ഇച്ചായന്റെപെണ്ണ്…. 7
ഭാഗം ഏഴ് 🤍
“അച്ഛാ… എനിക്ക്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഡോക്ടറാകും… എനിക്ക് പഠിക്കാൻ പറ്റും!”
“തീർച്ചയായും മോളേ, നിന്റെ ആഗ്രഹംപോലെ നീ പഠിച്ച് വലിയൊരു ഡോക്ടറാകും. നീ പോയി ഈ സന്തോഷവിവരം ആൻസിയമ്മയോട് പറ. അവൾ എത്രനാളായി നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.” അച്ചൻ ക്ലാരയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു.
“ഉവ്വ് അച്ഛാ… ഞാൻ ഇപ്പോൾ തന്നെ പോയി ആൻസിയമ്മയോട് പറയാം!”
കണ്ണീർ തുടച്ച്, മുഖത്ത് വിരിഞ്ഞ മനോഹരമായ പുഞ്ചിരിയോടെ ക്ലാര അവിടെനിന്നും അനാഥാലയത്തിന്റെ കെട്ടിടത്തിലേക്ക് ഓടിപ്പോയി. അവളുടെ പാദസരങ്ങളുടെ കിലുക്കം ആ ഇടനാഴിയിൽ സന്തോഷത്തിന്റെ താളമായി മുഴങ്ങി.
ക്ലാര അകലേക്ക് ഓടിമറയുന്നത് അച്ചനും എൽസമ്മ സിസ്റ്ററും നോക്കിനിന്നു. അവൾ പൂർണ്ണമായും കണ്ണിൽ നിന്ന് മറഞ്ഞതും, ജോർജ് അച്ചന്റെ മുഖത്തെ ചിരി സാവധാനം മങ്ങി. പകരം അല്പം ഗൗരവവും ആശയക്കുഴപ്പവും ആ മുഖത്ത് പടർന്നു.
എൽസമ്മ സിസ്റ്റർ അത് ശ്രദ്ധിച്ചു.
“എന്താ അച്ഛോ… വലിയൊരു നല്ല കാര്യം നടന്നിട്ടും അച്ഛന്റെ മുഖത്ത് എന്തോ ഒരു ഭാരം പോലെ?” എൽസമ്മ സിസ്റ്ററുടെ മനസ്സിൽ ആതി കയറി.
അച്ചൻ ചുറ്റും നോക്കി. ആരും അടുത്തില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അച്ചൻ സിസ്റ്ററോട് പറഞ്ഞു:
“എൽസമ്മേ… വർഗീസ് ക്ലാരയുടെ പഠനച്ചെലവ് മാത്രമല്ല ഏറ്റെടുക്കാൻ തയ്യാറായത്.” തന്റെ കണ്ണട ഒന്നുകൂടെ കയറ്റിവെച്ചുകൊണ്ട് അച്ചൻ പറഞ്ഞു.
“പിന്നെന്താ അച്ഛാ? എന്തേലും പ്രശ്നമുണ്ടോ?”
” അത് വർഗീസ്… ക്ലാരയെ തൻ്റെ വീട്ടിലെ മരുമകളാക്കാൻ ആഗ്രഹിക്കുന്നു! തൻ്റെ മകൻ മാർക്കോയ്ക്ക് ക്ലാരയെ വിവാഹം കഴിച്ചുകൊടുക്കണം എന്ന് അയാൾ എന്നോട് ആവശ്യപ്പെട്ടു.”
“ഈശോയെ അച്ചൻ എന്നാ ഒക്കെയാ ഈ പറയുന്നേ? നമ്മുടെ ക്ലാരമോൾ കുഞ്ഞല്ലേ… അവക്ക് പഠിക്കണ്ടേ” എൽസമ്മ സിസ്റ്റർ ഞെട്ടലോടെ കൈകൾ നെഞ്ചോട് ചേർത്തു…
” അതും മാർക്കോയ്ക്കോ? തേവർമറ്റത്തിൽ വർഗീസ് സാറിന്റെ മകൻ മാർക്കോയ്ക്കോ? അച്ഛാ… അയാൾക്ക് തലയ്ക്ക് വല്ല ഭ്രാന്തും പിടിച്ചതാണോ? ആ വലിയ വീട്ടുകാർ എന്തിനാണ് നമ്മുടെ ക്ലാരയെപ്പോലൊരു അനാഥ പെൺകുട്ടിയെ തങ്ങളുടെ വീട്ടിന്റെ മരുമകളാക്കുന്നത്? അതൊക്കെ നടക്കുന്ന കാര്യമാണോ!”
എൽസമ്മ സിസ്റ്ററുടെ ശബ്ദത്തിൽ അത്ഭുതം കലർന്നൊരു ഭയമായിരുന്നു.
“എനിക്കും ആദ്യം കേട്ടപ്പോൾ അതൊരു അത്ഭുതമായാണ് തോന്നിയത് എൽസമ്മേ,” അച്ചൻ നെടുവീർപ്പോടെ പറഞ്ഞു. “മാർക്കോയുടെ സ്വഭാവം നമുക്ക് അറിയാവുന്നതല്ലേ? നാട്ടുകാർക്കൊക്കെ പേടിയും ബഹുമാനവുമുള്ള, അസ്സൽ കോട്ടയം അച്ചായൻ! വലിയ ബിസിനസ്സുകാരൻ, മാത്രമല്ല അവരാണെങ്കിൽ വലിപ്പച്ചെറുപ്പം നോക്കുന്ന കുടുംബം. എന്നിട്ടും വർഗീസ് സാർ ഈ ആലോചന കൊണ്ടുവന്നതിന് ഒരൊറ്റ കാരണമേയുള്ളൂ.”
“അത് എന്നതാ അച്ചോ?” സിസ്റ്ററുടെ പുരികം ചുളിഞ്ഞു.
“വർഗീസ് സാർ കാണുന്നത് ക്ലാരയുടെ ഐശ്വര്യവും നന്മയുമാണ്. പണക്കാരനായ മകന്റെ അഹങ്കാരവും ഗർവും മാറ്റാൻ, ദൈവഭയമുള്ള ഇങ്ങനെയൊരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് വരണമെന്ന് അയാൾ ആഗ്രഹിക്കുന്നു. ധനികരായ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾ വന്നാൽ പണത്തോടുള്ള അഹങ്കാരവും തറവാട്ടു മഹിമയും കാണിക്കും. എന്നാൽ അനാഥാലയത്തിൽ വളർന്ന ക്ലാരയ്ക്ക് ആ അഹങ്കാരമൊന്നും ഉണ്ടാകില്ല. കുടുംബത്തെ സ്നേഹത്തോടെ കൊണ്ടുപോകാൻ അവൾക്ക് കഴിയുമെന്ന് അയാൾ വിശ്വസിക്കുന്നു.”
എൽസമ്മ സിസ്റ്റർ കുറച്ചുനേരം ആലോചനയിൽ മുഴുകി. “പക്ഷേ അച്ഛാ… ക്ലാര പാവമാണ്. ആ കൊച്ചിന് ഈ ലോകത്തെക്കുറിച്ചോ ആളുകളുടെ കുതന്ത്രങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. ഇത്രയും വലിയൊരു കുടുംബത്തിലേക്ക് അവൾ ചെന്നുകയറിയാൽ… അവിടെയുള്ളവർ അവളെ അനാഥയെന്ന് പറഞ്ഞ് മാറ്റിനിർത്തിയാൽ ആ കുഞ്ഞിന്റെ മനസ്സ് തകരില്ലേ? നമുക്ക് അവളെ അങ്ങനെ അങ്ങോട്ടേക്ക് പറഞ്ഞയക്കാൻ ആവുമോ അച്ചോ?മാർക്കോ അവളെ സ്വീകരിക്കുമോ? എനിക്ക് തോന്നുന്നില്ല അവൻ ആഗ്രഹിക്കുന്നത് ക്ലാരമോളെ പോലൊരാളെ ആയിരിക്കുമെന്ന്”
“അതാണ് എന്റെയും പേടി എൽസമ്മേ,” അച്ചൻ ഗൗരവത്തോടെ പറഞ്ഞു. “പക്ഷേ വർഗീസ് സാർ ഉറപ്പിച്ചു പറയുകയാണ്. തൻ്റെ വീട്ടിൽ തൻ്റെ വാക്കാണ് അവസാന വാക്കെന്ന്. തൽക്കാലം നമ്മൾ ഇത് ക്ലാരയോട് പറയേണ്ടതില്ല. പഠനത്തിന്റെ കാര്യം മാത്രം അവൾ അറിയട്ടെ. ബാക്കിയൊക്കെ ദൈവത്തിന്റെ കൈകളിൽ വിടാം. ദൈവം നിശ്ചയിച്ച വഴിയാണെങ്കിൽ അത് നടക്കും. അവള് ഇത്രയൊക്കെ ആഗ്രഹിച്ചിട്ട് അവസാനം കിട്ടിയത് തട്ടി കളയണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ വർഗീസിനോട് എതിർ പറയാത്തത്, അവളോട് ചോദിച്ചിട്ട് ഇപ്പോൾ ഒരു തീരുമാനം എടുക്കാൻ ആണ് അയാൾ പറഞ്ഞത്.”
” അമ്മേ മാതാവേ, എന്റെ കുഞ്ഞ് ഒന്ന് സന്തോഷിച്ച് വന്നതായിരുന്നു. ഇനിയും അതിന്റെ ഉള്ളിൽ കനൽ കോരി ഇടല്ലേ. നീ അവൾക്കായ് കാത്തുവെച്ചത് കഷ്ട്ടതകൾ നിറഞ്ഞ വഴി ആയിരിക്കരുതേ, ഒരുപാട് സഹനങ്ങൾ അനുഭവിച്ചവളാണ് ക്ലാരമോൾ ഇനിയും വേദനകൾ അവൾക്കായി നീ നൽകരുതേ, ആമേൻ ” എൽസമ്മ സിസ്റ്റർ മാതാവിന്റെ രൂപത്തിലേക്ക് നോക്കി മനസ്സിൽ പ്രാർത്ഥിച്ചു. അതുതന്നെ ആയിരുന്നു ജോർജ് അച്ചന്റെ ഉള്ളിലും.
അതേസമയം… കോട്ടയം നഗരത്തിലെ ആഡംബര പൂർണ്ണമായ ഒരു ക്ലബ്ബിന്റെ സ്വകാര്യ മുറിയിൽ കനത്ത പുക പടർന്നുപിടിച്ചിട്ടുണ്ടായിരുന്നു.
മുറിയുടെ മധ്യത്തിലുള്ള വലിയ വിഐപി മേശപ്പുറത്ത് വിസ്കിയുടെ കുപ്പികളും ഗ്ലാസ്സുകളും ചിതറിക്കിടക്കുന്നു. കറുത്ത ലതർ സോഫയിൽ, കയ്യിൽ പുകയുന്ന സിഗരറ്റുമായി അയാൾ ഇരിക്കുന്നുണ്ടായിരുന്നു… ക്രിസ്റ്റോ!
മാർക്കോയുടെ പരമപ്രധാനിയായ ശത്രു. മൂർച്ചയുള്ള കണ്ണുകളും ക്രൂരമായ ചിരിയുമുള്ള മുപ്പത്തിരണ്ടുകാരൻ.
ബിസിനസ്സിലും അധോലോക ഇടപാടുകളിലും മാർക്കോയുടെ വളർച്ചയിൽ അസൂയ പൂണ്ട്, അവനെ തകർക്കാൻ തക്കം പാർത്തിരിക്കുന്നവൻ.
ക്രിസ്റ്റോയുടെ കണ്ണുകളിൽ കനൽ എരിയുന്നുണ്ടായിരുന്നു.
അവന്റെ മനസ്സിൽ സ്വന്തം അനിയത്തി സ്റ്റെല്ലയുടെ രൂപം മാത്രമായിരുന്നു തെളിഞ്ഞുനിന്നത്.
കോളേജിൽ പഠിക്കുന്ന കാലത്ത് മാർക്കോയെ സ്നേഹിച്ചതിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്ന തന്റെ അനിയത്തി! മാർക്കോ തൻ്റെ അനിയത്തിയെ പ്രണയം നടിച്ച് വഞ്ചിച്ചെന്നും, അവന്റെ ചതി സഹിക്കാനാവാതെയാണ് അവൾ ആത്മഹത്യ ചെയ്തതെന്നുമാണ് ക്രിസ്റ്റോ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്.
സത്യത്തിൽ, മാർക്കോ അവളുടെ പ്രണയം നിരസിച്ചപ്പോൾ ഉണ്ടായ മാനസിക വിഷമത്തിലാണ് അവൾ സ്വയം ജീവനൊടുക്കിയത് എന്ന് മാർക്കോയ്ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.
പക്ഷേ ക്രിസ്റ്റോയുടെ ഉള്ളിൽ മാർക്കോയോടുള്ള പകയുടെ അഗ്നി നാളങ്ങൾ അടങ്ങിയിരുന്നില്ല. തൻ്റെ അനിയത്തിയുടെ മരണത്തിന് മാർക്കോയോട് പകരം വീട്ടണം… അവനെ തെരുവിൽ യാചകനാക്കണം… അതാണ് ക്രിസ്റ്റോയുടെ ലക്ഷ്യം.
സോഫയിലിരുന്ന ക്രിസ്റ്റോ തൻ്റെ മുന്നിൽ നിൽക്കുന്ന മൂന്ന് കൂട്ടാളികളെ നോക്കി.
“ക്രിസ്റ്റോച്ചായാ…” കൂട്ടത്തിൽ പ്രായം കൂടിയ റോക്കി മുന്നോട്ട് വന്നു. “നമ്മൾ വിചാരിച്ചതുപോലെ കാര്യങ്ങൾ എളുപ്പമല്ല. കോതമംഗലത്തെ പുതിയ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ടെൻഡർ മാർക്കോ കൈക്കലാക്കി. നമ്മൾ കൊടുത്ത തുകയേക്കാൾ പത്ത് ശതമാനം കുറഞ്ഞ തുകയ്ക്കാണ് അവൻ കമ്പനിയുമായി കരാർ ഒപ്പിട്ടത്. നമ്മുടെ വലിയൊരു ബിസിനസ്സ് ഡീലാണ് അവനായിട്ട് തട്ടിയെടുത്തത്!”
അത് കേട്ടതും ക്രിസ്റ്റോ തൻ്റെ കയ്യിലിരുന്ന ഗ്ലാസ്സ് മേശപ്പുറത്തേക്ക് ശക്തിയായി അടിച്ചു. ഗ്ലാസ്സ് തകർന്ന് വോഡ്ക്ക മേശയിലാകെ പടർന്നു.
“ഡാ ചവറുകളെ!” ക്രിസ്റ്റോ അലറി. “നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ലേ? അവന്റെ ടെൻഡർ തടയാൻ നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ? ഓരോ ദിവസവും അവൻ ബിസിനസ്സിൽ വളരുകയാ… പാലായിലും കോട്ടയത്തും അവന് എതിരില്ലാതെ ആകുകയാ! ഇങ്ങനെ പോയാൽ ക്രിസ്റ്റോ എന്നൊരുത്തൻ ഈ നാട്ടിൽ ഉള്ളത് പോലും ആളുകൾ മറക്കും! അവന്റെ നിഴലിന്റെ കീഴിൽ ജീവിക്കുന്നതിനേക്കാൾ ചത്തു തുലയുന്നതാ ഭേദം” അവന്റെ ഞരമ്പുകൾ വരിഞ്ഞു മുറുകി. മാർക്കൊയുടെ മുന്നിൽ തോൽക്കുന്നത് അവന് ചിന്തിക്കാൻ കൂടെ കഴിയില്ലായിരുന്നു.
“ക്രിസ്റ്റോച്ചാ… മാർക്കോ വെറും സാധാരണ അച്ചായനല്ല” മറ്റൊരുത്തൻ ഭയത്തോടെ പറഞ്ഞു. “അവന്റെ കൂടെ വമ്പന്മാരായ ആളുകളുണ്ട്. രാഷ്ട്രീയക്കാരും പൊലീസുമൊക്കെ അവന്റെ കയ്യിലാണ്. നേരിട്ടൊരു ആക്രമണത്തിന് മുതിർന്നാൽ നമ്മൾ ചാകും. തല്ലിത്തോൽപ്പിക്കാൻ അവന്റെ അത്രയും കരുത്ത് നമുക്കില്ല. പിന്നെ അവന്റെ കുടുംബ രക്തം, അത് എത്രത്തോളം കരുത്തുറ്റത് ആണെന്ന് അറിയാലോ”
ക്രിസ്റ്റോ സാവധാനം എഴുന്നേറ്റു. അവൻ തൻ്റെ മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അരികിലേക്ക് വലിച്ചു.
“തല്ലിത്തോൽപ്പിക്കാൻ അവനൊരു ഗുണ്ടയല്ലെടാ… അവൻ ബിസിനസ്സുകാരനാണ്! അവനെ തളർത്തേണ്ടത് അടിയും പിടിയും കൊണ്ടല്ല… അവന്റെ സാമ്രാജ്യത്തിന്റെ തറക്കല്ല് ഇളക്കിക്കൊണ്ടാണ്! ഇനി തല്ലാൻ ആണെങ്കിലും കൊല്ലാൻ ആണെങ്കിലും ഈ ക്രിസ്റ്റോയ്ക്ക് നിന്നെപ്പോലെ കുറേ ചാവാലിപട്ടികൾ ഉണ്ടെടാ, വെറുതെ കുറച്ചു എല്ലും ഇറച്ചിയും ഇട്ട് കൊടുത്താൽ മതി, ചൂണ്ടിക്കാണിക്കുന്നവനെ പോയി കടിച്ച് കീറിക്കൊണ്ട് വരും അവറ്റകൾ” ക്രിസ്റ്റോയുടെ ശബ്ദം പൈശാചികമായിരുന്നു. ചുറ്റും കൂടി നിന്നവരെല്ലാം അവന്റെ വാക്കുകൾ ഏൽപ്പിച്ച അപമാനത്താൽ തല താഴ്ത്തി..
അവൻ കോളറിലെ പിടിവിട്ട്, തന്റെ വസ്ത്രങ്ങൾ ശരിയാക്കി.
“എന്റെ അനിയത്തി സ്റ്റെല്ലയുടെ ചോരയ്ക്ക് ഞാൻ അവനോട് കണക്ക് ചോദിക്കും. അത് അവന് താങ്ങാൻ പോലും കഴിയില്ല, മാർക്കോ നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു. എന്നിലെ അന്ധകാരം നിന്നെ വന്ന് അപ്പാടെ വിഴുങ്ങുന്ന ദിവസങ്ങൾ ഇനി വിദൂരമല്ല. നിന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നീ എന്നെയോർത്ത് ഭയപ്പെടും. അന്ന് നീ എന്റെ കാൽ കീഴിലെ മണ്ണ് നക്കേണ്ടിവരും. എന്തോ വലിയ സംഭവമാണെന്ന നിന്റെ ഈ അഹങ്കാരം ഞാൻ നിഷ്കരുണം നിലത്തുചവിട്ടി മെതിച്ചൊടുക്കും. ”
അവന്റെ വാക്കുകൾ കേട്ട് റോക്കി ക്രിസ്റ്റോയുടെ അടുത്തേക്ക് നീങ്ങിനിന്നു. “അച്ചായന് എന്തെങ്കിലും പദ്ധതി മനസ്സിലുണ്ടോ?”
ക്രിസ്റ്റോയുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു.
“മാർക്കോ ഇപ്പോൾ കോച്ചിയിൽ ആരംഭിക്കാൻ പോകുന്ന ‘സെൻട്രൽ മാൾ’ വിചാരിച്ച് നടക്കുകയാ. നൂറുകോടിയുടെ പ്രൊജക്റ്റാണ് അത്! അതിനായുള്ള പ്രധാന സാമ്പത്തിക സഹായം നൽകുന്നത് ഗ്ലോബൽ ഫിനാൻസ് ബാങ്കാണ്. അടുത്ത ആഴ്ച ബാങ്കിന്റെ ബോർഡ് മീറ്റിംഗ് കൊച്ചിയിൽ നടക്കും. ആ മീറ്റിംഗിൽ വെച്ച് മാർക്കോയുടെ കമ്പനിക്ക് തുക കൈമാറാനുള്ള അന്തിമ അനുമതി കൊടുക്കും.”
ക്രിസ്റ്റോ മേശപ്പുറത്തിരുന്ന ഒരു ഫയൽ എടുത്ത് അവർക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തു.
“ഇതാണ് നമ്മുടെ അവസരം! മാർക്കോയുടെ കമ്പനി സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നുണ്ടെന്നും, വിദേശത്ത് നിന്ന് വരുന്നത് കള്ളപ്പണമാണെന്നും കാണിച്ച് വ്യാജമായി നിർമ്മിച്ച രേഖകൾ ആ ബാങ്കിന്റെ ഡയറക്ടർമാർക്ക് നമ്മൾ എത്തിക്കും. അത് മാത്രമല്ല… അവന്റെ വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന വലിയ ബിസിനസ്സ് സാധനങ്ങളിൽ ചില നിരോധിത വസ്തുക്കൾ നമ്മൾ കൊണ്ടുപോയി വെക്കും!”
റോക്കിയുടെ കണ്ണുകളിൽ അത്ഭുതം തെളിഞ്ഞു. “എന്നിട്ട്?”
“എന്നിട്ട്… സിബിഐയ്ക്കും ഇൻകം ടാക്സിനും നമ്മൾ രഹസ്യവിവരം കൊടുക്കും! ഒരൊറ്റ ദിവസം കൊണ്ട് മാർക്കോയുടെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യപ്പെടും. ബാങ്ക് അവന്റെ നൂറുകോടിയുടെ വായ്പ റദ്ദാക്കും! വിപണിയിൽ അവൻ കെട്ടിയുയർത്തിയ പേരും പ്രശസ്തിയും ഒരൊറ്റ നിമിഷം കൊണ്ട് നിലംപരിശാകും!”
ക്രിസ്റ്റോ സിഗരറ്റിന്റെ പുക ആകാശത്തേക്ക് ഊതി വിട്ടു.
“ബിസിനസ്സിൽ തകർന്നാൽ… ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചാൽ… മാർക്കോ അല്ല അവന്റെ തന്ത വർഗീസ് വരെ തനിയെ മുട്ടുകുത്തും! അവൻ നാണംകെട്ട് തകർന്നടിയുന്നത് എനിക്ക് കാണണം. സ്വന്തം അപ്പന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന മാർക്കോയെ എനിക്ക് കാണണം! തേവന്മാർ തങ്ങളുടെ ചോരയെ ഓർത്ത് വിലപിക്കും, തന്റെ പരമ്പരയിലെ മുടിയനായ പുത്രനായി മാർക്കോ മുദ്ര കുത്തപ്പെടുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കാണും, അതാണ് അവന്റെ പതനത്തിന്റെ ആദ്യ അധ്യായം”
“ഇത് ഗംഭീര പ്ലാനാണ് ക്രിസ്റ്റോച്ചാ!” റോക്കി ആവേശത്തോടെ പറഞ്ഞു. “പക്ഷേ അവൻ സംശയിച്ചാൽ അത് നമ്മളിലേക്ക് എത്തില്ലേ?”
തുടരും….🤍



