രചന – ഫൗസിയ യൂസഫ്
സ്കൂള്‍ വിട്ട് വരുന്നവഴി, മുറ്റത്തേക്ക് കേറുമ്പഴേ കണ്ടു ഉമ്മറത്തിരുന്ന് മുറുക്കുന്ന ചങ്കരമ്മാമ്മയെ…. പതിവുപോലെ, ന്നെ കാത്തുള്ള ഇരിപ്പാണ്…. ദേഷ്യാണ് തോന്നിയതെങ്കിലും, പുറത്ത് കാട്ടാൻ തരമില്ലല്ലോ…. അതുകൊണ്ടൊന്നു ചിരിച്ചെന്നു വരുത്തി, ഞാൻ അകത്തേക്ക് കടക്കാൻ ഭാവിച്ചു….. “” അമ്മാമ നെന്നെ കാണാനാ കാത്തിരുന്നേ… “”” അമ്മ ഓർമിപ്പിച്ചു. “”” ആ ആലോചനേടെ കാര്യാണെങ്കി, ഞാനത് പറഞ്ഞു കഴിഞ്ഞു… നിക്ക് താല്പര്യല്ല്യാന്ന്!””” “”” ചെലേ താല്പര്യങ്ങളൊക്കെ ചെല സമയത്ത് മാറ്റിവെക്കേണ്ടി വരും…. സാഹചര്യം അങ്ങനാണല്ലോ…. ഉടുത്തൊരുങ്ങി ദിവസോം പോണു എന്നല്ലാതെ, ദിവസം തെകയ്ക്കാൻ എന്തേലും കിട്ടണുണ്ടോ നെനക്ക്?? താഴെള്ളതും ഒരു പെണ്ണാ…. അത് മറക്കണ്ട!””” ശങ്കരമ്മാമ്മ കനപ്പിച്ചു പറഞ്ഞു….
“”” കുടുംബത്തെ ബുദ്ധിമുട്ടും കഷ്ടപ്പാടും ഓർത്ത്, ഇഷ്ടല്ല്യാത്ത വേളിക്ക് സമ്മതിക്കാൻ പറ്റ്വോ അമ്മാമ്മേ?? അങ്ങനെ വിഡ്ഢിവേഷം കെട്ടണ പെൺകുട്ട്യോള് ണ്ടാവും… ന്നാലും നിക്കതിനു വയ്യ! അത് കുടുംബത്തോട് സ്നേഹം ഇല്ല്യാഞ്ഞിട്ടോ, ഇവറ്റോള് നന്നാവണത് പിടിക്കാഞ്ഞിട്ടോ അല്ല… കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും, ഇവരെ നന്നായി നോക്കാൻ ന്നെക്കൊണ്ട് പറ്റും എന്നുള്ള വിശ്വാസം എനിക്കുള്ളോണ്ടാ…. ആ ധൈര്യം എനിക്കുള്ളോണ്ടാ….. അതോണ്ട്, ഇനി ഇക്കാര്യം പറഞ്ഞോണ്ട് അമ്മാമ വരരുത്!””” അത്രയൊന്നും പറയണം എന്നു കരുതിയതല്ല… എങ്കിലും പറഞ്ഞുപോയി…. അത്രയ്ക്കായി ക്ഷമിക്കണു….. “” എന്ത് കണ്ടിട്ടാ ശാരദേ, നെന്റെ മോൾക്കിത്ര നെഗളിപ്പ്?? ഈ പഴേ തറവാടും പട്ടിണീം കണ്ടിട്ട് ആര് വരുംന്നാ ഇവളെ കെട്ടാൻ?? തന്തയുള്ളതിന്റെ കാര്യം പിന്നെ പറയാനും ഇല്ലല്ലോ… “”” പരിഹാസത്തോടെ അമ്മയെ നോക്കി അമ്മാമ പറഞ്ഞതും, അമ്മയുടെ നിറഞ്ഞ കണ്ണുകൾ താഴ്ന്നിരിക്കുന്നതും കാണെ, എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല!
“”” നെഗളിക്കാനും അഹങ്കരിക്കാനും ഒന്നൂല്ല്യ അമ്മാമേ, അമ്മാമേടെ ഈ പെങ്ങക്കും മക്കക്കും…. ന്നാലും, ഇന്നേവരെ കൈനീട്ടി ആ ഉമ്മറത്ത് വന്നിട്ടില്ല്യാലോ ഞങ്ങളാരും…? ഇനീം അതുണ്ടാവില്ല! ചത്തോ ജീവിച്ചോന്ന് അന്വേഷിച്ചില്ലെങ്കിലും വേണ്ട, ഉപദ്രവിക്കാതിരുന്നാ മതി എല്ലാരും കൂടി.. “”” അതും പറഞ്ഞ് അകത്തേക്ക് കടക്കുമ്പോൾ, അമ്മേടെ മുഖത്ത് വിരിഞ്ഞ പരിഭ്രമം ഞാൻ കാണാതിരുന്നില്ല! “” ഹും, അഷ്ടിക്ക് വക ഇല്ല്യാച്ചാലും അഹങ്കാരത്തിന് ഒട്ടും കുറവില്ല്യ…! അനുഭവിച്ചോ… എന്ത് വന്നാലും തള്ളേം മക്കളും കൂടി ഒറ്റയ്ക്കങ് അനുഭവിച്ചോ….. ഇനി ഇവിടത്തെ ഒരു കാര്യത്തിനും ഈ ശങ്കരനെ കാക്കണ്ട! “” തോളത്തുകിടന്ന മുണ്ടെടുത്തു ഒന്ന് കുടഞ്ഞോണ്ട് അമ്മാമ ഇറങ്ങിപ്പോയി….. “”” അമ്മാമ വല്ലാണ്ട് ദേഷ്യപ്പെട്ടാ പോയത്… പറഞ്ഞ് മുഷിപ്പിക്കണ്ടാരുന്നു മോളേ… “”” അമ്മ, പിന്നിലൂടെ വന്നു പറഞ്ഞു….
“”” മുഷിഞ്ഞോണ്ട് നമുക്കൊന്നും കൈമോശം വരാനില്ലാലോ അമ്മേ…. അമ്മേടെ ആങ്ങള എന്നതിനപ്പുറം ഒരു കടപ്പാടും നമ്മക്ക് ആ കുടുംബത്തോടില്ല്യ…. ഇതുവരെ ഒരു നയാപൈസേടെ ഉപകാരം ചെയ്യാത്തോണ്ട്, പെങ്ങൾക്കും മക്കൾക്കും കൊടുത്തേന് നന്ദി കാട്ടീല്ല്യാന്ന് ആരും പറഞ്ഞ് വരികേം ഇല്ല്യ…. പിന്നെന്തിനാ ഈ സങ്കടം… “”” അത്രേo പറഞ്ഞ് ഞാൻ,കുളിമുറിയിലേക്ക് നടന്നു….. കുളികഴിഞ്ഞു, പുറത്ത് വന്നപ്പോഴേക്കും ട്യൂഷനുള്ള കുട്ടികൾ ഉമ്മറത്ത് ബഹളം തുടങ്ങിയിരുന്നു…. അമ്മ, അന്നത്തിവെച്ച കാപ്പിയെടുത്ത് ഒരു കവിൾ കുടിച്ചിറക്കി വേഗം ഉമ്മറത്തേക്കോടി….. പിന്നത്തെ രണ്ടര മണിക്കൂർ അവർക്കുള്ളതാണ്! “” അച്ഛനിതുവരെ എത്തീല്ല്യല്ലോ മോളേ.. “” കുട്ട്യോളെ പറഞ്ഞുവിട്ട്, നടുവൊന്ന് നിവർത്തിയപ്പോഴാണ്, അമ്മ ആധിയോടെ മുറ്റത്തേക്ക് നോക്കി പറഞ്ഞത്…. “” അച്ഛന്റെ സമയം ആവണല്ലേള്ളൂ…. ചാഞ്ഞും ചെരിഞ്ഞും അന്തിക്ക് മുമ്പ് എത്തിയാലായി… “”” എന്ന് ദേഷ്യത്തിൽ പിറുപിറുത്തോണ്ട് ഞാൻ അകത്തേക്ക് കടന്നു….
“” ന്നെ വേളികഴിക്കാൻ സമ്മതല്ലാന്ന് തറപ്പിച്ചു പറഞ്ഞു,, ല്ലേ??”” ഇടവഴി തിരിഞ്ഞപ്പോഴായിരുന്നു മുന്നിൽ തടസ്സം സൃഷ്ടിച്ച് മുകുന്ദന്റെ ചോദ്യം… “”” കാര്യം അറിഞ്ഞൂലോ.. പിന്നെന്തിനാ ഈ വഴി തടയല്‍?? മാറിനിക്കൂ, നിക്ക് പോണം.. “”” “”പൊയ്ക്കോളൂ… പക്ഷേ,, അതിനുമുൻപ് ഒന്നെനിക്കറിയണം… എന്നെ ഒഴിവാക്കുന്നതിന്റെ കാരണം!””” മുകുന്ദന്റെ നോട്ടം എന്നിൽ മാത്രം തറഞ്ഞു നിന്നപ്പോ, എനിക്കെന്തോ വല്ലാതായി…. “”” ഇഷ്ടല്ല! നിക്ക് ഇഷ്ടല്ല… അത്രെന്നെ!”” അയാളെ വകഞ്ഞു മാറ്റി, ദേഷ്യത്തിൽ ഞാൻ മുന്നോട്ടു നടന്നു… “” അങ്ങനെ പറഞ്ഞാലൊന്നും ഈ മുകുന്ദൻ പിന്നോട്ട് പോവില്ലാട്ടോ… എനിക്കീ ഭൂമീലൊരു പെണ്ണുണ്ടെങ്കി, അതീ അംബാലികയായിരിക്കും!! അത്രയ്ക്ക് ഇഷ്ടാ എനിക്കീ കാന്താരിയെ….! “”” പിന്നീന്ന് വിളിച്ചു പറയണത് കേട്ടപ്പോ, തിരിഞ്ഞുനിന്ന് രണ്ടുവാക്ക് പറയണംന്ന് ണ്ടാർന്നു… പക്ഷേ,, വൈകിയാ ബസ് അതിന്റെ വഴിക്ക് പോവൂലോന്നോർത്ത് മറുപടി പിന്നത്തേക്ക് വെച്ച് ധൃതീല് നടന്നു….
“” നിനക്കയാളെ കല്യാണം കഴിച്ചാലെന്താ… ഇത്തിരി തല്ലുകൊള്ളിത്തരൊക്കെ ആണുങ്ങക്കൊരു അന്തസ്സല്ലെടീ… “”” രേണു പറഞ്ഞപ്പോ, സത്യത്തിലെനിക്ക് ദേഷ്യാണ് വന്നത്… “”” എങ്കിപ്പിന്നെ, അച്ഛനോട് പറഞ്ഞ് നീ അയാളെയങ് കെട്ടിക്കോ…. നിനക്കും ഇരിക്കട്ടെ ഇത്തിരി അന്തസ്സ്!””” അവളോട് കെറുവിച്ച്, ഞാൻ പുറത്തെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു…. “” ഞാനാണെങ്കി എപ്പോ സമ്മതിച്ചൂന്ന് ചോദിച്ചാപോരെ… ഇഷ്ടം പോലെ സ്വത്ത്…. കൊട്ടാരം പോലൊരു വീട്….. എന്തിനും ഏതിനും ജോലിക്കാര്‍…. ഇനി, ആരേലും നമ്മളെ ഭരിക്കാൻ വരും എന്നുള്ള പേടിയും വേണ്ട…, ആള് ഒറ്റത്തടിയാണല്ലോ… ആഹാ… എന്തൊരു സുഖമുള്ള ജീവിതായിരിക്കും.. “”” രേണു, പറഞ്ഞുകൊണ്ടേയിരുന്നു…. ഞാനവളെയൊന്ന് തുറിച്ചു നോക്കി. “” നീയിപ്പോ പറഞ്ഞില്ലേ ഒറ്റത്തടിയാന്ന്… അതെങ്ങന്യാ ഒറ്റയ്ക്കായേന്ന് അറിയോ നെനക്ക്?? കഥകള്‍ അറിയണെങ്കി, നാട്ടിലൊന്ന് അന്വേഷിച്ചാ മതി… വിസ്തരിച്ചു പറഞ്ഞ് തരും ആളോള് “” ബസ്, സ്കൂൾ ഗേറ്റിനു മുന്നിലെത്തിയിരുന്നു…. ഞാൻ ധൃതിയിൽ ഇറങ്ങി… മനസ്സ് മുഴുവൻ,, അയാളോടുള്ള വെറുപ്പ് നിറഞ്ഞു നിൽക്കുകയായിരുന്നു….! “”” അംബാലിക ടീച്ചറേ, ഒന്ന് നിൽക്കൂ ഞാനും വരുന്നു “” പിന്നീന്ന്, ശ്രീദേവി ടീച്ചറ് വിളിച്ചപ്പോഴാണ് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്…
തിരിച്ചു ചെല്ലുമ്പോ, അമ്മ പടിക്കല്‍ തന്നെ നിൽപ്പുണ്ടായിരുന്നു… “” അമ്പിളി ഇതുവരെ എത്തീട്ടില്ല!””” എന്നെ കണ്ടപാടേ അമ്മ പറഞ്ഞു. “” നേരം ഇത്രേം ആയിട്ടും അവളെത്തീലെ…?? “” ഞാൻ ചോദിച്ചു “” ഇല്ല്യ… അന്വേഷിക്കാൻ ഇഞ്ഞി ഇവിടൊന്നും ബാക്കില്ല്യ.. “” അമ്മ, ആധിയോടെ പറഞ്ഞു.. വിവരമറിഞ്ഞ് അയൽക്കാരിൽ ചിലരും അവിടെ എത്തിയിരുന്നു…. സമയം പോകുന്തോറും, ന്റെ നെഞ്ചിടിപ്പ് കൂടി വന്നു…. അച്ഛനാണെങ്കി, അന്തിസ്സേവ കഴിഞ്ഞ് ഇതുവരെ എത്തിയിട്ടില്ല! “” ഈശ്വരാ ന്റെ കുട്ടി!”” അമ്മ, കരഞ്ഞുവീർത്ത കണ്ണുകളോടെ പടിക്കലേക്കു തന്നെ ഉറ്റുനോക്കി…. “” ആരോ വരുന്നുണ്ടെന്ന് തോന്നണു “” ഞാൻ ഉമ്മറത്തൂന്ന് മുറ്റത്തേക്കിറങ്ങി… ഇരുട്ടിൽ തപ്പിത്തടഞ്ഞു വന്ന ആ രൂപം അച്ഛനായിരുന്നു! കാലുകൾ നിലത്തുറക്കാതെ, ആടിക്കുഴഞ് അച്ഛൻ, പടിക്കൽത്തന്നെ ഉരുണ്ടുവീണു…. “”” ചന്ദ്രേട്ടാ നമ്മടെ മോള് ഇതുവരെ വന്നിട്ടില്ല!””” അമ്മ, അച്ഛനരികിലിരുന്ന് പറഞ്ഞു.
“”” ഏ.. ഏത് മോള്? ആരടെ മോള്? “”” അച്ഛൻ, അവ്യക്തമായ ഭാഷയിൽ ചോദിച്ചു “”” നമ്മടെ അമ്പിളീടെ കാര്യാ പറയണേ… അവളിതുവരെ സ്കൂള്‍ വിട്ട് വന്നിട്ടില്ല! നിങ്ങളൊന്ന് ചെന്ന് അന്വേഷിക്ക് “” അമ്മ പിടച്ചിലോടെ അച്ഛനെ എഴുനേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും, അച്ഛൻ,, അമ്മേടെ കൈകൾ തട്ടിമാറ്റി… “”” അവള് പോട്ടെടീ… അവള് മാത്രല്ല നീയും പൊയ്ക്കോ… എല്ലാരും പൊയ്ക്കോ… എല്ലാരും… “”” അകത്തുചെന്ന മദ്യത്തിന്റെ ലഹരിയിൽ അച്ഛനെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു…. “”” അമ്മ ഒന്നെണീക്കണുണ്ടോ… വെളിവുള്ളപ്പോ തന്നെ മക്കളെക്കുറിച്ച് ചിന്തയില്ലാത്ത ആളോടാ, വെളിവില്ലാത്ത നേരത്ത്…”” എനിക്ക് അരിശവും സങ്കടവുമെല്ലാം കൂടി മനസ്സ് വിങ്ങിപ്പൊട്ടി…. കണ്ണുനീർ അനുവാദമില്ലാതെ കവിളിലൂടെ താഴെക്കിറങ്ങിത്തുടങ്ങി…. ഹൃദയഭാരം താങ്ങാനാവാതെ, വീടിനുള്ളിലേക്ക് തിരിച്ചുകേറാൻ തുടങ്ങുമ്പോഴാണ്,,, സ്കൂൾബാഗും നെഞ്ചോടടക്കിപ്പിടിച്ച്, കുനിഞ്ഞ ശിരസ്സോടെ ഞങ്ങൾക്കിടയിലേക്ക് അമ്പിളി കയറിവന്നത്….
“” മോളേ…!””” അമ്മയും ഞാനും അവൾക്കരികിലേക്ക് ഓടിയടുത്തു… “”” അമ്പിളി… മോളേ, നീയെവിടാരുന്നു? ഞങ്ങളെയൊക്കെ നീ തീ തീറ്റിച്ചല്ലോ മോളേ.. “” ഞാനവളെ ചേർത്ത് പിടിച്ചെങ്കിലും, അവൾ ഭയത്തോടെ ഇരുട്ടുവീണ വഴിയിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു…. “”” ന്താ മോളേ… മോളാരെയാ?? “”” ന്റെ ചോദ്യം തീരുംമുമ്പേ, ഇരുട്ടിൽനിന്നും ഒരാൾ വെളിച്ചത്തിലേക്ക് നീങ്ങിവന്നു…. എന്റെ കണ്ണുകൾ, ആ മുഖത്തെ വ്യക്തമായി ഒപ്പിയെടുത്തു… അതയാളായിരുന്നു..,, മുകുന്ദൻ !! കാത്തിരുപ്പ്……

by