രചന – സുധീ മുട്ടം
ആമി ഹോസ്റ്റലിൽ എത്തുമ്പോൾ നന്ദിത കാത്തിരിക്കുകയായിരുന്നു…
“ഹായ് ആമീ…
സ്നേഹത്തോടെ ഓടി വന്ന് പുണർന്നു വിശേഷങ്ങൾ ചോദിച്ചു….
” എന്നെ ശ്വാസം വിടാൻ അനുവദിക്ക് കൊച്ചേ..
സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞതോടെ നന്ദിത അകന്നുമാറി…
നന്ദിത…ആമിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി..അവൾടെ തന്നെ ഏറെക്കുറെ സ്വഭാവ വിശേഷങ്ങളുള്ളവൾ..അതുകൊണ്ട് തന്നെ അവർ വളരെ വേഗം കൂട്ടായി…
അമ്മ തന്നു വിട്ട സ്പെഷ്യൽ ഐറ്റങ്ങൾ എടുത്തു കൊടുക്കുമ്പോൾ നന്ദിതയുടെ വായിൽ കപ്പലോട്ടം തുടങ്ങിയിരുന്നു… ഓരോന്നും കൊതിയോടെ രുചിച്ചു കൊണ്ട് ആമിയെ നോക്കി…
“അപ്പോൾ വിവാഹം എന്നത്തേക്കാ….
” ഉടനെയുണ്ടാകും…
നന്ദിതയിൽ നിരാശ നിറഞ്ഞിരുന്നു…
“ചെറുക്കൻ പാവമാണ് നന്ദി…എന്നെ പോലെ തന്നെ…
” നിന്റെ നല്ല മനസ്സാടീ…അതാ അങ്ങനെ…പിന്നെ അച്ഛന്റെ അസുഖം കാരണം പേടിയുണ്ടാകും..അതാണ് പെട്ടന്നൊരു വിവാഹം… ആം സാരമില്ലെടീ എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി…
വീട്ടിലെ വിശേഷങ്ങൾ പറഞ്ഞും മറ്റും അവർ അവരുടെ ലോകത്തിലായിരുന്നു….
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
രാവിലെ നല്ല ഉറക്കത്തിൽ ആയിരുന്നു ആകാശ്… അമ്മയുടെ വിളി കേട്ട് ഉണരുമ്പോൾ നേരം വൈകിയിരുന്നു…
“എഴുന്നേൽക്കെടാ ചെറുക്കാ…
സ്നേഹ വാത്സല്യത്തോടെ മകന്റെ മുടിയിൽ തലോടിക്കൊണ്ട് മീനാക്ഷിയമ്മ വിളിച്ചു… ദിവസവും ഇതൊരു പതിവാണ്… അമ്മ വിളിച്ചു എഴുന്നേൽപ്പിക്കും വരെ കണ്ണുകടച്ചു മൂടി കിടക്കും…ശേഷം കുളി കഴിഞ്ഞു വന്നു അമ്മ നൽകുന്ന കാപ്പി കുടിച്ചാകും പണിക്ക് പോവുക..
പതിവു പോലെ അമ്മയുടെ വിളി കേട്ട് ആകാശ് ഉണർന്നു…അമ്മയുടെ പതിവ് പുഞ്ചിരി നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങി കുളിമുറിയിലേക്ക് കയറി..
ആകാശിന് അച്ഛനില്ല..അമ്മയേയുള്ളൂ..നന്നേ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടെങ്കിലും മകനെ അതിന്റെ കുറവുകൾ അറിയിക്കാതെയാണ് വളർത്തിയത്.
മകനെ വളർത്താൻ നന്നേ കഷ്ടപ്പെട്ടു…അത് അവനും അറിയാം..ഏറ്റവും വലിയ ആഗ്രഹമാണ് ഗൾഫിൽ പോയി വന്നിട്ട് നല്ലൊരു വീട് വെച്ച് അമ്മയെ പൊന്നു പോലെ നോക്കണമെന്ന്…
” നിനക്കൊരു കൂട്ടു വേണമെന്ന് അമ്മ എത നാളായി പറയുന്നു….
കുളി കഴിഞ്ഞു കാപ്പി കൊടുക്കുന്നതിനടയിലായി മീനാക്ഷി ആ വിഷയം എടുത്തിട്ടു…വിവാഹക്കാര്യം…
“എനിക്ക് കൂട്ടായി എന്റെ അമ്മയില്ലേ…അത് മതി…
നിറഞ്ഞ പുഞ്ചിരിയോടെ തല ഉയർത്തുമ്പോൾ അമ്മയുടെ മുഖത്ത് അതിയായ വാത്സല്യം കണ്ടു…
” അമ്മക്ക് ഇനിയെത്ര നാളെന്നുവെച്ഛാ….
“എന്റെ അമ്മ ഇനിയും ഒരുപാട് കാലം ജീവിക്കും…
അമ്മയെ എടുത്തു ഉയർത്തി ആഹ്ലാദം പങ്കു വെയ്ക്കുമ്പോൾ നാല് മിഴികളും നിറഞ്ഞിരുന്നു….
പൊതിച്ചോറും എടുത്തു ആകാശ് വേഗമിറങ്ങി…അതിനു പിന്നിൽ മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു….
പതിവ് പോലെ കോളേജ് ഹോസ്റ്റലും കടന്ന് കോളേജ് ജംക്ഷനിൽ എത്തുമ്പോൾ പതിവ് സ്ഥലത്ത് പ്രിയപ്പെട്ടയാ മുഖം തിരഞ്ഞു…ആ മുഖം കണ്ടതും ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.. എത്രയോ നാളായി കാണുന്നു ഒരിക്കലും അവൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാനോ,ഒന്ന് സംസാരിക്കാനോ,തന്റെ മനസ്സിലിരുപ്പ് പ്രകടിപ്പിക്കുവാനോ ശ്രമിച്ചിരുന്നില്ല..വീടിന്റെയും തന്റെയും അവസ്ഥ ആലോചിക്കുമ്പോൾ ഒന്നിനും കഴിയുമായിരുന്നില്ല..
ഗൾഫിൽ പോയി ജോലി ചെയ്തു പണം സമ്പാദിച്ചു തിരുച്ചു വന്ന് നല്ലൊരു വീട് വെച്ചിട്ട് അവളുടെ വീട്ടിൽ ചെന്ന് പ്രൊപ്പോസൽ ചെയ്യണം…വിവാഹ ശേഷം പ്രണയിക്കണം അതിനൊരു സുഖമുണ്ട്..അവൾ പഠിക്കുകയാണ് അതിനാൽ വേണ്ടുവോളം സമയമുണ്ട്..ഇന്നത്തെ കാലത്ത് പെൺകുട്ടികൾ പഠിച്ചു നല്ലൊരു ജോലി സമ്പാദിക്കും..അതിനു ശേഷമേ വിവാഹം കഴിക്കൂ..എന്നതായിരുന്നു ആകാശിന്റെ കണക്കു കൂട്ടലുകൾ…
വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചെത്തി കുളിച്ചു ഭക്ഷണവും കഴിഞ്ഞു പതിവ് ഡയറി എഴുത്തിൽ മുഴുകി….
” രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഞാനവളെ കണ്ടു…പതിവിനേക്കാൾ സുന്ദരിയായിരിക്കുന്നു….
ആ രണ്ടു വരികൾ എഴുതിയ ശേഷം ജനാലയിലൂടെ പുറത്തേക്ക് നോക്കി.. തെളിഞ്ഞ് കിടന്ന നീലാകാശത്ത് ചന്ദ്രനും താരകങ്ങളും പുഞ്ചിരി പൊഴിച്ചു നിൽക്കുന്നു… പതിവിൽ കവിഞ്ഞ് ഇന്നതിന് ശോഭ ഏറിയതു പോലെ….
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
രണ്ടു മൂന്ന് ദിവസങ്ങൾ പതിവു പോലെ കടന്നു പോയി..അടുത്ത ദിവസം മൊബൈൽ റിംഗ് കേട്ടാണ് ആമി ഉറക്കമുണർന്നത്….
“അഖിൽ കോളിങ്ങ്…
രണ്ടു ദിവസമായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അഖിലിന്റെ കോളിനായി…അങ്ങോട്ട് വിളിക്കാനൊരു മടി….
നന്ദിതയെ ഉണർത്താതെ പുറത്തേക്കിറങ്ങി ഹലോ പറയുമ്പോൾ ഹൃദയത്തിൽ പ്രണയത്തിന്റ തണുപ്പ് നിറയുന്നതിഞ്ഞു….
” ആമീ….
പ്രണയം പൊതിഞ്ഞ വിളി സുഖകരമായൊരു നോവായി ശരീരമാകെ കോരിത്തരിപ്പിച്ചു…
“എന്തോ….
പ്രണയത്തിന്റെ അതേ വികാര വായ്പയിൽ വിളികേട്ടു…തന്നിൽ പൊഴിയുന്ന പ്രണയത്തിന്റെ നോവ് അതങ്ങനെ ആസ്വദിച്ചു അങ്ങനെ നിന്നു….
” രണ്ടു ദിവസമായി വിളിച്ചിട്ട്… ഞാൻ പ്രതീക്ഷിച്ചിരുന്നു…
“ഞാനും…
” എന്നിട്ടെന്തേ വിളിക്കാതിരുന്നത്…
“അത് പിന്നെ അഖിൽ വിളിക്കുമെന്ന് കരുതി….
” ആമിക്ക് വിളിച്ചു കൂടെ…
“വിളിക്കാം….
” സത്യം…
“സത്യം….
ഇരുവരും ഫോണിൽ കൂടി പ്രണയിക്കുമ്പോഴാണ് പിന്നിൽ നന്ദിതയുടെ സാന്നിധ്യം ആമി തിരിച്ചറിഞ്ഞത്….
” ഉം… ഉം നടക്കട്ടെ….
നന്ദിത അർത്ഥം വെച്ചു ചിരിച്ചു പിന്തിരിഞ്ഞതും കയ്യിൽ ആമിയുടെ പിടി വീണു…
“അഖി…ഞാനൊരാളെ പരിചയപ്പെടുത്താം….
തീരെ പ്രതീക്ഷിക്കാതെ ആമി ഫോൺ നന്ദിതയുടെ ചെവിയിലേക്ക് ചേർത്തു….
” ഹലോ… നന്ദിത….
അഖിലിന്റെ സ്വരം കാതിലേക്ക് ഒഴുകിയതും അവളൊന്ന് വെപ്രാളപ്പെട്ടു….എങ്കിലും വിറയാർന്ന ശബ്ദത്തിൽ മറുപടി കൊടുത്തു..
“ഹലോ….
” ആമി പറഞ്ഞിരുന്നു നന്ദിതയെ കുറിച്ച്….
“മ്മം….
ആദ്യത്തെ അമ്പരപ്പ് വിട്ടു മാറിയതോടെ നന്ദിത നന്നായി സംസാരിച്ചു തുടങ്ങി…..
” അപ്പോൾ ശരി അഖിൽ….
“ആമിയുടെ കയ്യിൽ കൊടുക്ക്…
ഫോൺ ആമിക്ക് നേരെ നീട്ടിയ ശേഷം അവളെ നോക്കി നിന്നു…
” ആമി.. ശനിയാഴ്ച ഞാൻ വരുന്നുണ്ട്.. കൂടെ അമ്മയുമുണ്ട്…ഭാവി മരുമകളെ നേരിട്ട് കാണാൻ അമ്മക്കും ആഗ്രഹം…
“അമ്മയും ഉണ്ടോ…സർപ്രൈസ് ആയല്ലോ….
” ആം യെസ്…ശരി ആമി…പിന്നെ വിളിക്കാം…
ഫോൺ കട്ട് ചെയ്തിട്ട് അവൾ നന്ദിതക്ക് നേരെ തിരിഞ്ഞു…
“ശനിയാഴ്ച അഖിൽ വരുന്നുണ്ട്.. ഒപ്പം അമ്മയും ഉണ്ടെന്ന്….
” അതേതായാലും നന്നായി.. നിന്റെ വുഡ് ബിയെ ഒന്നു കാണാമല്ലോ…..
തുടരും

by