രചന – അരുണിമ രാമകൃഷ്ണൻ
കറുത്തപെണ്ണ്
” പ്രണയം തോന്നാനും മാത്രം അവൾക്ക് എന്ത് പ്രേത്യേകതയാട ഉള്ളത്…?? ” അഭിനവ് പുച്ഛത്തോടെ ചോദിച്ചു.
” അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല… ” അതും പറഞ്ഞ് ശ്രീലാൽ ബൈക്കും എടുത്ത് വീട്ടിലേക്ക് വിട്ടു.
അഭി ചോദിച്ചതും ശരിയാ…. ഒരാൾക്ക് പ്രണയം തോന്നാനും മാത്രം ഒരു പ്രേത്യേകതയും അവൾക്കുണ്ടായിരുന്നില്ല….. ഇന്നത്തെ മോഡേൺ പെൺകുട്ടികളെ വച്ച് നോക്കുമ്പോൾ വളരെ പഴഞ്ചനായിരുന്നു അവൾ…. ഞാൻ പ്രണയിക്കുന്ന എന്റെ പഞ്ചമി. പേര് വച്ച് നോക്കിയാലും രൂപം വച്ച് നോക്കിയാലും വളരെ പഴഞ്ചൻ.
എന്നാൽ എനിക്ക് അവളോട് ഉണ്ടായിരുന്നത് സൗന്ദര്യത്തെ അളക്കുന്ന പ്രണയമായിരുന്നില്ല…. മറ്റുള്ളവർ കറുത്തവൾ വിളിച്ച് പരിഹസിക്കുമ്പോഴും തന്റെ നിറം തനിക്ക് മികച്ചതാണെന്ന് പറഞ്ഞ് നിൽക്കുന്നവളെയാണ് ഞാൻ പ്രണയിച്ചത്…. തന്റെ ജീവിതത്തിനേക്കാൾ സ്വന്തം അനിയത്തിയുടെ ജീവിതം സ്വർഗമാകണം എന്ന് കരുതി ജീവിക്കുന്നവളെയാണ് ഞാൻ പ്രണയിച്ചത്… അതുകൊണ്ടാണല്ലോ… വലിയ വീട്ടിൽ നിന്നും വന്ന ആലോചനയിൽ തന്റെ അനിയത്തിയെ ഇഷ്ടപ്പെട്ട ചെറുക്കന് വേണ്ടി തന്റെ മോഹങ്ങളെ തീ കൊളുത്തി കൊന്നത്…..
പ്രണയം തലയ്ക്കു പിടിക്കാൻ അത്ര സമയമൊന്നും വേണ്ട എന്നുള്ളതിന് പ്രധാന ഉദാഹരണമായിരുന്നു എന്റെ പ്രണയം.
അഞ്ചു വർഷങ്ങൾ കൂടുമ്പോൾ മാത്രം കളിയാട്ടം ഉണ്ടാകുന്ന നമ്മുടെ കാവിൽ വച്ചാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.
എല്ലാ വർഷത്തെയും പോലെ കൂട്ടുകാരുമായി നല്ല ആഘോഷത്തിൽ തന്നെയായിരുന്നു.
” എടാ ശ്രീയെ… നിനക്ക് ഇനിയും ഒരു പെണ്ണിനേയും കിട്ടിയില്ലേ….?? ” ചുണ്ടുകളിൽ എരിയുന്ന സിഗരറ്റ് നിലത്തേക്ക് ഇട്ടുകൊണ്ട് മനു ചോദിച്ചു.
” പെണ്ണോ…. അവനെന്തിനാ പെണ്ണ്. ഈ നാട്ടിലെ പെൺപിള്ളേർ മുഴുവൻ ഇവന്റെ പിറകെ അല്ലെ… ” മദ്യ ലഹരിയിൽ കണ്ണുകൾ കൂമ്പി അടഞ്ഞുകൊണ്ട് അഭിനവ് ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.
” ഒന്നു പോടാപ്പ….ഈ തൊലിവെളുപ്പും സൗന്ദര്യം മാത്രം കൊണ്ട് ഈ ശ്രീലാലിന്റെ മനസ്സിൽ ആരും കയറില്ല മോനെ… ” ബിയർ കുപ്പിയിലുള്ള അവസാന തുള്ളിയും തന്റെ നാവുകൊണ്ട് നുകർന്നതിനുശേഷം ഞാൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു.
” പിന്നെ ഏത് ദേവതയെ ആട നിന്റെ മനസ്സിൽ കയറ്റാൻ ഉദ്ദേശിക്കുന്നെ?? ”
” അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല മോനെ… ” ഞാൻ വേഗം മുണ്ട് മാടിക്കെട്ടി കാവിലേക്ക് നടന്നു. പുറകെ തന്നെ മനുവും അഭിനവും നടന്നു. ഞങ്ങൾ മൂന്നു പേരും കാവിലെ നടപ്പന്തലിലെ ആൽമരചുവട്ടിൽ കയറിയിരുന്നു.
കാവിലേക്ക് ഓരോരോ സുന്ദരിമണികൾ വന്നുകൊണ്ടേയിരിക്കുകയാണ്. ഓരോ പെണ്ണിനും ഓരോ സൗന്ദര്യം.
അതിനിടയിൽ തീർത്തും വ്യത്യസ്തമായ ഒരു സൗന്ദര്യം എന്റെ കണ്ണുകളിൽ ഉടക്കി നിന്നു.
കറുപ്പ് അഴക് എന്ന് കേട്ടിട്ടേയുള്ളൂ… ഇത് ആദ്യമായിട്ടാണ് ആ അഴക് കാണുന്നത്. വിരിഞ്ഞ കണ്ണുകളിൽ കരിമഷി കറുപ്പ് പടർന്നിരുന്നു. നീല ദാവണിയുടെ ചന്തം അവളിൽ പ്രേതേകിച്ച് എടുത്തുകാണിക്കുന്നുണ്ട്. നെറ്റിയിൽ ചുകന്ന ചെറിയൊരു വട്ടപ്പൊട്ട്…. വെളുത്ത കല്ലു പതിപ്പിച്ച ചെറിയൊരു മൂക്കുത്തി… അത് അവളിൽ കണ്ണിമവെട്ടാതെ നോക്കാൻ വേണ്ടി എന്നെ പ്രേരിചിച്ചുകൊണ്ടേയിരുന്നു. അതെ…. എന്റെ ” കറുത്തപെണ്ണ് “….
” Wow….” ഞാൻ പോലും അറിയാതെ ഞാൻ മെല്ലെ വാ പൊളിച്ചുനിന്നു.
” എന്താടാ….. ഏതെങ്കിലും ദേവത ഉള്ളിൽ കയറിയോ… ” മനു എന്നെയും നോക്കികൊണ്ട് ചോദിച്ചു.
” കയറി മോനെ…. കയറി… ” ഞാൻ എന്റെ കണ്ണുകൾ ഇമവെട്ടാതെ ആ പെണ്ണിനേയും നോക്കികൊണ്ട് പറഞ്ഞു.
” ഏത് പെണ്ണാ…?? ” മനു എന്റെ കണ്ണുകൾ പതിഞ്ഞ സ്ഥലത്ത് തിരയുവാൻ തുടങ്ങി.
” ദേ… അവിടെ… ആ ബ്ലൂ ദാവണി… ” അവന്മാര് രണ്ടും എന്റെ ഉള്ളിൽ കയറിയ സുന്ദരിയെ കണ്ടതിനുശേഷം എന്നെ അത്ഭുതത്തോടെ നോക്കി.
” നിന്റെ കണ്ണിന് വല്ല കുഴപ്പവും ഉണ്ടോടാ… ഇത്രയും സുന്ദരികൾക്കിടയിൽ ആ പെണ്ണിനെ മാത്രേ നീ കണ്ടുള്ളൂ… ” മനു പരിഹാസത്തോടെ ചോദിച്ചു.
” അതെ…. അവളെ മാത്രേ കണ്ടുള്ളൂ…. വേറാരെയും എനിക്ക് നോക്കാൻ കഴിയുന്നില്ലടാ… ”
” എടാ…അഭിയെ… ഇവന്റെ തലയ്ക്കു മത്ത്പിടിച്ചിരിക്കുവാ…. അപ്പൊ കരിമീൻ കണ്ടാലും ഇവന് ഗോൾഡ്‌ഫിഷായി തോന്നും… ” മനു പരിഹാസചിരിയോടുകൂടി പറഞ്ഞു.
” എനിക്കെ… ഗോൾഡ്‌ഫിഷിനെക്കാളും ഇഷ്ടം കരിമീൻ തന്നെയാ.. ” ഞാൻ അവന്റെ പരിഹാസച്ചിരി ആ മറുപടിയിലൂടെ ഇല്ലാതാക്കി.
അന്നത്തെ രാത്രി മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി അവന്മാര് അത്ര കാര്യമാക്കി എടുത്തിരുന്നില്ല.
പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി അവളെ കാണാൻ ആ കാവിന്റെ പരിസരത്തുതന്നെ പോയിരുന്നപ്പോഴാണ് അവന്മാർക്ക് കാര്യത്തിന്റെ സീരിയസ് മനസ്സിലായി തുടങ്ങിയത്. അവന്മാര് അറിയാതെ തന്നെ അവളെ കുറിച്ച് എല്ലാം ഞാൻ അന്വേഷിച്ചു. മൂന്നു പെണ്മക്കളും അച്ഛനും മാത്രം ഉള്ള വീട് ആയിരുന്നു അവളുടേത്. വിദ്യാഭ്യാസവും സൗന്ദര്യവും കുറവുള്ളതുകൊണ്ട് തന്നെ വരുന്ന കല്യാണ ആലോചനകൾ മുഴുവൻ മുടങ്ങുകയാണ്…. സത്യത്തിൽ അച്ഛനൊരു കൈ സഹായമാകാൻ അറിഞ്ഞുകൊണ്ട് തന്നെ പ്ലസ് ടു തോറ്റതാണ്. തന്റെ അനിയത്തിമാരെ അതിനും മാത്രം വിദ്യാഭ്യാസം നൽകണം എന്ന ചിന്തയിൽ ആയിരുന്നു, ടൗണിലുള്ള ഒരു തയ്യൽ കടയിൽ ജോലിക്ക് ചേർന്നത്. ഇരുപത്തിയഞ്ചാം വയസ്സിൽ താനുമായി വിവാഹം ഉറപ്പിച്ചിരുന്ന പയ്യന് തന്റെ ഇരുപത്തിരണ്ട് വയസ്സുള്ള അനിയത്തിയെ ആണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ, അവൾക്ക് മനോഹരമായ ജീവിതം ലഭിക്കുമല്ലോ എന്ന് കരുതികൊണ്ട് ആ മോഹങ്ങൾ ഒരുപിടി ചാരമാക്കിയവൾ ആയിരുന്നു ഞാൻ ഇഷ്ടപ്പെട്ട പെണ്ണ്.
ഒട്ടും വൈകാതെ തന്നെ എന്റെ സ്നേഹം ഞാൻ അവളെ അറിയിച്ചിരുന്നു… അന്നത്തെ അവളുടെ മറുപടി ;
” എന്നെയോ…. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും നൽകി പെട്ടെന്നൊരു ദിവസം അങ്ങ് മറയാനല്ലേ… ഈ കറുത്തവളെ ഒഴിവാക്കാൻ അത്ര വലിയ കാരണങ്ങളും നിങ്ങൾക്ക് ആവശ്യമില്ലലോ… ” ഒരു പുച്ഛത്തോടെ അവൾ അത് പറഞ്ഞ് അകലുമ്പോഴേക്കും ഞാൻ ഉറപ്പിച്ചിരുന്നു, ചെറുപ്പത്തിലേ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടവൾക്ക് എന്റെ അമ്മ തന്നെ സ്നേഹം നൽകും എന്നുള്ളത്.
പെട്ടെന്നൊരു ദിവസം ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞുവീണ അവളുടെ അച്ഛൻ പിന്നീട് തിരിച്ചു വന്നില്ല. തന്റെ ഇളയ അനിയത്തികുട്ടിയെയും നെഞ്ചോട് ചേർത്തുവച്ചു കരയുന്നവളെ പല കണ്ണുകളോട് കൂടിയായിരുന്നു ആൾക്കാർ കണ്ടത്.
അന്ന് ഞാൻ ഉറച്ചുതന്നെ അവളോട് ചോദിച്ചു ;
” നിന്റെ അനുവാദം മാത്രം മതി എനിക്ക്. എന്റെ വീട്ടിലേക്ക് മരുമകളായി വന്നൂടെ… ”
________________________________________
ഒരുപാട് ഓർമകൾക്ക് വിരാമം ഇട്ടുകൊണ്ട് എന്റെ ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറി.
” ശ്രീ… നീ വന്നോ… ” അമ്മ വരാന്തയിലേക്ക് വന്നു നിന്നുകൊണ്ട് ചോദിച്ചു.
” ഹാ അമ്മേ… ” ഞാൻ ചെരുപ്പ് അഴിച്ചുവച്ചതിനുശേഷം അകത്തേക്ക് കയറി. ” അമ്മേ… ഒരു ഗ്ലാസ് വെള്ളം ” ഞാൻ വരണ്ട ശബ്ദത്തോടെ അമ്മയെ നോക്കി പറഞ്ഞു.
അമ്മ ഉടൻ അടുക്കളയിൽ നോക്കിപറഞ്ഞു ;
” പഞ്ചമി മോളെ… ഒരു ഗ്ലാസ് വെള്ളം എടുക്ക്.. ” അമ്മ അതും പറഞ്ഞിട്ട് വാതം വന്ന കാല് മെല്ലെ തറയിൽ ഉറച്ചുവച്ചുകൊണ്ട് റൂമിലേക്ക് നടന്നു.
നിമിഷങ്ങൾക്കകം അടുക്കളയിൽ നിന്നും കൊലുസിന്റെ ശബ്ദം എന്റെ സമീപത്ത് വന്നുനിന്നത് ഞാൻ അറിഞ്ഞു.
” ശ്രീയേട്ടാ… ഇതെ വെള്ളം. ” നനഞ്ഞ തലമുടി തോർത്ത് കൊണ്ട് മൂടിക്കെട്ടി, തിളങ്ങുന്ന കണ്ണുകളോടുകൂടി അവൾ എനിക്ക് നേരെ ആ ഗ്ലാസ് നീട്ടി.
ഞാൻ പതിയെ അവളുടെ കൈയ്യിൽ നിന്നും ഗ്ലാസ് വാങ്ങി….
അവളുടെ സീമന്തരേഖയിൽ പടർന്നിരുന്ന സിന്ദൂരം പറയുന്നുണ്ടായിരുന്നു എന്റെ ജീവിതസഖിയായ കറുത്തപെണ്ണിന്റെ കഥ.

by