The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുണിമ രാമകൃഷ്ണൻ
പെങ്ങൾ ❤
“ഡാ… രാഹുലെ… നീ എന്താ ഇവിടെ വന്നിരിക്കുന്നെ??” പുറകിൽ നിന്നും ശബ്ദം ഉയർന്നപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്..
“ഏയ്… ഒന്നുല്ല അമ്മാവാ…” നിറഞ്ഞു വന്ന കണ്ണുകൾ അമ്മാവൻ കാണാതെ മറച്ചുവച്ചു കൊണ്ട് പറഞ്ഞു.
“അവിടെ ആൾക്കാരൊക്കെ പെണ്ണിന്റെ ആങ്ങളയെ അന്വേഷിക്കുന്നുണ്ട്…. നീ ഒന്ന് വേഗം അങ്ങട് വന്നേക്ക്ട്ടോ…” അമ്മാവൻ വിറക്പുരയുടെ ഷെഡ്ഢിൽ നിന്നും വീടിനു പുറകിലേക്ക് നടന്നു നീങ്ങി. പുറകെ ഞാനും മെല്ലെ നടന്നു.
“നാളെ എന്റെ പെങ്ങളുടെ കല്യാണം ആണ്. എന്റെ കരം പിടിച്ചു നടന്നവളെ ഞാൻ വേറൊരാളുടെ കരങ്ങളിലേക്ക് എൽപ്പിക്കുന്ന ദിവസം….
ആറ് മാസം മുന്നേ നല്ലൊരു ആലോചന വന്നപ്പോൾ, അത് ഏതായാലും നടത്താമെന്ന് രണ്ട് കുടുംബങ്ങളും തീരുമാനിച്ചു…. പെങ്ങളുടെ കല്യാണം നല്ലരീതിയിൽ നടത്തണം എന്ന സ്വപ്നത്തിൽ പിന്നീട് അങ്ങോട്ട് അതിനുള്ള ഒരുക്കങ്ങൾ ആയിരുന്നു. പക്ഷെ…. ദിവസങ്ങൾ ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല….അവളുടെ കളിയും ചിരിയും നിറഞ്ഞ വീട് നാളെയോടെ മൂകമാകും എന്നോർത്തപ്പോൾ…….
വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു.”
എന്റെ മുന്നിലെ ഓരോ മണിക്കൂറുകളും ഓരോ സെക്കന്റുകൾ പോലെ കൊഴിഞ്ഞു പോയി. വൈകുന്നേരം ആവുമ്പോഴേക്കും കുടുംബാഗംങ്ങൾ ഒട്ടുമിക്ക പേരും വീട്ടിൽ എത്തി ചേർന്നു. പാട്ടും ബഹളങ്ങളും സന്തോഷങ്ങളും കളിചിരികളുമായി പാർട്ടി തകർത്തു.
ആ തിരക്കിനിടയിലും അവൾ എന്റെ മുഖം ഇടയ്ക്കിടെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ചേട്ടാ… എന്നും വിളിച്ച് അടുത്ത് വരുമ്പോഴേല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് ഞാൻ അവളിൽ നിന്നും അകന്നുനടന്നു . എന്റെ മുഖത്തെ വിഷമം കണ്ടതിനാലാകാം… വീണ്ടും വീണ്ടും അവൾ എന്റെ അടുക്കലേക്ക് വന്നുകൊണ്ടേയിരുന്നു.
രാത്രി 12 ആവുമ്പോഴേക്കും ഒരു വിധം ബഹളങ്ങൾ ഒതുങ്ങിയിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ നേരെ കലവറയിലെ കാര്യങ്ങൾ നോക്കാൻ പോയിരുന്നു.
ഒരു നിമിഷം പോലും വിശ്രമിക്കാതെ കലവറയിൽ കാവലിരുന്നു.
അപ്പോഴും മനസ്സിൽ എന്തോ ഒരു ഭാരം ഉള്ളതുപോലെ തോന്നി. നാളെ ഒരു ദിവസം കൊണ്ട് എന്റെ കൂടപ്പിറപ്പ് ഇവിടത്തെ വെറും അതിഥിയായി മാറും എന്നോർത്തപ്പോൾ ചെറിയൊരു നീർച്ചാൽ എന്റെ കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ടു.
പിറ്റേന്ന് പുലർച്ചെ തന്നെ ബന്ധുക്കളെല്ലാം ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാവിലത്തെ അമ്പലത്തിൽ പോക്കും ഫോട്ടോ എടുപ്പും എല്ലാം പെട്ടെന്ന് തന്നെ തീർന്നു. ചെക്കന്റെ വീട്ടുകാർ വന്നതും പെണ്ണിനെ ഒരുക്കാൻ തുടങ്ങിയിരുന്നു.
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…. താലിക്കെട്ടും സദ്യയും എല്ലാം കഴിഞ്ഞ് ഐഷുവും ചെക്കനും ഇറങ്ങാൻ നേരമായപ്പോഴേക്കും അവിടെ നിന്ന് എങ്ങനെയെങ്കിലും മാറിനിൽക്കാം എന്ന ചിന്തയിൽ ഞാൻ പുറകിലോട്ട് നടന്നു. പുറകിലേക്ക് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും പുറകിൽ നിന്നും വയറിലൂടെ ഒരു കൈ മുറുക്കെപുണർന്നു.
“ഐഷു…..” ഞാൻ മെല്ലെ തിരിഞ്ഞു നിന്നു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുകയായിരുന്നു.
ചുറ്റും കൂടി നിന്ന ബന്ധുക്കളിൽ നിന്നും എന്റെ വിഷമം മറച്ചു വെക്കാൻ ഞാൻ ഒരു ചെറുപ്പുഞ്ചിരിയുമായി അവളെ നെഞ്ചോടു ചേർത്തുപിടിച്ചു..
മെല്ലെ മെല്ലെ അവളെയും കൊണ്ട് കാറിനടുത്തേക്ക് നടന്നു.
എങ്ങനെയൊക്കെയോ എന്റെ നെഞ്ചിൽ നിന്നും അടർത്തിയെടുത്ത് അവളെ ആ കാറിനകത്തേക്ക് കയറ്റിയിരുത്തി. അപ്പോഴും അവളുടെ കൈകൾ എന്റെ വിരലുകളിൽ വിടാതെ കോർത്തിരുന്നു…