19/04/2026

മോചിത : ഭാഗം 08

രചന – രോഹിണി ആമി

സമയം ഒച്ചിനെപ്പോലെയാണ് ഇഴയുന്നതെന്നു തോന്നി…. എത്ര വട്ടം ക്ലോക്കിൽ നോക്കിയെന്നു അവൾക്കുപോലും അറിയില്ല…… കണ്ണുരണ്ടും റോഡിലാണ്….. ഒന്നു വിളിച്ചു നോക്കിയാലോ ജയേട്ടനെ….. വേണ്ട…. എന്തു പറയാൻ….

ഇതുവരെ എന്തെങ്കിലും ആവശ്യമില്ലാതെ വിളിക്കാറില്ല…… ആ മൊബൈലിൽ സ്നേഹത്തോടെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല….. ചോറുണ്ണാനും ഉച്ചയുറക്കത്തിനും ഒന്നിനും മനസ്സു തോന്നിയില്ല അവൾക്ക്……വൈകുന്നേരം ആകുമ്പോളേക്കും ടെൻഷൻ അടിച്ചു ചാകുമോ ഞാൻ….. നഖം തിന്നു തിന്നു തീരാറായി….. ആകെയൊരു പരവേശം…… ഒരിടത്തും ഇരുപ്പുറക്കാത്തതുപോലെ….. ഈ ക്ലോക്കിനൊക്കെ കുറച്ചു സ്പീഡിൽ കറങ്ങിക്കൂടെ…..

അയ്യേ….. ഞാനെന്താ ഇങ്ങനെ…… ആദ്യമായിട്ടൊന്നുമല്ലല്ലോ ജയേട്ടനെ കാണുന്നത്…… ഇതൊരുമാതിരി കാമുകി കാമുകനെ കാത്തിരിക്കും പോലെ….ഒന്നുമല്ലെങ്കിലും എന്റെ ഭർത്താവല്ലേ…… ശ്ശേ…. വൃത്തികെട്ട മനസ്സ് ഇതൊന്നും അംഗീകരിക്കുന്നില്ല…. പിന്നെയും അതിന്റെ ഇഷ്ടത്തിന് മിടിക്കുവാ……

മോനു വന്നു….. ജയേട്ടൻ വരാൻ കൂടിവന്നാൽ ഒരു പത്തു പതിനഞ്ചു മിനിറ്റ്…..മോനുവിന്റെ വിശേഷങ്ങൾ എല്ലാം അവൻ പറയുന്നുണ്ട്….. ഞാൻ എല്ലാത്തിനും മൂളുന്നുണ്ട്….. അവൻ നിർത്തിയിട്ടും ഞാൻ മൂളൽ നിർത്തിയിട്ടില്ലായിരുന്നു….. തീർന്നു അമ്മേ….. ന്നു പറയുന്നതു വരെ….. മോനുവിനെ കുളിപ്പിച്ചു തോർത്തി…..

അമ്മേ…… മോനു വിളിച്ചു

എന്താ മോനുട്ടാ……

അമ്മേ സോപ്പ് തേച്ചില്ല…….

അയ്യോ….. ശരിയാ…… വെള്ളം കോരിയൊഴിച്ചു…. തുടച്ചു….. മനസ്സ് വേറെവിടോ ആണ്…. വീണ്ടും കുളിപ്പിച്ചെടുത്തു അവനെ…..

ടവ്വലിൽ അവനെ പൊതിഞ്ഞെടുത്തു മുറിയിലേക്ക് പോകാൻ തിരിഞ്ഞതും വാതിൽക്കൽ ദേ നിൽക്കുന്നു… ജയേട്ടൻ….
ചെറിയ ചിരിയുണ്ടോ ചുണ്ടിൽ…… ഉണ്ട്…. അപ്പോൾ ഇവിടെ നടന്നത് കണ്ടു….. അവൾക്ക് ചമ്മൽ തോന്നി…. മോനു ജയേട്ടന്റെ കൈയിലേക്ക് ചാടി….. ഇനി അവരുടെ രണ്ടാളുടെയും ലോകമാണ്…… അവൾ ചായ എടുക്കാൻ പോയി….. മോനുവിന് പാലും ജയേട്ടന് ചായയും എടുത്തു മുറിയിലേക്ക് ചെന്നു….. ചായ കൈയ്യിൽ പിടിപ്പിച്ചു തിരിയും നേരം കൈയ്യിൽ പിടി വീണു…… ചായ എനിക്കു നീട്ടി…..

കുടിക്ക്….. ജയേട്ടൻ പറഞ്ഞു…..

ഞാൻ സ്നേഹത്തോടെ വാങ്ങി കുടിച്ചതും മുഖം വളിച്ചു പോയി….. അയ്യേ…… മധുരം ഇട്ടിട്ടില്ല….. പതിയെ മോനുവിനെ നോക്കി….. ഏതാണ്ട് എന്റെ അതേ അവസ്ഥയിൽ ആണ് അവനും…… പിന്നെ ജയേട്ടൻ എങ്ങനെ കുടിച്ചു ഇത്രയും ….. എന്തു ചവർപ്പാ….

എന്താ പറ്റിയെ നിനക്ക്…… ഇങ്ങനെ ഇതിനു മുൻപ് ഉണ്ടായിട്ടില്ലല്ലോ….. വയ്യേ നിനക്ക്…..

അറിയില്ല ജയേട്ടാ….. എനിക്കെന്തു പറ്റിയെന്നു…. എന്റെ മനസ്സ് എന്റെ കൈയ്യിൽ ഇല്ലാത്തതു പോലെ…. നെഞ്ച് വല്ലാതെ മിടിക്കുന്നു…… ഇപ്പൊ പൊട്ടുമെന്നു തോന്നിപോകുവാ ….. എന്നെ ഒന്നു ചേർത്തു പിടിക്കാവോ ജയേട്ടാ…..പ്ലീസ്…….. . ഒറ്റശ്വാസത്തിൽ അവൾ ജയൻ മാത്രം കേൾക്കാൻ പതിയെ പറഞ്ഞു…..

ജയൻ അവളെ ചേർത്തണച്ചു………. കുറച്ചു നേരം രണ്ടാളും അങ്ങനെ നിന്നു….. ഇടയിലേക്ക് മോനു നുഴഞ്ഞു കയറിയപ്പോളാണ് രണ്ടാളും അകന്നത്……

ഇപ്പോൾ മിടിക്കുന്നുണ്ടോ നിന്റെ നെഞ്ച്…..

ഇല്ല….. ഇനി മിടിക്കുമ്പോൾ ഓടി വന്നോളാം…. അന്നേരം ചേർത്തുപിടിച്ചാൽ മതി….

അവളുടെ കണ്ണിലേക്കു നോക്കി ജയൻ…… അതു നേരിടാനാവാതെ അവൾ മുഖം താഴ്ത്തി…….

അതേ…… മധുരമിട്ടു ഒരു ചായ തരുവോ…..

മ്മ്…… ചിരിച്ചോണ്ട് മൂളി…. അടുക്കളയിലേക്ക് പോയി…..

ജയന് മനസ്സിലായി മോചിതക്ക് അവളിൽ നിന്നും മോചനം കിട്ടിയെന്ന്…. അവളിലൂടെ തനിക്കും….. ഇനി നഷ്ടപ്പെട്ട….. അല്ല……. നഷ്ടപ്പെടുത്തിയ വർഷങ്ങൾ തിരിച്ചു പിടിക്കണം…… ജയൻ മോചിതയുടെ അടുത്തേക്ക് പോയി…..

മഹേഷിനെ ഡിസ്ചാർജ് ചെയ്തു…… നമുക്കൊന്നു കാണാൻ പോകണ്ടേ….. ചായ കുടിച്ചോണ്ടിരുന്നപ്പോൾ ജയേട്ടൻ ചോദിച്ചു….

ഒരു വിറയൽ ശരീരത്തുകൂടി കടന്നുപോയി…. അത് ജയൻ അറിയാതിരിക്കാൻ കഴിവതും ശ്രമിച്ചു മോചിത….. അവൾ പെട്ടെന്ന് ജയന്റെ നെഞ്ചിലേക്ക് ചേർന്നു…..

നിനക്ക് പോകേണ്ടെങ്കിൽ വേണ്ട….. അല്ലേലും ഹോസ്പിറ്റലിൽ പോകാനോ…. വയ്യാത്തവരെ കാണാനോ നിനക്ക് പേടിയല്ലേ…. ചോര കണ്ടാൽ തല കറങ്ങി വീഴുന്നവളല്ലേ നീ…. അതോണ്ട് കുറച്ചു കഴിഞ്ഞു പോയാൽ മതി….. അവളുടെ മുടിയിൽ തലോടി ജയൻ പറഞ്ഞു…..

ടി വി കണ്ടുകൊണ്ടിരുന്നപ്പോൾ ജയന്റെ അടുത്തുപോയിരിന്നു മോചിത…. അയാൾ പതിയെ അവളുടെ തോളിലേക്ക് ചാഞ്ഞു… കുറച്ചു നേരത്തിനു ശേഷം മടിയിലേക്ക് തല വെച്ചു……. മോനുവിന് ഇതൊന്നും കണ്ടുപരിചയമില്ലാത്തതുകൊണ്ട് അവൻ ഞങ്ങളെ ചുറ്റിപ്പറ്റി നിന്നു…… ജയേട്ടൻ അവനെ വിളിച്ചു നെഞ്ചത്ത് കിടത്തി…..
മോചിത ഒരു കൈ കൊണ്ടു ജയന്റെ മുടിയിലും മറുകൈ കൊണ്ടു മോനുവിനെ തലോടിയും ഇരുന്നു…..

ഒരുപാട് നാളുകൾക് ശേഷം കൂടിയിരുന്നു ചിരിച്ചും കളിച്ചും ഭക്ഷണം കഴിച്ചു…. ആദ്യമായിട്ട് കഴിച്ചത് പൂർണ്ണതൃപ്തിയായതു പോലെ തോന്നി മോചിതക്ക് …. എല്ലാം അടുക്കാനും ഒതുക്കാനും ജയേട്ടനും കൂടി…. മോനുവിനെക്കൊണ്ട് പറ്റുന്ന പോലെ അവനും….. നേരെ ഞങ്ങളുടെ സ്വർഗത്തിലേക്ക്…….. ആരും ഒരു കട്ടുറുമ്പ് ആയി വരാതിരിക്കാൻ ആണെന്നു തോന്നുന്നു മോചിത സ്വർഗ്ഗത്തിന്റെ വാതിൽ ചരിക്കളഞ്ഞു……. ( എന്നെപ്പോലും കയറ്റിയില്ല സൂർത്തുക്കളെ…. ഈ എന്നെപ്പോലും 🤭🤭🤭 )
…….

ജയന്റെ നെഞ്ചിൽ പറ്റിയ സിന്ദൂരം മായ്ക്കേ മോചിതയുടെ രണ്ടുകൈയ്യും പിടിച്ചു മാറ്റി അവളെ നെഞ്ചിലേക്ക് ചേർത്തു…

സന്തോഷം കൊണ്ടാണോന്ന് അറിയില്ല ഉറക്കം വന്നില്ല…… അവളുടെ ഓർമയിൽ പലതും തെളിഞ്ഞു വന്നു….. സിം…… കഥയെഴുത്തു്….. സ്നേഹിതൻ…… മഹേഷ്‌….. ഇതെല്ലാം എങ്ങനെ പറയും ജയേട്ടനോട്…… ഇത്രയും കാലം മറച്ചു വച്ചതിന്…… വേറൊരുത്തൻ ശരീരത്തു കൈ വച്ചിട്ടും പറയാതെ മറച്ചു വച്ചതിനു …. സ്വന്തം ജീവിതം കൈപ്പിടിയിൽ വരാൻ അന്യൻ ഒരുത്തന്റെ വാക്കുകൾ കേൾക്കേണ്ടി വന്നതിനു …. ക്ഷമിക്കുവോ ഏട്ടൻ….. ഈ തരുന്ന സ്നേഹം തിരിച്ചെടുക്കുവോ…. അവളുടെ സന്തോഷം പെട്ടെന്ന് പോയി മറഞ്ഞു…..

നീയുറങ്ങാതെ എന്താലോചിക്കുവാ മോചിത….

ജയേട്ടൻ ഉറങ്ങിയില്ലേ…… അയാളുടെ മുഖത്തു നോക്കാതെ അവൾ ചോദിച്ചു….

നിന്റെ കൺപീലികൾക്ക് എന്നോട് എന്തോ പറയാനുള്ളതു പോലെ…. എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല…..പിടപ്പ് നെഞ്ചിൽ അറിയാൻ പറ്റുന്നു…..

നാളെ ഒരു ദിവസം ലീവ് എടുക്കുവോ ജയേട്ടാ…..

ഒരു ദിവസം മതിയാകുവോന്നാ…….. ചിരിച്ചോണ്ട് പറഞ്ഞു…..

അയ്യടാ…… മതിയാകും…. അവളും ചിരിയോടെ പറഞ്ഞു…….

********************************
മോനുവിനെ പറഞ്ഞു വിട്ടു…. പണിയെല്ലാം ഒതുക്കി ജയന്റെ അരികിലെത്തി…..

കുറച്ചു നേരം ആ മുഖത്തേക്ക് നോക്കിയിരുന്നു…. എവിടെ തുടങ്ങണം…. എങ്ങനെ തുടങ്ങണം …… എന്റെ സന്തോഷത്തിന് ഒരു ദിവസത്തെ ആയുസ്സേ വിധിച്ചിട്ടുള്ളോ ദൈവമേ…. തന്നതെല്ലാം തിരിച്ചെടുക്കുമോ…..

നിനക്കെന്തൊ പറയാനുണ്ടല്ലോ മോചിതാ….

മ്മ്….. ഉണ്ട് ജയേട്ടാ….. പക്ഷേ അതെങ്ങനെ പറയണമെന്ന് അറിയില്ല…..

നിനക്ക് അറിയാവുന്നപോലെ പറഞ്ഞാൽ മതി….

എന്നോട് ദേഷ്യപ്പെടരുത്…….. തന്നു കൊതിപ്പിച്ചതും ഇനി തരാനിരിക്കുന്ന സ്നേഹവും തിരിച്ചെടുക്കുകയും അരുത്….എന്നെ മുഴുവൻ പറയാൻ അനുവദിക്കണം….. ഇടയ്ക്കു ഇട്ടേച്ചു പോകരുത്……

അപ്പോൾ കാര്യം സീരിയസ് ആണല്ലോ….. പറഞ്ഞോ….

അവൾ മൊബൈലും സിമ്മും എടുത്തു കൈയ്യിൽ കൊടുത്തു…. ജയൻ അതു രണ്ടിലേക്കും നോക്കിയിട്ട് അവളെ സൂക്ഷിച്ചു നോക്കി……

എന്താ ഇത്….. ഈ സിം ആരുടെയാ…

ഇത് എന്റെ സിം ആണ് ജയേട്ടാ….. സിനി വാങ്ങിത്തന്നത്…..

അവൾ അതുവാങ്ങി സിം ഇട്ടു മൊബൈൽ ഓൺ ആക്കി…… നോട്ടിഫിക്കേഷൻ തുടരെത്തുടരെ വന്നുകൊണ്ടേയിരുന്നു….. ജയൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി….

ഇതെല്ലാം നീയെഴുതിയതാണോ…..

മ്മ്….

അപ്പോൾ എല്ലാ കഥയിലെയും വില്ലൻ ഞാനായിരിക്കുമല്ലോ… അല്ലേ…

മ്മ്….
ങേ….. അല്ല ജയേട്ടാ……

അവളുടെ ഞെട്ടൽ കണ്ടപ്പോൾ ജയന് ചിരി വന്നു…..

ഇതിനു ഞാനെന്തിനാ നിന്നോട് ദേഷ്യപ്പെടുന്നത്……

അപ്പോൾ എന്നോട് ദേഷ്യം തോന്നുന്നില്ലേ ജയേട്ടനോട് പറയാഞ്ഞതിൽ….

നിന്റെ ഫ്രീടൈമിൽ നീയെന്തെങ്കിലും കാണിക്കുന്നതിന് ഞാനെന്തിനാ പെണ്ണേ ദേഷ്യപ്പെടുന്നത്…… നിന്റെ ഉള്ളിൽ ഇങ്ങനൊരു എഴുത്തുകാരി ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല……

അപ്പോൾ ഒരു പ്രോബ്ലം സോൾവ് ആയി…. ഇനി അടുത്തത്…..

ഇതിൽ എനിക്ക് സ്ഥിരം മെസ്സേജ് വിടുന്ന ഒരാളുണ്ട്…. പേരറിയാത്തവൻ…. ആദ്യമൊക്കെ ഞാൻ മെസ്സേജ് വിട്ടിരുന്നില്ല…. പിന്നീട് നല്ല കൂട്ടായി…. ശരിക്കും ഒരു സുഹൃത്ത്….. അമ്മ…. സഹോദരൻ….. അയാളാണ് കഥകൾ വീണ്ടും എഴുതാൻ പ്രോത്സാഹിപ്പിച്ചതും പല പ്രശ്നങ്ങൾക്ക് പോംവഴി നിർദേശിച്ചതും……

ജയന്റെ മുഖഭാവം മാറുന്നത് മോചിത ശ്രദ്ധിച്ചു…. ദേഷ്യം വന്നു തുടങ്ങിയെന്നു മനസ്സിലായി…… ദേഷ്യം വന്നാൽ ജയേട്ടനെ പിടിച്ചാൽ കിട്ടില്ല….. പുള്ളി തന്നെ വിചാരിക്കണം….. എന്തോ പറയാൻ വാ തുറന്നതും മോചിത ഒരു കൈകൊണ്ടു വാ പൊത്തി…. മറുകൈ കഴുത്തിൽ ചുറ്റി ചേർത്തു പിടിച്ചു……..

ജയേട്ടാ….. ദേഷ്യപ്പെടല്ലേ…… ഞാൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല… ആ മെസ്സേജ് മുഴുവൻ വായിച്ചു നോക്കിക്കൊള്ളൂ….. എനിക്ക് അദ്ദേഹം ഒരു സുഹൃത്ത് മാത്രമാണ്…. എനിക്കറിയാം ഒരു ആൺസുഹൃത്തിനെ ഭർത്താവിനും വീട്ടുകാർക്കും സമൂഹത്തിനും അംഗീകരിച്ചു തരാൻ ബുദ്ധിമുട്ടാണെന്ന്…. ജയേട്ടന് ഇഷ്ടമില്ലെങ്കിൽ ഞാൻ ഇനി മെസ്സേജ് വിടില്ല….. സത്യം….. എനിക്ക് ജയേട്ടനെ മാത്രം മതി…… ഈ തരുന്ന സ്നേഹം തിരിച്ചെടുക്കല്ലേ ജയേട്ടാ പ്ലീസ്…… സഹിക്കാൻ പറ്റില്ല….. അങ്ങനെ ഉണ്ടായാൽ ഞാൻ പിന്നെ………….

പെട്ടെന്ന് ജയന്റെ വായിൽ നിന്നും കൈ വലിച്ചു സ്വന്തം വാ മൂടി……

ജയന് ചിരി അടക്കാൻ പറ്റിയില്ല….. അപ്പോൾ പേടി ഉണ്ട് നിനക്ക് അല്ലേ….
എന്റെ ഓരോ മാറ്റത്തിലും നീയിങ്ങനെ ചേർത്തുപിടിച്ചിരുന്നെങ്കിൽ….. ഇത്രയും അകൽച്ച നമുക്കിടയിൽ ഉണ്ടാവുമായിരുന്നില്ല…. മോചിതാ….

അതെന്താ എനിക്കു മാത്രമേ കൈ ഉള്ളായിരുന്നോ….. ഏട്ടനും ഉണ്ടല്ലോ….. ചേർത്തു പിടിച്ചു കൂടായിരുന്നോ…… അവൾ പറഞ്ഞു…….

അതെങ്ങനെ……. ഞാൻ ചേർത്തു പിടിക്കുമ്പോൾ നിനക്കതു രാത്രിക്കു വേണ്ടി മാത്രമുള്ള സ്നേഹം ആവില്ലേ…. അങ്ങനെയല്ലേ നീ പറഞ്ഞത്….. എനിക്ക് നിന്നോട് രാത്രിയിൽ മാത്രമാണ് സ്നേഹം എന്ന്…. അതു വേണ്ടാന്നും…..

മ്മ്….. മ്മ്…. ശരിയാ….. ഞാൻ പറഞ്ഞിട്ടുണ്ട്…. കുത്തി നോവിച്ചോ…..

നിന്നെ എനിക്ക് വിശ്വാസമാണ് മോചിതാ….. ഏതുറക്കത്തിലും നിന്റെ നാവിൽ നിന്നും വരുന്ന പേര് എന്റെ മാത്രമാണ്……..പിന്നെ ഒരാൺസുഹൃത്തു് ഉള്ളത് കൊണ്ടു നീ ജയന്റെ ഭാര്യ അല്ലാതാവുന്നുണ്ടോ…… ഈ ജയേട്ടനെ മറന്ന് മോചിത അയാളുടെ കൂടെ പോകുമെന്ന് കരുതാൻ അത്ര മണ്ടനല്ല ഞാൻ….. നല്ല സുഹൃത്തുക്കളെ നഷ്ടപ്പെടുത്തരുത് ഒരിക്കലും….. ചിലപ്പോളൊക്കെ മറ്റാരേക്കാളും അവർക്ക് നമ്മുടെ അവസ്ഥ മനസ്സിലാകും….. കൂടെ ഉണ്ടാവും….. എനിക്കും പരിചയപ്പെടുത്തി താ… നിന്റെയാ പേരറിയാത്തവനെ….. ഒരു നല്ല കൂട്ടുകാരൻ ഇല്ലാത്ത കുറവ് എനിക്കുമുണ്ട്…..

പേരറിയാത്തവൻ അല്ല ജയേട്ടാ….. സ്നേഹിതൻ…… ഇപ്പോൾ അതാ പേര്….

മ്മ്….. ശരി….. തീർന്നോ…… വിശക്കാൻ തുടങ്ങി…….

ദൈവമേ…… ഇനിയാണ് ഭൂകമ്പം നടക്കാൻ പോകുന്നത്….. വീട്ടിൽ വന്ന മഹേഷ്‌ ഇന്നുതന്നെ ഹോസ്പിറ്റലിലേക്ക് മാറേണ്ടിവരും…….. പറയണോ……

വേണം….. ഇല്ലെങ്കിൽ എന്നെങ്കിലും അറിഞ്ഞാൽ…… അല്ലെങ്കിൽ മെസ്സേജ് വായിച്ചു നോക്കിയാൽ….. അങ്ങനെ ഉണ്ടാവില്ല…. എന്നാലും…..

അവൾ ആദ്യം പോയി റൂമിന്റെ വാതിൽ കുറ്റിയിട്ടു…. ജയൻ എങ്ങോട്ടും എടുത്തുചാടി പോകാതിരിക്കാൻ……

നീയെന്നെ എന്തുചെയ്യാൻ പോവാ……. ഇനി എന്തെങ്കിലും കഴിച്ചു കഴിഞ്ഞിട്ട്….. വിശക്കുന്നു….. ജയൻ ചിരിയോടെ പറഞ്ഞു….

അതിനൊന്നുമല്ല ജയേട്ടാ……. എനിക്ക്……. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്…… വിക്കി വിക്കി പറഞ്ഞു….

അവളുടെ പേടിയും വെപ്രാളവും കണ്ടിട്ട് ജയന് ഒരു വല്ലായ്മ തോന്നി…… ഒന്നും മിണ്ടാതെ കണ്ണും നിറച്ചു ഇരിക്കുവാ….. ജയൻ എണീറ്റു അവളുടെ മുഖം പിടിച്ചുയർത്തി ……

മ്മ്…… കാര്യമെന്താ….. ടെൻഷൻ അടിപ്പിക്കാതെ…. എന്തിനാ കരയുന്നത്….. പറ മോചിതാ….. എന്താ ഉണ്ടായതെന്ന്……

അതു ജയന്റെ മുഖത്തു നോക്കി പറയാൻ അവൾക്ക് ആകുമായിരുന്നില്ല… അവൾ മുഖം പൊത്തി…… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോളേക്കും പൊട്ടിക്കരഞ്ഞുപോയി…… എന്തോ സൗണ്ട് കേട്ട് അവൾ ഞെട്ടി നോക്കിയതും കുഴഞ്ഞു വീണു പോയിരുന്നു…….

കണ്ണടഞ്ഞു പോകുമ്പോളും മോചിത കണ്ടത് ജയന്റെ കൈയ്യിൽ നിന്നും താഴേക്കു വീഴുന്ന ചോരത്തുള്ളികളാണ്…..

ജയൻ ഓടിവന്നു മോചിതയെ താങ്ങി പിടിച്ചു കട്ടിലിലേക്ക് കിടത്തി…. മുഖത്തു വെള്ളം പതിച്ചപ്പോൾ അവൾ കണ്ണു തുറന്നു….. എണീറ്റതും അവൾ നോക്കിയത് ജയന്റെ കൈയിലേക്കാണ്…… സാരിത്തുമ്പു കീറി ചുറ്റിവച്ചു….. പിന്നെ ചുറ്റിനും നോക്കി എന്താ സംഭവിച്ചതെന്നറിയാൻ…… മേശപ്പുറത്തിരുന്ന ജഗ് നിലത്തു പൊട്ടിത്തെറിച്ചു കിടപ്പുണ്ട്…….

മോചിത ദയനീയമായിട്ട് ജയനെ നോക്കി….. ജയേട്ടൻ നോക്കുന്നെ ഇല്ല…… അവളുടെ കൈക്കുള്ളിൽ നിന്നും കൈ വലിച്ചെടുത്തു……

എണീറ്റു വാ….. വണ്ടിയുടെ കീ എടുത്തിട്ട് ജയൻ പറഞ്ഞു…..

എങ്ങോട്ടാ ജയേട്ടാ….

എങ്ങോട്ടെന്നറിഞ്ഞാലേ നീ വരൂ….

അവൾ എണീറ്റു മുടി ഒതുക്കി ജയന്റെ പിന്നാലെ പോയി……

ആദ്യം മുറിവ് ഡ്രസ്സ്‌ ചെയ്തു…… പിന്നീട് വണ്ടി ചെന്നു നിന്നത് സിനിയുടെ വീടിനു മുന്നിലായിരുന്നു….

അവൾ പേടിയോടെ ജയനെ നോക്കി….. ജയേട്ടൻ പ്രശ്നമുണ്ടാക്കുവോ….. മുഖം കണ്ടിട്ട് പേടിയാവുന്നു ദൈവമേ….

തുടരും…….