രചന – ജിഫ്ന നിസാർ
കൊച്ചൂട്ടന്റ കയ്യും പിടിച്ചു വെയിലാറിയ വഴിയിൽ കൂടി നടക്കുമ്പോൾ ആനി ഇടയ്ക്കിടെ കണ്ണുകൾ തുടക്കുന്നുണ്ട്.
പ്രിൻസിന്റെ ചിരി ഓർക്കുമ്പോൾ അവൾക്ക് അവനെ വീണ്ടും വീണ്ടും കാണണം എന്നാഗ്രഹം ശക്തമാവുന്നുണ്ട്..
ഇനി രണ്ടു ദിവസം ഇങ്ങനെ തന്നെ ആവും..
പേരറിയാത്തൊരു നോവ് വെറുതെ നീറ്റി കൊണ്ടിരിക്കും..
വിജനമായ വഴിയിൽ കൊച്ചൂട്ടൻ ആസ്വദിച്ചു നടക്കുന്നുണ്ട്.
ഓട്ടോ വിളിച്ചു പോവാനുള്ള ദൂരെ ആണേലും, കൊച്ചൂട്ടാനൊരു സന്തോഷം ആയിക്കോട്ടെ എന്ന് കരുതി ആണ് നടന്നു പോന്നത്..
ഇരുസൈഡിലും നിറയെ റബ്ബർ മരങ്ങൾ..
ഡിസംബറയ ത് കൊണ്ട് ഒക്കെയും ഇല പൊഴിഞ്ഞു തുടങ്ങി.. അല്ലങ്കിൽ വെയിൽ നാളങ്ങൾ എത്തി നോക്കാതെ ഇരുട്ട് കുട നിവർത്തിയ വഴിയിൽ… ഇന്ന് വെയിൽ തിളങ്ങുന്നത് പോലെ..
കവലയിൽ നിന്നും കൊച്ചൂട്ടന് ഏറെ ഇഷ്ടം ഉള്ള തേൻ മിടായി വാങ്ങിയിരുന്നു..
അത് കൊടുക്കുമ്പോൾ ആ കണ്ണുകൾ വിടരും.. അതൊന്നു കാണാൻ വല്ലാത്ത ചേലാണ്..
“പപ്പ തന്നതാ ട്ടോ മോനെ “എന്ന് പറഞ്ഞപ്പോൾ ഒന്നൂടെ തിളക്കം കൂടി..
“പപ്പ എന്ന വരാന്നു പറഞ്ഞോ മമ്മാ “തന്റെ കൈ വിരൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ ആയിരുന്നു ചോദ്യം..
വീണ്ടും പൊള്ളി പിടഞ്ഞു..
“ഉടനെ വരും ട്ടോ “അത്ര മാത്രം പറഞ്ഞു.
പിന്നെ അവൻ അത് ചോദിച്ചില്ല.
തനിക്കു വേദനിക്കുന്നു എന്ന് തോന്നിയ പിന്നെ അവൻ പുറകിൽ നിന്നും മാറില്ല.
കൊച്ചു കുഞ്ഞാണ്. പക്ഷേ ചിലപ്പോൾ അവന്റെ കരുതൽ കാണുമ്പോൾ പ്രിൻസിനെ ഓർമ വരും..
തന്റെ കൈ വിട്ട് ഇടയ്ക്കിടെ കൊച്ചൂട്ടൻ ഓടി കളിക്കുന്നുണ്ട്..
ചാടി കളിക്കുന്നുണ്ട്..
ആനിക്ക് അവനെ നോക്കവേ വീണ്ടും കണ്ണുകൾ നീറി..
ഇച്ചായൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ… എങ്ങനെ കൊണ്ട് നടക്കുമായിരുന്നു എന്റെ കൊച്ചിനെ..
ഇച്ചായന്റെ തനി പകർപ്പാണ് അവൻ.
ആ ചാര കണ്ണുകൾ അത് പോലെ കിട്ടിയിട്ടുണ്ട്.. ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകൾ…
അകലെ നിന്നും പ്രണയം പങ്കിട്ടെടുത്തത് പിന്നെ എങ്ങനെ ആണ് തന്റെ കൈ അകലത്തിൽ സ്വന്തം ആയി കിട്ടിയത്..
അത് അന്ന് കോളേജിൽ രമേഷുമായി വഴക്ക് ഉണ്ടാക്കിയ അന്നായിരുന്നു.
അടങ്ങി ഒതുങ്ങി തന്നെ ആയിരുന്നു അവിടെ പഠിച്ചത്.
സീനിയർ ആയിരുന്നു രമേശ് &ടീം..
കച്ചറ കമ്പനികൾ. കോളേജിൽ പേടി സ്വപ്നം.
അവനുള്ള വഴിയിൽ കൂടി നടക്കാതിരിക്കാൻ ശ്രദ്ധിക്കുക തന്നെ ചെയ്തിരുന്നു താനും.
ഒരിക്കൽ തന്നോട് മോശമായി പെരുമാറി അവന്റെ ടീമിൽ ഒരാൾ.
ആദ്യം വെറുതെ വഴക്കുണ്ടാക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഇനി എന്റെ വഴിയിൽ വരരുതെന്ന് കടുപ്പത്തിൽ പറഞ്ഞു തിരികെ നടക്കുമ്പോൾ ഒരിക്കലും അറിഞ്ഞില്ല അത് തന്റെ ജീവിതം തന്നെ മാറ്റി എഴുതാൻ ഉള്ള തുടക്കം ആണെന്ന്..
വീണ്ടും അത് തന്നെ ആവർത്തനം ചെയ്തു. പിന്നെ ക്ഷമിക്കാൻ തോന്നിയില്ല. കൈ നിവർത്തി അവന്റെ കവിളിൽ പാട് തീർത്തത് കോളേജ് മൊത്തം കാണെ ആയിരുന്നു.
പലരും പല അഭിപ്രായം പറഞ്ഞു..
ചിലർ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. മറ്റ് ചിലർ വരാനിരിക്കുന്ന അപകടത്തെ കുറിച്ച് പറഞ്ഞു ഉള്ളിൽ പേടി കുത്തി നിറച്ചു..
അത് അല്ലങ്കിലും അങ്ങനെ ആണല്ലോ.. അമ്മയെ തല്ലിയാലും രണ്ടു ഭാഗം പറയാനും ആളുള്ള ലോകത്തു പിന്നെ വേറെന്താ പ്രധീക്ഷിക്കേണ്ടത്..
പക്ഷേ ഉള്ളിൽ പേടി മുളച്ചു പൊന്തി വരുന്നത് അറിഞ്ഞിരുന്നു..
കാരണം രമേശിന്റെ പിടിപാട് തന്നെ..
എങ്കിലും മുഖത്തു ധൈര്യം തന്നെ എടുത്തണിഞ്ഞു..
കൂട്ടുകാരെ പോലും കൂട്ടാതെ ബതാം മരച്ചുവട്ടിലെ സിമന്റ് ബെഞ്ചിൽ ഒറ്റക്കിരുന്നു അന്ന് വൈകുന്നേരം വരെയും..
വല്ലാത്തൊരു പേടി ഉണ്ടായിരുന്നു ഉള്ള് നിറയെ..
ആൾക്കൂട്ടത്തിൽ താൻ തേടിയ കണ്ണുകൾ ഇന്ന് കണ്ടില്ലല്ലോ എന്ന് വെറുതെ ഓർത്തു.
കോളേജ് ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്.
അതൊന്നും പക്ഷേ നോട്ടത്തിൽ പതിഞ്ഞില്ല..
തൊട്ടടുത് മറ്റൊരു ഗന്ധം പടർന്നപ്പോൾ ആണ് മുഖം ചെരിച്ചു നോക്കിയത്..
അവൻ ഉണ്ടായിരുന്നു.. അത്രയും അരികിൽ…
ദൂരെ നിന്നും മോഹിപ്പിച്ചു കൊല്ലുന്ന ആ മുഖം അത്രയും അടുത്ത് കാണുന്നത് അന്ന് ആദ്യം ആയിരുന്നു..
താൻ നോക്കുന്നത് കണ്ടു കണ്ണ് ചിമ്മി ചിരിച്ചു..
വെപ്രാളം കൊണ്ട് വിയർത്തു തുടങ്ങി താൻ..
“എന്താണ്.. കുറെ നേരം ആയല്ലോ ഇരിപ്പ് തുടങ്ങിയിട്ട്..”ചെറിയ ചിരിയോടെ ആള് ചോദിച്ചു..
“ഞാൻ… വെറുതെ..”അന്ന് വരെയും ഇല്ലാത്ത വിക്ക് അന്ന് പെട്ടന്ന് കയറി വന്നിരുന്നു..
“രമേശിനോട് വഴക്കുണ്ടാക്കാൻ മാത്രം ധൈര്യം ഉള്ള ആളാണോ ഇപ്പൊ ഇരുന്നു വിയർക്കുന്നത് “കുസൃതി യോടെ ചോദിച്ചു ആൾ.
“പേടിയുണ്ടോ “കുറച്ചു നേരത്തെ മൗനം മുറിച്ചു കൊണ്ട് പതിയെ ചോദിച്ചപ്പോൾ സത്യത്തിൽ എന്താ പറയേണ്ടത് എന്നോർത്തു.
“അവൻ.. അവൻ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല. എന്നെ അപകടത്തിൽ പെടുത്തിയാലോ…”ഉള്ളിലുള്ള ചോദ്യം അറിയാതെ പുറത്തു ചാടി.
“ഞാൻ ഉള്ളാപ്പോഴോ ” കണ്ണിൽ നോക്കി അന്ന് അങ്ങനെ ചോദിച്ചപ്പോൾ ഹൃദയം നിറയെ കുളിരു പടർന്നു..
“പേടിക്കണ്ട.. എന്റെ ജീവൻ ഉള്ളപ്പോൾ നിന്നെ ആരും ഒന്നും ചെയ്യില്ല “ജീവഅമൃതം പോലെ ഉള്ള വാക്കുകൾ.
കണ്ണുകൾ നിറഞ്ഞു… സന്തോഷം കൊണ്ടായിരിക്കും.
“അതിന് മാത്രം ഇഷ്ടം ഉണ്ടോ “പതിയെ ചോദിച്ചു..
“ഒരിക്കൽ ഞാൻ പോലും അറിയാതെ എന്റെ പ്രാണൻ ആയവൾ ആണ് നീ. ഒന്നിനും വേണ്ടി നഷ്ടം വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ പ്രാർത്ഥനയും നീ തന്നെ ആണ്. എന്റെ ഇഷ്ടത്തിന്റെ ആഴം നിനക്കറിയാൻ കഴിയില്ല പെണ്ണെ ഒരിക്കലും. കാരണം അത് എത്ര ആണെന്ന് എനിക്ക് പോലും അറിയില്ല.”
മുന്നോട്ടു നോക്കി പറയുന്നവനെ കാണെ അന്ന് ഹൃദയം നിറഞ്ഞു പോയിരുന്നു.
“എന്നിട്ടും എന്തേ ഒന്നും പറയാഞ്ഞേ “തിരിച്ചു ചോദിച്ചു താനന്ന്.
“സ്നേഹിക്കുന്നു എന്ന് പറയുന്നിടതല്ല കൊച്ചേ സ്നേഹം ജയിക്കുന്നത്. സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്നിടത്താണ്.. വാക്കുകൾ കൊണ്ട് വർണന നടത്താൻ എനിക്കറിയില്ല. പക്ഷേ ഒന്നറിയാം.. ഞാൻ മണ്ണോടു ചേരും വരെയും നീ എന്റെ മനസ്സിൽ ഉണ്ടാവും..”
ചാര കണ്ണുകൾ ചിമ്മി കള്ള ചിരിയോടെ പറയുന്നവനെ കാണെ ആ നിമിഷം മരിച്ചു പോയിരുന്നു എങ്കിൽ പോലും സന്തോഷം തന്നെ ആയിരുന്നു.
“നിന്നെ കാണും മുൻപും ഞാൻ ജീവിച്ചിരുന്നു. പക്ഷേ ജീവിതം ഇത്രയും മനോഹരം ആണെന്ന് ഞാൻ അറിഞ്ഞത് നീ എന്റെ പ്രാണൻ ആയത് മുതലാണ്..”ഇടക്കെപ്പഴോ കൈകൾ അവന്റെ കൈക്കുള്ളിൽ പൊതിഞ്ഞു കൊണ്ട് പ്രിൻസ് പറയുമ്പോൾ വല്ലാത്ത ആത്മ നിർവൃതി തോന്നിയിരുന്നു.
പിന്നെയും കുറെ സംസാരിച്ചു അന്ന് അവൻ അരികിൽ ഇരുന്നു കൊണ്ട്..
അവനെയും അവന്റെ അമ്മയെയും ഏട്ടനെയും കുറിച്ച് പറഞ്ഞു തന്നു.
ചെറുതിലെ അച്ഛൻ ഉപേക്ഷിച്ചു പോയി, അമ്മ വളർത്തിയ മകനാണ് പ്രിൻസ്.
കുടുംബം വലിയ പേര് കേട്ട തറവാടികൾ ആണേലും അമ്മ വിയർപ്പൊഴുക്കി വലുതാക്കിയ മക്കൾ.
പണം ഉണ്ടെങ്കിൽ തന്നെ ഒള്ളു കുടുംബം പോലും ചേർത്ത് പിടിക്കുക..
ആനി ഓർത്തു.
അന്ന് യാത്ര പറഞ്ഞു പോകുമ്പോൾ അവളുടെ ഉള്ളിൽ പേടിയുടെ നേർത്ത കുമിള പോലും ഇല്ലായിരുന്നു… അതവൻ എടുത്തു കളഞ്ഞു.
പിന്നെയും കണ്ടു മുട്ടലുകൾ നടന്നു.. കണ്ണുകൾ ചിമ്മി കള്ളച്ചിരിയോടെ അവനൊരു നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു..
വിരൽ തുമ്പിൽ പോലും പിടിക്കാതെ എങ്ങനെ പ്രാണൻ പോലെ സ്നേഹിക്കാൻ കഴിയും എന്ന് അവനാണ് പഠിപ്പിച്ചു തന്നത്..
നോട്ടം കൊണ്ട് മാത്രം ഹൃദയം നിറക്കാൻ അവനൊരു പ്രതേക കഴിവുണ്ട്..
രമേശ് പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല എന്നത് ആശ്വാസം തന്നെ ആയിരുന്നു. പക്ഷേ അതവൻ മനഃപൂർവം കാത്തിരിക്കുകയാണ് എന്നറിഞ്ഞത് കോളേജിൽ ഫെസ്റ്റിവൽ നടക്കുന്ന അന്നാണ്.
ഒഴിഞ്ഞ ഇടനാഴിയിൽ നിന്നും.. ബാഗ് എടുത്തു വരും വഴി രമേശിന്റെ കൂട്ടാളി അമൻ തന്നെ പിടിച്ചു വലിച്ചു വാ പൊതിഞ്ഞു പിടിച്ചു കൊണ്ട് വലിചിഴക്കുമ്പോൾ, ഒന്നുറക്കെ കരയാൻ പോലും കഴിഞ്ഞില്ല.
ജീവിതം അവിടെ തീർന്നു എന്ന് കരുതി..
ചാര കണ്ണുകൾ നിറയെ സ്നേഹം ഒളിപ്പിച്ചു ചിരിയോടെ നിൽക്കുന്ന പ്രിൻസ് ആയിരുന്നു ഉള്ള് മുഴുവനും..
ജീവിക്കാൻ അതിയായ മോഹം തോന്നി… അവന്റെ പെണ്ണായി..
കണ്ണുകൾ നിറഞ്ഞൊഴുകി… വലിച്ചു കൊണ്ട് പോയത് ലൈബ്രറിയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു..
അവിടെ ഉണ്ടായിരുന്നു രമേഷും അവന്റെ കൂട്ടാളികളായ എട്ട് പത്തു പേരും..
ദേഹം വിറച്ചു തുടങ്ങി.അവനെ അടിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു പോയി.
“നീ വലിയ ധൈര്യം ഉള്ളവൾ അല്ലേടി.. ഇനി കാണട്ടെ നിന്റെ വീര്യം.. നീ അടിക്കും അല്ലേ.. ഒരീച്ച പോലും വരില്ല ഇങ്ങോട്ട്.. ഇവിടെ നിന്നും നീ ഒന്ന് രക്ഷപെട്ടു പോ “കണ്ണിൽ പക നിറച്ചു കൊണ്ട് രമേശ് പറയുമ്പോൾ കൈകാലുകൾ തളർന്നു തുടങ്ങിയിരുന്നു..
എന്നിട്ടും ഉള്ളിൽ ഇരുന്നു കൊണ്ട് ഹൃദയം വിളിച്ചു പറഞ്ഞു… അവൻ… പ്രിൻസ് വരും എന്ന്.
“ഇന്ന് നീ ഞങ്ങളുടെ വിഭവം ആണ് മോളെ. കൊതി തീരെ രുചിച് നോക്കാതെ വിട്ട് കളയുന്നത് എങ്ങനെ.. നീ എന്താടി പെണ്ണെ കരുതിയത്.. ഞങ്ങൾ എല്ലാം വിട്ട് കളഞ്ഞന്നോ ഒരടി കിട്ടി യപ്പോൾ എന്നോ..”ചുരിദാറിന്റെ ഷാൾ പിടിച്ചു വലിച്ചെടുത് കൊണ്ട് അവരിൽ ഒരാൾ പറഞ്ഞപ്പോൾ കണ്ണുകൾ നാലു പാടും ചിതറി… രക്ഷ തേടി..
ഇല്ല.. കഴിയില്ല.. ചുറ്റും നിരന്നു നിൽപ്പുണ്ട് അവന്മാർ… മാനം പോവും മുൻപ് മരിക്കാൻ കൂടി കഴിയില്ലല്ലോ.. അന്നേരം അതാണ് ഓർത്തത്.
അവസാന ആശ്രയം പോലെ ഉറക്കെ അലറി വിളിച്ചു നോക്കി..
ഫെസ്റ്റിവൽ ബഹളം തന്റെ ശബ്ദം അപ്പാടെ വിഴുങ്ങി കളഞ്ഞു..
പുറകിൽ നിന്നും കടന്നു പിടിച്ചവനിൽ നിന്നും കുതറി മാറുമ്പോൾ ഇട്ടിരിക്കുന്ന ചുരിദാർ പുറകു വശം കീറി പറിഞ്ഞത് ഞെട്ടലോടെ ആണ് അറിഞ്ഞത്. ചുമരിൽ ചാരി വെറും തറയിൽ കുഴഞ്ഞു ഇരിക്കവേ കണ്ണുകൾ അവനെ തേടിയുള്ള യാത്ര ആയിരുന്നു..
ചുറ്റും അവന്മാർ പൊട്ടിച്ചിരിക്കുന്നത് കേൾക്കാൻ വയ്യാതെ കണ്ണുകൾ ഇറുക്കി അടച്ചു കാലുകൾ കിടയിൽ തല താഴ്ത്തി ഇരിക്കുമ്പോൾ ഹൃദയം പിടഞ്ഞു അവനെ ഓർത്തു കൊണ്ട്..
ചുറ്റും ആരോക്കെയോ ഓടി മറയുന്ന പോലെ തോന്നിയപ്പോൾ തല ഉയർത്തി നോക്കുമ്പോൾ രമേശിനെ പട്ടിയെ തല്ലും പോലെ പെരുമാറുന്ന പ്രിൻസിനെ കാണെ ഹൃദയം അലറി വിളിച്ചു… സന്തോഷം കൊണ്ട്.. ബാക്കി ഉള്ളവർ ഓടി മറഞ്ഞു…
രമേശ് മാത്രം അവന്റെ പിടിയിൽ പെട്ട് പോയി.. കലി മുഴുവനും അവനിൽ തീർക്കുന്ന പോലെ ആണ്.
പ്രിൻസിനെ തള്ളി മാറ്റി രമേശ് ജീവനും കൊണ്ട് ഓടി..
ഒരു കുതിപ്പിന് പ്രിൻസ് തന്റെ അരികിൽ എത്തി.. നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ പൊട്ടി കരഞ്ഞു പോയിരുന്നു.. ദേഹം വിറച്ചു കൊണ്ട് അവനെയും ഇറുക്കി പിടിച്ചു കരയുമ്പോൾ അതുവരെ അനുഭവിച്ച ടെൻഷൻ അവന്റെ ഹൃദയം വിളിച്ചു പറയുന്നത് കേട്ടിരുന്നു..
കരച്ചിൽ അടങ്ങും വരെയും ചേർത്ത് പിടിച്ചു.. ഇട്ടിരിക്കുന്ന ഷർട്ട് ഊരി തന്നെ അണിയിച്ചു..
നക്നമായ നെഞ്ചിൽ ചേർത്ത് പിടിച്ചു വാതിലിനു നേർ നടക്കുമ്പോൾ ആശ്വാസം തോന്നി.. അവനോടു ഒരുപാട് ഇഷ്ടവും..
രമേശ് ഓടി പോയത് വാതിൽ പുറത്തേക്ക് വലിച്ചാടച്ചായിരുന്നു എന്നറിഞ്ഞു വീണ്ടും ഉള്ളിൽ സ്ഫോടനം നടന്നു..
ഏറെ നേരെത്തെ മുട്ട ലിന് ശേഷം ആ വാതിൽ തുറക്കുമ്പോൾ കോളേജ് മൊത്തം അതിന് മുന്നിൽ ഉണ്ടായിരുന്നു..
പ്രിൻസ് ഒന്നൂടെ അമർത്തി ചേർത്ത് പിടിച്ചു..
“മമ്മാ “കൊച്ചൂട്ടൻ ഉറക്കെ കുലുക്കി വിളിച്ചപ്പോൾ ആണ് ഞെട്ടി കൊണ്ട് ചുറ്റും നോക്കിയത്..
തൊട്ടടുത്തു നിൽക്കുന്ന ഒരു കാർ.. കൊച്ചൂട്ടൻ തന്റെ കൈ പിടിച്ചു വലിക്കുന്നുണ്ട്..
ഒരിത്തിരി കൂടി മുന്നോട്ടു നടന്നിരുന്നങ്കിൽ ആ വണ്ടിക്കു അടിയിൽ പെട്ട് പോകുമായിരുന്നു.. ആനി പേടിയോടെ ഓർത്തു..
“പൊന്ന് പെങ്ങളെ.. സാധാരണ കുട്ടികളെ അമ്മമാരാ വണ്ടി വരുന്നത് കാണുമ്പോൾ പിടിച്ചു മാറ്റുന്നത്.. ഇതിപ്പോ ഈ കുഞ്ഞു എത്ര പിടിച്ചു വലിച്ചു ന്നറിയോ.. എന്ത് ആലോചിച്ചു നടക്കുവാ. റോഡിൽ ആണെന്ന ബോധം പോലും ഇല്ലാതെ ”
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും തല പുറത്തേക്കിട്ട് ഒരു ചെറുപ്പകാരൻ പറഞ്ഞപ്പോൾ ആനി ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തിൽ ആയിരുന്നു..
“സോറി… ഞാൻ അറിയാതെ.. “അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു..
“ഇനി എങ്കിലും നോക്കി പോകു. ആ കുട്ടി നല്ലോണം പേടിച്ചു പോയിട്ടുണ്ട് “അത് പറഞ്ഞു അയാൾ വണ്ടി എടുത്തു പോയി.
ആനി കൊച്ചൂട്ടനെ നോക്കി.. മുഖം നിറയെ പേടി നിറഞ്ഞു നിൽപ്പുണ്ട്..
അവൾ അവനെയും ചേർത്ത് പിടിച്ചു റോഡിൽ ഓരം ചേർന്നു നടന്നു പിന്നെ..
❤❤❤❤❤❤❤❤❤❤❤❤❤❤
കയറി ചെല്ലുമ്പോൾ ഉമ്മറത്തു തന്നെ ഇരിപ്പുണ്ട് അജി. അരികിൽ തന്നെ ചേട്ടത്തിയുണ്ട്..
കൊച്ചൂട്ടൻ അവളുടെ പിന്നിൽ പതുങ്ങി..
ആനി അവനെയും ചേർത്ത് പിടിച്ചു കൊണ്ട് അകത്തു കയറി..
“എവിടെ പോയതാ നീ “കാത്തിരുന്ന പോലെ അജി ചോദിച്ചു.
“ഞാൻ എവിടെ പോകുമ്പോഴും പറയാൻ ചേട്ടായീടെ ഭാര്യ അല്ലല്ലോ. എനിക്ക് പല ആവിശ്യം കാണും..”ആനി അനിഷടത്തോടെ ആണ് മറുപടി പറഞ്ഞത്.
“തോന്നിയ പോലെ കയറി ഇറങ്ങാൻ ഇത് സത്രം ഒന്നും അല്ല.. അവള്ടെ ഒരു ആവിശ്യം “അജി ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു..
“ചേട്ടായിക്കിപ്പോ എന്താ വേണ്ടത്. വെറുതെ അതും ഇതും പറയാതെ അതൊന്നു പറഞ്ഞു താ എനിക്ക് “ആനി ഉറക്കെ ചോദിച്ചു..
“സാം വീണ്ടും വന്നിരുന്നു. ഇനിയും നീ ആ ചെറ്റയെ കാത്തിരിക്കണോ. സാം ഇപ്പോഴും നിന്നെ സ്വീകരിക്കും. അത് തന്നെ ഭാഗ്യം അല്ല്യോ. ഈ കൊച്ചിനെ നമ്മുക്ക് വല്ല അനാഥലയത്തിലും ആക്കിയേക്കാം. നിനക്കൊരു ജീവിതം വേണ്ടേ ആനി ”
അജി അവളോട് വലിയ സ്നേഹം ഉള്ളത് പോലെ പറഞ്ഞു..
ആനിയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു..
“ചേട്ടായിയോട് ഞാൻ ഒത്തിരി തവണ പറഞ്ഞു.. എന്റെ ഇച്ചായൻ തിരിച്ചു വരും. കർത്താവ് കാണാതിരിക്കാതില്ല ഞങ്ങടെ പ്രാർത്ഥന. കൈ വെടിയത്തില്ല. അതിനിടയിൽ സാം എന്നൊക്കെ പറഞ്ഞു വീണ്ടും എന്റെ വഴിയിൽ വന്ന… അവനീ ലോകത്തു വേറെ പെണ്ണൊന്നും കിട്ടാതില്ലേ..”ആനി രോഷം മുഴുവനും പറഞ്ഞു തീർത്തു..
“ഓ.. അവൻ ഒരു ജീവിതം തരാം ന്ന് പറഞ്ഞതാണോ ഇപ്പൊ നിന്റെ കുറ്റം. വെറുതെ അല്ല ഇങ്ങനെ ആയി പോയത് നിന്റെ ജീവിതം. അഹങ്കാരം ഇത്തിരി ഒന്നും അല്ലല്ലോ.”സിനി പുച്ഛം കലർത്തി പറയുമ്പോൾ ആനിക്ക് ഹൃദയം പിടഞ്ഞു..
“ആയിക്കോട്ടെ ചേട്ടത്തി. എന്റെ ഇച്ചായൻ വരും വരെയും കാത്തിരിക്കും എന്നത് എന്റെ അഹങ്കാരം ആണേൽ ഞാൻ അത് സഹിച്ചു. ഒരു ദിവസം മാത്രം കൂടെ നിന്നിട്ടുള്ളു എങ്കിലും ഒരായുസ്സ് മുഴുവനും കിട്ടേണ്ട സ്നേഹം ആ മനുഷ്യൻ എനിക്ക് തന്നിട്ടുണ്ട്. മരണം കൊണ്ടല്ലാതെ ആനി എന്റെ ഇച്ചായനെ മറക്കത്തില്ല.”
ആനി കിതച്ചു കൊണ്ട് പറഞ്ഞു..
“സത്യം ഒരിക്കലും മൂടി വെക്കാൻ പറ്റത്തില്ല ചേട്ടായി. അത് മറ നീക്കി പുറത്ത് വരും.. അന്ന് ഇതിനൊക്കെ ഞാൻ മറുപടി പറഞ്ഞോളാം. ഇപ്പൊ എനിക്ക് എന്റെ മോൻ മാത്രം മതി…കാണാതെ ഇരിക്കുന്നത് കൊണ്ട് ഒരു സ്നേഹവും മരിക്കുന്നില്ല. എത്ര അകലെ ആണേലും കണ്ണൊന്നു അടച്ച എന്റെ ഇച്ചായൻ എന്റെ കൂടെ തന്നെ ഉണ്ട്.. ഇനി ഒരു സാമും ഇവിടെ എന്റെ പേര് പറഞ്ഞു കയറി ഇറങ്ങാൻ ഇട വരരുത്..”
വാശിയോടെ പറഞ്ഞു കൊണ്ട് ആനി കൊച്ചൂട്ടാനെയും എടുത്തു അകത്തു കയറി പോകുമ്പോൾ.. ചേട്ടത്തി പിന്നെയും അജിയോട് എന്തൊക്കെയോ പറയുന്നത് കേട്ടു..
തുടരും…

by