അലൈപ്പായുതേ…. 8

ഭാഗം എട്ട്

ഡെസ്കിൽ ഇരുന്ന് അന്നത്തെ ഫയലുകൾ ക്രമീകരിക്കുന്നതിനിടയിലാണ് എലിവേറ്ററിന്റെ വാതിലുകൾ തുറന്നത്.
കറുത്ത ഫോർമൽ പാന്റ്സും, ഇളം നീല ഷർട്ടും അണിഞ്ഞ് ധ്രുവ് കാർത്തിക് ഗാംഭീര്യത്തോടെ പുറത്തേക്കിറങ്ങി വന്നു. അവൻറെ കയ്യിൽ പതിവുപോലെ സിൽവർ ബ്രീഫ്കേസ് ഉണ്ടായിരുന്നു. മുഖത്ത് അതേ കഠിനമായ ഗൗരവം.

ധ്രുവ് തൻറെ കേബിനിലേക്ക് നടക്കുമ്പോൾ നക്ഷത്ര എഴുന്നേറ്റ് ബഹുമാനത്തോടെ നിന്നു.

“ഗുഡ് മോർണിംഗ് സാർ…”
ധ്രുവ് തൻറെ ചുവടുകൾ ഒന്നു നിർത്തി. അവൻ അവളുടെ ശബ്ദം കേട്ട് പതിയെ തിരിഞ്ഞു നോക്കി.

ഒരു നിമിഷം… ധ്രുവിന്റെ കണ്ണുകൾ അവിടെ തറഞ്ഞുനിന്നുപോയി!
ഇളം നീല നിറത്തിലുള്ള അനാർക്കലിയിൽ,  തെളിഞ്ഞ ആകാശം പോലെ നിൽക്കുന്ന നക്ഷത്ര! വശങ്ങളിലേക്ക് മനോഹരമായി ഒതുക്കിയിട്ട കറുത്ത തലമുടിയും, നെറ്റിയിലെ കുഞ്ഞു പൊട്ടും, നിഷ്കളങ്കമായ ആ ഭാവവും…
അവളെ ആ വസ്ത്രത്തിൽ കണ്ടപ്പോൾ ധ്രുവിന്റെ ഉള്ളിൽ അറിയാത്തൊരു ചലനമുണ്ടായി.

ഒരു രാജകുമാരിയുടെ പ്രൗടിയോടെ തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ അവൻ കണ്ടു. അവന്റെ കണ്ണുകൾ അവളുടെ ആകാരവടിവിലൂടെയും സുന്ദരമായ മുഖത്തിലൂടെയും കടന്നുപോയി. ആപ്പിൽ പോലെ ചുവന്ന അവളുടെ കവിളുകൾ കണ്ടാൽ ആർക്കുമൊന്ന് അമർത്തി ചുംബിക്കാൻ തോന്നും. ഒരു കുരുപോലും ഇല്ലാത്ത മൃദുലമായ അവളുടെ മുഖം കണ്ടാൽ ആ സൗന്ദര്യം ആരുമൊന്ന് കൊതിക്കും. പ്രഗത്ഭനായ ഏതോ ഒരു ശിൽപ്പി പുണ്യമായ വെള്ളാരം കല്ലിൽ കൊത്തിവെച്ച ദേവതയുടെ ശിൽപ്പം പോലെയായിരുന്നു നക്ഷത്ര അപ്പോൾ. പേര് പോലെത്തന്നെ തിളങ്ങുന്ന ഒരു നക്ഷത്രം തന്നെയാണ് അവളെന്ന് ധ്രുവിന് തോന്നിപ്പോയി.

നെഞ്ചിലെ മിടിപ്പ് ചെറുതായി തടഞ്ഞു നിർത്തി അവൻ സ്വന്തം വികാരങ്ങളെ ഉള്ളിലൊതുക്കാൻ പാടുപെട്ടു.
‘വാട്ട് ദ ഹെൽ ധ്രുവ്! നീ എന്താ ഈ നോക്കുന്നത്? അവള് നിന്റെ പി എ ആണ്, അല്ലാതെ കാമുകി അല്ല…’ അവന്റെ മനസ്സ് അവനെ കുറ്റപ്പെടുത്തി.
പെട്ടെന്ന് തൻറെ ഭാവങ്ങൾ മറച്ചുവെച്ച്, പുരികങ്ങൾ ചുളിച്ച് അവൻ ഗൗരവത്തോടെ ചോദിച്ചു.

“ഇന്ന് എന്താ വല്ല ഫങ്ഷനും ഉണ്ടോ ഇവിടെ? ഓഫീസിൽ ജോലി ചെയ്യാനാണോ അതോ ഫാഷൻ ഷോയ്ക്ക് ആണോ താൻ വന്നത്?” അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ നക്ഷത്രയുടെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു. അവൾ ഭയത്തോടെ തൻറെ ദുപ്പട്ട ഒന്നുകൂടി ഒതുക്കിയിട്ടു.

“സ… സാർ… അത്… ഞാൻ..” അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവളുടെ ചുണ്ടുകൾ ഭയത്താൽ വിറച്ചു.

“എനിക്ക് തന്റെ നോൺസെൻ ഒന്നും കേൾക്കേണ്ട. പത്തു മണിക്ക് ബോർഡ് റൂമിൽ ഡയറക്ടർമാരുടെ മീറ്റിംഗ് ഉണ്ട്. അതിനുള്ള ഫയലുകൾ റെഡിയാക്കി എന്റെ കേബിനിലേക്ക് വരൂ.”
ഒരു നിമിഷം പോലും നിൽക്കാതെ അവൻ കേബിനുള്ളിലേക്ക് കയറി വാതിൽ അടച്ചു.

കേബിനുള്ളിലെത്തിയ ധ്രുവ് കസേരയിലേക്ക് തളർന്നിരുന്നു. അവൻറെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ടായിരുന്നു. അവൻ ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ അഴിച്ച് ഒരു ദീർഘനിശ്വാസമയച്ചു.

“ഛെ! എനിക്ക് എന്താ പറ്റുന്നത്? ഒരു പെൺകുട്ടിയെ കണ്ടപ്പോൾ എന്തിനാ ഞാൻ ഇത്രത്തോളം അസ്വസ്ഥനാകുന്നത്? നക്ഷത്ര… അവൾ എന്റെ പി.എ മാത്രമാണ്. അത്രമാത്രം!”
അവൻ സ്വയം മനസ്സിൽ തറപ്പിച്ചു പറഞ്ഞു. എങ്കിലും തൻറെ കണ്ണുകൾക്ക് മുന്നിൽ തങ്ങിനിന്ന ആ ഇളം നീല അനാർക്കലിയുടെ ശോഭ മായ്ച്ചുകളയാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. പിന്നീടാണ് താനും അവളും ഒരേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത് എന്ന കാര്യം അവന് മനസ്സിലായത്. ഇളം നീല ഷർട്ട് ആയിരുന്നു ധ്രുവിന്റേത്, അതെ ഷേഡിൽ ഉള്ള അനാർക്കലി ആണ് നക്ഷത്ര ഇട്ടിരുന്നത്.

” അത് വെറുമൊരു കോയ്ൻസിഡൻസ് മാത്രമാണ് അതിൽ കൂടുതൽ ഒന്നും ചിന്തിക്കേണ്ട, ധ്രുവ് നീ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു, ജോലിയിലേക്ക് ശ്രദ്ധ കൊണ്ടുവാ ബാക്കിയൊക്കെ പിന്നെ ” അവൻ നിർബന്ധപൂർവ്വം ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു.

……

അതേസമയം, പാലാരിവട്ടത്തുള്ള ‘വർമ്മ ബിൽഡേഴ്‌സ്’ എന്ന കൂറ്റൻ കെട്ടിടത്തിന്റെ ടോപ്പ് ഫ്ലോറിലിരുന്ന് പുകച്ചുരുളുകൾ വിട്ടുകൊണ്ടിരിക്കുകയായിരുന്നു വിക്രം വർമ്മ.
കൊച്ചിയിലെ പ്രമുഖ ബിസിനസുകാരനും കൈലാസ് ഗ്രൂപ്പിന്റെ പ്രധാന ശത്രുവുമാണ് വിക്രം. കാണാൻ ഭംഗിയുള്ള രൂപമാണെങ്കിലും, അതിനുള്ളിൽ തികഞ്ഞ വഞ്ചനയും ക്രൂരതയും ഒളിപ്പിച്ചുവെച്ചിരിക്കുന്ന മനുഷ്യൻ. കുറ്റകൃത്യങ്ങളിലൂടെയും ബിസിനസ്സ് ചതികളിലൂടെയുമാണ് അയാൾ തൻറെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

തൻറെ മേശപ്പുറത്തിരുന്ന ഫോൺ എടുത്തു വിക്രം തൻറെ പ്രൈവറ്റ് അസിസ്റ്റന്റിനെ വിളിച്ചു.

“ഡാ… ആ ധ്രുവ് കാർത്തിക്കിന്റെ പുതിയ പി.എയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയോ?”

“കിട്ടി സാർ. പാലക്കാട്ടുകാരിയാണ്. പേര് നക്ഷത്ര ശിവദാസ്. കുടുംബ പശ്ചാത്തലം വളരെ സാധാരണമാണ്. അച്ഛനും അമ്മയുമൊക്കെ പണ്ടേ മരിച്ചു. സഹോദരങ്ങൾ ആരുമില്ല. വലിയ ബിസിനസ്സ് പശ്ചാത്തലമൊന്നുമില്ല. പിന്നെ നല്ല മാർക്കോടെ ആണ് പാസ്സ് ആയത്.”
വിക്രം തൻറെ ചുണ്ടിൽ ഒരു ദുരൂഹമായ പുഞ്ചിരി വരുത്തി.

“അപ്പോൾ ധ്രുവിന് ഏറ്റവും അടുത്ത ഒരാൾ… ഒരു പാവം നാട്ടിൻപുറത്തുകാരി! കൊള്ളാം. ധ്രുവിനെ തകർക്കാൻ എനിക്ക് ഇതൊരു വലിയ ആയുധമാക്കാം. ഒപ്പം ആ സൗന്ദര്യം… അത് എനിക്ക് സ്വന്തമാക്കുകയും ചെയ്യാം.”
വിക്രം തൻറെ കോട്ട് ധരിച്ച് എഴുന്നേറ്റു.

“വണ്ടി എടുക്കടാ… നമുക്ക് കൈലാസ് ഗ്രൂപ്പ് വരെ ഒന്ന് പോകണം. ധ്രുവ് കാർത്തിക്കിനെ നേരിട്ടൊന്ന് കാണാൻ സമയം ആയിരിക്കുന്നു!”

…..

പതിനൊന്നു മണിയായപ്പോഴേക്കും ഓഫീസിലെ മീറ്റിംഗുകൾ എല്ലാം കഴിഞ്ഞിരുന്നു.
നക്ഷത്ര തൻറെ ഡെസ്കിലിരുന്ന് അടുത്ത ആഴ്ചയിലെ ഷെഡ്യൂൾ ക്രമീകരിക്കുകയായിരുന്നു. ധ്രുവ് കേബിനുള്ളിൽ ചില ബിസിനസ്സ് ഫയലുകൾ പരിശോധിക്കുകയായിരുന്നു.

പെട്ടെന്നാണ് ആ നിലയിലാകെ ഒരു അസ്വാഭാവികമായ ചലനം ഉണ്ടായത്.
കറുത്ത സ്യൂട്ട് ധരിച്ച നാലഞ്ച് ആൾക്കാരോടൊപ്പം വിക്രം വർമ്മ എലിവേറ്ററിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. അയാളുടെ കണ്ണുകളിൽ ഒരുതരം അഹങ്കാരവും പൈശാചികതയും തിളങ്ങുന്നുണ്ടായിരുന്നു.

നേരെ നടന്നു വന്ന വിക്രം, ഡെസ്കിലിരിക്കുന്ന നക്ഷത്രയുടെ മുന്നിൽ വന്ന് നിന്നു…

അയാളുടെ ദൃഷ്ടി നക്ഷത്രയുടെ നിഷ്കളങ്കമായ മുഖത്തു പതിഞ്ഞു. അയാളുടെ കണ്ണുകളിൽ കാമം തുളുമ്പുന്ന ഒരു വിചിത്രമായ ഭാവം തെളിഞ്ഞു.

“വൗ! ആരാ ഇത്?” വിക്രം തൻറെ സൺഗ്ലാസ് മാറ്റി അവളെ നോക്കി ആസ്വദിച്ചു പറഞ്ഞു. “ധ്രുവ് കാർത്തിക് കേബിനിൽ ഇത്രയും മനോഹരിയായ ഒരു വസ്തുവിനെയാണോ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്? ഓഹ് മൈ സ്വീറ്റ് ഹാർട്ട്, യു ആർ സോ ഹോട്ട്, ഐ ലൈക് ഇറ്റ്…”
വിക്രം മേശപ്പുറത്തേക്ക് കൈകൾ ഊന്നി നക്ഷത്രയുടെ അടുത്തേക്ക് ആഞ്ഞു.

നക്ഷത്ര ഭയന്നുപോയി. അവൾ പെട്ടെന്ന് കസേരയിൽ നിന്നും എഴുന്നേറ്റ് പിന്നോട്ട് മാറി. “നി… നിങ്ങൾ ആരാണ്? ബോസ്സിനെ കാണണമെങ്കിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് വേണം.”

“അപ്പോയിന്റ്മെന്റോ?” വിക്രം ഉറക്കെ അലറി ചിരിച്ചു. “എനിക്ക് അപ്പോയിന്റ്മെന്റിന്റെ ആവശ്യമില്ല മോളേ. ഞാൻ വിക്രം വർമ്മയാണ്. ഈ നഗരം ഭരിക്കുന്ന വർമ്മ! താൻ എന്തിനാ എന്നെ കണ്ടു പേടിക്കുന്നത്? ധ്രുവിനെപ്പോലൊരു രാക്ഷസന്റെ കൂടെ ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് എന്റെ കൂടെ വരുന്നതാണ്. നിനക്ക് ഞാൻ എന്ത് വേണമെങ്കിലും തരാം…”
വിക്രം തൻറെ കൈ നീട്ടി നക്ഷത്രയുടെ തോളിൽ തൊടാനായി തുനിഞ്ഞു!

“കൈ എടുക്കടാ പന്ന പന്നീ…!!!”
ഇടിമിന്നൽ പോലെ ഒരു അലർച്ച കേബിനുള്ളിൽ നിന്നും പുറത്തുവന്നു!

അടുത്ത നിമിഷം കേബിന്റെ ഗ്ലാസ് വാതിൽ ബലമായി തുറന്നുകൊണ്ട് ധ്രുവ് കാർത്തിക് പുറത്തേക്ക് പാഞ്ഞടുത്തു! അവൻറെ കടും കാപ്പി കണ്ണുകളിൽ ചോരപ്പോരാട്ടത്തിന്റെ കനലുകൾ എരിയുന്നുണ്ടായിരുന്നു.
വന്ന വേഗത്തിൽ ധ്രുവ് വിക്രമിന്റെ നീട്ടിയ കയ്യിൽ പിടിച്ച് തിരിച്ചു!

“ആഹ്ഹ്ഹ്!” വിക്രം വേദനകൊണ്ട് അലറിപ്പോയി.
ധ്രുവ് അവനെ ഒരൊറ്റ തള്ളലിന് പിന്നിലേക്ക് ആക്കി. വിക്രമിന്റെ കൂടെ വന്ന ഗുണ്ടകൾ മുന്നോട്ട് വരാൻ നോക്കിയെങ്കിലും, ധ്രുവിന്റെ ഭയപ്പെടുത്തുന്ന ഭാവം കണ്ടതും അവർ അവിടെത്തന്നെ തറഞ്ഞുനിന്നുപോയി.

ധ്രുവ് നക്ഷത്രയുടെ മുന്നിലേക്ക് കയറി നിന്നു. അവനെ ഒരു കോട്ട പോലെ തനിക്ക് മുന്നിൽ കണ്ടതും നക്ഷത്രയുടെ വിറയ്ക്കുന്ന ഹൃദയത്തിന് വലിയൊരു ആശ്വാസം തോന്നി. അവൾ അവൻറെ ഷർട്ടിന്റെ പിന്നിൽ ഒളിച്ചു നിന്നു.

“എടാ ധ്രുവേ..!” വിക്രം തൻറെ കൈ തിരുമ്മി കൊണ്ട് ദേഷ്യത്തോടെ അലറി. “എന്റെ മേലെ നീ കൈവെക്കുന്നോ? അത്രക്ക് ധൈര്യം ഒക്കെ നിനക്ക് വന്നോ?”

ധ്രുവ് തൻറെ ഷർട്ടിന്റെ കൈകൾ സാവധാനം മുകളിലേക്ക് മടക്കിവെച്ചു. അവൻറെ മുഖത്ത് ഒരു ക്രൂരമായ പുഞ്ചിരി തെളിഞ്ഞു.

“തൊട്ടുപോരുത് വിക്രം…” ധ്രുവ് താഴ്ന്ന, എന്നാൽ ഭയപ്പെടുത്തുന്ന സ്വരത്തിൽ പറഞ്ഞു. “ഇത് ധ്രുവ് കാർത്തിക്കിന്റെ സാമ്രാജ്യമാണ്. ഇവിടെ കയറിവന്ന് എന്റെ അനുവാദമില്ലാതെ ഒരു പെൺകുട്ടിയുടെ നേരെ കൈനീട്ടാൻ നീ വളർന്നിട്ടില്ല!” അവൻ വിക്രത്തിന്റെ നേരെ കൈ ചൂണ്ടി…

“വളർന്നോ ഇല്ലയോ എന്ന് ഇനി നീ കാണാൻ കിടക്കുന്നേയുള്ളൂ ധ്രുവ്!” വിക്രം ഭീഷണിപ്പെടുത്തി. “വരാൻ പോകുന്ന സ്മാർട്ട് സിറ്റി പ്രൊജക്റ്റിന്റെ ടെൻഡർ ഞാൻ കൊണ്ടുപോകും. നിന്റെ ഈ കൈലാസ് ഗ്രൂപ്പ്‌ ഞാൻ വഴിയാധാരമാക്കും! പിന്നെ… ഇതാ നിൽക്കുന്ന ഈ പെൺകുട്ടി…” വിക്രം നക്ഷത്രയ്ക്ക് നേരെ വിരൽ ചൂണ്ടി, “ഇവളെ ഞാൻ എന്റെ കൂടെ കൊണ്ടുപോകും. അത് തടയാൻ നിനക്കാവില്ല!”

തുടരും…

Similar Posts

Leave a Reply