഹസ്യം പറയൽ ??”

“ഒന്നുമില്ല പവി.. റാമിന് ഒരു സംശയം ഞാൻ തീർത്തുകൊടുത്തതാണ്..”

“മ്മ്..വാമി എവിടെ???”

“അവൾ ലൈബ്രറിയിൽ പോയിട്ടുണ്ട് ”

🍁🍁🍁🍁🍁🍁🍁🍁

വാമി ലൈബ്രറിയിൽ പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോൾ അർജുൻ ദേവുമായി എന്തോ സംസാരിച്ചു നിൽക്കുന്നതാണ് കണ്ടത്… അവരുടെ അടുത്തെത്തിയപ്പോൾ രണ്ടുപേർക്കും ഒരു ചിരി നൽകികൊണ്ട് മുന്നോട്ട് നടന്ന വാമിയെ അർജുൻ വിളിച്ചു…

“വാമിക… ഈ പേപ്പർ ഒന്ന് റാമിന് കൊടുക്കണം…ഞാൻ തന്നതാണെന്ന് പറഞ്ഞാൽ മതി.. വൈകുന്നേരം ക്ലബ്ബിന്റെ മീറ്റിംഗിന് ഞാൻ ഉണ്ടാകില്ല എന്ന് കൂടി പറയണം അവനോട്..”

പേപ്പർ വാങ്ങി തലയാട്ടി അവൾ നടന്നപ്പോൾ ഒന്ന് മിണ്ടിട്ട് പോടി എന്ന് ദേവ് വിളിച്ചു പറയുന്നുണ്ടായിരുന്നു… ക്ലാസ്സിലെത്തി പേപ്പർ റാമിന് കൊടുത്തു കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും മിസ്സ്‌ വന്നിരുന്നു…

🍁🍁🍁🍁🍁🍁🍁

ദിവസങ്ങൾ കടന്നു പോകുമ്പോൾ അർജുൻ എന്ന വ്യക്തി വാമിയുടെ ഉള്ളിൽ കൂടുതൽ പതിയുകയായിരുന്നു… ആളെ കാണുമ്പോൾ അവളുടെ നെഞ്ചിടിപ്പ് അവൾ പോലും അറിയാതെ ഉയരും… ചുറ്റുമുള്ളതൊക്കെ മറന്നു പോകുന്നതുപോലെ അവൾക്ക് തോന്നും.. ഒരു ദിവസം കണ്ടില്ലെങ്കിൽ അവൾ ആകെ മൂഡോഫ് ആയിരിക്കും… കാരണം മാത്രം അവൾക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല…അല്ലെങ്കിൽ അവൾ അത് മനസിലാക്കാൻ ശ്രമിച്ചില്ല എന്നതാവും ശരി..

ഒരു ദിവസം രാത്രി ഉറക്കത്തിൽ നിന്നവൾ ഞെട്ടി ഉണർന്നു.. ഫാനിന്റെ കാറ്റിലും അവൾ വിയർത്തു കുളിച്ചിരുന്നു.. ജെഗിൽ ഉള്ള വെള്ളം കുടിക്കുമ്പോഴും അവൾ നേരത്തെ കണ്ട സ്വപ്നത്തിന്റെ അർത്ഥം തേടുകയായിരുന്നു… മനസ് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് തന്നെ സമയം നോക്കാതെ അവൾ അഖിയെ വിളിച്ചു…രണ്ടാമത്തെ വിളിയിൽ അവൾ ഫോൺ എടുത്തു…

“ഹലോ…”

“അഖി..” ചെറിയ ഒരു കരച്ചിലോടെ വാമി വിളിച്ചു..

പാതിഉറക്കത്തിൽ ഉണ്ടായ അഖി ഞെട്ടി സമയം നോക്കി.. രണ്ടു മണി… കൂടാതെ വാമിയുടെ കരച്ചിലും അവളുടെ ഉറക്കം എവിടെയോ പോയി..

“വാമി എന്താടാ.. എന്തുപറ്റി??? എന്തിനാ നീ കരയുന്നെ??? ”

“എനിക്ക്… ഞാൻ… ഒരു… സ്വപ്നം.. കണ്ടു… ”

“ഒരു സ്വപ്നം അല്ലെ.. അതിന് നീ എന്തിനാ കരയുന്നെ???”

“അഖി.. നീ ഇങ്ങോട്ട് വരുമോ???”

കരഞ്ഞുകൊണ്ട് വിളിച്ചിട്ട് രാത്രി അവിടേക്ക് പോകണം എന്ന് പറയണം എങ്കിൽ സംഭവം കുറച്ചു സീരിയസ് ആണെന്ന് അഖിക്ക് മനസിലായി…

” ഞാൻ ഇപ്പോൾ വരാം.. അമ്മയോട് പറയട്ടെ… ”

അപ്പോഴാണ് ഓർമ്മവന്നത് സമയം രാത്രി ആണെന്നത് … ഇപ്പോൾ അഖി ഇങ്ങോട്ട് വന്നാൽ എല്ലാരും പേടിക്കും.. ഒരു ദീർഘ ശ്വാസം എടുത്തു വാമി

“വേണ്ട അഖി.. നാളെ രാവിലെ വാ.. ഞാൻ ഓക്കേ ആണ്… പെട്ടെന്ന് എനിക്ക് ഒരു പേടി തോന്നി അതാ നിന്നെ വിളിച്ചേ”

“നീ ഓക്കേ ആണോ?? അല്ലെങ്കിൽ ഞാൻ വരാം.. പത്തു മിനിറ്റ് ”

“വേണ്ട.. നാളെ അമ്പലത്തിൽ പോകാം രാവിലെ.. കോളേജ് ഇല്ലല്ലോ.. നീ കിടന്നോ ”

“ആ.. അല്ല ശരിക്കും നീ ഓക്കേ ആണോ?? എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ.. ഞാൻ വരാം..”

“ഓക്കേ ആണ്.. രാവിലെ കാണാം.. ”

ഉറങ്ങാൻ ശ്രമിക്കുമ്പോഴും നേരത്തെ കണ്ട സ്വപ്നം വാമിക്ക് ഒരു പേടി തന്നെ ആയിരുന്നു.

🍁🍁🍁🍁🍁🍁🍁

കാത്തിരിക്കാം…