17/04/2026

ഞാൻ ആമി : ഭാഗം 08

രചന – സുധീ മുട്ടം

അഖിൽ എഴുന്നേറ്റിരുന്ന് തന്റെ ജീവന്റെ പാതിയായവളെ പ്രണയത്തോടെ നോക്കി…

“എന്റെ മാത്രം ആമി….

കുനിഞ്ഞ് അവളുടെ മൂർദ്ധാവിൽ പ്രണയത്തോടെ ചുംബിച്ചു…..

വാശിയെക്കാൾ ഉപരി വലിയൊരു ആഗ്രഹമായിരുന്നു പ്രണയിച്ചു വിവാഹം കഴിക്കണമെന്നത്.. ഇന്നത് സാധ്യമായിരിക്കുന്നു….

ഒരിക്കൽ കൂടി അവളെ ചുംബിച്ച ശേഷം കിടക്കയുടെ ഒരു വശത്തേക്ക്, ആമിക്ക് അഭിമുഖമായി ചരിഞ്ഞ് കിടന്ന് സാകൂതം നോക്കി…

എത്ര ശാന്തമായാണ് ഉറങ്ങുന്നത്…ഒരു കൊച്ച് കുഞ്ഞ് ഉറങ്ങുന്നത് പോലെയുണ്ട്….

ഓരോന്നും ചിന്തിച്ച് ആമിയുടെ മുഖത്ത് നോക്കിയങ്ങനെ കിടന്നു…മിഴികളിൽ നിദ്ര തലോടിയപ്പോൾ നിദ്രയുടെ അഗാധതയിലേക്ക് ഇറങ്ങിപ്പോയി….

” അഖീ…..

പുലർകാല മഞ്ഞിന്റെ തണുപ്പിൽ പ്രണയത്തോടെയുള്ള വിളി കേട്ടെങ്കിലും ഒന്നു കൂടി പുതപ്പിനടിയിലേക്ക് ഊർന്നിറങ്ങി…

“അഖി.. എഴുന്നേറ്റെ… നേരം നന്നേ വെളുത്തൂ….

നനവാർന്ന മുടിയിഴകളിൽ തോർത്തു കെട്ടി വെച്ചിരുന്നെങ്കിലും ചെന്നിയിലൂടെ ജല കണങ്ങൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…തോർത്ത് അഴിച്ചെടുത്ത് നനവാർന്ന മുടി ഒന്നു കൂടി കോതിയൊതുക്കി അഖിലിന്റെ മുഖത്തിന് നേരെ നിന്നു… ശേഷിച്ച ജല കണങ്ങൾ മുടിയുടെ ഊർന്നിറങ്ങി മുഖത്തേക്ക് വീണതും അവൻ ഞെട്ടിയുണർന്നു….

കുസൃതി പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു ആമി നിൽക്കുന്നു… കൈ എടുത്തു അവളെ വലിച്ചു നെഞ്ചിലേക്കിട്ട് ആഞ്ഞ് പുൽകി..

” എന്താ ഉദ്ദേശം… റൊമാൻസാണോ….

“എന്തേ റൊമാൻസ് ഇഷ്ടമല്ലേ…

” ഇഷ്ടമൊക്കെയാണ്… പക്ഷേ ഞാൻ ഒന്നു കൂടി കുളിക്കേണ്ടി വരും….

അർത്ഥം വെച്ചുള്ള മൊഴികളും ഒപ്പമൊരു കുലുങ്ങിച്ചിരിയും ആമിയുടെ സൗന്ദര്യം വർദ്ധിപ്പിച്ചത് പോലെ….

“ന്റെ ആമി…ഇപ്പോഴത്തെ എഴുത്തുകാർ കഥകളിൽ എഴുതി വെയ്ക്കുന്ന ബെഡ് റൂം സീനും സെക്സുമല്ല റൊമാൻസ്…കൂടെ ചേർന്നിരുന്ന് ഹൃദയങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കുന്നതാണ് റൊമാൻസ്..തമ്മിലറിഞ്ഞും അടുത്തിടപെഴുകി പ്രണയം പങ്കുവെക്കുന്നതാണ് യഥാർത്ഥ റൊമാൻസ്…

അഖിൽ എത്ര പക്വതയോടെയാണ് സംസാരിക്കുന്നതെന്ന് ആമി ഓർത്തു..,..

” ശരിയാണ് പരസ്പരം അടുത്ത് അറിയുന്നതും ഹൃദയങ്ങൾ തമ്മിൽ പരസ്പരം പ്രണയം പങ്കു വെയ്ക്കുന്നതാണ് ശരിക്കും റൊമാൻസ്….

അസ്തമയ സൂര്യന്റെ കുങ്കുമരാശിയിലും ചക്രവാള സീമയിലെ ചുവപ്പിലും അരുണന്റെ പ്രഭാത പുഞ്ചിരിയിലും പൂനിലാവിന്റെ നറു പുഞ്ചിരിയിലും രാത്രിമഴയുടെ സംഗീതത്തിലും റൊമാൻസ് ഉണ്ട്….

“ഓ… ഞാൻ പറഞ്ഞത് തിരിച്ചെടുത്തു….

പരിഭവത്തോടെ കവിളുകൾ വീർപ്പിച്ചതും മുത്തങ്ങൾ വീണു കഴിഞ്ഞിരുന്നു….

” അഖിൽ ഒരുപാട് വായിക്കുമല്ലേ….

“ഒത്തിരി ഒത്തിരി വായിക്കും… വായനയെന്നാൽ ഒരു ലഹരിയാണ്…ബുക്ക്സൊക്കെ കുറെ വായിച്ചിട്ടുണ്ട്…

” ഞാനതിൽ ഇത്തിരി വീക്കാണ്….

“അത് സാരമില്ല… എല്ലാവർക്കും ഒരേ താല്പര്യം ആകണമെന്നില്ലല്ലോ..ഹോബികൾ പലതരമാകാം….

” മ്ം….

“അഖി എഴുന്നേറ്റു ഫ്രഷായി വാ….റ്റീ കുടിക്കാം…

” ഓ… എനിക്കങ്ങനെ ഫ്രഷ് ആകണമെന്നൊന്നും ഇല്ല.. രാവിലെ എഴുന്നേറ്റാലുടൻ ഒരു റ്റീ കുടിക്കണം.. ശേഷം ബ്രേക്ക് ഫാസ്റ്റിനൊപ്പം ഒരു റ്റീ കൂടി ശീലമായി കഴിഞ്ഞു…

“എങ്കിൽ ഞാൻ നേരെ തിരിച്ചാ… ഫ്രഷായി കഴിഞ്ഞു വന്നേ റ്റീ കുടിക്കൂ..

” അതൊക്കെ നമ്മുടെ ഓരോ ഇഷ്ടങ്ങളാ… ആ ഇഷ്ടങ്ങൾ മറ്റൊരാൾക്കായി മാറ്റാൻ നിൽക്കണ്ടാ…

“ഓക്കേ.. അഖിൽ .. എങ്കിൽ ഞാൻ റ്റീ എടുത്തിട്ട് വരാം….

” അതൊന്നും വേണ്ടാന്നേ..ഞാൻ എടുത്തു കുടിച്ചോളാം…

പുഞ്ചിരിയോടെ എഴുന്നേറ്റു അഖിൽ കിച്ചണിലേക്ക് നടന്നു….

💚💚💚💚💚💚💚💚💚💚💚💚💚

ബന്ധു വീടുകളിലും സുഹൃത്തുക്കളുടേയും സന്ദർശനം നടത്തിയും വിരുന്നും മറ്റുമായി ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി…

“അഖിൽ….ഇപ്പോൾ തന്നെ മൂന്നാഴ്ച കഴിഞ്ഞു…അടുത്ത ആഴ്ച മുതൽ ക്ലാസ് തുടങ്ങുകയാ…..

പ്രതീക്ഷിച്ചിരുന്നതിനാൽ അഖിൽ ഞെട്ടിയില്ല….

” തുടർന്നു പഠിക്കണമെന്നുണ്ടോ ആമീ….

ആമിയുടെ നെറ്റി ചുളിഞ്ഞു…..

“അതെന്താ അഖി ഇപ്പോൾ അങ്ങനെയൊരു ചോദ്യം…എന്റെ സ്വപ്നങ്ങൾ. അംബീഷൻ എല്ലാം ആദ്യമേ ഞാൻ പറഞ്ഞതല്ലേ..അഖിയത് സമ്മതിച്ചതുമല്ലേ?….

” ഞാൻ ഒന്നിനും എതിരല്ല ..ബട്ട് ആമീ… നിന്നെ പിരിഞ്ഞിരിക്കാൻ…ഒരു ദിവസമൊന്ന് കാണാതിരിക്കാൻ കഴിയില്ലെടോ?

പറയുമ്പോൾ മുഖത്ത് അസഹനീയമായ നോവ് പ്രകടമായിരുന്നു .

ശരിയാണ് അഖിൽ പറഞ്ഞത്… തമ്മിലൊരു നിമിഷം കാണാതിരിക്കാൻ തനിക്കും കഴിയില്ല.അത്രയേറെ തമ്മിൽ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്നുണ്ട്…. പക്ഷേ തന്റെ ഡ്രീംസ്… അംബീഷൻ….

ആമി എന്ത് ചെയ്യണമെന്ന് അറിയാതെ ധർമ്ന സങ്കടത്തിലായി….ഒരുവശത്ത് ആഗ്രഹങ്ങളും സ്വപ്നങ്ങളും മറുവശത്ത് തമ്മിൽ പിരിയുന്നതിന്റെ വേദനയും….

പ്രണയം എന്താണെന്ന് അറിഞ്ഞത് അഖിലിൽ നിന്നാണ്…അതിന്റെ നോവും വിരഹവും മധുരവും സമ്മാനിച്ചത് അവനാണ്… തന്റെ പ്രാണനാണവൻ…അവന് താനും…ഒരിക്കൽ പോലും പിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല…

“എന്തുവേണമെന്ന് ആമി തീരുമാനിച്ചോളൂ…അത് തന്നെയാകും എന്റെ തീരുമാനം… ആമിയുടെ സന്തോഷമാണ് എന്റെയും സന്തോഷം….

തീരുമാനം ആമിക്ക് വിട്ട് അഖിൽ മുറിക്ക് പുറത്തേക്കിറങ്ങി…കണ്ണുകൾ നനഞ്ഞ് തുടങ്ങിയിരുന്നു…

മുറിയിൽ വലിയ ആശയ കുഴപ്പത്തിൽ ആയിരുന്നു ആമി… മധുരിച്ചിട്ട് ഇറക്കാനും കഴിയുന്നില്ല..കയിച്ചിട്ട് തുപ്പാനും പറ്റുന്നില്ലെന്ന അവസ്ഥ….

❤❤❤❤❤❤❤❤❤❤❤❤❤

” എന്താടീ എന്ത് പറ്റി….

നന്ദിത മുറിയിലേക്ക് വന്നപ്പോൾ ആമി വല്ലാത്ത ആശയ കുഴപ്പത്തിൽ ആയിരുന്നു….കാര്യങ്ങൾ ചുരുക്കി പറഞ്ഞു…

“ഓഹോ ഇത്രയേയുള്ളോ.. ഇതിനാണോ നീ ഡള്ളായി ഇരിക്കുന്നത്..അവിടെ നേരെ തിരിച്ചാണ്.. ഇന്നേ പോകുന്നെങ്കിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു….സാരമില്ലെടീ നീ വിഷമിക്കാതെ നമുക്കൊരു വഴി കണ്ടെത്താം….

നന്ദിത അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

രാത്രിയിൽ ഒരുമെയ്യും ഒരു മനസ്സുമായി ഇണ ചേർന്നു….ഓടി തളർന്നവർ വിയർപ്പ് ചാലിട്ട് ഒഴുകിയതും രണ്ടു ശരീരവും രണ്ടു മനസ്സുമായി അകന്നു മാറി‌‌.പതിവു പോലെ തന്റെ സംതൃപ്തി അവന്റെ ചുണ്ടിൽ മുത്തി പ്രകടിപ്പിച്ചു….

” എന്ത് തീരുമാനിച്ചു ആമി…

ചോദിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ വിറങ്ങലിച്ചിരുന്നു…

“ഒന്നും തീരുമാനിച്ചില്ല അഖി… സമയം ഉണ്ടല്ലോ…

” മ്മമ്മ്മ്മ്ം…

ഒരു ദീർഘമായ നിശ്വാസം പാതി പ്രകാശത്തിൽ മുഴങ്ങിക്കേട്ടു…

തമ്മിൽ കണ്ടുമുട്ടാതെ,അത്രയേറെ പ്രണയിക്കാതെ,വിവാഹം കഴിക്കാതെ ഇരുന്നിരുന്നെങ്കിലെന്ന് അന്നാദ്യമായി ഇരുവരും ചിന്തിച്ചു…… പ്രണയം സമ്മാനിച്ച വിരഹത്തിന്റെ തീവ്രതയുടെ കാഠിന്യം അത്രയേറെ വലുതായിരുന്നു ഇരുവർക്കും…..

Based on a true story

തുടരും