രചന – ജിഫ്ന നിസാർ
എന്താ ജിത്തേട്ട.. സർപ്രൈസ്.. അതൊന്ന് പറഞ്ഞു താ എനിക്ക്.. ഞാൻ എത്ര നേരമായി ചോദിക്കുന്നു.. ”
ദച്ചു വീണ്ടും അവന്റെ മുന്നിൽ കയറി നിന്നു കൊണ്ട് ചോദിച്ചു..
“സർപ്രൈസ് ആരെങ്കിലും മുൻകൂട്ടി പറയുവോടി.. നമ്മൾ പോവല്ലേ.. നീ അങ്ങോട്ട് മാറി നിൽക്ക്.. ഞാൻ റെഡിയാവട്ടെ ”
സൂര്യ അവളെ പിടിച്ചു മാറ്റി കൊണ്ട് വീണ്ടും കണ്ണാടിക്ക് മുന്നിൽ കയറി നിന്നു..
ഓഫീസിൽ നിന്നും ഇറങ്ങും മുന്നേ അവൻ ദച്ചുവിനെ വിളിച്ചു പറഞ്ഞിരുന്നു.. റെഡിയായി നിൽക്കാൻ.. ഒരിടം വരെയും പോവാൻ ഉണ്ടെന്ന്..
വന്നപ്പോൾ മുതൽ ദച്ചു കാര്യം അന്വേഷിച്ചു നടക്കുന്നുണ്ട്..
അവൻ പക്ഷെ സർപ്രൈസ് ആണെന്ന് പറഞ്ഞിട്ട്…. അവളെ വട്ട് കളിപ്പിച്ചു..
കുറെ കലിപ്പിട്ടും.. പിന്നെ കുറെ കൊഞ്ചി നടന്നിട്ടും അവൻ പിടി കൊടുത്തില്ല..
വാ…
ഒടുവിൽ ഒരുങ്ങി കഴിഞ്ഞു… സൂര്യ ബൈക്കിന്റെ കീയും പോക്കറ്റിൽ തിരുകി അവളെ വിളിച്ചു..
വീർപ്പിച്ചു പിടിച്ച മുഖം കണ്ടിട്ട് അവന്റെ മുഖം നിറയെ ഒരു ചിരിയുണ്ട്..
“നീ ഏറെ ആഗ്രഹിക്കുന്ന ഒരിടം വരെയും പോകുന്നു.. മുഖം വീർപ്പിച്ചു പിടിച്ചു അതിന്റെ രസം കളയാതെ പെണ്ണെ.. നല്ല മിടുക്കി കുട്ടിയായി വാ ”
വലിച്ചു കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ സൂര്യ പറയുമ്പോൾ ആ മുഖം തെളിഞ്ഞു തുടങ്ങി..
താഴെ അവരെല്ലാം ഉണ്ടായിരുന്നു..
പോയിട്ട് വരാം ”
എല്ലാവരോടും ആയിട്ട് സൂര്യ പറയുമ്പോൾ അവരെല്ലാം തലയാട്ടി..
“ഇന്നിനി മടങ്ങുമോ സൂര്യ..”
ഇന്ദ്രൻ ചോദിച്ചു…
“നാളെ രാവിലെ..”
ദച്ചുവിനെ ഒന്ന് നോക്കിയിട്ട് സൂര്യ ചിരിച്ചു കൊണ്ട് പറഞ്ഞു..
സൂര്യ മുന്നോട്ടു നടന്നപ്പോൾ ദച്ചു ഓടി കാവ്യയുടെയും ദേവിന്റെയും അരികിൽ വന്നു…
“എവിടെ പോകുവാ എന്നറിയുവോ.. സർപ്രൈസ് പൊട്ടിച്ചു കയ്യിൽ കൊടുക്കാനാ.. ഹെല്പ് പ്ലീസ് ”
ചുണ്ട് ചുളുക്കി അവൾ പറയുമ്പോൾ.. ദേവും കാവ്യയും ഒന്ന് പരസ്പരം നോക്കി..
“ഞങ്ങൾക്കും അറിയില്ല ദച്ചു ”
പരമാവധി നിഷ്കളങ്ക വാരി വിതറി ദേവ് കൈ മലർത്തി കാണിച്ചു.. കാവ്യയും അതേ എന്ന് തലയാട്ടി..
“ഓ എങ്ങനെ സഹിക്കുന്നു എന്റെ വേണിയേട്ടത്തി… ഇതിനെ പിടിച്ചു തോട്ടിൽ ഇടാനുള്ള സമയം കഴിഞ്ഞു ”
ദേവിന്റെ അരികിൽ ഇരിക്കുന്ന വേണിയെ നോക്കി ദച്ചു പറയുമ്പോൾ വേണി കണ്ണുരുട്ടി കാണിച്ചു..
ഇന്ദ്രനും ഉമയും ചിരിച്ചു പോയി അവരുടെ ഭാവം കണ്ടിട്ട്..
പുറത്ത് നിന്നും… സൂര്യ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന്റെ ഒച്ച കേട്ടു..
“ഹും. എനിക്കറിയാം.. എല്ലാം ഒറ്റ കെട്ടാണ്.. ഞാൻ ഇങ്ങോട്ട് വരട്ടെ കാണിച്ചു തരാം…”
ദച്ചു കണ്ണുരുട്ടി പറയുമ്പോൾ ദേവും കാവ്യയും ഇളിച്ചു കാണിച്ചു..
പോട്ടെ മക്കളെ.. അച്ഛൻ വരുമ്പോൾ പറയണേ അമ്മേ “യദുവിന്റെ കവിളിൽ ഉമ്മ കൊടുത്തു കൊണ്ട് ദച്ചു പറഞ്ഞു..
പറഞ്ഞു കൊണ്ട് ഓടി പോകുന്നവളെ അവരെല്ലാം വാത്സല്യത്തോടെ നോക്കി..
😍😍😍😍😍😍😍😍😍😍😍😍😍😍
അവനൊപ്പം ചേർന്നിരുന്നു… മങ്ങിയ വെളിച്ചം വഴി കാണിക്കുന്ന ആ യാത്ര…ആ തോളിൽ കവിൾ ചേർത്ത് കിടന്നു പോകുമ്പോൾ… അവനിൽ നിന്നും കിട്ടുന്ന ആ ഗന്ധം തന്നെ ആയിരുന്നു അവളെറെ ആസ്വദിച്ചത് അപ്പോഴും…
സൂര്യയും മൗനത്തിലാണ്..
പക്ഷെ തെളിഞ്ഞ മുഖം… ആ മനസ്സ് തന്നെ ആയിരുന്നു..
ഇടയ്ക്കവൻ ഫോണിൽ വന്ന കോളിന് എടുത്തിട്ട്… എത്തി കൊണ്ടിരിക്കുന്നു… ഒരു പത്തു മിനിറ്റ് എന്നൊക്കെ പറയുന്നത് കേട്ടിട്ടും ദച്ചു പറ്റി പിടിച്ചു കണ്ണടച്ച് അതേ കിടപ്പ് തുടർന്നു..
ദച്ചു.,. എണീക്ക്.. സ്ഥലം എത്തി..
സൂര്യ തോളു വെട്ടിച്ച് കൊണ്ട് പറയുമ്പോൾ ദച്ചു കണ്ണ് തുറന്നു നോക്കി..
എത്തി നിൽക്കുന്നത് തന്റെ വീടിന്റെ പോർച്ചിൽ ആണെന്ന് കണ്ടപ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു…
ഇതെന്താ ജിത്തേട്ട ഇവിടെ…
ദച്ചുവിന്റെ കണ്ണിൽ നിറയെ അമ്പരപ്പ് ആയിരുന്നു..
പപ്പയും അമ്മയും വന്നോ ഇനി..
പക്ഷെ അതിന്റെ യാതൊരു തെളിവും ഇല്ല..
ഇനി എങ്കിലും ഒന്ന് പറ ”
അവളുടെ ഭാവങ്ങൾ നോക്കി നിൽക്കുന്ന സൂര്യയുടെ അരികിൽ ചെന്ന് നിന്നിട്ട് അവൾ വീണ്ടും ചോദിച്ചു..
അതെ നിമിഷം തന്നെയാണ് ഹരിയുടെ കാർ ഗേറ്റ് കടന്നു കയറി വന്നതും..
ദച്ചു… വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.
ഹരിയും സുകന്യയും ഇന്ന് വരുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല..
അതിന്റെ ഒരു സന്തോഷം… ഇത്ര ദിവസം കാണാതെ നിന്നതിന്റെ സങ്കടം.. പറയാതെ വന്നതിലെ പരിഭവം..
എല്ലാം കൂടി അവളിൽ ശ്വാസം മുട്ടിച്ചു…
ഡീ… ശ്വാസം പോലും വിടാതെ നിൽക്കുന്നവളെ.. സൂര്യ തൊട്ട് വിളിച്ചു..
നിറഞ്ഞ കണ്ണോടെ ദച്ചു അവനെ നോക്കി..
ഹരി ഡോർ തുറന്നു ഇറങ്ങിയ നിമിഷം തന്നെ ദച്ചു കാറ്റ് പോലെ പാഞ്ഞു ചെന്നയാളെ കെട്ടിപിടിച്ചു..
അവൾ വരുന്നത് കണ്ടപ്പോൾ തന്നെ ഹരി കൈകൾ വിരിയിച്ചു പിടിച്ചു.. സ്വീകരിക്കാൻ.
ആ നിൽപ്പ് കണ്ടു… നിർവൃതിയോടെ ആണ് സുകന്യ ഇറങ്ങിയത്..
വാത്സല്യപൂർവ്വം ആ തലയിൽ ഒന്ന് തൊട്ട നിമിഷം ദച്ചു ഹരിയുടെ പിടിയിൽ നിന്നും വിട്ട് മാറി…
സുകന്യയെ പൊതിഞ്ഞു പിടിച്ചു..
പിന്നിലേക്ക് ആഞ്ഞു പോയവളെ.. ദച്ചുവിനെയും കൂട്ടി ഹരിയാണ് താങ്ങി നിർത്തിയത്..
സുകന്യയുടെ രൂപം കണ്ടപ്പോൾ ദച്ചുവിന്റെ മുഖം ചുളിഞ്ഞു പോയിരുന്നു.
ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് ഹരി അറിഞ്ഞു..
ഇനി അവൾക്ക് അനേകം ചോദ്യങ്ങൾ ഉണ്ടാവും.. ഉത്തരം നിർബന്ധമായും കൊടുക്കേണ്ടുന്ന ചോദ്യം..
ഇതെന്താ… അമ്മയ്ക്ക് എന്ത് പറ്റി.. പോയപ്പോൾ ഉള്ളത് പോലെ അല്ലല്ലോ.”
സുകന്യയെ അകറ്റി പിടിച്ചു അടിമുടി നോക്കി കൊണ്ട് ദച്ചു പറയുമ്പോൾ… അതൊന്നും കേൾക്കാതെ അവളെ അടിമുടി നോക്കുന്ന തിരക്കിൽ ആയിരുന്നു സുകന്യ…
ആർത്തി പോലെ… അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുന്നുണ്ട്..
ഇനിയീ മുഖം കാണുമെന്നു പോലും അറിയാതെ നെഞ്ച് വിങ്ങിയ ദിവസങ്ങൾ…
ഇനിയീ വിളി ഒന്ന് കൂടി കേൾക്കാൻ…. കൊതിച്ച ദിവസങ്ങൾ..
എല്ലാം എല്ലാം ഒരു ദുസ്വപ്നം പോലെ…
പപ്പാ… ചോദിച്ചത് കേട്ടില്ലേ.. ഇതെന്താ ഇങ്ങനെ.. നിങ്ങൾ സത്യത്തിൽ എവിടെ പോയതാ ”
ഹരിയെ പിടിച്ചുലച്ചു… സുകന്യയെ നോക്കി ദച്ചു ചോദിക്കുമ്പോൾ… അവൾ കരയും പോലെ ആയിരുന്നു..
അത്രമാത്രം മാറ്റം… അവൾക്കവരിൽ കാണാൻ കഴിഞ്ഞിരുന്നു..
വാ… പപ്പാ പറഞ്ഞു തരാം.. ഒരുപാട് ഉണ്ട് പറയാൻ.. നമ്മുക്ക് അകത്തേക്ക് പോവാം.. ”
ഹരി അവളെ നോക്കി പറഞ്ഞു..
മുകുന്ദൻ… കാറിൽ നിന്നും ലാഗേജ് എടുത്തു വെക്കുന്ന തിരക്കിൽ ആയിരുന്നു..
അപ്പൊ പപ്പയെ കൊണ്ട് വരാൻ ആയിരുന്നു പോയത് എന്ന് തനിക്കൊഴിച്ചു അവർക്കെല്ലാം അറിയാമായിരുന്നു…
ദച്ചു പാളി നോക്കുമ്പോൾ സൂര്യ ഒന്ന് ചിരിച്ചു കാണിച്ചു..
അവൻ ഹരിയുടെ അരികിലേക്ക് നടന്നു…
ഹരി ഒന്നും പറയാതെ അവന്റെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് സുകന്യയെ നോക്കി ചിരിച്ചു..
“അകത്തേക്ക് നടന്നോളൂ.. ലാഗേജ് ഞാൻ എടുത്തോളാം ”
പറഞ്ഞു കൊണ്ട് അവൻ മുകുന്ദന്റെ അടുത്തേക്ക് നടന്നു..
നിങ്ങൾ എപ്പോ എത്തിയെടാ….
അവൻ അരികിൽ ചെന്നപ്പോൾ ചോദിച്ചു കൊണ്ട് മുകുന്ദൻ… ടിക്കി അടച്ചു..
അഞ്ചു മിനിറ്റ് ആയി കാണും..
സൂര്യ ബൈക്കിന്റെ കീ പോക്കറ്റിൽ ഇട്ട് കുനിഞ്ഞു കൊണ്ട് ഒരു ബാഗ് കയ്യിൽ എടുത്തു..
“ദച്ചുവിനോട് നീ പറഞ്ഞിട്ടില്ല… അല്ലേ ”
മുകുന്ദൻ ചോദിച്ചു…
“ഇല്ല… ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു..”
സൂര്യ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു..
സർപ്രൈസ് ആയിട്ട് അവൾ തരുന്നത് വാങ്ങാൻ തയ്യാറായിക്കോ ഇനി..”
അതും പറഞ്ഞിട്ട് മുകുന്ദൻ… ഒരു ബാഗും എടുത്തിട്ട് നടന്നു പോയി..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മുഖം പൊതിഞ്ഞു പിടിച്ചു കരയുന്നവളെ… ചേർത്ത് പിടിക്കാൻ ശ്രമിച്ച ഹരിയെ അവൾ കുടഞ്ഞു മാറ്റി..
ഇത്രേം വലിയൊരു അസുഖം ഉണ്ടായിട്ടും എന്നോട് പറയാതെ… ഞാൻ നിങ്ങൾക്ക് ആരാ.. ആരും അല്ല.. എല്ലാർക്കും പറ്റിച്ചു കളിക്കാൻ ഉള്ള ഒരു പാവ… അങ്ങനല്ലേ.. അത് കൊണ്ടല്ലേ.. എന്റെ അമ്മയല്ലേ.. ഞാൻ കൂടി നോക്കേണ്ടതല്ലേ.. എന്നിട്ടും ഇതൊന്നും അറിയാതെ ഞാൻ ഇവിടെ ജീവിതം ആഘോഷിക്കുമ്പോൾ ”
ദച്ചു സങ്കടം അടക്കാൻ കഴിയാത്ത വിധം ഓരോന്നു പറഞ്ഞു കൊണ്ട് കരയുന്നുണ്ട്..
അവൾക്കതു സഹിക്കാൻ ആവില്ലെന്ന് അവർക്കെല്ലാം അറിയാം..
അത് കൊണ്ട് തന്നെ ആ സങ്കടം ഇത്തിരിയെങ്കിലും അവൾ കരഞ്ഞു തീർക്കട്ടെ എന്ന് ഹരിയും കരുതി..
ചുവരിൽ ചാരി തല കുനിച്ചു കൊണ്ട് സൂര്യ നിൽക്കുന്നുണ്ട്..
ആ ഓരോ തുള്ളിയും വീണു പൊട്ടി ചിതറി തെറിക്കുന്നത് അവന്റെ നെഞ്ചിൽ ആയിരുന്നു…
മുഖം താഴ്ത്തിയാണ് നിൽപ്പ്..
സുകന്യയും ഹരിയും സോഫയിൽ… ദച്ചുവിന്റെ ഇടം വലം ഇരുന്നു കൊണ്ടവളെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നത്.. വാശിയോടെ അവൾ തട്ടി മാറ്റുന്നുണ്ട്..
“ആർക്കും വേണ്ട എന്നെ… ഇഷ്ടമാണ്.. ജീവനാണ് എന്നൊക്കെ പറഞ്ഞാലും ഒരു കാര്യം വരുമ്പോൾ അത് മറച്ചു വെക്കാൻ മാത്രം അന്യയാണ് ഞാൻ നിങ്ങൾക്ക്…”
ഇപ്രാവശ്യം ആ നോട്ടം സൂര്യക്ക് നേരെ കൂടി ആയിരുന്നു..
ഒന്ന് പറയാമായിരുന്നില്ലേ എന്നവൾ ചോദിക്കുന്നത് പോലെ..
സൂര്യ വേഗം നോട്ടം തെറ്റിച്ചു..
“എനിക്കറിയാം.. എന്റെ മോൾക്ക് ഇതൊന്നും സഹിക്കാൻ ആവില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനൊക്കെ തീരുമാനം എടുത്തത്.. എല്ലാം അറിയിച്ചിട്ട് നിന്നെ കൂടി വേദനിപ്പിക്കാം എന്നല്ലാതെ പ്രതേകിച്ചു ഒന്നും ഉണ്ടാവില്ല.. ഇപ്പൊ നോക്ക് അമ്മ എല്ലാം മാറിയിട്ട് നമ്മുക്ക് മുന്നിൽ തിരിച്ചു കിട്ടിയില്ലേ… നീ സന്തോഷമായിട്ടിരിക്കാൻ അല്ലേ നമ്മുടെ പാവം അമ്മയും ആഗ്രഹിക്കുന്നത്..”
ഹരി അവളുടെ തോളിൽ പിടിച്ചു കുലുക്കി പറയുമ്പോൾ കണ്ണീർ പുരണ്ട മുഖം ഉയർത്തി… ദച്ചു സുകന്യയെ നോക്കി..
നിറഞ്ഞ കണ്ണോടെ… അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് അതേ എന്ന് അവർ തലയാട്ടി കാണിച്ചു..
“എല്ലാം ഭേദമായി.. ഇപ്പൊ അമ്മ എല്ലാം കൊണ്ടും ഒക്കെയാണ്.. തിരികെ വരുമ്പോൾ.. ഞാൻ ഈ ലോകത്തിലെ ഏറ്റവും വില പിടിച്ചൊരു സമ്മാനം നിനക്ക് കൊണ്ട് വരാം എന്ന് ഏറ്റല്ലേ പോയത്… ദ.. ഇതാണ് പപ്പയുടെ ഗിഫ്റ്റ്… എന്റെ മോൾക്ക് ഈ ലോകത്തിൽ ഇനി ഇത് പോലൊരു മൂല്യമുള്ള ഗിഫ്റ്റ് പപ്പയ്ക്ക് തരാൻ ആവില്ല ”
സുകന്യയെ ചൂണ്ടി… ഹരി പറയുമ്പോൾ ദച്ചു അവരുടെ മാറിൽ പതുങ്ങി കൂടി…
‘ആർക്കും അറിയില്ല.. എനിക്കും മുകുന്ദനും പാർഥിക്കും ഒഴികെ.ഇവളെ പോലും അറിയിച്ചത്… അവിടെത്തിയ ശേഷം ആയിരുന്നു… മോളെ കൂടി വേദനിപ്പിക്കാൻ…ജീവിതം തുടങ്ങും മുന്നേ അത്രയും വലിയൊരു ഭാരം എന്റെ മോളുടെ നെഞ്ചിൽ വെച്ച് തരാൻ പപ്പയ്ക്ക് കഴിയില്ല…അതൂടെ കാണാനും സഹിക്കാനും പപ്പയ്ക്ക് വയ്യായിരിന്നു ദച്ചു.. അത്രയും തകർന്നൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ ഇവിടെ നിന്നും പോയത്…”
ഹരി പറയുമ്പോൾ… സൂര്യ അത്ഭുതത്തോടെ മുകുന്ദനെ നോക്കി…
എന്നാൽ അതിലേക്കൊന്നും വരാതെ സിറ്റൗട്ടിൽ.. ഒരു കസേരയിൽ കണ്ണടച്ച് കൊണ്ട് അയാൾ ഇരുന്നു.. ആ മുഖം അപ്പോൾ ശാന്തമായിരുന്നു..
ചെറിയൊരു സൂചന കൊടുത്തത് സൂര്യക്ക് മാത്രം ആണ്… അത് നിന്നെക്കാൾ അവന് ഞാൻ ഇമ്പോര്ടന്റ്റ് കൊടുക്കുന്നു എന്നത് കൊണ്ടല്ല… എന്നെ പോലെ…. നിന്നേ സ്നേഹിക്കാൻ അവനാവും എന്നത് എനിക്കറിയാവുന്നത് കൊണ്ടാണ്..
ഹരി പറയുമ്പോൾ… ദച്ചുവിന്റെ നോട്ടം.. സൂര്യയുടെ നേരെ നീണ്ടു… അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.
മുകുന്ദന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു അത് കേട്ടപ്പോൾ…
“അമ്മയ്ക്ക് രൂപത്തിൽ ചെറിയ മാറ്റങ്ങൾ കണ്ടേക്കാം.. പക്ഷെ അവളിപ്പോ ഡബിൾ സ്ട്രോങ്ങ് ആണ് എന്നതിൽ യാതൊരു സംശയവും വേണ്ട.. രോഗം അമ്മയ്ക്ക് മുന്നിൽ… തോറ്റു മടങ്ങി… ഇനി കുറച്ചു നാളുകൾ കൂടി മെഡിസിൻ ഉണ്ട്.. അത് കഴിയുമ്പോൾ… അമ്മ കുറച്ചു കൂടി ഒക്കെ ആവും…”
ദച്ചുവിന്റെ നെറുകയിൽ തലോടി ഹരി പറഞ്ഞു..
എല്ലാം കേട്ട് കഴിഞ്ഞു… ദച്ചു സുകന്യയെ പറ്റി പിടിച്ചു ഇരുന്നു..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഭക്ഷണം എടുത്തു വെച്ചതെല്ലാം സൂര്യയും ഹരിയും കൂടിയാണ്.
അമ്മയ്ക്ക് മോളെയും മോൾക്ക് അമ്മയെയും വിട്ട് എഴുന്നേറ്റു പോരാൻ വല്ല്യ മടി..
അത് കണ്ടു സൂര്യ താൻ നേരത്തെ കൊണ്ട് വന്ന പാഴ്‌സൽ എടുത്തു ടേബിളിൽ വെച്ചു..
അടുക്കളയിൽ പോയി…. ഓരോന്നു തിരയുന്ന അവനരുകിൽ വന്നിട്ട് ഹരിയാണ് ബാക്കി ഉള്ളതൊക്കെ എടുത്തു വെച്ചത്..
വീട് മൊത്തം ക്ളീൻ ചെയ്യാൻ ആരെയെങ്കിലും വിളിക്കാൻ മുകുന്ദനെ പറഞ്ഞേൽപ്പിച്ചത് കൊണ്ട് തന്നെ എല്ലായിടത്തും നല്ല വൃത്തിയുണ്ട്…
മാസങ്ങളായി അടച്ചു പൂട്ടി കിടക്കുന്ന ഒരു ഫീൽ ഇല്ലായിരുന്നു..നാളെ രാവിലെ മുതൽ വീട്ടിൽ സ്ഥിരമായി ജോലിക്ക് നിൽക്കാൻ ഒരാളെയും സെറ്റാക്കിയിട്ടുണ്ട്.
എല്ലാം വിളമ്പി വെച്ചിട്ട് ഹരിയാണ്.. ദച്ചുവിനെയും സുകന്യയെയും വിളിച്ചിട്ട് വന്നത്..
ഒരുമിച്ച് കഴിക്കാൻ ഇരിക്കുമ്പോഴും… ദച്ചു തന്നെ നോക്കുന്നില്ല.. ഒരക്ഷരം മിണ്ടുന്നില്ല എന്നത്… സൂര്യയെ ശ്വാസം മുട്ടിച്ചു..
ഇടക്കിടെ അവളെ നോക്കുന്ന സൂര്യയുടെ ഭാവങ്ങൾ ഹരിയും കണ്ടിരുന്നു..
കഴിച്ചു കഴിഞ്ഞു.. ദച്ചുവാണ് എല്ലാം ക്ളീൻ ചെയ്തത്..
വൃത്തിയോടെ.. ഒതുക്കത്തോടെ അവളതെല്ലാം ചെയ്യുന്നത് സുകന്യ അത്ഭുതത്തോടെ നോക്കി ഇരുന്നു..
അടുക്കളയിൽ വെറുതെ പോലും എത്തി നോക്കാത്തവളുടെ ഭാവങ്ങൾ അപ്പോൾ അത്രമാത്രം തഴക്കം വന്നത് പോലെ ആയിരുന്നു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹേയ്….
അടുക്കള ഒതുക്കി… ലൈറ്റ് ഓഫ് ചെയ്തു പോകാൻ തിരിഞ്ഞ ദച്ചുവിന്റെ കയ്യിൽ പിടിച്ചിട്ട് സൂര്യ വലിച്ചു ചേർത്ത് പിടിച്ചു..
സുകന്യ ഫ്രഷ് ആവാൻ വേണ്ടി മുറിയിലേക്ക് പോയിരുന്നു..മുകുന്ദനോട് ഭക്ഷണം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞിരുന്നു എങ്കിലും അയാൾ അതിന് നിൽക്കാതെ യാത്ര പറഞ്ഞു പോയിരുന്നു..
ഹരി ആരെയോ ഫോൺ ചെയ്തു കൊണ്ട് നിൽക്കുന്നത് കണ്ടിട്ട് തന്നെയാണ് സൂര്യ ദച്ചുവിന്റെ അരികിൽ എത്തിയത്..
ആ മൗനം തന്നെ ശ്വാസം മുട്ടിക്കുന്നത് പോലെ..
“പിണക്കത്തിലാണോ… നീ വേദനിക്കരുത് എന്ന് കരുതിയിട്ടല്ലേ ദച്ചു.. അത് സഹിക്കാൻ വയ്യാത്തത് കൊണ്ടല്ലേ ടി.. അതിനിങ്ങനെ മിണ്ടാതെ നടക്കല്ലേ… നെഞ്ച് വിങ്ങുന്നു എനിക്ക് ”
കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് സൂര്യ അത് പറയുമ്പോൾ ആ സങ്കടം.. ദച്ചു അവന്റെ കണ്ണിൽ കണ്ടിരുന്നു..
“വേണമെങ്കിൽ നീ ദേഷ്യം വരുമ്പോൾ ചെയ്യുന്നത് പോലെ എന്നെ കടിച്ചു വേദനിപ്പോച്ചോ.. പക്ഷെ എന്നെ നോക്കാതെ.. എന്നോട് മിണ്ടാതെ നടക്കല്ലേ..”
സൂര്യ പറയുമ്പോൾ ദച്ചു ചിരിച്ചു കൊണ്ടവനെ കെട്ടിപിടിച്ചു..
നെഞ്ചിൽ അവളുടെ പല്ലുകൾ ആഴത്തിൽ പതിയുന്നത്.. കടിച്ചു പിടിച്ചു നിന്നു കൊടുത്തു സൂര്യ..
അവനറിയാം.. അവൾക്കേറെ സങ്കടം വരുമ്പോൾ.. അല്ലങ്കിൽ സന്തോഷം വരെയും.. അതിങ്ങനെയാണ് തന്നെ അറിയിക്കുന്നത് എന്ന്..
“കഷ്ണം പറിച്ചോ ടി നീ…”
സൂര്യ നെഞ്ചിൽ തടവി കൊണ്ട് കണ്ണുരുട്ടി അവളെ നോക്കി…
ജിത്തേട്ടൻ പറഞ്ഞിട്ടല്ലേ… ദച്ചു കള്ളചിരിയോടെ പറഞ്ഞു..
എങ്കിലും ആ തെളിഞ്ഞ മുഖം അവന്റെ ഉള്ളിലെ ശൂന്യത മാറ്റി കളഞ്ഞിരുന്നു…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇനി ഇരുന്നിട്ട് കാര്യം ഇല്ല.. അവര് അമ്മയും മോളും പറച്ചിൽ കഴിഞ്ഞു ഉറങ്ങിയിട്ട് സമയം ഒത്തിരി കഴിഞ്ഞു കാണും ”
മുറിയിലേക്ക് പോയി ചിരിച്ചു കൊണ്ട് ഹരി വന്നു പറഞ്ഞപ്പോൾ സൂര്യയും എഴുന്നേറ്റു..
ഹാളിൽ… ഹരിക്കൊപ്പം വിശേഷം പറഞ്ഞിരുന്നു പോയി..
ദച്ചു സുകന്യക്ക് മരുന്ന് എടുത്തു കൊടുത്തു അവിടെ തന്നെ കിടന്നിരുന്നു.. അമ്മയോട് കൊഞ്ചി കൊണ്ട്..
“മുകളിൽ… ദച്ചൂന്റെ റൂമിൽ വിരിച്ചിട്ടുണ്ട്… പോയി കിടന്നോ… അവൾ ഇന്ന് അമ്മയുടെ ചൂടിൽ കിടന്നോട്ടെ.. അല്ലേ ”
ഹരി ചോദിച്ചു..
ഉള്ളിലെ നിരാശ പുറത്ത് കാണിക്കാതെ തന്നെ സൂര്യ ചിരിച്ചു കൊണ്ട് തലയാട്ടി..
ഗുഡ് നൈറ്റ്… പപ്പാ..
പറഞ്ഞിട്ട് അവൻ മുകളിലേക്ക് നടന്നു..
അവളുടെ കുറുമ്പും വഴക്കും ഇല്ലാതെ താനിപ്പോൾ പൂർണമല്ലാത്ത പോലെ..
അത്ര മാത്രം ആഴത്തിൽ അലിഞ്ഞു ചേരാൻ ഈ പെണ്ണിന് മാജിക് വല്ലതും അറിയുമോ ആവോ..
അവൻ ഓർത്തു…
വാതിൽ ചാരിയിട്ട് അവളുടെ ബെഡിൽ കിടക്കുമ്പോൾ ചുണ്ടിൽ ചിരി ഉണ്ടായിരുന്നു..
ഇവിടെ… ഈ മുറിയിൽ ഇരുന്നിട്ട് അവൾ തന്നെ എത്ര സ്വപ്നം കണ്ടു കാണും..
ആ ഓർമ പോലും അവനിൽ സന്തോഷം ആയിരുന്നു അപ്പോൾ..
പാതി ഉറക്കത്തിൽ പോലും തന്റെ നെഞ്ചിലെ ചൂട് തേടുന്ന അവൾ അരികിൽ വരുമെന്ന ഉറപ്പോടെ… സമാധാനത്തോടെ അവൻ കണ്ണടച്ച് ഉറങ്ങാൻ കിടന്നു..
ആ ഉറപ്പ് വെറുതെ ആയില്ല.. ഇടക്കെപ്പോഴോ ഉറക്കം ഞെട്ടി അവൻ എഴുന്നേൽക്കുമ്പോൾ… പെണ്ണ് പറ്റി പിടിച്ചു കിടപ്പുണ്ട്….
💞💞💞💞💞💞💞💞💞💞💞💞💞💞💞
മ്മ്മ്… എന്നിട്ട്… ”
വേണി കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു…
“നീ എന്താ മോളെ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ.. അവരെ അങ്ങനെ വെറുതെ വിടാൻ പാടുണ്ടോ… അമ്മാതിരി ചെറ്റത്തരം അല്ലേ കാണിച്ചു വെച്ചത്.. അന്യ ഒരുത്തിയെ… വീട്ടിൽ കൊണ്ട് വരുക.. അതിന് കുട പിടിക്കാൻ കൊറച്ചു വീട്ടുകാരും.. അയ്യേ. ഇങ്ങനേം ഉണ്ടോ ”
സുഭദ്ര പരമാവധി ശബ്ദം താഴ്ത്തിയാണ് പറയുന്നത്..
“ഉണ്ടല്ലോ.. ഇതിനേക്കാൾ ചെറ്റത്തരം കാണിക്കുന്ന അമ്മയും ഞാനും ഉണ്ടാകും… നമ്മൾ കാണിച്ചതിന്റെ പാതി പോലും ഇവിടെ ഉള്ളവർ തല കുത്തി നിന്നു കാണിച്ച നടക്കില്ല.. അത്രയും കേമൻമാർ അല്ലേ ഞാനും അമ്മയും ”
വേണി പരിഹാസത്തോടെ പറഞ്ഞു..
സുഭദ്ര അവളെ ദേഷ്യത്തോടെ നോക്കി..
“ഓ നീ ഇപ്പൊ ഇവരുടെ ആളാണ് അല്ലേ.. ഞാൻ അത് ഓർത്തില്ല…”
അവരുടെ ചുണ്ടിൽ പുച്ഛം ആയിരുന്നു..
“അതിന് മുൻപ് ഞാൻ അമ്മയുടെ ആളായിരുന്നു.. അമ്മ ചരടിൽ കെട്ടിയ പാവ പോലെ.. എന്നിട്ടും എനിക്കൊരു തട്ട് കേട് വന്നപ്പോ.. എനിക്കൊപ്പം നിന്നാൽ.. സ്വന്തം കാര്യം ബുദ്ധിമുട്ടാവും എന്ന് തോന്നി.. തിരിഞ്ഞു പോലും നോക്കാത്ത നിങ്ങളെക്കാൾ എത്രയോ ഭേദം ഇവരാണ്…”
വേണി ദേഷ്യത്തോടെ..
“അതിപ്പോ വരുൺ പറയുമ്പോൾ.. എനിക്ക് എന്ത് ചെയ്യാൻ ആവും…”
സുഭദ്ര അവരുടെ നിസ്സഹായത പറയും പോലെ ദയനീയമായി പറഞ്ഞു..
“അതേ…. അമ്മയ്ക്ക് ഇനി എന്റെ ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.. തെറ്റ് ഏത് ശെരി ഏത് എന്നെനിക്ക് ഇപ്പൊ വ്യക്തമായി അറിയാം.. ഇനിയും ഈ കുത്തി തിരിപ്പ് സ്വഭാവം കൊണ്ട് എന്റെ അരികിൽ വരരുത്… കയ്യിൽ നിന്നും ഊർന്ന് പോകാൻ നിന്ന എന്റെ ജീവിതം ഇപ്പോഴാണ് എനിക്ക് തിരിച്ചു കിട്ടിയത്… ഇനിയും അമ്മയുടെ കൂടെ കൂടിയിട്ട് അത് തകർക്കാൻ തത്കാലം എനിക്ക് മനസ്സില്ല..”
ഉറപ്പോടെ വേണി പറയുബോൾ സുഭദ്രയുടെ മുഖം നിരാശ നിറഞ്ഞു..
“നിങ്ങൾ എന്റെ അമ്മയല്ലേ.. എനിക്ക് നല്ലത് പറഞ്ഞു തരുന്നതിനു പകരം വിഷം കുത്തി വെച്ച്… കൊല്ലാൻ ആക്കി.. അതീന്നു കഷ്ടിച്ചു ഞാൻ രക്ഷപെട്ടു എന്ന് തോന്നിയപ്പോൾ വീണ്ടും വന്നിരിക്കുന്നു… വിഷം ചീറ്റാൻ…”
വേണി ഉറക്കെ പറയുമ്പോൾ.. സുഭദ്ര ഞെട്ടി പോയി.. ആരെങ്കിലും കേൾക്കുമോ എന്നാ ഭയമായിരുന്നു ആ മുഖം നിറയെ..
വരുണിന്റെ കൂടെ അവന്റെ കാല് പിടിക്കും പോലെ കെഞ്ചിയിട്ടാണ്… ഒന്ന് കൊണ്ട് വന്നത്…
പുറത്തേക്ക് ഇറങ്ങി.. വായ്ക്ക് രുചിയായി നാല് നുണയും ഈഷണിയും പറഞ്ഞ കാലം… ഓർക്കുമ്പോൾ തന്നെ നഷ്ടബോധം അവരെ പൊതിയും..
അതൊന്നും ഇനി ഈ വീട്ടിൽ നടക്കില്ലെന്നും.. നല്ലത് മാത്രം ചെയ്‌തും പറഞ്ഞും നിൽക്കാമെങ്കിൽ മാത്രം ഇവിടെ തുടരാം എന്നതും വരുണിന്റെ തീരുമാനം ആയിരുന്നു..
അനുസരിക്കുകയല്ലാതെ.. മറ്റൊരു വഴിയും ഇല്ലായിരുന്നു..
വേണിക്ക് വിളിക്കാൻ കൂടി അനുവാദം ഇല്ലായിരുന്നു.. എങ്കിലും… അവനും അശ്വിതിയും തമ്മിൽ പറയുന്നതിൽ നിന്നും ഇവിടുത്തെ സംഭവം എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അവനോടൊപ്പം വന്നത്.. പക്ഷെ.. വേണിക്ക് ആ പഴയ വേണിയുടെ വിദൂര ഛായ പോലുമില്ല…
അവളെ ഇനി തന്റെ താളത്തിന് കിട്ടുകയും ഇല്ലെന്ന് ഉറപ്പായി കഴിഞ്ഞു..
ആ നിരാശ.. സുഭദ്രയുടെ മനം മടുപ്പിക്കാൻ മാത്രം ശേഷി ഉണ്ടായിരുന്നു…
തുടരും..

by