യൂത്ത് ഫെസ്റ്റിവലിന് പങ്കെടുക്കുന്നവർ പേര് നൽകുക…”
അധ്യാപികയുടെ ആ അറിയിപ്പ് കേട്ടപ്പോൾ ക്ലാസ്സിൽ ഒരു നിശബ്ദത പടർന്നു. പെട്ടെന്നാണ് ആരും പ്രതീക്ഷിക്കാത്ത ഒരാൾ എഴുന്നേറ്റു നിന്നത്.
ആകാശ്!
എല്ലാവരുടെയും കണ്ണുകൾ അവനിൽ തറച്ചു. ക്ലാസ്സിലെ ഏറ്റവും ഉൾവലിഞ്ഞ പ്രകൃതക്കാരൻ. ആരോടും അധികം സംസാരിക്കാത്ത, ഒന്നിനും മുന്നിൽ വരാത്ത ആകാശ് എന്തിനാണ് കൈപൊക്കിയത് എന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അവൻ ഏത് ഇനത്തിലാണ് മത്സരിക്കാൻ പോകുന്നത് എന്ന് അറിയാൻ എല്ലാവരും കാതോർത്തു.
”നാടോടി നൃത്തം…”
ആകാശ് പതുക്കെ പറഞ്ഞതും ക്ലാസ്സിൽ പരിഹാസച്ചിരി മുഴങ്ങി. ആൺകുട്ടികൾ പരസ്പരം നോക്കി ആക്കിചിരിച്ചു.
”എന്തിനാ എല്ലാവരും ചിരിക്കുന്നത്? മിണ്ടാതിരിക്കൂ!” ടീച്ചറുടെ ശാസന താൽക്കാലികമായി ശബ്ദങ്ങൾ അടപ്പിച്ചെങ്കിലും, ആകാശിനെ കളിയാക്കാൻ അതൊരു കാരണമായി മാറി.
”ചാന്തുപൊട്ടൻ” എന്നും “പെണ്ണൻ” എന്നുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും വിളികൾ ഉയർന്നു. പക്ഷേ, അതൊന്നും കേൾക്കാൻ നിൽക്കാതെ അവൻ തന്റെ ലോകത്തേക്ക് ഒതുങ്ങി. എന്നാൽ വേദിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൻ നൃത്തം ചെയ്തു. ഓരോ ചലനങ്ങളിലും ഒരു പ്രത്യേക ലയമുണ്ടായിരുന്നു. ചടുലമായ താളത്തിനൊപ്പം അവൻ ചുവടുവെച്ചപ്പോൾ കാണികൾ നിശബ്ദരായി. അത്രമേൽ മനോഹരമായി അവൻ ആ നൃത്തം പൂർത്തിയാക്കി.
നൃത്തത്തിൽ വലിയ കഴിവുള്ള ഒരു കുട്ടി എന്ന നിലയിൽ എല്ലാവരും അവനെ അഭിനന്ദിച്ചു. എങ്കിലും ക്ലാസ്സിൽ അവൻ ഒറ്റപ്പെട്ടു തന്നെ കഴിഞ്ഞു. കൂട്ടു കൂടാൻ വന്ന ആൺകുട്ടികളെ അവൻ മൗനമായി ഒഴിവാക്കി. എന്നാൽ അവൻ കൂട്ടു കൂടാൻ ആഗ്രഹിച്ച പെൺകുട്ടികൾ അവനെ തങ്ങളിലൊരാളായി കണ്ടതുമില്ല. ശരിക്കും അവൻ സ്വന്തം സ്വത്വം തിരയുകയായിരുന്നു. തനിക്കുള്ളിൽ മറ്റൊരു മനുഷ്യൻ ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
ഓരോ ദിവസം ചെല്ലുന്തോറും അവനുള്ളിലെ ആ മാറ്റം പുറത്തേക്ക് വരാൻ വെമ്പുകയായിരുന്നു. ചേട്ടന്മാരുടെ കൂടെ പുറത്ത് കളിക്കാൻ പോകുന്നതിനേക്കാൾ അമ്മയെ അടുക്കളയിൽ സഹായിക്കുന്നതിലാണ് ആകാശ് ആനന്ദം കണ്ടെത്തിയത്. പാചകത്തിന്റെ വൈവിധ്യങ്ങൾ അവൻ വേഗത്തിൽ പഠിച്ചെടുത്തു. വിറകു കീറുന്നതിനേക്കാൾ ഭംഗിയായി അവൻ കറികൾക്ക് അരപ്പ് തയ്യാറാക്കി.
എങ്കിലും അവന്റെ യഥാർത്ഥ സ്വത്വം ആ ഒറ്റമുറിക്കുള്ളിലായിരുന്നു. പുറംലോകത്തിന് അവൻ ആകാശ് ആയിരുന്നുവെങ്കിലും, ആ മുറിക്കുള്ളിൽ അവൻ മറ്റൊരാളായിരുന്നു. വീട്ടുകാർ നൽകുന്ന ചില്ലറത്തുട്ടുകൾ മിച്ചം വെച്ച് അവൻ കണ്മഷിയും വളകളും വർണ്ണമാലകളും വാങ്ങി രഹസ്യമായി സൂക്ഷിച്ചു.
ആരും കാണാതെ മുറിക്കുള്ളിൽ അവൻ അവനിലെ ‘അവളെ’ അണിയിച്ചൊരുക്കി. ചേച്ചിയുടെ പഴയ പാവാടയും ബ്ലൗസും ധരിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം മറ്റൊരു വസ്ത്രത്തിലും അവന് ലഭിച്ചിരുന്നില്ല. കണ്ണാടിയിൽ നോക്കി കണ്മഷിയും ചുവന്ന പൊട്ടും തൊടുമ്പോൾ അവൻ കാണുന്നത് ആകാശിനെയല്ല, തനിക്കുള്ളിലെ വിടരാൻ കൊതിക്കുന്ന പെൺമനസ്സിനെയായിരുന്നു.
പക്ഷേ, പുറത്തിറങ്ങാൻ അവന് ഭയമായിരുന്നു. സമൂഹത്തിന്റെ കണ്ണുകളെ, അവരുടെ കൂർത്ത പരിഹാസങ്ങളെ അവൻ പേടിച്ചു. പറന്നുയരാൻ കൊതിക്കുന്ന ഒരു പൂമ്പാറ്റ പുഴുവിനെപ്പോലെ അവൻ ആ പവിഴക്കൂട്ടിൽ സ്വയം തളച്ചിട്ടു. ഇടയ്ക്ക് മാത്രം ആ മുറിക്കുള്ളിൽ അവന് ചിറകുകൾ മുളച്ചു.
എന്നാൽ ഒരു നാൾ അമ്മ ആ സത്യം തിരിച്ചറിഞ്ഞു. മകന്റെ മുറിയിലെ കണ്മഷിയും വളകളും കണ്ടപ്പോൾ അവർ തകർന്നുപോയി. “നീ ആണാണ്, ഇതൊക്കെ വെറും തോന്നലുകളാണ്” എന്ന് പറഞ്ഞ് അവർ കരഞ്ഞു, അവന്റെ കാൽക്കൽ വീണു. പക്ഷേ, നിസ്സഹായനായി ആകാശ് മറുപടി നൽകി: “അമ്മേ, ഞാൻ അമ്മയെപ്പോലെ തന്നെയാണ്…”
അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു ദൃഢത ഉണ്ടായിരുന്നു. “നീ വേണം എനിക്ക് വയ്ക്കരിയിടാൻ” എന്ന് അവർ വിലപിച്ചപ്പോൾ, “ഒരു മകളായി ഞാൻ അമ്മയെ നോക്കിക്കോളാം” എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.
അച്ഛന് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. “നാണക്കേട് ഉണ്ടാക്കാതെ ഈ വീട് വിട്ടിറങ്ങൂ” എന്ന് അച്ഛൻ ആജ്ഞാപിച്ചു. തന്റെ ഇഷ്ടത്തിന് വാശി പിടിക്കുന്ന ഒരു അഹമ്മതിക്കാരനായാണ് അച്ഛൻ അവനെ കണ്ടത്. വീടിന്റെ പടിയിറങ്ങുമ്പോൾ ആകാശിന് വേദനയുണ്ടായിരുന്നുവെങ്കിലും, പൂർണ്ണമായ ഒരു ചിറകടിയുടെ സുഖം അവൻ അനുഭവിച്ചു.
നാടുകൾ പലതും താണ്ടി, ഒരുപാട് കഷ്ടപ്പെട്ട് അവൻ തന്റെ സ്വത്വം പൂർണ്ണമായി വീണ്ടെടുത്തു. കഠിനമായി പരിശ്രമിച്ച് ഒരു നല്ല ജോലി സമ്പാദിച്ചു. വർഷങ്ങൾക്ക് ശേഷം ഒരു മകളായി അവൻ തന്റെ അമ്മയുടെ മുന്നിൽ ചെന്നു നിന്നു. അന്ന് ആ അമ്മ അവനെ ‘മകനേ’ എന്നല്ല, ഹൃദയം നിറഞ്ഞ് ‘മോളേ’ എന്നാണ് വിളിച്ചത്.
ഇന്നവൾ തലയുയർത്തി ജീവിക്കുന്നു. തന്നെ ഒരിക്കൽ പുറത്താക്കിയ അച്ഛനും അമ്മയ്ക്കും അവൾ ഇന്ന് തണലാണ്. തന്നെപ്പോലെ ഉള്ളിൽ വീർപ്പുമുട്ടി കഴിയുന്ന അനേകർക്ക് വഴികാട്ടിയായി അവൾ മാറി. ഇപ്പോഴും ചിലർ അവളെ കുറ്റപ്പെടുത്തുമ്പോൾ അവൾ വിറയാർന്ന ശബ്ദത്തിലല്ല, വീറോടെ തന്നെ മറുപടി നൽകുന്നു:
”വെറുമൊരു പുഴുവായി ആ പവിഴക്കൂട്ടിൽ ഉറങ്ങിക്കഴിയാനല്ല, ഒരു വർണ്ണശലഭമായി ആകാശം കീഴടക്കി പറക്കാനാണ് എനിക്കിഷ്ടം!”

by