മംഗല്യസൂത്രം…. 7
ആ മറുപടി കേട്ട് അല്ലി ചെറുതായി ചിരിച്ചു.
“എനിക്ക് പുസ്തകങ്ങൾ ഇഷ്ടമാണ്.” അവൾ തന്റെ കയ്യിലിരുന്ന പുസ്തകം മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു…
“അത് നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് പുസ്തകങ്ങളേക്കാൾ ഫോൺ സ്ക്രീനിനോട് സംസാരിക്കാനാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം.”
അവൾ വീണ്ടും ചിരിച്ചു.
അവൻ അവളുടെ കൈയിലെ പുസ്തകത്തിലേക്ക് നോക്കി.
“Business Management… BBA ആണോ?”
“അതെ.”
“നല്ല choice ആണ്. എന്തിനാണ് BBA തിരഞ്ഞെടുത്തത്?”
ആ ചോദ്യം കേട്ടപ്പോൾ അല്ലിയുടെ കണ്ണുകളിൽ ഒരു നിമിഷം പഴയ വേദന തെളിഞ്ഞു.
“എനിക്ക് ബിസിനസ് ഇഷ്ടമാണ്. അതുകൊണ്ടാണ്.”
“അത് മാത്രമാണോ..? ആ കണ്ണുകൾ മറ്റെന്തോ പറയുന്നത് പോലെ തോന്നുന്നു എനിക്ക്…” അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അയാൾ അത് ചോദിക്കുമ്പോൾ അവളും അറിയാതെ അയാളുടെ മുഖത്തു നോക്കി പോയിരുന്നു…
അല്ലി കുറച്ചുനേരം മിണ്ടാതെ നിന്നു.
“അതെ… ഇഷ്ട്ടമാണ്, അത്രയേ ഉള്ളൂ.”
പക്ഷെ അവളുടെ മറുപടിയിൽ എന്തോ മറച്ചുവെച്ചിരിക്കുന്നതായി അവന് തോന്നിയെങ്കിലും… അവൻ കൂടുതൽ ചോദിച്ചില്ല.
“എന്തായാലും… വെൽക്കം to കോളേജ് .” അവൻ അവളുടെ നേരെ കൈ നീട്ടി…
അല്ലി അൽപ്പം മടിച്ചിട്ട് ആണെങ്കിലും ചെറിയൊരു പുഞ്ചിരിയോടെ അവന്റെ കയ്യുമായി തന്റെ കരം ചേർത്തു….
“താങ്ക് യു …”
അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ അല്ലിയുടെ കണ്ണുകൾ അവന്റെ പിന്നാലെ പോയി.
പക്ഷേ…
അവൻ കുറച്ചുദൂരം പോയ ശേഷം തിരിഞ്ഞുനോക്കി.
“ബൈ തെ വേ … ഞാൻ ആയുഷ്.” ചിരിയോടെ അവൻ പറഞ്ഞതും ആ നുണക്കുഴികൾ വീണ്ടും കൂടുതൽ തെളിഞ്ഞു കണ്ടു…
അല്ലിയുടെ ഹൃദയം എന്തുകൊണ്ടോ ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി. ഓടിച്ചെന്ന് അവന്റെ ആ നുണക്കുഴികളിൽ തലോടാൻ അവളുടെ മനസ്സിൽ വല്ലാത്ത ആഗ്രഹം തോന്നി….
“ഞാൻ അലംകൃത…” അവളും അതെ ചിരിയോടെ മറുപടി പറഞ്ഞു…
“അലംകൃത… നല്ല പേരാണ്. പേര് പോലെ തന്നെ നല്ല ഭംഗിയുണ്ട് കാണാനും… എങ്കിൽ ഞാൻ പൊക്കോട്ടെ പിന്നെ കാണാം…” അവളുടെ മുഖത്തോടെ ഒന്നുകൂടെ കണ്ണ് ഓടിച്ചുകൊണ്ട് അവൻ പറഞ്ഞു…
അവൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“താങ്ക് യു….”
ആ ചെറിയ പരിചയം അവിടെ അവസാനിച്ചു.
അല്ലിക്ക് അപ്പോൾ അറിയില്ലായിരുന്നു… അത് അവളുടെ കോളേജ് ജീവിതത്തിലെ ഒരു സാധാരണ പരിചയം മാത്രമല്ലെന്ന്.
അടുത്ത പിരിയഡ് തുടങ്ങാനുള്ള സമയം ആയപ്പോൾ അല്ലി ക്ലാസ്സിലേക്ക് തിരികെ വന്നു.
ക്ലാസ്സിൽ എല്ലാവരും ഇരുന്നുകഴിഞ്ഞിരുന്നു.
കുറച്ചുനേരത്തിന് ശേഷം വാതിൽ കടന്ന് അകത്തേക്ക് ഒരാൾ വേഗത്തിൽ നടന്നു വന്നു.
അല്ലിയുടെ കണ്ണുകൾ ആ വ്യക്തിയിൽ പതിഞ്ഞ നിമിഷം അവളുടെ ഹൃദയം ഒന്ന് പിടഞ്ഞു.
അത് താൻ ലൈബ്രറിയിൽ വെച്ച് കണ്ട അതേ മനുഷ്യനായിരുന്നു.
ആയുഷ്…..
അവൻ ക്ലാസ്സിന്റെ മുന്നിലേക്ക് നടന്നു.
കയ്യിലുണ്ടായിരുന്ന ബുക്ക് മേശപ്പുറത്ത് വെച്ച് വിദ്യാർത്ഥികളെ നോക്കി.
“ഗുഡ് ആഫ്റ്റർനൂൺ everyone. ഞാൻ ആയുഷ്. ഞാനൊരു മലയാളി ആണ്, ഈ വർഷം നിങ്ങളുടെ ക്ലാസ്സ് ടീച്ചർ കൂടിയാണ് ഞാൻ . കൂടാതെ BBA-യിലെ ചില പ്രധാന subjects ഞാൻ തന്നെയാണ് ഹാൻഡിൽ ചെയ്യുന്നത്.” ഇംഗ്ലീഷിൽ അത്രയും പറഞ്ഞുകൊണ്ട് അവൻ ഓരോരുത്തരെയായി പരിചയപ്പെടാൻ തുടങ്ങി…
അല്ലിയുടെ കണ്ണുകൾ പതിയെ വിടർന്നു….
ലൈബ്രറിയിൽ പരിചയപ്പെട്ട ആൾ… തന്റെ അധ്യാപകനാണോ…? അവൾ അറിയാതെ അവനെ നോക്കി നിന്നു.
ഓരോരുത്തരും സ്വയം പരിചയപെടുത്തുന്നതിന് ഇടയിൽ ആയുഷിന്റെ കണ്ണുകൾ ക്ലാസ്സിലൂടെ സഞ്ചരിക്കുകയായിരുന്നു…
ഒരു നിമിഷം അവന്റെ കണ്ണുകൾ അല്ലിയുടേയും കണ്ണുകളുമായി കൂട്ടിമുട്ടി. തേടിയത് കണ്ടതുപോലെ അവൻ ഒരു നിമിഷം അവളെ നോക്കി…
അവൾ പെട്ടെന്ന് നോട്ടം മാറ്റി.
എന്തുകൊണ്ടാണ് തന്റെ ഹൃദയം ഇത്രയും വേഗത്തിൽ മിടിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.
അത് വെറും അപരിചിതനായ ഒരാളോടുള്ള കൗതുകമായിരുന്നോ…
അതോ… ആദ്യമായി ആരെങ്കിലും തന്നെ നിയന്ത്രിക്കാതെ, തന്റെ ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച ആ ചെറിയ പരിഗണനയുടെ സന്തോഷമായിരുന്നോ…
അവൾക്കുതന്നെ അറിയില്ലായിരുന്നു.
പക്ഷേ… ആ നിമിഷം അവളുടെ മനസ്സിന്റെ ഏതോ കോണിൽ ഒരു ചെറിയ വികാരം മുളച്ചിരുന്നു.
വളരെ ചെറുതായൊരു വികാരം. പേരിടാൻ കഴിയാത്തത്ര ചെറുത്.. പക്ഷേ അവഗണിക്കാൻ കഴിയാത്തത്ര വ്യക്തം.
എന്നാൽ അവൾ ഉടൻ തന്നെ അമ്മയുടെ വാക്കുകൾ ഓർത്തു.
“കോളേജിൽ വെച്ച് ഒരു ആൺകുട്ടിയുമായും സൗഹൃദം പോലും പാടില്ല.”
അവളുടെ മനസ്സ് പെട്ടെന്ന് പിന്നോട്ട് വലിഞ്ഞു.
“ഇല്ല… ഇത് പാടില്ല.” അവൾ തന്റെ പുസ്തകം തുറന്നു. പേന കൈയിലെടുത്തു.
പക്ഷേ…
പുസ്തകത്തിലെ അക്ഷരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
കാരണം… ആദ്യമായി അവളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു പരിചയമില്ലാത്ത മനുഷ്യന്റെ ശബ്ദം… അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
അല്ലിയും അവളെ സ്വയം പരിചയപ്പെടുത്തി… എന്നാൽ അപ്പോഴൊന്നും ആയുഷ് നേരത്തെ കണ്ട പരിചിത ഭാവം കാണിക്കാത്തത് അവൾക്ക് ആശ്വാസകരം ആയിരുന്നു… കാരണം ഈ കോളേജിൽ താൻ പലരുടെയും നിരീക്ഷണത്തിൽ ആണെന്ന് അവൾക്ക് അറിയാമായിരുന്നു….
……..
അതേസമയം…
നഗരത്തിന്റെ മറ്റൊരു ഭാഗത്ത്… Emerald Attire-ന്റെ വലിയ ഫാഷൻ ഷോയ്ക്കുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയായിരുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മോഡലുകളും ഡിസൈനർമാരും എത്തിത്തുടങ്ങിയിരുന്നു.
അവരുടെ ഇടയിൽ ഇഷാനിയും ഉണ്ടായിരുന്നു.
അവൾ കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് തന്റെ രൂപം നോക്കി.
ആ സമയം കൈലാസ് മറ്റൊരു പ്രധാന മീറ്റിംഗിലായിരുന്നു.
അവൾ ബാഗിൽ നിന്ന് എന്തോ ചെറിയൊരു വസ്തു പുറത്തെടുത്തു. ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം അവൾ അത് കൈയിൽ മുറുകെ പിടിച്ചു.
അവളുടെ മുഖത്ത് ഒരു നിമിഷം ആശങ്ക തെളിഞ്ഞു.
പിന്നെ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നതുപോലെ കണ്ണുകൾ അടച്ചു.
“എനിക്ക് ഈ ഷോ പെർഫെക്ട് ആക്കണം… എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാവാൻ പാടില്ല, ഇതിനെങ്ങാനും തോറ്റാൽ പിന്നെ ഒരിക്കലും എന്റെ ആഗ്രഹങ്ങൾ എനിക്ക് നടത്താൻ പറ്റില്ല… അതിന് എന്റെ മുൻപിൽ വേറെ വഴിയില്ല…” അവൾ സ്വയം പറഞ്ഞു.
അവൾ ആ ബോട്ടിലിൽ നിന്ന് ഒരു ചെറിയ പൊടി തന്റെ കൈയിലേക്ക് തട്ടി… ചുറ്റിനും ആരും ഇല്ലന്ന് ഒന്നുകൂടെ ഉറപ്പാക്കിയ ശേഷം അത് മൂക്കിലൂടെ വലിച്ചു…
ഒരു നിമിഷം അവൾക്ക് നിന്നിടത്ത് നിന്ന് അനങ്ങാൻ കഴിഞ്ഞില്ല… ഈ ലോകത്ത് നിന്ന് മറ്റെവിടെക്കോ പാറി പറന്നു പോകുന്നത് പോലെയായിരുന്നു അവളുടെ ഉപബോധമനസ്സ്…
കൈലാസ് ഇഷാനിയുടെ ഈ പ്രവർത്തി ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവൻ വിശ്വസിച്ചിരുന്ന പെണ്ണിന്റെ ജീവിതത്തിൽ താൻ പോലും അറിയാത്ത ഒരു വലിയ ചതി ഉണ്ടായിരുന്നുവെന്ന് അവന് ഒരു ഊഹവും ഉണ്ടായിരുന്നില്ല…
കൈലാസ് ഇതറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന വിപത്ത് ഇഷാനിക്ക് നല്ലതുപോലെ അറിയാമായിരുന്നെങ്കിലും തന്റെ കരിയർ ഉന്നതിയിൽ എത്തിക്കാൻ എന്ത് തെറ്റും ചെയ്യാൻ അവൾക്ക് മടി ഇല്ലായിരുന്നു…
ആ സമയത്ത് തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന കൈലാസിനെപ്പറ്റിപോലും അവൾ ചിന്തിച്ചിരുന്നില്ല….
………
ആ ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അല്ലിയുടെ മനസ്സ് വിചിത്രമായൊരു അവസ്ഥയിലായിരുന്നു.
പുറത്തെ നഗരത്തിരക്കിലേക്ക് നോക്കി കാറിന്റെ ചില്ലിനരികിൽ ചാരിയിരിക്കുകയായിരുന്നു അവൾ. തനിക്ക് കോളേജിലേക്ക് പോകാനും വരാനും മിത്ര അവൾക്കായി പേർസണൽ ഡ്രൈവറിനെ വരെ ആക്കിയിരുന്നു.
മുംബൈയിലെ റോഡുകളിലൂടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ… ഫുട്പാത്തിലൂടെ തിരക്കിട്ട് നടക്കുന്ന മനുഷ്യർ… റോഡരികിലെ ചെറിയ കടകൾ… വലിയ കെട്ടിടങ്ങൾ… എല്ലാം അവൾ കൗതുകത്തോടെ തന്നെ നോക്കുന്നുണ്ടായിരുന്നു.
പക്ഷേ… അവളുടെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല.
അത് വീണ്ടും വീണ്ടും തിരികെ പോകുന്നത് കോളേജിലെ ആ ലൈബ്രറിയിലേക്കായിരുന്നു.
“അലംകൃത… നല്ല പേരാണ്.”
ആ വാക്കുകൾ എന്തുകൊണ്ടാണ് ഇത്രയും വ്യക്തമായി ഓർമ്മയിൽ നിൽക്കുന്നതെന്ന് അവൾക്ക് തന്നെ മനസ്സിലായില്ല.
അല്ലി പതിയെ കണ്ണുകൾ അടച്ചു. ആയുഷിന്റെ മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞു.
അവന്റെ ചിരി… ആ നുണക്കുഴികൾ… സംസാരിക്കുമ്പോൾ അവളുടെ കണ്ണുകളിലേക്ക് മാത്രം നോക്കുന്ന രീതി…. എല്ലാത്തിനുമുപരി… അവൻ അവളോട് സംസാരിച്ചപ്പോൾ അവൾക്ക് തോന്നിയ ആ ഒരു പ്രത്യേക അനുഭവം.
ആദ്യമായി അവളുടെ മനസ്സിൽ മറ്റാരോടും തോന്നാത്ത ഒരു മൃതുല വികാരം പൊട്ടി മുളച്ചിരുന്നു…
അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു.
“എന്തൊക്കെയാ ഞാൻ ഈ ചിന്തിക്കുന്നത്…?” അവൾ സ്വയം പതിയെ ശാസിച്ചു. അമ്മയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. അതോടൊപ്പം അമ്മയുടെ ശബ്ദവും…
“കോളേജിൽ വെച്ച് ഒരു ആൺകുട്ടിയുമായും സൗഹൃദം പോലും പാടില്ല.”
അല്ലി പതിയെ നെടുവീർപ്പിട്ടു.
“ആയുഷ് സാർ ഒരു അധ്യാപകനാണ്… അത്രയേ ഉള്ളൂ. അത്രയേ പാടുള്ളു.. മറ്റൊരു കണ്ണിൽ സാറിനെ കാണാൻ പാടില്ല, അമ്മ അറിഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാലോ, പഠിപ്പിക്കുന്ന മാഷിനെ ഇഷ്ട്ടപ്പെട്ടു എന്നൊരു ചീത്തപ്പേര് കേൾപ്പിച്ചാൽ അമ്മ അത് ഒരിക്കലും പൊറുക്കില്ല.” അവൾ സ്വയം പറഞ്ഞു.
പക്ഷേ… മനസ്സിനോട് ചില കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചാൽ പോലും അത് സാധിക്കുമെന്ന് ഉറപ്പില്ലല്ലോ….
വീട്ടിലെത്തിയപ്പോൾ നിർമ്മല അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാലിന് വയ്യാത്തതിനാൽ അവർ കുറച്ചു ദിവസങ്ങളായി ലീവിൽ ആയിരുന്നു…
അല്ലി കാറിൽ നിന്ന് ഇറങ്ങി ബാഗ് തോളിലിട്ടുകൊണ്ട് മുകളിലേക്ക് കയറി… നിർമല നിൽക്കുന്നത് അവൾ കണ്ടില്ലായിരുന്നു… ഡോർ തുറക്കാൻ നിക്കുന്നതിനിടയിലാണ് നിർമ്മല അവളുടെ അടുത്തേക്ക് വന്നത്.
“അല്ലി… ആദ്യത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു മോളെ? കോളേജ് ഇഷ്ടപ്പെട്ടോ? ആരെയെങ്കിലും പരിചയപ്പെട്ടോ?” അല്ലി ഒരു നിമിഷം നിശ്ശബ്ദയായി.
അവളുടെ മനസ്സിലേക്ക് റിഷിയോ മറ്റേതെങ്കിലും വിദ്യാർത്ഥിയോ വന്നില്ല.
ആയുഷ് മാത്രമാണ് വന്നത്. അവൾ പെട്ടെന്ന് ആ ചിന്ത മാറ്റി.
“കോളേജ് കൊള്ളാം ആന്റി… എല്ലാവരും നല്ലതായിരുന്നു. കുറച്ച് പേരോട് സംസാരിച്ചു.”
“ക്ലാസ്സ് എങ്ങനെയുണ്ടായിരുന്നു?”
“നന്നായിരുന്നു.”
“അവിടെ ആരെങ്കിലും ബുദ്ധിമുട്ടിച്ചോ? എന്തെങ്കിലും പ്രശ്നമുണ്ടായോ?”
നിർമ്മലയുടെ ചോദ്യങ്ങളിൽ സ്നേഹത്തേക്കാൾ താൻ എന്താണ് പറയുന്നതെന്ന് കേൾക്കാനുള്ള വ്യഗ്രത കൂടുതലാണെന്ന് അല്ലിക്ക് തോന്നി.
അവൾ ചെറുതായി ചിരിച്ചു.
“ഇല്ല ആന്റി… ഒരു പ്രശ്നവുമില്ല. അമ്മ പേടിക്കുന്നതുപോലെ ഒന്നും അവിടെ നടക്കുന്നില്ല.”
നിർമ്മല അവളുടെ മുഖത്തേക്ക് നോക്കി.
“നിന്റെ അമ്മ പേടിക്കുന്നത് എന്താണെന്ന് നിനക്ക് അറിയാമല്ലോ മോളെ…”
അല്ലിയുടെ ചിരി പതിയെ മാഞ്ഞു.
“അറിയാം.”
“അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.”
“അതും എനിക്കറിയാം… അമ്മ എല്ലാം എന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നത് എന്ന് അല്ലെ…?”
നിർമ്മല ചെറു ചിരിയോടെ തലയാട്ടി… അല്ലി ഒരു നിമിഷം നിശ്ശബ്ദയായി നിന്ന ശേഷം തന്റെ ഫ്ലാറ്റിലേക്ക് പോകാനായി തിരിഞ്ഞു.
“അല്ലി…”പക്ഷേ നിർമ്മല വീണ്ടും വിളിച്ചു.
അവൾ തിരിഞ്ഞുനോക്കി. അവരുടെ മുഖത്തെ സംശയ ഭാവം കണ്ടപ്പോൾ അവളുടെ ചങ്ക് പിടഞ്ഞു. താൻ സാറിനോട് സംസാരിക്കുന്നത് ആരെങ്കിലും കണ്ടിട്ട് അത് തെറ്റായ രീതിയിൽ ആന്റിയോട് പറഞ്ഞോ എന്നായിരുന്നു അവളുടെ മനസ്സ് അപ്പോൾ ചിന്തിച്ചത്…
“എന്താ ആന്റി?” ഉള്ളിൽ കുന്ന് കൂടിയ ഭയത്തോടെ അവൾ അവരുടെ നേരെ തിരിഞ്ഞു…
തുടരും… 🧡



