22/04/2026

ഞാൻ ആമി : ഭാഗം 03

രചന – സുധീ മുട്ടം

ഇതുവരെ ഇല്ലാത്തൊരു വികാരം തന്നെ മൂടിപ്പൊതിയുന്നതായി ആമി അറിഞ്ഞു..

“ഹലോ കേൾക്കുന്നില്ലേ?…

ശബ്ദമൊന്നും കേൾക്കാത്തതിനാലാകാം അഖിലിന്റെ സ്വരം വീണ്ടും കാതിലേക്ക് വീണത്…തിരിച്ച് എന്തെങ്കിലും മറുപടി കൊടുക്കണമെന്ന് മനസ്സ് കൊതിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.അതങ്ങനെ അന്തരാത്മാവിന്റെ അകത്തളങ്ങളിൽ കുരുങ്ങി കിടന്നു…

ഇന്നോളം പ്രണയത്തിന്റെ മാധുര്യം അറിഞ്ഞിട്ടില്ല..പ്രണയിക്കാൻ വന്നവരോടെല്ലാം തന്റെ അംബീഷനെ പറ്റിയും ഡ്രീംസിനെ കുറിച്ചുമാണ് പറഞ്ഞത്..പ്രണയത്തിനോ വിവാഹത്തിനോ പ്രിപ്പയറാകാൻ എന്നു കഴിയുമോന്നും അറിയില്ല..എല്ലാവരും നിരാശയോടെയാണ് മടങ്ങിയത്….

അന്നത്തതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് തനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ അത്ഭുതത്തോടെ ഓർത്തു..ഒരുപക്ഷേ തന്നെ മനസ്സിലാക്കിയതിനാലോ തന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ ആളുണ്ടായിട്ടോ ആയിരിക്കാം…

” ഹലോ ആമി…കേൾക്കുന്നില്ലേ…

അപ്പുറത്ത് പരിഭ്രാന്തി നിറഞ്ഞ സ്വരം…ഉമിനീർ വറ്റിപ്പോയതിനാൽ നാവിനാൽ ചുണ്ടുകൾ നനച്ചു മറുപടി നൽകി…

“കേൾക്കുന്നുണ്ട്….

” പിന്നെന്തേ ഒന്നും മിണ്ടാതിരുന്നത്…?

വീണ്ടും കാതരമായ ശബ്ദം… പ്രണയത്തിന്റെ നിർവചിക്കാൻ കഴിയാത്ത മാന്തികതയാ സ്വരത്തിനു ഉണ്ടെന്ന് പെട്ടന്ന് മനസ്സിലായി…

“ആമീ….

” മ്ം….

നേർത്തയൊരു മൂളൽ മാത്രമായിരുന്നു മറുപടി…. തിരിച്ച് എന്ത് പറയണമെന്ന് മാത്രം അറിയില്ലായിരുന്നു ആ സമയത്ത്…

“ഒന്നും മിണ്ടില്ലെങ്കിൽ ഫോൺ വെച്ചേക്കാം…

വേണമെന്നോ വേണ്ടായെന്നോ ഒന്നും പറഞ്ഞില്ല…അപ്പുറത്ത് ആ ഫോൺ വെച്ചട്ടില്ലാന്ന് മനസ്സിലായി…

എന്തെങ്കിലും പറയണമെന്നുണ്ട്.. പക്ഷേ തൊണ്ട വരളുന്നത് പോലെ..ആദ്യത്തെ അനുഭവം ആയതിനാലാകാം..

ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം ആർത്തിയോടെ വായിലേക്ക് ഒഴിച്ചു…പരവേശം തീർന്നതോടെ തിരികെ പഴയ സ്ഥാനത്തേക്ക് വെച്ചു….അപ്പോഴും ഫോൺ ചെവിയരുകിൽ നിന്നും മാറ്റിയിരുന്നില്ല…

നേരിട്ട് മുഖാമുഖം ധൈര്യത്തോടെ സംസാരിച്ചിരുന്ന ആളാണ് ഇപ്പോൾ മുഖം കാണാതെ സംസാരിക്കുമ്പോൾ ഒന്നും മിണ്ടാൻ കൂടി സാധിക്കാത്തത്..

മനസ്സിന്റെ കോണിൽ ഒരുദിവസം കൊണ്ട് അഖിൽ ഇടം പിടിച്ചുവോ? ഹൃദയത്തിന്റെ അടിത്തട്ടിൽ അവന്റെ സ്വരം അത്രമേൽ പ്രണയം തീർക്കുന്നുവോ?

ഒരുപാട് ചോദ്യങ്ങൾ…എല്ലാത്തിനും കൂടി ഒരു ഉത്തരം മാത്രമേ ലഭിക്കുന്നുള്ളൂ….ഒരുദിവസം കൊണ്ട് അവൻ തന്റെ ഹൃദയത്തിൽ ഇടം പിടിച്ചിരികുന്നു…

ഫോണും ചെവിയിൽ പിടിച്ചങ്ങനെ ആമി പ്രണയ ലോകത്തിലായിരുന്നു…അവളുടെ ഓരോ ചലനങ്ങളും ഹൃദയമിടിപ്പും അഖിൽ അറിയുന്നുണ്ടായിരുന്നു….

” ശുഭപ്രതീക്ഷയോടെ ശുഭരാത്രി….

വളരെ വ്യത്യസ്തമായ രീതിയിലുള്ള ശുഭരാത്രി വിഷസ് പ്രണയലോകത്തിൽ നിന്ന് കേട്ടു….ഫോൺ കട്ടായതൊന്നും അറിഞ്ഞില്ല..അതും ചെവിയോട് ചേർത്തങ്ങനെ മിഴികളടച്ചു കിടന്നു…അവൾ സ്വയം തീർത്ത മായികലോകത്തങ്ങനെ കിടക്കുമ്പോൾ നിദ്ര വിരുന്നിനെത്തി..ഒത്തിരിയൊത്തിരി വർണ്ണങ്ങളുടെ സ്വപ്നവും പ്രണയത്തിന്റെ നവ്യാനുഭവം ഒരുക്കുന്നതിനായി….

രാവിലെ ഉണരുമ്പോൾ പ്രണയമെന്ന വികാരം ഒരു അനുഭൂതിയായി ആമിയിൽ നിറഞ്ഞിരുന്നു..ഉത്സാഹവതിയായി എഴുന്നേറ്റു ഫ്രഷായി വന്ന ശേഷം ഫോൺ എടുത്തു നോക്കി….

രണ്ടു മണിക്കൂറിലേറെ കോൾ ഡൂറേഷൻ…അധികം സംസാരിച്ചില്ലെങ്കിലും ഹൃദയങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചിരിക്കുന്നു… പ്രണയത്തിന്റെ ഭാഷയിൽ…അവളിലൊരു നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു…

ഫോണിലങ്ങനെ നോക്കിയിരിക്കേ താഴെ നിന്നും അമ്മയുടെ വിളിയെത്തി….

“മോളേ….

” ദാ… വരണൂ അമ്മേ…

ഫോൺ കയ്യിലെടുത്ത് മൂളിപ്പാട്ടോടെ താഴേക്ക് സ്റ്റെയറിൽ കൂടി ഓടിയിറങ്ങി….മകളിലെ സന്തോഷം ഡൈനിങ്ങ് ടേബിളിനു മുമ്പിലിരുന്ന രവീന്ദ്രനും പത്മവും പ്രത്യേകം ശ്രദ്ധിച്ചു..പരസ്പരം ഒന്നു നോക്കിയ ശേഷം ഇരുവരുമൊന്ന് പുഞ്ചിരിച്ചു….

“അവര് പഠിക്കാനും ജോലിക്കും വിടാമെന്ന് സമ്മതിച്ചിട്ടുണ്ട്….

കഴിക്കാനുള്ള പാലപ്പവും കിഴങ്ങ് സ്റ്റൂവും എടുത്തു വെയ്ക്കുകയായിരുന്നു പത്മിനി….ആമി പൊടുന്നനെ അമ്മയെ നോക്കി…

” പപ്പക്കും അമ്മക്കും ഇഷ്ടം ആയെങ്കിൽ പിന്നെ എനിക്ക് എതിര് അഭിപ്രായമൊന്നുമില്ല….

മകളുടെ മറുപടി അവരെ സന്തോഷിപ്പിച്ചു…കഴിച്ചിട്ട് ആമി വേഗം മുറിയിലേക്ക് പോയി…

“എന്നാ പിന്നെ കണിയാരെ കണ്ട് ഡേറ്റ് തീരുമാനിക്കരുതോ…

” മുഹൂർത്തം മാത്രം നോക്കിയാൽ മതി പത്മം…അവർക്കങ്ങനെ ജാതകപ്പൊരുത്തമോ ഡിമാന്റോ ഒന്നുമില്ലല്ലോ….

“അതേ അതാ നല്ലത്.. ഇക്കാലത്ത് ആരും ജാതകവും സ്ത്രീധനവും നോക്കാറില്ല…

” അതേന്നെ…

ആ സംഭാഷണം അവിടെ നിലച്ചു….

മുറിയിലെത്തിയ ആമി വലിയ ആലോചനയിൽ ആയിരുന്നു… അഖിലിനെ വിളിക്കണമോ വേണ്ടയോന്ന് മനസ്സിൽ വടം വലി നടക്കുകയാണ്.ഇന്നലെ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.ആളെന്ത് വിചാരിച്ചു കാണും…

ഒരുപാട് ആലോചനക്ക് ഒടുവിൽ അഖിലിന് കോൾ ചെയ്തു… കുറച്ചു സമയം കഴിഞ്ഞാണ് മറുതലക്കൽ കോൾ അറ്റൻഡ് ചെയ്തത്….

“ആമീ……

ഇന്നലത്തെ പോലെ പ്രണയമധുരം നിറഞ്ഞ സ്വരം…

” ഞാൻ പ്രതീക്ഷിച്ചു രാവിലെ വിളിയുണ്ടാകുമെന്ന്…

അവൾ അത്ഭുതപ്പെട്ടു….

“അതെങ്ങനെ….

” ഇന്നലെ ഒന്നും സംസാരിച്ചില്ലല്ലോ…

“ഇന്നലെ അഖിലിന്റെ വിളി വരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ല…അതാ… ഞാൻ…

” അതങ്ങനാ ആമി… ആദ്യമായി പ്രണയം അനുഭവിക്കുമ്പോൾ നമുക്ക് ഒന്നും സംസാരിക്കാനുണ്ടാകില്ല.. പക്ഷേ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കും….

വീണ്ടും ആവാച്യമായൊരു അനുഭൂതി തന്നെ മൂടിപ്പൊതിയുന്നത് അറിഞ്ഞു…ആദ്യമായി പ്രണയിക്കുമ്പോൾ ഉണ്ടാകുന്ന അതേ അനുഭൂതി….

“അഖിൽ എനിക്കൊന്നു കൂടി കാണണമെന്നുണ്ട്… കുറച്ചു കാര്യങ്ങൾ കൂടി സംസാരിക്കാനുണ്ട്….

” എന്നാ കാണേണ്ടത്…

“ഞാനിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുവാ….അവിടേക്ക് വന്നാൽ മതി…വരുന്ന ദിവസം ഒന്നു ഫോൺ ചെയ്തു അറിയിച്ചാൽ മതി…

“OK ആമി…..

“OK”

ഫോൺ കട്ട് ചെയ്തിട്ട് ആമി ഹോസ്റ്റലിലേക്ക് പോകാനായി തയ്യാറെടുത്തു….

തുടരും

അഭിപ്രായങ്ങൾ തീർച്ചയായും പങ്കു വെയ്ക്കണേ..