രചന – ജ്വാലാമുഖി
“ആദി.. വഴി ആകെ മോശം ആണല്ലോടാ… നമുക്ക് തിരിച്ചു പോയാലോ… ”
“നീ പോണേൽ പൊക്കൊ… ഞാൻ എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്നിട്ടേ വരുന്നുള്ളു… ”
“ടാ.. ഇതൊക്കെ ആന ഇറങ്ങുന്ന സ്ഥലം ആണ്… ”
“ഇങ്ങനെ പേടിക്കല്ലേ എന്റെ ഹരി… ”
ആടിത്തിമിർത്തു ഒഴുകുന്ന കാട്ടരുവികളിൽ കാലു നനച്ചു ഓടിക്കിതച്ചു മല കയറുമ്പോൾ കിതപ്പു മാറ്റാൻ ഞാൻ പാടുപെട്ടു…
മടുപ്പിക്കുന്ന ജോലിക്കും പ്രാരബ്‌ധങ്ങൾക്കും ഇടയിൽ ഒരു ഇടക്കാല ആശ്വാസത്തിന് വേണ്ടി ആണ് ഈ കുറത്തിമലയിലേക്ക് ഒരു യാത്ര പോന്നത്… ഉറ്റചങ്ങാതി ഹരിയും ഉണ്ട് കൂടെ…
പണ്ടേ പേടിത്തൊണ്ടൻ ആയ അവനെ ഈ കാട്ടിൽ കുറച്ചു നാൾ കൂടെ കൂട്ടുക എന്ന് പറഞ്ഞാൽ അല്പം അല്ല ഒരുപാട് ബുദ്ധിമുട്ട് തന്നാ…
ഉന്തി ഉളുക്കി മല കയറുമ്പോൾ ആണ്…
പടർന്നു ചാഞ്ഞു കിടക്കുന്ന ഒരു മരത്തിന്റെ വള്ളിയിൽ കുരങ്ങനെ പോലെ തൂങ്ങി ആടുന്ന ആ പെൺകുട്ടിയെ ഞാൻ കാണുന്നത്..
“ഹരി.. നോക്കിയെടാ… ”
“എന്തുട്ടാ… ”
“ആ മരത്തിന്റെ അടിയിലേക് നോക്കു… ”
അവൻ കണ്ണും മിഴിച്ചു എന്നെ നോക്കി..
“ആഹാ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി അല്ലേടാ ചങ്കെ… ”
“ഉം… ഇവിടെ ഒക്കെ മലയന്മാർ അല്ലെ… ഇതൊക്കെ അല്ലെ അവരുടെ വിനോദങ്ങൾ… ”
“നല്ല വിനോദം.. ”
നടന്നു നടന്നു… ആ മരത്തിനടുക്കെ എത്തിയപ്പോൾ ഞാൻ അവളെ നല്ലോണം ശ്രദ്ധിച്ചു…
കറുത്തൂ മെലിഞ്ഞ ഒരു സുന്ദരി… തിളങ്ങുന്ന വെള്ളാരം കണ്ണുകൾ… കഴുത്തോളം തൂങ്ങുന്ന കമ്മൽ…
മഞ്ഞയിൽ ചുവന്ന കരയുള്ള സാരീ… അത് മുട്ടിനൊപ്പം ഇറക്കത്തിൽ ഉടുത്തിരിക്കുന്നു…
അവൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി… ഞങ്ങൾ വീണ്ടും നടന്നതും… അവൾ പിറകിന്നു വിളിച്ചു…
“ഡോ… ”
“എന്താ… ”
“ആ വഴി ഇപ്പൊ പോണ്ട… പോത്തോളു പൊഴേൽ പോണ നേരാ.. ”
“ഞങ്ങൾക്ക് കുറത്തിമലക്കാണ് പോകേണ്ടത്… ”
“നാട്ടിൽ നിന്നുള്ള ആൾക്കാരെ അങ്ങോട്ട് കയറ്റില്ല… ”
“അതെന്താ… ”
“നിങ്ങൾ ഒക്കെ കള്ളന്മാർ ആണെന്നാ മൂപ്പൻ പറയാറ്… ”
“അയ്യോ ഞങ്ങൾ കക്കാൻ വന്നതൊന്നും അല്ലടോ.. ”
അപ്പോളേക്കും രണ്ടു പെൺകുട്ടികൾ വന്നു അവളോട് എന്തൊക്കെയോ സംസാരിച്ചു തിരിച്ചു പോയി …. അവരുടെ ഭാഷ എനിക്ക് മനസിലായില്ല…
“എന്താ അവർ പറഞ്ഞത്… ”
“ഒണക്ക പോത്തു ചതച്ചു വച്ചിട്ടുണ്ട് കഴിക്കാൻ ചെല്ലാൻ.. ”
“ഓഹോ.. ഈ കാട്ടിൽ തനിക്ക് മാത്രേ മലയാളം അറിയുള്ളു.. ”
“അല്ല.. മൂപ്പനും കുറച്ചു പേർക്കും അറിയാം… നീങ്ക… ഇനി ഈ വഴിക്ക് പോണ്ട.. രാവിലെ പോയാൽ മതി… ”
“അയ്യോ അതുവരെ എവിടെ കിടക്കും… ”
“എന്റെ കൂടെ വാ… ”
ഞാൻ അവളുടെ പിന്നാലെ നടന്നു… അവളുടെ മുടിയിൽ നിന്നും ഒരു തരം ചെമ്പകത്തിന്റ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി…
അവളെ നോക്കി നടന്നു നടന്നു ഒരു ഏറുമാടത്തിനു താഴെ എത്തി..
“അവിടെ പോയി കിടന്നോ… ”
“ഇത് ആരുടേതാ… ”
“ഇത് എന്റെ അപ്പ ഉണ്ടാക്കിതാ… ”
“എന്നിട്ട് ഇവിടെ ആണോ നിങ്ങൾ താമസിക്കാറു… ”
“ഏയ്… മലയിൽ പുലി ഇറങ്ങുമ്പോൾ ഞങ്ങൾ ഇവിടെ വന്നു താമസിക്കും… ”
“ഉം… ”
ഞാൻ ബാഗ് ൽ നിന്നും ഒരു പാക്കറ്റ് ബിസ്ക്കറ്റ് എടുത്തു അവൾക്കു നീട്ടി…
അവൾ അതു വാങ്ങി എന്നെ നോക്കി ചിരിച്ചു… എന്നിട്ട് മടിക്കുത്തിൽ നിന്നും കുറച്ചു പഴങ്ങൾ എടുത്തു എനിക്ക് നീട്ടി…
ഞാൻ അത് വാങ്ങി…
“അല്ല ചോദിക്കാൻ മറന്നു… എന്താ പേര്…? ”
“പവിഴം…. ”
“ആഹാ… നല്ല പേരാണല്ലോ.. ”
“നീങ്ക… ”
“എന്റെ പേര് ആദിത്യൻ.. ഇതു എന്റെ കൂട്ടുകാരൻ ഹരി… ”
“ഞാൻ പോട്ടെ ഇല്ലേൽ പോത്തു ചതച്ചത് കിട്ടുല്ല… ”
“പോത്തു ചത്തതോ… ”
“ചത്തത് അല്ല.. ചതച്ചത്… ”
“അതെന്തുട്ടാ.. ”
“പോത്തിനെ കൊന്ന് ഉണക്കി എടുത്തു..അടുപ്പിന് മേലെ കെട്ടി ഇടും… എന്നിട്ട് കഴുകി ചതച്ചു വറുക്കും..നല്ല രസാ… ”
കേട്ടിട്ട് എനിക്ക് ഓക്കാനം വന്നു…
“ബാക്കി ഉണ്ടേൽ ഞാൻ കൊണ്ടു തരാം… ”
“ഉം…പിന്നെ പവിഴം ഇങ്ങനെ എല്ലാവരോടും പെട്ടന്ന് അടുക്കരുത്.. പല തരത്തിൽ ഉള്ള ആൾകാർ ആണ്… വിശ്വസിക്കാൻ പറ്റില്ല… ”
അവൾ എന്നെ നോക്കി പൊട്ടിച്ചിരിച്ചു… എന്നിട്ട് അവളുടെ ഇടുപ്പിൽ വച്ചിരിക്കുന്ന മുളന്തണ്ടെടുത്തു …അവൾ അതിന്റെ പിടി വലിച്ചതും നീണ്ടു കൂർത്ത ഒരു വാൾ പോലെ ഒന്ന് എനിക്ക് നേരെ നീട്ടി…
“ഇതു അറക്ക തടിടെ കാതലിൽ കൊടും വിഷം ചേർന്നതാണ് … ഇതു ശരീരത്തിൽ വരിഞ്ഞാൽ ഉഗ്ര വിഷം ആണ്… ശരീരത്തിൽ കൊണ്ടാൽ നാല് അടി വക്കുമ്പോളേക്കും അയാൾ ബോധം മറഞ്ഞു വീണിരിക്കും.. ”
“അയ്യോ… അപ്പോ ചത്തുപോകില്ലേ… ”
“വേണേൽ കൊല്ലാം… അല്ലേൽ ചാകാതെ തിരിച്ചെടുക്കാൻ ഉള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്… ”
ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി… ജാൻസി റാണിയെ പോലെ ഒരു കാനന സുന്ദരി…
“ഇങ്ങനെ കുറച്ചു വാളുകൾ നാട്ടിലെ നമ്മുടെ പെങ്ങന്മാർക്കും കൊടുക്കണം…അല്ലേടാ ഹരി… ”
അവൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടു ഈ പെണ്ണിനെ വായിൽ നോക്കി നിൽക്കായിരുന്നു.. പക്ഷെ ഈ മുളന്തണ്ടു കണ്ടതും പുള്ളി വായിൽ നോട്ടം പിൻവലിച്ചു…
“കാടിന്റെ പെണ്ണിനെ കാക്കാൻ കാടിനറിയാം… ”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…
അവൾ കിലുങ്ങി ചിരിച്ചുകൊണ്ടു… പാദസരങ്ങൾ കിലുക്കി കാട്ടിലൂടെ ഓടി പോകുന്നത് നോക്കി ഞാൻ നിന്നു…
അവളുടെ വെള്ളാരം കണ്ണുകൾ അപ്പോളും എന്റെ ഉള്ളിൽ തിളങ്ങി തന്നെ നില്പുണ്ടായിരുന്നു…
ഞാൻ അവൾ തന്ന പഴം എടുത്തു കടിച്ചു…
പുളിയും ചവർപ്പും എല്ലാം കൂടെ എനിക്ക് ഓക്കാനം വന്നു…
ഹരി അതൊന്നും വക വയ്ക്കാതെ ഇരുന്നു കഴിക്കുന്നുണ്ട്…
കുറച്ചു കഴിഞ്ഞതും അവൻ എവിടേക്കോ ഓടുന്ന കണ്ടു…
വാടി തളർന്നു അവൻ തിരിച്ചു വന്നു…
“ആ പെണ്ണ് എന്ത് കൊപ്പണാവോ തന്നെ… എന്റെ വയർ ഒന്നും പിടിച്ചു നിർത്താതെ… സുനാമി കണക്കെ ഒഴുകുവാടാ… ”
“നിന്നോട് അപ്പോളേക്കും ദാരിദ്യം കാട്ടി ഒക്കെ കഴിക്കാൻ ആരാ പറഞ്ഞെ… നമുക്ക് ഇതൊന്നും ദഹിക്കില്ല .. ”
പറഞ്ഞു തീർന്നില്ല അവൻ പിന്നെയും ഓടി…
ആകെ തളർന്നു മാടത്തിനു താഴെ കിടന്നു ഉറങ്ങി ഞങ്ങൾ…
തുടരും…

by