രചന – ജിഫ്ന നിസാർ
ഇതിന് ഇനിയും ഒരു തീരുമാനം ആയില്ലേ ദച്ചു ”
തല തുവർത്തി കൊണ്ട് സൂര്യ ഇറങ്ങി വരുമ്പോഴും ചിന്തയോടെ ഇരിക്കുന്ന ദച്ചുവിനെ നോക്കി അവൻ ചോദിച്ചു..
ഇല്ലെന്ന് അവൾ തലയാട്ടി കാണിച്ചു..
“അനു നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്… അവൾക്ക് നീ ഒരു മിടായി കൊണ്ട് കൊടുത്താൽ പോലും സന്തോഷത്തോടെ സ്വീകരിക്കും.. പിന്നെ എന്താ ഇത്രേം ആലോചന ”
സൂര്യ അവളുടെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു..
“അതൊക്കെ ശെരി തന്നെ ജിത്തേട്ട.. പക്ഷെ മറ്റന്നാൾ അവളുടെ കല്യാണത്തിന്… മിടായി കൊടുക്കാൻ പറ്റുമോ ”
ദച്ചു വീണ്ടും താടിക്ക് കൈ കൊടുത്തു ഇരുന്നു കൊണ്ട് ചോദിച്ചു..
തീരുമാനം അവക്ക് വിട്ട് കൊടുത്തിട്ട് സൂര്യ ഫോൺ കയ്യിൽ എടുത്തു…
ജിത്തേട്ട…. ഫോണിൽ നോക്കി മിണ്ടാതെ ഇരിക്കുന്നവനെ ദച്ചു വീണ്ടും വിളിച്ചു..
മ്മ് പറഞ്ഞോ.. ഐഡിയ കിട്ടിയോ ”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
ഐഡിയ ഒക്കെ എന്റെ മനസ്സിൽ ഉണ്ട്.. പക്ഷെ ജിത്തേട്ടന് ഇഷ്ടമായില്ലങ്കിലോ എന്ന് കരുതി മിണ്ടാതെ ഇരുന്നതാ ”
ദച്ചു അൽപ്പം മടിയോടെ പറഞ്ഞു..
“എനിക്ക് ദോഷം വരുന്ന ഒന്നും നിന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റിൽ പോലും ഉണ്ടാവില്ലെന്ന് എനിക്കറിയാം ദച്ചു… അത് കൊണ്ട് നീ ധൈര്യം ആയിട്ട് പറയെന്റെ പെണ്ണെ ”
ഫോൺ ബെഡിലേക്ക് ഇട്ടു കൊണ്ട് സൂര്യ അവളുടെ അരികിൽ നീങ്ങി ഇരുന്നു…
പറയട്ടെ… ദച്ചു വീണ്ടും മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു..
“പറയെടി അങ്ങോട്ട്…”
സൂര്യ കണ്ണുരുട്ടി കാണിച്ചു..
“ജോലിക്ക് കയറിയിട്ട് ആകെ കുറച്ചു മാസങ്ങൾ ആയിട്ടുള്ളു അവൾ.. കിട്ടുന്നത് അപ്പാടെ ബാങ്കിൽ കൊണ്ട് കൊടുക്കേണ്ട അവസ്ഥ ആയിരിക്കും.. അവളുടെ അച്ഛന്റെ കയ്യിലും കാര്യമായി ഒന്നും ഉണ്ടാവില്ല… അത് കൊണ്ട്…”
ദച്ചു നിർത്തിയിട്ടു വീണ്ടും സൂര്യയെ നോക്കി..
മ്മ്… സൂര്യ മൂളി കൊണ്ട് അവളെ നോക്കി..
‘എന്റെ ആഭരണം എല്ലാം ഇവിടെ വെറുതെ കിടപ്പല്ലേ… അവർ ഇപ്പൊ ഏതായാലും ഒന്നും വാങ്ങുന്നൊന്നും ഉണ്ടാവില്ല.. കാര്യം… അനൂപിന്റെ വീട്ടുകാർ ഒന്നും ചോദിച്ചിട്ടില്ല എന്നത് ശെരി തന്നെ.. പക്ഷെ ഒരു ഗവണ്മെന്റ് ജീവനക്കാരന് നല്ലൊരു ബന്ധം കിട്ടുമായിരുന്നു എന്ന് തല തെറിച്ച ഏതെങ്കിലും ഒരു ബന്ധുവോ.. അയൽക്കാരോ പറഞ്ഞ.. അവിടെ തുടങ്ങും… ചിലപ്പോൾ അവളുടെ കഷ്ടപാട്.. മനുഷ്യൻ അല്ലേ ചുഴിഞ്ഞു നോക്കാൻ ഒന്നും പറ്റില്ലല്ലോ മനസ്സ്.. ഇപ്പൊ കണ്ടതൊന്നും അല്ലങ്കിലോ… ”
ദച്ചു ആകുലതയോടെ പറഞ്ഞു..
“കൊള്ളാം.. നല്ല തീരുമാനം.. കാശ് ആയിട്ട് എന്തേലും കൊടുക്കണം എന്ന് ഞാനും കരുതിയിരുന്നു… എത്രയൊക്കെ ഭാഗ്യദേവതകൾ പെൺകുട്ടികൾ എന്നൊക്കെ പറഞ്ഞാലും കയ്യിൽ കാശ് ഇല്ലാത്ത അച്ഛമാരുടെ നെഞ്ചിലെ തീ… അത് ഇപ്പോഴും വല്ല്യ മാറ്റം ഒന്നും ഇല്ല…”
സൂര്യ പറഞ്ഞു..
ദച്ചു തലയാട്ടി..
പക്ഷെ… അതിന് നീ എന്തിനാ എനിക്ക് ഇഷ്ടമാവില്ലേ എന്നൊക്കെ പേടിച്ചത്.. അതൂടി പറഞ്ഞു താ ”
സൂര്യ വീണ്ടും അവളെ നോക്കി..
“അല്ല.. സ്വർണം ഒക്കെ കൊടുക്കാം എന്ന് പറയുമ്പോൾ.. ഇഷ്ടം ആവില്ലേ എന്ന് കരുതി ”
ദച്ചു മടിയോടെ പറഞ്ഞു..
“നിന്റെ അച്ഛൻ സന്തോഷത്തോടെ നിനക്ക് തന്നത്… മറ്റൊരച്ഛന്റെ… അതും മകൾക്ക് അതൊന്നും സമ്മാനിക്കാൻ കഴിവില്ലാത്ത ഒരച്ഛന്റെ മകൾക്ക്. നിന്റെ ഹൃദയമിടിപ്പ് പോലും അറിയാൻ കഴിയുന്ന നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കൊടുക്കുമ്പോൾ… എനിക്ക് സന്തോഷം അല്ലേ ദച്ചു… അത്രയും നല്ലൊരു മനസ്സുണ്ട് എന്റെ പെണ്ണിനെന്ന്… ഞാൻ അഭിമാനിക്കയല്ലേ വേണ്ടത് ”
സൂര്യ പറയുമ്പോൾ… ദച്ചു നീങ്ങി വന്നിട്ട് അവനോട് ചേർന്നിരുന്നു..
സൂര്യ അവളുടെ കഴുത്തിൽ കയ്യിട്ട് പിടിച്ചിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു…
ഒരാഴ്ച ലീവിന് അപ്ലൈ കൊടുത്തിട്ട് കിട്ടിയോ ദച്ചു ”
സൂര്യ ചോദിച്ചു…ചിരിച്ചു കൊണ്ട്.
അവളിപ്പോൾ ജോലികാരിയാണ്..
സൂര്യയുടെ കമ്പനിയിൽ…
“എവിടുന്ന്… അവിടുത്തെ മാനേജർ ഒരു മൂരാച്ചി ആണ് “അവൾ ദേഷ്യത്തോടെ തിരിഞ്ഞിരുന്നു..
സൂര്യ അമർത്തി ചിരിച്ചു..
“സ്വന്തം ഭാര്യയെ ഓഫീസിൽ വെച്ച് വായിൽ നോക്കുന്നതിന്റെ സുഖം അറിഞ്ഞ ആ മൂരാച്ചിക്ക്… അവൾ അവിടെ ഇല്ലാതെ വയ്യെന്നായി ഇപ്പൊ… അത് അറിയുന്നുണ്ടോ ആ മൂരാച്ചി ഭാര്യ ”
സൂര്യ അവളുടെ തോളിൽ മുഖം ചേർത്ത് വെച്ച് പറയുമ്പോൾ… ദച്ചു അവനെ തിരിഞ്ഞ് നോക്കി…
ഒന്നും വേണ്ട… ഇങ്ങനെ ഈ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ മാത്രം മതി എനിക്ക് ”
പതിയെ അവന്റെ നെഞ്ചിലേക്ക് ഒന്നൂടെ പറ്റി ചേർന്നിട്ട് അവൾ പറഞ്ഞു..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അതേയ്.. എന്താ നിങ്ങടെ ഉദ്ദേശം ”
തലയിൽ ഒരു തോർത്ത് കെട്ടി അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരുന്ന ഹരി സുകന്യയുടെ ചോദ്യം കേട്ടപ്പോൾ പുരികം പൊക്കി എന്തെന്ന് ചോദിച്ചു..
രാഷ്ട്രീയ ജീവിതത്തിൽ ഗർജിക്കുന്ന ഈ സിംഹം.. ഇവിടങ്ങനെ ഒതുങ്ങി കൂടാൻ ആണോ തീരുമാനം എന്ന് ”
സുകന്യ വീണ്ടും ചോദിച്ചു..
“ഓ അതാണോ കാര്യം.. ഞാൻ അത് വിട്ടെന്ന് നിന്നോട് പറഞ്ഞതല്ലേ.. ഇപ്പൊ ഇതാണ് എന്റെ ഹാപ്പിനസ്.. ഇനി ഞാൻ ഈ അടുക്കളയിൽ ഗർജിക്കും.. നീ നോക്കിക്കോ ”
കയ്യിൽ ഉള്ള തവി കൊണ്ട്.. അടുപ്പിൽ ഇരുന്ന ബീഫ് ഇളക്കി കൊണ്ട് ഹരി പറഞ്ഞു..
“ആഹാ.. അതങ്ങ് പള്ളീൽ പറഞ്ഞമതി.. ഇത് എന്റെ ഏരിയ ആണ്.. ഇന്നത്തോടെ നിർത്തിക്കോണം ഈ കലാപരിപാടി… ഇപ്പൊ എനിക്കൊരു കുഴപ്പവുമില്ല… ജോലിക്ക് എനിക്ക് ആരെയും ആവിശ്യമില്ല ”
ബലമായി.. ഹരിയെ പിടിച്ചു തിരിച്ചിട്ട് സുകന്യ പറയുമ്പോൾ ഹരി ചുണ്ട് ചുളുക്കി…
കീമോയുടെ അവശതയിൽ… പച്ച വെള്ളം പോലും കുടിക്കാൻ പ്രയാസപെടുന്ന സുകന്യക്ക് വേണ്ടി… അവൾക്ക് പ്രിയപ്പെട്ട പലതും പാചകം ചെയ്തു കൊടുത്തു തുടങ്ങിയ ഹരി ഇപ്പൊ നല്ല രീതിയിൽ കുക്ക് ചെയ്യും..
“എന്റെ പൊന്ന് ഹരിയേട്ടാ.. ഇപ്പൊ തന്നെ മനുഷ്യര് മുഴുവനും പറഞ്ഞു തുടങ്ങി കാണും. ഞാൻ നിങ്ങളെ അടുക്കളയിൽ നിർത്താൻ ആണ് ഇവിടെ തളച്ചിട്ടത് എന്ന്.. ദൈവത്തെ ഓർത്തിട്ട്… നിങ്ങൾ ആ കുപ്പായം ഒന്ന് തിരികെ ഇട്.. എന്നിട്ട് വീണ്ടും ആ തിരക്കുകളും..ആയിട്ട് ഓടി വാ.. എനിക്കുള്ളിലെ ഈ കുറ്റബോധം ഒന്ന് കുറയാൻ എങ്കിലും.. കാരണം എനിക്കറിയാം.. രാഷ്ട്രീയവും അതിനോടുള്ള നിങ്ങളുടെ ഇഷ്ടവും സമർപ്പണവും എല്ലാം.. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു എന്നോർക്കുമ്പോൾ.. സത്യം പറയാമല്ലോ എനിക്ക് സങ്കടം ആണ് ”
സുകന്യ പറയുമ്പോൾ ഹരി ചിരിച്ചു കൊണ്ട് അവരെ നോക്കി..
“സമ്മതിച്ചു.. പക്ഷെ ചെറിയൊരു തിരുത്തുണ്ട്.. നിനക്ക് വേണ്ടിയല്ല… നമ്മുക്ക് വേണ്ടി… നിന്റെ സന്തോഷം ആണ് എനിക്കൊന്നും വലുത്… അന്ന് നിന്റെ കൂടെ വേണം എന്ന് തോന്നിയത് കൊണ്ട് ഒട്ടും കുറ്റബോധം ഇല്ലാതെയാണ് രാഷ്ട്രീയം ഞാൻ ഉപേക്ഷിച്ചു കളഞ്ഞത്.. ഇന്നത് തിരികെ സ്വീകരിക്കാൻ പറയാൻ യോഗ്യത നിനക്ക് മാത്രം ഒള്ളു…”
ഹരി അവരെ ചേർത്ത് പിടിച്ചു…
“ഇന്നിപ്പോ എനിക്ക് മുന്നിൽ നിന്റെ ഈ ചിരിച്ചു കൊണ്ടുള്ള നിൽപ്പ്… ഈ ചിത്രം… ഇതെല്ലാം വേദന കുടിച്ചിറക്കി ഞാനും നീയും കഴിഞ്ഞു പോയ എത്രയോ ദിവസങ്ങളിൽ എന്റെ ഉള്ളിൽ ഊർജം പകർന്നു തന്നിട്ടുണ്ട് എന്നറിയുവോ നിനക്ക്…
ഹരി അവരുടെ നേരെ നോക്കി…
പ്രസന്നമായ മുഖത്തെ ഒരേ ഒരു ആഡംബരം.. നെറ്റിയിലെ ചന്ദനകുറിയും. നെറുകയിലെ സിന്ദൂരവുമായി..
പപ്പാ.. നോ….
ഹരി ചിരിച്ചു കൊണ്ട് അവരുടെ കവിളിൽ ചുണ്ട് ചേർക്കും മുന്നേ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ദച്ചു ഓടി കയറി വന്നിരുന്നു..
അവരുടെ മുന്നിൽ വന്നു നിന്നിട്ട് അവൾ ഒന്ന് ഇളിച്ചു കാണിച്ചു…
എന്താ ടൈമിംഗ്.. ല്ലേ പപ്പാ..”
കണ്ണടച്ച് കൊണ്ട് അവൾ ചോദിച്ചു..
പോടീ അവിടുന്ന്…
ഹരി അവൾക്ക് നേരെ കൈ ഓങ്ങി കൊണ്ട് എഴുന്നേറ്റു..
എന്റെ മോൻ എന്ത്യേടി ”
ഹരി ചോദിക്കുമ്പോൾ… ദച്ചു ചുണ്ട് കോട്ടി..
ഓ മോൾക്കിപ്പോ ഒരു വിലയും ഇല്ല… ”
അടുപ്പിൽ ഇരുന്ന ബീഫ് ഒരു പാത്രത്തിൽ കോരി എടുത്തു കൊണ്ട് ദച്ചു സ്ലാബിൾ ചാടി കയറി ഇരുന്നു..
അല്ല പപ്പാ.. നിങ്ങൾ ഇവൾക്ക് ചെറുപ്പത്തിൽ റബർ പാല് വല്ലോം കൊടുത്തിരുന്നോ.. ഒരു നേരം അടങ്ങി ഇരിക്കില്ല ”
പിറകെ വന്നിട്ട് സൂര്യ പറയുമ്പോൾ ദച്ചു പുച്ഛത്തോടെ അവനെ നോക്കി..
ഹരിയും സുകന്യയും ചിരിച്ചു പോയി അവരുടെ ഭാവം കണ്ടിട്ട്..
“അടിപൊളി ടെസ്റ്റ്.. പൊളിച്ചു പപ്പാ.. വാ ജിത്തേട്ട ”
ദച്ചു കൈ കാട്ടി സൂര്യെ കൂടി വിളിച്ചു..
ഒരുമിച്ച് ഇരുന്നു കഴിക്കുന്നതിനിടെ അനുവിന് സ്വർണം കൊടുക്കാനുള്ള തീരുമാനം ദച്ചു അറിയിക്കുമ്പോൾ.. ഹരിക്കും സുകന്യയ്ക്കും നൂറു വട്ടം സമ്മതം ആയിരുന്നു..
അതിനേക്കാൾ സന്തോഷത്തോടെ… മുകുന്ദനും ഉമയും അവളെ അഭിനന്ദനങ്ങൾ അറിയിച്ചു.. അങ്ങനൊരു തീരുമാനം എടുത്തതിന്…
സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചു വിജയിച്ച അനൂപ്… അനുവിനെ ഏതോ ഒരു യാത്രയിൽ വെച്ച് കണ്ട് ഇഷ്ടപെട്ട് വീട്ടുകാരെയും കൂട്ടി വന്നതായിരുന്നു..
ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കാൻ വയ്യെന്ന് അനുവിനും തോന്നി..
അങ്ങനെ ആ ആലോചന വിവാഹത്തിൽ എത്തി ചേർന്നു..
അവരാരും ഒന്നും ആവിശ്യപെട്ടിട്ടില്ല എന്നതായിരുന്നു അനു ആദ്യം ആശ്വാസം കൊണ്ടത്..
എന്നാലും അവളുടെ പേരിൽ ഉള്ള ബാങ്കിലെ ഇടപാട് തീർക്കാൻ എങ്കിലും അത് ഉപകരിക്കും എന്നാ തോന്നലിൽ ആയിരുന്നു ദച്ചുവും..
അനുവിന്റെ ഏറ്റവും വലിയൊരു വേവലാതി ആയിരുന്നു…. അടവുകൾ മുടങ്ങി കിടക്കുന്ന ആ കടം..അനൂപിന്റെ കൂടെ ജീവിതം ആസ്വദിച്ചു കഴിയാൻ അവൾക്ക് മുന്നിൽ തടസ്സങ്ങൾ ഒന്നും പാടില്ലെന്ന് ദച്ചുവിന്റെ തീരുമാനം ആയിരുന്നു…
മറ്റേത് രീതിയിൽ കൊടുത്താലും അവൾക്കതു കുറച്ചിൽ ആയി തോന്നും എന്നത് ദച്ചുവിനോളം മാറ്റാർക്കറിയാം..
ആഭരണം അടങ്ങിയ പെട്ടി അനുവിന്റെ കയ്യിൽ ഏല്പിക്കുമ്പോൾ… അവളുടെ അമ്മയും അച്ഛനും ഒരുപോലെ കണ്ണ് തുടച്ചു..
കെട്ടിപിടിച്ചു കരയുന്ന അനുവിനെ വളരെ പണിപെട്ടാണ് ദച്ചു പിടിച്ചു മാറ്റിയത്..
“അച്ഛന് ഒരുപാട് ആശ്വാസം ആയിട്ടുണ്ട്…”
വിതുമ്പി കൊണ്ട് അപ്പോഴും അനു അതാണ് പറയുന്നത്..
“അതേ… കടം വാങ്ങിയിട്ടല്ലാതെ മകൾ സുമംഗലി ആവുന്നത് അച്ഛന്റെ സന്തോഷം തന്നെയാണ്.. ആ അച്ഛന്റെ സന്തോഷം ഈ മകൾക്കും ഹൃദയം നിറയ്ക്കും എന്നെനിക്ക് അറിയാമല്ലോ ”
ദച്ചു പറയുമ്പോൾ.. അനു ചിരിച്ചു കൊണ്ട് തലയാട്ടി..
“ഒന്നും ഓർക്കേണ്ട… ഒരു പേടിയും വേണ്ട.. ജീവിതം തുടങ്ങുമ്പോൾ അതിന്റെ എല്ലാ സന്തോഷത്തോടെയും നീ അനുഭവിക്കാൻ എനിക്കിതേ ചെയ്യാനുള്ളൂ.. നീ എനിക്ക് കൂട്ടുകാരി മാത്രം അല്ലല്ലോ… എന്റെ കൂടപ്പിറപ്പ് കൂടിയല്ലേ.. അങ്ങനെ അല്ലേ ഞാൻ കണ്ടിട്ടുള്ളു ”
പറയുമ്പോൾ ദച്ചുവും.. കേൾക്കുമ്പോൾ അനുവും ഒരുപോലെ കരഞ്ഞു പോയിരുന്നു..
ചുറ്റും ഉള്ളവരുടെ കൂടി കണ്ണ് നിറഞ്ഞ നിമിഷം..
സൂര്യയും ഏട്ടന്മാരും കൂടി അനുവിന്റെ കല്യാണത്തിന് വേണ്ടുന്നതെല്ലാം ഒരുക്കി നൽകി കൂടെ നിന്നിരുന്നു..
അവളിപ്പോൾ അവരുടെ സ്റ്റാഫ് ആണെന്നുള്ള മൂടുപടത്തിൽ…. കാരുണ്യത്തിന്റെ വലിയൊരു മനസ്സ്…
അതിനാൽ തന്നെയും… അത്രയും മനോഹരമായി തന്നെ അത് നടത്താൻ അവളുടെ അച്ഛനായി…
ഈ സഹായങ്ങളെ ഒന്നും തന്നെ… അവർ ആരെയും അറിയിക്കാൻ ഇഷ്ടപെടാത്തത് കൊണ്ട് തന്നെ… ആ അച്ഛന്റെ അഭിമാനം അത് പോലെ തന്നെ ഉണ്ടായിരുന്നു…
💞💞💞💞💞💞💞💞💞💞💞💞💞💞💞
നീ എന്തിനാ അനു കരയുന്നത്.. സന്തോഷത്തോടെ പോ… അയ്യേ.. ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ ”
കാറിലേക്ക് കയറും മുന്നേ വിങ്ങി നിൽക്കുന്ന അനുവിന് ധൈര്യം കൊടുക്കാൻ വേണ്ടി ദച്ചു അത് പറയുമ്പോൾ…. ദച്ചുവിന്റെ കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ കണ്ടിട്ട് എല്ലാവരും ഉറക്കെ ചിരിച്ചു..
അതിന് നീ ആദ്യം ഒന്ന് കരച്ചിൽ നിർത്തെന്റെ പെണ്ണെ ”
സൂര്യ വന്നിട്ട് അവളെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ കരഞ്ഞില്ലല്ലോ ”
കുറുമ്പോടെ ദച്ചു പറഞ്ഞു..
“കണ്ടാലും പറയും….”
സൂര്യ പറയുമ്പോൾ ദച്ചു അവനെ നോക്കി പല്ല് കടിച്ചു…
അളിയോ.. രാത്രി മിക്കവാറും ഞങ്ങൾ ഒരു വരവ് വരേണ്ടി വരും എന്ന് തോന്നുന്നു. ഇപ്പോഴത്തെ കാലാവസ്ഥ കണ്ടിട്ട് ”
ദച്ചുവിന്റെ കരച്ചിൽ കണ്ടിട്ട് തന്നെ ആയിരുന്നു സൂര്യ അനൂപിനോട് അത് വിളിച്ചു പറഞ്ഞത്…
വെൽക്കം അളിയാ ”
അവനും ചിരിച്ചു കൊണ്ട് കൈ ഉയർത്തി കാണിച്ചു…
നിറഞ്ഞ മനസ്സോടെ അവരെല്ലാം അനുവിനെ യാത്രയാക്കി….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ഒരു ഏറ്റവും വലിയ സ്വപ്നം ആയിരുന്നു… ഇത് പോലൊരു ഫ്ലാറ്റ് ഫോം.. എന്റെ മാത്രം അല്ല.. എന്റെ ടീം മൊത്തം കണ്ടിരുന്ന സ്വപ്നം.. അത് യാഥാർഥ്യം ആയതിന്റെ സന്തോഷം നിങ്ങളോട് അറിയിക്കുന്നതിനൊപ്പം തന്നെ… മറ്റൊരു സന്തോഷം കൂടി എനിക്ക് ഷെയർ ചെയ്യാനുണ്ട് ”
വലിയൊരു ആൾക്കൂട്ടത്തെ സാക്ഷി നിർത്തി സൂര്യ അത് പറയുമ്പോൾ… പ്രമുഖർ അടക്കം ഉണ്ടായിരുന്ന വേദിയിൽ കയ്യടി ഉയർന്നു..
വെറുമൊരു കൗതുകം ആയിരുന്നില്ല എനിക്ക് ഡാൻസ്… ആഗ്രഹിച്ചു പഠിച്ചു… എന്റെ അതേ ഇഷ്ടം ഉള്ളവർ കൂടെ വന്നു ചേർന്നപ്പോൾ… അതൊരു സ്ഥാപനം ആയി വളർന്നു.. ഇന്നിപ്പോൾ… സിനിമലോകത്ത് കൂടി ഞങ്ങളുടെ കഴിവ് പ്രകടനം നടത്താൻ ഒരു അവസരം വന്നു ചേർന്ന വിവരം.. ഒത്തിരി സന്തോഷത്തോടെ.. സ്നേഹത്തോടെ.. നന്ദിയോടെ ഞാൻ നിങ്ങളോട് പങ്കു വെക്കട്ടെ.. ഇനിയും ഇനിയും നിങ്ങളുടെ സപ്പോർട്ട്. പ്രാർത്ഥന എല്ലാം കൂടെ ഉണ്ടാവണം ”
കൈ കൂപ്പി കൊണ്ട് സൂര്യ പറഞ്ഞു…
സ്റ്റേജിന് മുന്നിൽ… ഇരുന്നു കൊണ്ട് അവന്റെ പ്രകടനം കാണുമ്പോൾ…. വീണ്ടും വീണ്ടും തനിക്കുള്ളിൽ പ്രണയം നുരഞ്ഞു പൊന്തുന്നത്.. ദച്ചു അറിയുന്നുണ്ട്..
ഇടക്കിടെ തന്നിലേക്ക് പാളി വീഴുന്ന ആ കണ്ണിലും അതേ ഭാവം അവൾക്ക് കാണാൻ ആയിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രണ്ടും കൂടി ലോകം മൊത്തം ചുറ്റി നടന്നിട്ട് ഒടുവിൽ… അങ്കിൾ എന്റെ കൊങ്ങക്ക് പിടിക്കേണ്ട ഗതികേട് വരരുത്.. കേട്ടല്ലോ ”
സൂര്യ കണ്ണുരുട്ടി പറയുമ്പോൾ ദാസും ഇഷാനിയും ഒന്ന് പരസ്പരം നോക്കിയിട്ട് പുച്ഛത്തോടെ അവനെ നോക്കി..
ഞങ്ങൾ ലൈസൻസ് എടുത്തതാണ് മോനെ ”
കയ്യിലെ മോതിരം തടവി ദാസും ഇഷയും ഒരുപോലെ പറയുമ്പോൾ
സൂര്യ അവരെ നോക്കി ചിരിച്ചു..
“അത് നിങ്ങളുടെ രണ്ടു പേരുടെയും കഴിവാണ് എന്ന് കരുതിയോ ”
അവൻ ഒരു ആക്കി ചിരിയോടെ ചോദിച്ചു..
അല്ലെന്ന് രണ്ടാളും ചുമൽ പൊക്കി കാണിച്ചപ്പോൾ… സൂര്യ ചിരിച്ചു പോയി..
ഇഷാനി തന്ന ധൈര്യത്തിൽ… അമ്മയെയും കൂട്ടി അവളുടെ വീട്ടിൽ പോയത് ഓർത്തു പോയി… ദാസ്.
ഹൃദ്യമായ സ്വീകരണമായിരുന്നു..
അതിൽ തന്നെ മനസ്സ് നിറഞ്ഞു..
രാജേട്ടൻ… മരിക്കുമ്പോൾ.. ദാസിനു പതിനഞ്ച് വയസ്സാണ്.. പക്ഷെ… അവന്റെ തണലിൽ എന്നെയും അവന്റെ അനിയത്തിയെയും പൊതിഞ്ഞു പിടിക്കാൻ ആ പ്രായമോ… പക്വതയില്ലായ്മയോ അവനൊരു തടസ്സം അല്ലായിരുന്നു.. എന്റെ മകൻ ആയിരുന്നു എന്റെ ധൈര്യം”
ഉറപ്പോടെ ആ അമ്മ പറയുമ്പോൾ… ലക്ഷ്മണൻ പിന്നെ മറുതൊന്നും ചിന്തിക്കേണ്ടി വന്നില്ല..
ആ ഉറപ്പിൽ ഉണ്ടായിരുന്നു… അയാൾക്കുള്ള മറുപടി..
അമ്മയെ സ്നേഹിക്കാനും സംരക്ഷണം നൽക്കാനും പഠിച്ചവന്… പെണ്ണിനെ സ്നേഹിക്കാൻ മറ്റാരും പറഞ്ഞു കൊടുക്കേണ്ട എന്നാ ഉറപ്പ്..
നിശ്ചയം നടത്തി… ഇഷക്കൊപ്പം അവനെയും കമ്പനിയുടെ തലപ്പത്തു പിടിച്ചിരുത്തുമ്പോൾ.. ഉയർന്ന ബന്ധുക്കളുടെ മുറുമുറിപ്പിനെ കാളും അയാൾ പ്രാധാന്യം കൊടുത്തത് മകളുടെ സന്തോഷത്തിനു ആയിരുന്നു..
“നിന്റെ ദച്ചു വീട്ടീന്ന് അനങ്ങാതെ അടയിരിക്കുന്നതിനു നീ ഞങ്ങളോട് അസൂയ തോന്നിയിട്ട് എന്താ മോനെ കാര്യം..
ദാസ് കളിയാക്കി..
സൂര്യ ഒന്ന് ചിരിച്ചു… ശെരിയാണ്… അവൾക്ക് ഈ ലോകത്തിലെ ഒന്നും വേണ്ട.. എവിടെയും പോവണ്ട.. താൻ അടുത്തുണ്ടായാൽ മാത്രം മതി..
അവനുള്ളം വീണ്ടും പ്രണയം വിങ്ങി… സുഖമുള്ള നോവ്…
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഈ കാണിക്കുന്ന വാശി ശെരിയല്ല വേണി. കാര്യം എന്തായാലും നിന്റെ അമ്മയല്ലേ.. കാണാൻ മോഹം തോന്നിയിട്ട് വിളിക്കുമ്പോൾ പോവാതിരുന്ന മോശം അല്ലേ…”
ദേവ് പറയുമ്പോൾ വേണി അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി നോക്കി..
വാശി അല്ല ദേവേട്ടാ.. എനിക്ക് പേടിയാ അമ്മയുടെ അടുത്തു പോവാൻ.. കാലൊടിഞ്ഞു കിടപ്പാണ് എങ്കിലും.. നാക്കിന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ല.. മനുഷ്യരെ എങ്ങനെ കുത്തി തിരിക്കാം എന്നതാ ഇപ്പോഴും ചിന്ത മുഴുവനും.. അമ്മ ഒരിക്കലും മാറില്ല.. എത്ര കിട്ടിയാലും..
വേണി പറയുമ്പോൾ.. ദേവ് ഒന്നും മിണ്ടിയില്ല..
വേണിയെ കുറെ വെല്ലുവിളി നടത്തിയിട്ടാണ് അന്ന് ഇറങ്ങി പോയത്. നീ എന്റെ അരികിൽ തന്നെ വരും എന്നൊക്കെ പറഞ്ഞു കൊണ്ട്… പക്ഷെ.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വരുൺ ആണ് വിളിച്ചിട്ട് പറഞ്ഞത്… മുറ്റത്തേക്ക് ഇറങ്ങും വഴി.. തെന്നി വീണിട്ട് കാൽ ഒടിഞ്ഞു പോയെന്ന്..
അശ്വതിയും വരുണും നല്ലത് പോലെ നോക്കുന്നുണ്ട്… യാതൊരു പരാതിയും ഇല്ലാതെ തന്നെ..
അവൾക്ക് ഡേറ്റ് അടുത്തത് കൊണ്ട് തന്നെ വരുൺ ഒരു ഹോം നേഴ്സിനെ കൂടി ഏർപാട് ചെയ്തിട്ടുണ്ട്..
തുടക്കത്തിൽ ഒരാഴ്ച വേണി പോയി നിന്നിരുന്നു.
പക്ഷെ അവളോടുള്ള വാശിക്ക്… യാതൊരു സമാധാനവും കൊടുക്കാതെ സുഭദ്ര ദേഷ്യം കാണിച്ചപ്പോൾ.. വേണി തിരികെ പോന്നു..
അതിൽ പിന്നെ അവൾ അങ്ങോട്ട് പോയിട്ടില്ല…
💞💞💞💞💞💞💞💞💞💞💞💞💞💞💞
ദച്ചു അരികിൽ വന്നു നിൽക്കുമ്പോൾ സൂര്യ ഒന്ന് മുഖം ചെരിച്ചു നോക്കി..വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു… അവളും അവനരികിൽ ഇരുന്നു..
ഒന്നും മിണ്ടുന്നില്ല.. പകരം മൗനം കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് പോലെ…
ജിത്തേട്ട…. അൽപ്പം കഴിഞ്ഞപ്പോൾ…ദച്ചു വിളിച്ചു..
മ്മ്..
ഒന്ന് മൂളി കൊണ്ട് സൂര്യ അവളെ വലിച്ചിട്ട് അരികിലേക്ക് ചേർത്തിട്ട് കഴുത്തിൽ ചുറ്റി പിടിച്ചു..
ദച്ചു വല്ലാത്തൊരു വീർപ്പു മുട്ടലിൽ ആയിരുന്നു എന്ന് അവന് തോന്നി…
പതിയെ അവന്റെ കൈകൾ നീങ്ങി അത് അവളുടെ വയറിൽ അമർന്നപ്പോൾ.. ദച്ചു ഞെട്ടി കൊണ്ടവനെ നോക്കി…
എനിക്കറിയാം… രാവിലെ മുതൽ ഇത് എന്നോട് പറയാൻ വേണ്ടി നടക്കുവല്ലേ നീ ”
അവളുടെ നെറ്റിയിൽ തല മുട്ടിച്ചു കൊണ്ട് സൂര്യ ചോദിച്ചു…
“പ്രണയത്തിന്റെ കനലിൽ കൊരുത്തെടുത്ത താലിയാണ് ഞാൻ നിനക്ക് നൽകിയത്.. നിന്നെ അറിയാൻ.. എനിക്ക് നീ പറഞ്ഞു തരേണ്ട ആവിശ്യമില്ല ദച്ചു.. നിന്റെ ഒരു ചെറിയ മാറ്റം പോലും എനിക്ക് മനസ്സിലാവും ”
പ്രണയത്തോടെ സൂര്യ അത് പറയുമ്പോൾ ദച്ചു അവനിലേക്ക് കൂടുതൽ ചാരി ഇരുന്നു..
അനുവിന്റെ വിശേഷം അറിഞ്ഞന്ന് തന്നെ നിന്റെ ഉള്ളിലെ ആഗ്രഹം എനിക്ക് മനസ്സിലായി ദച്ചു… നിന്റെ കണ്ണിൽ ഉണ്ടായിരുന്നു അത്… ഇല്ലേ…. ”
സൂര്യ ചോദിക്കുമ്പോൾ ദച്ചു അതേ എന്ന് മൂളി കൊണ്ട് അവനെ നോക്കി..
ഇവിടെ ആരെങ്കിലും അറിഞ്ഞോ എന്നവന്റെ ചോദ്യത്തിനു ഇല്ലെന്ന് തലയാട്ടി..
ആരും ഒന്നും പറഞ്ഞില്ലങ്കിൽ കൂടിയും എല്ലാവരുടെയും ആഗ്രഹമത് തന്നെ ആയിരുന്നു.. ”
സൂര്യ പറയുമ്പോൾ ദച്ചു ഒന്ന് മൂളി…
പപ്പയ്ക്ക് മിനിസ്റ്റർ പദവിക്കൊപ്പം തന്നെ ഇനി ഒരു മുത്തച്ഛന്റെ റോൾ കൂടി ചെയ്യാം ”
സൂര്യ ആവേശത്തിൽ പറയുമ്പോൾ ഒക്കെയും.. ദച്ചു ഏതോ താരാട്ട് പാട്ടിന്റെ ഈരടികളിൽ ഒഴുകി തുടങ്ങിയിരുന്നു…
അതറിഞ്ഞത് പോലെ.. സൂര്യയുടെ കൈകൾ അവളിൽ പതിയെ താളമിട്ട് തുടങ്ങി…………..
തുടരില്ല… ഇനി.

by