18/04/2026

മൂക്കുത്തി :ഭാഗം 08

രചന – ജ്വാലാമുഖി

“അഗ്നി…. ”

“ഉം… ”

“എന്നോട് ക്ഷമിച്ചൂടെ… വെറുക്കാതിരുന്നൂടെ…? ”

“അതിനു ഞാൻ രോഹിയെ വെറുത്തു എന്ന് ആരു പറഞ്ഞു… ”

“പിന്നെ എന്തിനാ ഇത്രനാൾ എന്നോട് പിണങ്ങി ഇരുന്നത്… ”

“എല്ലാം മനസിലാക്കാൻ… ”

“എന്നിട്ട് മനസ്സിലായോ…? ”

“കുറച്ചൊക്കെ… ”

“ബാക്കി അറിയണ്ടേ തനിക്ക്‌…? ”

“ഉം… ”

“എങ്കിൽ യാത്രയായി എന്റെ കൂടെ വാ… ”

ഞാൻ ഒന്നും മിണ്ടാതെ നല്ല അനുസരണ ഉള്ള കുട്ടിയായി അകത്തു പോയി യാത്രയായി വന്നു…

“നീ ഒരുപാട് സുന്ദരി ആയിരിക്കുന്നു… ”

“ഓഹ്… വരവ് വച്ചിരിക്കുന്നു… ”

“വേണ്ടേൽ വേണ്ട.. ഹോ എന്തൊരു ജാഡ… ”

കാറിൽ ഫ്രണ്ട് സീറ്റിൽ രോഹിക്കൊപ്പം ഇരിക്കുമ്പോൾ എന്റെ സ്വപ്‌നങ്ങൾ പൂവണിയുകയായിരുന്നു…

കാർ നേരെ ഗൗരിശങ്കരം എന്ന എന്റെ ഭർതൃ ഗൃഹത്തിലേക്ക് കടക്കുമ്പോൾ എനിക്കുള്ളിൽ വല്ലാത്ത സന്തോഷം തോന്നി…

“ഇത്… ”

“നീ വലതു കാൽ വച്ചു കേറിയ വീട്… എന്താ ഇത്ര പെട്ടന്ന് മറന്നു പോയോ… ”

“അങ്ങനെ ഒക്കെ മറക്കാൻ കഴിയുമോ… ഒരുപാട് കരഞ്ഞു തീർത്തതല്ലേ ഞാൻ ഇവിടെ…? ”

രോഹിയുടെ മുഖം കുറ്റബോധത്തിലേക്ക് വഴി മാറുന്നത് ഞാൻ കണ്ടു…

“അമ്മ ഇന്ന് ശരിക്കും ഞെട്ടും… ”

“രോഹിയും… ”

“എന്ത്…? ”

“ഒന്നുല്ല… ”

കാർ നിർത്തി… ഞാൻ വേഗം ഇറങ്ങി സിറ്റ് ഔട്ട്‌ ലേക്ക് കയറിയതും അമ്മ എന്നെ പ്രതീക്ഷിച്ചു ഉമ്മറത്തു നില്പുണ്ടായിരുന്നു…

“അഗ്നിമോളെ… ”

അമ്മ എന്നെ വന്നു കെട്ടിപ്പിടിച്ചു..

“കഴിഞ്ഞ തവണ ഞാൻ തന്ന കാച്ചെണ്ണ നീ തേച്ചില്ലേ… മുടിടെ ഉള്ളൊക്കെ പോയല്ലോ… ”

“അത് അമ്മക്ക് തോന്നുന്നതാ… ”

“ജാനമ്മ ഇല്ലേ ഇന്നവിടെ…? ”

“ഇല്ല.. ജാനമ്മ വീട്ടിൽ പോയി.. വൈകിട്ട് വരും… ”

“ദേവൻ വന്നിരുന്നോ…? ”

“ഇല്ല… ഇന്നലെ കൂടെ വിളിച്ചിരുന്നു… ”

“പിന്നെ അരുന്ധതിക്കു സുഖം അല്ലെ.. ”

ഇതൊക്കെ കേട്ടു കണ്ണും മിഴിച്ചു ഒരാൾ നില്പുണ്ടായിരുന്നു…

രോഹി… !!!

“എന്താ രോഹി… അമ്മ ഞെട്ടുന്നില്ലല്ലോ.. ”

“ആ ആ.. ഞാൻ ആണ് ഞെട്ടിക്കൊണ്ടിരിക്കണേ… ”

“എന്തിന്…? ”

“അമ്മ അഗ്നിയെ കാണാറുണ്ടോ…? ”

“ഉണ്ടോ എന്നോ… ഹഹഹ.. നല്ല കഥ.. ഈ കഴിഞ്ഞ മൂന്ന് വർഷത്തിൽ അമ്മയോട് ഞാൻ സംസാരിക്കാത്ത ഒരു ദിവസം പോലും ഇല്ല… എന്റെ ധൈര്യം.. ശക്തി… എല്ലാം എന്റെ ഈ ടീച്ചറമ്മയാ…
ആരും ഇല്ലാതെ താലി കെട്ടിയ പുരുഷൻ പോലും തഴഞ്ഞപ്പോൾ എന്നെ കൈപിടിച്ച് ഉയർത്തിയ എന്റെ കൺകണ്ട ദൈവം… പഠിപ്പിച്ചതും ജോലി വാങ്ങി തന്നതും എല്ലാം ഈ അമ്മയാ.. ”

“അതൊക്കെ അമ്മേടെ കടമയല്ലേ മോളെ.. മോൾടെ മുത്തശ്ശന് ഞാൻ കൊടുത്തൊരു വാക്കുണ്ട്… എനിക്ക് മരുമകൾ ആയിട്ടല്ല മകൾ ആയിട്ടാണ് എന്റെ കുട്ടിയെ തരേണ്ടത് എന്ന്… നീ ഈ വീട്ടിലേക്കു മരുമകൾ ആയി വരുന്നതിനു മുൻപേ അഗ്നി മോൾ എന്റെ മകൾ തന്നെ ആയിരുന്നു… അപ്പൊ പിന്നെ എന്റെ മകനുമായുള്ള ബന്ധം പോയാലും എനിക്കെന്റെ മകളെ ഉപേക്ഷിക്കാൻ പറ്റുമോ… ”

“എന്നിട്ട് അമ്മക്ക് എന്നോട് ഒരു വട്ടം എങ്കിലും പറയാമായിരുന്നു…. ഇവളെ അന്നെഷിച്ചു എവിടെ വരെ ഞാൻ പോയി… അഗ്നിടെ അച്ഛന്റെ തറവാട്ടിൽ വരെ ഞാൻ പോയി തിരക്കി.. നാട്ടിലും വീട്ടിലും എല്ലായിടത്തും അനേഷിച്ചു… ഒടുവിൽ മനസ്സ് തകർന്നു എത്ര വട്ടം ഞാൻ ഈ മടിയിൽ കിടന്നു… അപ്പോളേങ്കിലും അമ്മക്ക് എല്ലാം എന്നോട് പറയാമായിരുന്നു…. ”

“എല്ലാത്തിനും ഒരു സമയം ഇല്ലേ കുട്ടാ… ഇത്രയൊക്കെ ഉണ്ടായപ്പോൾ എങ്കിലും മിത്രയെ എന്തിനു മോൻ ഇങ്ങനെ ഭയക്കുന്നു എന്ന് മോന് അമ്മയോട് ഒന്ന് പറയാമായിരുന്നില്ലേ… എങ്കിൽ അമ്മ തന്നെ ഇതിനുള്ള പരിഹാരം ഉണ്ടാക്കി തന്നെന്നില്ലേ… ”

“അമ്മ… ഞാൻ ഒരു ആൺകുട്ടി അല്ലെ… ഒരു പെണ്ണ് ആരും ഇല്ലാത്തപ്പോൾ… ഞാൻ ബോധം മറഞ്ഞു കിടക്കുമ്പോൾ.. എന്റെ ഒപ്പം കിടക്കുന്ന ഫോട്ടോ എടുത്തു പിന്നീട് കൊണ്ടു വന്നാൽ.. അത് സത്യം എന്നല്ലേ എല്ലാവരും കരുതുള്ളു.. അവൾക്കു മുന്നിൽ തെളിവുണ്ട്.. എന്റെ കയ്യിലോ ഒന്നും ഇല്ല.. ഞാൻ തെറ്റു ചെയ്തിട്ടില്ല… എന്ന് അമ്മ എന്നല്ല ആരെങ്കിലും വിശ്വസിക്കുമോ… എല്ലാം കളയാൻ അവളുടെ കാൽ വരെ ഞാൻ പിടിച്ചു… എന്റെ അഗ്നിക്ക് വേണ്ടി.. അഗ്നി ഒന്നും അറിയാതിരിക്കാൻ വേണ്ടി… ”

“എന്നിട്ട് ഇപ്പോ എന്താ എന്റെ മോന്റെ പേടി ഒക്കെ മാറിയോ… ”

“ഇന്ന് തരുൺ എന്നെ വിളിച്ചിരുന്നു.. എല്ലാം അവൻ അഗ്നിയോട് പറഞ്ഞു എന്ന് പറഞ്ഞു…അതുകൊണ്ടാ… ”

“ഉം.. അതൊക്കെ പോട്ടെ… ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം… അഗ്നി മോൾ അകത്തേക്ക് വന്നിരിക്കു… മോൾ വിളിച്ചപ്പോൾ മുതൽ പുറത്തു കാത്തു നിൽകണതാ ഞാൻ.. ”

ഞങ്ങൾ അകത്തേക്ക് കയറി…

“ഇനി ഇപ്പൊ മോൾക്ക്‌ അങ്ങോട്ട്‌ പോണോ… ”

“പോണം അമ്മേ… വൈകിട്ട് ആകുംപോളെക്കും ജാനമ്മ വരും… ”

“ഉം.. എങ്കിൽ വീട്ടിൽ പോയി എല്ലാം പാക്ക് ചെയ്തു വച്ചോളു… വൈകിട്ട് ഞങ്ങൾ മോളേ കൂട്ടികൊണ്ടു പോരാൻ വരും… ”

“ഉം… ”

“എന്നിട്ട് ഒരു ആഴ്ച ലീവ് എടുക്കു… നിങ്ങൾ രണ്ടു പേരും എവിടേലും ഒക്കെ ഒന്ന് പോയിട്ട് വരൂ… ”

“മലേഷ്യ ക്കു പോകാം അല്ലെ രോഹി… ”

“ഉവ്വെടി… ആ പേര് കേട്ടാൽ എന്റെ ബോധം പോകും…. ”

“ബെസ്റ്റ്… ”

ഞാൻ നേരെ അമ്മയോടൊപ്പം അടുക്കളയിലേക്ക് നടന്നതും രോഹി പെട്ടന്നെന്നെ പിന്നിന്നു വലിച്ചു…

“അമ്മേം മോളും കൂടെ എന്നെ കുറെ പറ്റിച്ചു അല്ലെ.. വച്ചിട്ടുണ്ട് നിനക്ക്.. നാളെ ഇങ് വാട്ടാ… ”

“ദേ അമ്മേ… ”

ഞാൻ അമ്മയെ ഉറക്കെ വിളിച്ചതും രോഹി പെട്ടന്നെന്നെ വിട്ടു നീങ്ങി നിന്നു…

ഒരു കള്ളച്ചിരി ചിരിച്ചു ഞാൻ അമ്മേടെ അടുത്തേക്ക് നടന്നു..

ഉച്ചക്ക് എല്ലാവരും ഒരുമിച്ചു ഇരുന്നു ഊണൊക്കെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ.. അരുന്ധതി മാഡത്തിന്റെ കാൾ വന്നു..

“പറയു മാഡം… ”

“അഗ്നി പറഞ്ഞ പോലെ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് ട്ടൊ… ”

“ഓഹ്.. ഇത്ര വേഗം ആയോ.. താങ്ക് യൂ… ”

ഞാൻ ഫോൺ വച്ചു നേരെ രോഹിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു…

“ടാ അഗ്നിമോളെ ഇരുട്ടുന്നതിനു മുന്നേ വീട്ടിൽ കൊണ്ടു പോയി വിട്ടിട്ടു വാ… ”

അമ്മയോട് യാത്ര പറഞ്ഞു ഞാൻ രോഹിക്കൊപ്പം നടന്നു…

രോഹി നേരെ ബുള്ളറ്റ് ന്റെ അടുത്തേക്ക് നടന്നു…ഒരുപാട് നാളായിട്ടുണ്ട് ഈ ബുള്ളറ്റ് ഒന്ന് റോഡ് കണ്ടിട്ട് എന്ന് അതു കണ്ടപ്പോളെ എനിക്ക് മനസിലായി..

രോഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

ആദ്യമായിട്ടാണ് ഞാൻ ടു വീലർ ന്റെ പുറകിൽ ഇരിക്കാൻ പോകുന്നത്.. അതും ബുള്ളറ്റിൽ…

“രോഹി… കാർ പോരെ…? ”

“അതെന്താ.. എനിക്ക് പേടിയാ ഇതിൽ കേറാൻ… ”

“പിന്നെ പേടി… എന്നെ കിടുകിടാ വിറപ്പിക്കുന്ന എന്റെ അഗ്നി മാഡം പേടിക്കാതെ വേഗം പിന്നിൽ കയറിയട്ടേ.. ”

ഞാൻ രോഹിയുടെ തോളിൽ കൈ വച്ചു.. സകല ദൈവങ്ങളെയും വിളിച്ചു ഒരു വിധത്തിൽ കയറി ഇരുന്നു…

കൈ വിടാൻ പേടിച്ചിട്ടു അമ്മക്ക് റ്റാറ്റാ കൊടുക്കാതെ പോവാ എന്ന് പറഞ്ഞു ഇറങ്ങി..

“അഗ്നി… ”

“ഉം… ”

“ഈ ബുള്ളറ്റിൽ ഞാൻ എത്ര വട്ടം നിന്നെ കാണാൻ വന്നിട്ടുണ്ട് എന്നറിയോ…? ”

“എവിടേക്ക് വന്നിട്ടുണ്ടെന്ന്… ”

“കോളേജിലേക്ക്… അമ്പലത്തിലേക്ക്.. നീ പോകുന്നിടത്തെല്ലാം ഞാൻ വന്നിരുന്നു… ”

“എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ.. ”

“അതിനെന്റെ ദാവണിക്കാരി ആരുടെയെങ്കിലും മുഖത്തേക്ക് നോക്കിയാൽ അല്ലെ.. ”

“അന്നൊക്കെ പേടിയായിരുന്നു എനിക്ക്… മുത്തശ്ശൻ ആയിരുന്നു എല്ലാം…അതിരു വിട്ട ബന്ധങ്ങളെ ഞാൻ ഭയന്നു… ”

“ഒരു കണക്കിന് അതു നന്നായി.. ഇല്ലെങ്കിൽ ആരെങ്കിലും എനിക്ക് മുന്നേ തന്നെ ചാടിച്ചു കൊണ്ടു പോയേനെ… ”

“പിന്നെ… ഒന്ന് പോ ഏട്ടാ… ”

“എന്തോന്ന്… ”

“ഒന്നുല്ല.. ”

“അയ്.. വിളിക്കുന്നെ… ”

“വേണ്ട അങ്ങനെ വിളിക്കണത് ഇഷ്ടം അല്ലാലോ..”

“അത് അന്ന് അങ്ങനെ പറയേണ്ടി വന്നതാ… ഇഷ്ടം അല്ലാഞ്ഞിട്ടല്ല… ”

അറിയാതെ നാവിൽ വീണതാണ് ഏട്ടാ എന്ന്… വീണ്ടും വിളിക്കാൻ എന്തോ വല്ലാത്തൊരു ചമ്മൽ.. എങ്ങനെയോ ഞാൻ വിഷയം മാറ്റി …

“നാളെ നിന്നെ ഓഫിസിലേക്കു കൂട്ടി കൊണ്ടു പോകാൻ ഞാൻ വരുന്നുണ്ട്… ”

“ഏയ്.. എന്തിനാ അത്..ഞാൻ വന്നോളാം… ”

“ഞാൻ വരും… വരുമോ വരാതിരിക്കയോ അതൊക്കെ നിന്റെ ഇഷ്ടം…. ”

തിരിച്ചു എന്നെ വീട്ടിൽ ഇറക്കി രോഹി പോയി…

******

രാവിലെ ഞാൻ നേരത്തെ എണീറ്റു…നല്ലൊരു ജൂട്ട് സാരീ എടുത്തു ഉടുത്തു… കണ്ണാടിയിൽ പല വട്ടം നോക്കി…

ഒരു മൂക്കുത്തി കൂടി വേണം… നീല കല്ലു പതിച്ച തിളങ്ങുന്ന മൂക്കുത്തി…

പുറത്തു ബുള്ളറ്റ് ന്റെ ശബ്‌ദം കേട്ടു…

ഈശ്വര ഈ കുതിരപ്പുറത്താണോ ഓഫിസിലേക്ക്.. !!!

“ഈ കുന്തത്തുമ്മേ ആണോ ഇന്ന് പോണേ… ”

“അതെ… ”

“സ്റ്റാഫ്‌ എന്തു കരുതും… ”

“എന്ത് കരുതിയാൽ എനിക്കെന്താ… നീ എന്റെ ഭാര്യ ആണെന്ന് ഇന്ന് എല്ലാവരും അറിയും… മാടത്തിന് അതൊരു ബുദ്ധിമുട്ട് ആകുമോ.. ”

“ഓഹ്.. പിന്നെ… ”

എന്ന് പറഞ്ഞു ചുണ്ടൊണ്ട് ഒന്ന് കോക്കിരി കാട്ടി ഞാൻ വണ്ടിയിൽ കയറി..

“എന്നെ പിടിച്ചു ഇരുന്നോളാൻ ഞാൻ പറഞ്ഞിട്ട് വേണോ… ”

എനിക്ക് അതു കേട്ടു ചിരി വന്നു…

ഞാൻ വേഗം രോഹിയെ വട്ടം പിടിച്ചു…

അതുകൊണ്ടാകാം രോഹി ബുള്ളറ്റ് സ്പീഡ് കൂട്ടി കൊണ്ടിരുന്നു…

“പതുക്കെ പോയാൽ മതി… ”

ഓഫിസിൽ എത്തിയതും ഞങ്ങൾ ഇറങ്ങി വരുന്നത് കുറച്ചു പേരൊക്കെ കണ്ടിരുന്നു.. പക്ഷെ മിത്രമാത്രം കണ്ടില്ല..

ഞാൻ നേരെ എന്റെ ക്യാബിനിലേക്ക് നടന്നു..

കുറച്ചു കഴിഞ്ഞതും മിത്ര എന്റെ അങ്ങോട്ട്‌ വന്നു..

“ഗുഡ് മോർണിംഗ് മാം.. ”

“മോർണിംഗ്… ഞാൻ മിത്രയെ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുവായിരുന്നു…”

“എന്താ മാം… ”

ഞാൻ മേശവലിപ്പ് തുറന്നു ഒരു എൻവലപ് എടുത്തു മിത്രക്ക് നീട്ടി..

“ഇത് എന്താണ് മാഡം.. ”

“മിത്രക്കുള്ള പ്രൊമോഷൻ ഓർഡർ… വിത്ത്‌ ട്രാൻസ്ഫർ… ”

“ട്രാൻസ്ഫർ…?? ”

“യെസ്.. കാസർഗോഡ് റീജിണൽ ഹെഡ് ആയിട്ട് പ്രൊമോഷൻ… ഹാപ്പി ആയില്ലേ.. ”

തുടരും…