രചന – സുധീ മുട്ടം
ശനിയാഴ്ച ആകാനായി ആമി ഉത്സാഹത്തോടെ കാത്തിരുന്നു..രാവിലെ നേരത്തെ ഉണർന്ന് കുളിച്ച് ഒരുങ്ങി നിന്നു..സാരിയായിരുന്നു വേഷം.അതിൽ കുറച്ചു കൂടി പക്വത പ്രകടമായി തോന്നിയിരുന്നു..
അഖിൽ എത്തുമ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു. കൂടെ അംബികാമ്മയും അവിനാശും ഉണ്ടായിരുന്നു..
“അമ്മക്ക് ഇഷ്ടമായി മോളേ…മോന്റെ സിലക്ഷൻ തെറ്റിയട്ടില്ല…
കണ്ടപ്പോഴെ ഓടിയെത്തി ചേർത്തു പിടിച്ചിരുന്നു…ആമിക്കൊപ്പം നന്ദിതയും ഉണ്ടായിരുന്നു.അവിനാശിന്റെ കണ്ണുകൾ നന്ദിതയിൽ ആയിരുന്നു.. അവന്റെ കണ്ണുകളിൽ ചെറിയൊരു പ്രകാരം മിന്നി മറഞ്ഞു…
” അമ്മേ ഇതെന്റെ പ്രിയ കൂട്ടുകാരി നന്ദിത…
നന്ദിതയെ മുന്നിലേക്ക് നിർത്തി ആവേശത്തോടെ പരിചയപ്പെടുത്തുമ്പോൾ അവരുടെ കണ്ണുകൾ അവളിലായിരുന്നു…
“നന്ദിത ഇത് അവിനാശ്.അമ്മ മീനാക്ഷിയമ്മ.കൂടെയുള്ളത് അഖിലിന്റെ ബെസ്റ്റ് ഫ്രണ്ട് അവിനാശ്…
നന്ദിതക്കായി ഓരോത്തരേയും ആമി പരിചയപ്പെടുത്തി…
” നമുക്ക് വെളിയിൽ നിന്ന് ഫുഡ് കഴിക്കാം…
അഖിന്റെ ക്ഷണം സീകരിച്ച് നന്ദിതയും ആമിയും അവർക്കൊപ്പം കാറിൽ കയറി.. കാറ് ചെന്നു നിന്നത് വലിയൊരു റെസ്റ്റോറന്റിൽ ആയിരുന്നു…
ടേബിളിന് ഇരുവശമായി ഇരുകൂട്ടരും ഇരിക്കുമ്പോൾ അവിനാശിന്റേയും നന്ദിതയുടേയും മിഴികൾ പരസ്പരമൊന്നു കോർത്തിരുന്നു..ഇരുവരും പെട്ടെന്ന് തന്നെ നോട്ടം മാറ്റിയെങ്കിലും മനസിലൊരു പ്രണയത്തിന്റെ സുഗന്ധം നിറഞ്ഞത് അറിഞ്ഞു…
“ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളൂ….
അഖിൽ എല്ലാവരേയും നോക്കി..അവരവരുടെ ഇഷ്ടങ്ങൾക്ക് ഓർഡർ കൊടുത്തു കാത്തിരുന്നു.. ഫുഡ് കഴിച്ചു തുടങ്ങിയതും വീണ്ടും നന്ദിതയുടെയും അവിനാശിന്റെയും മിഴികൾ പരസ്പരം കോർത്തു.. ഇരുവരുമൊന്നു പുഞ്ചിരിച്ചു…
അംബികാമ്മ വാ തോരാതെ സംസാരിച്ചതിനാൽ ആമിക്കും അഖിലിനും കൂടുതൽ ഇടപെഴുകാനായില്ല.അതിന്റെ നിരാശ അവരിൽ നിഴലിച്ചിരുന്നു…
ഫുഡും കഴിഞ്ഞ് ഹോസ്റ്റലിൽ ഇറക്കി യാത്ര പറഞ്ഞു അവർ പിരിഞ്ഞു..
” നൈറ്റ് വിളിക്കാം….
“മമ്മ്…
മാറ്റാരും കേൾക്കാതിരിക്കാനായി പതിഞ്ഞ ശബ്ദത്തിൽ അഖിൽ മൊഴിയുമ്പോൾ ആമി പ്രണയമഴയിൽ നനഞ്ഞു കുളിച്ചിരുന്നു…
” നീ ഭാഗ്യവതിയാ ആമി…
തിരികെ അകത്തേക്ക് കയറുന്നതിനിടയിൽ നന്ദിത പറഞ്ഞു…ആമിയുടെ ഹൃദയബും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു..
💓💓💓💓💓💓💓💓💓💓💓💓💓💓💓
“നിനക്ക് ഇഷ്ടമായോടാ പെണ്ണിനെ…എനിക്ക് ഇഷ്ടപ്പെട്ടു
വീട്ടിലെത്തിയ ഉടനെ അമ്മയുടെ ചോദ്യം കേട്ടതും അഖിലൊന്ന് അമ്പരന്ന് നോക്കി…അമ്മ ഇതെന്താ ഇങ്ങനെയെന്ന് ചിന്തിക്കുമ്പോൾ അടുത്ത ചോദ്യവും ഉത്തരവുമെത്തി…
” എനിക്ക് ഇഷ്ടപ്പെട്ടു..നല്ല കുട്ടിയാ..നിനക്ക് ഇഷ്ടമായോ.?
“ഇഷ്ടമായതോണ്ടല്ലേ അമ്മയേയും കൂട്ടിപ്പോയത്….
” എന്റെ ചോദ്യം നിന്നോടല്ല അവിനാശിനോടാ?..
“ഏ.. എന്നോടോ…
” അതേ…
“ആമിയെ എനിക്ക് ഇഷ്ടമായി..
” ആമിയുടെ കാര്യമല്ല ചോദിച്ചത്… നന്ദിതയുടെ കാര്യമാ…
“അതെന്തിനാ അമ്മേ എന്നോട് ചോദിക്കുന്നത്…
അവിനാശ് വായും പിളർന്നു ഇരിക്കുമ്പോൾ അംബികാമ്മ ചിരിച്ചു…
” ഞാൻ കണ്ടു രണ്ടു പേരുടെയും നോട്ടവും ചിരിയുമെല്ലാം….
അവൻ ചമ്മിയ ചിരി പാസാക്കുമ്പോൾ അഖിലിന്റെ ശബ്ദമെത്തി…
“അത് ശരി..അതിനിടയിൽ അതും നടന്നോ?…
” പിന്നില്ലാതെ…
മറുപടി നൽകിയത് അമ്മയാണ്…
“മോനേ അഖി…നന്ദിതയെ കുറിച്ച് ആമിയോട് ചോദിക്ക്..രണ്ടു പേർക്കും ഇഷ്ടം ആണെങ്കിൽ നമുക്കിത് ഒരുമിച്ച് നടത്താം…
അവിനാശ് പെട്ടെന്ന് സ്ഥലം കാലിയാക്കാൻ ഒരുങ്ങിയെങ്കിലും അഖിൽ പിടിച്ചിരുത്തി..
” കള്ളക്കാമുകൻ അങ്ങനെയങ്ങ് പോയാലോ….
ഹാളിൽ കൂട്ടച്ചിരി മുഴങ്ങി….
💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
രാത്രിയിൽ കിടക്കാനുള്ള തിരക്കിലായിരുന്നു ആമിയും നന്ദിതയും..
“നീ അവിടെ കിനാവ് കണ്ടിരുന്നോ ഞാൻ കിടക്കാൻ പോകുവാ…..
” നീ കിടന്നോ..
തിരിഞ്ഞ് നോക്കാതെ ഫോണിലേക്ക് മിഴികൾ നാട്ടി ആമി ഇരുന്നു…അഖിൽ വിളിക്കാമെന്ന് പറഞ്ഞിരുന്നു അതിനായിട്ടുള്ള കാത്തിരിപ്പാണ്…പ്രതീക്ഷിച്ച പോലെ പറഞ്ഞ സമയത്ത് വിളിയെത്തി….
“ഹലോ…..
” ഞാൻ എത്ര നേരമായെന്ന് അറിയോ കാത്തിരിക്കാൻ തുടങ്ങിയട്ട്…
പതിഞ്ഞ സ്വരത്തിൽ പരിഭവം പ്രകടിപ്പിച്ചു…
“അത് ശരി.. അപ്പോഴേക്കും പെണ്ണിന് പരാതിയായോ…
” പോ അവിടുന്ന്….പ്രണയത്തിന്റെ കാത്തിരിപ്പിന് വിരഹവും ഉണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു….
“പ്രണയം അതങ്ങനാ ആമി…കാത്തിരിപ്പിന്റെ സുഗന്ധവും വിരഹത്തിന്റെ നോവും ഉണ്ടായിരിക്കും… ലോകത്ത് ഇത്രയേറെ പവർ ഫുളളായ മറ്റൊരു വികാരവും ഇല്ല.ഒരേ സമയവും പഞ്ചസാരയുടെ മധുരവും കാഞ്ഞിരത്തിന്റെ കയ്പും…
” മ്മ്മ്…
ആമി മൂളിക്കൊണ്ടിരുന്നു….
പ്രണയമെന്ന വികാരം ഇപ്പോൾ അറിയുന്നുണ്ട്…അതിന്റെ വിശുദ്ധിയോടും നൈർമല്യത്തോടും….
കാത്തിരിക്കാൻ ഒരാൾ ഉണ്ടെന്ന് കൂടി ആകുമ്പോൾ പ്രണയത്തിന് മധുരവും തീവ്രതയുമേറുന്നു….ശൂന്യമാകുമ്പോൾ നിരാശയുടെ പടുകുഴിയും…
ആമി ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി…ചന്ദൻ അതിന്റെ പൂനിലാവ് അവളിലേക്ക് ഇറക്കി…കുഞ്ഞു നക്ഷത്രങ്ങൾ അവൾക്കായി ഇമകൾ ചിമ്മി കാണിച്ചു….
ചന്ദ്രൻ ഭൂമിയെ പ്രണയിക്കുന്ന നിമിഷം ആമിയും അഖിലും ഹൃദയത്തിന്റെ ഭാഷയിൽ ഏറെ നേരം സംസാരിച്ചു….
“ആമീ…..
പ്രണയത്തിൽ ചാലിച്ച നീട്ടിയുള്ള വിളി കാതിലേക്ക് ഒഴുകിയിറങ്ങി….
” മ്ം…
അതേ പ്രണയ തീവ്രതയിൽ അവളും മൂളി….
“ഈ നീലാകാശവും പൂനിലാവും നക്ഷത്ര കുഞ്ഞുങ്ങളുടെ കിന്നരവും തണുത്ത കാറ്റും നമുക്ക് വേണ്ടി കൂടിയുള്ളതാ…പ്രണയിക്കുന്നവർക്ക് വേണ്ടി മാത്രം.. ഇപ്പോൾ എനിക്ക് ആമിയെ കാണാൻ തോന്നുവാ….
” എനിക്കും….
കാതരമായി അവൾ പറഞ്ഞു….
“എങ്കിൽ ഞാനങ്ങോട്ട് വരട്ടെ…
” മ്ം…..
ഫോൺ കട്ട് ചെയ്തു ആമി തിരികെ റൂമിലെത്തി.. നന്ദിത അപ്പോഴേക്കും നല്ല ഉറക്കത്തിൽ ആയിരുന്നു…
ആമിയുടെ ഹൃദയമിടിപ്പിന്റെ താളമേറി…വല്ലാത്തൊരു വിറയൽ ശരീരത്തെ ബാധിച്ചു….
ഒരുമണിക്കൂർ കഴിഞ്ഞു വീണ്ടും ഫോൺ ശബ്ദിച്ചു….
“ഞാനെത്തി….
വിറയലോടെ ഫോൺ കട്ട് ചെയ്തു നന്ദിതയെ നോക്കി…അഗാധമായ ഉറക്കത്തിലാണ്…
വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ വീണ്ടും വെളിയിലേക്ക് ഇറങ്ങി ഗേറ്റിനരുകിൽ ചെന്നു…
” നമുക്കൊരു റൈഡിങ്ങിന് പോയാലോ…നല്ല തണുത്ത കാറ്റുമേറ്റ് കെട്ടിപ്പിടിച്ചൊരു യാത്ര….
അഖിലിന്റെ ക്ഷണം മനസ്സ് വിലക്കുന്നുണ്ട് പക്ഷേ ഹൃദയം കൊതിച്ചു പോകുന്നു ..
“എങ്ങനെ പുറത്ത് ഇറങ്ങും…
” മതിൽ ചാടണം..ഞാൻ ഹെൽപ്പ് ചെയ്യാം…
ഒടുവിൽ രണ്ടും കൽപ്പിച്ചു മതിൽ ചാടി…അഖിന്റെ പിന്നിലായി ബുള്ളറ്റിൽ കയറി… തണുത്ത കാറ്റിന്റെ കാഠിന്യം ഏറിയതോടെ അവനെ കെട്ടിപ്പുണർന്ന് പുറത്തേക്ക് ചാരി….
കുറച്ചു ദൂരം ബുള്ളറ്റ് ഓടി… പെട്ടന്നാണ് ഓവർ ടേക്ക് ചെയ്ത് ഒരു ബസ് കയറി വന്നത്…വെട്ടിച്ചു മാറ്റാൻ കഴിയും മുമ്പേ ബസ് ബുള്ളറ്റിലേക്ക് ഇടിച്ചു കയറിയതും നിലവിളികൾ മുഴങ്ങി….
തുടരും

by