19/04/2026

ആദിദേവം : ഭാഗം 10

രചന – സുകന്യ മുരുകൻ

ആദി അവളെ നോക്കി. സീറ്റിലേക്ക് മയങ്ങി കിടക്കുകയാണ്. ഒന്നു രണ്ടു മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നു. ചുണ്ടിനു മേലെ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. അവൻ A. C ഓൺ ചെയ്തു. തണുത്ത കാറ്റേറ്റ് മുടിയിഴകൾ ചെറുതായി പറന്നു. പെണ്ണ് ആകെ ഒന്നു ഉലഞ്ഞിട്ടുണ്ട്….കുറച്ചു കൂടി സുന്ദരി ആയപോലെ അവനു തോന്നി. കുപ്പിയിൽ നിന്ന് വെള്ളം എടുത്തു മുഖത്ത് തളിച്ചു. ദേവുന്റെ മുഖം ചെറുതായി ഒന്നു ചുളിഞ്ഞു. കണ്ണു തുറന്നു നോട്ടം ചെന്നെത്തിയത് ആദിയുടെ മുഖത്താണ്. സകൂതം നോക്കുന്നു. അവൾ പെട്ടന്ന് എഴുന്നേറ്റിരുന്നു. ചുറ്റും നോക്കി. കാറിലാണ് ഇരിക്കുന്നതെന്ന് മനസ്സിലായി..

ഒരുൾകിടിലെത്തോടെ അവനെ നോക്കി .എന്താ സംഭവിച്ചത് ഓർത്തെടുക്കാൻ നോക്കി. താൻ എങ്ങനെ കാറിനുള്ളിൽ വന്നു. തന്റെ മുഖത്തിന്‌ നേരെ വന്ന അവന്റെ മുഖം ഓർത്തതും ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി. അവനെ നോക്കി. അവൻ അവളുടെ ചലനങ്ങൾ ഓരോന്നും ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ടിരുന്നു. പെട്ടന്ന് അവൾ തിരിഞ്ഞ് ഡോർ ഓപ്പൺ ചെയ്യാൻ ശ്രമിച്ചു. അത് ലോക്ക് ചെയ്തിരിക്കുന്നു. നിസ്സഹായത്തോടെ അവനെ നോക്കി. ചുണ്ടിൽ ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി ഇരിക്കുന്നു. ദേവൂന്റെ കണ്ണുകൾ അവന്റെ കണ്ണുമായി ഇടഞ്ഞു. അവൻ ഇമ ചിമ്മാതെ തന്നെ നോക്കുന്നു.. അവളിൽ വീണ്ടും ഭയം ഇരച്ചു കയറാൻ തുടങ്ങി. എന്താ ഇയാളുടെ ഉദ്ദേശം. പുറത്തേക്ക് നോക്കി. ഇരുട്ട് വീണു തുടങ്ങിട്ടുണ്ട്.

ഈ സമയം അച്ഛനും വല്യച്ഛനും തന്നെ തിരക്കി വന്നാൽ, ഇങ്ങനെ കണ്ടാൽ….. അവളിലെ ഭയം ഇരട്ടിച്ചു. അവനെ നോക്കി. ഒരു മാറ്റവും ഇല്ല. ചെറു ചിരിയോടെ നോക്കുന്നു. അവൾ തല താഴ്ത്തി പതിയെ പറഞ്ഞു.. “എനിക്ക് പോണം” ശബ്ദം ചിലമ്പിച്ചിരുന്നു,കരച്ചിലിന്റെ വക്കിലാണെന്ന് അവനു തോന്നി. അവനും നൊന്തു. ഒന്നു കാണണം കുറച്ചു സമയം അടുത്ത് നിൽക്കണം. അത്രേ കരുതി ഉള്ളു. പക്ഷെ മനസ്സ് നിറഞ്ഞു സ്നേഹിച്ചവളെ അടുത്ത് കണ്ടപ്പോൾ മനസ്സ് കൈവിട്ടു പോയി. ഒരു നിമിഷം കൂടി അവളെ നോക്കി എന്നിട്ട് ഡോർ അൺലോക്ക്ചെയ്തു.അവൾ കണ്ണു നിറച്ചു അവനെ നോക്കി. ആ നോട്ടത്തിൽ താൻ ഉരുകുന്നത് പോലെ അവനു തോന്നി.

പതിയെ ഡോർ തുറന്നു അവൾ ഇരുട്ടിലേക്കിറങ്ങി ഡോർ അടഞ്ഞു. അവനും പെട്ടന്ന് ഡോർ തുറന്നു പുറത്തിറങ്ങി. അവളുടെ കാലുകൾക്ക് ബലക്ഷയം സംഭവിച്ച പോലെ ഇടറി നടന്നു. കുറച്ചു ദൂരം അവളുടെ പിന്നാലെ നടന്നു. ഇല്ലത്തെ വെളിച്ചം വന്നു അവളെ മൂടും വരെ അവൻ നോക്കി നിന്നു. ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. തല ഒന്നു വെട്ടിക്കുക പോലും ചെയ്യാതെ അവൾ അകത്തേക്ക് കയറിപോയി… രാത്രി.. ദേവു ബെഡിൽ കമഴ്ന്നു കിടന്നു പൊട്ടികരയുകയുകയായിരുന്നു. കണ്ണീർ വീണു തലയണ നനഞ്ഞു കുതിരാൻ തുടങ്ങി.ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായ പൊത്തി പിടിച്ചു. വൈകിട്ട് നടന്ന സംഭവങ്ങൾ ഓർക്കും തോറും ദേഹം വീണ്ടും വിറക്കാൻ തുടങ്ങി.

എങ്ങനെ ദൈര്യം വന്നു തന്നെ പിടിച്ച്…. ഓർക്കും തോറും ദേഷ്യവും സങ്കടവും കരച്ചിലും ഒരുമിച്ചു വന്നു. ആദി ആരോഗ്യത്തോടെ തിരിച്ചു വരണമെന്ന് അവൾ ആത്മർഥമായി പ്രാർത്ഥിച്ചിരുന്നു, വഴിപാട് നേർന്നിരുന്നു. അച്ഛൻ കൂട്ടി കൊണ്ട് വന്ന മുതൽ ആഗ്രഹിക്കുന്നുണ്ടായിരുന്നു ആളെ പൂർണ്ണ ആരോഗ്യത്തോടെ കാണാൻ.ഈശ്വരൻ പ്രാർത്ഥന കേട്ട പോലെ തൊട്ടു മുൻപിൽ കൊണ്ട് വന്നു….. പക്ഷെ അതിന് ശേഷം നടന്നത്… ഓർമ വരുമ്പോൾ… ദേവു തലയണയിലേക്ക് മുഖം അമർത്തി അടക്കി പിടിച്ചു കരഞ്ഞു….കണ്ണടയുംമ്പോൾ അയാളുടെ കുസൃതി നിറഞ്ഞ മുഖം താഴ്ന്നു വരുന്നു… അവൾ പേടിയോടെ മുഖം ഇരു കൈ കൊണ്ടും പൊത്തി പിടിച്ചു .

കാറിൽ കയറി ഡോർ വലിച്ചടച്ചു ആദി. അവൻ ചെയ്ത പ്രവർത്തി ഓർക്കും തോറുംദേഷ്യം ഇരട്ടിച്ചു..മുഖം വലിഞ്ഞു മുറുകി.. കൈ ചുരുട്ടി സ്റ്റിയറിങ്ങിൽ ഇടിച്ചു.ദേവൂനോട് ചെയ്ത പ്രവർത്തി അതിരു കടന്നു പോയി. ചെയ്യാൻ പാടില്ലാത്തത്..ഇങ്ങനൊക്കെ പെരുമാറാണമെന്ന് സ്വപ്നേ വിചാരിച്ചില്ല. ഒരു നിമിഷം മനസ്സ് പിടിവിട്ടു പോയി. കണ്ണു നിറഞ്ഞ ദേവൂന്റെ മുഖം ഓർക്കുമ്പോൾ, ആ പിടച്ചിൽ …അതു മനസ്സിനെ കൊത്തി വലിക്കുന്നു … അൽപ നേരം കണ്ണടച്ചു സീറ്റിലേക്ക് ചാരി കിടന്നു… വീണ്ടും കൊലുസിന്റെ കിലുക്കവും മിഴി നിറഞ്ഞ നോട്ടവും ചെമ്പകപ്പൂ മണവും ചിന്തയിൽ വന്നു നിറഞ്ഞു….മനസ്സ് ഒന്ന് ശാന്തമായി ശ്വാസം വലിച്ചു വിട്ടു …. ഒന്നൂടി പുറത്തേക്ക് നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു.

ദേവു പോയ വഴിയേ നോട്ടം പായ്ച്ചു സ്റ്റിയറിങ്ങിൽ കൈകൾ അമർത്തി ചെറുതായി ഉരുവിട്ടു …… എന്ത് വന്നാലും ദേവു നിന്നെ ഞാൻ ആർക്കും കൊടുക്കില്ല, നീ എന്റേതാണ് എന്റെ മാത്രം… ദിവസങ്ങൾ കടന്നു പോയി ആദി മദ്യം പൂർണമായും ഒഴിവാക്കി.ജോലിയിൽ ശ്രദ്ധിച്ചു..നാരായണേട്ടനെ കാണുമ്പോൾ സ്നേഹത്തോടെ സംസാരിക്കും.. ജീവിതത്തിൽ ഒരു കൃത്യനിഷ്ഠ കൈ വന്നു.. ആദിയിലെ മാറ്റം ചുറ്റുമുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മുൻപ് അവനെ കാണുമ്പോൾ മുഖം തിരിച്ചു പോയവർ ഇപ്പോൾ ഒരു പുഞ്ചിരി സമ്മാനിക്കുന്നു. അതു കാണുമ്പോൾ അവൻ ഇതിനെല്ലാം കാരണമായവൾ ഇവിടെ ഇല്ലല്ലോ എന്ന് വേദനയോടെ ഓർക്കും ഓഫീസിൽ നിന്നു വന്നു.കാർ പാർക്കിങ്ങിൽ വെച്ച് നാരായണേട്ടനെ കണ്ടു.

മുഖം നിറയെ പുഞ്ചിരിയുമായി ആ വൃദ്ധൻ അടുത്തേക്ക് വന്നു. “സർ അറിഞ്ഞോ ദേവു കുഞ്ഞു വന്നിട്ടുണ്ട്” കാതിനുള്ളിൽ ഒരു കുഞ്ഞു മഞ്ഞു തുള്ളി വന്നു വീണപോലെയാണവനു തോന്നിയത്. കേൾക്കാൻ കാത്തിരുന്ന വാക്കുകൾ. അവൻ ഡോർ തുറന്നു ചാടി ഇറങ്ങി ഫ്ലാറ്റിനുള്ളിലേക്ക് കുതിച്ചു. അവൻ ഓടി പോവുന്നത് നോക്കി അയാൾ വാ പൊളിച്ചു നിന്നു. ലിഫ്റ്റ് ഇറങ്ങി ഓടി വന്നു ദേവൂന്റെ ഫ്ലാറ്റിന്റെ ബെൽ അടിച്ചു. അവന്റെ നെഞ്ച് പട പടന്നു മിടിക്കുന്നുണ്ടാരുന്നു.2 മിനിറ്റ് കാത്തു നിന്നു. ഡോർ പതിയെ തുറന്നു ആദി അകത്തേക്ക് നോക്കി. ആരും ഉണ്ടായിരുന്നില്ല. അവൻ അകത്തു കടന്നു. ഡോറിന് പിന്നിൽ ദേവു നിൽക്കുന്നുണ്ടായിരുന്നു. അവന്റെ മിഴികൾ അവളുടെ മിഴികളുമായി കൊരുത്തു.അതിൽ ഭയം നിറഞ്ഞു നിന്നു. ഉള്ളിലേക്ക് കടന്നു അവൻ ഡോർ ചേർത്ത് അടച്ചു ലോക്കിട്ടു. കാവിൽ വെച്ച് നടന്ന സംഭവങ്ങൾ അവളുടെ തലച്ചോറിലൂടെ ഒരു മിന്നൽപിണർ പോലെ കടന്നു പോയി. അതിന്റെ തനിയാവർത്തനം സംഭവിക്കാൻ പോണ പോലെ മുൻപിൽ ചെറു പുഞ്ചിരിയോടെ അവൻ നിൽക്കുന്നു…തുടരും…