25/04/2026

രാത്രിമഴ : ഭാഗം 03

രചന – ജിഫ്ന നിസാർ

വലിയ ഗേറ്റിൽ പിടിച്ചു വലിച്ചു തുറക്കുമ്പോൾ നട്ടുച്ച വെയിലിനെകാൾ ചൂട് ഉള്ളിലുണ്ട് എന്ന് തോന്നി പോയി..

പേടി ആണോ…
ഒരിക്കലും അല്ല.. ഇതിനേക്കാൾ പേടി പെടുത്തുന്ന പലതും തോൽപ്പിക്കാൻ ശ്രമിച്ചിട്ടും പിടിച്ചു നിന്നില്ലേ..

പറയാൻ കഴിയാത്ത ഒരു വികാരം..

ചുട്ട് പൊള്ളും പോലെ..
ചിലപ്പോൾ അടിവയറ്റിൽ നിന്നും മഞ്ഞു പൊഴിഞ്ഞു വീഴും പോലെ..

ഗേറ്റ് കടന്നു ഒരു സൈഡിൽ തങ്ങൾ പാർത്തിരുന്ന കുഞ്ഞു വീട് കാണെ ഹൃദയം വീണ്ടും തുടിച്ചു..

സങ്കടങ്ങൾക്കിടയിൽ ഇത്തിരിയെങ്കിലും സന്തോഷം നൽകിയ കുഞ്ഞു സ്വർഗം…

അറിയാതെ തന്നെ കാലുകൾ അങ്ങോട്ട്‌ ചലിച്ചു..

മുറ്റം നിറയെ ഇലകളുണ്ട്.. ആൾപ്പർപ്പ് ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അറിയാം.. മുറ്റത്തെ ഒരരുകിൽ ഉണ്ടായിരുന്ന മാവ് പൂത്തിരുന്നു..

തൈ ചെടി ആയിരുന്ന ചെമ്പകം നിറയെ പൂവുകൾ… വളർന്നു വലുതായി പോയി..

കുഞ്ഞു കുഞ്ഞു മാറ്റം..

ഉമ്മറത്തു തൂണിൽ പിടിച്ചു വെറുതെ ഇരുന്നു..
പൊലിഞ്ഞു തീർന്ന സ്വപ്നം വീണ്ടും വേര് പടർന്നു തുടങ്ങിയത് ഇവിടെ നിന്നാണ്..

നെയ്തു കൂട്ടിയ സ്വപ്നം ഒന്നാകെ അടർന്നു വീണതും ഇവിടെ തന്നെ..

കുഞ്ഞു നാളിതുവരെ അറിയാത്ത ബന്ധം തിരിച്ചു കിട്ടിയത്.. അതും ഇവിടെ.

നെഞ്ചിലെ മായാത്ത മുറിപ്പാട് പോലൊരു ബന്ധം അലിഞ്ഞു പോയതും…..

അമ്മയുടെ തളർന്ന മുഖം.. അമ്പിളിയുടെ മരവിച്ച മുഖം.. ജിത്തേട്ടന്റ കണ്ണിലെ പ്രണയം..

അങ്ങനെ അങ്ങനെ
ഒത്തിരി മുഖങ്ങൾ ഉള്ളിലൂടെ ഓടി മറഞ്ഞു.

ഇവിടെ ഇല്ലങ്കിൽ അവർ തറവാട്ടിൽ തന്നെ ആവും..

മറ്റെവിടെ എങ്കിലും ഉപേക്ഷിച്ചു കളയാൻ.. അമ്മമ്മ സമ്മതിച്ചു കൊടുക്കില്ല എന്നുള്ളത് വിശ്വാസം ആണ്.

ഈ അഞ്ചു വർഷം സ്വയം ബോധിപ്പിച്ചു സമാധാനം കണ്ടെത്തിയ വിശ്വാസം..

പതുക്കെ എഴുന്നേറ്റു നടന്നു.. തിരിഞ്ഞു നോക്കി കൊണ്ട് തന്നെ.. കയ്യിലെ കവർ അപ്പോഴും മുറുകെ പിടിച്ചു. ഒരു ആശ്രയം പോലെ.

മുൻവാതിൽ തുറന്നു കിടപ്പുണ്ട്. എങ്കിലും ബെല്ലടിച്ചു. അതിനേക്കാൾ ഉച്ചത്തിൽ നെഞ്ച് അടിക്കുന്നുണ്ട്.

കൈകൾ കവറിൽ മുറുകി..

ദേവകി അമ്മായി ആണ് ആദ്യം വന്നത്.

മുഖം നിറഞ്ഞ അമ്പരപ്പ് കാണാം.

വിളറിയ ചിരി പകരം കൊടുത്തു.കണ്ണുകൾ അകത്തേക്ക് പാഞ്ഞു.. കാലുകൾക്ക് മുന്നേ.

ചുറ്റും ആള് കൂടുന്നുണ്ട്. കണ്ണിൽ പുതിയ ഭാവങ്ങൾ വിരിയുന്നുമുണ്ട്.
പക്ഷേ ഹൃദയം വിങ്ങുന്നു… അമ്മയെ തേടി..

ആ സമയം ഒരു കുഞ്ഞി പെണ്ണാണ് താണെന്ന് വെറുതെ തോന്നി.
അമ്മയുടെ ചിറകിന് കീഴെ ഒളിക്കാൻ വെമ്പുന്ന ഒരു കുഞ്ഞി പെണ്ണ്..

“അമ്മ…… എവിടെ “പതറി കൊണ്ട് ചോദിച്ചു..

ഇറങ്ങി പോ എന്ന് പറയും മുൻപേ ചോദ്യം ചോദിച്ചു..

പക്ഷേ ആരൊക്കെയോ കയ്യിൽ പിടിച്ചു.. അകത്തേക്ക്..നയിച്ചു.
ആരും എതിർപ്പ് പറയുന്നില്ല എന്നതാ ഏറെ അത്ഭുതം തോന്നിയത്..

പകച്ചുപോയി.. പതറി കൊണ്ട് ചുറ്റും കണ്ണോടിച്ചു..
ആദ്യമായാണ് ഈ അകത്തു കാല് കുത്തുന്നത്..

ആരൊക്കെയോ കയ്യിൽ പിടിച്ചത് കൊണ്ട് മാത്രം മുന്നോട്ടു നടക്കുന്നു..
കെട്ട് പൊട്ടിയ പട്ടം പോലെ ഹൃദയം പാറി കളിക്കുന്നുണ്ട്..

തുറന്നു വെച്ചൊരു മുറിയിൽ കസേരയിൽ ഇരിക്കുന്നു അമ്മ…

സന്തോഷം കൊണ്ടാണോ… കണ്ണുകൾ പെടുന്നനെ നിറഞ്ഞു തൂവി..
അമ്മയും..

വാ “കൈകൾ വിടർത്തി ആ നെഞ്ചിലേക്ക് വിളിച്ചപ്പോൾ കാലുകൾ റോക്കറ്റ് പോലെ ആയിരുന്നു..

അമ്മയ്ക്ക് ചന്ദനത്തിന്റെ ഗന്ധം…

മതിവരുവോളം ഇറുക്കി പിടിച്ചു..
തലയിൽ തലോടി അമ്മയും.

ചേച്ചി…. തോളിൽ പതിഞ്ഞ കൈകൾ.. പരിചിത സ്വരം.. മുഖം ഉയർത്തി നോക്കി..

അമ്പിളി…

വിടർന്നു ചിരിക്കുന്നുണ്ട്.. പക്ഷേ കണ്ണുകൾ നിറഞ്ഞു തന്നെ..
ചേച്ചി…. വീണ്ടും അവൾ വിളിച്ചപ്പോൾ ഞെട്ടി പോയി..
ആ വിളി മറന്നിട്ട് … ഈ ചിരി മറന്നിട്ട് വർഷങ്ങൾ കഴിഞ്ഞു..

പെട്ടന്ന് അതെല്ലാം അവളിൽ തിരിച്ചു കണ്ടപ്പോൾ ഹൃദയം നിലച്ചു പോയി..

അപ്പോഴേക്കും അവൾ നിറഞ്ഞ ചിരിയോടെ കെട്ടിപിടിച്ചു….

💞💞💞💞💞💞💞💞💞💞💞💞💞💞

മതിയെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും ചോറ് വിളമ്പുന്ന അമ്മായിയുടെ നേരെ പ്രിയ പാളി നോക്കി..

കാണുമ്പോൾ തന്നെ തുറിച്ചു നോക്കി ദേഷ്യം കൊണ്ട് മുഖം ചുവന്നു പോയിരുന്നു ഈ ആളുടെ..

ഇപ്പൊ പക്ഷേ സ്നേഹം മാത്രം ഉള്ളൊരു സ്ത്രീ..

ബാക്കി ഉള്ളവരും അങ്ങനെ തന്നെ..
എന്തൊക്കെയോ വിശേഷം പറയുന്നുണ്ട്.. പൊട്ടിച്ചിരിക്കുന്നുണ്ട്..
ഇന്നലെ കണ്ടു പിരിഞ്ഞു പോയ ഒരാളോട് എന്ന പോലെ..

ആ കൂട്ടത്തിൽ ഇരുന്നപ്പോഴും കണ്ണുകൾ ജിത്തേട്ടനെ തേടുന്നു..

“അച്ചു ഏട്ടാ…

അടുത്തിരിക്കുന്ന അശ്വിനെ പതുക്കെ വിളിച്ചു..
ലാപ്ടോപ്പിൽ എന്തോ തിരയുന്ന ആള് മുഖം ഉയർത്തി..

“എന്താ പ്രിയ.. ചിരിച്ചു കൊണ്ടാണ് ചോദ്യം..

“ജിത്തേട്ടൻ… ജിത്തേട്ടനെ കണ്ടില്ലല്ലോ.. ആള് എവിടെ പോയി..”

“ഓഹോ.. ഇവിടിപ്പോ നമ്മൾ ഇത്രേം പേര് ഉണ്ടായിട്ടും ശ്രീയേ മാത്രമേ പ്രിയ ചോദിച്ചോള്ളൂ.. കഷ്ടം ഉണ്ട് ട്ടോ.. ലീവ് എടുത്തു തന്നെ കാത്തിരുന്ന നമ്മളൊക്കെ ഇപ്പൊ ആരായി…”
കണ്ണുകൾ കൂർപ്പിച്ചു നീരവ് ചേട്ടൻ പരിഭവം പറഞ്ഞു..

അപ്പൊ ഞാൻ വരുന്നത് നിങ്ങൾ എങ്ങനെ അറിഞ്ഞു… അത്ഭുതം കൊണ്ട് ചോദിച്ചു..

“അതൊക്കെ അറിയാം ടോ…”

വേണി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
എങ്ങനെ എന്ന് വീണ്ടും ചോദിക്കും മുൻപേ അവരുടെ സംസാര വിഷയം മാറി..

പതിയെ എഴുന്നേറ്റു മുറ്റത്തേക്ക് നടന്നു…

മനസ്സിൽ ആകെ ഒരു ശാന്തത തോന്നുന്നു…

മുറ്റത്തെ ഒരു കോണിലുള്ള മൂവാണ്ടൻമാവിന്റെ ചുറ്റും കെട്ടിയ അര മതിലിൽ പോയിരുന്നു..

വെയിൽ മങ്ങി തുടങ്ങി… നേർത്ത കാറ്റുണ്ട്..

അന്തരീഷം സുഖകര മായൊരു അവസ്ഥ..

നടുത്തള ത്തിൽ വർത്താനം പറഞ്ഞിരിക്കുന്നവരെ അവിടെ ഇരുന്നും കാണാ..
അടുക്കളയിൽ നിന്നുമുള്ള നെയ്യിന്റ് മണം.. നാലുമണി പലഹാരം ആവും..

കടിച്ചു കീറി കുടയും എന്ന് കരുതിയാണ് കയറി വന്നത്.. പക്ഷേ മനസ്സിൽ പോലും കാണാത്ത സ്വീകരണം..

കെട്ടിപിടിച്ചു സന്തോഷം പ്രകടനം നടത്തിയില്ല. പക്ഷേ മുഖം നിറഞ്ഞ സ്നേഹം ഒറ്റ നോട്ടത്തിൽ അറിയാം..

അത് മതി.. അത് മാത്രം മതി..

അപ്പനുള്ളപ്പോൾ ഏറെ കൊതിച്ചു പോയിരുന്നു.. ആ കയ്യിൽ പിടിച്ചു അപ്പന്റെ വീട്ടിലും അമ്മയുടെ തറവാട്ടിലും എല്ലാം പോകുന്നത്..
സ്വന്തം എന്ന് പറയാൻ ഒത്തിരി ആളുകൾ ചുറ്റും കൂടുന്നത്..

ഇന്നത് ഇത്തിരിയെങ്കിലും നടന്നു..

അപ്പന്റെ കുടുംബം… അതിന്നും ഒരു നോവായി മനസ്സിൽ ഉണ്ട്..

മാമന്മാരെ ഇവിടെ കണ്ടില്ല… എവിടെ പോയോ ആവോ.. വല്ല്യമ്മ ചേർത്ത് നിർത്തി യപ്പോൾ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു പോയിരുന്നു..

ചേച്ചി… അടുത്ത് വന്നിരുന്ന അമ്പിളി വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി..

അവളാണ് പറഞ്ഞു തന്നത്..
അവളിലെ മാറ്റത്തിന് കാരണം..

ഒരു ജീവൻ കണ്മുന്നിൽ പിടഞ്ഞു തീരുന്നത് കണ്ടപ്പോൾ നിന്നു പോയ ബോധം… ഏട്ടന്റെ ജീവൻ കണ്മുന്നിൽ പിടഞ്ഞു തീരുമ്പോൾ തിരിച്ചു കിട്ടിയത്…

ഇടയിൽ ഉള്ള കുറച്ചു കാലം ഓർമയിൽ ഇല്ലേലും.. അപ്പൻ മരിക്കുന്നത് വരെയും ഉള്ളത് അവൾക്ക് നല്ല ഓർമ ഉണ്ട്… ഇന്നിപ്പോൾ സ്കൂളിൽ പോവുന്നുണ്ട്..

ഇവിടെ ഉള്ളവർ തന്നെ ആണ് അതിനൊക്കെ സഹായിക്കാൻ മുന്നിൽ ഉള്ളത്..

ചേച്ചി പോയപ്പോൾ തകർന്ന് പോയിരുന്നു..
അമ്മയുടെ അവസ്ഥ ആയിരുന്നു പേടി പെടുത്തിയത്..

തീരെ വയ്യാതെ മൂന്നു ദിവസം ICU വിൽ … കിടന്നിട്ടുണ്ട്..

അവിടെ നിന്നും പിന്നെ പോന്നത് തറവാട്ടിൽ ആയിരുന്നു..
അമ്മമ്മയുടെ തീരുമാനം…

ആദ്യം ഇവിടെ ഇങ്ങനെ ഒന്നും ആയിരുന്നില്ല ചേച്ചി.. വെറുതെ വഴക്ക്.. അമ്മമ്മയെ കാണുമ്പോൾ മാത്രം മിണ്ടാതെ.. ഞാൻ പേടിച്ചു എപ്പോഴും അമ്മയുടെ മുറിയിൽ അടച്ചിരിക്കും.. ഒരു ദിവസം ശ്രീ ഏട്ടനെ വഴക്ക് പറയുന്നത് കേട്ടു വല്യമ്മാ മ്മ..
കാരണം എന്താ എന്നറിയില്ല.. ശ്രീ ഏട്ടനും നല്ലോണം പറയുന്നുണ്ട്. പിന്നെ ആ മാറ്റം തുടങ്ങിയത്.. മാമന്മാരെ പേടിച്ചു മിണ്ടാതെ നടന്നിരുന്ന ചേച്ചി മാരൊക്കെ പിന്നെ ചേർത്ത് പിടിച്ചു.. അച്ചു ഏട്ടൻ ആണ് എന്നെ സ്കൂളിൽ കൊണ്ട് പോയി ചേർത്തത്..നിരഞ്ജൻ ചേട്ടനാ ബുക്ക്‌ വാങ്ങി തന്നത്… വേണി ചേച്ചിയും ശ്രീ കുട്ടി ചേച്ചിയും ഡ്രസ്സ്‌ വാങ്ങി തന്നു.. ശ്രീ ഏട്ടൻ ആണ് ആദ്യം കൊണ്ട് പോയത്… ”

സ്വപ്നത്തിലെന്ന പോലെ അമ്പിളിയുടെ വാക്കുകൾ കേട്ടിരുന്നു..

ആ വാക്കുകൾ തന്നെ മതിയായിരുന്നു അമ്മയുടെ മാറ്റം എങ്ങനെ എന്ന് അറിയാൻ..

ചുറ്റും സ്നേഹിക്കാൻ നിറയെ ആളുകളെ കിട്ടിയപ്പോൾ അമ്മയുടെ തളർച്ച പാതി മാറി..

“മാമന്മാരോ മോളെ… മിണ്ടാറുണ്ടോ ”

ആകാംഷയോടെ ചോദിച്ചു.

“കാണുമ്പോൾ ചിരിക്കും ചേച്ചി.. എന്തെലും ആവിശ്യം ഉണ്ടെങ്കിൽ പറയണേ ന്ന് പറയും..”

അമ്പിളി തോളിൽ തല ചേർത്ത് പറഞ്ഞു..

സന്തോഷം ആണോ.. സങ്കടം ആണോ.. അപ്പന്റെ മുഖം ആണ് ഓർമ വന്നത്..

ഇത്തിരിയെങ്കിലും മുൻപ്… ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ അപ്പന്റെ മരണത്തിലെങ്കിലും മൂപ്പർക്ക് വേവലാതി ഇല്ലാതെ പോവായിരുന്നു..

കണ്ണടയും മുന്നേ… ഹൃദയം നിൽക്കും മുന്നേ.. പ്രാണൻ പോവും മുന്നേ ഓർത്തു വേദന തോന്നി കാണും അപ്പന്… ഞങ്ങൾ ഒറ്റക്കാണല്ലോ എന്നത്..

കൂട്ടിന് ആരും ഇല്ലല്ലോ എന്നത്..

നീറുന്ന ഹൃദയം…
❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ വൈകി ആണ് എഴുന്നേറ്റത്..
അമ്മയുടെ മുറിയിൽ തന്നെ ഉള്ള കട്ടിലിൽ അമ്പിളിയുടെ അടുത്ത് കിടക്കുമ്പോൾ ഹൃദയം ശാന്തമായിരുന്നു..

ഉറക്കം കണ്ണുകൾ മൂടും വരെയും..

രാത്രി ജിത്തേട്ടൻ വരും എന്ന് കരുതി.. കണ്ണുകൾ ഇടയ്ക്കിടെ പുറത്തേക്ക് പാഞ്ഞു..

മാമന്മാർ വന്നപ്പോൾ എഴുന്നേറ്റു തിരിച്ചു നടന്നു..

പക്ഷേ മുഖത്തു നോക്കി അവർ രണ്ടാളും ചിരിച്ചപ്പോൾ മനസ്സിൽ വീണ്ടും സന്തോഷം നിറഞ്ഞ ഫീൽ..

ആദ്യമായിട്ട്… ദേഷ്യം ഇല്ലാതെ നോക്കുന്നു..
ഭക്ഷണം കഴിഞ്ഞു തിരിച്ചു വന്നു കിടക്കുമ്പോഴും എല്ലാം ഉണരുമ്പോൾ മായുന്നൊരു സ്വപ്നം പോലെ ആവുമോ എന്ന് വെറുതെ പേടിച്ചു..

ഉറങ്ങാൻ തന്നെ പേടിച്ചു..
അത്രയും ലഹരിയിൽ ആയിരുന്നു ഉള്ള് മുഴുവനും..

പിന്നെ എപ്പഴോ കണ്ണുകൾ അടഞ്ഞു പോയി…

“എങ്ങോട്ടാ ചേച്ചി… ഇത്രയും രാവിലെ തന്നെ..”

കുളിച്ചു വന്നു ഒരു ചുരിദാർ എടുത്തണിഞ്ഞു..

തന്റെ ഡ്രസ്സ്‌ മുഴുവനും ഇവിടെ ഒതുക്കി വെച്ചിട്ടുണ്ട്..
കൂട്ടത്തിൽ വേറെ ഒരുപാട് ഡ്രസ്സ്‌ ഉണ്ട്..

“അപ്പന്റെ അടുത്ത് പോകുവാ മോളെ.. ഒത്തിരി നാളായി ഒരു പൂ വെച്ചിട്ട്.. തിരി കത്തിച്ചു പ്രാർത്ഥന ചൊല്ലീറ്റ്.. നീ വരുന്നോ ”

മുടി ചീവി കൊണ്ട് അവളോട്‌ ചോദിച്ചു..

“ഞാൻ ഇല്ല ചേച്ചി.. ഇന്ന് എനിക്ക് സ്കൂളിൽ പോണ്ടേ.. ലീവ് എടുത്ത അമ്മായി നല്ല അടി തരും ന്നാ പറഞ്ഞത് ”

അമ്പിളി ചിരിച്ചു കൊണ്ട് പറഞ്ഞു..

ആ കൂടെ ചിരിച്ചു പോയി..

അമ്മയോട് കാര്യം പറഞ്ഞു ..പെട്ടന്ന് തിരിഞ്ഞു നടന്നു…
ആ കണ്ണുകൾ നിറയുന്നത് കാണാൻ വയ്യ.

ഊണ് മുറിയിൽ എല്ലാവരും ഉണ്ടായിരുന്നു.. അവരോടു കാര്യം പറഞ്ഞു..

തിങ്കൾ ആയത് കൊണ്ട് എല്ലാർക്കും ജോലിക്ക് പോണം..

കൂടെ വരാം ന്ന് പറഞ്ഞത് സ്നേഹത്തോടെ നിരസിച്ചു..
വണ്ടിയിൽ പോയി വാ.. ഡ്രൈവർ ആക്കി തരും എന്ന് വല്ല്യ മാമ പറഞ്ഞപ്പോൾ കുളിർന്ന് പോയി..

വേണ്ട.. ബസ്സിൽ പോയി കൊള്ളാം.. ”
ഇടർച്ച യോടെ പറഞ്ഞു ഇറങ്ങി പോരുമ്പോൾ കരച്ചിൽ തൊണ്ടയിൽ പിടഞ്ഞു..

വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി.. ഇന്നലെ മുതൽ തേടുന്നു..

ഒന്നിനും അല്ല.. വെറുതെ ഒന്ന് കാണാൻ..

💕💕💕💕💕💕💕💕💕💕💕💕💕💕💕💕

അപ്പന്റെ കുഴിമാടത്തിനരികിൽ നിൽക്കുമ്പോൾ വീണ്ടും ഹൃദയം വേദനിക്കുന്നു..

കണ്ണുകൾ നിറയുന്നു..

വാക്കുകൾ ഒന്ന് പോലും പുറത്ത് വന്നിരുന്നില്ല.. പക്ഷേ ഹൃദയം വിശേഷം പറയുന്ന തിരക്കാണോ..

പുതുതായി കിട്ടിയ ബന്ധങ്ങൾ…

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല..

തൊട്ടരികിലെ അമൽ ജെയ്‌സ് എന്ന് എഴുതിയ കല്ലറയിൽ… കയ്യിലുള്ള റോസാ പൂ ചേർത്ത് വെക്കുമ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി..

“എന്തിനായിരുന്നു ഏട്ടാ…. അപ്പൻ ഇല്ലാത്ത ഞങ്ങളുടെ ധൈര്യം ആവേണ്ട ആളാല്ലായിരുന്നോ… എവിടെ ആണ് എന്റെ ഏട്ടന് പിഴച്ചു പോയത്.. അറിഞ്ഞില്ല… ഇത്രയും നാശത്തിൽ പെട്ട് പോയെന്ന്.. എത്രയൊക്കെ വെറുക്കാൻ നോക്കിയിട്ടും ഇന്നോളം പറ്റിയിട്ടില്ല അതിന്..”

മുട്ട് കുത്തി ഇരുന്നു പറയുമ്പോൾ വാക്കുകൾ കണ്ണീർ നനഞ്ഞു..

“. വേണം എന്ന് വെച്ചിട്ടലല്ലോ.. അങ്ങനെ ചെയ്യുന്നത് ആരായാലും ആ നിമിഷം അത് തന്നെ അല്ലേ ഏട്ടാ ആരും ചെയ്യൂ… നമ്മുടെ കുഞ്ഞി അനിയത്തി അല്ലേ.. അവളെ… എങ്ങനെ തോന്നി…”

പരിഭവം പോലെ പറയുമ്പോൾ തണുത്തൊരു കാറ്റ് പൊതിഞ്ഞു അവളെ..

മുഖം ചുവന്നു വിങ്ങി പോയിരുന്നു…

“ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമ്മുക്ക് ഇത് പോലെ ഒന്നിച്ചു ജനിക്കണം ഏട്ടാ.. കൊടുക്കാൻ കഴിയാത്ത ഏട്ടന്റെ സ്നേഹം തിരികെ കിട്ടാൻ… നമ്മുക്ക് ഇത് പോലെ ജനിക്കണം…”
തിരിച്ചു നടക്കുമ്പോൾ മന്ത്രം പോലെ പ്രിയ അത് പറഞ്ഞു കൊണ്ടിരുന്നു..

പള്ളിയിലെ രൂപ കൂടിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥന ചെല്ലുമ്പോൾ ഹൃദയം ശൂന്യം ആയിരുന്നു..

ഏറെ നേരം വെറുതെ കണ്ണടച്ച് ഇരുന്നു…

അച്ഛനെയും കണ്ടു അനുഗ്രഹം വാങ്ങി തിരിച് റങ്ങി പോരുമ്പോൾ മനസ്സിൽ വല്ലാത്തൊരു സുഖം…

സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ…
പള്ളി മുറ്റത്തെ വാക മര തണലിൽ അരമതിലിൽ നിറഞ്ഞ വാക പൂക്കൾക്കിടയിൽ… തന്നെ നോക്കി ഇരിക്കുന്ന ജിത്തേട്ടൻ..

ഹൃദയം മിടിക്കാൻ കൂടി മറന്നു പോയി..

ഒന്ന് കണ്ടെങ്കിൽ എന്ന് വന്നപ്പോൾ മുതൽ തേടുന്നു..

കാലുകൾ അറിയാതെ തന്നെ ഓടി ഇറങ്ങി..

കിതച്ചു കൊണ്ട് ആ മുന്നിൽ എത്തുമ്പോൾ സന്തോഷം അതിന്റെ ഉച്ചസ്ഥായിൽ ആയിരുന്നു..

ആളും ചിരിച്ചു കൊണ്ട് എഴുന്നേറ്റു…

“ഞാൻ എന്തോരും നോക്കി.. എവിടെ ആയിരുന്നു ”

പരിഭവം പോലെ ചോദിച്ചു..
എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയാതെ….

ഞാനും…
അത്രയും പറഞ്ഞ ആള് വീണ്ടും ചിരിക്കുന്നു..

ചെയ്തതും പറഞ്ഞതും ഓർമ വന്നപ്പോൾ മുതൽ ഹൃദയം പിറകോട്ടു വലിച്ചു..
ഒരു നിമിഷം എല്ലാം മറന്നു പോയതിനു സ്വയം പഴിച്ചു..

ആ മനസ്സിൽ എല്ലാം മറന്നു പോയിട്ടുണ്ടെങ്കിൽ വീണ്ടും….

ദൈവമേ… പെട്ടന്ന് കണ്ടപ്പോൾ അറിയാതെ ഞാൻ ചെയ്തു പോയതാ..
കുറ്റബോധം തളർത്തി..
വാക പൂക്കൾ കൊഴിഞ്ഞു വീണ അര മതിലിൽ ഇരുന്നു..

സുഖമാണോ കണക്ക് വാദ്യാരെ ”

ചമ്മൽ മറക്കാൻ എന്ന പോലെ ചോദിച്ചു..

തൊട്ടരികിൽ ഇരുന്നു കൊണ്ട് തലയാട്ടി..

വാ തോരാതെ വർത്താനം പറഞ്ഞിരുന്ന ഇങ്ങേർക്ക് ഇതെന്ത് പറ്റി.. ഒരു മൗനം..
അതാണ്‌ ഓർത്തത്..

“തമ്മിൽ കാണാതിരിക്കാൻ മാത്രം എന്തോ ഒന്ന് നമ്മുക്കിടയിൽ ഉണ്ടോ ദേവൂ ”

മുന്നോട്ടു നോക്കി ചോദിക്കുന്നവനെ പകച്ചു നോക്കി..
“ഒന്ന് കാണാൻ വേണ്ടി… എത്ര പ്രാവശ്യം വന്നിരുന്നു ഞാൻ.. നേരിട്ട് കാണുമ്പോൾ അത് തനിക്കൊരു ധൈര്യം ആവും എന്നോർത്ത്.. എന്തേ.. ഒരിക്കൽ പോലും നിനക്ക് തോന്നിയില്ലേ ഒന്ന് കാണാൻ..”

തോന്നിയില്ലേ എന്നോ.. അവൾക്ക് ചിരി വന്നു..

സിമന്റ് തറയിൽ വെറുതെ കിടക്കുമ്പോൾ… ജയിലിൽ എന്ത് ജോലി ചെയ്യുമ്പോഴും എല്ലാം എല്ലാം…

പക്ഷേ തൊട്ടടുത്തുള്ള നിമിഷം കുറ്റവാളി… ഗതി കെട്ടവൾ.. പ്രാരാബ്ദകാരി ഇതെല്ലാം മുന്നിൽ വന്നിരുന്നു പല്ലിളിച് കാണിച്ചു..

ഹൃദയം പിടയുമ്പോഴും മറ്റൊരു ജീവിതം കിട്ടണേ ആൾക്ക് ന്ന് ഉള്ളറിഞ്ഞു പ്രാർത്ഥന നടത്തി…

തന്നെ മാത്രം നോക്കി ഇരിക്കുന്നവനോട് അത് പക്ഷേ പറഞ്ഞില്ല..

ദൂരേക്ക് നോക്കി വെറുതെ….. ചിരിച്ചു അവളും…

തുടരും..