23/04/2026

ഷോർട്സ്റ്റോറി

മൂന്ന് ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് വിവാഹിതയായി ചെന്ന എന്നെ
വിളക്ക് തന്നകത്തേക്ക് കയറ്റിയത് ഭർത്താവിന്റെ അച്ഛനാണ്.

ഭർത്താവിന്റെയും, അച്ഛന്റെയും, ഭർത്താവിന്റെ അനുജന്റെയും കാര്യങ്ങൾ നോക്കി ഞാൻ വെറുമൊരു വീട്ടമ്മയായി മാറുമോ എന്നുള്ള ഭയം എനിക്കുണ്ടായിരുന്നു.

എന്നാൽ ഞാൻ കരുതിയത് പോലെ അത്ര പ്രയാസം നിറഞ്ഞ ഒരു ജീവിതമൊന്നുമായിരുന്നില്ല ഭർത്താവിന്റെ വീട്ടിലേത്.

ഭർത്താവിന് വർക്ക് ഷോപ്പിലാണ് ജോലി, അനിയൻ എഞ്ചിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയാണ്.

അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറുന്ന എന്നെ സഹായിക്കാനായി അച്ഛനും എഴുന്നേറ്റ് വരാറുണ്ട്.

ഞാൻ ചെയ്തോളാം, അച്ഛൻ പോയി കിടന്നോളൂ എന്ന് പറഞ്ഞാലും അച്ഛൻ കേൾക്കില്ല. എനിക്കൊരു മകളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ കഷ്ടപ്പെടുന്നത് എനിക്ക് നോക്കിയിരിക്കാൻ സാധിക്കുമായിരുന്നോ എന്നും ചോദിച്ചദ്ദേഹം ജോലികളിൽ എന്നെ സഹായിക്കും.

അക്കാലത്ത് ഞാൻ ലാബ് നേഴ്സ് ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഭർത്താവും അനിയനും അടുക്കളപ്പണികളിൽ എന്നെ സഹായിക്കാറില്ലെങ്കിലും,
ഉണ്ടാക്കി കൊടുക്കുന്നതെന്തും ഒരു പരാതിയുമില്ലാതെ കഴിക്കുമായിരുന്നു. അത് തന്നെ വലിയ ഭാഗ്യം.

ഞാൻ ജോലിക്ക് ഇറങ്ങുമ്പോൾ അച്ഛൻ എനിക്കുള്ള ഭക്ഷണം വിളമ്പി ടേബിളിൽ കൊണ്ടുവന്നു വയ്ക്കും, കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കണം കേട്ടോ മോളെ എന്ന് പറഞ്ഞെന്റെ നെറുകയിൽ തലോടും.

സത്യം പറയാമല്ലോ എന്റെ വീട്ടിൽ നിന്ന് പോലും എനിക്ക് ഇത്രയും പരിഗണനയോ സ്നേഹമോ ഒന്നും ലഭിച്ചിരുന്നില്ല.

എന്റെ വീട്ടുകാരെ കുറ്റം പറയാനും പറ്റില്ല, വീട്ടിലുള്ളവരുടെ വയർ നിറയണമെങ്കിൽ അവർ മുണ്ട് മുറുക്കി പണിയെടുക്കണമായിരുന്നു. അതിനിടയിൽ മക്കളെ സ്നേഹിക്കാനൊന്നും സമയം കണ്ടെത്താൻ അവർക്ക് പറ്റുമായിരുന്നില്ല.

വർഷങ്ങൾ കടന്നുപോയി എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നു.

രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഭർത്താവിന്റെ അനിയൻ വിവാഹിതനായത്.

വധുവും എൻജിനീയറാണ്.

അവരുടെ വിവാഹം കഴിഞ്ഞ് നാലഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ വാടകക്ക് താമസം മാറി.
അച്ഛൻ അനിയന്റെ കൂടെ ആ വീട്ടിൽ തന്നെയാണ് നിന്നിരുന്നത്. ആകെയുള്ള ഏഴുസെന്റും, ആ വീടും രണ്ടാൾക്കുമായി ഷെയർ ചെയ്യാനില്ലാത്തതുകൊണ്ട് ഭർത്താവിന്റെ അനിയൻ ഓഹരിയായി മൂന്ന് ലക്ഷം രൂപ ഞങ്ങൾക്ക് തന്നിരുന്നു.

അതുകൊണ്ട് നമുക്ക് ഒരു തുണ്ട് ഭൂമി വാങ്ങാമെന്ന് ഞാൻ ഭർത്താവിനോട് പറഞ്ഞതാണ്, പക്ഷേ അദ്ദേഹം പറഞ്ഞത് നാട്ടിൽ കിടന്ന് ഇങ്ങനെ കഷ്ടപ്പെടുന്നത് കൊണ്ട് ഒരു കാര്യവുമില്ല , അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വിദേശത്ത് ഡ്രൈവിംഗ് വേക്കൻസി ഉണ്ട് വരുന്നുണ്ടോ എന്ന് ചോദിച്ചുവെന്നും, വിദേശത്ത് പോയാൽ നമ്മുടെ കുടുംബം രക്ഷപ്പെടുമെന്നും പറഞ്ഞ് അദ്ദേഹം രണ്ട് മാസത്തിനുള്ളിൽ തന്നെ വിദേശത്തേക്ക് പോയി.

ആദ്യമൊക്കെ അദ്ദേഹം പണം അയച്ചു തരുമായിരുന്നു. രണ്ടു പെൺമക്കളെയും കൊണ്ട് വാടകവീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു. എന്റെ വീട്ടിൽ നിന്ന് അമ്മയെ കൊണ്ട് നിർത്തിയാലോ എന്ന് ഞാൻ ആലോചിച്ചതാണ്,
പക്ഷേ അച്ഛന് അമ്മ ഇല്ലാതെ ജീവിക്കാനാവില്ല, ആ വീട്ടിൽ നിന്നും എവിടെയും പോകാൻ അച്ഛനൊട്ട് തയ്യാറാവുകയുമില്ല.
അതുകൊണ്ട് വെറുതെ അവരുടെ സന്തോഷം കളയണ്ടല്ലോ എന്ന് ഞാൻ വിചാരിച്ചു.

ധൈര്യമായി ഞാൻ എന്റെ കുഞ്ഞുങ്ങളോടൊപ്പം ജീവിതം നയിച്ചു
ആഡംബരത്തിൽ അല്ലെങ്കിലും അല്ലല്ലില്ലാതെ കഴിയാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

പക്ഷേ അദ്ദേഹം വിദേശത്ത് പോയി രണ്ടര വർഷം കഴിഞ്ഞപ്പോഴാണ് ആ നടുക്കുന്ന സത്യം ഞാൻ അറിഞ്ഞത്. അദ്ദേഹം അവിടെയുള്ള ഒരു മലയാളി സ്ത്രീയുമായി അടുപ്പത്തിലാണെന്ന്. പതിയെ പതിയെ അദ്ദേഹം പണം അയക്കുന്നത് നിർത്തി.
അവിടെ അയാൾ പുതിയൊരു കുടുംബം ഉണ്ടാക്കി.

അദ്ദേഹത്തിന്റെ സുഹൃത്ത് നാട്ടിൽ വന്നപ്പോഴാണ് ഞാൻ ഈ വിവരങ്ങളൊക്കെ അറിയുന്നത്.

ആദ്യം കു. ഞ്ഞു. ങ്ങളെയും കൊണ്ട്
മ.. രി.ച്ചു കളഞ്ഞാലോ എന്നു വരെ തോന്നിയതാണ്.

പിന്നെ വിചാരിച്ചു അങ്ങനെ ചെയ്താൽ നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് മാത്രമാണല്ലോ എന്ന്.

മുന്നോട്ട് ജീവിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒന്നുമല്ലെങ്കിലും ചെറിയൊരു വരുമാനം എനിക്ക് സ്വന്തമായി കിട്ടുന്നുണ്ടല്ലോ. അതുമതി എന്റെ കുഞ്ഞുങ്ങളെ വളർത്താൻ.

അങ്ങനെയിരിക്കുകയാണ് ഭർത്താവിന്റെ അനിയൻ അച്ഛനെ വൃദ്ധസദനത്തിലേക്ക് മാറ്റുകയാണെന്ന് ഞാൻ അറിഞ്ഞത്.

ജോലിക്കാരിയായ അവനും അവന്റെ ഭാര്യക്കും അച്ഛനെ നോക്കാൻ പറ്റില്ലത്രേ..

മാത്രമല്ല അനിയൻ ആ വീട് വിറ്റെന്ന്…

അവർ വാങ്ങിയ പുതിയ വീട്ടിൽ അച്ഛൻ ഒരു ബാധ്യതയാകുമത്രേ..

വിവരമറിഞ്ഞ് ഞാൻ കുഞ്ഞുങ്ങളെയും കൊണ്ട് അങ്ങോട്ട്
ചെന്നു.

വടിയും കുത്തിപ്പിടിച്ച് അച്ഛൻ പാടിയിറങ്ങി വരുന്ന കാഴ്ച എന്റെ മനസ്സിനെയാകെ ഉലച്ചുകളഞ്ഞു.
പ്രതീക്ഷവറ്റിയ ആ കണ്ണുകൾ കണ്ടപ്പോൾ എന്റെ ഹൃദ.യം നുറുങ്ങി.

നീ ഇങ്ങനെ ചെയ്യരുത് നിങ്ങൾ രണ്ടു മക്കൾക്കുമായി ജീവിച്ച മനുഷ്യനാണിത് പൊന്നുപോലെ അച്ഛനെ നോക്കേണ്ട കടമ നിനക്കല്ലേ എന്ന് അനിയനോട് ഞാൻ ചോദിച്ചു.

അച്ഛന് വല്ലാത്ത ശാഠ്യങ്ങളാണെന്ന്, അതൊന്നും അവനോ ഭാര്യക്കോ സഹിക്കാനാവില്ലെന്ന്.

അത് കേട്ടപ്പോൾ അവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം ഞാൻ പൊട്ടിച്ചു.

അതിനുള്ള അവകാശം എനിക്കുണ്ടല്ലോ ഒന്നുവല്ലെങ്കിലും കുറേക്കാലം അവന് വെച്ച് വിളമ്പിയ കൈകളല്ലേ എന്റേത്

നീയൊക്കെ കുഞ്ഞായിരുന്നപ്പോൾ അമ്മ മരിച്ചതല്ലേ, എന്നിട്ടും നിന്നെയും നിന്റെ ചേട്ടനെയും ഓർത്താണ് നിങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം പോലും കഴിക്കാതിരുന്നത്.
ആ മനുഷ്യനെ പ്രായമായപ്പോൾ വൃദ്ധസദനത്തിലേക്ക് കൊണ്ട് ചെന്ന് തള്ളുന്ന നീ ഒരു മകനാണോ എന്ന് ഞാൻ ചോദിച്ചു.

നീ കുട്ടിക്കാലത്ത് വാശിയെടുത്തപ്പോൾ നിന്റെ അച്ഛൻ നിന്നെ ബാലമന്ദിരത്തിൽ ഒന്നും കൊണ്ട് ചെന്നാക്കിയില്ലല്ലോ, നെഞ്ചോട് ചേർത്ത് വളർത്തുകയല്ലേ ചെയ്തതെന്ന് ചോദിച്ചു.

അവർ നേരാംവണ്ണം അച്ഛന് ഭക്ഷണം പോലും കൊടുക്കുന്നില്ലായിരുന്നവെന്ന്. ആ മെലിഞ്ഞുണങ്ങിയ ദേഹം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

ഞാൻ അച്ഛന്റെ അരികിലേക്ക് ചെന്ന് മെല്ലിച്ച ആ കൈകളിൽ പിടിച്ചു.

അച്ഛനെ ഞാൻ കൊണ്ടുപോവുകയാണ് മേലിൽ അച്ഛനെ തിരക്കി അങ്ങോട്ട് വന്നേക്കരുത്…
താക്കീതോടെ അവനോടു പറഞ്ഞിട്ട് അച്ഛനെയും എന്റെ കുട്ടികളെയും കൊണ്ട് ഞാൻ വഴിയിലേക്ക് ഇറങ്ങി. ആദ്യം കണ്ട ഓട്ടോ കൈനീട്ടി നിർത്തി കയറിയിരിക്കുമ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചിരുന്നില്ല.

എന്റെ കയ്യിൽ വിളക്ക് തന്ന് എന്നെ ആ വീട്ടിലേക്ക് കയറ്റുമ്പോൾ ഒരു മകളുടെ സ്ഥാനം അച്ഛൻ തന്നിരുന്നു.

അച്ഛനെ പൊന്നുപോലെ നോക്കാനൊന്നും എനിക്ക് സാധിച്ചുവെന്ന് വരില്ല, പക്ഷെ ആഹാരത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിനു കൊടുക്കാൻ എനിക്ക് സാധിക്കും, അസുഖം വന്നാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും അടുത്തിരുന്നു ശുശ്രൂഷിക്കാനും സാധിക്കും.

അത്രയുമൊക്കെ മതിയെന്നേ…വയസ്സായവർക്ക്..

അവർ കുഞ്ഞികാര്യങ്ങൾക്ക് വാശി പിടിക്കും, ദേഷ്യം പിടിക്കും. ഇത്തിരി നേരം അടുത്തിരുന്ന് സംസാരിച്ചാൽ മതിയെന്നേ, ഒരു കുഞ്ഞു
കൽക്കണ്ട തുണ്ടോ, മിഠായി കഷ്ണമോ കൊടുത്താൽ അലിഞ്ഞു പോകുന്നതാണവരുടെ മനസ്സ്.

നിങ്ങളെ നിഷ്കരുണമായി ഉപേക്ഷിച്ചു കളഞ്ഞ മനുഷ്യന്റെ അച്ഛന്റെ നോക്കേണ്ട ആവശ്യം നിനക്കില്ലെന്നു പലരുമെന്നെ ഉപദേശിച്ചു.
ഞാനതൊന്നും കാര്യമാക്കിയില്ല.
എനിക്ക് ജന്മം തന്ന അമ്മയും അച്ഛനും പറഞ്ഞത് നീയത് ചെയ്തത് നന്നായി എന്നാണ്. വല്ലപ്പോഴും ആ വീട്ടിൽ ചെന്നപ്പോൾ അവരും അനുഭവിച്ചിട്ടുള്ളതാണല്ലോ ഈ അച്ഛന്റെ സ്നേഹവും കരുതലും ഒക്കെ.

അല്ലെങ്കിലും ഒരിക്കൽ സ്നേഹം പകർന്നു തന്ന മനുഷ്യരെയൊക്കെ എങ്ങനെയാണ് ഉപേക്ഷിക്കാനാവുക, എങ്ങനെയാണ് മറക്കാനാവുക…
അല്ലേ??

💜💜💜💜💜💜